Wednesday, April 24, 2024

ad

Homeകവര്‍സ്റ്റോറിഭരണകൂടത്തിന്റെ സർവെയ്ലൻസിൽനിന്ന് മുതലാളിത്തത്തിന്റെ സർവെയ്ലൻസിലേക്ക്

ഭരണകൂടത്തിന്റെ സർവെയ്ലൻസിൽനിന്ന് മുതലാളിത്തത്തിന്റെ സർവെയ്ലൻസിലേക്ക്

പ്രബീർ പുർകായസ്ത

2022ലെ ഇന്ത്യൻ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2019ലെ ബില്ലിന്റെ പുതിയ അവതാരമോ പുനർജന്മമോ അല്ല. സ്വകാര്യത മൗലികാവകാശമായിരിക്കണമെന്ന് സുപ്രീംകോടതി പുട്ടസ്വാമി കേസിന്റെ വിധിന്യായത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് നിയമപരമായ ഒരു ചട്ടക്കൂട് നൽകുകയായിരുന്നു 2019ലെ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന്റെ ലക്ഷ്യം. 2022ലെ ബില്ലിന് വ്യത്യസ്തമായ ലക്ഷ്യങ്ങളാണുള്ളത്. സ്വകാര്യത സംബന്ധിച്ച പൗരരുടെ അവകാശം പ്രഖ്യാപിക്കുന്നതാണ് ഇപ്പോഴത്തെ ബില്ല്; എന്നാൽ സർക്കാരിന് യഥേഷ്ടം പൗരരുടെ അവകാശത്തെ ചവിട്ടിമെതിക്കുന്നതിന് അനുവാദം നൽകുന്നതുമാണ് ഈ ബില്ല്. പുതിയ ബില്ലിന്റെ മറ്റൊരു ലക്ഷ്യം ഇന്ത്യക്കാരും വിദേശികളുമായ വൻകിട ബിസിനസ്സുകാർക്ക് തങ്ങളുടെ നേട്ടത്തിനായി നമ്മുടെ ഡാറ്റ ഉപയോഗിക്കാൻ സൗകര്യമൊരുക്കലാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ബില്ലിന്റെ യഥാർഥ ലക്ഷ്യം അത് പുറമേയ്ക്കു പറയുന്നതിന്റെ നേർവിപരീതമാണ്; യഥാർഥത്തിൽ അത് സ്വകാര്യത സംരക്ഷിക്കുന്നതിനുള്ളതല്ല; മറിച്ച്, അത് സർവെയ്ലൻസ് സ്റ്റേറ്റിന്റെ രൂപമാതൃക സൃഷ്ടിക്കുകയും സർവെയ്ലൻസ് മുതലാളിത്തം കെട്ടിപ്പടുക്കുകയുമാണ്.

2019ലെ ബില്ല് കുറ്റമറ്റ ഒന്നാണെന്ന വാദമല്ല ഞാൻ മുന്നോട്ടുവയ്ക്കുന്നത്. തീർച്ചയായും, അത് കുറ്റമറ്റതല്ല എന്നു തന്നെയാണ് എന്റെയും അഭിപ്രായം. ആ ബില്ലിന് സംയുക്ത പാർലമെന്ററി കമ്മിറ്റി 92 ഭേദഗതികൾ നിർദേശിച്ചിരുന്നു. പൊതുവേദിയിലും പാർലമെന്റിലും അത് വ്യാപകമായി പരിശോധിക്കപ്പെട്ടിരുന്നു. പൊതുവായും സംയുക്ത പാർലമെന്ററി കമ്മിറ്റിയിലും നടത്തിയ ഒട്ടേറെ ചർച്ചകൾക്കുശേഷം പെട്ടെന്നാണ് ആ ബില്ല് പിൻവലിക്കപ്പെട്ടത്; എന്നിട്ട് യാതൊരു വിശദീകരണവും കൂടാതെ ഈ പുതിയ ബില്ല് അവതരിപ്പിക്കുകയാണുണ്ടായത്. പഴയ ബില്ലിലെ ഒഴിവാക്കപ്പെട്ട വകുപ്പുകൾ ഏതൊക്കെയെന്നും പുതിയ ബില്ലിന്റെ ദിശ എങ്ങോട്ടേക്കെന്നും പരിശോധിക്കുമ്പോൾ നമുക്കിതിന്റെ വിശദീകരണം ലഭിക്കും.

സംഭവത്തെക്കുറിച്ച് നമുക്ക് മൊത്തത്തിൽ ഒന്ന് പരിശോധിക്കാം. പൗരരുടെ സ്വകാര്യത ഒരവകാശമെന്ന നിലയിൽ സംരക്ഷിക്കുന്നതിന്, സ്വകാര്യതയ്ക്കുള്ള അവകാശമെന്നാൽ എന്താണെന്ന് കൃത്യമായി നിർവചിക്കേണ്ടതുണ്ട്; അതുപോലെതന്നെ, ഏതൊക്കെ സാഹചര്യങ്ങളിൽ ഭരണകൂടത്തിന് പൗരരുടെ ഈ അവകാശത്തിന്മേൽ കെെകടത്താൻ കഴിയുമെന്നും നിർവചിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, പൗരരുടെ ജീവിക്കാനുള്ള അവകാശമോ അവരുടെ സ്വാതന്ത്ര്യമോ കവർന്നെടുക്കാൻ ഭരണകൂടത്തിന് കഴിയണമെന്നുണ്ടെങ്കിൽ അയാൾ / അവൾ അതീവഹീനമായ ഒരു കുറ്റകൃത്യം ചെയ്തതായി ഒരു സ്വതന്ത്ര നീതിപീഠം വിധിച്ചിരിക്കണം. 1975ലെ അടിയന്തരാവസ്ഥ കാലത്ത്, ജുഡീഷ്യൽ പരിശോധനയൊന്നും കൂടാതെ ഈ അവകാശം (പൗരരുടെ ജീവിക്കാനുള്ള അവകാശവും അവരുടെ സ്വാതന്ത്ര്യവും കവർന്നെടുക്കാനുള്ള അവകാശം) പ്രയോഗിക്കാൻ ഗവൺമെന്റിനെ അനുവദിച്ചത്, അന്ന് അങ്ങനെ അതിക്രമങ്ങൾക്ക് വഴിയൊരുക്കി.

അതിനാൽ, സ്വകാര്യതാ നിയമത്തെ സംബന്ധിച്ചിടത്തോളം, അത് ചുരുങ്ങിയത് രണ്ട് അടിസ്ഥാന ഘടകങ്ങൾ അടങ്ങിയതായിരിക്കണം. ഒന്നാമത്തേത്, ഏതെല്ലാം സാഹചര്യങ്ങളിലാണ് മൗലികാവകാശത്തെ വെട്ടിച്ചുരുക്കാനോ നിയന്ത്രിക്കാനോ കഴിയുന്നത് എന്ന് നിർവചിച്ചിരിക്കണം. അഥവാ പുട്ട സ്വാമി ജഡ്ജ്മെന്റിൽ പറഞ്ഞിട്ടുള്ളതുപോലെ, ഇത്തരത്തിൽ ഏതു വിധത്തിലുള്ള വെട്ടിച്ചുരുക്കലും അങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് മൂന്നുതരത്തിലുള്ള സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാകണം; അത്തരമൊരു അതിക്രമിച്ചുകടക്കലിന് യുക്തിസഹമായ കാരണങ്ങളുണ്ടായിരിക്കണം; ആവശ്യങ്ങൾക്ക് ആനുപാതികമായിട്ടുമായിരിക്കണം അത്. രണ്ടാമത്തേത്, ഈ അവകാശം സംരക്ഷിക്കുന്നതിന് താരതമേ–്യന സ്വതന്ത്രമായ ഒരു റഗുലേറ്ററി സംവിധാനം ഉണ്ടായിരിക്കണമെന്നതാണ്. രണ്ടു വിധത്തിൽ നോക്കിയാലും ഈ ബില്ലിന്റെ ഇപ്പോഴത്തെ പാഠഭേദം മൊത്തത്തിൽ സർക്കാരിന് അനുകൂലമായതാണ്; പൗരർക്ക് എതിരായതും.

2018ൽ റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ബി എൻ ശ്രീകൃഷ്ണ, പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന്റെ ഒരു കരട് തയ്യാറാക്കിയിരുന്നു. സമീപകാലത്ത് ദ ഹിന്ദു പത്രത്തിനു നൽകിയ ഒരഭിമുഖ സംഭാഷണത്തിൽ അദ്ദേഹം പറയുന്നത്, 2022ലെ നിർദ്ദിഷ്ട ബില്ല് സ്വകാര്യത സംബന്ധിച്ച പൗരരുടെ അവകാശത്തെ ചവിട്ടിമെതിക്കുന്നതാണ് എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, സ്വകാര്യത സംബന്ധിച്ച പൗരരുടെ അവകാശത്തെ ഏതെങ്കിലും വിധത്തിൽ വെട്ടിച്ചുരുക്കുകയാണെങ്കിൽ, അത് അവശ്യം വേണ്ടതാണോയെന്നും അത് യുക്തിസഹമാണോയെന്നും ആനുപാതികമായിട്ടാണോയെന്നും, മൂന്നുതരത്തിലുമുള്ള സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പുട്ട സ്വാമി ജഡ്ജ്മെന്റിൽ പറഞ്ഞ കാര്യങ്ങൾ 2022ലെ ബില്ല് പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ്.

2022ലെ ബില്ലിൽ വിഭാവനം ചെയ്തിട്ടുള്ള റഗുലേറ്ററി അതോറിറ്റിയെ സംബന്ധിച്ച് നമുക്കൊന്ന് നോക്കാം. റഗുലേറ്ററി അതോറിറ്റിയുടെ ഘടന, അതിൽ ഉൾപ്പെടുന്നവരുടെ ക്വാളിഫിക്കേഷനുകൾ, നിയമനത്തിനുള്ള നടപടിക്രമങ്ങൾ, അതിന്റെ കാലാവധി എന്നിവയെല്ലാംതന്നെ പാർലമെന്റിന്റെ പരിധിക്കു പുറത്താണ് തീരുമാനിക്കപ്പെടുന്നത്; അതായത് സബോർഡിനേറ്റ് ലെജിസ്ലേഷൻ (ചട്ടങ്ങൾ എന്നർഥം‍) എന്ന് വിളിക്കപ്പെടുന്ന രീതിയിലൂടെയാണ് ഇവ തീരുമാനിക്കപ്പെടുന്നത്. ഗവൺമെന്റുതന്നെയാണ് ബോർഡിന്റെ (റഗുലേറ്ററി അതോറിറ്റിയുടെ) ചെയർപേഴ്സണെയും അംഗങ്ങളെയും നിയമിക്കുന്നത്; അവരുടെ കാലാവധി തീരുമാനിക്കുന്നതും സർക്കാർ ഏകപക്ഷീയമായിട്ടാണ്. ഇതുകൊണ്ടാണ് ഈ റഗുലേറ്ററി അതോറിറ്റി സർക്കാരിന്റെ കെെയിലെ കളിപ്പാവ മാത്രമായിരിക്കുമെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ പറയുന്നത്. 2019ൽ കൊണ്ടുവന്ന ബില്ലിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലുള്ള അപ്പലേറ്റ‍് ട്രിബ്യൂണൽ രൂപീകരിക്കാനുള്ള വ്യവസ്ഥ പുതിയ ബില്ലിൽ ഒഴിവാക്കിയിരിക്കുന്നു.

സർവോപരി, 2022ലെ ബില്ല് വളരെ ചെറുതുമാണ്; 2019ലെ ബില്ലിൽ 98 വകുപ്പുകൾ ഉണ്ടായിരുന്നു; എന്നാൽ പുതിയ ബില്ലിൽ 30 വകുപ്പുകൾ മാത്രമാണുള്ളത്. അത് ചെറുതായിരിക്കവെ തന്നെ, ബില്ലിൽ മൊത്തത്തിലുള്ള 30 വകുപ്പുകളിൽ 18 എണ്ണത്തിലും ‘‘ഗവൺമെന്റിനു നിർദേശിക്കാവുന്നതാണ്’’ എന്ന വിധത്തിലുള്ള ഉപസിദ്ധാന്തങ്ങളുണ്ട്; അവയെല്ലാംതന്നെ അർഥശൂന്യവുമാണ്.

ദേശീയ സുരക്ഷയുടെ പേരിൽ വെറുമൊരു വിജ്ഞാപനത്തിലൂടെ ബില്ലിലെ വ്യവസ്ഥകൾ സർക്കാരിന്റെ ഏജൻസികൾക്ക് ബാധകമല്ലാതാക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് 2022ലെ ബില്ല്. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ (ഐടി ആക്ട്) ബലത്തിൽ ടെലഫോണിലൂടെയോ ഡാറ്റയിലൂടെയോ നാം നടത്തുന്ന ആശയവിനിമയങ്ങളിലേക്ക് കടന്നുകയറാൻ സർക്കാർ ഏജൻസികൾക്ക് നിലവിൽ നൽകിയിട്ടുള്ള അധികാരത്തിനു പുറമേയാണിത്.


ഡാറ്റയുടെ അധിപതിയും 
(data principal)
ഡാറ്റയുടെ രക്ഷാധികാരിയും 
(data fuduciary)

2019ലെ ബില്ലെന്നപോലെ 2022ലെ ബില്ലും ആരംഭിക്കുന്നത് ഡാറ്റയുടെ അധിപതിയെയും ഡാറ്റയുടെ രക്ഷാധികാരിയെയും സംബന്ധിച്ച നിർവചനം നൽകിക്കൊണ്ടാണ്. ഈ ലേഖനത്തിൽ ഞാൻ ഡാറ്റയുടെ അധിപതികളായി പൗരരെയാണ് കേന്ദ്രീകരിക്കുന്നത്; പൗരരെ സംബന്ധിച്ച ഡാറ്റയിലാണ് ഞാനിവിടെ ശ്രദ്ധ ഊന്നുന്നത‍്. ഡാറ്റയുടെ രക്ഷാധികാരിയെന്നാൽ ഒരു ആപ്ലിക്കേഷനോ ഒരു പ്ലാറ്റ്ഫോമിലെ ആക്റ്റിവിറ്റിയോ ഉപയോഗിച്ച് ഡാറ്റ പങ്കുവയ്ക്കുന്നയാളാണ‍്. മിക്ക കേസുകളിലും അത് ഒന്നുകിൽ ഒരു കമ്പനി ആയിരിക്കാം; അല്ലെങ്കിൽ അത് ഭരണകൂടത്തിന്റെ ഒരേജൻസിയായിരിക്കാം. പൗരരുടെ ഡാറ്റയാണ് കമ്പനികളോ സർക്കാർ ഏജൻസികളോ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുന്നത്. ഗൂഗിളിനെയും ഫേസ്ബുക്കിനെയുംപോലെയുള്ള കമ്പനികൾ തങ്ങളുടെ യൂസർമാർക്കായി അഡ്വർട്ടെെസ്–മെന്റുകൾ പ്രദർശിപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഡാറ്റ വിൽക്കുന്ന ഡാറ്റാ ബ്രോക്കർമാരായും അവ പ്രവർത്തിക്കുന്നുണ്ട്.

ഡാറ്റയുടെ ദുരുപയോഗംമൂലം നാശനഷ്ടങ്ങൾ സംഭവിക്കാവുന്നതാണ്. അതായത്, ഞാൻ അനുവദിച്ച കാര്യങ്ങൾക്കല്ലാതെ എന്റെ ഡാറ്റ ഉപയോഗിച്ചേക്കാം; അങ്ങനെ ചെയ്യുന്നതുമൂലം എനിക്ക് സാമ്പത്തിക നഷ്ടമോ മറ്റു വിധത്തിലുള്ള നഷ്ടമോ സംഭവിക്കാം; എന്റെ സൽപ്പേര് കളങ്കപ്പെട്ടേക്കാം; എന്റെ വ്യക്തിഗത സുരക്ഷതന്നെ അപകടത്തിലായേക്കാം. പൗരർക്ക് നഷ്ടമുണ്ടാക്കുന്നതോ ഹാനികരമോ ആയവ എന്തെല്ലാമെന്ന് നിർവചിക്കുന്ന വ്യവസ്ഥകൾ 2019ലെ ബില്ലിൽ ഉണ്ടായിരുന്നു. എന്നാൽ അവയിൽ ഗണ്യമായ ഭാഗം 2022ലെ ബില്ലിൽ ഒഴിവാക്കിയിരിക്കുകയാണ്. 2019ലെ ബില്ലിൽ സെൻസിറ്റീവ് ഡാറ്റ എന്നാൽ എന്താണെന്നു നിർവചിക്കുന്ന ഒരു വകുപ്പുണ്ടായിരുന്നു; ഇത്തരം സെൻസിറ്റീവ് ഡാറ്റയെ എങ്ങനെ കണക്കാക്കണമെന്നും ആ വകുപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ 2022ലെ ഈ പുതിയ ബില്ലിൽ സെൻസിറ്റീവ് ഡാറ്റ എന്താണെന്ന് നിർവചിച്ചിട്ടില്ല; അതിനാൽ ബിഗ് ഡാറ്റ കമ്പനികൾ അവ എങ്ങനെ പ്രോസസ് ചെയ്യണമെന്നതു സംബന്ധിച്ചും പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടില്ല. ഇവയെല്ലാംതന്നെ പൗരരും ബിഗ് ഡാറ്റ കമ്പനികളും തമ്മിലുള്ള സന്തുലിതാവസ്ഥയിൽ കമ്പനികൾക്കനുകൂലമായ ചായ്-വ് ഉണ്ടാക്കുന്നു.

എനിക്കറിയാവുന്ന മറ്റൊരു ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിലും പൗരരുടെ കടമകൾ സംബന്ധിച്ച് രേഖപ്പെടുത്തി ക്കണ്ടിട്ടില്ല. എന്നാൽ 2022ലെ ബില്ലിൽ അങ്ങനെ ചെയ്തിട്ടുണ്ട്. ഡാറ്റയുടെ അധിപതിക്ക് അഥവാ പൗരന് /പൗരയ്ക്ക് ശരിയും കൃത്യവുമായ ഡാറ്റ നൽകാൻ നിയമപരമായ ബാധ്യതയുണ്ടെന്ന് ഈ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന്റെ അർഥം ഏതെങ്കിലും വിധത്തിലുള്ള ഡാറ്റ സേവനങ്ങൾ ലഭ്യമാക്കുന്ന അവസരത്തിൽ ഒരാൾക്കും തൂലികാനാമം (വ്യാജപ്പേര്) ഉപയോഗിക്കാനാവില്ല എന്നാണ്. പലപ്പോഴും ആളുകൾ തൂലികാനാമം (വ്യാജപ്പേര്) ഉപയോഗിക്കുന്നതിനു കാരണം അയാൾ ജൻഡറിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ തിരിച്ചറിയപ്പെടുന്നത് ചില അപകടങ്ങൾക്കിടയാക്കുമെന്നതുകൊണ്ടാണ്. പല വെബ്സെെറ്റുകളിലും സ്ത്രീകളെ നിശബ്ദരാക്കാനും ഡിജിറ്റൽ ഇടത്തിൽനിന്ന് പുറത്താക്കാനുമായി അവരെ വ്യാപകമായി ട്രോളുന്നുണ്ട്. തൂലികാനാമം അനുവദിക്കാതിരിക്കുന്നത് സർക്കാർ ഏജൻസികൾക്കും ബിഗ്ഡാറ്റ കമ്പനികൾക്കും സഹായകമാകാം; എന്നാൽ പല ന്യൂനപക്ഷ വിഭാഗങ്ങൾക്കും അത് ഹാനികരമാകും.

ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഇപ്പോൾ വിലപ്പെട്ട ഒരു ചരക്കായി മാറിയിരിക്കുന്നു എന്നതാണ്. അതുതന്നെയാണ് ഡാറ്റ സംരക്ഷണ ബില്ല് കൊണ്ടുവന്നതിനുപിന്നിലെ ലക്ഷ്യവും; ഡാറ്റയുമായി ബന്ധപ്പെട്ട സ്വത്തവകാശത്തെക്കുറിച്ചും നിർവചിക്കേണ്ടതുണ്ട്. ജനങ്ങളുടെ വ്യക്തിഗത ഡാറ്റയെ ലോകബാങ്ക് വിശേഷിപ്പിക്കുന്നത് പുതിയ ആസ്തി വർഗമായാണ്. അതിന്റെ അർഥം ഏതെങ്കിലുമൊരു ബിസിനസ് സ്ഥാപനം ജനങ്ങളുടെ വ്യക്തിഗത ഡാറ്റ സ്വന്തമാക്കുകയാണെങ്കിൽ അതുപയോഗിച്ച് ആ സ്ഥാപനത്തിന് പണമുണ്ടാക്കാൻ കഴിയും എന്നാണ്. തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ഇന്റർനെറ്റിൽ ആളുകൾ അവരുടെ ഡിജിറ്റൽ ഫുട്ട്പ്രിന്റുകൾ വികസിപ്പിക്കുന്നതോടെ അതിവേഗത്തിലാണ് വ്യക്തിഗത ഡാറ്റയുടെ അളവ് വർധിച്ചുവരുന്നത്; ഉറവ വറ്റാത്ത, വർധിച്ചുവരുന്ന ഈ ഡാറ്റ ഉപയോഗിച്ച് പണമുണ്ടാക്കാനുള്ള സാധ്യതയെക്കുറിച്ച് ആലോചിച്ച് ബിസിനസ് ലോകം ഉമിനീരിറക്കുകയാണ്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജനങ്ങളുടെ വ്യക്തിഗത ഡാറ്റ എന്ന ഈ പുതിയ ചരക്കിന് നിയന്ത്രണമേർപ്പെടുത്തേണ്ടത് അനിവാര്യമാണ്; അതിന്മേലുള്ള സ്വത്തവകാശത്തെ നിയമത്തിനുള്ളിൽ ക്രോഡീകരിക്കേണ്ടതും അനിവാര്യമാണ്. ഈ സമീപനത്തിലെ പ്രശ്നം, ജനങ്ങളുടെ ഡാറ്റ വ്യക്തികളുടെ സ്വത്തു മാത്രമല്ല എന്നതാണ്. പലപ്പോഴും സമൂഹങ്ങൾ വാണിജ്യപരമായി മൂല്യമുള്ള ഡാറ്റ സൃഷ്ടിക്കാറുണ്ട്; നമ്മുടെ ഡാറ്റ വ്യക്തിപരമായി നമ്മുടേത് മാത്രമാണെന്ന്, നാം ചിന്തിക്കുമ്പോൾ പോലും പലപ്പോഴുമത് നാം നമ്മുടെ സുഹൃത്തുക്കളുമായി ഇടപെടുന്നതിന്റെയുംകൂടി ഡാറ്റയാകുന്നു; നമ്മുടെ നെറ്റ്-വർക്കിന്റെ ഡാറ്റയാണത്. അതുകൊണ്ട് വ്യക്തിഗതമായ ഡാറ്റ സംരക്ഷണ നിയമങ്ങൾ – ഇന്ത്യൻ പ്രൈവറ്റ് ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിനെയും യൂറോപ്യൻ യൂണിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റഗുലേഷൻ പോലുള്ളവയെയും– നമ്മുടെ വ്യക്തിഗത ഡാറ്റയ്ക്കുമേൽ ഡിജിറ്റൽ കുത്തകകളുടെ സ്വത്തവകാശത്തെ അംഗീകരിക്കുന്നു; അതിന്റ വിനിയോഗത്തിനു നിയന്ത്രണമേർപ്പെടുത്തൽ മാത്രമാകുന്നു ഒരേയൊരു വിഷയം.

പൗരരെന്ന നിലയിൽ ഡാറ്റയ്ക്കുമേലുള്ള നമ്മുടെ അവകാശത്തെ ഇന്ത്യൻ ബില്ല് അംഗീകരിക്കുന്നു പോലുമില്ല; ഡാറ്റ അധിപതിയെന്ന നിലയിൽ നമ്മുടെ ഡാറ്റയ്ക്കുമേൽ ചില അവകാശങ്ങൾ നൽകുന്നുവെന്ന് മാത്രമേയുള്ളൂ. ഇത്തരം സ്കീമുകളിലെല്ലാംതന്നെ സമൂഹത്തിന്റെ അവകാശമെന്ന വിശാലമായ വിഷയം കെെകാര്യം ചെയ്യാതെ അവഗണിക്കപ്പെടുകയാണ്.

നിയമത്തിന്റെ ഈ ഇടുങ്ങിയ അതിരുകൾക്കുള്ളിൽ തന്നെ ഇപ്പോഴത്തെ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിൽ ഗൗരവ സ്വഭാവമുള്ള ചില വിഷയങ്ങൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ചും എല്ലാ ഭിന്നാഭിപ്രായങ്ങളോടും ബിജെപി ഗവൺമെന്റു പുലർത്തുന്ന നവ ഫാസിസ്റ്റ് സമീപനത്തിന്റെ പശ്ചാത്തലത്തിൽ. 2018ലെ ബില്ലിന്റെ മൂലരൂപം തയ്യാറാക്കിയ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ 2019ലെ ബില്ലിനെക്കുറിച്ചുതന്നെ പറഞ്ഞത് ‘‘അപകടകരമായത്’’ എന്നാണ്; അത് ഇന്ത്യയെ ഒരു ഓർവീലിയൻ ഭരണകൂടമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോർജ് ഓർവെലിന്റെ 1984 എന്ന നോവലിൽ സമ്പൂർണമായും സർവയ്ലൻസിനുകീഴിലുള്ള ഒരു രാഷ്ട്രത്തെക്കുറിച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്; ആ സാങ്കൽപിക രാഷ്ട്രത്തിൽ ഗവൺമെന്റ് ഓരോ മനുഷ്യനെയും സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്;വ്യക്തികൾക്കുമേൽ എപ്പോഴും ഭരണകൂടത്തിന്റെ ഒരു കണ്ണുണ്ടായിരിക്കും. 2019ലെ ബില്ലിനെക്കുറിച്ച് മാധ്യമങ്ങളോട് ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞത് ഇങ്ങനെയാണ്: ‘‘ഗവൺമെന്റ് എല്ലാ മുൻകരുതൽ നടപടികളെയും നീക്കം ചെയ്തിരിക്കുന്നു. അതീവ അപകടകരമാണത്. ഗവൺമെന്റിന് എപ്പോൾ വേണമെങ്കിലും രാജ്യസുരക്ഷയുടെയോ ക്രമസമാധാനപാലനത്തിന്റെയോ പേരുപറഞ്ഞ് സ്വകാര്യ ഡാറ്റയോ ഗവൺമെന്റ് ഏജൻസികളുടെ ഡാറ്റയോ കെെവശപ്പെടുത്താവുന്നതാണ്. ഇത് അപകടകരമായ അനന്തരഫലങ്ങൾക്കിടയാക്കും’’.

2022ലെ ബില്ല് പൗരരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളിൽനിന്നെല്ലാം ഭരണകൂടത്തെ അക്ഷരാർഥത്തിൽ ഒഴിവാക്കിയിരിക്കുകയാണ്. തങ്ങളുടെ ഉപയോക്താക്കളുടെ കാര്യത്തിൽ ബിഗ് ഡാറ്റ കമ്പനികൾ നിറവേറ്റേണ്ട ഉത്തരവാദിത്വങ്ങൾ ഇൗ ബില്ല് കുറച്ചിരിക്കുകയാണ്. ഡാറ്റയുടെ ലോക്കലെെസേഷനെ അത് ഇല്ലായ്മ ചെയ്യുകയാണ്; ഡാറ്റ ലോക്കലെെസേഷൻപ്രകാരം ഇന്ത്യൻ പൗരരുടെ ഡാറ്റ ഇന്ത്യയിൽതന്നെ സൂക്ഷിക്കണം; മാത്രമല്ല, ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമായിരിക്കുകയും വേണം. ഡാറ്റ ലോക്കലെെസേഷൻ വ്യവസ്ഥകളെ ദുർബലപ്പെടുത്തിക്കൊണ്ട് ഗവൺമെന്റ് വിദേശ മൂലധനത്തെ സഹായിക്കുകയാണ്. ദേശസ്നേഹത്തെയും ദേശീയതയെയും സംബന്ധിച്ച അവരുടെ എല്ലാ അവകാശവാദങ്ങളെയും അവർതന്നെ കെെവെടിഞ്ഞിരിക്കുകയാണ്. 2019ലെ ബില്ലിനെതിരെ വിസ (VISA), ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികൾ മുന്നോട്ടുവെച്ച പ്രധാന തടസ്സവാദം അതിലെ ഡാറ്റ ലോക്കലെെസേഷൻ വ്യവസ്ഥകളാണ്.

2022ലെ ബില്ലിലെ ഗണ്യമായ ഭാഗവും നമ്മുടെ ഡാറ്റ ഉപയോഗിക്കാൻ ബിഗ് ഡാറ്റ കമ്പനികളെ അനുവദിക്കുന്നതാണ്. ഡാറ്റാ രക്ഷാധികാരിയെ അംഗീകരിക്കുന്നതിന്റെ അർഥം, രക്ഷാധികാരികളായി നിർവചിക്കപ്പെട്ടിട്ടുള്ള കമ്പനികൾ നമുക്കായി നമ്മുടെ ഡാറ്റ സൂക്ഷിക്കുകയല്ല ചെയ്യുന്നത്, മറിച്ച് ആ കമ്പനികളുടെ ലാഭത്തിനായി അതുപയോഗിക്കുകയാണ് ചെയ്യുന്നത് എന്നതാണ്. അഡ്വർട്ടെെസർമാർക്ക് നമ്മെ വിൽക്കാനായി അവ നമ്മുടെ ഡാറ്റയെ ഉപയോഗിക്കുകയാണ്. നമ്മുടെ ഡാറ്റ ഉപയോഗിച്ച് അവർ തുടർച്ചയായി ഉൽപന്നങ്ങൾ വിൽക്കുന്നു; നാമതിന്റെ ഉപഭോക്താക്കളുമാകുന്നു; ഇത്തരം വിൽപനകളിൽനിന്നുള്ള ലാഭത്തിന്റെ മുഖ്യപങ്ക് അവർക്ക് ലഭിക്കുകയും ചെയ്യുന്നു. ഗൂഗിളും ഫേസ്ബുക്കുമാണ് പരസ്യങ്ങളിൽനിന്നുള്ള വരുമാനം ഇന്ന് ഏറ്റവുമധികം ലഭിക്കുന്ന കമ്പനികൾ.

ഒരു കൂട്ടം സോഫ്ട്-വെയർ ഉപകരണങ്ങളെ (tools) അഭിവൃദ്ധിപ്പെടുത്താനും ഏറ്റവും മികച്ചവയാക്കാനും ഡാറ്റ സഹായകമാകുന്നു. ഉദാഹരണത്തിന്, നിർമിതബുദ്ധിയുടെ വിജയം ആശ്രയിച്ചിരിക്കുന്നത് അത് ഉപഭോഗം ചെയ്യുന്ന ഡാറ്റയുടെ അളവിനെയും വെെവിധ്യത്തെയുമാണ്. നിശ്ചയമായും പൗരരെ നിരീക്ഷിക്കുന്നതിനും തങ്ങൾക്ക് ഹിതകരമായ ചിന്താഗതിയിലേക്ക് പൗരരെ ആട്ടിത്തെളിയിക്കുന്നതിനും തങ്ങളുടെ കെെവശം കൂടുതൽ ഡാറ്റ ഉണ്ടായിരിക്കണമെന്ന് സർക്കാർ ഏജൻസികൾ താൽപര്യപ്പെടുന്നു. ഇന്ന് തിരഞ്ഞെടുപ്പുകളിൽ കുത്തക മൂലധനം വഹിക്കുന്ന പങ്കിനു പുറമെയാണിത്. അതുകൊണ്ടാണ് സർവെയ്ലൻസ് ഭരണകൂടവും വൻകിട മൂലധനവും തമ്മിലുള്ള ഉറ്റബന്ധത്തെക്കുറിച്ച് വിശദീകരിക്കാൻ ‘സർവെയ്ലൻസ് മുതലാളിത്തം’ എന്ന പദാവലി ഉപയോഗിക്കുന്നത്. 2022ലെ സ്വകാര്യത ബില്ലിന്റെ അന്തഃസത്ത ഇതാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 + twenty =

Most Popular