Thursday, November 21, 2024

ad

Homeഗവേഷണംഗവേഷണസംഗ്രഹം: The Reader of/in Moderntiy: Discourses on Reading from Keralam

ഗവേഷണസംഗ്രഹം: The Reader of/in Moderntiy: Discourses on Reading from Keralam

മീര ചന്ദ്രശേഖർ

The Reader of/in Moderntiy: Discourses on Reading from Keralam എന്നതായിരുന്നു എന്‍റെ ഗവേഷണവിഷയം. മലയാളം മുഖ്യസംസാരഭാഷയായ പ്രവിശ്യകളില്‍ 1820-1900 കാലഘട്ടത്തില്‍, വായന എന്ന പ്രവൃത്തിയെ( practice) ചുറ്റിപ്പറ്റി വന്ന വ്യവഹാരങ്ങളായിരുന്നുപഠനത്തിനായി തിരഞ്ഞെടുത്തത്. കേരളത്തിലെ മലയാളം അച്ചടിയുടെ വരവു മുതല്‍ (1821) ഏതാണ്ട് ഒരു നൂറ്റാണ്ടു കാലത്തു നടന്ന ഇത്തരം ചര്‍ച്ചകളുടെ രണ്ടു വശങ്ങളാണ് പ്രധാനമായും പഠനവിഷയമായത്: (1) വായനയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ (objects), പ്രവൃത്തികള്‍ (practices) എന്നിവയ്ക്കു ചാര്‍ത്തിക്കൊടുക്കപ്പെട്ട സാമൂഹികവും ബിംബാത്മകവുമായ അര്‍ത്ഥങ്ങളും അവ നിര്‍മ്മിക്കുന്നതില്‍ വ്യവഹാരങ്ങള്‍ വഹിച്ച പങ്കും. (2) വ്യവഹാരങ്ങളിലൂടെ ചില വായനാകര്‍തൃത്വങ്ങള്‍ (reader-subjectivities) മാത്രം ആദര്‍ശാത്മകവും അഭിലഷണീയവുമായി ചിത്രീകരിക്കപ്പെടുന്ന പ്രക്രിയ; കൂടാതെ അത്തരം സങ്കല്പങ്ങളെ രൂപപ്പെടുത്തുകയോ ഭഞ്ജിക്കുകയോ ചെയ്യുന്ന തരത്തില്‍ രൂപപ്പെട്ട ചരിത്രപരമായ വായനാകര്‍തൃത്വങ്ങള്‍ (historical reader-subjects).ഈ വശങ്ങള്‍ പഠിക്കുന്നതു വഴി,ആധുനികതയില്‍ അധിവസിക്കുക (inhabit) അല്ലെങ്കില്‍ ആധുനികതയുമായി ഇടപെടുക (negotiate) എന്നീ പ്രക്രിയകളില്‍ വായന എന്ന പ്രവൃത്തി കൈവരിക്കുന്ന പ്രാധാന്യം മനസ്സിലാക്കാന്‍ ഈ പഠനം ശ്രമിച്ചു. ഓര്‍മ്മക്കുറിപ്പുകള്‍, സാഹിത്യപാഠങ്ങള്‍, ആനുകാലികങ്ങളിലെ ചര്‍ച്ചകള്‍, കൊളോണിയല്‍ മിഷണറി രേഖകള്‍ എന്നിങ്ങനെ പരന്നുകിടക്കുന്ന വ്യവഹാരങ്ങളായിരുന്നു പഠനത്തിന്‍റെ അവലംബം.

‘പാരായണം’ പോലുള്ള തദ്ദേശീയമായ അച്ചടിപൂര്‍വ്വ വഴക്കങ്ങള്‍ നിലനിന്നിരുന്ന ഒരു സമൂഹത്തില്‍ അച്ചടി, സാക്ഷരത, ഇംഗ്ലീഷ് വിദ്യാഭ്യാസം എന്നിവ കൊളോണിയല്‍മിഷണറി വഴികളിലൂടെ വ്യാപിച്ചുതുടങ്ങിയ കാലമായിരുന്നു പഠനത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. വായനാവസ്തുക്കള്‍, വായനയിടങ്ങള്‍, വായനയുടെ ആന്തരികലോകങ്ങള്‍ എന്നിവയും വായനക്കാരും തമ്മിലുള്ള ബന്ധം നിര്‍ണ്ണയിക്കുന്നതില്‍ ജാതി, വര്‍ഗ്ഗം, ലിംഗം എന്നിങ്ങനെയുള്ളഘടനകളുടെ സ്വാധീനം പ്രകടമായിരുന്നു. ഈ പശ്ചാത്തലത്തില്‍, അച്ചടിപൂര്‍വ്വകാലത്തെ വായനാവഴക്കങ്ങള്‍ എന്തായിരുന്നെന്നും അവയില്‍ ഉള്‍ച്ചേര്‍ന്നിരുന്ന ജാതിപരവും വര്‍ഗ്ഗപരവും ലിംഗപരവുമായ ഉച്ചനീചത്വങ്ങള്‍ എന്തൊക്കെയായിരുന്നെന്നും അദ്ധ്യായം 1 അന്വേഷിക്കുന്നു. കൂടാതെ 19-ാം നൂറ്റാണ്ടില്‍ ജാതിയതിരുകള്‍ ലംഘിക്കാന്‍ തുടങ്ങുന്നതരം സാക്ഷരത, ഇംഗ്ലീഷ് വിദ്യാഭ്യാസം, അച്ചടി എന്നിവയുടെ വരവോടെ അത്തരമൊരു സമൂഹത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ മനസ്സിലാക്കാനും ഒരു ആമുഖമെന്ന നിലയ്ക്ക് ഈ അദ്ധ്യായം ശ്രമിക്കുന്നു.

വായനയെ ചുറ്റിപ്പറ്റി വന്ന മിഷണറി വ്യവഹാരങ്ങളാണ് രണ്ടാം അദ്ധ്യായത്തിന്‍റെ പഠനവിഷയം. അച്ചടിയുടെ വരവോടെ എങ്ങനെ താളിയോലസംസ്കാരത്തിന്‍റെ പരിമിതമായ വിതരണസമ്പ്രദായങ്ങള്‍ക്ക് ഇളക്കം തട്ടി എന്നതും പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളില്‍ നിന്നു നിര്‍മ്മിക്കപ്പെട്ട നവസാക്ഷരരുടെ ഒരു (പരിമിത) സമൂഹം വഴി എങ്ങനെ വാക്കിലേയ്ക്കുള്ള പ്രാപ്യത പുനര്‍നിര്‍ണ്ണയിക്കപ്പെട്ടു എന്നതും പഠനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. പക്ഷേ,ഇവയില്‍ നിന്നു വ്യത്യസ്തമായി മിഷണറി വ്യവഹാരങ്ങളെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍, വ്യവഹാരങ്ങളുടെ തലത്തില്‍ മിഷണറി ഇടപെടല്‍ എങ്ങനെ വായനകര്‍ത്താക്കളും (reader-subjects) വായനവസ്തുക്കളും (reading objects) തമ്മിലുള്ള ബന്ധം പുനരാവിഷ്കരിച്ചു എന്നു വ്യക്തമാകും. പ്രൊട്ടസ്റ്റന്‍റ് വിശ്വാസപ്രമാണങ്ങളില്‍ പ്രാധാന്യം ലഭിച്ചിരുന്നതരം വായന, അച്ചടിയില്‍ അധിഷ്ഠിതമായതും പ്രാദേശികഭാഷകളില്‍ ഊന്നിയതും വായനയിലെ പൗരോഹിത്യമാധ്യസ്ഥത്തെ നിഷേധിക്കുന്നതുമായിരുന്നു. ഈ പ്രമാണങ്ങളെ സ്വാംശീകരിച്ച മിഷണറി വ്യവഹാരങ്ങള്‍ കേരളത്തിലെ ആദര്‍ശാത്മക ‘ആധുനിക’ വ്യക്തിയെ ‘വായിക്കുന്നയാള്‍’ (reader) ആയി മാത്രം വിഭാവനംചെയ്തു. പ്രത്യേകിച്ച്, കാണാതെപഠിച്ച വചനങ്ങള്‍ ഓര്‍ത്തെടുത്ത് ഉരുവിടുന്ന വ്യക്തിയില്‍ നിന്നു വിഭിന്നമായി, ഒരു വായനാവസ്തുവില്‍ നിന്ന് അര്‍ത്ഥം വിവേചിച്ചറിയുന്ന വ്യക്തിയെമാത്രം ഇത്തരത്തില്‍ ‘വായിക്കുന്നയാള്‍’ അഥവാ ‘ആധുനികവ്യക്തി’യായി മിഷണറി എഴുത്തുകള്‍ വിഭാവനം ചെയ്തു. ‘ഓലപ്പുസ്തക’ങ്ങളില്‍ നിന്ന് വിഭിന്നമായി ‘കടലാസു പുസ്തകങ്ങള്‍’ വായിക്കുന്ന ഒരു ‘വായനാസമൂഹത്തെ നിര്‍മ്മിച്ചെടു’ക്കാനും മിഷണറിമാര്‍ ശ്രമിച്ചു(ജോസഫ് പീറ്റ്, 1834). ഇത്തരം ഇടപെടലുകളുടെ പശ്ചാത്തലത്തില്‍, അച്ചടിയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്‍റെ കാലത്തു രൂപപ്പെട്ട ചരിത്രപരമായ വായനാകര്‍തൃത്വങ്ങളുടെ നിര്‍മ്മിതി പലപ്പോഴും വൈവിധ്യമാര്‍ന്നതായിരുന്നു. പുതിയ രീതികളെ സ്വാംശീകരിക്കുക എന്നത് ചില വായനക്കാര്‍ക്ക് അനായാസവും മറ്റുചിലര്‍ക്ക് ആയാസകരവുമായി. അവരുടെ സാമൂഹികസ്ഥാനം (social location) ഇതിനെ പലപ്പോഴും സ്വാധീനിക്കുകയും ചെയ്തു. ഈ ചരിത്രങ്ങളാണ് രണ്ടാം അദ്ധ്യായത്തില്‍.

മൂന്നാം അദ്ധ്യായം പഠിക്കാന്‍ ശ്രമിക്കുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മലയാളികള്‍ വായനയെപ്പറ്റി നടത്തിയ ചര്‍ച്ചകളാണ്. പ്രാദേശിക ഭാഷാലോകത്തെ സാംസ്കാരിക മധ്യവര്‍ത്തികള്‍ (cultural intermediaries ബോര്‍ദ്യു, ഡിസ്റ്റിംഗ്ഷന്‍ 16) എന്നനിലയ്ക്ക് ഇവരുടെ എഴുത്തുകള്‍ എങ്ങനെ വായനയെ ചുറ്റിപ്പറ്റിയുള്ള പുതിയ സങ്കല്പങ്ങളുടെയും വിനിമയങ്ങളുടെയും നിര്‍മ്മിതിയിലേക്കു സംഭാവനചെയ്തു എന്ന് അദ്ധ്യായം അന്വേഷിക്കുന്നു. 19ാം നൂറ്റാണ്ട് വായനയുടെ ഒരു സമ്പദ് വ്യവസ്ഥ (an economy of reading) തന്നെ നിലവില്‍വന്ന കാലമായാണ് ഈ അദ്ധ്യായം നോക്കിക്കാണുന്നത്ڋഅഥവാ,വായനയെന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ കഴിവുള്ളവര്‍ക്ക് പദവിയും ഉന്നമനവും (mobiltiy) ആധുനികതയും കല്പിച്ചുനല്കാന്‍ കെല്പുള്ള ഒരു സാംസ്കാരികമൂലധനത്തിന്‍റെ (cultural capitaڊ ബോര്‍ദ്യു, ഫോംസ് 282) സ്ഥാനത്തേയ്ക്ക് വായന ഉയര്‍ന്ന കാലം.ഈയൊരു കാലത്താണ് ദ്വിഭാഷികളായ ഒരു ബുദ്ധിജീവിസമൂഹവും ഉണ്ടായിവന്നത്. കൊളോണിയല്‍ ഉന്നതവിദ്യാഭ്യാസാദര്‍ശങ്ങളില്‍ത്തന്നെ ഇവര്‍ സങ്കല്പിക്കപ്പെട്ടത്, പാശ്ചാത്യമായ ഒരു ആശയലോകത്തിനും ഏകഭാഷികളായ വായനക്കാര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഇടനിലക്കാരെന്ന നിലയ്ക്കായിരുന്നു. ഇത്തരമൊരു കൂട്ടം വ്യക്തികള്‍ യഥാര്‍ത്ഥത്തില്‍ രൂപപ്പെട്ടുവന്നപ്പോള്‍, സമൂഹത്തില്‍ വിജ്ഞാനം പ്രചരിപ്പിക്കുക എന്ന ജ്ഞാനോദയചിന്തയെ അവര്‍ തീര്‍ച്ചയായും പിന്‍പറ്റി. എന്നാല്‍ അതിനൊപ്പം തന്നെ അവരുടെ വ്യവഹാരങ്ങളില്‍ ആദര്‍ശാത്മകമായ വായനാരീതികള്‍, അഭിലഷണീയമായ വായനാകര്‍തൃത്വങ്ങള്‍ എന്നിവയെ കണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഒരു ധാരയും ഉണ്ടായി. ഉയര്‍ന്നതും താഴ്ന്നതുമായി പുസ്തകസംസ്കാരങ്ങളെ മൂല്യവത്കരിക്കുന്നഈ ധാരയില്‍’അഭിരുചി,’ ‘വിവേചനം’ എന്നിങ്ങനെയുള്ള സംജ്ഞകള്‍ പ്രാധാന്യം നേടി. ഉയര്‍ന്ന അഭിരുചി കൈവരിക്കുക, ഗ്രന്ഥവിവേചനത്തിനുള്ള കെല്പു നേടുക എന്നിങ്ങനെയുള്ള ‘കഴിവുകള്‍’ അരാഷ്ട്രീയമായ കല്പനകളായാണ് അവരുടെ എഴുത്തില്‍ അവതരിപ്പിക്കപ്പെട്ടതെങ്കിലും ഇത്തരം എഴുത്തുകളിലൂടെ ചിലതരം വായനാരീതികള്‍ക്കു മാത്രം മൂല്യം കൈവരുകയും മറ്റുള്ളവ തഴയപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ഇവ നേരത്തേ സൂചിപ്പിക്കപ്പെട്ട വായനാ സമ്പദ് വ്യവസ്ഥയുടെ രൂപപ്പെടലിന് ആക്കം കൂട്ടി. വിദ്യാഭ്യാസാധുനികതയുടെ ഇടങ്ങളിലേയ്ക്ക് നേരത്തേതന്നെ പ്രവേശനം ലഭിച്ച വായനക്കാര്‍ക്ക് ഇത്തരമൊരു സമ്പദ് വ്യവസ്ഥ പ്രയോജനകരമായിരുന്നെങ്കില്‍, മറ്റു പല വായനക്കാര്‍ക്കുംڋഉദാഹരണത്തിന് പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളില്‍ നിന്നുള്ളവര്‍, സാമ്പത്തികമായി പുറകിലായവര്‍, സ്ത്രീവായനക്കാര്‍, ജനകീയ ജനുസ്സുകളുടെ (genre) വായനക്കാര്‍, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാത്ത വായനക്കാര്‍ڋഇത്തരം ആദര്‍ശാത്മകമായ വിഭാവനങ്ങളുടെ അരികില്‍ മാത്രമേ ഇടം ലഭിച്ചുള്ളൂ. അദ്ധ്യായം 3 ഈ ചരിത്രങ്ങള്‍ അന്വേഷിക്കുന്നു.

നാലാം അദ്ധ്യായം പഠിക്കാനായി തിരഞ്ഞെടുത്തത് ‘വായന,’ ‘സ്ത്രീ’ എന്നീ പരികല്പനകള്‍ രണ്ടും ചര്‍ച്ചാവിഷയങ്ങളായി വരുന്ന വ്യവഹാരങ്ങളാണ്. സ്ത്രീവായനക്കാരെ ചുറ്റിപ്പറ്റി 19ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലുണ്ടായ ചര്‍ച്ചകളില്‍ പലതും അവരെപ്പറ്റിയുള്ള ഉത്കണ്ഠകള്‍ പ്രകടിപ്പിച്ചവയായിരുന്നു. പുതുതായി ഉണ്ടായിവരുന്ന വായനയിടങ്ങളില്‍ സ്ത്രീകള്‍ കണ്ടുമുട്ടാന്‍ സാധ്യതയുള്ള പുതിയ ചിന്താധാരകളെയും വായനാവസ്തുക്കളെയും പറ്റിയുള്ള ആശങ്ക ഇതില്‍ പ്രധാനമായിരുന്നു. എന്നാല്‍, കേരളത്തെ സംബന്ധിച്ചിടത്തോളം, സ്ത്രീവിദ്യാഭ്യാസമെന്നത്, വ്യക്തികളെ ആദര്‍ശാത്മകമായ ലിംഗകര്‍തൃത്വങ്ങളിലേയ്ക്ക് ഉള്‍ച്ചേര്‍ക്കാനുള്ള ഉപാധിയെന്ന നിലയില്‍ അഭിലഷണീയമായി കണക്കാക്കപ്പെട്ടിരുന്ന ഒന്നായിരുന്നെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് (ജെ. ദേവിക, ഹെര്‍സെല്‍ഫ് ഃഃശ; എന്‍ജെന്‍ഡറിംഗ് ഇന്‍ഡിവിജ്വല്‍സ്). ഇതിനു സമാനമായി, ഉത്കണ്ഠയില്‍ നിന്നു വ്യത്യസ്തമായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന വ്യവഹാരധാരകളും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ കണ്ടെടുക്കാനാകും. ഇക്കാലത്തെ പല എഴുത്തുകളും വളരെ സങ്കീര്‍ണ്ണമായൊരു വൈരുധ്യത്തെ മറികടക്കാന്‍ ശ്രമിക്കുന്നു: ഒരുവശത്ത്, പുതുതായി നിര്‍മ്മിക്കപ്പെടുന്ന ലിംഗസംഹിതകള്‍ (gender codes) അനുഷ്ഠിക്കാനും (perform) ആദര്‍ശാത്മകമായ സ്ത്രീത്വം ധ്വനിപ്പിക്കാനും വ്യക്തികളെ/സ്ത്രീകളെ കെല്പ്പുള്ളവരാക്കുന്നഒരു ഉപാധിയെന്ന നിലയ്ക്ക് വായന ആരാധിക്കപ്പെടുന്നു; മറുവശത്ത്,ഉരുത്തിരിഞ്ഞു വരുന്ന ലിംഗസംഹിതകളെ നിഷേധിക്കാന്‍ വായന സ്ത്രീകളെ പഠിപ്പിച്ചേക്കാമെന്ന ഭയം ഇതിനോടൊപ്പം തന്നെ നിലനില്ക്കുന്നു. ചരിത്രപരമായി രസകരമായ വ്യവഹാരപ്രയോഗങ്ങള്‍ക്ക് ഈ വൈരുധ്യം കാരണമാകുന്നു. 19ാം നൂറ്റാണ്ടിലെ നോവലുകള്‍ ഉള്‍പ്പെടെയുള്ള വ്യവഹാരങ്ങളില്‍,സ്ത്രീകളുടെ വായന അനുവദനീയവും അഭിലഷണീയവുമായി അവതരിപ്പിക്കപ്പെടുമ്പോള്‍പ്പോലും പല എഴുത്തുകാരും ആദര്‍ശാത്മകമായ സ്ത്രീവായനയുടെ അതിരുകള്‍ അതിനോടൊപ്പം എഴുതിച്ചേര്‍ക്കുന്നു. സ്ത്രീവായനക്കാര്‍ ഇടപെടേണ്ട വായനാവസ്തുക്കള്‍, വായിക്കേണ്ട ഇടങ്ങള്‍, അവരുടെ വായനാ തെരഞ്ഞെടുപ്പുകള്‍ എന്നിവയിലെല്ലാം ഉചിതമായതും ആദര്‍ശാത്മകമായതും എന്തൊക്കെ എന്നു കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഈ എഴുത്തുകളില്‍ കാണാം. ഒരേസമയം അഭിലഷണീയവും ഭീതിജനകവുമായ ഒരു അവ്യക്തകര്‍തൃത്വമായി (ambivalent subject) സ്ത്രീവായനക്കാര്‍ ഈ വ്യവഹാരങ്ങളില്‍ മാറുന്നു. അക്കാലത്തെ സ്ത്രീ എഴുത്തുകാരുടെ എഴുത്തുകളിലാകട്ടെ ഇത്തരം സങ്കീര്‍ണ്ണമായ വ്യവഹാരങ്ങളുമായി ഇടപെടാനുള്ള ശ്രമങ്ങളും കാണാം. ഈ ചരിത്രങ്ങളാണ് നാലാം അദ്ധ്യായത്തിന്‍റെ പ്രതിപാദ്യം.

ഉപസംഹാരമായ അഞ്ചാം അദ്ധ്യായം, പഠനത്തിന്‍റെ പ്രധാന കണ്ടെത്തലുകള്‍ ക്രോഡീകരിക്കുന്നു. വായനാവസ്തുക്കള്‍, വായനാരീതികള്‍, വായനാകര്‍തൃത്വങ്ങള്‍ എന്നിവയ്ക്ക് മേല്പ്പറഞ്ഞ വ്യവഹാരങ്ങളില്‍ ചാര്‍ത്തിക്കൊടുക്കപ്പെട്ട അര്‍ത്ഥങ്ങള്‍, എന്താണ് ‘ആധുനിക’മായി കണക്കാക്കപ്പെടുന്നത് അഥവാ ആരാണ് ‘ആധുനിക’രായി കണക്കാക്കപ്പെടുന്നത് എന്നീ നിര്‍വ്വചനങ്ങളെ സ്വാധീനിക്കുന്നവയാണ്. അങ്ങനെ,ആധുനികതയില്‍ അധിവസിക്കുക അല്ലെങ്കില്‍ ആധുനികതയുമായി ഇടപെടുക എന്നീ പ്രക്രിയകളില്‍ വായന എന്ന പ്രവൃത്തി പ്രധാനമാണ് എന്ന അനുമാനംഗവേഷണം ശരിവയ്ക്കുന്നു. അതേസമയം, അച്ചടിയും ആധുനികതയും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളെ മനസ്സിലാക്കാന്‍ അച്ചടിയിലൂടെ പ്രചരിപ്പിക്കപ്പെട്ട പുത്തന്‍ ചിന്തകളുടെ ചരിത്രം മാത്രം കണക്കിലെടുത്താല്‍ പോരെന്നും മറിച്ച് അച്ചടി, വായന എന്നീ പ്രക്രിയകളെ ചുറ്റിപ്പറ്റി വന്ന വ്യവഹാരങ്ങളും അവയിലൂടെ വന്ന സാമൂഹിക അര്‍ത്ഥരൂപവത്കരണങ്ങളും കൂടി കണക്കിലെടുക്കണമെന്നും ഉള്ള കണ്ടെത്തലാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്.

ഗ്രന്ഥസൂചി
Devika, J. En-Gendering Individuals: The Language of Re-Forming in TwentiethCentury Keralam. Orient Longman, 2007.
—. “Itnroduction.” Her-Self: Gender and Early Writings of Malayalee Women, 1898-1938, edited by Devika, tSree, 2005, pp. xix–xxxi.
Bourdieu, Pierre. Distinction: A Social Critique of the Judgement of Taste. 1979.Translated by Richard Nice, Harvard UP, 1996.
—. “The Forms of Capital.” 1986. Readings in Economic Sociology, edited by NicoleWoolsey Biggart,t r-anslated by Richard Nice, Blackwell, 2002, pp. 280–91.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + 3 =

Most Popular