അമേരിക്കയും ഇസ്രയേലും ഇറാനുനേരെ നടത്തിയ ആക്രമണം, തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ആഗോള സമ്പദ്ഘടനയ്ക്കു മേൽ കുനിന്മേൽ കുരുവെന്നപോലെയാണ് വന്നു പതിച്ചത്. ഇത് ഇന്ത്യയ്ക്കുമേൽ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ടു പൊറുതിമുട്ടുന്ന ഇന്ത്യൻ ജനതയോടാണ് മുണ്ടുമുറുക്കി ഉടുക്കാൻ പ്രധാനമന്ത്രി മോദി മെയ് 10ന് ആഹ്വാനം ചെയ്തത്.
ഭക്ഷ്യ എണ്ണയുടെ ഉപഭോഗം കുറയ്ക്കുക, സ്വർണം വാങ്ങുന്നത് ഒഴിവാക്കുക, അനിവാര്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കുക, വിദേശസാധനങ്ങൾ വാങ്ങാതിരിക്കുക, ഇന്ധന ഉപയോഗം കുറയ്ക്കുക എന്നിവ കർശനമായി നടപ്പാക്കണമെന്നാണ് ഇന്ത്യയിലെ 140 കോടിയിലേറെ വരുന്ന ജനങ്ങളോട് മോദി പറയുന്നത്. ഇത്തരമൊരവസ്ഥയിലേക്ക് ഈ രാജ്യത്തെ കൊണ്ടെത്തിച്ചതിന്റെ പൂർണ ഉത്തരവാദിത്തം മോദി സർക്കാരിനു തന്നെയാണ്. ചിന്തയുടെ ഈ ലക്കം കവർ സ‍്റ്റോറി ഈ വിഷയത്തിൽ കേന്ദ്രീകരിച്ചുള്ളതാണ്. ഡോ. ടി എം തോമസ് ഐസക്, പ്രഭാത് പട്നായക്, അഭിലാഷ് എസ്, ആർ രാംകുമാർ, ജോർജ് ജോസഫ‍് എന്നിവരാണ് ലേഖകർ.
ഇന്ത്യയിൽ ഇന്ധനക്ഷാമം (എണ്ണയും ഗ്യാസും) മോദി സർക്കാരിന്റെ സ്വയംകൃതാനർഥം കൂടിയാണെന്നത് നിസ്സംശയം പറയാവുന്നതാണ്. രണ്ടു കാര്യമുണ്ട്. ഒന്ന് നമുക്കാവശ്യമായ ക്രൂഡോയിലിന്റെയും ഗ്യാസിന്റെയും 90 ശതമാനത്തിലേറെയും നാം ഇറക്കുമതി ചെയ്യുകയാണ്. അപ്പോൾ അവയുടെ കരുതൽ ശേഖരമുണ്ടാക്കുന്നതിനു വേണ്ട സംഭരണികൾ (ഭൂഗർഭ അറകൾപോലുള്ളവ) ആവശ്യാനുസൃതം ഉണ്ടാക്കുകയും ഇന്ധനം വേണ്ടത്ര മുൻകൂട്ടി ശേഖരിച്ചുവയ്-ക്കുകയും ചെയ്യുന്ന കാര്യത്തിൽ മോദി സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. ഇറാൻ യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുൻപ് ഇസ്രയേൽ സന്ദർശിച്ച മോദിക്ക്, വരാൻ പോകുന്ന യുദ്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നുറപ്പാണ്. എന്നാൽ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന രീതിയിലുള്ള നിഷ്-ക്രിയത്വമാണ് മോദി സ്വീകരിച്ചത്.
മോദി ഗവൺമെന്റ് ചെയ്ത മറ്റൊരു കാര്യം, ഇന്ത്യയുടെ വിദേശനയം പാടേ മാറ്റിയതാണ്. മോദി ഗവൺമെന്റ് ഇന്ത്യയെ പൂർണമായും അമേരിക്കയുടെ ആലയിൽ കെട്ടുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയുടെ തീട്ടൂരപ്രകാരം റഷ്യയിൽനിന്നും ഇറാനിൽ നിന്നുമുള്ള എണ്ണയുടെയും ഗ്യാസിന്റെയും ഇറക്കുമതി ഉപേക്ഷിച്ചത് യുദ്ധത്തിനുമുൻപുതന്നെ ഇന്ത്യയിൽ ഇന്ധനപ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയിലെത്തിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യം ബലികഴിച്ചും അമേരിക്കയുടെ ചട്ടുകമായി അന്താരാഷ്ട്ര തലത്തിൽ നിൽക്കുകയെന്ന മോദിയുടെയും ആർഎസ്എസിന്റെയും നിലപാടാണ് ഇന്ത്യ ഇപ്പോൾ നേരിടുന്ന രൂക്ഷമായ ഇന്ധനപ്രതിസന്ധിക്ക് കാരണം.
സാമ്പത്തികപ്രതിസന്ധിയിലേക്ക് രാജ്യത്തെ എത്തിച്ചതാകട്ടെ, നിയോലിബറൽ നയങ്ങളാണ്. ജിഡിപിയിലെ ഇടിവും സ്വർണത്തിന്റെ വിലക്കയറ്റവുമെല്ലാം ഇതുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. കോൺഗ്രസ് ഗവൺമെന്റുകൾ പിന്തുടർന്നിരുന്ന പാപ്പരായ നിയോലിബറൽ നയങ്ങൾ കൂടുതൽ ശക്തമായും അനിയന്ത്രിതമായും നടപ്പാക്കുകയാണ് ബിജെപിയും ചെയ്തത്. ആ നയം അനിയന്ത്രിതമായി പിന്തുടർന്നതിന്റെ ദുരന്തമാണ് ഇന്ത്യ ഇന്നു നേരിടുന്ന രൂക്ഷമായ പ്രതിസന്ധി. യുദ്ധവും മോദി സർക്കാരിന്റെ സാമ്രാജ്യത്വാനുകൂല വിദേശനയവും ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരിക്കുകയാണ്. ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് ഇന്ത്യയിലെ ജനസാമാന്യമാണ്. l



