Monday, May 18, 2026

ad

Homeആമുഖംആമുഖം

ആമുഖം

ഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ ചൂടുകാലം ദെെർഘ്യമുള്ളതാവുകയും കഠിനമായ ചൂടനുഭവപ്പെടുകയും ചെയ്യുന്ന പ്രവണത കാണുന്നുണ്ട്. ഇടയ്ക്ക് മഴ പെയ്താൽപോലും ഉഷ്ണത്തിന് ശമനമുണ്ടാകുന്നില്ല. ഈ പ്രതിഭാസം കേരളത്തിലോ ഇന്ത്യയിലോ മാത്രമുള്ളതല്ല; ആഗോളവ്യാപകമായി മനുഷ്യർ നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ അനിവാര്യമായ ദുരന്തമാണിതെല്ലാം.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ലോകം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ഗൗരവമാർന്ന വിഷയമാണ്. ഭൗമ ഉച്ചകോടിയും കാലാവസ്ഥാ ഉച്ചകോടിയും ഒട്ടേറെ ചേരുകയും ചർച്ച നടത്തുകയും ചെയ്തെങ്കിലും പലപ്പോഴും അവയെല്ലാം ഒരു തീരുമാനത്തിലുമെത്താതെ അധര വ്യായാമങ്ങളായി മാറുകയോ വ്യക്തതയില്ലാത്തതും സർവ സ്വീകാര്യമല്ലാത്തതുമായ തീരുമാനങ്ങളിൽ കലാശിക്കുകയോ ചെയ്യുകയാണ് പതിവ്.

കൊള്ളലാഭക്കൊതി പൂണ്ട മുതലാളിത്തത്തിന്റെ അത്യാർത്തിക്ക് ലോകരാഷ്ട്രങ്ങൾ വിധേയമാകുന്നുവെന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കാവുന്നത്. ശാസ്ത്രലോകം നടത്തിയ പഠനങ്ങളിലെല്ലാം സംശയാതീതമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗമാണ് ക്രമാതീതമായ കാർബൺ ഉത്സർജനത്തിനും തന്മൂലം കാലാവസ്ഥാ വ്യതിയാനത്തിനും നിദാനമാകുന്നത് എന്നാണ്. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതുമൂലം മൂലധനത്തിന് കൊള്ളലാഭമുണ്ടാക്കാൻ വേണ്ടത്ര കഴിയാതെ വരുന്നതിനാൽ മൂലധനശക്തികൾ എന്തുവില കൊടുത്തും അത്തരം തീരുമാനങ്ങൾ ഉണ്ടാകാതെ തടയും. ആഗോളമൂലധനത്തിന്റെ സംരക്ഷകരായ അമേരിക്കൻ ഭരണാധികാരികളാണ് കാലാവസ്ഥാ ഉച്ചകോടികൾ വിജയകരമായി പര്യവസാനിക്കാതിരിക്കാൻ ജാഗ്രതയോടെ ഇടപെടുന്നത്. 2016 നവംബറിൽ മൊറോക്കോയിലെ മാരക്കേഷിൽ ചേർന്ന ഉച്ചകോടിയിലും അതിനു മുൻപ് പാരീസ് കാലാവസ്ഥാ കരാറിലും കെെക്കൊണ്ട തീരുമാനങ്ങളിൽനിന്ന് 2017 ജനുവരിയിൽ ട്രംപ് അധികാരത്തിലെത്തിയതോടെ അമേരിക്ക പിൻവാങ്ങിയത് ഇതിന്റെ പ്രതിഫലനമാണ്. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളെയാകെ നിഷേധിക്കുന്ന ട്രംപ് യാതൊരു മറയുമില്ലാതെ മൂലധനത്തിന്റെ കൊള്ളലാഭക്കൊതിക്ക് കൂട്ടുനിൽക്കുകയാണ്. പൊതുവിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മൂലധനതാൽപര്യം സംരക്ഷിക്കുന്നവയാണെങ്കിലും ലോകജനതയുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി ചെറിയ മാറ്റങ്ങൾക്കെങ്കിലും തയ്യാറാകാറുണ്ട്. കേ-്യാട്ടോ പ്രോട്ടോക്കോളും പാരീസ് കരാറും ഇതിന്റെ പ്രതി-ഫലനങ്ങളാണ്. എന്നാൽ കോർപ്പറേറ്റ് മൂലധനം തങ്ങളുടെ ലാഭത്തിൽ ചെറിയ കുറവു വരുത്താൻ പോലും തയ്യാറാകാത്തതുകൊണ്ടാണ് ഈ കരാറുകൾ നടപ്പാക്കാതിരിക്കുന്നത്. ട്രംപിനെപ്പോലെ ഒരു തീവ്ര വലതുപക്ഷക്കാരൻ അമേരിക്കയുടെ അമരക്കാരനായെത്തിയതും ഈ മൂലധന താൽപര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര, അവികസിത രാജ്യങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ ഏറെ അനുഭവിക്കുന്നത്. ആഗോളതലത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ കെടുതികളാണ് കേരളത്തിലും നാം അനുഭവിക്കുന്നത്. അതിനെതിരായി ഉയർന്നുവരുന്ന ആഗോളതലത്തിലെ ചെറുത്തുനിൽപ്പുകൾക്കും പുത്തൻ ചിന്തകൾക്കും ഒപ്പം നിന്നുകൊണ്ടു മാത്രമേ ഈ ദുരിതങ്ങളിൽനിന്നു മോചനം നേടാൻ കഴിയൂ. അതോടൊപ്പം കേരളത്തിൽ പ്രാദേശികതലത്തിലുള്ള ബദൽ ഇടപെടലുകൾ നടത്തുന്നത് ഈ ദുരിതത്തിന്റെ കെടുതി കുറയ്ക്കുന്നതിന് സഹായകമാകുകയും ചെയ്യും.

ഈ ലക്കം കവർസ്റ്റോറിയിൽ ഞങ്ങൾ ഈ വിഷയമാണ് കെെകാര്യം ചെയ്യുന്നത്. പ്രൊഫ. എസ് അഭിലാഷ്, ഡോ. ടി എസ് അനീഷ്, ഫഹദ് മർസൂക്ക് ടി യു, ഡോ. പ്രതീഷ് സി മാമ്മൻ, രാജീവൻ എരിക്കുളം, ഡോ. മനോജ് വെള്ളനാട്, ഇ കുഞ്ഞിരാമൻ, എം കെ രാജശേഖരൻ, എം പി അഖില, സി കെ ശ്രീകുമാർ എന്നിവരാണ് ലേഖകർ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − eleven =

Most Popular