പരസ്പരവെെരുദ്ധ്യങ്ങളുടെ തുടർച്ച കാണണമെങ്കിൽ ഡൊണാൾഡ് ട്രംപിനെ നോക്കിയാൽ മതി. അമേരിക്കക്ക് ‘ഗുണമില്ലാത്ത’ യുദ്ധങ്ങൾക്ക് മറ്റു രാജ്യങ്ങളിൽപോയി പണം ചെലവിടുന്നതിന് താൻ എതിരാണെന്നു പ്രഖ്യാപിക്കുന്ന ട്രംപിനെയാണ്, രണ്ടാം തവണ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പുള്ള പ്രചാരണനാളുകളിൽ നമ്മൾ കണ്ടത്. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം തരേണ്ടത് തനിക്കാണെന്ന് ട്രംപ് പരസ്യമായി അവകാശപ്പെടുന്നതും നാം കണ്ടു. മറ്റുള്ളവരെക്കൊണ്ട് ക്യാൻവാസിങ് നടത്താനും മടിച്ചില്ല. കാശ‍്മീരിലെ പഹൽഗാമിൽ നടന്ന, വിദേശബന്ധമുണ്ടായിരുന്ന തീവ്രവാദ കൂട്ടക്കൊലയെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ഇന്ത്യ–പാക്കിസ്താൻ ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകാതെ വെടിനിർത്തലിൽ കൊണ്ടെത്തിച്ചതിന്റെ പിന്നിൽ താനാണ് എന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടതും നൊബേൽ സമ്മാനം ലക്ഷ്യംവച്ചുകൊണ്ടായിരുന്നു എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
എന്നാൽ, ഇപ്പോൾ നാം കാണുന്നത് വെനസേ-്വലയെ ആക്രമിച്ച് ആ രാജ്യത്തിന്റെ രാഷ്ട്രത്തലവനെയും ജീവിതപങ്കാളിയെയും തട്ടിക്കൊണ്ടുപോയി ന്യൂയോർക്കിൽ തടവിലിടുന്ന ട്രംപിനെയാണ്; യാതൊരു പ്രകോപനമോ ന്യായീകരണമോ കൂടാതെ ഇസ്രയേലുമായി കൂട്ടുകൂടി ഇറാനെ കടന്നാക്രമിക്കുന്ന ട്രംപിനെയാണ്. ഗാസയിലും വെസ്റ്റ് ബാങ്കിലും കണ്ണിൽചോരയില്ലാതെ, വംശീയ കൂട്ടക്കുരുതിയിൽ പതിനായിരങ്ങളെ തുടർച്ചയായി കൊന്നുകുഴിച്ചുമൂടുന്ന കിരാതത്ത്വമാണ് നമ്മൾ കാണുന്നത്. ശവപ്പറമ്പാക്കിമാറ്റിയ ഗാസയുടെ കടൽത്തീരത്തെ വിനോദസഞ്ചാര കേന്ദ്രമാക്കുവാൻ റിയൽ എസ്റ്റേറ്റുമാനിയക്കാരനായി മാറുന്ന ട്രംപിനെയും ലോകം കണ്ടു.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അടിസ്ഥാന സ്വഭാവം, ലോകത്തെ സ്വന്തം സ്വാധീനത്തിനുകീഴിൽ കൊണ്ടുവരുവാൻ മിലിറ്ററി– ഇൻഡസ്ട്രീയൽ –മീഡിയാ കോംപ്ലക്സിന്റെയും കൃത്രിമമായി നിലനിർത്തുന്ന ഡോളർ മേധാവിത്വത്തിന്റെയും തന്ത്രപൂർവമായ ഉപയോഗപ്പെടുത്തലാണ്. അതിന് ഉപയുക്തമാകുന്ന ‘ദേശീയ സുരക്ഷാതന്ത്രം’ (National Security Strategy) എന്ന ഒരു രേഖ ഡൊണാൾഡ് ട്രംപ് ഒപ്പിട്ട് പ്രസിദ്ധീകരിച്ചത് 2025 ഡിസംബറിലായിരുന്നു. 19–ാം നൂറ്റാണ്ടിന്റെ രണ്ടാം പതിറ്റാണ്ടോടെ പ്രഖ്യാപിക്കപ്പെട്ട, സാമ്രാജ്യത്വ വീക്ഷണം വ്യക്തമാക്കുന്ന മൺട്രോ സിദ്ധാന്തത്തെ ‘ഡൊൺട്രോ സിദ്ധാന്ത’മായി പുനരാവിഷ്കരിച്ചിട്ടുള്ള പ്രസ്തുത രേഖ, ലോകം സ്വന്തം കാൽച്ചുവട്ടിൽ നിലനിൽക്കണമെന്ന അമേരിക്കയുടെ ഏകധ്രുവ ലോകവാദത്തിന്റെ സ്പഷ്ടമായ ആഖ്യാനമാണ്.
ഭ്രാന്തമെന്നു തോന്നാവുന്ന ചുവടുവയ്പുകളും ചുവടുമാറ്റങ്ങളുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുടരുന്നത് എന്നു വ്യക്തം. പ്രതിരോധ വകുപ്പിനെ യുദ്ധ വകുപ്പ് എന്ന് പുനർനാമകരണം ചെയ്ത ട്രംപ്, ഐക്യരാഷ്ട്ര സഭയെ നോക്കുകുത്തിയാക്കുന്നതിന്റെ ഭാഗമായി ‘ബോർഡ് ഓഫ് പീസ്’ രൂപീകരിക്കുന്നതും നാം കണ്ടു. തന്നെ അതിന്റെ ആജീവനാന്ത ചെയർമാനായി സ്വയം പ്രഖ്യാപിച്ച ട്രംപ്, രാജ്യങ്ങളെ അതിലെ അംഗങ്ങളായി ചേരാൻ ആഹ്വാനം ചെയ്യുകയും സ്ഥിരാംഗത്വത്തിന് ശതകോടി ഡോളർ അംഗത്വ ഫീസായി നൽകുവാൻ ആവശ്യപ്പെടുകയും ചെയ്തു.
അങ്ങനെ, വിചിത്രമായ ബോർഡ് ഓഫ് പീസിന്റെ ആജീവനാന്ത അധ്യക്ഷനായി പ്രവർത്തിക്കുന്ന ഡൊണാൾഡ് ട്രംപ് ഇന്നത്തെ ലോകത്തെ ഏറ്റവും ഹീനനായ യുദ്ധക്കുറ്റവാളിയായ സയണിസ്റ്റ് നെതന്യാഹുവിന്റെ നിത്യസംരക്ഷകൻ മാത്രമല്ല; യുദ്ധവെറിയിൽ നെതന്യാഹുവുമായി നേരിട്ടു മത്സരിക്കുന്നവനുമാണ് എന്നു വ്യക്തം.
പിഞ്ചുകുഞ്ഞുങ്ങളെ ഉൾപ്പെടെ സ്ത്രീകളെയും വൃദ്ധരെയും ആശുപത്രിക്കിടക്കകളിൽ കഴിയുന്ന രോഗികളെയും വരെ കൂട്ടത്തോടെ ബോംബിട്ടുകൊല്ലുന്ന ഗാസയിലെ സയണിസ്റ്റ് ഫാസിസ്റ്റ് ക്രൂരതയെ സംരക്ഷിക്കുന്ന ട്രംപ് ഇറാനെ തുടച്ചുമാറ്റുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ഉപരോധവും ബോംബിങ്ങും നടത്തി ഇറാനിലെ ഭരണ നേതൃത്വത്തെ ഒന്നൊന്നായി ടാർജറ്റ് ചെയ്ത് കൊലപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് ഡൊണാൾഡ് ട്രംപും കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ പോപ്പ് ലിയോ പതിനാലാമനും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായത്.
2026 ഏപ്രിൽ 12–ാം തീയതി ‘സാമൂഹ്യസത്യം’ (ട്രൂത്ത്–സോഷ്യൽ) എന്ന സ്വന്തം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ ട്രംപ് ഒരു പ്രഖ്യാപനം നടത്തി : ‘‘പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു പോപ്പിനെ എനിക്കാവശ്യമില്ല.’’
പോപ്പ് ലിയോ പതിനാലാമനെ ‘ദുർബലൻ’ എന്നും ട്രംപ് വിശേഷിപ്പിച്ചു. ‘വിദേശകാര്യത്തിൽ ഭീകരനെന്നും, (ടെറിബിൾ!) ’ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ദുർബലനാണെന്നും കൂട്ടിച്ചേർത്തു. അമേരിക്കയിലെ ചിക്കാഗോക്കാരനായ പോപ്പ്, പോപ്പായി തിരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് പങ്കുണ്ടെന്നും ട്രംപ് തട്ടിവിട്ടിരിക്കുകയാണ്. പോപ്പിന്റെ അനുജനായ ലൂയിസിനെയാണ് തനിക്കു പഥ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെെൻ–‘മാഗാ’ എന്ന ട്രംപിന്റെ സങ്കുചിത ദേശാഭിമാനമുയർത്തുന്ന പ്രചാരണ മുദ്രാവാക്യത്തിന്റെ ആരാധകനാണ് പോപ്പിന്റെ അനുജൻ എന്ന് ചൂണ്ടിക്കാട്ടിയാണ് പോപ്പിനെ വിമർശിക്കുന്ന സാമൂഹിക മാധ്യമക്കുറിപ്പ് ട്രംപ് അവസാനിപ്പിക്കുന്നത്. അങ്ങനെ അമേരിക്കൻ പ്രസിഡന്റ് ഇപ്പോഴത്തെ പോപ്പിനെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. യുദ്ധക്കുറ്റവാളിയായ, പിഞ്ചുകുഞ്ഞുങ്ങളെപ്പോലും ബോംബിട്ടു കൊല്ലുന്നതിൽ അഭിരമിക്കുന്ന, നിസ്സഹായരുടെ നിലവിളിയിൽ രസംപിടിക്കുന്ന സാമ്രാജ്യത്വത്തിന്റെ ലാഭത്തിനുവേണ്ടി എന്തു നെറികേടും ചെയ്യാൻ തയ്യാറാകുന്ന ട്രംപിന് ലോകമെങ്ങും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്ന, ലോകത്ത് സമാധാനം പുലരുന്നതിനുവേണ്ടി ഉറച്ച നിലപാട് കെെക്കൊള്ളുന്ന പോപ്പിനോട് നീരസം തോന്നിയതിൽ അൽഭുതപ്പെടേണ്ടതില്ല. ലോകം ഏതു പക്ഷത്തുനിൽക്കുന്നു എന്നതാണ് പ്രധാനം. പോപ്പിന്റെ തന്നെ വാക്കുകൾ ഈ ഘട്ടത്തിൽ ലോകജനത ഓർമ്മിക്കേണ്ടിയിരിക്കുന്നു: ‘‘സമാധാനം ആഗ്രഹിക്കുന്നവർ അനുഗ്രഹീതർ’’. l



