അമേരിക്കൻ ഐക്യനാടുകളിലെ ഷിക്കാഗോയിൽ ജനിച്ചുവളർന്ന ലിയോ പതിനാലാമൻ മാർപാപ്പ എഴുതി, “ഒരു യുദ്ധത്തെയും ദൈവം ആശീർവദിക്കുന്നില്ല.” “സൈനിക നടപടികൾ സമാധാനത്തിന്റെ ഇടമോ ശാന്തിയുടെ സമയമോ ഉണ്ടാക്കില്ല.” ഏപ്രിൽ 11 ന് വൈകുന്നേരം കൊന്ത നമസ്കാരത്തിനുശേഷം നടന്ന സമാധാന പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം വളരെ വ്യക്തമായി ഡൊണാൾഡ് ട്രംപിന്റെ ഇറാൻ യുദ്ധത്തിനെതിരായി പ്രതികരിച്ചു. ദൈവരാജ്യത്തിന്റെ കാഴ്ചപ്പാടിൽ “വാളില്ല, ഡ്രോണുകളില്ല, പ്രതികാരമില്ല, തിന്മയെ ലഘൂകരിക്കലുമില്ല, അനീതിപരമായ ലാഭ നടപടികളില്ല, മറിച്ച് അന്തസ്സും പരസ്പര ധാരണയും ക്ഷമയും മാത്രമേയുള്ളൂ.” ‘‘യുദ്ധം നിർത്തൂ, സമാധാനത്തിനു സമയമായി. സംഭാഷണത്തിന്റെയും സമവായത്തിന്റെയും മേശയ്ക്കു ചുറ്റുമിരിക്കുക; അല്ലാതെ വീണ്ടും ആയുധവത്കരിക്കുകയും മാരകമായ നടപടികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന മേശയ്ക്കു ചുറ്റുമല്ല ഇരിക്കേണ്ടത്.’’ “അഹന്തയുടെയും പണത്തിന്റെയും വിഗ്രഹാരാധന മതിയാക്കൂ; കയ്യൂക്കിന്റെ പ്രകടനം അവസാനിപ്പിക്കൂ. യുദ്ധം വേണ്ട.” “ജീവന്റെ ദൈവനാമം മരണഭാഷണത്തിലേക്കു വലിച്ചിഴയ്ക്കുന്നു….. കൊല്ലല്ലേ, മരണഭീഷണി അവസാനിപ്പിക്കൂ” “സമാധാനത്തിൽ വിശ്വസിക്കാൻ തീരുമാനിക്കൂ.”
അർത്ഥശങ്കയ്ക്കിടയില്ലാതെ പ്രസിഡന്റ് ട്രംപിന്റെയും ഇസ്രയേലിന്റെയും യുദ്ധത്തെ എതിർക്കുന്ന പ്രവാചകശബ്ദമായിരുന്നു ലിയോ മാർപാപ്പയുടേത്. ആധുനിക നൂറ്റാണ്ടിൽ മാർപാപ്പമാർ ലോക മനസ്സാക്ഷിയുടെ ശബ്ദമാകുന്നു. ധാർഷ്ട്യത്തിന്റെ മുമ്പിൽ ധാർമിക ശബ്ദം ലോലമാണ്, ബലഹീനമാണ്. എന്നാൽ ആ ശബ്ദമാണ് സമാധാനത്തിന്റെയും സഹജീവനത്തിന്റെയും അനിവാര്യതയായി മാറുന്നത്. രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം യേശുവിന്റെ സുവിശേഷം സമാധാനത്തിന്റെയും സ്നേഹത്തിന്റെയുമാണെന്ന കണ്ടെത്തലുണ്ടായി. ഈ സൂനഹദോസ് മറ്റു മതങ്ങളെക്കുറിച്ചു നടത്തിയ പ്രഖ്യാപനത്തിൽ “മുസ്ലീങ്ങളേയും സഭ ആദരവോടെ കാണുന്നു” എന്നെഴുതി. 12 കൊല്ലക്കാലം ഭരിച്ച ഫ്രാൻസിസ് മാർപാപ്പ 14 അറേബ്യൻ രാജ്യങ്ങൾ സന്ദർശിച്ച് മുസ്ലീം സഹോദരങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചു. ഫ്രാൻസിസ് മാർപാപ്പയാണ് ഫ്രാൻസിസ് എന്ന പേര് മാർപാപ്പ സ്ഥാനത്ത് ആദ്യമായി സ്വീകരിക്കുന്നത്. അഞ്ചാം കുരിശുയുദ്ധകാലത്ത് നിയന്ത്രണ രേഖ ഭേദിക്കരുത് എന്ന് ഒരു കർദിനാൾ വിലക്കിയിട്ടും പൊതുവികാരം തനിക്കെതിരായിട്ടും വിശുദ്ധ ഫ്രാൻസിസ് നിയന്ത്രണരേഖ ലംഘിച്ച് 1219-ൽ സുൽത്താൻ മാലിക്- അൽ-കമിലിനെ സന്ദർശിച്ച് സൗഹൃദം സ്ഥാപിച്ചു. ഒരു കാലഘട്ടത്തിന്റെ ആൾക്കൂട്ട വികാരത്തെ മറികടന്ന പ്രവാചക ധീരതയായിരുന്നു അത്. ബൈബിളിലെ ഏശയ്യ പ്രവാചകന്റെ വചനങ്ങളുടെ പ്രതിധ്വനിയായിരുന്നു അത്. “അവിടുന്ന് ജനതകളുടെ മധ്യത്തിൽ വിധികർത്താവായിരിക്കും. ജനപഥങ്ങളുടെ തർക്കങ്ങൾ അവസാനിപ്പിക്കും. അവരുടെ വാൾ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചുരൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരായി വാളുയർത്തുകയില്ല. അവർ ഇനി മേൽ യുദ്ധ പരിശീലനം നടത്തുകയില്ല” (ഏശയ്യ 2:4).
ഒരുകാലത്ത് “നീതിയുടെ യുദ്ധ”(just war)ത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. പക്ഷേ, ഇന്നു യുദ്ധം അത്രമാത്രം സങ്കീർണവും സാങ്കേതികവുമായി; അന്തമില്ലാതെ മനുഷ്യരെ കൊന്നൊടുക്കുന്ന ആറ്റം ശക്തിയായി മാറിയിരിക്കുന്നു. ഏതു യുദ്ധവും കണക്കില്ലാതെ ഭീകരതകൾ ഉണ്ടാക്കുന്നു. ആരും യുദ്ധം ജയിക്കില്ല. എല്ലാവരും തോൽക്കും. സമഗ്രാധിപത്യത്തിന്റേതും സമഗ്രനാശത്തിന്റേതുമായി യുദ്ധം.
ഗ്രീക്കു സാഹിത്യചരിത്രം തുടങ്ങുന്നത് ഹോമറിന്റെ ഇലിയഡ് എന്ന യുദ്ധ കഥയിലാണ്. ഒരു നഗരം കത്തി മനുഷ്യർ നിരാലംബരായി അലയുന്ന മനുഷ്യ ദുരന്തത്തിന്റെ കഥ. അതിൽ കോപത്താൽ കലിതുള്ളിയ അക്കില്ലസ് ഒരു ലക്ഷ്യവുമില്ലാതെ മനുഷ്യരെ കൊന്നൊടുക്കി; ട്രോജൻ യുദ്ധ വീരനായ ഹെക്ടറ്ററിനേയും കൊന്നു; അയാളുടെ ശവം രഥത്തിൽ കെട്ടിയിട്ട് നഗരത്തിൽ പലവട്ടം ചുറ്റി .കോപത്തിന്റെ യുദ്ധവീരൻ സന്ധ്യക്ക് തന്റെ കൂടാരത്തിൽ ഒറ്റയ്ക്കിരിക്കുമ്പോഴാണ് ഹെക്ടറ്ററിന്റെ പിതാവ് ആരും കാണാതെ അക്കില്ലസിന്റെ കാൽക്കൽ വീണു തന്റെ മകന്റെ ശവത്തിനായി യാചിക്കുന്നത്. അക്കില്ലസിനോട് പ്രിയാം രാജാവ് പറഞ്ഞു, “എന്റെ കണ്ണുകളിലേക്കു നോക്കുക. തന്റെ പിതാവിനെ ഓർമിക്കുക, അവനും മകൻ നഷ്ടമാകും. ഒരു മനുഷ്യനും ചെയ്യാത്തത് ഞാൻ ചെയ്യുന്നു : മകന്റെ ഘാതകന്റെ കൈ ചുംബിക്കുന്നു.” അക്കില്ലസ് കരയുന്ന കണ്ണുകളിലേക്കു നോക്കി. അയാളുടെ കണ്ണിൽ കണ്ണീർ ഊറി. അയാൾ 12 ദിവസത്തെ യുദ്ധവിരാമം പ്രഖ്യാപിച്ചു. മകന്റെ ശവം പിതാവിനു വിട്ടുകൊടുത്തു. അവന് ഉചിതമായ ശവസംസ്കാരം ആസൂത്രണം ചെയ്തു. അക്കില്ലസ് പ്രിയാമിനു ആഹാരം വിളമ്പി. അദ്ദേഹത്തിനുറങ്ങാൻ കിടക്ക വിരിച്ചു. യുദ്ധകഥയെഴുതിയ ഹോമർ അതു മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പിന്റെ കഥയാക്കി. കോപത്തിന്റെ കണ്ണുകൾ സത്യം കാണുന്നില്ല എന്നു വ്യക്തമാക്കി. കരയുന്ന കണ്ണുകളേ സത്യം കാണുന്നുള്ളൂ. ആധുനിക ജീവിതത്തിൽ പടരുന്നതു വെറുപ്പാണ്. ഉണങ്ങിയ കണ്ണുകളും ചിന്താരഹിതമായ മനസ്സുകളും വർദ്ധിക്കുന്നു. ചിന്ത മരിക്കുകയും ചിന്തയുടെ സ്ഥാനത്തു ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടലുകൾ കടന്നുവരികയും ചെയ്യുന്ന ചന്തയായി മാറി. സാർത്ര് “പുറത്തേക്കില്ല” (No Exit) എന്ന നാടകത്തിൽ എഴുതി, “അപ്പോൾ ഇതാണ് നരകം. ഞാൻ ഒരിക്കലും അതു വിശ്വസിച്ചില്ല. ചുട്ടുപഴുത്ത തീയുടെ ആവശ്യമില്ല… നരകം അപരനാണ്.” സാമൂഹ്യജീവിതത്തിന്റെ മാധ്യമങ്ങളിൽ അപരൻ നരകമാകുന്നത് നാം സ്ഥിരം കാണുന്നു. നാം നരകം സൃഷ്ടിക്കുകയാണ്. അതാണ് യുദ്ധമായി നമ്മെ വിഴുങ്ങുന്നത്. അപരന്റെ മുഖത്ത് ദൈവത്തിന്റെ പ്രത്യക്ഷം കാണാൻ പഠിപ്പിക്കേണ്ട മതങ്ങൾ മൗലികവാദ പ്രലോഭനങ്ങളിലമർന്നിരിക്കുകയാണ്. എല്ലാവരും ഈഡിപ്പസ് രാജാവാകുന്ന തിരക്കിലാണ്. ഈഡിപ്പസ് രാജാവിനെ ബാധിച്ച വസന്തയുടെ പേരാണ് ഫാസിസം. അത് അബോധം ഭരിക്കുന്ന മനുഷ്യമനസ്സുകളാണ്. വിധിയുടെ വഴിയെ അയാൾ ജീവിതം ദുരന്തമാക്കി. ഈ വിധിയുടെ വഴിയെ, ഫാസിസത്തിന്റെ വഴിയിൽ ദേശങ്ങൾ നീങ്ങുന്നു. ചിന്തയുടെ മരണമാണ് അബോധത്തിന്റെ ആധിപത്യമുണ്ടാക്കുന്നത്. ഹോമറിന്റെ ദുരന്തകഥയുടെ തുടർച്ചയാണ് സോഫോക്ലീസിന്റെ ദുരന്ത നാടകങ്ങൾ. ഗ്രീക്കു സംസ്കാരത്തിന്റെ അവസാന കൃതികളാണ് ഗ്രീക്കു ഭാഷയിൽ എഴുതപ്പെട്ട “സുവിശേഷ”ങ്ങൾ. അവയെല്ലാം തന്നെ ഒരു ഭീകര കൊലപാതകത്തിന്റെ ദുരന്തകഥ പറയുന്നു. ആ കഥ ദൈവത്തിന്റെ കഥയായിരുന്നു എന്നു വിശ്വസിക്കുന്ന ഒരു വിഭാഗത്തിന്റെ ആത്മീയ അദ്ധ്യക്ഷനാണ് മാർപാപ്പ. അതു ലോകത്തിനു നല്കുന്നത് ഒരു മനുഷ്യദർശനമാണ്. ജോർജ് സ്റ്റെയിനർ എന്ന യൂറോപ്യൻ സാഹിത്യ ചിന്തകൻ കൂടിയായ യഹൂദൻ എഴുതി, “മൂന്ന് യഹൂദർ ലോകത്തിനുവേണ്ടി മനുഷ്യനെ നിർവചിച്ചു. അവർ മോസസ്, ജീസസ്, മാർക്സ് എന്നിവരായിരുന്നു’’. l



