കേരളത്തിന്റെ വികസന യാത്രയിൽ റോഡ് ഗതാഗത ശൃംഖല നിർവഹിച്ച പങ്ക് അത്യന്തം നിർണായകമാണ്. സാമൂഹികവും സാമ്പത്തികവുമായ പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും റോഡുകളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഗ്രാമീണ മേഖലകളിൽ നിന്നും നഗര കേന്ദ്രങ്ങളിലേക്കും, ഉൽപാദന മേഖലകളിൽ നിന്നും വിപണികളിലേക്കും, വിദ്യാഭ്യാസ–ആരോഗ്യ സേവനങ്ങളിലേക്കും ജനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഘടകം റോഡ് ശൃംഖലയാണ്. അതിനാൽ തന്നെ, കേരളത്തിന്റെ ഭാവി വികസന ദർശനം രൂപപ്പെടുത്തുമ്പോൾ തടസ്സമില്ലാത്തതും സുരക്ഷിതവും കാര്യക്ഷമവുമായ റോഡ് ശൃംഖല ഒരു അടിസ്ഥാന ആവശ്യമാണ്.
2016-2026 ദശാബ്ദം
ചരിത്രത്തിൽ ഇതുവരെ ദർശിക്കാത്ത റോഡ് പുനർനിർമ്മാണത്തിനും നവീകരണത്തിനുമാണ് കേരളം സാക്ഷ്യംവഹിച്ചത്. ഏറ്റവും പ്രധാനം കേരള സർക്കാരിന്റെകൂടി പങ്കാളിത്തത്തിലുള്ള ദേശീയപാത നിർമ്മാണമാണ്. എൻഎച്ച് 66 ന് മാത്രം 65,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതിനുപുറമേ മലയോര ഹൈവേ പൂർത്തിയാകുന്നു, തീരദേശ ഹൈവേ പണി പുരോഗമിക്കുന്നു. എംസി റോഡ് പുനർനിർമ്മാണം അംഗീകരിക്കപ്പെടുന്നു. സംസ്ഥാനപാതകളും ജില്ലാപാതകളിൽ നല്ലപങ്കും നവീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
കേരളം റെയിൽവേ ഗേറ്റുകൾ ഇല്ലാത്ത സംസ്ഥാനമായി മാറുകയാണ്. പ്രധാനപ്പെട്ട നഗരങ്ങൾക്കൊക്കെ ബൈപാസുകളായി. പാലങ്ങളിൽ നല്ലൊരുപങ്കും പുനർനിർമ്മിക്കപ്പെട്ടു. ഇതിൽ ഒരു നിർണ്ണായകപങ്ക് കിഫ്ബി വഹിച്ചിട്ടുണ്ട്. റോഡുകൾക്കും കെട്ടിടങ്ങൾക്കുമായി കിഫ്ബിയിൽ നിന്നും നീക്കിവച്ചിട്ടുള്ളത് ഏതാണ്ട് 50,000 കോടി രൂപയാണ്.
ഗുണനിലവാരം
ഡിസൈൻഡ് റോഡുകൾ ആദ്യമായി കേരളം പരിചയപ്പെട്ടു. നഗര റോഡുകൾ സ്മാർട്ട് റോഡുകളായി മാറുകയാണ്. നിരത്തുകളുടെ പരിപാലനത്തിന് മെയിന്റനൻസ് കോൺട്രാക്ട് സമ്പ്രദായം നിലവിൽവന്നു. റോഡ് സുരക്ഷയെ ബോധവൽക്കരണ പരിപാടികളിലോ നിയമപ്രവർത്തനത്തിലോ മാത്രം ഒതുക്കാതെ, റോഡ് രൂപകൽപ്പന, പരിപാലനം, ഗതാഗത നിയന്ത്രണം, അടിയന്തര പ്രതികരണം എന്നിവയും ഉൾക്കൊള്ളുന്ന സമഗ്ര സംവിധാനമായി മാറിക്കൊണ്ടിരിക്കുന്നു.
കെട്ടിടങ്ങളും പൊതു ഇടങ്ങളും മാമൂൽ രീതികൾ വെടിഞ്ഞ് ആകർഷകവും ജനസൗഹൃദവും പരിസ്ഥിതി അനുകൂലവുമായ വാസ്തുശില്പ ശൈലിയിലേക്ക് മാറേണ്ടതുണ്ട്. പൊതു മരാമത്ത് വകുപ്പിന്റെ കീഴിൽ നടക്കുന്ന കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ഭരണ സംവിധാനത്തിന്റെ ദൃശ്യരൂപമാണ്. ഈ കെട്ടിടങ്ങൾ സുരക്ഷിതവും ദീർഘകാലം നിലനിൽക്കുന്നതുമായിരിക്കേണ്ടതോടൊപ്പം, പൊതുജനങ്ങൾക്ക് സൗകര്യപ്രദവും അഭിമാനകരവുമായ ഇടങ്ങളായിരിക്കണം. ഭാവിയിലെ കെട്ടിട നിർമ്മാണ നയം ഗുണനിലവാരം, കാര്യക്ഷമത, സൗകര്യം, സുസ്ഥിരത എന്നിവയെ ഒരുപോലെ മുൻനിർത്തി രൂപപ്പെടുത്തേണ്ടതാണ്.
ഭാവി
മേൽപ്പറഞ്ഞ മാറ്റങ്ങൾ കൂടുതൽ ശക്തമായി മറ്റൊരു അഞ്ചുവർഷക്കാലവുംകൂടി തുടർന്നേതീരൂ. കേരളത്തിലെ റോഡ് ഗതാഗതം അടിമുടി മാറിയിരിക്കുകയാണ്. ഇതിനുതകുന്ന രീതിയിൽ പൊതു മരാമത്ത് വകുപ്പിന്റെ സ്ഥാപന ശാക്തീകരണം, നൈപുണി, കാര്യക്ഷമത, സുതാര്യത എന്നിവയ്ക്കു വേണ്ടി ഒരു സമയബന്ധിത പരിപാടി നടപ്പാക്കേണ്ടതുണ്ട്.
ഭരണസംവിധാനം കാര്യക്ഷമമാകണമെങ്കിൽ, മനുഷ്യശേഷിയുടെയും സ്ഥാപന സംസ്കാരത്തിന്റെയും പങ്ക് നിർണായകമാണ്. ഉത്തരവാദിത്തബോധം, പ്രൊഫഷണൽ മികവ്, പൊതുതാൽപര്യ ബോധം എന്നിവ വളർത്തുന്ന പ്രവർത്തന സംസ്കാരം വകുപ്പിനകത്ത് ശക്തിപ്പെടുത്തണം. തീരുമാനമെടുക്കലിൽ ആത്മവിശ്വാസവും നവീകരണ മനോഭാവവും പ്രോത്സാഹിപ്പിക്കുന്ന ഭരണപരിസരമാണ് ഭാവിയിലെ പൊതു മരാമത്ത് സംവിധാനത്തിന്റെ ലക്ഷ്യം. l



