Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിചലനാത്മകതയ്ക്ക് 
സംയോജിത 
ഗതാഗത സംവിധാനം

ചലനാത്മകതയ്ക്ക് 
സംയോജിത 
ഗതാഗത സംവിധാനം

താഗത വളർച്ചയിൽ കേരളം നിർണായക ഘട്ടത്തിലാണ്. ഉയർന്ന മാനവ വികസന സൂചികയും നഗരവൽക്കരണവും ടൂറിസത്തിന്റെ വ്യാപനവും വയോജനങ്ങളുടെ എണ്ണവും ഗതാഗത സംവിധാനങ്ങൾക്കുമേൽ കനത്ത സമ്മർദ്ദം ചെലുത്തുന്നു.

റോഡ് ആശ്രിതത്വം
കേരളത്തിലെ ഗതാഗത സംവിധാനത്തിന്റെ ഏറ്റവും വ്യക്തമായ സവിശേഷത അതിന്റെ റോഡ് ആശ്രിതത്വമാണ്. സംസ്ഥാനത്ത് ദേശീയ പാതകളും സംസ്ഥാന പാതകളും ജില്ലാ-ഗ്രാമീണ റോഡുകളും ചേർന്ന ഒരു അതിശയകരമായ റോഡ് സാന്ദ്രതയുണ്ട്. എന്നാൽ ഈ സാന്ദ്രത ഗതാഗത ശേഷിയായി മാറുന്നില്ല. റെയിൽ ഗതാഗത വികസനം താരതമ്യേന പിന്നാക്കമാണെന്നു മാത്രമല്ല യാത്രയിലും ചരക്കുകടത്തിലും റെയിൽവേ വിഹിതം കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ മുഖ്യ ഗതാഗത മാർഗമായിരുന്ന ജലഗതാഗത മാർഗത്തിന്റെ പുനരുജ്ജീവനവും പൂർത്തിയായിട്ടില്ല.

ദശാബ്ദത്തിന്റെ നേട്ടം
മേൽപ്പറഞ്ഞ പിന്നാക്കാവസ്ഥകൾ മറികടക്കുകയാണ് ഗതാഗത മേഖലയിലെ ലക്ഷ്യം. ഇതിനുവേണ്ടി സമാനതകളില്ലാത്ത നിക്ഷേപ വർധനവാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. കിഫ്ബിയിൽനിന്ന് മാത്രം 35,000 കോടി രൂപയുടെ പ്രൊജക്ടുകളാണ് നിർമ്മാണത്തിലുള്ളത്. ഏതാണ്ട് അത്രതന്നെ ബജറ്റിൽ നിന്നും ചെലവഴിച്ചിട്ടുണ്ട്. ഒരുലക്ഷത്തിലേറെ കോടി രൂപയുടെ ദേശീയ പാത നിർമ്മാണത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ ഗതാഗത സൗകര്യങ്ങളിൽ വലിയ മാറ്റം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

വെല്ലുവിളികൾ
എന്നാൽ ഈ പുനഃസംഘടന നേരിടുന്ന പല ഘടനാപരമായ വെല്ലുവിളികളുണ്ട്: ഏജൻസികളുടെയും ഗതാഗത മാർഗങ്ങളുടെയും ഏകോപനമില്ലായ്മ, പൊതുഗതാഗതത്തിന്റെ കാര്യക്ഷമതയില്ലായ്മ, റോഡ് സുരക്ഷാ വെല്ലുവിളികൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയാണവ.

ഇതിനുപുറമേ ധനപരമായ പ്രതിസന്ധി പ്രധാന വെല്ലുവിളി ഉയർത്തുന്നു. കിഫ്ബിയെ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കണം. പൊതു നന്മയുടെ അടിസ്ഥാനത്തിൽ കർശനമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നത് പ്രതിക്ഷേധങ്ങൾ സൃഷ്ടിച്ചേക്കാം. നിലവിലുള്ള സ്ഥിതി പരിശോധിച്ചുകൊണ്ട് ചെയ്യേണ്ട പ്രവർത്തനങ്ങൾക്ക് കൃത്യമായ സമയക്രമം ഉണ്ടാക്കണം.

സംയോജിത ശൃംഖല
ദീർഘയാത്രയ്ക്ക് അതിവേഗ റെയിൽ, അവിടെ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് പൊതുഗതാഗതം, അവിടെ നിന്നുള്ള ചെറു വാഹനങ്ങൾ, അവസാന ഘട്ടത്തിൽ സൗകര്യപ്രദമായ നടപ്പാതകളും സൈക്ലിംഗ് സൗകര്യങ്ങളും എന്നിവയെല്ലാം ചേർന്ന ഒരു സംയോജിത ഗതാഗത ഘടനയായിരിക്കും കേരളത്തിൽ സൃഷ്ടിക്കുന്നത്. ചരക്കുകടത്തിൽ നല്ലൊരു പങ്ക് ജല മാർഗേണയാകും.

അനുകൂല ഫലങ്ങൾ
പുതിയ ഗതാഗത നയത്തിന്റെ ഫലമായി യാത്രാശീലങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാവും. ഇതിന്റെ ഫലമായി നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാവും. സാമൂഹിക നീതിയുടെ തലത്തിൽ എല്ലാവരെയും ഉൾച്ചേർക്കുന്ന പ്രത്യേകത കേരളത്തിന്റെ ഗതാഗത ശൃംഖലയ്ക്കുണ്ടാവും. സാമ്പത്തികമായി, ഗതാഗത പരിഷ്കാരങ്ങൾ സമയലാഭവും വേഗതയും മൂലം ഉൽപ്പാദനക്ഷമതയിൽ ഒരു നിശബ്ദമായ വർധനവ് സൃഷ്ടിക്കും. പൊതുഗതാഗതത്തിലേക്കുള്ള മാറ്റവും ഇലക്ട്രിക് ഫ്ലീറ്റുകളുടെ വ്യാപനവും നഗരങ്ങളിലെ വായുമലിനീകരണം കുറയ്ക്കും.

ജനങ്ങളുടെ സമയം, സുരക്ഷ, ആരോഗ്യം, സ്വാതന്ത്ര്യം എന്നിവയെയെല്ലാം ഗതാഗതം നിർണയിക്കുന്നു. അങ്ങനെ നോക്കുമ്പോൾ, ഗതാഗതം വികസനത്തിലേക്കുള്ള ഒരു വഴി മാത്രമല്ല; അത് വികസനത്തിന്റെ രാഷ്ട്രീയവും കൂടിയാണ്. കേരളം അടുത്ത അഞ്ചു വർഷങ്ങളിൽ എങ്ങനെയൊരു ഗതാഗത സംവിധാനം നിർമ്മിക്കുന്നു എന്നത്, സംസ്ഥാനത്തിന്റെ ജനാധിപത്യ ബോധത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ഒരു അളവുകോലായിരിക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + six =

Most Popular