വെെജ്ഞാനിക സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിലെ ചാലകശക്തിയാണ് ഉന്നതവിദ്യാഭ്യാസ മേഖല. വിജ്ഞാനത്തിന്റെ ഗുണനിലവാരം ഉയർത്തുകയും ജ്ഞാനോൽപാദന പ്രക്രിയയായി അതിനെ വികസിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. വിജ്ഞാനത്തോടൊപ്പം നെെപുണിക്കും അഭിരുചിക്കും പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ന് ഉയർന്നുവന്നിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസത്തിൽ കേരളം മികച്ചത്
ആൾ ഇന്ത്യ ഹയർ എഡ്യൂക്കേഷൻ സർവേ പ്രകാരം, 25 സർവകലാശാലകളും 1332 കോളേജുകളും ഉൾപ്പെടുന്ന ബൃഹത്തായ സംവിധാനമാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസം. NIRF റാങ്കിങ്ങിൽ രാജ്യത്തെ 200 മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 42 കോളേജുകൾ കേരളത്തിൽനിന്നാണ്. NIRF 2025 റാങ്ക് പട്ടികയിൽ രാജ്യത്തെ 100 ഒന്നാംനിര സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിൽനിന്നുള്ള എംജി (31), കേരള കുസാറ്റ് (37), കാലിക്കറ്റ് (70) എന്നിവ ഇടം നേടിയിരിക്കുന്നു. രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടികയിൽ നമ്മുടെ 14 കോളേജുകളാണ് ഇടംനേടിയത്.
സംസ്ഥാനത്തെ മുഴുവൻ സർക്കാർ/ എയ്-ഡഡ് എഞ്ചിനീയറിങ് കോളേജുകൾക്കും 6 സർക്കാർ പോളിടെക്നിക്ക് കോളേജുകളിലെ വിവിധ പഠന വകുപ്പുകൾക്കും NBA അക്രഡിറ്റേഷൻ ലഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമേഖലയുടെ വളർച്ചയ്ക്ക് എൽഡിഎഫ് സർക്കാർ നൽകുന്ന മികച്ച പിന്തുണയുടെയും ആസൂത്രണത്തിന്റെയും ഒരുക്കുന്ന പശ്ചാത്തലസൗകര്യ വികസനത്തിന്റെയും ഗുണഫലമാണ് ഈ നേട്ടങ്ങൾ.
കേന്ദ്രത്തിന്റെ കടന്നാക്രമണം
എല്ലാ ഫെഡറൽ തത്വങ്ങളെയും ലംഘിക്കുന്ന കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന കടന്നുകയറ്റം കേരളത്തിന്റേതായൊരു ബദൽ ഉന്നതവിദ്യാഭ്യാസ പാത കെട്ടിപ്പടുക്കുന്നതിൽ വലിയ വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തെ കാവിവൽകരിക്കുവാനും കച്ചവടവൽകരിക്കുവാനുമുള്ള ശ്രമം നിരന്തരം നടന്നുവരുന്നു. ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ല് 2025, കൺകറന്റ് ലിസ്റ്റിലുള്ള ഉന്നത വിദ്യാഭ്യാസത്തെ പൂർണമായും കേന്ദ്രത്തിന്റെ കെെപ്പിടിയിലൊതുക്കുവാനും സിലബസിലും കരിക്കുലത്തിലുമടക്കം കേന്ദ്രത്തിന് കടന്നുകയറാനുമുള്ള വഴിതുറക്കുന്നതാണ്. ഇതിനെതിരായ ശക്തമായ ചെറുത്തുനിൽപ് ഉയർത്തേണ്ടതാണ്.
മുന്നേറ്റങ്ങളുടെ പത്തുവർഷം
ഉന്നതവിദ്യാഭ്യാസരംഗത്ത് അഭൂതപൂർവമായ മുന്നേറ്റങ്ങൾ നടന്ന 10 വർഷമാണ് കടന്നുപോകുന്നത്. വിദേശ സർവകലാശാലകളുടേതിനു സമാനമായി നാലുവർഷ ബിരുദ പ്രോഗ്രാമുകൾ 2024 – 25 മുതൽ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ കരിക്കുലം സമഗ്രമായി പരിഷ്കരിച്ചു. ഉന്നത വിദ്യാഭ്യാസ ശാക്തീകരണ ശിൽപശാലകൾ, കോൺക്ലേവുകൾ എന്നിവ സംഘടിപ്പിച്ചു. ലാബുകൾ, കെട്ടിടങ്ങൾ എന്നിങ്ങനെ പശ്ചാത്തലസൗകര്യങ്ങൾ വികസിപ്പിച്ചു. വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലുയർത്തുന്നതിന് സ്വകാര്യ മൂലധനത്തെക്കൂടി ആകർഷിക്കുന്ന സ്വകാര്യ സർവകലാശാലാബിൽ പാസാക്കി. വിവിധ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ കൗൺസിലിലുമായി 13 മികവിന്റെ കേന്ദ്രങ്ങളാണ് പ്രവർത്തനസജ്ജമായിക്കൊണ്ടിരിക്കുന്നത്. വിജ്ഞാന വിസ്ഫോടനത്തിന്റെ പുതുലോകത്ത് അതിരുകൾ അപ്രസക്തമാക്കി സഹകരിച്ചുള്ള വികസനമെന്ന സമീപനമാണ് നാം സ്വീകരിക്കുന്നത്. വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കഴിഞ്ഞ 10 വർഷത്തെ ഇടതുപക്ഷ സർക്കാർ മാറ്റിത്തീർത്തു.
ഭാവി വികസന നിർദ്ദേശങ്ങൾ
അധ്യാപകർക്ക് എഐ അധിഷ്ഠിത ബോധന രീതികളിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കണം. ഉന്നതവിദ്യാഭ്യാസ മേഖലയെ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാക്തീകരിക്കണം. വിജ്ഞാന സമ്പദ്-വ്യവസ്ഥയ്ക്ക് പഠിതാക്കളെ സജ്ജമാക്കുന്ന വിധത്തിൽ പഠനകേന്ദ്രങ്ങളെ മാറ്റണം. പരമ്പരാഗത മൂല്യനിർണ്ണയത്തിൽനിന്ന് എഐ അധിഷ്ഠിത, ഫോർമേറ്റീവ് ആന്റ് കോംപിറ്റൻസി അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകളിലേക്ക് മാറണം. അക്കാദമിക് വഴക്കവും ഗുണനിലവാരവുമുള്ള കോഴ്സുകൾ ഉറപ്പാക്കുന്നതിന് സമഗ്ര ഡിജിറ്റൽ -പ്ലാറ്റ്ഫോമായ K–Learn പൂർണമായി പ്രവർത്തനക്ഷമമാക്കണം. എല്ലാ ജില്ലകളിലും സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ആന്റ് റിസർച്ച് ലബോറട്ടറികൾ സ്ഥാപിക്കണം. തൊഴിലധിഷ്ഠിത നെെപുണി പരിശീലനത്തിന് പ്രാധാന്യം നൽകണം. അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഉയർത്തിക്കാണിച്ചുകൊണ്ട് പ്രചരണ പദ്ധതി ആരംഭിക്കണം. l



