Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിനഗരവൽക്കരണവും നഗരനയ 
രൂപീകരണവും

നഗരവൽക്കരണവും നഗരനയ 
രൂപീകരണവും

2050ൽ ലോക ജനസംഖ്യയുടെ 68 ശതമാനമായിരിക്കും നഗരജനസംഖ്യ എന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയും ചെെനയും നെെജീരിയയുമായിരിക്കും ഇതിൽ 35 ശതമാനം. ഈ കാലമാകുമ്പോൾ ഇന്ത്യയിലെ നഗര ജനസംഖ്യ 50 ശതമാനത്തിലധികമാകും; കേരളത്തിലാകട്ടെ 80.7 ശതമാനവും നഗരവാസികളാകും.

കേരളത്തിലെ നഗരവൽക്കരണത്തിന്റെ 
സവിശേഷതകൾ
ഇന്ത്യയിലെ നഗരവൽക്കരണത്തേക്കാൾ വേഗതയിലാണ് കേരളത്തിലെ നഗരജനസംഖ്യ വർധിക്കുന്നത്. കേരളത്തിൽ നഗരവൽക്കരണം ഏതാനും പട്ടണങ്ങളിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റത്തിന്റെ ഫലമായി ഉണ്ടാകുന്നതല്ല; മറിച്ച് അത് സംസ്ഥാനത്തിന്റെ ആവാസ വ്യവസ്ഥയുടെ സ്വഭാവമായിരുന്ന ഗ്രാഗര വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. അതായത് ചെറുപട്ടണങ്ങളും ഗ്രാമങ്ങളും ഇടകലർന്ന് നഗര – ഗ്രാമ വ്യത്യാസമില്ലാത്ത അവസ്ഥ. കേരളമാകെ അതിവേഗം വലിയൊരു നഗരപ്രദേശമായി മാറാൻ പോവുകയാണ്.

നഗരനയം
നവകേരള നഗരനയം രൂപീകരിക്കുമെന്ന 2023ലെ ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിന് ഇന്ത്യയിലാദ്യമായി നഗരനയ കമ്മീഷന് കേരളം രൂപം നൽകി. ജനസൗഹൃദപരമായ രൂപകൽപ്പനയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആസൂത്രിതമായ നഗരവികസനം എങ്ങനെ സാധ്യമാക്കാം എന്നതാണ് പരിഗണനാ വിഷയം.

ഒരു വർഷംകൊണ്ട് നഗരനയകമ്മിഷൻ 50 സ്റ്റേക് ഹോൾഡർ ചർച്ചകൾ 14 ജില്ലകളിലായി നടത്തി. ഇവയിൽ 2500 ഓളം പേർ പങ്കെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് കമ്മീഷൻ 2025 മാർച്ചിൽ സർക്കാരിന് സമർപ്പിച്ചു. നഗരനയം രൂപീകരിക്കുന്നതിനായി കമ്മീഷൻ റിപ്പോർട്ട് തുറന്ന ചർച്ചയ്ക്ക് വിധേയമാക്കി. നയത്തിന് അന്തിമ രൂപം നൽകാൻ അന്താരാഷ്ട്ര സമ്മേളനം വിളിച്ചു ചേർത്തു. ഈ നഗര കോൺക്ലേവ് സംസ്ഥാനത്തിന്റെ നഗരവികസനാനുഭവങ്ങൾ വിലയിരുത്തുന്നതിനും നഗരാസൂത്രണവും വികസനവും സംബന്ധിച്ച ആഗോളാനുഭവങ്ങൾ കേരളത്തിന്റെ പരിസരവുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നതിനും അവസരമൊരുക്കി. ഈ കോൺക്ലേവിൽ നടന്ന ചർച്ചകൾ ആധാരമാക്കി 300 നടപടി നിർദ്ദേശങ്ങൾ ക്രോഡീകരിക്കപ്പെട്ടു. നഗരനയ കമ്മിഷൻ റിപ്പോർട്ടും അർബൻ കോൺക്ലേവിൽ നടന്ന ചർച്ചകളും, നഗരഭരണവുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനത്തിനകത്ത് ഉരുവംകൊണ്ട അറിവുകളും ഉപയോഗിച്ചാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ നഗരനയം തയ്യാറാക്കുന്ന പ്രവർത്തനം നടക്കുന്നത്. വികേന്ദ്രീകൃത ഭരണനിർവഹണ സംവിധാനത്തിന്റെയും ജനകീയ ഇടപെടലുകളുടെയും ശക്തിയിൽ ഊന്നിനിന്നുകൊണ്ട് മുതലാളിത്ത വികസന പാതയിലൂടെയുള്ള നഗരവൽക്കരണ പ്രക്രിയയെ ജനകേന്ദ്രിതമായി തിരിച്ചുവിടുന്ന രാഷ്ട്രീയവും നവകേരള നഗരനയം മുന്നോട്ടുവയ്ക്കുന്നു.

ഭാവിക്കായുള്ള നിർദ്ദേശങ്ങൾ
നിലവിലുള്ള നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇന്നുള്ള ക്ലാസിഫിക്കേഷൻ പുനഃപരിശോധനയ്ക്ക് വിധേയമാവണം. മെട്രോപൊളിറ്റൻ നഗരാസൂത്രണ സമിതികൾ രൂപീകരിക്കണം. സ്റ്റിയറിങ് കമ്മിറ്റികളുടെ അധികാരങ്ങൾ വിപുലപ്പെടുത്തിക്കൊണ്ട് സ്റ്റാൻഡിങ് കമ്മിറ്റികളുടെ എണ്ണം വർധിപ്പിക്കാവുന്നതാണ്. നഗര തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഭരണപരവും ധനപരവുമായി കൂടുതൽ അധികാരങ്ങൾ നൽകണം. സെക്രട്ടറിയുടെ ധനകാര്യ പരിധി ഉയർത്തണം. സ്റ്റാഫ് പാറ്റേൺ പ്രൊഫഷണലെെസ് ചെയ്യുകയും സ്റ്റാൻഡേഡെെസ് ചെയ്യുകയും വേണം. പ്രൊജക്ടുകൾ ഡിസെെൻ ചെയ്യുന്നതിനും നടപ്പാക്കുന്നതിനും കൺസൾട്ടൻസി സേവനങ്ങൾ ഉപയോഗപ്പെടുത്തണം. ശുചിത്വ മേഖലയിലെ മിഷൻ, കമ്പനി തുടങ്ങിയ എല്ലാ ഏജൻസികളെയും സംയോജിപ്പിച്ച് വേസ്റ്റ് മാനേജ്മെന്റ് അതോറിറ്റി രൂപീകരിക്കണം.

സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ് സംവിധാനങ്ങൾ വഴിയുള്ള വിഭവശേഖരണത്തെയും പദ്ധതി നിർവഹണത്തെയും പ്രോത്സാഹിപ്പിക്കാവുന്നതാണ്. കേരള മുനിസിപ്പൽ ആക്ട് നവകേരള നഗരനയത്തിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിക്കണം. മുനിസിപ്പൽ ധനകാര്യത്തിൽ പൊളിച്ചെഴുത്തുണ്ടാവണം. കെയുആർഡിഎഫ‍്സി പുനഃസംവിധാനം ചെയ്യണം. നഗരഭരണത്തിൽ ജനപങ്കാളിത്ത വേദികൾ കൂടുതൽ ഉണ്ടാവേണ്ടതുണ്ട്. വാർഡ് സഭകൾ സജീവവും ക്രിയാത്മകവുമാക്കണം. കിലയെ നഗരഭരണത്തിന്റെ സെന്റർ ഓഫ് എക്സലൻസ് ആക്കണം. നഗരഭരണവുമായി ബന്ധപ്പെട്ട സമഗ്ര സ്ഥിതിവിവരശേഖരം സൃഷ്ടിക്കണം. കെ സ്മാർട്ട് സമ്പൂർണമാക്കണം. നഗരങ്ങളിൽ സർഗാത്മക സാംസ്കാരിക ഇടങ്ങൾ സൃഷ്ടിക്കണം. എസ്ഡിജിയുടെ പ്രാദേശികവൽക്കരണ റിപ്പോർട്ട് തയ്യാറാക്കണം. നിലവിലുള്ള ആരോഗ്യ വിദ്യാഭ്യാസ സംവിധാനങ്ങളിലെ വിടവുകൾ നികത്തണം. സമഗ്ര വയോജന പരിപാടി നടപ്പാക്കണം. നഗരത്തെ വളർച്ചാ ഹബ്ബാക്കി മാറ്റുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 + seventeen =

Most Popular