Friday, November 22, 2024

ad

Homeമുഖപ്രസംഗംസ്വേച്ഛാധിപത്യത്തിന്‍റെ വിളയാട്ടം

സ്വേച്ഛാധിപത്യത്തിന്‍റെ വിളയാട്ടം

ത്മവിശ്വാസം നഷ്ടപ്പെടുന്നതുകൊണ്ടായിരിക്കണം ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ആരോപണങ്ങളും അന്വേഷണവും അറസ്റ്റുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അങ്ങനെ സംശയിക്കാവുന്ന സ്ഥിതിയുണ്ട് ഇപ്പോള്‍. കോണ്‍ഗ്രസ്സിന്‍റെ പ്രധാന വക്താക്കളില്‍ ഒരാളായ പവന്‍ഖേരയെ റായ്പൂര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു പോകവെ ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനത്തില്‍നിന്നു പിടിച്ചിറക്കി അറസ്റ്റ് ചെയ്തു. അദ്ദേഹം ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ആളാണ്. പ്രധാനമന്ത്രിയുടെ പേര് അദാനിയുടേതുമായി കൂട്ടിച്ചേര്‍ത്ത് പരാമര്‍ശിച്ചു എന്നു പറഞ്ഞാണ് അറസ്റ്റ്. അദാനി ബിജെപിയുടെ കണ്ണിലുണ്ണിയല്ലേ? മോദി സര്‍ക്കാര്‍ അദാനിക്ക് വഴിവിട്ട പല സഹായങ്ങളും ചെയ്തിട്ടുമുണ്ടല്ലൊ. അതൊന്നും ആരും പറഞ്ഞുകൂട എന്നാണോ സര്‍ക്കാര്‍ നിലപാട്? തങ്ങളെ വിമര്‍ശിക്കുന്നവരെ അറസ്റ്റുചെയ്തു ദ്രോഹിക്കുന്നതും കേസില്‍ കുടുക്കുന്നതും എല്ലാ സ്വേച്ഛാധിപത്യപ്രവണതയുള്ളവരുടെയും സഹജസ്വഭാവമാണ്. അതാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്.

പവന്‍ഖേരയെ മാത്രമല്ല. വേറെ പല കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും റായ്പൂര്‍ സമ്മേളനത്തിനുമുമ്പായി ഇങ്ങനെ അസം പൊലീസും മറ്റും കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. ബിജെപി ഭരണത്തിലുള്ള അസം പോലെ വിദൂരത്തുള്ള സംസ്ഥാനത്തെ പൊലീസാണ് കേസെടുത്ത് അറസ്റ്റുചെയ്യാന്‍ തീരുമാനിക്കുന്നത് എന്നതും ഈ നീക്കം ബിജെപിയുടെ രാഷ്ട്രീയ ദുഷ്ടലാക്കാണെന്നതിനു തെളിവാണ്.

ഏതാനും മാസങ്ങള്‍ക്കുമുമ്പാണല്ലൊ കോണ്‍ഗ്രസ് നേതാവായ സോണിയ ഗാന്ധിയെ ഒരു കേസിന്‍റെ പേരില്‍ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യാം കേസുണ്ടെങ്കില്‍. എന്നിട്ടെന്തായി? ചോദ്യം ചെയ്തതു മാത്രം ബാക്കിയായി. അത് ഒരൊറ്റപ്പെട്ട സംഭവമായിരുന്നില്ല. കോണ്‍ഗ്രസ്സിന്‍റെ പ്രമുഖനേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ കഴിഞ്ഞ മെയ് മാസത്തില്‍ അറസ്റ്റ് ചെയ്തു ചോദ്യംചെയ്തു. മാസങ്ങളോളം ജയിലിലടച്ചു. മൂന്നുമാസം കഴിഞ്ഞ് കോടതി ജാമ്യം നല്‍കിയപ്പോള്‍ വിട്ടയച്ചു. പിന്നെ കേസൊന്നുമില്ല. ഇതുപോലെ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തിയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയനാക്കപ്പെട്ടു.

ബിജെപിയുടെ രോഷത്തിനുപാത്രമായ മറ്റൊരു പാര്‍ട്ടിയാണ് എഎപി. ഡല്‍ഹി സംസ്ഥാനത്ത് അധികാരക്കുത്തക സ്ഥാപിച്ചു എന്ന് കരുതിയ ബിജെപിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് ആദ്യം അവിടെ നിന്നു പുറംതള്ളി. ഈയിടെ നടന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിയെ തോല്‍പ്പിച്ച് എഎപി വിജയം നേടി. എന്നിട്ടും അവിടെ മേയര്‍ തിരഞ്ഞെടുപ്പ് അലങ്കോലമാക്കി എഎപിയുടെ പൂര്‍ണവിജയം തടയാന്‍ ഒരു നാണവുമില്ലാതെ ശ്രമിച്ചു, ബിജെപി മാസങ്ങളോളം. പഞ്ചാബില്‍ ഈയിടെ നടന്ന തിരഞ്ഞെടുപ്പില്‍ എഎപി അധികാരത്തില്‍ എത്തിയല്ലോ. ഡല്‍ഹിയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന എഎപി മറ്റൊരു സംസ്ഥാനത്തുകൂടി ഭൂരിപക്ഷംനേടി അധികാരത്തില്‍ എത്തിയതില്‍ പാര്‍ലമെന്‍റിലും 11 സംസ്ഥാനങ്ങളിലും ഒറ്റയ്ക്കും 5 സംസ്ഥാനങ്ങളില്‍ മറ്റു പാര്‍ട്ടികളുമായി ചേര്‍ന്നും ഭൂരിപക്ഷം നേടി ഭരണം നടത്തുന്ന ബിജെപി നേതൃത്വം തീര്‍ത്തും അസ്വസ്ഥരാണ്. അതുകൊണ്ടാണ് അത് എഎപിയെയും അതിന്‍റെ നേതാക്കളെയും കേസില്‍ കുടുക്കിയും മറ്റു തരത്തിലും പ്രതിക്കൂട്ടില്‍ കയറ്റുന്നത്. അതിലൂടെ ബിജെപി നേതൃത്വം സ്വേച്ഛാധിപത്യ പ്രവണതയും അധികാരക്കൊതിയും മറ്റു പാര്‍ട്ടികളോടുള്ള വൈരനിര്യാതനബുദ്ധിയും നഗ്നമായി പ്രകടമാക്കുന്നു.

മനീഷ് സിസോദിയ, അരവിന്ദ് കേജ്രിവാള്‍ നയിക്കുന്ന ഡല്‍ഹി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനവുമായി ബന്ധപ്പെട്ടാണ് കോടിക്കണക്കിനു രൂപയുടെ അഴിമതി ആരോപിച്ച് അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തത്. മറ്റൊരു എഎപി മന്ത്രിയായ സത്യേന്ദര്‍ ജെയിന്‍ കഴിഞ്ഞ മെയ് മുതല്‍ അഴിമതി ചുമത്തപ്പെട്ട് തിഹാര്‍ ജയിലിലാണ്. സിസോദിയ, സത്യേന്ദര്‍ ജെയിന്‍, പവന്‍ഖേര എന്നിവരെ മാത്രമല്ല പൊലീസിനെ വിട്ട് വേട്ടയാടിയത്. റായ്പൂരില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തിന്‍റെ തലേദിവസം റായ്പൂരിലും ഛത്തീസ്ഗഢ് സംസ്ഥാനത്തെ മറ്റു പല കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും ഇ ഡിയെയും പൊലീസിനെയുംവിട്ട് ബിജെപി നേതൃത്വം റെയ്ഡ് ചെയ്യിച്ചത് കോണ്‍ഗ്രസ് നേതാക്കളെ ഭയചകിതരാക്കാനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും തങ്ങളെ എതിര്‍ത്താല്‍ ഇതായിരിക്കും ഫലം എന്ന വിരട്ടല്‍ സന്ദേശം ശക്തമായി നല്‍കാനുമായിരിക്കണം.

മോദി സര്‍ക്കാര്‍ ചെയ്യുന്ന മറ്റു പാര്‍ട്ടിക്കാര്‍ക്ക് സ്വതന്ത്രമായ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമാക്കലാണ്. ഈ നയം ഫാസിസ്റ്റ് ഇറ്റലിയില്‍ മുസോളിനിയും നാസി ജര്‍മനിയില്‍ ഹിറ്റ്ലറും പിന്തുടര്‍ന്നതായിരുന്നു. അതുതന്നെയായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഇന്ത്യയില്‍ നടപ്പാക്കിയതും. മേല്‍പറഞ്ഞ സര്‍ക്കാരുകളുടെ പൊതുസ്വഭാവം തങ്ങളെക്കുറിച്ചുള്ള വിമര്‍ശനം അവയ്ക്കു അസഹനീയമായിരുന്നു എന്നതാണ്. മോദി സര്‍ക്കാരും ബിജെപിയും പിന്തുടരുന്നത് ഇതേ സമീപനമാണ് എന്നാണ് മേല്‍പ്പറഞ്ഞവ ഉള്‍പ്പെടെ പല സമീപകാല സംഭവങ്ങളും വിളിച്ചോതുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളെയും അവയുടെ നേതാക്കളെയും ഭീഷണിപ്പെടുത്താനും അവരുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് ഇ ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നതില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രറേറ്റിനെ മോദി സര്‍ക്കാര്‍ കയറൂരിവിട്ടിരിക്കയാണ്. ഭ്രാന്ത് പിടിച്ചപോലെയാണ് അതിന്‍റെ വിളയാട്ടം.

നിലവിലുള്ള ഇ ഡി ഡയറക്ടറുടെ കാലാവധി അവസാനിക്കാറായപ്പോള്‍ അദ്ദേഹത്തിന്‍റെ കാലാവധി മൂന്നുതവണ നീട്ടി മോദി സര്‍ക്കാര്‍ ഉത്തരവിറക്കി. അവസാനം നീട്ടുന്ന സ്ഥിതി ഉണ്ടായപ്പോള്‍ കോടതിയില്‍ അത് ചോദ്യം ചെയ്യപ്പെട്ടു. ഇഡിയെ ആയാലും സിബിഐയെ ആയാലും, മറ്റ് സര്‍ക്കാര്‍ ഏജന്‍സികളെ ആയാലും, മോദി സര്‍ക്കാര്‍ പ്രതിപക്ഷനേതാക്കളെ കേന്ദ്രീകരിച്ചാണ് ഇത്തരം നീക്കങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതിനുമുമ്പ് ഒരു സര്‍ക്കാരും കൈക്കൊണ്ടിട്ടില്ലാത്ത വിധത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ മുഴുവന്‍ മോദി സര്‍ക്കാര്‍ പ്രതിപക്ഷനേതാക്കള്‍ക്കെതിരെ കയറൂരി വിടുന്നത്. ഇത്ര ആസൂത്രിതമായും നഗ്നമായും ഒരു കേന്ദ്ര സര്‍ക്കാരും അതിന്‍റെ നിയന്ത്രണത്തിലുള്ള ഏജന്‍സികളെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായി അഴിച്ചുവിട്ടിട്ടില്ല.

കേരളത്തിലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി തുടരുന്നത്. തെളിവിന്‍റെ കണികപോലും കിട്ടാതെ കേന്ദ്ര ഏജന്‍സികള്‍ ഓരോന്നായി പിന്മാറുമ്പോള്‍ മറ്റൊരു ഏജന്‍സിയെ ഇറക്കിവേട്ടയാടല്‍ തുടരുന്നുവെന്നു മാത്രമല്ല, ഭീമ കൊറേഗാവ് കേസില്‍ എന്നപോലെ വ്യാജ ഡിജിറ്റല്‍ രേഖകളുണ്ടാക്കി ഉദ്യോഗസ്ഥരെ കുടുക്കാനുള്ള നീക്കവും നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഒപ്പം നുണക്കഥകള്‍ ചമച്ച് മാധ്യമങ്ങള്‍ക്ക് നല്‍കി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് പ്രചാരണം സംഘടിപ്പിക്കാനുള്ള ആയുധങ്ങള്‍ നല്‍കുന്ന പണിപോലും ഇഡിയെപോലുള്ള കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നു. ഈ സ്വേച്ഛാധിപത്യ നടപടിക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചുനിന്നു പൊരുതേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × three =

Most Popular