Saturday, May 2, 2026

ad

Homeകവര്‍സ്റ്റോറിജമാഅത്തെ ഇസ്ലാമി: 
എൻഡിഎഫ് 
ഭീകരതയുടെ മാസ്റ്റർ ബ്രെയിൻ

ജമാഅത്തെ ഇസ്ലാമി: 
എൻഡിഎഫ് 
ഭീകരതയുടെ മാസ്റ്റർ ബ്രെയിൻ

കെ ജി ബിജു

1999 ഫെബ്രുവരി 15ന്റെ ഇന്ത്യാ ടുഡേ വാരികയിൽ ഒരു ഫീച്ചറുണ്ട്. With fatwas and punishments, radical Muslim leaders holds entire community to ransom എന്ന തലക്കെട്ടിൽ. ഫത്വകളും ശിക്ഷകളും വഴി മുസ്ലീംതീവ്രവാദി നേതാക്കൾ സമുദായത്തെയാകെ തടവിലാക്കുന്നു എന്ന ഈ ഫീച്ചറിൽ എൻഡിഎഫിന്റെ സുപ്രീം കമാൻഡർ ആയിരുന്ന കെ എം അഷ്റഫിന്റെ പ്രതികരണമുണ്ട്. എൻഡിഎഫിന്റെ പേരിൽ ആരോപിക്കപ്പെട്ട രണ്ടുകൃത്യങ്ങൾ ആ പ്രതികരണത്തിൽ കെ എം അഷ്റഫ് സമ്മതിച്ചിട്ടുണ്ട്. ഒന്ന്, തിരുവില്വാമലയിലെ സിദ്ധന്റെ കൊലപാതകം. രണ്ട്, മലപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലെ പടിഞ്ഞാറ്റുംമുറിയിൽ അനാശാസ്യപ്രവർത്തനം ആരോപിച്ച് രണ്ടു സ്ത്രീകളെ തലമൊട്ടയടിച്ച് തെരുവിൽ നടത്തിച്ചത്. ഈ രണ്ടുകൃത്യങ്ങളും എൻഡിഎഫ് പ്രവർത്തകരാണ് ചെയ്തതെന്നും അത് ചെയ്തവരെ സംഘടന പുറത്താക്കിയെന്നും കെ എം അഷ്റഫ് സമ്മതിച്ചു.

വിചിത്രമെന്നു പറയട്ടെ, അതേ ഫീച്ചറിൽ ജമാഅത്തെ ഇസ്ലാമി അമീർ കെ എ സിദ്ധിഖ് ഹസന്റെയും പ്രതികരണമുണ്ട്: “ഇത്തരം പ്രവർത്തനങ്ങളിൽ (അതായത് തീവ്രവാദപ്രവർത്തനങ്ങളിൽ) എൻ‌ഡി‌എഫിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ഇല്ലെ’’ന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ എൻഡിഎഫിന്റെ ആവിർഭാവം അസംതൃപ്തരായ യുവാക്കളെ തീവ്രവാദചിന്താഗതിയുള്ളവരാക്കിയെന്ന് അദ്ദേഹം സമ്മതിച്ചു.
എൻഡിഎഫിനെതിരെ ആരോപിക്കപ്പെട്ട രണ്ടു സംഭവങ്ങളുടെയെങ്കിലും ഉത്തരവാദിത്തം ആ സംഘടന തന്നെ ഏറ്റെടുത്തിട്ടും ജമാഅത്തെ ഇസ്ലാമിയുടെ അമീറിന്റെ കൈവശം തെളിവുകളില്ല. എന്നാൽ എൻഡിഎഫിന്റെ വരവോടെ, അസംതൃപ്തരാക്കപ്പെട്ട യുവാക്കളിൽ തീവ്രവാദ ചിന്താഗതി ശക്തിപ്പെട്ടെന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയവുമില്ല.

മലപ്പുറം ജില്ലയിൽ എൻഡിഎഫ് തീവ്രവാദം ശക്തിപ്പെടുന്നതിനെക്കുറിച്ച് എൻ കണ്ണൻ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുന്നതിനു മുമ്പാണ് ഇന്ത്യാടുഡേയുടെ ഈ ഫീച്ചർ. എൻ. കണ്ണന്റെ സബ്മിഷനിൽ പറഞ്ഞതിനേക്കാൾ പതിന്മടങ്ങ് സംഭവങ്ങൾ ഇന്ത്യാടുഡേ പുറത്തുകൊണ്ടുവന്നിരുന്നു, തെളിവുസഹിതം.

തിരുവില്വാമലയിലെ 
സിദ്ധന്റെ കൊലപാതകം
തിരുവില്വാമലയ്ക്കടുത്ത് കാട്ടിക്കുളത്ത് തങ്ങളുപ്പാപ്പ എന്നു വിളിക്കപ്പെടുന്ന സിദ്ധനുണ്ടായിരുന്നു. അജ്മീർ ഫക്കീർ മുഹമ്മദ് ഉപ്പാപ്പ എന്ന പേരിൽ അദ്ദേഹമൊരു ചികിത്സാലയം നടത്തിയിരുന്നു. നാനാജാതിമതസ്ഥർ ആ ചികിത്സാകേന്ദ്രത്തിൽ അഭയം തേടി. അവരിൽ എല്ലാ ജാതിമതസ്ഥരുമുണ്ടായിരുന്നു. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെ സിദ്ധന്റെ മുന്നിൽ ചെന്ന് രോഗവിവരം പറയും. എല്ലാവർക്കും ഒരേ മരുന്ന്. ഓതിയ കുടിവെള്ളം. രോഗികൾ തങ്ങളുപ്പാപ്പയോട് രോഗവിവരം പറയുന്നു. അതു കേട്ട ഉപ്പാപ്പ ഒന്നു പ്രാർത്ഥിക്കും. പ്രാർത്ഥനയ്ക്കുശേഷം ഓതിയ കുടിവെള്ളം രോഗിയ്ക്കു നൽകും. അതുകുടിച്ചാൽ രോഗം മാറുമെന്ന് വിശ്വസിച്ചവർ നാനാദിക്കുകളിൽ നിന്നും ഉപ്പാപ്പയെ തേടിയെത്തി. അങ്ങനെ ആ ചികിത്സാകേന്ദ്രത്തിനു ചുറ്റും കൊച്ചുകൊച്ച് ഉപജീവനകേന്ദ്രങ്ങൾ പ്രത്യക്ഷപ്പെട്ടു. ഓതിയ വെള്ളം കൊണ്ടുപോകാൻ പ്ലാസ്റ്റിക് കുപ്പികളും വരുന്ന രോഗികൾക്ക് ചായ, വെള്ളം, ചില്ലറ ഭക്ഷണസാമഗ്രികൾ ഒക്കെ വിൽപന നടത്തുന്ന പെട്ടിക്കടകൾ. വിദൂരകേന്ദ്രങ്ങളിൽ നിന്ന് ഉപ്പാപ്പയെ കാണാനെത്തുന്ന രോഗികളുടെ വാഹനങ്ങൾക്കുള്ള പാർക്കിംഗ് കേന്ദ്രങ്ങൾ…

1998 നവംബർ 16. സമയം നട്ടുച്ച. പത്തിരുപതു പേരടങ്ങുന്ന ഒരു സംഘം ഉപ്പാപ്പയുടെ ചികിത്സാകേന്ദ്രത്തിലെത്തി. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രോഗികളും ഡ്രൈവർമാരും കച്ചവടക്കാരുമൊക്കെ ചിതറിയോടി. ആ സംഘം ചികിത്സാലയത്തിനുള്ളിൽ കടന്നു. വന്ദ്യവയോധികനായ തങ്ങളുപ്പാപ്പയെ മൃഗീയമായി മർദ്ദിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും ഉപ്പാപ്പ മരണപ്പെട്ടിരുന്നു.

വാരിയെല്ലുകള്‍ അടിച്ചു തകർത്ത് ശ്വാസകോശത്തിനു ക്ഷതമേൽപ്പിച്ചാണ് ഉപ്പാപ്പയെ കൊലപ്പെടുത്തിയത്. സിദ്ധന്റെ ചികിത്സ അനിസ്ലാമികമെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. എൻഡിഎഫിന്റെ മാരകമായ പ്രഹരശേഷി വെളിപ്പെട്ട സംഭവം. നിസ്സഹായനായ ഒരു വയോവൃദ്ധന്റെ നെഞ്ചിൻകൂട് ഇടിച്ചു തകർത്ത് കൊലപ്പെടുത്തിയ ആ സംഘത്തിന്റെ പേര് അങ്ങനെ കേരളം ആദ്യമായി കേട്ടു. എൻഡിഎഫ്. സ്വാതന്ത്ര്യം, നീതി, സുരക്ഷ എന്ന മുദ്രാവാക്യവുമായി ജന്മമെടുത്ത സംഘടന.

അനാശാസ്യം ആരോപിച്ച് തലമുണ്ഡനം
പടിഞ്ഞാറ്റുംമുറിയിൽ രണ്ട് സ്ത്രീകൾ ആക്രമിക്കപ്പെട്ടത് എൻ കണ്ണന്റെ സബ്മിഷനിൽ പരാമർശിച്ചിരുന്നു. ഇതേ സംഭവം ഇന്ത്യാ ടുഡേ സ്റ്റോറിയിലുമുണ്ട്. ഈ സംഭവത്തിന്റെ ഉത്തരവാദിത്തവും എൻഡിഎഫ് നേതാവ് കെ എം അഷ്റഫ് ഏറ്റെടുത്തിരുന്നു. രണ്ടു സ്ത്രീകളെ അവർ സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്കൊപ്പം തടഞ്ഞുവെച്ചാണ് സദാചാരപ്പൊലീസ് ശിക്ഷവിധിച്ചത്.

പഴയ പത്രവാർത്തകളും വാരികകളും പരിശോധിച്ചാൽ തെളിയുന്ന ചിത്രം ഇതാണ്. സബ്മിഷനിൽ പറഞ്ഞ കാര്യങ്ങളൊന്നും എൻ കണ്ണൻ ശൂന്യതയിൽ നിന്ന് ചമച്ചെടുത്തതല്ല. യഥാർത്ഥത്തിൽ ആ സബ്മിഷനിൽ വിവരിച്ചതിനേക്കാൾ സംഭ്രമജനകങ്ങളായ വിവരങ്ങൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

മലപ്പുറത്തെ ഗ്രാമങ്ങളിൽ എൻഡിഎഫ് പിടിമുറുക്കാൻ ശ്രമിച്ചത് എങ്ങനെയെന്ന് ഇന്ത്യാ ടുഡേ വിശദീകരിക്കുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണയുള്ള പ്രാദേശിക മസ്ജിദ്/മഹല്ല് കമ്മിറ്റികൾ വഴിയാണ് എൻഡിഎഫ് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചത്. രണ്ടുകാര്യങ്ങളാണ് അവർ ചെയ്തത്. ഒന്ന്, മുസ്ലീങ്ങളിൽ ഇസ്ലാമിക നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിരുന്നു. രണ്ട്, ‘വഴിതെറ്റിയവരെ’ ശിക്ഷിക്കാനുള്ള നിയോഗം സ്വയം ഏറ്റെടുത്തു.

അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ഫത്വകൾ
അനിസ്ലാമിക ചികിത്സ നടത്തി എന്നാരോപിച്ചാണ് തങ്ങളുപ്പാപ്പയ്ക്ക് വധശിക്ഷ വിധിച്ച് നടപ്പാക്കിയത്. പ്രാദേശിക മതസംവിധാനങ്ങൾ വഴി എൻഡിഎഫ് ഏർപ്പെടുത്തിയ ശാസനകൾ ഇവയായിരുന്നു. ഇസ്ലാമികമല്ലാത്ത ആത്മീയത അനുവദിക്കില്ല.

പെൺകുട്ടികൾ സ്റ്റേജിൽ കയറാൻ പാടില്ല. മുസ്ലീം പെൺകുട്ടികൾക്ക് അമുസ്ലീങ്ങളുമായി പ്രണയമോ ചങ്ങാത്തമോ പാടില്ല. വിവാഹച്ചടങ്ങുകൾക്ക് വീഡിയോ പാടില്ല. മദ്യം ഉപയോഗിക്കാൻ പാടില്ല.

മദ്യം വിൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാൻ പാടില്ല. മതപരിവർത്തനം പാടില്ല. സ്വന്തം മതക്കാരനായാലും സ്പെഷ്യൽ മാര്യേജ് ആക്ടുവഴി വിവാഹം പാടില്ല… ഇതൊക്കെ ചെയ്താൽ വിചാരണയുണ്ടാകും.

ശിക്ഷയുമുണ്ട്. ഒക്കെ നിരീക്ഷിക്കാനും ക്ഷിപ്രവേഗത്തിൽ ഇടപെടാനും സദാജാഗ്രതയോടെ ഒരു സംഘടനാസംവിധാനം പ്രവർത്തിച്ചിരുന്നു. ഭീഷണി തിളയ്ക്കുന്ന അസംഖ്യം കണ്ണുകളുള്ള ഒരു നിരീക്ഷണ സംവിധാനം. ദയാശൂന്യമായ പേശീബലവും ആയുധശേഷിയുമുള്ള കായിക സംവിധാനം. ഇരുളിലും വെളിച്ചത്തിലും അത് സദാപ്രവർത്തനസജ്ജമായിരുന്നു.

ഇ എ ജബ്ബാർ–ഫൗസിയ 
ദമ്പതികൾക്കുനേരെ വധശ്രമം
എൻ കണ്ണന്റെ സബ്മിഷനിൽ പരാമർശിക്കപ്പെട്ട മറ്റൊരു സംഭവമാണ് കേരള യുക്തിവാദി സംഘം നേതാക്കളായിരുന്ന ഇ എ ജബ്ബാർ–ഫൗസിയ അധ്യാപക ദമ്പതികൾക്കുനേരെ നടന്ന വധശ്രമം. തസ്നിബാനു എന്ന പെൺകുട്ടിയുടെ പ്രണയവിവാഹത്തെ പിന്തുണച്ചതിനാണ് ഇവരുടെ വീട് ആക്രമിച്ച് വധിക്കാൻ ശ്രമിച്ചത്. 1998 ഡിസംബർ 11നായിരുന്നു ഈ സംഭവം. രാത്രി കാറിലും ജീപ്പിലുമായെത്തിയ അക്രമിസംഘം വീട് ആക്രമിച്ചെങ്കിലും തക്കസമയത്ത് പൊലീസ് ഇടപെട്ടതിനാൽ ഇരുവരും രക്ഷപെട്ടു.

തുടർന്ന് തസ്നിബാനുവും നാസറും തമ്മിൽ ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടന്നു. ഈ വിവാഹത്തിൽ സാക്ഷികളായി ഒപ്പിട്ടതും ഈ ദമ്പതികൾ തന്നെയായിരുന്നു. മലപ്പുറം മേൽമുറി ഗവ. മാപ്പിള യുപി സ്കൂളിലെ അധ്യാപകരായിരുന്നു ഇരുവരും. തസ്നിബാനുവിന്റെ വിവാഹത്തിനുശേഷം ജോലിയ്ക്കെത്തിയ ഇവരെ സ്കൂളിനു മുന്നിൽ തടയുന്ന സംഭവമുണ്ടായി. എൻഡിഎഫുകാർ മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലീംലീഗിന്റെയുമൊക്കെ പ്രവർത്തകർ ആ സംഘത്തിലുണ്ടായിരുന്നു.

തെളിവുകൾ പത്രവാർത്തകൾ
ഇപ്പറഞ്ഞതിനൊക്കെ വല്ല തെളിവുകളുമുണ്ടോ എന്നു തിരഞ്ഞിറങ്ങിയാൽ ഒട്ടേറെ വാർത്തകൾ നമുക്കു ലഭിക്കും. 1999 ജനുവരി അഞ്ചിന് പി കെ മുഹമ്മദ് ഫറൂഖ് എന്ന ഖുർആൻ പണ്ഡിതൻ കണ്ണൂരിൽ ആക്രമിക്കപ്പെട്ട വിവരം സമകാലിക മലയാളത്തിലുണ്ട്. പുരോഗമന കാഴ്ചപ്പാടോടെ കുട്ടികളെ ഖുർആൻ പഠിപ്പിക്കുന്നു എന്നതായിരുന്നു കുറ്റം. രാത്രി ബൈക്കിൽ സഞ്ചരിച്ച മുഹമ്മദ് ഫറൂഖിനെ അഞ്ചംഗ മുഖംമൂടി സംഘം ആക്രമിച്ചു.

കഥകളി പഠിച്ച മുസ്ലീം യുവാവിനും കുടുംബത്തിനും അനുഭവിക്കേണ്ടി വന്ന സാമൂഹ്യവിലക്ക് കേരള കൗമുദിയിലുണ്ട്. നോമ്പുനോൽക്കാത്തതിന് വിദ്യാർത്ഥിയെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചുവെന്ന വാർത്ത മനോരമയിലുണ്ട്. മതംമാറിയെന്ന ആരോപണമുയർത്തി എസ്എഫ്ഐ മങ്കട ഏരിയാ സെക്രട്ടറിയും ഐടിസി വിദ്യാർത്ഥിയുമായിരുന്ന ഷംസുദ്ദീനെ സീനിയർ വിദ്യാർത്ഥികൾ ഭക്ഷണത്തിൽ വിഷം കലർത്തി വധിക്കാൻ ശ്രമിച്ചെന്ന ആരോപണവുമുയർന്നിരുന്നു. ഊരുവിലക്കിന്റെ ഭീകരതയിൽ നിന്ന് രക്ഷപ്പെടാൻ കൊണ്ടോട്ടി കുന്നംപള്ളിയിലെ ഉമ്മയും മകളും യൂത്ത് കോൺഗ്രസിന്റെ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അഡ്വ. കെ കെ ഷാഹുൽ ഹമീദ് മുഖേനെയാണ് കോടതിയെ സമീപിച്ചത്. മലപ്പുറം പ്രസ് ക്ലബ്ബിൽ അവർ നടത്തിയ പത്രസമ്മേളനത്തിന്റെ വിശദമായ റിപ്പോർട്ട് മാധ്യമങ്ങളിലുണ്ട്. വായിച്ചാൽ ഞെട്ടിപ്പോകുന്ന പ്രാകൃതശിക്ഷാമുറകൾ.

ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ രണ്ടു സാക്ഷിമൊഴികളുണ്ട്. ഒന്ന് ഒരു അഹമ്മദ് കോയ. അദ്ദേഹത്തിന്റെ രണ്ടുപെൺമക്കൾ കോഴിക്കോട് ഒരു വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ യുവജനോത്സവത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടി. എന്നാൽ അതിന്റെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. പെൺകുട്ടികളും സ്ത്രീകളും സ്റ്റേജിൽ പെർഫോം ചെയ്യുന്നത് അനിസ്ലാമികമാണ് എന്നാരോപിച്ച് അവരെ മദ്രസയിൽ നിന്ന് പുറത്താക്കി. പിതാവ് അപേക്ഷയുമായി മതമേലധികാരികളെ സമീപിച്ചിട്ടും തീരുമാനം പിൻവലിക്കപ്പെട്ടില്ല. മസ്ജിദ് കമ്മിറ്റികൾ എൻഡിഎഫ് ഹൈജാക്ക് ചെയ്തുവെന്ന് ആ പെൺകുട്ടികളുടെ പിതാവ് അഹമ്മദ് കോയ പറഞ്ഞ വിവരം ഇന്ത്യാ ടുഡേ റിപ്പോർട്ടിലുണ്ട്. It is against Islam for girls or women to perform on stage എന്ന മദ്രസയുടെ പ്രസിഡന്റ് പി കെ മുഹമ്മദിന്റെ പ്രതികരണവുമുണ്ടതിൽ.

എൻഡിഎഫ് ഭീകരതയും 
ജമാഅത്തെ ഇസ്ലാമിയും തമ്മിലെന്ത്?
എൻഡിഎഫ് ഭീകരതയെ ഒരിക്കലും തള്ളിപ്പറയാൻ ജമാഅത്തെ ഇസ്ലാമി തയ്യാറായിട്ടില്ല. മറിച്ച് അസംതൃപ്തരായ യുവാക്കളിൽ ഉടലെടുക്കുന്ന തീവ്രവാദചിന്താഗതി എന്നൊക്കെ താത്ത്വികം ചമച്ച് ന്യായീകരിക്കുകയാണ് ജമാഅത്തെ നേതൃത്വം ചെയ്യുന്നത്. അപ്പോൾത്തന്നെ ഈ വിവാദത്തിന്റെ പശ്ചാത്തലമെന്താണ്?

മീഡിയാവണ്ണിന്റെ മാനേജിങ് ഡയറക്ടറുടെ കസേരയിലിരിക്കുന്ന സി ദാവൂദ് ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന ശൂറാ അംഗമാണ്. മീഡിയാ വണ്ണിന്റെ എഡിറ്റോറിയൽ പോളിസി നിശ്ചയിക്കുന്ന, ചാനലിന്റെ വാർത്താഅവകലോകന പരിപാടികളുടെ ദിക്കും ദിശയും നിശ്ചയിക്കുന്ന ചാനലിൽ ഏറ്റവും സ്വാധീനശേഷിയുള്ള ആൾ. അങ്ങനെയൊരാൾ, തന്നെക്കുറിച്ചുയർന്ന വ്യക്തിപരമായ വിമർശനങ്ങൾക്ക് മറുപടി പറയാൻ ചാനൽ സ്പേസ് ഉപയോഗിക്കുന്നു. കാൽ നൂറ്റാണ്ട് മുമ്പ് നിയമസഭയിൽ എൻ കണ്ണൻ അവതരിപ്പിച്ച സബ്മിഷനിലെ ഒരു വാചകം സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ഉദ്ധരിക്കുന്നു. ബിജെപി നേതാക്കൾ പറയുന്നതു തന്നെയാണ് എൻ കണ്ണൻ മുമ്പേ പറഞ്ഞത് എന്ന സമീകരണം അവതരിപ്പിക്കുകയായിരുന്നു സി ദാവൂദിന്റെ ലക്ഷ്യം.

എൻഡിഎഫിന്റെ വരവിനുശേഷം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്ന ലിഖിതവും അലിഖിതവുമായ ശാസനകളെക്കുറിച്ചാണ് എൻ കണ്ണന്റെ സബ്മിഷൻ. അതിൽ എൻഡിഎഫ് എന്ന പേരുതന്നെ വെട്ടിക്കളഞ്ഞാണ് സി ദാവൂദിന്റെ അഭ്യാസം. അതിന്റെ ഉദ്ദേശ്യമെന്താണ്? എൻഡിഎഫും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ എന്താണ് ബന്ധം?

ജമാഅത്തെ ഇസ്ലാമിയ്ക്കെതിരെ 
സിറാജ് പത്രത്തിന്റെ എഡിറ്റോറിയൽ
വഖഫ് ബില്ലിനെതിരെ കഴിഞ്ഞ ഏപ്രിലിൽ കോഴിക്കോട് ജമാഅത്തെ ഇസ്ലാമി ഒരു റാലി സംഘടിപ്പിച്ചു. ആ റാലിയിൽ പങ്കെടുത്തവർ ഉയർത്തിപ്പിടിച്ച രണ്ടു ചിത്രങ്ങൾ വ്യാപകമായ വിമർശനം ക്ഷണിച്ചുവരുത്തി. ഈജിപ്തിലെ ഭീകരസംഘടനയായ മുസ്ലീംബ്രദർഹുഡ് നേതാക്കളായ ഹസനുൽ ബന്ന, സയ്യിദ് ഖുത്വുബ് എന്നിവരുടെ ചിത്രങ്ങളാണ് ജമാഅത്തെ ഇസ്ലാമിക്കാർ ഉയർത്തിപ്പിടിച്ചത്. ഈ ചെയ്തിയ്ക്കെതിരെ അതിരൂക്ഷമായ വിമർശനമായിരുന്നു സിറാജ് പത്രത്തിന്റെ എഡിറ്റോറിയൽ (2025 ഏപ്രിൽ 12).

മുഖപ്രസംഗത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു: “പൊളിറ്റിക്കൽ ഇസ്ലാം സംഘടനയായ മുസ്ലീം ബ്രദർഹുഡിന്റെ നേതാക്കളായ ഹസനുൽബന്നയുടെയും മുഹമ്മദ് ഖുത്വുബിന്റെയും ഫോട്ടോ ഉയർത്തിപ്പിടിച്ചാണ് ഇവർ മാർച്ച് നടത്തിയത്. ഈജിപ്ത്, സഊദി അറേബ്യ, യു എ ഇ തുടങ്ങിയ മുസ്ലീം രാജ്യങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തിയ സംഘടനയാണ് മുസ്ലീം ബ്രദർഹുഡ്. അൽഖ്വയ്ദ പോലുള്ള തീവ്രവാദ സംഘടനകൾക്ക് പ്രചോദനം ബ്രദർഹുഡാണെന്ന് വിലയിരുത്തപ്പെടുന്നു”.

ജമാഅത്തെ ഇസ്ലാമിയെ രണ്ടുകാര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് സിറാജിന്റെ എഡിറ്റോറിയൽ ആരംഭിക്കുന്നത്. ഈജിപ്ത്, സഊദി അറേബ്യ, യുഎഇ തുടങ്ങിയ മുസ്ലീം രാജ്യങ്ങൾ കരിമ്പട്ടികയിൽ പെടുത്തിയ സംഘടനയാണ് മുസ്ലീം ബ്രദർ ഹുഡ്. രണ്ട്, അൽഖ്വയ്ദയ്ക്ക് പ്രചോദനം മുസ്ലീം ബ്രദർഹുഡാണ്. ഇത്തരമൊരു സംഘടനയും കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയും തമ്മിൽ എന്താണ് ബന്ധം?

സിറാജിന്റെ എഡിറ്റോറിയൽ തുടരുന്നു: “പാരമ്പര്യ ഇസ്ലാമിനെ തള്ളിപ്പറഞ്ഞുകൊണ്ട് അബുൽ അഅ്ലാ മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമിയുടെ ആശയാദർശങ്ങൾ ഉൾക്കൊള്ളുന്ന സംഘടനയാണ് ബ്രദർഹുഡ് എന്നതിനാൽ ഇരുസംഘടനകൾക്കുമിടയിൽ ആഴത്തിലുള്ള സൗഹൃദം നിലനിൽക്കുന്നുണ്ട്. കേരള ജമാഅത്തെ ഇസ്ലാമിയുടെ പ്രസാധകവിഭാഗം, അബുൽ അഅ്ലാ മൗദൂദിയുടെ കൃതികൾക്കൊപ്പം മുഹമ്മദ് ഖുത്വുബ് പോലുള്ള ബ്രദർഹുഡ് നേതാക്കളുടെ കൃതികൾക്കും പ്രത്യേക പരിഗണന നൽകുന്നു”.

മൗലാനാ മൗദൂദിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ആശയാദർശങ്ങൾ തന്നെയാണ് ബ്രദർഹുഡും പിന്തുടരുന്നത് എന്ന് ആരോപിക്കുന്നത് സിപിഐഎമ്മോ അതിന്റെ പ്രസിദ്ധീകരണങ്ങളോ അല്ല. സിറാജ് പത്രവും മുസ്ലീംമാനേജ്മെന്റാണ് നടത്തുന്നത്. അവരാണ് വെട്ടിത്തുറന്ന് ഈ സത്യം പറഞ്ഞിരിക്കുന്നത്. വഖഫ് ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിൽ ഹസനുൽ ബന്നയുടെയും സയ്യിദ് ഖുത്വുബുവിന്റെയും ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ “അവധാനത തൊട്ടുതീണ്ടിയിട്ടില്ലാത്ത എടുത്തുചാട്ടം”, “മുസ്ലീം സമുദായത്തിനാകെയും പരിക്കേൽപ്പിക്കുന്ന അവിവേകം” എന്നൊക്കെയുള്ള രൂക്ഷമായ പ്രയോഗങ്ങളാലാണ് സിറാജിന്റെ എഡിറ്റോറിയൽ വിശേഷിപ്പിക്കുന്നത്.

മൗദൂദി, ഹസനുൽ ബന്ന, സയ്യിദ് ഖുത്വുബു…
ഹുക്കൂമത്തെ ഇലാഹി, ഇഖാമത്തുദ്ദീൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമി ഭരണകൂടത്തെക്കുറിച്ചുള്ള മൗദൂദിയൻ കാഴ്ചപ്പാടിന്റെ തുടർച്ചയാണ് ഹസനുൽ ബന്നയും സയ്യിദ് ഖുത്വുബും നിർവചിച്ചിരിക്കുന്നത്. ദീനിന്റെ പേരിൽ ജമാഅത്തെ ഇസ്ലാമിയ്ക്ക് ആധിപത്യമുള്ള ലോകക്രമത്തിൽ പുലരുന്ന നിയമവ്യവസ്ഥ, മൗലാനാ മൗദൂദി എന്ന മനുഷ്യന്റെ ചിന്തകളിൽ രൂപപ്പെട്ടതാണ്. മനുഷ്യൻ രൂപം കൊടുക്കുകയും മനുഷ്യൻ നേതൃത്വം വഹിക്കുകയും ചെയ്യുന്ന എല്ലാ അധികാരസ്ഥാപനങ്ങളെയും ഉന്മൂലനം ചെയ്ത് പകരം മൗലാനാ മൗദൂദി എന്ന മനുഷ്യൻ വിഭാവനം ചെയ്ത ലോകവ്യവസ്ഥ നടപ്പിലാക്കുക. അതാണ് ചുരുക്കിപ്പറഞ്ഞാൽ ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം.

ഇതേ ലക്ഷ്യത്തോടെയാണ് 1928ൽ ഹസനുൽ ബന്ന മുസ്ലീം ബ്രദർഹുഡ് ഉണ്ടാക്കിയത്.
മതപരവും ധാർമ്മികവുമായ പ്രചരണമായിരുന്നു ബ്രദർഹുഡ് ആരംഭകാലത്ത് നിർവഹിച്ചിരുന്നത്. ക്രമേണ ആ സംഘടന ലോകമെമ്പാടുമുള്ള ജമാഅത്തെ ഇസ്ലാമി തീവ്രവാദത്തിന്റെ ആശയസ്രോതസായി വളർന്നു. സംഘടനയുടെ ഉള്ളിലും പുറത്തും ഭീകരവാദ ലക്ഷ്യമുള്ള പല ഗ്രൂപ്പുകൾ ഉടലെടുത്തു. കൊലപാതകങ്ങൾ നടത്താനുള്ള രഹസ്യസംവിധാനം (secret apparatus) രൂപം കൊണ്ടു. കൊലപാതകപരമ്പരകൾ തന്നെ അരങ്ങേറി. ഈ രഹസ്യസംവിധാനത്തിന്റെ കേരളീയ രൂപമായിരുന്നു എൻഡിഎഫ്.

ലോകമെങ്ങുമുള്ള ആത്മഹത്യാസ്ക്വാഡുകൾക്കും ചാവേറുകൾക്കും നിർദ്ദയമായ കൂട്ടക്കൊലപാതകങ്ങൾ നടത്താൻ പാകത്തിന് ജിഹാദിന് നിർവചനമുണ്ടാക്കിയവരിൽ പ്രധാനികളാണ് ഹസനുൽ ബന്നയും സയ്യിദ് ഖുതുബുവും. ആത്മശുദ്ധീകരണം, ത്യാഗപരിശ്രമം തുടങ്ങി ജിഹാദിനു നൽകപ്പെട്ട ലിബറൽ നിർവചനങ്ങളെ മുഴുവൻ നിരാകരിക്കുന്നു, ഹസനുൽ ബന്നയും സയ്യിദ് ഖുത്ബുവും. ജിഹാദെന്നാൽ ആത്മശുദ്ധീകരണമാണെന്ന വ്യാഖ്യാനം ചിലർ യുദ്ധത്തിന്റെ പ്രാധാന്യം കുറയ്ക്കാൻ ഉപയോഗിക്കുന്നുവെന്ന് ഹസനുൽ ബന്ന തുറന്നിടിച്ചു.

ജിഹാദിനെ ആർട്ട് ഓഫ് ഡെത്ത് എന്ന് വിശേഷിപ്പിച്ച, തലച്ചോറിന്റെ ഉടമയാണ് ഹസനുൽ ബന്ന. എല്ലാവരിലേയ്ക്കും എത്തിച്ചേരുകയും എല്ലാവർക്കും വ്യക്തമാകുകയും ചെയ്യുന്നതുവരെ ഇസ്ലാമിക സന്ദേശത്തിന്റെ, ലോകത്തിന്റെ സംരക്ഷണത്തിനുവേണ്ടി യുദ്ധം ചെയ്യാം എന്നാണ് ഹസനുൽ ബന്നയുടെ സിദ്ധാന്തം.

Father of jihadism എന്നാണ് സയ്യിദ് ഖുത്ബു അറിയപ്പെടുന്നത്. കുഫിർ, അഥവാ അവിശ്വാസികളുടെ ഭരണകൂടങ്ങൾക്കെതിരെ ജിഹാദ് നടത്തേണ്ടത് യഥാർത്ഥ മുസ്ലിങ്ങളുടെ കടമയാണെന്ന് ആഹ്വാനം ചെയ്തത്.

സയ്യിദ് ഖുത്ബുവാണ്. അദ്ദേഹം എഴുതിയ മആലിം ഫി അൽ താരിഖ് അഥവാ മൈൽസ്റ്റോൺസ് എന്ന പുസ്തകമാണ് ജിഹാദിന്റെ മാനിഫെസ്റ്റോ ആയി അറിയപ്പെടുന്നത്. ഭൂമിയിൽ മനുഷ്യന്റെ ആധിപത്യം, ഉന്മൂലനം ചെയ്ത് ദൈവാധിപത്യം (എന്ന് തങ്ങൾ കരുതുന്ന ആധിപത്യം) സ്ഥാപിക്കാൻ കായികശക്തി ഉപയോഗിക്കുന്നതാണ് ജിഹാദ് എന്ന് ആ പുസ്തകത്തിൽ സയ്യിദ് ഖുത്ബു നിർവചിക്കുന്നു.

ആശയങ്ങളും വിശ്വാസങ്ങളും പരിഷ്കരിക്കുന്നതിന് മുസ്ലീം ബ്രദർഹുഡ് പ്രസ്ഥാനം പ്രസംഗത്തിന്റെയും പ്രേരണയുടെയും രീതികൾ ഉപയോഗിക്കുന്നു; ജാഹിലി വ്യവസ്ഥയുടെ സംഘടനകളെയും അധികാരങ്ങളെയും ഇല്ലാതാക്കുന്നതിന് അത് ശാരീരിക ശക്തിയും ജിഹാദും ഉപയോഗിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ തത്ത്വസംഹിത. anyone who wanted to reject the message of Islam could be the master of his own destiny; എന്ന് ശീതീഭവിച്ച നിർമമതയോടെ ഖുത്ബി ലോകത്തിന് അളന്നു കുറിച്ച് ഒരു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

സയ്യിദ് ഖുത്ബുവിന്റെ ആശയാദർശങ്ങളുടെ ശക്തനായ വക്താവും പിൻഗാമിയുമായിരുന്നു അൽഖ്വയ്ദ വക്താവും ഒസാമ ബിൻലാദന്റെ വലംകൈയുമായ അൽസവാഹിരി. 14-–ാം വയസിൽ മുസ്ലീം ബ്രദർഹുഡ് വഴിയായിരുന്നു അൽസവാഹിരിയുടെ അരങ്ങേറ്റം. ഈജിപ്തിൽ നിന്ന് പാകിസ്താനിലെത്തിയ അൽസവാഹിരിയും ബിൻലാദനും ചേർന്നാണ് അൽഖ്വയ്ദയ്ക്ക് രൂപംനൽകിയത്. പിന്നാലെ ഈജിപ്തിലേയ്ക്ക് മടങ്ങിയ അൽ സവാഹിരിയാണ് 1997ൽ ഈജിപ്തിലെ ലക്സറിൽ 66 തീർത്ഥാടകരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന് ചുക്കാൻപിടിച്ചത് എന്ന് ആരോപിക്കപ്പെടുന്നു.

മനുഷ്യനിർമിത നിയമങ്ങളെ നിരാകരിച്ച് മൗദൂദി മാർഗം സ്ഥാപിക്കാൻ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുകയും അതിനുവേണ്ടി കൂട്ടക്കൊലകൾ കൈവിറയ്ക്കാതെ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന അൽസവാഹിരി പിന്തുടർന്ന സയ്യിദ് ഖുത്ബുവിന്റെ മാനിഫെസ്റ്റോയാണ് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ കൈയിലിരിക്കുന്നതും.

ഇതേ മാനിഫെസ്റ്റോ പ്രകാരമുള്ള പ്രാദേശിക തുരുത്തുകൾ സൃഷ്ടിക്കാനാണ് 1998 – 99 കാലത്ത് എൻഡിഎഫ് ശ്രമിച്ചത്. അക്കാലത്തെ പത്രങ്ങളും ഇന്ത്യാ ടുഡേയും സമകാലികമലയാളവും പോലുള്ള പ്രസിദ്ധീകരണങ്ങളുമൊക്കെ ഈ ഭീകരതയിലേയ്ക്ക് വെളിച്ചം വീശുന്ന അനേകം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായിരുന്നു എൻ കണ്ണന്റെ സബ്മിഷൻ. അന്നും ഈ ഭീകരതയ്ക്ക് ന്യായീകരണസിദ്ധാന്തം ചമച്ചത് ജമാഅത്തെ ഇസ്ലാമിയായിരുന്നു. എൻഡിഎഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ടു പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെയും ലേഖകരെയുമെല്ലാം സംഘിച്ചാപ്പയടിക്കാൻ ജമാഅത്തെ ഇസ്ലാമിയും അതിന്റെ പ്രസിദ്ധീകരണങ്ങളുമാണ് രംഗത്തിറങ്ങിയത്.

ഇന്ന് മീഡിയാ വൺ വഴി സി ദാവൂദ് നിർവഹിക്കാൻ ശ്രമിക്കുന്ന അതേ ദൗത്യം. ഒരുവശത്ത് ബ്രദർഹുഡിന്റെയും അൽഖ-്വയ‍്ദയുടെയും കേരളപ്പതിപ്പുകളുടെ ചെയ്തികൾക്ക് സൈദ്ധാന്തിക ന്യായീകരണം. മറുവശത്ത് അവയെ തുറന്നുകാണിക്കുന്ന സിപിഐഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നേതാക്കളെ സംഘിച്ചാപ്പയടിക്കുക.

നിർഭാഗ്യവശാൽ ആഗോളഭീകരതയുടെ തലച്ചോറിന്റെ കേരളപ്പതിപ്പിനെയാണ് വി ഡി സതീശനും കോൺഗ്രസും യുഡിഎഫിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × two =

Most Popular