Friday, February 13, 2026

ad

Homeപ്രതികരണംനൂതന സാങ്കേതികവിദ്യാ മുന്നേറ്റത്തിനായി
നൂതനാശയങ്ങളുടെ കേരള മോഡൽ

നൂതന സാങ്കേതികവിദ്യാ മുന്നേറ്റത്തിനായി
നൂതനാശയങ്ങളുടെ കേരള മോഡൽ

പിണറായി വിജയൻ

ടി വ്യവസായത്തിന് വലിയ തോതില്‍ മുന്നേറ്റമുണ്ടാകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. കേരളത്തിന്റെ ഐ ടി കയറ്റുമതി ഒരു ലക്ഷം കോടിരൂപയോട് അടുക്കുകയാണ്. ഐ ടി നിക്ഷേപകര്‍ കേരളത്തിലേക്ക് കൂടുതലായി കടന്നുവരുന്നതിന് കാരണമാകുന്നത് ബഹുമുഖമായ ഘടകങ്ങളാണ്. നാഷണല്‍ ഹൈവേ വികസനം, വിമാനത്താവളങ്ങളുടെ വികസനം, വിഴിഞ്ഞം തുറമുഖ വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഒരുവശത്ത്. ഊര്‍ജ്ജലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പവര്‍ഹൈവേ യാഥാര്‍ത്ഥ്യമാക്കല്‍, ട്രാന്‍സ്ഗ്രിഡ് പദ്ധതി നടപ്പാക്കല്‍, ഗെയ്ല്‍ പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കല്‍ തുടങ്ങിയ പദ്ധതികള്‍ മറുവശത്ത്. ഇതിനുപുറമെ വ്യവസായങ്ങള്‍ക്ക് അനുഗുണമാകുന്നവിധം നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ കൂടി ചേര്‍ന്നപ്പോള്‍ വ്യവസായ മേഖലയ്ക്ക് എന്തുകൊണ്ടും ഗുണപ്രദമാകുന്ന ഒന്നായി മാറി നമ്മുടെ നാട്. അതുകൊണ്ടാണ് പല ദേശീയ – അന്തര്‍ദേശീയ സ്ഥാപനങ്ങളും കേരളത്തിലേക്ക് എത്തുന്നത്.

ഐ ടി മേഖലയില്‍ കേരളം വലിയ വളര്‍ച്ച കൈവരിക്കുന്ന ഘട്ടമാണിത്. നിലവില്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഒന്നര ലക്ഷത്തോളം പേര്‍ തൊഴിലെടുക്കുന്നുണ്ട്. 2016 മുതല്‍ ഇതുവരെ 66,000 ത്തോളം തൊഴിലവസരങ്ങള്‍ ഇവിടങ്ങളില്‍ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2016 ല്‍ കേരളത്തിലെ ഐ ടി പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം 702 ആയിരുന്നെങ്കില്‍, ഇന്നത് 1,156 ആയി വര്‍ദ്ധിച്ചു. കേരളത്തില്‍ നിന്നുള്ള ആകെ ഐ ടി കയറ്റുമതി 2016 ല്‍ 34,123 കോടി രൂപയായിരുന്നത്, ഇന്ന് തൊണ്ണൂറായിരത്തിലധികം കോടി രൂപയായി വര്‍ദ്ധിച്ചു. 2016 ല്‍ 155.85 ലക്ഷം ചതുരശ്രയടി ബില്‍റ്റപ്പ് സ്പെയ്സ് ഉണ്ടായിരുന്നത്, നിലവില്‍ 223 ലക്ഷം ചതുരശ്രയടി ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.

ഈ സര്‍ക്കാരിന്റെ കാലത്ത് ആക്സെഞ്ച്വര്‍, എച്ച് സി എല്‍, ആര്‍മാദ, എക്വിഫാസ്, പ്രോചാന്റ്, ഗീക്യവോള്‍ഫ്, ഐ ബി എം, എം എസ് സി, സ്ട്രാഡ, റ്റി എന്‍ പി, അഡേസ്സോ, മൈഗേറ്റ്, ടെക് മഹീന്ദ്ര, ക്വസ്റ്റ് ഗ്ലോബല്‍ തുടങ്ങിയ ആഗോള കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അതുപോലെ യു എസ് ടി ഗ്ലോബല്‍ ഐ ടി കാമ്പസ്, ബ്രിഗേഡ് എന്റര്‍പ്രൈസസിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ടവര്‍ 3, കാസ്പിയന്‍ ടവര്‍ 2, ജിയോജിത് ഐ ടി കാമ്പസ് തുടങ്ങിയ പ്രധാന കമ്പനികളുടെ പദ്ധതികള്‍ പുരോഗമിക്കുകയാണ്. നൂതന സാമഗ്രികളുടെ വികസനത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന കാഴ്ചപ്പാടോടെ, ഡിജിറ്റല്‍ സര്‍വ്വകലാശാല, സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഇന്‍ ഇലക്ട്രോണിക് ടെക്നോളജീസുമായി സഹകരിച്ച്, ഗ്രാഫീനിനായുള്ള ഇന്ത്യ ഇന്നൊവേഷന്‍ സെന്റര്‍ കൊച്ചിയില്‍ സ്ഥാപിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ഒരു ‘ഗ്രാഫീന്‍ അറോറ പ്രോജക്ട്’ നടപ്പാക്കുന്നതിന് 98.85 കോടി രൂപയുടെ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.

അഭ്യസ്തവിദ്യരായ നമ്മുടെ ചെറുപ്പക്കാര്‍ക്ക് അനേകം നൂതനാശയങ്ങള്‍ കൈമുതലായിട്ടുണ്ട്. എന്നാല്‍, അവ ഉത്പന്നങ്ങളാക്കുന്നതില്‍ അവര്‍ക്ക് ചില പരിമിതികള്‍ ഉണ്ടായിരുന്നു. ഫണ്ടിങ്, കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍, സര്‍ക്കാര്‍ തങ്ങളെ ഉള്‍ക്കൊള്ളുമോ എന്ന ആശങ്ക, അങ്ങനെ പലതും. അത്തരമൊരു ഘട്ടത്തിലാണ് 2016 ല്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. അന്ന് നമ്മുടെ നാട്ടില്‍ ആകെയുണ്ടായിരുന്നത് 300 സ്റ്റാര്‍ട്ടപ്പുകളാണ്. അതുകൊണ്ടുതന്നെ അവയെ വളര്‍ത്തുന്നതിനും സ്റ്റാര്‍ട്ടപ്പ് മേഖലയെയാകെ പരിപോഷിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ ആ സര്‍ക്കാര്‍ കൈക്കൊണ്ടു. അതിന്റെ ഭാഗമായി ഒരു പ്രത്യേക സ്റ്റാര്‍ട്ടപ്പ് നയം തന്നെ രൂപീകരിച്ചു. അതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിങ് ലഭ്യമാക്കി, സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോര്‍പ്പസ് ഫണ്ട് രൂപീകരിച്ചു. സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ കേള്‍ക്കാനും അവ പ്രാവര്‍ത്തികമാക്കാനും കഴിയുന്ന വിധത്തിലേക്ക് സ്റ്റാര്‍ട്ടപ്പ് മിഷനെ മാറ്റിയെടുക്കുകയും ചെയ്തു. ഇവയെല്ലാംതന്നെ നല്ല നിലയ്ക്കുള്ള ഫലമുണ്ടാക്കി. അതുകൊണ്ടാണല്ലോ ഇന്ന് നമ്മുടെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 6,400 ആയി വര്‍ദ്ധിച്ചത്.

സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുക മാത്രമല്ല ചെയ്തത്. ഈ മേഖലയില്‍ നമ്മള്‍ അനേകം നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദാന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. 2022 ലെ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ നമ്മള്‍ ടോപ്പ് പെര്‍ഫോര്‍മര്‍ പദവിയിലെത്തി. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോര്‍ഡബിള്‍ ടാലന്റ് റാങ്കിങ്ങില്‍ കേരളം ഏഷ്യയില്‍ ഒന്നാമതാണ്. അതിന്‍പ്രകാരം 2021 നും 2023 നുമിടയില്‍ നമ്മുടെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 254 ശതമാനം വളര്‍ച്ചയാണുണ്ടായത്. ആ ഘട്ടത്തിലെ ഗ്ലോബല്‍ ശരാശരി 46 ശതമാനം മാത്രമായിരുന്നു.

525 ലധികം ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് സെന്ററുകള്‍ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമെ ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബ് സ്ഥാപിക്കപ്പെട്ടത് കേരളത്തിലാണ്. ഇതുള്‍പ്പെടെ 25 ഫാബ് ലാബുകളാണ് ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഡിസൈന്‍ നടത്തുന്നതിന് ഉപകരിക്കുന്നവയാണ് ഈ ഫാബ് ലാബുകള്‍.

കഴിഞ്ഞ ഒമ്പതു വര്‍ഷംകൊണ്ട് 6,000 കോടി രൂപയുടെ നിക്ഷേപമാണ് സ്റ്റാര്‍ട്ടപ്പുകള്‍ മുഖേന കേരളത്തിലെത്തിയത്. തൊള്ളായിരത്തിലധികം ആശയങ്ങള്‍ക്ക് പ്രാരംഭഘട്ട ധനസഹായമായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ഉത്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നേരിട്ട് വാങ്ങുന്നതിനുള്ള പരിധി 20 ലക്ഷത്തില്‍ നിന്നും 50 ലക്ഷമാക്കി ഉയര്‍ത്തി. ഇതിലൂടെ 151 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 32 കോടി രൂപയുടെ പ്രൊക്വയര്‍മെന്റ് ലഭിച്ചു. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ മാത്രം 1.8 ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഇന്‍കുബേഷന്‍ ഫെസിലിറ്റിയുണ്ട്. ഇതിനുപുറമെ ഹഡില്‍ ഗ്ലോബല്‍ പോലെയുള്ള ആഗോള ഉച്ചകോടികള്‍ സംഘടിപ്പിച്ചുകൊണ്ട് നമ്മള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു വളരാന്‍വേണ്ട സാഹചര്യം ഒരുക്കുന്നുണ്ട്. വിദേശ വിപണിയിലേക്ക് സ്റ്റാര്‍ട്ടപ്പുകളുടെ പ്രവേശനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരങ്ങള്‍ നേടിക്കൊടുക്കുന്നതിന് ഇന്റര്‍നാഷണല്‍ എക്സ്പോഷര്‍ പ്രോഗ്രാമും നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് ടെക്നോസിറ്റിയില്‍ 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുങ്ങുന്ന എമര്‍ജിങ് ടെക്നോളജി ഹബ്, സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിക്കപ്പെടുന്നത്. ഇത്തരം നേട്ടങ്ങള്‍ നമ്മുടെ നൂതന സാങ്കേതികവിദ്യാ മുന്നേറ്റത്തിന് നല്‍കുന്ന സംഭാവന വളരെ വലുതാണ്.l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + 7 =

Most Popular