തൊഴിൽസമയം സംബന്ധിച്ച നിയമപരമായ നിയന്ത്രണങ്ങളെ ചോദ്യം ചെയ്യാൻ ഇന്ത്യൻ മുതലാളിമാർ ധെെര്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. കൂടാതെ, തൊഴിൽ നിയമങ്ങൾ സംബന്ധിച്ച കേന്ദ്ര നിയമങ്ങളെയും സംസ്ഥാന നിയമങ്ങളെയും നഗ്നമായി ലംഘിക്കാൻ ശ്രമിക്കുകയും സംസ്ഥാന ഗവൺമെന്റുകളെ ഉപകരണമാക്കുന്നതുൾപ്പെടെയുള്ള വിവിധ മാർഗങ്ങളിലൂടെ തൊഴിൽ നിയമങ്ങൾ സംബന്ധിച്ച നിയന്ത്രണങ്ങളിൽ അയവു വരുത്താൻ ശ്രമിക്കുകയുമാണ്. നമ്മുടെ ഭരണഘടനപ്രകാരം ‘തൊഴിൽ’ കൺകറന്റ് ലിസ്റ്റിൽ ആണെന്നതാണ് സംസ്ഥാനങ്ങളെ ഉപകരണമാക്കാൻ സൗകര്യമൊരുക്കുന്നത്.
ആന്ധ്രപ്രദേശിൽ എൻഡിഎയാൽ നയിക്കപ്പെടുന്ന തെലുങ്കുദേശം പാർട്ടി (ടിഡിപി), എല്ലാ ഫാക്ടറികളിലും വ്യവസായ സ്ഥാപനങ്ങളിലും തൊഴിൽ സമയം 9 മണിക്കൂറിൽനിന്നും 10 മണിക്കൂറായി വർധിപ്പിക്കുന്നതിന് ഈയടുത്തയിടെ തീരുമാനിച്ചു. അതനുസരിച്ച് തൊഴിൽ നിയമം ഭേദഗതി ചെയ്യുമെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മന്ത്രി പാർഥസാരഥി പ്രഖ്യാപിച്ചു. തൊഴിൽനിയമങ്ങളുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കവേ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: ‘‘ഒരു ദിവസം പരമാവധി ഒൻപത് മണിക്കൂർ വരെ ജോലി ചെയ്യിക്കാൻ അനുവദിക്കുന്ന, ഇതുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ ഇപ്പോൾ അത് 10 മണിക്കൂറായി ഉയർത്തിയിരിക്കുകയാണ്. ഫാക്ടറി നിയമത്തിലെ 55–ാം വകുപ്പുപ്രകാരം, തുടർച്ചയായ 5 മണിക്കൂർ ജോലി കഴിഞ്ഞാൽ ഒരു മണിക്കൂർ വിശ്രമത്തിനും ഇടവേളയ്ക്കായും അനുവദിക്കുന്നത് ഇപ്പോൾ അത് 6 മണിക്കൂർ കഴിഞ്ഞാൽ എന്നാക്കിയിരിക്കുന്നു’’.
ഇതേപോലെ തന്നെ, കർണാടക നിയമസഭ 2023 ഫെബ്രുവരി 22ന് ഫാക്ടറീസ് (കർണാടക ഭേദഗതി) നിയമം 2023 കൊണ്ടുവന്നു. 2023 ജൂലെെ 10ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ഇത് നടപ്പാക്കുന്നതിനായി 2023 ആഗസ്ത‍് 7ന് വിജ്ഞാപനം വരികയും ചെയ്തു. കർണാടകത്തിൽ ബാധകമാക്കുന്നതിനായി 1948ലെ ഫാക്ടറീസ് നിയമം ഭേദഗതി ചെയ്തു. ഈ ഭേദഗതി പ്രകാരം ചില വിഭാഗത്തിൽപ്പെടുന്ന ഫാക്ടറികൾക്ക് ദെെനംദിന പ്രവൃത്തിസമയം വിശ്രമവേളയുൾപ്പെടെ 12 മണിക്കൂർ നീട്ടാൻ കഴിയും. അതുപോലെ സംസ്ഥാന സർക്കാരിന് ഒരു വിജ്ഞാപനത്തിലൂടെ, ചില ഗ്രൂപ്പിൽപ്പെട്ട ഫാക്ടറികളിൽ, ജോലിസമയം ഇടവേള കൂടാതെ തുടർച്ചയായി 6 മണിക്കൂറായി നീട്ടാനും കഴിയും. ഇത് പ്രവൃത്തിസമയം തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ മാറ്റാൻ ഫാക്ടറികൾക്ക് അനുവാദം നൽകുന്നു. കൂടാതെ, ഈ നിയമഭേദഗതിയിലൂടെ ത്രൈമാസ ഓവർടെെം പരിധി 145 മണിക്കൂറാക്കി വർധിപ്പിക്കുകയും ചെയ്തു.
നിലവിൽ ഓവർടെെം ഉൾപ്പെടെ, പ്രതിദിന ജോലി സമയം 10 മണിക്കൂറായി പരിമിതപ്പെടുത്തുന്ന കർണാടക ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്-മെന്റ് ആക്ട് 1961 ഭേദഗതി ചെയ്യാനും കർണാടക ഗവൺമെന്റ് ആലോചിക്കുന്നു. ഈ നിർദ്ദിഷ്ട നിയമം, തുടർച്ചയായ മൂന്നു മാസത്തിൽ 125 മണിക്കൂറിൽ അധികരിക്കാത്ത അധിക സമയം ജോലി ചെയ്യിക്കുന്നതോടുകൂടി പ്രതിദിനം 12 മണിക്കൂറായി നീട്ടാൻ ഐടി, ഐടി അനുബന്ധ മേഖലകളെയും ബിപിഒ കമ്പനികളെയും അനുവദിക്കും. സംസ്ഥാനത്തെ ഐടി ജീവനക്കാരുടെ ഏറ്റവും വലിയ യൂണിയനായ കർണാടക സ്റ്റേറ്റ് ഐടി/ ഐടി ഇ എസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ ധീരോദാത്തമായ ചെറുത്തുനിൽപ്പ് സമരത്തെത്തുടർന്ന് നിയമം ഭേദഗതി ചെയ്യുന്നത് തൽക്കാലത്തേക്ക് നിർത്തിവച്ചു. കെഐടിയു ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്നുണ്ടെങ്കിലും കർണാടക സർക്കാർ അതു നടപ്പിലാക്കാനുള്ള ശ്രമം തുടരുകയാണ്.
അതുപോലെ 1988ലെ തെലങ്കാന ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്-മെന്റ് ആക്ട് പ്രകാരമുള്ള തൊഴിൽനിയമങ്ങളുടെ പരിധിയിൽനിന്നും ഐടി, ഐടി അധിഷ്ഠിത മേഖലകളെ ഒഴിവാക്കിയിരിക്കുന്നത് 4 വർഷത്തേക്ക് – 2028 മെയ് 29 വരെ – തെലങ്കാന സർക്കാർ നീട്ടിയിരിക്കുകയാണ്. തൊഴിൽ നിയമങ്ങളിൽനിന്ന് ഐടി, ഐടി അധിഷ്ഠിത കമ്പനികളെ ഒഴിവാക്കിയത് തങ്ങളുടെ ഇഷ്ടാനുസരണം തൊഴിൽസമയം ക്രമീകരിക്കാൻ അവർക്ക് അനുവാദം നൽകുന്നു. അതിനർഥം അവർക്ക് തൊഴിൽസമയം എത്രവേണമെങ്കിലും ദീർഘിപ്പിക്കാമെന്നതാണ്.
ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ പോസ്റ്റർ ബോയിയും ഇൻഫോസിസിന്റെ സഹസ്ഥാപകനുമായ ശതകോടീശ്വരൻ നാരായണമൂർത്തി, തൊഴിൽസമയം ആഴ്ചയിൽ 70 മണിക്കൂർ ആക്കണമെന്നാണ് വാദിച്ചത്. ഇത്തരത്തിൽ വാദമുയർത്തുന്നവരുടെ പട്ടികയിലേക്ക് പുതുതായി കടന്നുവന്നയാൾ എൽ & ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യനാണ്. ഇതിനുതൊട്ടുമുമ്പ് കടന്നുവന്ന, ഇന്ത്യൻ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ രാഷ്ട്രീയരംഗത്തെ പോസ്റ്റർബോയ് ചന്ദ്രബാബു നായിഡുവും തൊഴിൽസമയം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ജീവനക്കാർ ഞായറാഴ്ചകളുൾപ്പെടെ, ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് എൽ & ടി ചെയർമാൻ പുതിയ വിവാദത്തിന് തിരികൊളുത്തി. തൊഴിലാളിയുടെ രക്തമൂറ്റിക്കുടിക്കാനുള്ള മൂലധനത്തിന്റെ സഹജവാസനയോടെ അയാൾ ഒരു തൊഴിലാളിയോട് കയർത്തുചോദിച്ചത്, ‘‘വീട്ടിലിരുന്ന് നീ എന്താണ് ചെയ്യുന്നത്? എത്രനേരം നിനക്കു നിന്റെ ഭാര്യയെ നോക്കിക്കൊണ്ടിരിക്കാനാവും’’ എന്നാണ്.
ഇന്ത്യയിലെ കോർപ്പറേറ്റ് മുതലാളിമാർ തൊഴിൽസമയം വർധിപ്പിക്കണമെന്ന് വാദിക്കുമ്പോൾ അവരിൽ ആരും തന്നെ കുറഞ്ഞ വേതനത്തെപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല; വേതനത്തെ ജോലി സമയവുമായി ബന്ധിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുമില്ല. ജോലിയുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെയും അപകടങ്ങളെയും തൊഴിൽ – ജീവിത സന്തുലനത്തിലുണ്ടാകാവുന്ന പ്രശ്നങ്ങളെയും ഇവർ അവഗണിക്കുകയാണ്.
ശ്രദ്ധേയമായ കാര്യം, എസ് എൻ സുബ്രഹ്മണ്യൻ 2024 സാമ്പത്തിക വർഷം സമ്പാദിച്ച 51.05 കോടി രൂപയെന്നത് ഒരു എൽ & ടി ജീവനക്കാരന്റെ ആ വർഷത്തെ ശരാശരി വേതനമായ 9.55 ലക്ഷത്തിന്റെ 534.57 ഇരട്ടിയാണ്. അദ്ദേഹത്തിന്റെ ശമ്പളത്തിൽ മുൻവർഷത്തെക്കാൾ 43.11% വർധിച്ചപ്പോൾ 2023–24ലെ എൽ & ടി ഇന്റഗ്രേറ്റഡ് വാർഷിക റിപ്പോർട്ടനുസരിച്ച് ജീവനക്കാരുടെ പ്രതിമാസ ശരാശരി വേതനത്തിൽ 1.32 ശതമാനത്തിന്റെ വർധന മാത്രമേ ഉണ്ടായിട്ടുള്ളൂ. വേതനത്തിലെ ഭീമമായ അസമത്വത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിലെ വെെറ്റ് കോളർ തൊഴിൽ വ്യവസായത്തിലുടനീളം ഈ പ്രവണത കാണാം.
ഇന്ത്യയിലെ മുൻനിര ഐടി സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവുമാരുടെ ശമ്പളം റോക്കറ്റുപോലെ കുതിച്ചുയർന്ന് കഴിഞ്ഞ 5 വർഷത്തിനിടയ്ക്ക് 60 ശതമാനത്തിലേറെ വർധിച്ചപ്പോൾ അതേസമയം താഴ്ന്ന നിലയിലുള്ള ജീവനക്കാർക്ക് ഇതേ കാലയളവിൽ 4 ശതമാനത്തിൽ താഴെ മാത്രമേ വേതന വർധന ഉണ്ടായിട്ടുള്ളൂ.
ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രൊ, ടെക് മഹീന്ദ്ര തുടങ്ങി ഉന്നത ഐടി കമ്പനികളുടെ സിഇഒമാരുടെ ശരാശരി ശമ്പളം 2024 സാമ്പത്തികവർഷം ഏകദേശം 84 കോടി രൂപയായി ഉയർന്നു. നേരെമറിച്ച്, പുതുതായി ജോലിക്കു ചേരുന്നവർക്ക് വാഗ്ദാനം നൽകപ്പെട്ട ശരാശരി വേതനം ഇതേകാലയളവിൽ 3.6 ലക്ഷം രൂപയിൽനിന്ന് 4 ലക്ഷം രൂപ മാത്രമാണ് വർധിച്ചത്. അതായത് വെറും 4% വർധന.
‘‘തൊഴിൽസമയവും തൊഴിൽ– ജീവിത സന്തുലിതാവസ്ഥയും ആഗോളതലത്തിൽ’’ എന്ന തലക്കെട്ടോടെ, തൊഴിൽ സമയം സംബന്ധിച്ച്, ഐഎൽഒ തയ്യാറാക്കിയ റിപ്പോർട്ട് 2023 ജനുവരി 6ന് പ്രസിദ്ധീകരിക്കുകയുണ്ടായി. തൊഴിലെടുക്കുന്ന മണിക്കൂറുകളും തൊഴിൽസമയവും ലോകമെമ്പാടും ക്രമീകരിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്നും തൊഴിലാളികളുടെ തൊഴിൽ – ജീവിത സന്തുലിതാവസ്ഥയ്ക്കുമേൽ അവയ്ക്കുള്ള സ്വാധീനമെന്തെന്നും സംബന്ധിച്ച സമഗ്രമായ ഒരു അവലോകനമാണിത്. തൊഴിൽ സമയവുമായി ബന്ധപ്പെട്ടുള്ള ദേശീയ നിയമങ്ങളെ റിപ്പോർട്ട് പരിഗണനയ്ക്കെടുക്കുന്നില്ല.അതെന്തായാലും, ഇന്റർനാഷണൽ സോഷ്യൽ സർവെ പ്രോഗ്രാമിന്റെ (ഐഎസ്എസ്പി) 4–ാം മൊഡ്യൂൾ (2015) പ്രകാരമുള്ള, തൊഴിൽ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ എത്ര മണിക്കൂർ ജോലി ചെയ്യിക്കുന്നു എന്നതും തൊഴിൽസമയ ക്രമീകരണവുമായി ബന്ധപ്പെട്ട ആഗോള പാറ്റേണുകളും അതിലുണ്ടായിട്ടുള്ള മാറ്റങ്ങളും ഇത് അവലോകനം ചെയ്യുകയും തൊഴിലാളികളുടെ യഥാർഥ തൊഴിൽസമയവും അവർ തിരഞ്ഞെടുക്കുന്ന ജോലി സമയവും തമ്മിലുള്ള പൊരുത്തങ്ങളും പൊരുത്തക്കേടുകളും വിശകലനം ചെയ്യുകയും ചെയ്യുന്നു.
ഈ റിപ്പോർട്ട് പറയുന്നത്, തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ഒരു തൊഴിൽ – ജീവിത സന്തുലിതാവസ്ഥ നിലനിൽക്കുന്നത് തൊഴിലാളികളെ സംബന്ധിച്ചും തൊഴിലുടമകളെ സംബന്ധിച്ചും അത് ഒരുപോലെ ഗുണകരമാകുകയും സ്ഥാപനത്തിന് അത് നിരവധി അനുകൂല ഫലങ്ങളുളവാക്കുകയും ചെയ്യുമെന്നാണ്.നിലവിലുള്ള ജീവനക്കാരെ വലിയതോതിൽ നിലനിർത്തുന്നത്, മികച്ച റിക്രൂട്ട്മെന്റ്, ഹാജർ നിലയിലെ കുറഞ്ഞ നിരക്ക്, ഉയർന്ന ഉൽപാദനക്ഷമത എന്നിവയിൽനിന്നുള്ള പ്രയോജനം തൊഴിൽ – ജീവിത സന്തുലിതാവസ്ഥാ നയങ്ങൾ നടപ്പാക്കുന്ന കമ്പനികൾക്ക് ലഭിക്കുന്നു.
അപ്പോൾപിന്നെ ഇന്ത്യയിൽ എന്തുകൊണ്ടാണ് തൊഴിൽസമയം ദീർഘിപ്പിക്കുന്നതിനുള്ള ആക്രമണാത്മകമായ ഈ നീക്കം ഉണ്ടാകുന്നത്? തൊഴിലാളികൾ/ ജീവനക്കാർ നന്നായി ജോലി ചെയ്യുന്നില്ലേ? യഥാർഥത്തിൽ ഇന്ത്യയിലെ തൊഴിലാളികൾ അധികജോലി ചെയ്യുന്നവരാണ്. ഇന്റർനാഷണൽ ലേബർ ഓർഗനെെസേഷന്റെ ഡാറ്റ പ്രകാരം, ഇന്ത്യയിലെ 50.5 % തൊഴിലാളികളും ആഴ്ചയിൽ 49 മണിക്കൂറോ അതിലധികമോ സമയം തൊഴിലെടുക്കുന്നവരാണ്. കൂടാതെ ഇന്ത്യയിലെ തൊഴിലാളികളിൽ 88% പേരും പറയുന്നത‍്, ജോലി സമയം കഴിഞ്ഞും തൊഴിലുടമകൾ തങ്ങളെ ബന്ധപ്പെടാറുണ്ട് എന്നാണ്. ഞെട്ടിക്കുന്ന കാര്യം, ഈ തൊഴിലാളികളിൽ 85 ശതമാനം പേരും പറയുന്നത് അസുഖം വന്ന് അവധിയിലായിരിക്കുമ്പോഴോ അവധി ദിവസങ്ങളിലോ ജോലി സംബന്ധമായ മെസേജുകളോ ഇ – മെയിലുകളോ തങ്ങൾക്ക് ലഭിക്കാറുണ്ട് എന്നാണ്.
ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് മഹാമാരിക്കാലത്തിനുശേഷം തൊഴിൽ സമയം സംബന്ധിച്ച തൊഴിൽ നിയമങ്ങളനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. പകരം നിലവിലുണ്ടായിരുന്നത് കാട്ടു നിയമങ്ങളാണ്. ഇത്തരത്തിലൊരു നീക്കം ഫാക്ടറി നിയമത്തിൽ ഭേദഗതി വരുത്തി തൊഴിൽസമയം വർധിപ്പിക്കുന്നതിന് തമിഴ്നാട് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായപ്പോൾ സംസ്ഥാനത്തെ തൊഴിലാളികൾ ഒറ്റക്കെട്ടായി നിന്ന് അതിനെ വിജയകരമായി ചെറുത്തു. എന്നിട്ടും നിയമപ്രകാരമുള്ള പ്രവൃത്തി സമയത്തെക്കാൾ കൂടുതൽ സമയം ജോലി ചെയ്യാൻ തൊഴിലാളികൾ നിർബന്ധിതരാക്കപ്പെടാത്ത തൊഴിലിടങ്ങൾക്ക് തമിഴ്നാട്ടിൽ ഒരു ക്ഷാമവുമില്ല. എന്നുതന്നെയല്ല അത് സംസ്ഥാനത്തുടനീളം വ്യാപകമായിക്കൊണ്ടിരിക്കുകയുമാണ്.
എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത്, മുതലാളിത്ത സമൂഹത്തിൽ ഇത്തരമൊരു ഭീകരമായ സാഹചര്യം നിലനിൽക്കുന്നത്? തൊഴിൽസമയം സംബന്ധിച്ച് നമ്മൾ ശരിയായ വിശകലനം നടത്തുകയാണെങ്കിൽ, മുതലാളിത്തത്തിൻകീഴിൽ തൊഴിലിന്റെ രൂപാന്തരീകരണം സംബന്ധിച്ച ധാരണയിലാണ് അടിസ്ഥാനപരമായും ഇത് വേരൂന്നിയിരിക്കുന്നത് എന്ന് കാണാൻ കഴിയും. തൊഴിൽസമയം ദീർഘിപ്പിക്കുന്നതുവഴി അനിയന്ത്രിതമായി മിച്ചമൂല്യം വർധിപ്പിക്കാൻ മുതലാളിമാർ ശ്രമിക്കുന്നതെങ്ങനെയെന്ന് മാർക്സ് ചൂണ്ടിക്കാട്ടുകയുണ്ടായി. മിച്ചമൂല്യം ഉൽപാദിപ്പിക്കപ്പെടുന്ന മിച്ച അധ്വാന സമയം വർദ്ധിപ്പിക്കുന്നതിലായിരുന്നു അവർ ശ്രദ്ധ ഊന്നിയത്.
എന്തായാലും തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള ഈ നീക്കം ശക്തമായി എതിർക്കപ്പെടുകയും അത് ഉൽപാദന പ്രക്രിയയിലെ മാറ്റങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്തു. ഒരു വശത്ത് മുതലാളിമാർ ഉൽപാദനത്തിന്റെ ആപേക്ഷിക മിച്ചമൂല്യം വർധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയെ ആശ്രയിക്കുന്നു. മറുവശത്ത്, തൊഴിലാളികളുടെ ഉപജീവന ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടതായ തൊഴിൽ സമയം വെട്ടിക്കുറച്ചുകൊണ്ട് മുതലാളിമാർ മിച്ച അധ്വാനസമയവും മൊത്തം തൊഴിൽ സമയവും തമ്മിലുള്ള അനുപാതം ഉയർത്തുകയാണ്. തൊഴിൽ സമയത്തിന്റെ പരിധി താഴ്ത്തിക്കൊണ്ടുവരുന്നതിന് തൊഴിലാളിവർഗം കാലാകാലങ്ങളിൽ ഉശിരൻ സമരങ്ങൾ നടത്തിയിട്ടുണ്ട്.
തൊഴിൽ സമയം 8 മണിക്കൂറാക്കി നിയന്ത്രിക്കുന്ന, തൊഴിൽ സമയവുമായി ബന്ധപ്പെട്ട ആദ്യത്തെ ഐഎൽഒ കൺവൻഷൻ 1919ലാണ് അംഗീകരിക്കപ്പെട്ടത്. റഷ്യയിലെ മഹത്തായ ഒക്ടോബർ വിപ്ലവത്തോട് ഇത് കടപ്പെട്ടിരിക്കുന്നു. ലോകത്തുടനീളം തൊഴിൽ സമയം കുറയ്ക്കുന്നതിൽ ഇത് സ്വാധീനം ചെലുത്തി. ഐഎൽഒ കൺവെൻഷൻ പ്രകാരം ദേശീയ നിയമങ്ങൾ രൂപീകരിക്കപ്പെട്ടു. എല്ലാവർക്കും അറിയാവുന്നതുപോലെ, തൊഴിൽ സമയം ആഴ്ചയിൽ എഴുപതോ തൊണ്ണൂറോ മണിക്കൂർ ആക്കാനുള്ള, തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിക്കാനുള്ള ഈ നിർദ്ദേശം, തൊഴിൽസമയം ആഴ്ചയിൽ 48 മണിക്കൂറായി നിയന്ത്രിക്കുന്ന 1948 ലെ ഫാക്ടറി നിയമവും, ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടും പ്രകാരമുള്ള നിയമങ്ങളുടെ നട്ടെല്ലു തകർക്കുന്നതാണ്. നിലവിൽ ഈ നിയമങ്ങളനുസരിച്ച് ഓവർടെെം ജോലി അനുവദനീയമാണ്, അതിന് പക്ഷേ സാധാരണ വേതനത്തിന്റെ ഇരട്ടി നൽകണം; ഓവർടെെം ഉൾപ്പെടെ തൊഴിൽസമയം പ്രതിദിനം 12 മണിക്കൂറിൽ കൂടാനും പാടില്ല.
തൊഴിലാളികളുടെ ശക്തവും നിരന്തരവുമായ ചെറുത്തുനിൽപ്പിനെ തുടർന്ന് 2020ലെ ഒഎസ്എച്ച് (തൊഴിൽസുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യം എന്നിവ സംബന്ധിച്ച കോഡ് ) കോഡ് തന്നെ നടപ്പാക്കുന്നത് വിജ്ഞാപനം ചെയ്യാനായിട്ടില്ല. കോഡ് ഈ പരിധികൾക്കൊപ്പം നിൽക്കുകയും എന്നാൽ ത്രൈമാസ ഓവർടെെം 50 മണിക്കൂറിൽനിന്നും 125 മണിക്കൂറായി ഉയർത്തുകയും ചെയ്യുന്നു. കോഡുകൾ പ്രകാരം, ഇടവേളയില്ലാതെ 5 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. അത്തരം ദീർഘമായ പ്രവൃത്തിദിനമുള്ള ആഴ്ചകൾ ദേശീയ നിയമങ്ങളെയും അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങളെയും ലംഘിക്കുന്നതാണ്.
മുതലാളിയെ സംബന്ധിച്ച്, തൊഴിലാളി തൊഴിലിടത്തിൽ ചെലവഴിക്കുന്ന സമയമെല്ലാം യഥാർഥ തൊഴിൽ സമയമല്ല – തൊഴിലാളിക്ക് അനുവദിച്ചിരിക്കുന്ന ഒഴിവുസമയത്തെ പാഴായ പണമായി മുതലാളി കണക്കാക്കുന്നു. പ്രധാനമായും ഇത്തരം ഘട്ടങ്ങളിൽ, മുതലാളി പണം മുടക്കി ഉണ്ടാക്കിയിട്ടുള്ള യന്ത്രസാമഗ്രികളും പശ്ചാത്തല സൗകര്യങ്ങളും (ഇതാണ് സ്ഥിരമൂലധനം) നിഷ്ക്രിയമായി കിടക്കും. അതിനാൽ പ്രവൃത്തിസമയം പിന്നെയും പരമാവധി വർധിപ്പിക്കുന്നതിനാണ്. മുതലാളി ആക്രമണാത്മകമായി നീങ്ങുന്നത്.
പ്രവൃത്തി സമയത്തിന്റെ കാര്യത്തിൽ അധ്വാനവും മൂലധനവും തമ്മിലുള്ള വെെരുധ്യത്തെ മാർക്സ് മനോഹരമായ വാക്കുകളിൽ ഇങ്ങനെ വിശദീകരിക്കുന്നു: ‘‘മുതലാളി എന്ന നിലയിൽ അയാൾ മൂലധനത്തിന്റെ വ്യക്തിത്വവൽക്കരണം മാത്രമാണ്. അയാളുടെ ആത്മാവ് മൂലധനത്തിന്റെ ആത്മാവാണ്. എന്നാൽ മൂലധനത്തിന് ഒരേയൊരു പ്രേരകശക്തിയേയുള്ളൂ, മിച്ചമൂല്യം സൃഷ്ടിക്കുന്നതിനായി ഉൽപ്പാദനോപാധികളെ അതിന്റെ ശാശ്വതമായ ഭാഗമാക്കി മാറ്റുന്നതിന്, സാധ്യമായേടത്തോളം അളവിൽ മിച്ച അധ്വാനത്തെ ഊറ്റിയെടുക്കുന്നതിന് സ്വയം കരുത്താർജിക്കാനുള്ള പ്രേരകശക്തിയാണത്. മൂലധനം മൃതാധ്വാനമാണ്; രക്തരക്ഷസ്സിനെപ്പോലെ ജീവനുള്ള അധ്വാനത്തെ ഊറ്റിക്കുടിച്ചുകൊണ്ടുമാത്രം അത് ജീവിക്കുന്നു. എത്രകാലം അത് ജീവിക്കുന്നുവോ അത്രയും കാലമത് രക്തം ഉൗറ്റിക്കുടിച്ചു കൊണ്ടേയിരിക്കുന്നു. ഒരു തൊഴിലാളി തൊഴിലെടുക്കുന്ന സമയമെന്നത്, മുതലാളി അയാളിൽനിന്നും വാങ്ങിയ അധ്വാനശക്തിയെ ഉപഭോഗം ചെയ്യുന്ന സമയമാണ‍്. തൊഴിലാളി തന്റെ ആവശ്യങ്ങൾക്കായി അവനുവേണ്ടിത്തന്നെ സമയം ചെലവഴിച്ചാൽ അയാൾ മുതലാളിയെ കൊള്ളയടിക്കുന്നു’’. എന്നാൽ മുതലാളി അത് അനുവദിക്കില്ല.
മാർക്സ് വീണ്ടും തുടരുന്നു: ‘‘സ്വാഭാവിക ദിവസത്തിന്റെ പരിധിയ്ക്കപ്പുറത്തേക്ക്, തൊഴിൽസമയം രാത്രിയിലേക്കുകൂടി നീട്ടിക്കൊണ്ടുപോകുന്നത് മുതലാളിയ്ക്ക് അതൊരു അൽപശമനം മാത്രമേ ആകുന്നുള്ളൂ.അത് തൊഴിലാളിയുടെ ജീവരക്തമൂറ്റിക്കുടിക്കുന്നതിനായുള്ള രക്തരക്ഷസിന്റെ ദാഹം അൽപം മാത്രമേ ശമിപ്പിക്കുന്നുള്ളൂ. അതുകൊണ്ട് മുതലാളിത്ത ഉൽപാദനം അതിന്റെ സഹജമായ സ്വഭാവം കൊണ്ടു തന്നെ ഒരു ദിവസത്തിലെ 24 മണിക്കൂറും തൊഴിലാളിയുടെ അധ്വാനം തട്ടിയെടുക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു’’.
ബിസിനസ് ഉടമ ആരായാലും അയാളുടെ വ്യക്തിപരമായ ധാർമികതയ്ക്കപ്പുറം, മൽസരത്തിന്റെ നിയമങ്ങൾ (മുതലാളിത്ത നിയമങ്ങൾ) ഈ പ്രേരണ മുതലാളിക്കുമേൽ അടിച്ചേൽപ്പിക്കുന്നു. ഓരോ മുതലാളിയും ഈ തരംതാണ (ഏറ്റവും കുറഞ്ഞ വേതനം നൽകിക്കൊണ്ടോ തൊഴിലാളികൾക്ക് ഏറ്റവും മോശം തൊഴിൽ സാഹചര്യങ്ങൾ നൽകിക്കൊണ്ടോ ചെലവു കുറയ്ക്കാൻ കമ്പനികൾ പരസ്പരം മൽസരിക്കുന്ന അവസ്ഥ) മൽസരത്തിൽ പങ്കെടുക്കുകയോ മറ്റാർക്കെങ്കിലും വേണ്ടി സ്വന്തം ലാഭം നഷ്ടമാകുന്നതിന് തയ്യാറാകേണ്ടതായോ വരുന്നു. മാർക്സ് അഭിപ്രായപ്പെട്ടതുപോലെ, ‘‘അതുകൊണ്ടുതന്നെ സമൂഹത്തിൽനിന്ന് സമ്മർദ്ദമുണ്ടാകുന്നില്ലായെങ്കിൽ തൊഴിലാളിയുടെ ആയുസിനും ആരോഗ്യത്തിനും മൂലധനം ഒരു വിലയും കൽപ്പിക്കുന്നില്ല’’. തൊഴിലാളിയുടെ ശാരീരികവും മാനസികവുമായ തകർച്ചയെക്കുറിച്ചും അകാല മരണത്തെക്കുറിച്ചും അമിത ജോലിഭാരമേൽപ്പിക്കുന്ന പീഡനത്തെക്കുറിച്ചുമുള്ള മുറവിളിക്ക് മൂലധനത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അതിതാണ്: ‘‘നമ്മുടെ ആനന്ദം (ലാഭം) വർധിപ്പിക്കുമെങ്കിൽ അതിന്റെ വേദന നമ്മെ എന്തിന് അലട്ടണം? എന്നാൽ ഇക്കാര്യങ്ങളെയെല്ലാം മൊത്തത്തിൽ നോക്കിയാൽ ഇത് മുതലാളിയുടെ വ്യക്തിഗതമായ ഇച്ഛയെ, അത് നല്ലതോ ചീത്തയോ ആകട്ടെ, ആശ്രയിക്കുന്നില്ല എന്നു വ്യക്തമാണ്. സ്വതന്ത്ര മത്സരത്തിൽ മുതലാളിയുടെ ഇച്ഛയ്ക്കതീതമായ ബലപ്രയോഗത്തെയാണ് ഓരോ മുതലാളിയും വ്യക്തിപരമായിത്തന്നെ മുതലാളിത്ത ഉൽപ്പാദനത്തിന്റെ സഹജമായ നിയമങ്ങളെന്ന നിലയിൽ നേരിടേണ്ടതായി വരുന്നത്.’’
മാർക്സിന്റെയും എംഗൽസിന്റെയും മുൻഗാമികളായ, റോബർട്ട് ഓവനെപ്പോലെയുള്ള ഉട്ടേ-ാപ്യൻ സോഷ്യലിസ്റ്റുകൾ നേരിട്ട പ്രശ്നങ്ങളെ ഇത് എടുത്തുകാട്ടുന്നു. കേവലം വിദ്യാഭ്യാസത്തിലൂടെയും ധാർമികത, നീതി, യുക്തിചിന്ത തുടങ്ങി ‘‘ആത്യന്തിക സത്യങ്ങളി’’ലേക്ക് ആകർഷിക്കുന്നതിലൂടെയും സോഷ്യലിസം കൊണ്ടുവരാനാകുമെന്ന‍് അവർ ചിന്തിച്ചു. ഓവൻ സ്വയം ശ്രമിച്ചതുപോലെ, ‘‘ഒരു ഫാക്ടറിയിൽ സോഷ്യലിസം’’ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിന്റെ പരിമിതികളെയും ഇത് വിശദീകരിക്കുന്നു. ഒരു ബിസിനസ് ഉടമ, അനുകമ്പയുള്ളയാളും മനുഷ്യസ്നേഹിയും തന്റെ തൊഴിലാളികളെ അനുഭാവപൂർവം പരിഗണിക്കുകയും മെച്ചപ്പെട്ട കൂലി നൽകുകയും ചെയ്യുന്ന ആളായിരിക്കാം. എന്നിരിക്കിലും ഇത്തരമൊരു ഉടമ, മുതലാളിത്തോൽപാദനത്തിന്റെ മൽസരാധിഷ്ഠിത നിയമങ്ങൾക്കു വിധേയമായിരിക്കുകയും ലാഭത്തിനുവേണ്ടി ഉൽപാദനം നടത്തുകയും ചെയ്യുന്നതുവഴി കൂലിച്ചെലവ് വെട്ടിക്കുറയ്ക്കാൻ നിർബന്ധിതനായിത്തീരുകയോ അതല്ലെങ്കിൽ ബിസിനസിൽനിന്ന് പുറത്താക്കപ്പെടുകയോ ചെയ്യും. അതുകൊണ്ട് മുതലാളിത്തത്തിലെ കുഴപ്പങ്ങൾക്കുകാരണം മുതലാളിമാരുടെ അത്യാർത്തിയാണെന്ന് ചുരുക്കിക്കാണാനാവില്ല. മറിച്ച്, മുതലാളിത്തത്തിന്റെ നിയമങ്ങളിൽതന്നെ അന്തർലീനമായിട്ടുള്ള വെെരുദ്ധ്യങ്ങളാണിതിനിടയാക്കുന്നത്.
ഇവിടെയാണ്, തൊഴിൽസമയത്തിന്റെ ദെെർഘ്യം തീരുമാനിക്കുന്നതിൽ വർഗസമരം നിർണായകമായ പങ്കു വഹിക്കുന്നത്. തൊഴിൽസമയം വർധിപ്പിക്കാൻ മുതലാളിമാർ ശ്രമിക്കുമ്പോൾ അതു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തൊഴിലാളികൾ പോരാടണം. മാർക്സിനെ സംബന്ധിച്ചിടത്തോളം തൊഴിൽ സമയത്തെക്കുറിച്ചുള്ള തർക്കം മുതലാളിത്തത്തിന്റെ കേന്ദ്ര ചാലകശക്തിയാണ്; അതാണ് മുതലാളിത്ത സമൂഹത്തിൽ വിപുലമായ വർഗസംഘർഷങ്ങളെ രൂപപ്പെടുത്തുന്നത്.
അങ്ങനെ, സമ്പദ്ഘടനയിലാകെ തൊഴിൽ സമയം വെട്ടിക്കുറയ്ക്കുന്നതിൽ നിർണായകമായി മുന്നോട്ടുപോകണമെങ്കിൽ തൊഴിലാളികൾ ട്രേഡ് യൂണിയനുകളിലൂടെ കൂട്ടായി സംഘടിക്കേണ്ടതാണ്. തൊഴിലാളികളുടെ സംഘടിത സമരം മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം എക്കാലവും ഒരു ഭീഷണിയായിത്തന്നെ നിലനിൽക്കും. ദീർഘമായ സമയം തൊഴിൽ ചെയ്യുന്നതിൽ നിന്നുയർന്നുവരുന്ന സംഘർഷങ്ങളിലൂടെയാണ് ഈ സമരം ഉരുവം കൊള്ളുന്നത്. അതൊടുവിൽ മുതലാളിത്തത്തെ ഇല്ലാതാക്കുന്ന ഒന്നായി ഉയർന്നുവരും. ഈ പ്രക്രിയയ്ക്കിടയിൽ തൊഴിലാളിവർഗം മുതലാളിത്തത്തെ പുറത്താക്കുന്നതിനുവേണ്ടിയുള്ള തങ്ങൾ തന്നെ നടത്തുന്ന ഒരു സാമൂഹ്യവിപ്ലവത്തെ മുന്നിൽ കാണണം. ആത്യന്തികമായി മുതലാളിത്തത്തിന്റെ സ്ഥാനത്ത് സോഷ്യലിസം എത്തും; സോഷ്യലിസത്തിൽ തികച്ചും വ്യത്യസ്തമായ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് (സമൂഹത്തിലെ മറ്റുള്ളവർക്കും) തുടർന്ന് ജീവിക്കാനും പണിയെടുക്കാനും കഴിയും. സമ്പൂർണമായ തൊഴിൽ – ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് ജനങ്ങളെ സംബന്ധിച്ച് തൊഴിൽ സമയം കുറയ്ക്കേണ്ടത് അനിവാര്യമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. l



