Saturday, May 16, 2026

ad

Homeപ്രതികരണംഅരികുവത്കരിക്കപ്പെട്ട 
വിഭാഗങ്ങൾക്കൊപ്പം എൽഡിഎഫ് സർക്കാർ

അരികുവത്കരിക്കപ്പെട്ട 
വിഭാഗങ്ങൾക്കൊപ്പം എൽഡിഎഫ് സർക്കാർ

ന്ത്യന്‍ സമൂഹത്തില്‍ സഹസ്രാബ്ദങ്ങളായി അനീതികളും അക്രമങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നവരാണ് ഈ രാജ്യത്തെ പട്ടിക വിഭാഗങ്ങള്‍. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന എഴുതിയപ്പോള്‍ സാമൂഹികനീതി ഉറപ്പുവരുത്താന്‍ ഉതകുന്ന ആശയങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ത്തത്. ഭരണഘടന നിലവില്‍ വന്ന് മുക്കാല്‍ നൂറ്റാണ്ടോളം പിന്നിട്ടിരിക്കുന്നു. ഇക്കാലയളവില്‍ പട്ടികജാതി–പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാന്‍ നമ്മുടെ രാജ്യത്തിനു കഴിഞ്ഞിട്ടില്ല. എന്നുമാത്രമല്ല, പട്ടികജാതി þ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചുവരികയാണ്. കുറച്ചു ദിവസം മുമ്പാണ് ഗുജറാത്തിലെ ഒരു വ്യാപാരിയുടെ മകനെ ബേട്ടാ എന്നു വിളിച്ചതിന്റെ പേരില്‍ ഒരു ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നത്. ജാതിനൃശംസത ഇന്നും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണ് ആ സംഭവം.

ഇന്നും ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ 60 ശതമാനത്തോളം ദളിതരും ഭൂരഹിതരാണ്. ഇവര്‍ക്കിടയില്‍ തൊഴിലില്ലായ്മ അതീവ രൂക്ഷമാണ്. ഭരണഘടനാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും അവര്‍ക്ക് ലഭിക്കുന്നില്ല. രാജ്യത്തെ ജനസംഖ്യയ്ക്കാനുപാതികമായി നോക്കുകയാണെങ്കില്‍ ബജറ്റ് ചെലവിന്റെ 16.6 ശതമാനമെങ്കിലും ദളിതര്‍ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍, അതിന്റെ 3.4 ശതമാനം മാത്രമാണ് പട്ടികജാതി വിഭാഗങ്ങള്‍ക്കായി യൂണിയന്‍ സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതി വിഭാഗങ്ങളെ പഠിപ്പിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന ഫണ്ടുകളിലും കാര്യമായ വെട്ടിക്കുറവ് വരുത്തി. അക്കാദമിക ഗവേഷണ രംഗത്ത് പട്ടികജാതിക്കാര്‍ക്ക് നല്‍കിവന്നിരുന്ന സഹായം 50 ശതമാനം വെട്ടിക്കുറച്ചു.

ദളിത്þആദിവാസി വിഭാഗങ്ങള്‍ക്കുവേണ്ട പ്രത്യേക വകയിരുത്തല്‍ നടത്താനുപകരിക്കുന്ന സ്പെഷ്യല്‍ കോംപണന്റ് പ്ലാനും ട്രൈബല്‍ സബ് പ്ലാനും നേരത്തെ തന്നെ ഇല്ലാതാക്കി. ദളിത് –ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുകയില്‍ വന്‍വെട്ടിക്കുറവു വരുത്തി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനം കാരണം ദളിത് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയും കൊഴിഞ്ഞുപോക്കും നിത്യസംഭവങ്ങളായി മാറുകയാണ്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 58,000 ത്തോളം അക്രമങ്ങളാണ് ഇക്കഴിഞ്ഞ വര്‍ഷം ദളിത് സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരെ ഉണ്ടായത്.

സംവരണ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ നടത്തുക. എന്നാല്‍, ഇവിടങ്ങളിലേക്ക് കരാര്‍ നിയമനമോ സ്വകാര്യ ഏജന്‍സികള്‍ മുഖേനയുള്ള നിയമനങ്ങളോ മതിയെന്ന നിലപാടാണ് പല സംസ്ഥാന സര്‍ക്കാരുകള്‍ക്കും. അത്തരം നിയമനങ്ങള്‍ നടക്കുമ്പോള്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സംവരണതത്വങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്.

കേന്ദ്ര സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 13 ലക്ഷത്തോളം തസ്തികകളാണ് ഇന്ന് ഒഴിഞ്ഞുകിടക്കുന്നത്. ഈ 13 ലക്ഷം തസ്തികകളില്‍ നിയമനം നടക്കാതിരിക്കുമ്പോള്‍ ദളിത് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ലഭ്യമാകേണ്ട അര്‍ഹമായ പ്രാതിനിധ്യം പോലും ഇല്ലാതാവുകയാണ്. അതേസമയം കേരളത്തില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് പി എസ് സി മുഖേന മാത്രം രണ്ടേ മുക്കാല്‍ ലക്ഷത്തിലധികം നിയമനങ്ങളാണ് നടന്നത്. ഇവയെല്ലാംതന്നെ ഭരണഘടന മുന്നോട്ടുവെക്കുന്ന സംവരണതത്വങ്ങള്‍ പാലിച്ചുകൊണ്ടുള്ളവയാണ്. ഇതിനുപുറമേ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു മാത്രമായുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.

അധികാരത്തില്‍വന്ന അവസരങ്ങളിലെല്ലാം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടൊപ്പമാണ് ഇടതുപക്ഷ പ്രസ്ഥാനം എക്കാലവും നിലകൊണ്ടിട്ടുള്ളത്. 1957 ലെ ഒന്നാം ഇ എം എസ് മന്ത്രിസഭ തൊട്ടിങ്ങോട്ടുള്ള ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരുകളെ പരിശോധിച്ചാല്‍ ആര്‍ക്കുമിതു ബോധ്യപ്പെടാവുന്നതേയുള്ളൂ. 1957 ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയും 67 ല്‍ വന്ന മുന്നണി മന്ത്രിസഭയും കാര്‍ഷികബന്ധങ്ങളിലും ഭൂബന്ധങ്ങളിലും വിദ്യാഭ്യാസ രംഗത്തും വരുത്തിയ അടിസ്ഥാനപരമായ മാറ്റങ്ങള്‍ പട്ടികജാതി þ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഒട്ടൊക്കെ ആത്മാഭിമാനത്തോടെ നില്‍ക്കാന്‍ വേണ്ട കരുത്തു നല്‍കുന്നവയായിരുന്നു. അവിടെ നിന്നും ഏറെ മുമ്പോട്ടുപോകേണ്ടതുണ്ടായിരുന്നു.

1957 ലെ ഇ എം എസ് മന്ത്രിസഭയാണ് പട്ടികജാതി þ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സ്റ്റൈപ്പന്റ്, ലംപ്സംഗ്രാന്റ് എന്നിവ വ്യവസ്ഥാപിത രൂപത്തില്‍, കൃത്യമായി മാസംതോറും കൊടുക്കാന്‍ ആരംഭിച്ചത്. പട്ടികജാതി വിഭാഗങ്ങള്‍ക്കായി വിദ്യാര്‍ത്ഥി ഹോസ്റ്റലുകള്‍ വ്യാപകമായി സ്ഥാപിച്ചു. പത്താം ക്ലാസ് വരെ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കി.

ജന്മിയുടെ ഭൂമിയിലെ കുടികിടപ്പില്‍നിന്ന് കുടിയാനെ ഇറക്കിവിടുന്നതു തടയുന്ന ഓര്‍ഡിനന്‍സ് ഇറക്കിക്കൊണ്ടാണ് ഇ എം എസ് മന്ത്രിസഭ ഭരണം തുടങ്ങിയത്. മണ്ണില്‍ പണിയെടുക്കുന്നവനു മണ്ണിനുമേല്‍ അവകാശം നല്‍കുക എന്ന ചരിത്രപരമായ ദൗത്യം ആ സര്‍ക്കാര്‍ വലിയൊരളവില്‍ നിറവേറ്റി. ഗ്രാമത്തിലാണെങ്കില്‍ പത്തുസെന്റ്, നഗരത്തിലാണെങ്കില്‍ അഞ്ചുസെന്റ്, കോര്‍പ്പറേഷനിലാണെങ്കില്‍ മൂന്നുസെന്റ് എന്നിങ്ങനെ പതിച്ചുനല്‍കി. ഈ നടപടികളിലൂടെ കയറിക്കിടക്കാനിടം മാത്രമല്ല, സ്വന്തം മണ്ണില്‍ നട്ടെല്ലു നിവര്‍ത്തിനില്‍ക്കാനുള്ള ആത്മാഭിമാനം കൂടി അടിച്ചമര്‍ത്തപ്പെട്ടവനു ലഭിച്ചു.

പിന്നീടിങ്ങോട്ടുള്ള പുരോഗമന സര്‍ക്കാരുകളാകട്ടെ, കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തി. ഇ എം എസ് പാര്‍പ്പിട പദ്ധതി ഏര്‍പ്പെടുത്തി. ഇതിന്റെയൊക്കെ പ്രധാന ഉപഭോക്തൃസമൂഹം പട്ടികജാതി വിഭാഗം തന്നെയാണ്. ആ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുകയാണ് 2016 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും അതിന്റെ തുടര്‍ച്ചയായ ഈ സര്‍ക്കാരും.

ബജറ്റ് വിഹിതം അനുവദിക്കുന്ന കാര്യത്തില്‍ തന്നെ ഇതു വ്യക്തമാണ്. ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ ബജറ്റ് വിഹിതമാണ് പട്ടികജാതി വിഭാഗങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. കേരളത്തില്‍ പട്ടികജാതി വിഭാഗം 9.1 ശതമാനവും പട്ടികവര്‍ഗ്ഗ വിഭാഗം 1.45 ശതമാനവും ആണെങ്കിലും, യഥാക്രമം വാര്‍ഷിക പദ്ധതിയുടെ 9.8 ശതമാനവും, 2.89 ശതമാനവും വരുന്ന തുക ഈ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ 4 വര്‍ഷത്തെ ബജറ്റിലും സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തി.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ പട്ടികജാതി വികസന വകുപ്പിന് അനുവദിച്ച 1,355 കോടി രൂപയുടെ 98 ശതമാനം വിവിധ പദ്ധതികളിലൂടെ ചെലവഴിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് അനുവദിച്ച 654 കോടി രൂപയില്‍ 459 കോടി രൂപയും ചെലവഴിച്ചു. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വകയിരുത്തിയ എസ് സി þ എസ് ടി സബ് പ്ലാന്‍ വിഹിതത്തില്‍ 85 ശതമാനവും ചെലവഴിച്ചു.

പട്ടികജാതി വകുപ്പിനു കീഴില്‍ 11 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും പട്ടികവര്‍ഗത്തില്‍ 22 സ്കൂളുകളും നടത്തിവരുന്നു. മികച്ച പഠനþ പഠനേതര സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്-മുറി, ലാംഗ്വേജ് ലാബ്, മികച്ച പഠനാന്തരീക്ഷം തുടങ്ങിയവ എം ആര്‍ എസുകളുടെ പ്രത്യേകതകളാണ്. എം ആര്‍ എസുകളിലെയും പ്രീ മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളെ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തി.

മൂന്ന് മാസം കൂടുമ്പോള്‍ തുടര്‍പരിശോധനകള്‍ നടത്തി, കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും സര്‍ക്കാരിന്റെ ശ്രദ്ധ ഉറപ്പിക്കുന്നു. 6 ലക്ഷം പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് നിലവില്‍ വിവിധ സ്കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് 84 പ്രീമെട്രിക് ഹോസ്റ്റലും 19 പോസ്റ്റ് മെട്രിക് ഹോസ്റ്റലും, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 110 പ്രീ മെട്രിക് ഹോസ്റ്റലും 10 പോസ്റ്റ് മെട്രിക് ഹോസ്റ്റലും നടത്തിവരുന്നു.

പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രി, പട്ടികജാതി വികസനത്തില്‍ രാജ്യത്തിനുതന്നെ മാതൃകയാണ്. 2014 ല്‍ ആരംഭിച്ച കോളേജില്‍ മുന്‍സര്‍ക്കാര്‍ 56.54 കോടിരൂപ വിനിയോഗിച്ച സ്ഥാനത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 9 വര്‍ഷത്തിനുള്ളില്‍ 733.22 കോടി രൂപ ചെലവഴിച്ചു. ഓരോ വര്‍ഷവും 100 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നതില്‍, 72 പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കിവിടെ പഠിക്കാന്‍ അവസരമുണ്ട്. 2014 മുതല്‍ 5 ബാച്ചുകള്‍ പഠനം പൂര്‍ത്തീകരിച്ചതില്‍ 413 പട്ടികജാതി വിദ്യാര്‍ത്ഥികളും 15 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരായി സേവനമനുഷ്ഠിക്കുന്നു.

രാജ്യത്തിനാകെ മാതൃകയായ മറ്റൊരു പദ്ധതിയാണ് ‘പഠനമുറി’. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്ന ‘പഠനമുറി’ പദ്ധതിയില്‍ 2022 മുതല്‍ 5 മുതല്‍ 7–ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെയും, കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെയും കൂടി ഉള്‍പ്പെടുത്തി. 2018 മുതല്‍ 2025 വരെ 2 ലക്ഷം രൂപവീതം 40,236 പഠനമുറികള്‍ക്ക് ധനസഹായം അനുവദിച്ചു. പട്ടികവര്‍ഗ്ഗ ഉന്നതികളില്‍ 364 സാമൂഹ്യ പഠനമുറികളും പൂര്‍ത്തീകരിച്ചു.

ഉന്നതി സ്കോളര്‍ഷിപ്പ് ഫോര്‍ ഓവര്‍സീസ് സ്റ്റഡീസ് പദ്ധതി വഴി 842 വിദ്യാര്‍ത്ഥികളാണ് വിദേശ സര്‍വകലാശാലകളില്‍ പഠിക്കുന്നത്. 731 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും 54 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും 57 പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുമാണ് വിദേശപഠന സ്കോളര്‍ഷിപ്പ് ലഭ്യമാക്കിയത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. സിവില്‍ സര്‍വ്വീസ് പരിശീലനത്തിനും പട്ടികവിഭാഗക്കാര്‍ക്ക് സഹായം നല്‍കിവരുന്നു.

പട്ടികവര്‍ഗ്ഗ മേഖലകളിലെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ഉറപ്പുവരുത്തുന്നതിനും, കൊഴിഞ്ഞുപോക്ക് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുമായുള്ള വിദ്യാവാഹിനി പദ്ധതിയില്‍ 90 കോടി രൂപ ചെലവഴിച്ചു. 186 പഞ്ചായത്തുകളിലെ 689 വിദ്യാലയങ്ങളില്‍ നിന്നുള്ള 25,147 വിദ്യാര്‍ത്ഥികള്‍ വിദ്യാവാഹിനി യുടെ ഗുണഭോക്താക്കളാണ്.

ഭൂരഹിതരായ പട്ടികവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കിയതാണ് മറ്റൊരു പ്രധാന നേട്ടം. ഭവനനിര്‍മ്മാണത്തിനായി 9 വര്‍ഷത്തിനുള്ളില്‍ 33,058 പട്ടികജാതിക്കാര്‍ക്ക് 1,653 ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. അതുപോലെ ഭൂരഹിത ഭവന പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 55 ല്‍ നിന്നും 70 ആയും വരുമാനപരിധി ഒരു ലക്ഷം രൂപയായും ഉയര്‍ത്തി. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി നല്‍കാനായി ലാന്റ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം തുടങ്ങിയവ നടപ്പാക്കിവരുന്നു. കഴിഞ്ഞ 9 വര്‍ഷം കൊണ്ട് 8,919 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 8,573.54 ഏക്കര്‍ ഭൂമി വിതരണം ചെയ്തു.

എല്ലാ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഭൂമിയുള്ള രാജ്യത്തെ ആദ്യ ജില്ലയാണ് തിരുവനന്തപുരം. 29,139 പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ 38,581 ഏക്കര്‍ ഭൂമിക്ക് വനാവകാശ പട്ടയം നല്‍കി. ഈ ഭൂമി, റവന്യൂ വില്ലേജില്‍ ഉള്‍പ്പെടുത്തി കരം സ്വീകരിക്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായി. ലൈഫ് മിഷന്‍ മുഖേന 1,51,992 പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചു. 45,048 പട്ടികവര്‍ഗ്ഗക്കാര്‍ക്കാണ് വീട് അനുവദിച്ചത്. അതായത് ലൈഫ് മിഷന്‍ മുഖേന ആകെ അനുവദിച്ച വീടുകളില്‍ 34 ശതമാനത്തോളം പട്ടികജാതി þ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കാണ് ലഭിച്ചത്. 2,500 കോടിയോളം രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്.

ഇതിനുപുറമെ പട്ടികവിഭാഗങ്ങളിലെ അപൂര്‍ണ്ണ ഭവനങ്ങളുടെ പൂര്‍ത്തീകരണ þ പുനരുദ്ധാരണ പദ്ധതിയായ ‘സേഫ്’ 2021 ല്‍ ആരംഭിച്ചതാണ്. 20,829 പട്ടികജാതി കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കി. പട്ടികവര്‍ഗത്തില്‍പ്പെട്ട 11,851 കുടുംബങ്ങള്‍ക്ക് 2.5 ലക്ഷം രൂപ വീതം നല്‍കി. ഈ സാമ്പത്തിക വര്‍ഷത്തില്‍ 10,000 കുടുംബങ്ങള്‍ക്കുകൂടി ‘സേഫി’ല്‍ ധനഹായം അനുവദിക്കും.

നാട്ടിന്‍പുറങ്ങളിലെ അടിസ്ഥാന വികസന പദ്ധതിയായ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി കൂടുതല്‍ വിപുലമാക്കി. 15 കുടുംബങ്ങള്‍ വരെ താമസമുള്ള ഉന്നതികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇതിനുപുറമെ ഭരണാനുമതി ജില്ലാ തലത്തിലുമാക്കിയത് പൂര്‍ത്തീകരണത്തിന് വേഗം കൂട്ടി. 2016 മുതല്‍ 2025 വരെ 1,062 ഉന്നതികളില്‍ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതികള്‍ ഏറ്റെടുത്തു. ഇതിനുപുറമെ അടിസ്ഥാനസൗകര്യ വികസനത്തിനായി കഴിഞ്ഞ 9 വര്‍ഷങ്ങളിലായി 1,037.89 കോടി രൂപ കോര്‍പ്പസ് ഫണ്ട് ഇനത്തിലും നല്‍കി.

കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സിന് യോഗ്യതാ പരീക്ഷ പാസ്സായവരില്‍ 6 വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 25 ലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പ് നല്‍കുന്നു. എയര്‍ലൈന്‍þഎയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സുകളിലും പരിശീലനം നല്‍കിയിരുന്നു. 2022 ല്‍ ആരംഭിച്ച ട്രേസ് (ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്സലന്‍സ്) പദ്ധതിയിലൂടെ ഇതുവരെ 4,044 പ്രൊഫഷണലുകള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ തൊഴില്‍ പരിശീലനം നേടി. എഞ്ചിനീയറിംഗ്, ഡിപ്ലോമ, ഐ ടി ഐ, നഴ്സിംഗ്, പാരാമെഡിക്കല്‍, നിയമം, ജേണലിസം, സോഷ്യോളജി, മാനേജ്മെന്റ് മേഖലകളില്‍ യോഗ്യതയുള്ളവര്‍ക്കാണ് ഹോണറേറിയത്തോടെ തൊഴില്‍ പരിശീലനം നല്‍കുന്നത്. ജെ ഡി സി, എച്ച് ഡി സി യോഗ്യതയുള്ളവരെയും കൂടി ഉള്‍പ്പെടുത്തി ട്രേസ് പദ്ധതി വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍ക്കായി നടത്തിയ ജോബ് ഫെസ്റ്റില്‍ 156 പേര്‍ക്ക് തൊഴിലും ഒഡെപെക് വഴി ഐ ടി ഐ കഴിഞ്ഞ 56 കുട്ടികള്‍ക്ക് വിദേശത്തും തൊഴില്‍ ലഭ്യമാക്കി.

കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പിന്റെ ദിനങ്ങള്‍ വെട്ടിക്കുറയ്ക്കുമ്പോഴും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ട്രൈബല്‍ പ്ലസിലൂടെ അധിക തൊഴില്‍ദിനം കേരളം നല്‍കുന്നുണ്ട്. 204.02 കോടി രൂപയാണ് ട്രൈബല്‍ പ്ലസില്‍ ചെലവഴിച്ചത്. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വനാശ്രിതരില്‍ നിന്നും 88 വനിതകള്‍ ഉള്‍പ്പെടെ 500 പേര്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി സ്ഥിരനിയമനം നല്‍കി. സംവരണ തോതനുസരിച്ച് 25 വര്‍ഷക്കാലയളവില്‍ നടത്തേണ്ട നിയമനങ്ങളാണ് ഇതിലൂടെ, 2023 ല്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കിയത്.

വയനാട് ജില്ലയിലെ സാമൂഹ്യപഠനമുറികള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ഡിജിറ്റലി കണക്റ്റഡ് ട്രൈബല്‍ ഏരിയാസ്. നഴ്സ്, എഞ്ചിനീയര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികകളിലായി പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ 19 പേര്‍ക്ക് ജോലി നല്‍കി. അസിസ്റ്റീവ് ടെക്നോളജി ഉപയോഗിച്ച് സാംക്രമികേതര രോഗങ്ങളും മാനസികാരോഗ്യ അവസ്ഥകളും തടയുന്നതിനും നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2024 സെപ്തംബറില്‍ യു എന്‍ അന്തര്‍ദേശീയ അവാര്‍ഡ് ലഭിച്ചു.

പട്ടികവര്‍ഗ്ഗ സമൂഹത്തിന്റെ തൊഴിലുകളെ നവീകരിച്ച് വരുമാനം ഉറപ്പിക്കുന്ന പദ്ധതിയും നടപ്പാക്കുന്നു. പശ്ചിമഘട്ട വനമേഖലയിലെ കുറുമ്പ വിഭാഗക്കാര്‍ ശേഖരിക്കുന്ന കാട്ടുതേന്‍ സംസ്കരിച്ച് ‘സഹ്യ ഡ്യൂ ഡിലൈറ്റ്ഫുള്‍ എസന്‍സ് ഫ്രം വൈല്‍ഡ്’ എന്ന പേരില്‍ വിപണിയിലിറക്കിയത് ശ്രദ്ധേയമായിരുന്നു. ശര്‍ക്കര നിര്‍മ്മാണത്തിന് പേരുകേട്ട മറയൂരിലെ ആദിവാസി കര്‍ഷകരെ ഒരുമിപ്പിച്ചു രൂപീകരിച്ച കമ്പനി ‘മറയൂര്‍ മധുരം’ എന്ന പേരില്‍ വിപണിയിലിറക്കി. സ്ഥിരമായ തൊഴിലും വരുമാനവും ഇവര്‍ക്ക് ഉറപ്പിക്കാന്‍ ഈ പദ്ധതികളിലൂടെ സാധിക്കുന്നു.

സംസ്ഥാനത്ത് 748 പട്ടികജാതി സഹകരണ സംഘങ്ങളും 101 പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ എല്ലാ ജില്ലകളിലും ഓരോ പട്ടികജാതി þ പട്ടികവര്‍ഗ്ഗ യുവ സഹകരണ സംഘങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പട്ടികജാതി þ പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ക്കും സഹകരണ ഫെഡറേഷനുമായി 22 കോടിയോളം രൂപ ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ‘പുനര്‍ജനി’ എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കിവരികയാണ്. ഇതുവരെ 28 സംഘങ്ങള്‍ക്കാണ് ഈ പദ്ധതിയിലൂടെ സഹായം ലഭ്യമാക്കിയത്.

ഇത്തരത്തില്‍ പട്ടികജാതിþപട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇന്ത്യയിലെ മറ്റു ചിലയിടങ്ങളിലെന്ന പോലെ വര്‍ഗ്ഗീയതയ്ക്കും ഭേദചിന്തകള്‍ക്കും ജാതിവേര്‍തിരിവുകള്‍ക്കും കേരളത്തിലും വേരോട്ടമുണ്ടാക്കാന്‍ ചില ശക്തികള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ചാതുര്‍വര്‍ണ്യമടക്കമുള്ള പ്രതിലോമ ചിന്തകള്‍ കേരളസമൂഹത്തിലേക്ക് സന്നിവേശിപ്പിക്കാനും അതുവഴി ഈ സമൂഹത്തെയാകെ ഛിദ്രീകരിക്കാനും അവര്‍ ശ്രമിക്കുകയാണ്. അതിനു നേതൃത്വം നല്‍കുന്നവരോടും അതിനു കൂട്ടുനില്‍ക്കുന്നവരോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോകും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 − four =

Most Popular