അമേരിക്കനാക്രമണത്തിനെതിരായ, ദേശീയ വിമോചനത്തിനായുള്ള, നമ്മുടെ ജനതയുടെ സമരത്തിന്- ഇനിയും കൂടുതൽ ബുദ്ധിമുട്ടുകളിലൂടെയും ത്യാഗങ്ങളിലൂടെയും കടന്നുപോകേണ്ടിവന്നേക്കാം. എങ്കിലും സമ്പൂർണവിജയം നമ്മുടേതാണ്’ ഇതു സുനിശ്ചിതമാണ്.
അപ്പോൾ തെക്കും വടക്കും സഞ്ചരിച്ചു നമ്മുടെ ധീരരായ നാട്ടുകാരെയും അണികളെയും സൈനികരെയും അഭിനന്ദിക്കുവാനും, വൃദ്ധരെയും നമ്മുടെ പ്രിയപ്പെട്ട യുവാക്കളെയും കുഞ്ഞുങ്ങളെയും സന്ദർശിക്കുവാനും ഞാനുദ്ദേശിക്കുന്നു.
അപ്പോൾ നമ്മുടെ ജനതയുടെ പേരിൽ, സോഷ്യലിസ്റ്റ് ചേരിയിലുള്ള സഹോദരരാഷ്ട്രങ്ങളിലേയ്ക്കും ലോകത്തെ സുഹൃദ‌്-രാജ്യങ്ങളിലേയ്ക്കും ഞാൻ പോകും. അമേരിക്കനാക്രമണത്തിനെതിരെ നമ്മുടെ ജനത നടത്തിയ ദേശസ്നേഹപ്രേരിതമായ സമരത്തിനും അവർ നൽകിയ ഹൃദയപൂർണമായ പിന്തുണയ്ക്കും സഹായത്തിനും നന്ദിപറയും.
താങ് കാലത്തെ പ്രസിദ്ധ ചൈനീസ് കവി തു–ഫു എഴുതി: “‘എഴുപതാം വയസ്സിലെത്തിയവരായി വളരെ കുറച്ചുപേരെയുള്ളൂ.’’
ഈ വർഷം എഴുപത്തിയൊമ്പതു വയസ്സായ ഞാൻ സ്വയം ആ കുറച്ചുപേരിൽ ഒരാളായെണ്ണുന്നു. എങ്കിലും എന്റെ മനസ്സ് ഇപ്പോഴും തെളിഞ്ഞിരിക്കുന്നു ; മുൻകൊല്ലങ്ങളെ അപേക്ഷിച്ച്- എന്റെ ആരോഗ്യം കുറെ മോശമായിട്ടുണ്ടെങ്കിലും. എഴുപതിന്റെ അങ്ങേത്തലക്കലെത്തിയ ഒരാളെ സംബന്ധിച്ചിടത്തോളം, ആരോഗ്യം പ്രായത്തിന്നനുസരിച്ചു മോശമായിക്കൊണ്ടിരിക്കും; അതിൽ അത്ഭുതപ്പെടാനില്ല.
എങ്കിലും, ഇനിയും എത്രകാലം വിപ്ലവത്തെയും പിതൃഭൂമിയെയും ജനതയെയും സേവിക്കാൻ എനിക്കാവുമെന്ന്- ആർക്കറിയാം?
അതിനാൽ, കാറൽ മാർക്സിനെയും ലെനിനെയും പോലുള്ള തലമൂത്ത വിപ്ലവകാരികളോടൊപ്പം ഞാനും ചെന്നുചേരുന്ന നാൾ മുൻകൂട്ടിക്കണ്ട്- ഈ വരികൾ കുറിച്ചിടുന്നു. ഇങ്ങനെ ചെയ്താൽ നാടുമുഴുവനുമുള്ള നമ്മുടെ ജനതയ്ക്കും നമ്മുടെ പാർട്ടി സഖാക്കൾക്കും ലോകസുഹൃത്തുക്കൾക്കും പെട്ടെന്ന് അത്ഭുതപ്പെടേണ്ടിവരില്ലല്ലോ.
ആദ്യം പാർട്ടിയെക്കുറിച്ച്-: തൊഴിലാളിവർഗത്തോടും ജന തയോടും പിതൃഭൂമിയോടുമുള്ള സമർപ്പണം മൂലം, പ്രാരംഭംമുതലേ ജനതയെ ഒന്നിപ്പിക്കാനും സംഘടിപ്പിക്കാനും ദൃഢസമരത്തെ വിജയത്തിൽനിന്നു വിജയത്തിലേയ്ക്കു നയിക്കാനും നമ്മുടെ പാർട്ടിക്കു കഴിഞ്ഞിട്ടുണ്ട്.
ഐകമത്യം നമ്മുടെ പാർട്ടിയുടെയും ജനതയുടെയും വളരെ വിലയേറിയ പാരമ്പര്യമാണ്. കേന്ദ്രസമിതി മുതൽ സെല്ലുവരെയുള്ള എല്ലാ സഖാക്കളും പാർട്ടിക്കുള്ളിലെ ഒരുമയും മാനസികൈക്യവും കണ്ണിലുണ്ണിപോലെ കാത്തുരക്ഷിക്കണം.
പാർട്ടിക്കകത്ത്- വിശാലജനാധിപത്യം നേടുകയും ആത്മവിമർശനവും നിരൂപണവും പതിവായി, ഗൗരവമായി, പരിശീലിക്കുകയുമാണ് ഐകമത്യവും ഒരുമയും ഉറപ്പിച്ചെടുക്കാനുള്ള ഉത്തമ മാർഗം. സൗഹൃദവും വാത്സല്യവും പുലർന്നുകാണണം.
നമ്മുടേതും അധികാരത്തിലുള്ള പാർട്ടിയാണ്. ഓരോ പാർട്ടിയംഗവും, ഓരോ അണിയും, വിപ്ലവസദാചാരത്തിൽ അടിയുറച്ചു വിശ്വസിക്കുകയും കഠിനാദ്ധ്വാനം, മിതവ്യയം, ആർജ്ജവം, സത്യസന്ധത, പുർണ്ണനിസ്വാർത്ഥത, പൊതുതാത്‌പര്യങ്ങൾക്കായുള്ള സമ്പൂർണസമർപ്പണം എന്നിവ കാണിക്കുകയും വേണം നമ്മുടെ പാർട്ടി തികഞ്ഞ പരിശുദ്ധി പുലർത്തുകയും, ജനതയുടെ നേതാവും വിശ്വസ്ത സേവകനുമെന്ന നിലയിൽ അതിന്റെ ഭാഗത്തിനുള്ള അർഹത തെളിയിക്കുകയും വേണം.
തൊഴിലാളിയുവജനസംഘടനാംഗങ്ങളും പൊതുവേ നമ്മുടെ യുവാക്കളും മിടുമിടുക്കന്മാരാണ്; അവർ എപ്പോഴും അപകടങ്ങളെ ഭയക്കാതെ പുരോഗമനവാഞ്-ഛയോടെ, മുന്നോട്ടുവരാൻ തയ്യാറാണ്. പാർട്ടി അവരുടെ വിപ്ലവഗുണങ്ങൾ വളർത്തുകയും അവരെ ചുകന്നവരും സോഷ്യലിസത്തിന്റെ നിർമാണത്തിൽ വിദഗ്ദ്ധരുമായ നമ്മുടെ പിൻഗാമികളാക്കി പരിശീലിപ്പിക്കുകയും വേണം.
ഭാവിവിപ്ലവ പുരുഷാന്തരങ്ങളെ പരിശീലിപ്പിക്കുന്നതും വിദ്യയഭ്യസിപ്പിക്കുന്നതും ഏറെ പ്രധാനമാണ്.
നമ്മുടെ അദ്ധ്വാനിക്കുന്ന ജനത സമതലങ്ങളിലും കുന്നിൻപുറങ്ങളിലും യുഗങ്ങളായി കാഠിന്യങ്ങളും ഫ്യൂഡൽ-കൊളോണിയൽ പീഡനവും ചൂഷണവും തരണം ചെയ്തുപോന്നിട്ടുണ്ട്; പോരാഞ്ഞ്, അവർ ഏറെവർഷത്തെ യുദ്ധവും അനുഭവിച്ചിരിക്കുന്നു. എന്നിട്ടും നമ്മുടെ ജനത മഹത്തായ വീര്യവും ധീരതയും ഉത്സാഹവും കഠിനാദ്ധ്വാനശേഷിയും പ്രദർശിപ്പിച്ചിട്ടുണ്ട്. അവർ പാർട്ടി നിലവിൽ വന്നതുമുതൽ എല്ലായ്പോഴും അസാമാന്യമായ വിശ്വസ്തതയോടെ അതിനെ പിന്തുടർന്നിട്ടുണ്ട്.
ജനതയുടെ ജീവിതനിലവാരമുയർത്തുവാൻ പാർടി ഫലപ്രദമായ ഒരു സാംസ്കാരിക സാമ്പത്തിക വികസനപദ്ധതി നടപ്പിലാക്കണം.
അമേരിക്കനാക്രമണത്തിനെതിരായ പ്രതിരോധയുദ്ധം ഇനിയും തുടർന്നേക്കാം. നമ്മുടെ സഖാക്കൾക്ക്-, സ്വത്തിന്റെയും ജീവന്റെയും, പുതിയ ത്യാഗങ്ങൾ സഹിക്കേണ്ടിവന്നേക്കാം. എന്തുതന്നെ സംഭവിച്ചാലും നാം അന്തിമവിജയംവരെ അമേരിക്കൻ അക്രമികളെ ചെറുക്കുവാനുള്ള നമ്മുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കണം.
നമ്മുടെ പുഴകളും നമ്മുടെ പർവ്വതങ്ങളും നമ്മുടെ ജനതയും എന്നുമുണ്ടായിരിക്കും. അമേരിക്കനക്രമികളെ തോൽപിച്ചാൽ നാം പത്തിരട്ടി സുന്ദരമായ ഒരു നാടു നിർമിക്കും. മുന്നിലുള്ള പ്രയാസങ്ങളും യാതനകളും എന്തെല്ലാമായിരുന്നാലും നമ്മുടെ ജനതയുടെ പൂർണവിജയം സുനിശ്ചിതമാണ‍്. അമേരിക്കൻ സാമ്രാജ്യവാദികൾക്ക് പമ്പകടക്കേണ്ടിവരും. നമ്മുടെ പിതൃഭൂമി വീണ്ടും ഒന്നാകും: വടക്കും തെക്കുമുള്ള നമ്മുടെ നാട്ടുകാർ ഒരേ മേൽക്കൂരയ്ക്കുകീഴിൽ വീണ്ടും കൂടിച്ചേരും. അപ്പോൾ ഒരു കൊച്ചുരാഷ്ട്രമായ നമ്മൾ ധീരമായ ഒരു സമരത്തിലൂടെ രണ്ടു സാമ്രാജ്യങ്ങളെ– ഫ്രഞ്ചും അമേരിക്കനും തോൽപിച്ച് ദേശീയ വിമോചനപ്രസ്ഥാനത്തിന്- വിലപ്പെട്ട സംഭാവന നൽകിയവരെന്ന ബഹുമതി നേടിക്കഴിഞ്ഞിരിക്കും.
ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റി: ജീവിതം മുഴുവൻ വിപ്ലവത്തിനായി സമർപ്പിച്ച ഞാൻ അന്തർദ്ദേശീയ കമ്യൂണിസ്റ്റ്- തൊഴിലാളിപ്രസ്ഥാനത്തിന്റെ വളർച്ചയിൽ അഭിമാനിക്കുന്നതോടൊപ്പം ഇപ്പോൾ സുഹൃദ്-കക്ഷികളെ വിഭജിക്കുന്ന അഭിപ്രായ വ്യത്യാസങ്ങളിൽ വ്യാകുലപ്പെടുകയും ചെയ്യുന്നു.
നമ്മുടെ പാർടി, മാർക്സിസം – ലെനിനിസത്തിന്റെയും അന്തർദ്ദേശീയതൊഴിലാളി പ്രസ്ഥാനത്തിന്റെയും അടിസ്ഥാനത്തിൽ, വിവേകത്തിനും വികാരത്തിനും ചേരും മട്ടിൽ, സോദരകക്ഷികളുടെ ഏകീകരണത്തിന്ന്- കാര്യമായി ശ്രമിക്കുമെന്ന്- ഞാനാശിക്കുന്നു. സോദരകക്ഷികളും രാജ്യങ്ങളും വീണ്ടും ഒന്നിക്കേണ്ടിവരുമെന്ന്- എനിക്കുറപ്പാണ്.
വ്യക്തിപരമായ കാര്യങ്ങളെപ്പറ്റി: ആയുസ്സു മുഴുവൻ പിതൃഭൂമിയെയും വിപ്ലവത്തെയും ജനതയെയും നിറഞ്ഞ ഹൃദയത്തോടെയും കരുത്തോടെയും ഞാൻ സേവിച്ചിട്ടുണ്ട്. ഇപ്പോൾ ലോകം വിടേണ്ടിവന്നാലും ഒന്നിലും ഞാൻ പശ്ചാത്തപിക്കില്ല; കൂടുതൽകാലം, കൂടുതൽ നന്നായി, സേവിക്കാൻ കഴിയാതെപോയതിലൊഴികെ.
ഞാൻ പൊയ്ക്കഴിയുമ്പോൾ ജനങ്ങളുടെ സമയവും പണവും ദുർവ്യയം ചെയ്യാതിരിക്കുവാൻ, വലിയ ശവസംസ്കാരച്ചടങ്ങുകൾ ഒഴിവാക്കണം.
അവസാനമായി, മുഴുവൻ ജനതയ്ക്കും പാർടിയ്ക്കും സേനയ്ക്കും എന്റെ മരുമക്കൾക്കും യുവാക്കൾക്കും കുഞ്ഞുങ്ങൾക്കുമായി ഞാനെന്റെ അതിരറ്റ വാത്സല്യം ഇവിടെ വിട്ടുപോകുന്നു. ലോകത്തെങ്ങുമുള്ള നമ്മുടെ സഖാക്കൾക്കും സുഹൃത്തുക്കൾക്കും യുവാക്കൾക്കും കുഞ്ഞുങ്ങൾക്കും ഞാൻ എന്റെ സ്നേഹം നിറഞ്ഞ ആശംസകളർപ്പിക്കുന്നു.
എന്റെ അന്ത്യാഭിലാഷം, നമ്മുടെ പാർട്ടിയും ജനതയും അവരുടെ യത്നങ്ങൾ ഒന്നിച്ചുചേർത്ത്, ശാന്തവും ഏകീകൃതവും സ്വതന്ത്രവും ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു വിയത്നാം കെട്ടിപ്പടുക്കുകയും ലോക വിപ്ലവത്തിന്- വിലപ്പെട്ട സംഭാവന നൽകുകയും ചെയ്യണമെന്നതാണ്. l



