1942ൽ തെക്കൻ ചെെനയിൽവെച്ച് 52–ാം വയസ്സിൽ ഹോചിമിനെ ചെെനീസ് ചാരനെന്നാരോപിച്ച് ഫ്രഞ്ച് പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. 14 മാസക്കാലം വിവിധ ജയിലുകളിലായി ചങ്ങലയ്ക്കിട്ട് അദ്ദേഹത്തെ അടച്ചു. അക്കാലത്തു ജയിലിലെ ഏകാന്തതയിൽ അദ്ദേഹം കുറിച്ച കവിതാശകലങ്ങളിൽ ചിലതാണ് ഇവിടെ നൽകിയിരിക്കുന്നത്. പരിഭാഷ: സച്ചിദാനന്ദൻ.
കേരള ഗ്രന്ഥശാലാ സംഘം പ്രസിദ്ധീകരിച്ച ഹോ ചി മിൻ ജയിൽ ഡയറിയിൽനിന്ന്.
ഡയറിയിലെ ഒന്നാമത്തെ താള്
കവിത ചൊല്ലൽ എന്റെ ശീലങ്ങളിലൊന്നായിരുന്നില്ല
പക്ഷേ, ഈ തടവറയിൽ ഞാൻ മറ്റെന്തുചെയ്യാനാണ് ?
ഈ തടവിലിട്ട നാളുകൾ ഞാൻ കവിതകളെഴുതിച്ചിലവിടും
ഇവ പാടിപ്പാടി വിമോചനത്തിന്റെ ദിവസം
അടുത്തേയ്ക്ക് കൂടുതലടുപ്പിക്കും.
അപരാഹ്നം
മണി രണ്ട്
ശുദ്ധവായു കടത്തിവിടാൻ തടവറയുടെ കവാടം തുറക്കുന്നു
ആകാശം ഒരു നോക്കുകാണാൻ എല്ലാവരും ശിരസ്സുയർത്തുന്നു
മോചനത്തിന്റെ ആകാശത്തെ ആവേശിച്ചിരിക്കുന്ന
സ്വതന്ത്രാത്മാക്കളേ,
നിങ്ങളറിയുന്നുവോ,
നിങ്ങളുടെ സ്വന്തം വർഗം തടവറകളിൽ തളർന്നുവീഴുന്നത് ?
തടവുകാരന്റെ ഓടക്കുഴൽ
പെട്ടെന്ന് ഒരോടക്കുഴൽ ഗൃഹാതുരമായ ഒരു സ്വരമാലപിക്കുന്നു
വേദനയോടെ ഗാനമുയരുന്നു.
അതിന്റെ രാഗം ഒരു തേങ്ങലാണ്
ആയിരം നാഴികകൾക്കപ്പുറം, മലകൾക്കും പുഴകൾക്കുമക്കരെ
യാത്ര ക്ലേശകരമായ ദുരിതമാണ്.
ആരോ മടങ്ങിയെത്തുന്നത് ഉറ്റുനോക്കുവാൻ
ഏതോ വിദൂരഗോപുരത്തിലേയ്ക്ക്
ഒരു സ്ത്രീ കയറിപ്പോകുന്നതു കാണുംപോലെ.
തെരുവിൽ
ഇവരെന്റെ കയ്യും കാലും കെട്ടിവരിഞ്ഞിരിക്കുന്നു
എങ്കിലും മലകളിൽ ഞാൻ കിളികളുടെ പാട്ടുകൾ കേൾക്കുന്നു
കാടു മുഴുവൻ വസന്തപുഷ്‌പങ്ങളുടെ സൗരഭം നിറഞ്ഞിരിക്കുന്നു
ഈ ദീർഘയാത്രയുടെ ഏകാന്തത അൽപമെങ്കിലും
മയപ്പെടുത്തുന്ന ഇതെല്ലാം
സ്വതന്ത്രമായാസ്വദിക്കുന്നതിൽനിന്ന്–
എന്നെ ആർക്ക് തടയാനാവും ?
ഒരു പല്ലിനു വിട
ചങ്ങാതീ, നീയൊരു കഠിനഹൃദയനായ അഹംഭാവിതന്നെ.
നീ നാവിനെപ്പോലെ മൃദുലഹൃദയനായ ഒരു കൃശഗാത്രനല്ല.
നാമൊന്നിച്ച് എല്ലാ ചവർപ്പും മധുരവും പങ്കുവെച്ചു
എന്നാലിപ്പോൾ നീ പടിഞ്ഞാറോട്ടു പോകണം
ഞാനോ, കിഴക്കോട്ടും.
പന്നിയെച്ചുമക്കുന്ന അകമ്പടിക്കാർ
1
ഞങ്ങൾ തെരുവിലൂടെ നടക്കുന്നു;
അകമ്പടിക്കാർ പന്നികളെ ചുമക്കുന്നു
പന്നികൾ മനുഷ്യരുടെ ചുമലുകളിൽ സവാരിചെയ്യുന്നു
മനുഷ്യരോ ചങ്ങലകളിൽ വലിച്ചിഴയ്ക്കപ്പെടുന്നു
ജന്മസിദ്ധമായ സ്വാതന്ത്ര്യം പണയപ്പെടുത്തിയാൽ
മനുഷ്യന്റെ വില പന്നിയെക്കാൾ കുറവുതന്നെ.
2
ഈ ഭൂമിയിൽ മനുഷ്യന്- പതിനായിരം ദുരിതങ്ങളുണ്ട്
എങ്കിലും സ്വാതന്ത്ര്യത്തിന്റെ നഷ്ടമാണ് ഏറ്റവും വലിയ ദുരിതം
അപ്പോൾ മനുഷ്യന്- ഒരു വാക്ക്-, ഒരാംഗ്യം, നിഷേധിക്കപ്പെടുന്നു.
കുതിരകളെയും കാലികളെയും പോലെ നാം ആട്ടിത്തെളിക്കപ്പെടുന്നു.
ചിരിക്കാനൊരു കാര്യം
സർക്കാരിന്റെ സൽക്കാരം, സർക്കാരിന്റെ കൊട്ടാരത്തിൽ താമസം
സർക്കാരിന്റെ കാവൽക്കാർ മാറി മാറി അകമ്പടി
സർക്കാരിന്റെ മലകളും പുഴകളും മതിവരുവോളം നോക്കിനില്ക്കാം
ഹായ്, ഇത്രയേറെ അനുഗ്രഹംകൊണ്ടു വീർപ്പുമുട്ടുമ്പോൾ
മനുഷ്യൻ തനി മനുഷ്യൻ തന്നെ.
നാനിങ് ജയിൽ
ഇദ ജയിൽ പണിതിരിക്കുന്നത് പുതുപുത്തൻ മട്ടിൽതന്നെ
രാത്രി മുഴുവൻ വളപ്പിൽ വെട്ടിത്തിളങ്ങുന്ന വൈദ്യുതപ്രളയം
പക്ഷേ ഊണിനിരിക്കുമ്പോൾ ഒരു തുടം കഞ്ഞി മാത്രം
വയറിന് അമർഷത്തിലമറാനേ നേരമുള്ളൂ
വിമാനാക്രമണത്തിന്റെ മുന്നറിയിപ്പ്
ശത്രുവിമാനങ്ങൾ ആകാശത്തിൽ അലറിയടുക്കുന്നു
ജനങ്ങളെല്ലാം അഭയം തേടി; ഇപ്പോൾ സ്ഥലം വിജനം.
വിമാനാക്രമണം പ്രമാണിച്ച് ഞങ്ങളെ വെളിയിൽ വിടുന്നു
വിമാനങ്ങൾ ആക്രമിച്ചാലെന്ത്,
ജയിലിനു വെളിയിൽ ഞങ്ങൾ ആഹ്ലാദിക്കുന്നു.
സുഹൃത് സ്മരണ
അന്നു നീ എന്നോടൊത്തു പുഴക്കരയോളം വന്നു.
“‘നീയെന്നു മടങ്ങും?’’, നീ ചോദിച്ചു.
“‘പുതുവിള പഴുത്തുലയുമ്പോൾ’’, ഞാൻ പറഞ്ഞു.
പക്ഷേ വിളകൊയ്തിട്ടിപ്പോൾ നാളേറെയായി,
ഞാനിപ്പോഴും അന്യദേശത്തു തടവറയിൽ കഴിയുന്നു.
നവംബർ പതിനൊന്ന്
1
മുൻപൊക്കെ നവംബർ പതിനൊന്നു വന്നെത്തുമ്പോൾ
യൂറോപ്പിൽ മുഴുവൻ ഒന്നാം ലോകയുദ്ധാവസാനം
ആഘോഷിക്കുമായിരുന്നു
ഇന്ന് ഭൂഖണ്ഡങ്ങളഞ്ചിലും
ചോരചൊരിയുന്ന യുദ്ധങ്ങളിരമ്പുന്നു
ഒന്നാം പ്രതികൾ നാസികൾതന്നെ.
2
ചൈനയുടെ പ്രതിരോധയുദ്ധം തുടങ്ങിയിട്ട് വർഷം ആറായി
അവളുടെ വീരകൃത്യങ്ങൾ ഉലകമാകെ പരന്നിരിക്കുന്നു
വിജയം അവളുടെ കൈപ്പിടിയിലാണ്,
എങ്കിലും പ്രത്യാക്രമണം തുടരുവാൻ പ്രയത്നം ഇനിയും വേണം.
3
ഏഷ്യയിൽ മുഴുവൻ ജപ്പാന്നെതിരായ കൊടികൾ പാറുന്നു,
അവയെല്ലാം ഒരുപോലെയല്ല, വലിയവയുണ്ട്, ചെറിയവയുമുണ്ട്-
നമുക്കു വലിയ കൊടികൾ വേണം
പക്ഷേ നമുക്കു ചെറിയ കൊടികളും വേണം.
ഇളംവെയിൽ
പുലരിയിലെ ഇളംവെയിൽ തടവറയ്ക്കകത്തു കടന്നുവരുന്നു
അതും പുകപടലം തൂത്തുകളയുന്നു, മൂടൽമഞ്ഞെരിച്ചു കളയുന്നു
ജീവന്റെ ശ്വാസം പ്രപഞ്ചം മുഴുവൻ നിറയുന്നു
തടവുകാരുടെ മുഖങ്ങൾ പുഞ്ചിരിയിൽ തിളങ്ങുന്നു
വിയത്നാം, ജാഗ്രത!
അടിമത്തത്തെക്കാൾ നല്ലത് മരണമാണ്.
എന്റെ നാടുനീളെ ചെങ്കൊടികൾ പിന്നെയും പാറുന്നു
ഹാ, ഇത്തരമൊരു കാലത്ത് തടവുകാരനാവുക എത്ര ദുസ്സഹം !
യുദ്ധത്തിൽ എന്റെ പങ്കുചെയ്യുവാൻ എന്നെ എന്നാണുവിട്ടയയ്ക്കുക?
രോഗാധിക്യം
ചൈനയുടെ മാറിമാറിവരുന്ന കാലാവസ്ഥ
എന്റെ ശരീരം തവിടുപൊടിയാക്കി
വിയത്-നാമിന്റെ ദൗർഭാഗ്യങ്ങൾ എന്റെ ഹൃദയം കീറിമുറിക്കുന്നു
തടവറയിൽ രോഗിയായിത്തീരുന്നതു ദുസ്സഹമാണ്-
എങ്കിലും തേങ്ങിക്കരയാനല്ല,
ഒരു പാട്ടു പാടാനാണെനിക്കിഷ്ടം.
പ്രവേശനഫീസ്സ്
ജയിലിലെത്തുമ്പോൾ ഒരു ഫീസുകൊടുക്കണം:
കുറഞ്ഞത് അമ്പതു യ്വാൻ.
ഒരു പൈസയും കയ്യിലില്ലാത്തവനു
അടിയും ഇടിയും ഇടതടവില്ലാതെ. ?!
നാൽപതുനാൾ നഷ്ടം, നിഷ്-പ്രയോജനം
ഉരിയാടാനരുതാത്ത ദുരിതത്തിന്റെ നാൽപതുനാൾ
ഒരിക്കൽകൂടി എന്നെ ല്യൂചൗവിലേയ്ക്കയയ്ക്കുന്നു
പരിഭ്രാന്തികളും പ്രതിബന്ധങ്ങളും പുതുതായിപ്പടരുന്നു ?!
ല്യൂചൗ, ക്വെയിലിൻ, പിന്നെയും ല്യൂ ചൗ,
എന്നെ മുന്നോട്ടും പിന്നോട്ടും തട്ടുന്നു
നിരപരാധിയായ എന്നെ ക്വാങ്സിനീളെ വലിച്ചിഴയ്ക്കുന്നു
ഈ പോക്കുവരവുകളുടെ അറുതിയെന്നാണ്- ?
ശരത്കാലമുദ്രകൾ
പത്തുമണിയാകുമ്പോഴും സ്പർഷികൾ മലമുകളിലെത്തുന്നു
ചീവീടിന്റെ പൊങ്ങിത്താഴുന്ന പാട്ട്
ശരത്കാലം വന്നെന്നു വിളിച്ചറിയിക്കുന്നു
മാറിമാറി വരുന്ന ഋതുക്കളിൽ തടവുകാരനെന്തു കാര്യം
അവൻ സ്വപ്നം കാണുന്നത് ഒരൊറ്റ
ഋതുപരിവർത്തനം മാത്രം: മോചനം
വിലക്കുകൾ
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടജീവിതം എത്ര നികൃഷ്ടം!
പ്രകൃതിയുടെ വിളികൾപോലും വിലക്കുകൾക്കു വിധേയം :
വാതിൽ തുറക്കുമ്പോൾ വയറൊഴിയാൻ കൂട്ടാക്കുന്നില്ല
പ്രകൃതിയുടെ വിളി മുറുകുമ്പോഴോ, വാതിലടഞ്ഞിരിക്കുന്നു.
ഒടുങ്ങാത്ത മഴ
ഒരു തെളിഞ്ഞ ദിവസത്തിന്- ഒൻപതുദിവസത്തെ ഇടമുറിയാത്തമഴ !
എന്റെ ചെരിപ്പുകൾ പിഞ്ചിപ്പോയി;
വഴിയിലെ ചെളിമുഴുവൻ കാലിൽ.
പക്ഷേ നടത്തം എങ്ങനെയായാലെന്ത് എനിക്കു നടന്നേ മതിയാകൂ.
ശരത്കാല നിശ
പടിവാതിലിനു മുമ്പിൽ കാവൽക്കാരൻ തോക്കുമായിനിൽക്കുന്നു
മുകളിൽ കരിപുരണ്ട മേഘങ്ങൾ ചന്ദ്രനെ തട്ടിക്കൊണ്ടുപോകുന്നു
മൂട്ടകൾ മുന്നേറ്റത്തിൽ യന്ത്രത്തോക്കുകളെപ്പോലെ കൂട്ടം കൂടുന്നു
കൊതുകുകൾ പടയണികളായി പോർവിമാനങ്ങൾ
പോലെ ആക്രമിക്കുന്നു
എന്റെ ഹൃദയം ജന്മനാട്ടിലേയ്ക്ക് ഒരായിരം നാഴിക സഞ്ചരിക്കുന്നു
എന്റെ സ്വപ്നം ആയിരം ചരടുകൾ
ചേർത്തുപിരിച്ച നൂൽക്കഴിപോലെ
ദു:ഖവുമായിക്കെട്ടുപിണയുന്നു; /കുറ്റംചെയ്യാതെ
ഒരുവർഷം ഞാൻ ജയിലിൽകഴിച്ചു
കണ്ണുനീർ മഷിയാക്കി ഞാനെന്റെ ചിന്തകൾ
കവിതകളാക്കിമാറ്റുന്നു. l



