പാക് പട്ടാള സ്വേച്ഛാധിപതിയായ സിയാ ഉല്‍ ഹഖിന്റെ ഭരണകാലത്ത് (1978–88) പാകിസ്താനിലുടനീളം ‘മദ്രസ’കളുടെ ശൃംഖലയാണ് സ്ഥാപിക്കപ്പെട്ടത്. ഈ മതാധിഷ്ഠിത ബോര്‍ഡിങ് സ്കൂളുകള്‍ പുതിയ ശൈലിയുള്ള ‘മതപണ്ഡിത’രെ സൃഷ്ടിക്കാനുള്ള പരിശീലനകേന്ദ്രങ്ങളായിരുന്നു. ഭക്ഷണവും വസ്ത്രവും താമസവും സൗജന്യമായിരുന്നതിനാല്‍ പാവപ്പെട്ട അഫ്ഗാന്‍ അഭയാര്‍ഥികളുടെ കുട്ടികള്‍ ഈ മദ്രസാശൃംഖലയിലേക്ക് വന്‍തോതില്‍ എത്തിച്ചേര്‍ന്നു. സാധുക്കളായ കര്‍ഷകകുടുംബങ്ങള്‍ക്ക് ഒരു മകനെയെങ്കിലും ഈ മദ്രസകള്‍ക്ക് സംഭാവന ചെയ്യാന്‍ രണ്ട് കാരണങ്ങളാല്‍ സന്തോഷമായിരുന്നു. ഒന്ന്, ഒരു കുട്ടിയുടെ വസ്ത്രഭക്ഷണാദികളുടെ ചെലവ് കുറഞ്ഞുകിട്ടും. രണ്ട്, ഈ മദ്രസകളിലെ വിദ്യാഭ്യാസാനന്തരം തങ്ങളുടെ മക്കള്‍ക്ക് നഗരങ്ങളിലോ, ഭാഗ്യമുണ്ടെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലോ തൊഴില്‍ ലഭിക്കുമെന്ന് രക്ഷിതാക്കള്‍ കരുതി.
ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാ പ്പാഠം പഠിക്കുന്നതും ദൈവഭക്തിയുള്ള ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതും മാത്രമായിരുന്നില്ല ഈ മദ്രസകളുടെ മുഖ്യദൗത്യം. വിദ്യാര്‍ഥികളുടെ മനസ്സിലുള്ള എല്ലാ സംശയങ്ങളെയും നിഷ്കാസനം ചെയ്യുന്നതായിരുന്നു അവിടെയുള്ള ‘അനന്യബോധനം’. ഏകസത്യം ദൈവകല്‍പിത സത്യമാണെന്നും ഏക പെരുമാറ്റച്ചട്ടം ഖുര്‍ആനിലും ഹദീസുകളിലും എഴുതപ്പെട്ടതാണെന്നും നന്മയും വിശിഷ്ടതയും കുടികൊള്ളുന്നത് വിമര്‍ശനരഹിതവും വിചാരശൂന്യവുമായ അനുസരണശീലത്തിലാണെന്നും ഈ കുട്ടികളെ അഭ്യസിപ്പിച്ചു. ഇമാമിനെ അനുസരിക്കാത്തവര്‍ അള്ളാഹുവിനെതിരെയാണ് കലഹിക്കുന്നതെന്നും അവരെ ഗ്രഹിപ്പിച്ചു. ലക്ഷ്യം വ്യക്തമായിരുന്നു. ഈ മതനേഴ്സറികള്‍ക്ക് ഒരൊറ്റ കാര്യപരിപാടിയാണ് ഉണ്ടായിരുന്നത്. മതോന്മാദികളെ ഉല്‍പ്പാദിപ്പിക്കാനുള്ള മസ്തിഷ്ക പ്രക്ഷാളന കേന്ദ്രങ്ങളായിരുന്നു അവ. ഈ മദ്രസകളിലെ പ്രഥമ പാഠപുസ്തകത്തില്‍ ഉര്‍ദു ശബ്ദാര്‍ഥങ്ങളായ ‘ജീം’ ജിഹാദിനും ‘കാഫ്’ കലാഷ്നിക്കോവിനും ‘കായ്’ കൂന്‍ (ചോരയ്ക്കുമായി) നുമായി നിലകൊണ്ടു. (ഇവിടെ പണ്ട് ‘തറ’, ‘പറ’ എന്നൊക്കെ പഠിപ്പിച്ചിരുന്ന അതേ രീതിയില്‍). (താരിഖ് അലി, ദ ക്ലാഷ് ഓഫ് ഫണ്ടമെന്റലിസംസ്, പുറം, 196.)
അക്കാലത്ത് പാകിസ്താനിലെ 2500 മദ്രസകളില്‍ വിതയ്ക്കപ്പെട്ട വിഷവിത്തുകളാണ് 2,25,000 മതഭ്രാന്തരെ വിളവായി വിരിയിച്ചു വളര്‍ത്തിയത്. മതജന്മികള്‍ പറയുന്നതിനനുസരിച്ച് ആരെയും കൊല്ലാനും താന്താങ്ങളുടെ വിശ്വാസപ്രമാണത്തിനുവേണ്ടി ചാവാനും സദാസജ്ജരായിരുന്നു ഈ പുതിയ വിദ്യാര്‍ഥി ‘മതപണ്ഡിതര്‍’. ഈ മദ്രസകളുടെ നടത്തിപ്പിനുവേണ്ടിയുള്ള ഫണ്ട് മുഖ്യമായും വന്നത് സൗദി അറേബ്യയില്‍ നിന്നായിരുന്നു. ഇതിന് അംഗീകാരം നല്‍കിയത് അമേരിക്കയും. സോവിയറ്റ് യൂണിയന്‍ തിരോഭവിച്ചതോടെ ശീതയുദ്ധം അവസാനിച്ചു. മതഭീകരവാദസംഘങ്ങള്‍ വാഷിങ്ടണിന്റെ ഉദ്ദിഷ്ടകാര്യം സാധിച്ചുകൊടുത്തു. അതോടെ ഇക്കൂട്ടര്‍ക്ക് ആയുധവും അര്‍ഥവും നല്‍കേണ്ടതില്ലെന്ന് അമേരിക്ക തീരുമാനിച്ചു. രായ്ക്കുരാമാനം മതഭീകരവാദികള്‍ അമേരിക്കയ്ക്കെതിരെ പ്രതികാരവാഞ്ഛയുമായി ഇറങ്ങി. 1951 മുതല്‍ അമേരിക്കയെ വിനീതവിധേയമായി സേവിച്ചുപോന്ന പാകിസ്താനിലെ രാഷ്ട്രീയ–സൈനിക നേതൃത്വത്തിന് വാഷിങ്ടണിന്റെ ഈ നിസ്സംഗത അപമാനകരമായിരുന്നു. റിട്ടയര്‍ ചെയ്ത ഒരു പാക് ജനറല്‍ ഈ അവസ്ഥയെ ചരുക്കിപ്പറഞ്ഞത് ഇങ്ങനെയാണ് :‘‘അഫ്ഗാനിസ്താനിലേക്ക് പ്രവേശിക്കാന്‍ അമേരിക്കയ്ക്ക് ആവശ്യമായിരുന്ന ഗര്‍ഭനിരോധന ഉറ ആയിരുന്നു പാകിസ്താന്‍. ഞങ്ങള്‍ ആ കൃത്യനിര്‍വഹണം നടത്തി. ഇനി ആ ഉറ (പാകിസ്താന്‍) ടോയ്ലറ്റിലൂടെ പുറംതള്ളാമെന്ന് അമേരിക്ക കരുതുന്നു’’. (താരിഖ് അലി, പുറം, 197.)
സിയ ഉല്‍ ഹഖിന്റെ കാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വളര്‍ന്നു. ജമാഅത്ത് നേതാക്കള്‍ ഉറപ്പിച്ചത്, വന്‍തോതില്‍ പെട്രോഡോളര്‍ പിന്തുണയുള്ള ഈ മദ്രസകളുടെ നടത്തിപ്പ് തങ്ങള്‍ക്ക് കിട്ടുമെന്നാണ്. തങ്ങളുടെ സമയം വന്നെന്ന് അവര്‍ കരുതി. മദ്രസകളിലെ വിദ്യാര്‍ഥികള്‍ ഭാവിയില്‍ ജമാഅത്തിലെ പുതിയ അംഗങ്ങളായി മാറുമെന്നും അവര്‍ പ്രതീക്ഷിച്ചു. അവരുടെ മോഹം പക്ഷേ, അത്രമേല്‍ സഫലമായില്ല. ഈ മദ്രസകള്‍ക്കുള്ള പെട്രോഡോളറിന്റെ നിര്‍വിഘ്നപ്രവാഹമാണ് ‘പ്രശ്ന’മായത്. വ്യത്യസ്ത ഇസ്ലാമിക സംഘങ്ങള്‍ മദ്രസാ നടത്തിപ്പില്‍ മേല്‍ക്കെെ നേടാന്‍ വേണ്ടിയുള്ള മത്സരത്തിലേര്‍പ്പെട്ടു. ഒടുവില്‍ ഐ.എസ്.ഐ യാണ് വീതംവെപ്പ് നടത്തിയത്. ഐ.എസ്.ഐ ചില ഗ്രൂപ്പുകളെ കൂടുതല്‍ ‘അനുഗ്രഹിച്ചു’. ഏതായാലും ജമാഅത്തെ ഇസ്ലാമി ആഗ്രഹിച്ചപോലെ എല്ലാ മദ്രസകളുടെയും പരിപൂര്‍ണ നിയന്ത്രണം കിട്ടിയില്ല.
‘പാകിസ്താന്റെ ചരിത്രത്തില്‍ ആദ്യമായി ജമാഅത്തെ ഇസ്ലാമി ഭരണത്തില്‍ പങ്കാളിയാകുന്നത് സിയ ഉല്‍ ഹഖിന്റെ കാലത്താണ്. മൗദൂദിസ്റ്റുകളുടെ അധികാരപ്രവേശം സൈനിക സ്വേച്ഛാധിപത്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നു സാരം. ജമാഅത്തെ ഇസ്ലാമി പട്ടാള സര്‍വാധിപതിയെയും പട്ടാള സര്‍വാധിപതി ജമാഅത്തെ ഇസ്ലാമിയെയും താന്താങ്ങളുടെ കാര്യസാധ്യത്തിന് ഉപയോഗപ്പെടുത്തിയ കാലയളവാണിത്. നേരത്തേ ജമാഅത്തിന്റെ മുന്‍കൈയില്‍ രൂപപ്പെട്ട വലതുപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ പാകിസ്താന്‍ ദേശീയ സഖ്യം (പി.എന്‍.എ), ‘നിസാമെ മുസ്തഫ’ (പ്രവാചക മാതൃകയിലുള്ള ഭരണം) എന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. സമര്‍ഥനായ സിയ ഉല്‍ ഹഖ് തന്റെ ലക്ഷ്യം ‘നിസാമെ മുസ്തഫ’യാണെന്നു പ്രഖ്യാപിക്കുകയും പി.എന്‍.എ യെ ഭരണസംവിധാനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ജനറല്‍ ഹഖിന്റെ ഇസ്ലാമീകരണ വാഗ്ദാനം ജമാഅത്തെ ഇസ്ലാമിയെ അദ്ദേഹത്തോട് ഏറെ അടുപ്പിച്ചു. തങ്ങള്‍ ലക്ഷ്യമിട്ട ശരീഅത്ത്-വത്കരണം ഒടുവില്‍ പാകിസ്താനില്‍ നടപ്പാകാന്‍ പോവുകയാണെന്ന് അവര്‍ കരുതുകയും അതില്‍ ഏറെ സന്തോഷിക്കുകയും ചെയ്തു… പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടം എന്നാണ് അസ്ഗര്‍ അലി എഞ്ചിനീയര്‍ സിയ ഉല്‍ ഹഖിന്റെ ഭരണകാലത്തെ (1978–1988) വിശേഷിപ്പിക്കുന്നത്. ജമാഅത്തെ ഇസ്ലാമി അടുത്തും അകന്നും സൈനിക സ്വേച്ഛാധിപതിയോട് ചേര്‍ന്നുനിന്ന കാലവും കൂടിയായിരുന്നു അത്. രാജ്യത്ത് ഇസ്ലാമിക രണോത്സുകതയും തീവ്രവാദവും കനത്ത തോതില്‍ വളര്‍ന്നുവന്ന ഘട്ടവും ഇതുതന്നെ. അമേരിക്കന്‍ സാമ്രാജ്യത്വം സോവിയറ്റ് യൂണിയനും അഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനുമെതിരെ ജനറല്‍ സിയ ഉല്‍ ഹഖിനെയും ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള മതമൗലികþതീവ്രവാദ പ്രസ്ഥാനങ്ങളെയും 1980 കളില്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തി. ഹഖും ജമാഅത്തും യു.എസ് ഭരണകൂടത്തിന്റെയും സി.ഐ.എ യുടെയും താളത്തിനും ചരടുവലികള്‍ക്കുമൊത്ത് തങ്ങളുടെ റോളുകള്‍ ഭംഗിയാക്കുകയും ചെയ്തു. എണ്‍പതുകളില്‍ സംഭവിച്ച അതിഗുരുതരമായ ഈ തെറ്റിനുള്ള കനത്ത വിലയത്രേ ഭീകരവാദ ബീഭല്‍സതയുടെയും ചാവേര്‍ സ്ഫോടനങ്ങളുടെയും രൂപത്തില്‍ ഇപ്പോള്‍ പാകിസ്താന്‍ ഒടുക്കിക്കൊണ്ടിരിക്കുന്നത്’’. (ഹമീദ് ചേന്നമംഗലൂര്‍, ദൈവത്തിന്റെ രാഷ്ട്രീയം, പുറം, 142–143).
കാനഡയിലെ മക്ഗില്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസറായ ടി.വി. പോള്‍ സിയ ഉല്‍ ഹഖിന്റെ കാലത്തെ ഇസ്ലാമികവത്കരണ പ്രക്രിയയെക്കുറിച്ച് The Warrior State : Pakistan in the Contemporary World എന്ന ഗ്രന്ഥത്തില്‍, Religion and Politics എന്ന അധ്യായത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. പാകിസ്താനെ ഏകോപിപ്പിക്കാനും തകര്‍ച്ചയില്‍ നിന്നു രക്ഷിക്കാനും കെല്‍പ്പുള്ള ഒരേയൊരു ശക്തി ഇസ്ലാമാണെന്ന വിചാരമായിരുന്നു സിയ ഉല്‍ ഹഖിന്റെയും അനുയായികളുടെയും പ്രേരകശക്തി. അഫ്ഗാനിസ്താനെതിരായ യുദ്ധത്തില്‍ പാകിസ്താന്റെ ഭൗമ രാഷ്ട്രീയ തന്ത്രപ്രാധാന്യം മുതലെടുത്ത് സിയ നേടിയ പണവും ആയുധങ്ങളും പാകിസ്താനില്‍ ഇസ്ലാമികവത്കരണത്തിനുള്ള പരിപാടികള്‍ക്കും അയാൾ വിനിയോഗിച്ചു. മദ്രസകളിലെ വിദ്യാഭ്യാസത്തിനുള്ള ഗവണ്‍മെന്റിന്റെ സഹായം വര്‍ധിപ്പിച്ചതാണ് ഇതില്‍ പ്രധാനം. അടുത്ത തലമുറകളിലെ കുട്ടികളില്‍ നാടകീയമായ മാറ്റം സൃഷ്ടിക്കാന്‍ കാരണമാകുമെന്ന ബോധ്യത്തോടെയായിരുന്നു ഇത്.
രാഷ്ട്രത്തിന്റെ മതാധിഷ്ഠിത സ്വഭാവം പുനഃസ്ഥാപിച്ച 1949 ലെ ലക്ഷ്യപ്രഖ്യാപന പ്രമേയത്തെ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നു മാറ്റി, ഉള്ളടക്കത്തിലെ അവിഭാജ്യഘടകമാക്കി. ജമാഅത്തെ ഇസ്ലാമി അംഗങ്ങളെ മന്ത്രിസഭയിലുള്‍പ്പെടുത്തുകയും, ഇസ്ലാമിക് കൗണ്‍സിലിനെ ഗവണ്‍മെന്റിന്റെ ഉപദേശകസമിതിയാക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഇസ്ലാമിക പഠനം നിര്‍ബന്ധമാക്കി. അനിസ്ലാമികമെന്നു തോന്നിയ ഭാഗങ്ങള്‍ നീക്കം ചെയ്ത് പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു. ഇസ്ലാമാബാദില്‍ ഒരു പുതിയ അന്തര്‍ദേശീയ ഇസ്ലാമിക സര്‍വകലാശാല സ്ഥാപിച്ചു. മദ്രസാ വിദ്യാഭ്യാസം റഗുലര്‍ വിദ്യാഭ്യാസത്തിനു തുല്യമാക്കി. അങ്ങനെ മദ്രസാ ബിരുദമുള്ളവര്‍ക്ക് ഗവണ്‍മെന്റിലും സൈന്യത്തിലും ജോലിക്ക് അര്‍ഹത ഉറപ്പാക്കി. ജമാഅത്തെ ഇസ്ലാമി അനുഭാവികളായ പതിനായിരക്കണക്കിനാളുകള്‍ക്ക് ജുഡീഷ്യറിയിലും സിവില്‍ സര്‍വീസിലും സൈന്യത്തിലും ജോലി ലഭിക്കാന്‍ ഈ പരിഷ്കാരങ്ങള്‍ സഹായിച്ചു. സായുധസേനയെ ഇസ്ലാമിക രാഷ്ട്രത്തിന്റെ മുഖ്യപരിപാലകനും രക്ഷകനുമാക്കി മാറ്റി. സേനയെ ഇസ്ലാമികവത്കരിക്കുന്നതിനായി ആര്‍മി കമാന്‍ഡിന്റെയും സ്റ്റാഫ് കൊളേജിന്റെയും പാഠ്യപദ്ധതിയില്‍ ഇസ്ലാമിക സിദ്ധാന്തങ്ങള്‍ ഉള്‍പ്പെടുത്തി. ഇസ്ലാമിക വിദ്യാഭ്യാസം പ്രൊമോഷനുകള്‍ക്കുള്ള പരീക്ഷകളുടെ ഭാഗമാക്കി. ഖുര്‍ ആനിലെ യുദ്ധസങ്കല്‍പം ഓഫീസര്‍മാര്‍ വായിച്ചിരിക്കണമെന്ന് ഉത്തരവിട്ടു. മതേതര വിശ്വാസികളായ ഓഫീസര്‍മാരെ തഴഞ്ഞ് യാഥാസ്ഥിതികര്‍ക്ക് പ്രൊമോഷന്‍ നല്‍കി. പട്ടാളക്യാമ്പുകളിലെ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിര്‍ബന്ധമാക്കി. ‘സൈനിക പുരോഹിതന്‍മാ’രായി പ്രവര്‍ത്തിക്കാന്‍ ദിയോബന്തി മുല്ലമാരെ നിയമിച്ചു. സീനിയര്‍ ഓഫീസര്‍മാരില്‍ ബഹുഭൂരിപക്ഷവും സിയയ്ക്ക് മുന്‍പ് ഭൂവുടമകള്‍ ഉള്‍പ്പെടെയുള്ള മേല്‍ത്തട്ടില്‍ നിന്നുള്ളവരായിരുന്നു. സിയയുടെ കാലത്ത് സൈന്യത്തിലെത്തിച്ചേര്‍ന്നവരില്‍ നല്ലൊരു പങ്ക് സര്‍ക്കാര്‍ വിദ്യാലയങ്ങളിലോ മദ്രസകളിലോ പഠിച്ചവരും ചെറിയ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ളവരുമായിരുന്നു. ഈ പുതിയ തലമുറയില്‍ നല്ലൊരു ഭാഗം ജമാഅത്തെ ഇസ്ലാമിയോട് കൂറുപുലര്‍ത്തുന്ന ഇസ്ലാമിസ്റ്റുകളാണ്. (ടി.വി. പോള്‍, യുദ്ധരാഷ്ട്രം : സമകാലിക ലോകത്തെ പാകിസ്താന്‍, ഒലിവ്, 2016, പുറം 171–173)
ജനറല്‍ ഹഖിന്റെ ഇസ്ലാമീകരണം മുന്നോട്ടുപോയത് ഇങ്ങനെയാണ്: ‘‘1978 ഡിസംബറില്‍ അദ്ദേഹം ‘ശരീഅത്ത് കോടതി’ കൊണ്ടുവന്നു. 1980 ല്‍ ‘ശരീഅത്ത് ഫെഡറല്‍ കോടതി’ സ്ഥാപിച്ചു. ഇസ്ലാമിലെ ക്രിമിനല്‍ നിയമങ്ങളും അവയനുസരിച്ചുള്ള ശിക്ഷകളും നടപ്പാക്കുന്നതില്‍ അദ്ദേഹം പ്രത്യേക താത്പര്യമെടുത്തു. പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിന്റെ വധത്തിലേക്ക് നയിച്ച, വിവാദവിധേയമായ മതനിന്ദാനിയമം ജമാഅത്തെ ഇസ്ലാമി പിന്തുണച്ച സിയ ഉല്‍ ഹഖിന്റെ സംഭാവനയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമീകരണം സമം കുറ്റകൃത്യങ്ങള്‍ക്ക് ശരീഅത്ത് അനുശാസിക്കുന്ന ശിക്ഷ നടപ്പാക്കല്‍ എന്നിടത്ത് എത്തിച്ചേര്‍ന്നു പട്ടാള സര്‍വാധിപതിയുടെ ‘പരിഷ്കാരങ്ങള്‍’. (ഹമീദ് ചേന്നമംഗലൂര്‍,ദെെവത്തിന്റെ രാഷ്ട്രീയം പുറം, 142.)
ടി.വി. പോള്‍, ഇസ്ലാമിസ്റ്റുകളുടെ പ്രീതി പിടിച്ചുപറ്റാന്‍ സിയ ഉല്‍ ഹഖ് നടപ്പാക്കിയ ഇസ്ലാമീകരണ തീവ്രയത്ന പരിപാടികള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. അഹമ്മദി വിഭാഗത്തിനെതിരെ ഏറ്റവും രൂക്ഷമായും പലപ്പോഴും രണോത്സുകമായും രംഗത്തുവന്ന ചരിത്രമാണ് പാക് ജമാഅത്തെ ഇസ്ലാമിക്കുള്ളത്. പോള്‍ എഴുതുന്നു : ‘‘അഹമ്മദി വിരുദ്ധനയങ്ങള്‍ സിയാ ഭരണത്തില്‍ കൂടുതല്‍ കര്‍ശനമായി. മതനേതാക്കളുടെ ആവശ്യപ്രകാരം സിയ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ്, അഹമ്മദികള്‍ സ്വയം മുസ്ലിംകളെന്നു പരാമര്‍ശിക്കുന്നതിനെ (അങ്ങനെ ഭാവിക്കുന്നതിനെയും) വിലക്കി. അത്തരം പ്രവൃത്തികളെ ക്രിമിനല്‍ കുറ്റമാക്കുകയും കുറ്റവാളികള്‍ മരണശിക്ഷയ്ക്ക് അര്‍ഹരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് പാകിസ്താനിലാകെ പ്രാന്തവത്കരിക്കപ്പെട്ട ഈ സമുദായം അടിച്ചമര്‍ത്തല്‍ ഭയന്നാണ് കഴിച്ചുകൂട്ടുന്നത്’’.
ഇസ്ലാമിസം നടപ്പില്‍ വരുത്തുന്നതിനുള്ള ഒരു പ്രധാന വേദിയാണ് നിയമവ്യവസ്ഥ. മോഷണക്കുറ്റത്തിന്, കുറ്റവാളി വലംകൈയനാണെങ്കില്‍ ഇടതു കൈയും, ഇടം കൈയനാണെങ്കില്‍ വലതു കൈയും മണിബന്ധത്തില്‍ വച്ചു മുറിച്ചുകളയണമെന്ന് 1977 ജൂലെെ മാസത്തില്‍ സിയ ഉത്തരവിട്ടു. മതനിന്ദാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വളരെപ്പേരെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും അവയില്‍ പലതും നടപ്പിലാക്കപ്പെട്ടില്ല. മതനിന്ദ എന്നാലെന്താണെന്ന് വ്യക്തമാക്കാത്ത ഈ നിയമം, പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ, വിശേഷിച്ച് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ഏറെ ഉല്‍ക്കണ്ഠാകുലരാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന് പുരുഷനെയും സ്ത്രീയെയും പരസ്യമായി ചാട്ടകൊണ്ടടിക്കുന്ന ശിക്ഷ നടപ്പാക്കി. കുറ്റവാളിയും ഇരയും ഒരുപോലെ ഉത്തരവാദിയാണെന്നര്‍ഥം. സ്ത്രീ നല്‍കുന്ന തെളിവിന് പുരുഷന്റേതിനെ അപേക്ഷിച്ച് പാതി മൂല്യമാണുള്ളതെന്നും സിയ ഉത്തരവിട്ടു. സമ്പദ്-വ്യവസ്ഥയുടെ ഇസ്ലാമീകരണത്തിനും സിയ ചില നടപടികള്‍ കൈക്കൊണ്ടു. പലിശ നല്‍കുന്നതിനു പകരം ലാഭനഷ്ടക്കണക്കുകള്‍ മതിയെന്ന് 1981 ലെ ഒരു പ്രഖ്യാപനത്തില്‍ പറഞ്ഞു. റംസാന്‍ മാസത്തിലെ ആദ്യദിവസം ബാങ്കുകളിലെ വാര്‍ഷിക അക്കൗണ്ടുകളില്‍ നിന്ന് 2.5 ശതമാനം സക്കാത്ത് നികുതി ഈടാക്കുന്നതായിരുന്നു മറ്റൊരു ഓര്‍ഡിനന്‍സ്’. (ടി.വി. പോള്‍, യുദ്ധരാഷ്ട്രം, പുറം 172, 173).
ചില ശരീഅത്ത് നിയമ പരിഷ്കാരങ്ങള്‍ തന്റെ പട്ടാളഭരണത്തെ തുരങ്കംവെക്കുമെന്ന് അറിയാമായിരുന്ന സിയ, ‘പട്ടാള നിയമങ്ങളെയോ പട്ടാള ഉത്തരവുകളെയോ ചോദ്യം ചെയ്യാന്‍ ശരീഅത്ത് കോടതികള്‍ക്ക് അധികാരമില്ലെ’ന്ന് പ്രഖ്യാപിച്ചു!
അഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തോടും അതിനെ പിന്തുണച്ച സോവിയറ്റ് യൂണിയനോടും ‘ജിഹാദ്’ നടത്താന്‍ ആയിരക്കണക്കിന് മുജാഹിദ് തീവ്രവാദികള്‍ക്ക് പാകിസ്താനില്‍ പരിശീലനം നല്‍കി. ഐ.എസ്.ഐ യും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ഗാഢബന്ധം സിയയുടെ കാലത്താണ് രൂപപ്പെട്ടത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള ജിഹാദികള്‍ക്ക് ഐ.എസ്.ഐ ആണ് സൈനിക പരിശീലനം നല്‍കിയത്. പെഷവാര്‍ ആയിരുന്നു പരിശീലനത്തിനും വിവിധ ദൗത്യങ്ങളിലേക്ക് ഈ മതോന്മാദികളെ നിയോഗിക്കുന്നതിനുമുള്ള കേന്ദ്രം. അഫ്ഗാനിസ്താനിലെ ‘കമ്യൂണിസ്റ്റ് വിരുദ്ധ, നാസ്തിക വിരുദ്ധ ജിഹാദി’നായി 45 രാജ്യങ്ങളില്‍ നിന്നുള്ള 35,000 വിദേശ ജിഹാദിസ്റ്റുകള്‍ക്ക് യുദ്ധപരിശീലനം നല്‍കിയെന്നാണ് കണക്കാക്കപ്പെടുന്നത്. അഫ്ഗാനിസ്താനില്‍ ജിഹാദിനു പോയവര്‍ പിന്നീട് ആഗോള ജിഹാദിലേക്കും ഇന്ത്യയുടെ ഭാഗമായ കാശ്മീരിനെ കീഴ്പ്പെടുത്താനുള്ള ഭീകരവാദത്തിലേക്കും തിരിഞ്ഞു.
അന്താരാഷ്ട്ര ഇസ്ലാമിസ്റ്റ് ഭ്രമണപഥത്തിലെ ഒരു ‘വിശിഷ്ട’ സംഘടനയായി ജമാഅത്തെ ഇസ്ലാമി മാറിയത് അഫ്ഗാന്‍ ജിഹാദ് ഘട്ടത്തിലാണ്. അഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനു പിന്തുണയുമായി സോവിയറ്റ് സൈന്യം കാബൂളിലെത്തുന്നതിനു മുന്‍പുതന്നെ പാക് ജമാഅത്തെ ഇസ്ലാമി അഫ്ഗാനിസ്താനെ കര്‍മക്ഷേത്രമായി കണ്ടിരുന്നു. പാക് ജമാഅത്തെ ഇസ്ലാമിയുടെ മൂന്നാമത്തെ അമീറായ ഖാസി ഹുസൈന്‍–1 അഹമ്മദ് പഷ്തൂണ്‍ സമുദായക്കാരനായിരുന്നു. അദ്ദേഹത്തിന് അഫ്ഗാനിസ്താനിലെ ഹെസ്ബ്–ഇ –ഇസ്ലാമിയുടെ നേതാവായ ഗുല്‍ബുദ്ദീന്‍ ഹെക്മത്യാറുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഹെക്മത്യാറും പഷ്തൂണ്‍ വിഭാഗത്തില്‍ നിന്നുള്ളയാളായിരുന്നു. 1965 മുതല്‍ തന്നെ പാക് ഇസ്ലാമിസ്റ്റുകളും അഫ്ഗാന്‍ ഇസ്ലാമിസ്റ്റുകളും ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. അഫ്ഗാന്‍ ജിഹാദ് തുടങ്ങിയതോടെ പാക് സൈന്യവും പാക് ജമാഅത്തും തമ്മില്‍ ഒരു കര്‍ത്തവ്യ വിഭജനം നടന്നു. പാക് സൈന്യം നേരിട്ട് ഇടപെട്ടത് മിതവാദികളായ അഫ്ഗാന്‍ പാര്‍ട്ടികളുമായാണ്. ജമാഅത്തിനെ ചുമതലപ്പെടുത്തിയത് അവിടെയുള്ള ഇസ്ലാമിസ്റ്റ് പാര്‍ട്ടികളുമായുള്ള ബന്ധം കൈകാര്യം ചെയ്യാനും. (ഫ്രെഡറിക് ഗ്രെയര്‍, പൊളിറ്റിക്കല്‍ ഇസ്ലാം ഇന്‍ ദ ഇന്ത്യന്‍ സബ്കോണ്ടിനന്റ്: ദ ജമാഅത്തെ ഇസ്ലാമി, പുറം, 66–67). താമസംവിനാ പാകിസ്താന്‍ സൈന്യവും ഐ.എസ്.ഐയും അഫ്ഗാന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സ്ഥാപിച്ചു. l



