നവകേരളസൃഷ്ടിയുടെ ഭാഗമായി കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്തുവാനുള്ള പരിശ്രമങ്ങളിൽ മുന്നില്‍ നടക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. സാമൂഹ്യനീതിയും സമഭാവനയും പുലരുന്ന വികസിത നവകേരളം എന്ന ലക്ഷ്യബോധത്തോടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ആഗോള ഹബ്ബായി സംസ്ഥാനത്തെ പരിവർത്തിപ്പിക്കാനാണീ യാത്ര. നമ്മുടെ സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളായ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ എന്നിവരുടെ സമ്പൂര്‍ണ്ണപുനരധിവാസവും സംരക്ഷണവും ശാക്തീകരണവും ഉറപ്പാക്കാനുള്ള വൈവിധ്യപൂര്‍ണ്ണമായ പദ്ധതികളോടെ, സാമൂഹ്യനീതി വകുപ്പും ഈ പ്രയാണത്തിൽ ഒപ്പമുണ്ട്. അങ്ങനെ ‘ജ്ഞാനകേരളം ക്ഷേമകേരളം’ എന്ന ലക്ഷ്യത്തിലേക്ക് കൈപിടിച്ചും നയിച്ചും കേരളജനതയുടെ ഒപ്പം നടന്നതാണ് ഉന്നതവിദ്യാഭ്യാസ-–സാമൂഹ്യനീതി വകുപ്പുകളുടെ ഇക്കഴിഞ്ഞ നാലുവർഷങ്ങൾ.
മികവിന്റെ റെക്കോര്‍ഡ് ഉന്നതവിദ്യാഭ്യാസത്തിലും
സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ എൽഡിഎഫ് സർക്കാർ നേടിയ മികവിന്റെ റെക്കോര്‍ഡ് ഉന്നതവിദ്യാഭ്യാസത്തിലും കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ നാലു വർഷമായി നടപ്പിലാക്കുന്നത്. അധികാരത്തിൽ വന്നശേഷം ഉന്നതവിദ്യാഭ്യാസ മേഖലയിൽ 900 ബിരുദ പ്രോഗ്രാമുകളും 204 ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു. 36 കോളേജുകള്‍ പുതിയതായി സർക്കാർ അനുവദിച്ചു. ഇതുവഴി മുപ്പതിനായിരത്തിലധികം സീറ്റുകൾ പുതുതായി സൃഷ്ടിക്കപ്പെട്ടു. ഈ അക്കാദമികവർഷത്തോടെ, യുഗപരിവർത്തനം കുറിക്കുന്ന നാലുവർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതോടെ സർവ്വകലാശാലാ കാമ്പസുകളിലും ബിരുദ കോഴ്‌സുകൾ വരുന്നതടക്കം അതിബൃഹത്തായ മാറ്റങ്ങളിലേക്ക് പൂർണ്ണമായും സംസ്ഥാനത്തെ കലാലയങ്ങൾ പ്രവേശിച്ചു കഴിഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷക്കാലത്തിനുള്ളില്‍ ആറായിരം കോടി രൂപ കേരളം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട് എന്ന് കേന്ദ്രസര്‍ക്കാരിന്റെ ഇക്കണോമിക് റിവ്യു തന്നെ എടുത്തു പറയുന്നു. കിഫ്ബി, റൂസ, സംസ്ഥാന സർക്കാരിന്റെ പ്ലാന്‍ ഫണ്ട് ഇവ ഉപയോഗിച്ച് രണ്ടായിരം കോടിയോളം രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടന്നു. സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍, ആധുനിക ലാബുകള്‍, ലൈബ്രറികള്‍, അക്കാദമിക് & അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നിലവില്‍ വന്നു. കേരള, എം ജി സര്‍വ്വകലാശാലകളിലെ സെന്‍ട്രലൈസ്ഡ് ലാബ് സൗകര്യങ്ങൾ രാജ്യത്തു തന്നെ മികച്ചവയാണ്.
നാലുവർഷ ബിരുദ പരിപാടി
ചരിത്രത്തിലാദ്യമായി ഉന്നതവിദ്യാഭ്യാസ മേഖലക്കായി ഒരു സമഗ്ര പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കി. അതിനെ ആധാരമാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലും നാലുവർഷ ബിരുദ പരിപാടി (FYUGP) നടപ്പിലാക്കി.
ഏകീകൃത അക്കാദമിക് കലണ്ടർ
പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടത്തുന്നതിന് ഏകീകൃത അക്കാദമിക് കലണ്ടർ നടപ്പിലാക്കി. കൃത്യസമയത്ത് പരീക്ഷ നടത്തി സമയബന്ധിതമായ ഫലപ്രഖ്യാപനത്തിന് തുടക്കം കുറിച്ചു.
കെ- റീപ്പ്
വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ഡിജിറ്റൽ സാങ്കേതികവിദ്യയുപയോഗിച്ച് നൽകാൻ കേരള റിസോഴ്‌സ് ഫോർ എഡ്യുക്കേഷണൽ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ് (കെ- റീപ്പ്) എന്ന പേരിൽ സമഗ്ര വിഭവാസൂത്രണ സോഫ്റ്റ് വെയർ നടപ്പിലാക്കി. കണ്ണൂർ സർവ്വകലാശാലയിൽ നാലുവർഷ ബിരുദം ആദ്യ സെമസ്റ്റർ പരീക്ഷയും ഫലപ്രഖ്യാപനവും കെ- റീപ്പ് വഴിയാക്കിയപ്പോൾ പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഫലപ്രഖ്യാപനം നടത്തി മാർക്ക് ലിസ്റ്റ് വിദ്യാർത്ഥികൾക്ക് എത്തിക്കാൻ കഴിഞ്ഞ മാതൃക മറ്റു സർവ്വകലാശാലകളിലേക്കും വ്യാപിപ്പിക്കുകയാണ്.
സെന്റര്‍ ഫോര്‍ സ്കില്‍ ഡവലപ്മെന്റ് ആൻഡ് കരിയര്‍ പ്ലാനിങ്
വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണി വികസന കോഴ്സുകൾ ലഭ്യമാക്കാൻ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സെന്റര്‍ ഫോര്‍ സ്കില്‍ ഡവലപ്മെന്റ് ആന്‍ഡ്- കരിയര്‍ പ്ലാനിങ് ആരംഭിക്കാൻ നടപടികളായി.
സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതേ ലക്ഷ്യത്തോടെ ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, കണക്റ്റ് കരിയർ ടു കാമ്പസ് പദ്ധതികൾ നടപ്പിലാക്കി വരുന്നു. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നതിനും സ്റ്റാർട്ട് അപ്പ് മിഷനുമായി സഹകരിച്ച് എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റം ഉണ്ടാക്കാൻ എല്ലാ സ്ഥാപനങ്ങളിലും ഓരോ റിസർച്ച് പാർക്ക് സ്ഥാപിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുന്നു.
അക്രഡിറ്റേഷൻ / റാങ്കിങ് നേട്ടങ്ങൾ
നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC), നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF), നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (NBA) എന്നിവയുടെ ഗുണനിലവാര പരിശോധനയിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മികച്ച നേട്ടം കൈവരിക്കാനായി.
292 സ്ഥാപനങ്ങൾക്ക് നാക് അക്രഡിറ്റേഷൻ ലഭിച്ചു. കേരള, മഹാത്മാഗാന്ധി സർവ്വകലാശാലകൾക്ക് എ ഡബിൾ പ്ലസും കാലിക്കറ്റ്, കുസാറ്റ്, സംസ്‌കൃത സർവ്വകലാശാലകൾക്ക് എ പ്ലസും ഗ്രേഡുകൾ ലഭിച്ചു.
28 കോളേജുകൾക്ക് എ ഡബിൾ പ്ലസ്, 49 കോളേജുകൾക്ക് എ പ്ലസ്, 82 കോളേജുകൾക്ക് എ ഗ്രേഡുകൾ എന്നിവയും ലഭിച്ചു.
എൻഐആർഎഫ് റാങ്കിംഗിൽ സർവ്വകലാശാലകളുടെ പട്ടികയിൽ ആദ്യ നൂറിൽ സംസ്ഥാനത്തെ നാലു സർവ്വകലാശാലകൾ ഇടംനേടി. ദേശീയ തലത്തിൽ കേരള 21, കുസാറ്റ് 34, എംജി. 37, കാലിക്കറ്റ് 89 എന്നീ സ്ഥാനങ്ങൾ നേടി. പൊതുപട്ടികയിൽ കേരളയ്ക്ക് 38, കുസാറ്റിന് 51, എംജിയ്ക്ക് 67 എന്നീ റാങ്കുകൾ നേടി.
സ്റ്റേറ്റ് പബ്ലിക് സർവ്വകലാശാലാ പട്ടികയിൽ കേരള 9, കുസാറ്റ് 10, എം.ജി. 11, കാലിക്കറ്റ് 43 എന്നിങ്ങനെയാണള റാങ്ക് നില.
കോളേജുകളുടെ പട്ടികയിൽ രാജ്യത്തെ ആദ്യ നൂറിൽ 16 കോളേജുകൾ, ആദ്യ ഇരുനൂറിൽ ൽ 42 കോളേജുകൾ കേരളത്തിൽ നിന്ന്. ആദ്യ മുന്നൂറിൽ 71 കോളേജുകൾ ഉൾപ്പെട്ടതിൽ 16 എണ്ണം സർക്കാർ കോളേജുകൾ.
2024 നവംബറിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ 63 എൻജിനീയറിങ് കോളേജുകളിലെ 248 ബിരുദ പ്രോഗ്രാമുകൾക്കും, അഞ്ച് എൻജിനീയറിങ് കോളേജുകളിലെ 21 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും എൻബിഎ അംഗീകാരം ലഭിച്ചു. സംസ്ഥാനത്തെ ആകെ 11 പോളിടെക്‌നിക് കോളേജുകളിലെ 38 പ്രോഗ്രാമുകൾക്കും എൻബിഎയുടെ അംഗീകാരം കിട്ടി.
സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ സെന്റർ (SAAC), കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് (KIRF)
നാക് (NAAC) മാതൃകയിൽ സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ സെന്ററും (SAAC), എൻഐആർഎഫ് മാതൃകയിൽ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കും (KIRF) സ്ഥാപിച്ചു. എല്ലാ സ്ഥാപനങ്ങളിലും ഗുണനിലവാര പരിശോധനയ്ക്ക് സംവിധാനം ഏർപ്പെടുത്തി. SLQAC സ്ഥാപിച്ച് അക്രെഡിറ്റേഷനാവശ്യമായ പരിശീലനവും ലഭ്യമാക്കുന്നു.
വികസന നിധി
കഴിഞ്ഞ നാലു വർഷങ്ങളിൽ 2718 കോടി രൂപ സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് ഉയർന്ന വിദ്യാഭ്യാസത്തിനായി ചെലവിട്ടു. കിഫ്ബി വഴി 65 പദ്ധതികൾക്കാ യി 1844 കോടി രൂപയും റൂസ വഴി 158 പദ്ധതികൾക്കായി 532 കോടി രൂപയും നീക്കിവച്ചു.
അധ്യാപക- അധ്യാപകേതര
തസ്തികകൾ,
പുതിയ കോളേജുകൾ
കോളേജുകളിൽ 1603 പുതിയ അധ്യാപക തസ്തികകൾ, 73 പുതിയ കോളേജുകൾ സർവ്വകലാശാലകളിൽ 246 അധ്യാപക തസ്തികകളും 562 അധ്യാപകേതര തസ്തികളും സാങ്കേതിക വിദ്യാഭ്യാസ കലാലയങ്ങളിൽ 441 അധ്യാപക തസ്തികകളും 511 അധ്യാപകേതര തസ്തികളും സൃഷ്ടിച്ചു.
ലഹരിക്കെതിരെ ബോധപൂർണ്ണിമ
ക്യാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ബോധപൂർണ്ണിമ ക്യാമ്പയിനിന്റെ ഭാഗമായി എൻഎസ്എസ് വളന്റിയർമാരെയും എൻസിസി കേഡറ്റുമാരെയും ചേർത്ത് ലഹരിവിരുദ്ധ കർമ്മസേന ASAAD (Agents for Social Awareness Against Drugs) രൂപീകരിച്ചു.
ഓരോ കലാലയത്തിലെയും എൻഎസ്എസ് – എൻസിസി വിഭാഗം വിദ്യാർത്ഥികളിൽനിന്നും തിരഞ്ഞെടുത്ത പത്തുപേർ വീതമുള്ള (ആകെ 20) വളന്റിയർമാർ ചേരുന്നതാണ് ക്യാമ്പസ് തല കർമ്മസേന. ഓരോ കർമ്മസേനാംഗവും മൂന്നുവർഷക്കാലം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നു.
ജീവനി മാനസികാരോഗ്യ പദ്ധതി
വിദ്യാർത്ഥികളിലെ മാനസിക സംഘർഷം കുറയ്ക്കാൻ ജീവനി മാനസികാരോഗ്യ പദ്ധതി ആരംഭിച്ചു. സൈക്കോളജിയിൽ ബിരുദ-–ബിരുദാനന്തര ബിരുദമുള്ളവരെ ഒരു വർഷത്തെ കാലാവധിയിൽ എല്ലാ സർക്കാർ കോളേജുകളിലും നിയമിച്ച് വിദ്യാർത്ഥികൾക്ക് ആവശ്യമായ കൗൺസലിങ്ങും മറ്റ് മാനസികാരോഗ്യ സേവനങ്ങളും നൽകി വരുന്നു. 2023 മുതൽ എയ്ഡഡ് കോളേജുകളിലേക്കും ജീവനി വ്യാപിപ്പിച്ചു. 7,848 കേസുകൾ പരിഹരിക്കാൻ ജീവനി വഴി സാധിച്ചു.
സ്റ്റാർട്ടപ്പ് – ഗവേഷണ സൗകര്യങ്ങൾ എല്ലാ സർവ്വകലാശാലകളിലും
ഉന്നതവിദ്യാഭ്യാസത്തിന്റെ മൂന്ന് മുഖ്യധാരകൾ ഗവേഷണവും തൊഴിലിന് ഉപയുക്തമായ നൈപുണി വികസനവും സ്റ്റാർട്ടപ്പ് സംവിധാനവുമാണെന്ന് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. ഇതിന് യോജിച്ച തരത്തിൽ ഗവേഷണ സൗകര്യങ്ങൾ ഒരുക്കുകയാണ് എല്ലാ സർവ്വകലാശാലകളിലും. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ മികവിന്റെ കേന്ദ്രങ്ങൾ, ട്രാൻസ്‌ലേഷണൽ ഗവേഷണ കേന്ദ്രങ്ങൾ, റിസർച്ച് ലബോറട്ടറികൾ എന്നിവ കിഫ്‌ബി ധനസഹായത്തോടെ ഒരുങ്ങിവരുന്നു.
വിളപ്പിൽശാലയിൽ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയോട് ചേർന്ന് തിരുവനന്തപുരം എൻജിനീയറിങ് ആൻഡ് ടെക്‌നോളജി പാർക്ക് സ്ഥാപിക്കുന്നതിന് അമ്പതേക്കർ സ്ഥലം ഏറ്റെടുക്കാൻ കിഫ്‌ബി മുഖേന 190.60 കോടി രൂപ അനുവദിച്ചു. സ്ഥലം കൈമാറുന്ന മുറയ്ക്ക് വിപുലമായ ഇൻക്യൂബേഷൻ, സ്റ്റാർട്ട് അപ്പ് സൗകര്യങ്ങളുള്ള റിസർച്ച് പാർക്ക് ഇവിടെ സ്ഥാപിക്കും.
ഏൺ വൈൽ യു ലേൺ;
ഇൻഡസ്ട്രി ഓൺ ക്യാമ്പസ്
വിദ്യാർത്ഥികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അവരിൽ വിപണന അഭിരുചി വളർത്തുന്നതിനും “Earn While You Learn’ വിജയകരമായി മുന്നേറുകയാണ് കലാലയങ്ങളിൽ.
“Industry on Campus’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് വെസ്റ്റ് ഹിൽ പോളിടെക്നിക് കോളേജിലെ കുട്ടികൾ കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾക്കായി മുപ്പത് ഇ-ഓട്ടോറിക്ഷകൾ നിർമ്മിച്ചു നൽകി. 45 എണ്ണം കൂടി ഇങ്ങനെ നൽകും. പദ്ധതിയുടെ ഭാഗമായി മിനി ഫാബ് ലാബുകളും ഉത്പാദന പരിശീലന കേന്ദ്രങ്ങളും തെരഞ്ഞെടുത്ത പോളിടെക്നിക്കുകളില്‍ സ്ഥാപിച്ചു. ഇങ്ങനെ എല്‍ഇഡി ബള്‍ബുകള്‍, ട്യൂബുകള്‍, ഇലക്ട്രോണിക് കിറ്റുകള്‍, കാര്‍ഷിക മെഷിനറികള്‍, ഇലക്ട്രിക്ക് വെഹിക്കിള്‍ ബാറ്ററികള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളായി പോളിടെക്നിക്കുകള്‍ മാറി. പെരുമ്പാവൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ 116.92 ലക്ഷം രൂപ മുടക്കി മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികളിലാണിപ്പോൾ.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് എല്ലാ സർക്കാർ എഞ്ചിനീയറിങ് കോളേജുകളിലും പോളിടെക്നിക്കുകളിലും ‘സ്‌കീം ഫോർ ഹെർ എംപവർമെന്റ് ഇൻ എഞ്ചിനീയറിങ് എഡ്യുക്കേഷൻ’ (SHE) നടപ്പിലാക്കി വരുന്നു. എൽബിഎസ് വനിതാ എൻജിനീയറിങ് കോളേജിൽ വനിതാ വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച കൃത്രിമ ഉപഗ്രഹം WESAT (Women Engineered Satellite) ഐഎസ്ആർഒയുടെ സഹായത്തോടെ വിക്ഷേപിച്ചത് സാർവ്വദേശീയ ശ്രദ്ധ നേടി. വിദ്യാർത്ഥിനികൾ നിർമിച്ച രാജ്യത്തെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ആണ് വിസാറ്റ്. പെൺകുട്ടികൾക്ക് എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ ഗവേഷണത്തിനും നൈപുണ്യവികസനത്തിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിന്റെ പ്രതിഫലനങ്ങളാണ് ഇതിലടക്കം കാണുന്നത്. തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളേജിൽ പത്തു കോടി രൂപ മുതൽമുടക്കിൽ Artificial Intelligence, Machine Learning, Robotics and Automation എന്നീ വിഷയങ്ങളിൽ മികവിന്റെ കേന്ദ്രം സ്ഥാപിച്ചതും ഇക്കാലയളവിലാണ്.
സംസ്ഥാനത്തെ ആദ്യത്തെ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ഐഎച്ച്ആർഡിയുടെ കീഴിലെ കൊട്ടാരക്കര എൻജിനീയറിങ് കോളേജിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത ഐടി കമ്പനിയായ സോഹോ കോർപറേഷനുമായി സഹകരിച്ചാണ് പാർക്ക്. കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഐഎച്ച്ആർഡിയുടെ ആദ്യത്തെ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയും ആരംഭിച്ചു. വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾക്കാവശ്യമായ സ്റ്റെബിലൈസറുകൾ വ്യാവസായിക സഹകരണത്തോടെ വിദ്യാർത്ഥികളുടെ അറിവും കഴിവും പ്രയോജനപ്പെടുത്തി നിർമ്മിക്കുകയാണിവിടെ. പഠനകാലത്തു വരുമാനം ലഭ്യമാകുന്ന തരത്തിൽ കുട്ടികളുടെ തൊഴില്‍നൈപുണി ഉയര്‍ത്തുന്നതും തൊഴില്‍ ആഭിമുഖ്യം വളർത്തുന്നതും ലക്ഷ്യമിട്ടാണ് ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി. ഐഎച്ച്ആർഡിയുടെ തന്നെ വിവിധ സ്ഥാപനങ്ങളിൽ നൈപുണി വികസന കേന്ദ്രങ്ങൾക്കും തുടക്കം കുറിച്ചു.
വയോജനക്ഷേമത്തിന്
രാജ്യത്ത് ആദ്യമായി കമ്മീഷൻ
വയോജനസംഖ്യ വര്‍ദ്ധിച്ചുവരികയും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് പരിമിതികളുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വയോജനസംരക്ഷണം കൂടുതല്‍ കാര്യക്ഷമമായി ഏറ്റെടുക്കാന്‍ കഴിയുന്ന വിധത്തില്‍ വയോജന കമ്മീഷൻ രൂപീകരിക്കാൻ നിയമനിർമാണ നടപടികൾ പൂർത്തിയാക്കി.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച MWPSC Act 2007ന്റെ ഫലപ്രദമായ നിര്‍വ്വഹണത്തിന് ഉതകുന്ന വിധത്തില്‍ 27 റവന്യൂ ഡിവിഷനുകളിലും മെയിന്റനന്‍സ് ട്രിബ്യൂണലുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
മുതിര്‍ന്ന പൗരര്‍ക്ക് ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ സംവിധാനമായി എല്‍ഡര്‍ ലൈന്‍ പദ്ധതി നടപ്പാക്കി. 14,567 ടോൾ ഫ്രീ നമ്പറിൽ സേവനം ലഭിക്കും.
അടിയന്തര സാഹചര്യങ്ങളില്‍ വയോജനങ്ങള്‍ക്ക് പരിചരണവും സംരക്ഷണവും ഉറപ്പാക്കുവാനായി വയോരക്ഷ ക്രൈസിസ് മാനേജ്മെന്റ് പദ്ധതി നടപ്പാക്കി വരുന്നു. ആരുടെയും തുണയും കരുതലും സഹായവുമില്ലാതെ ജീവിക്കുന്ന മുതിർന്ന പൗരർക്ക് അടിയന്തര വൈദ്യസഹായം, പുനരധിവാസം, കെയർ ഗീവേഴ്സിന്റെ സേവനം, നിയമ സഹായം എന്നിവ വയോരക്ഷ പദ്ധതിയിലൂടെ എത്തിക്കുന്നു.
വയോജന സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുന്ന വയോജന വെബ് പോര്‍ട്ടല്‍ ആരംഭിക്കുന്നതിന് തുടക്കമായി.
നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന 16 വയോജന ഹോമുകളോടൊപ്പം പുതുതായി കോട്ടയം ജില്ലയിലെ മുളക്കുളത്ത് വയോജന ഹോമും, ആലപ്പുഴയില്‍ ശയ്യാവലംബികള്‍ക്കുള്ള വയോജന ഹോമും തുടങ്ങി.
വൃദ്ധസദനങ്ങളെ ആധുനികവത്കരിച്ചുകൊണ്ട് എല്ലാ സൗകര്യവുമുള്ള വാസസ്ഥലമാക്കാന്‍ സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതി നടപ്പാക്കി വരുന്നു.
82 സായംപ്രഭ ഹോമുകള്‍ പകല്‍വീടുകളായി പ്രവര്‍ത്തിച്ചു വരുന്നു. രജിസ്റ്റര്‍ ചെയ്ത മുതിര്‍ന്ന പൗരര്‍ക്ക് ഈ ഹോമുകളില്‍ വയോപോഷണ പദ്ധതി പ്രകാരം ഭക്ഷണം നല്‍കി വരുന്നു.
സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളിലും വയോമിത്രം പദ്ധതിയിലൂടെ മരുന്നു വിതരണം, ഡോക്ടര്‍മാരുടെയും, പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം, മാനസികോല്ലാസത്തിനുള്ള വയോജന ക്ലബ്ബ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
സര്‍ക്കാര്‍ വയോജന ഹോമുകളിലെ അന്തേവാസികള്‍ക്ക് ഭാരതീയ ചികിത്സാ സമ്പ്രദായത്തിൽ വയോ അമൃതം പദ്ധതി, കൃത്രിമ ദന്തങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് സഹായം നല്‍കുന്ന മന്ദഹാസം പദ്ധതി തുടങ്ങി നിരവധി ആരോഗ്യ സേവനങ്ങള്‍ നൽകുന്നു.
വയോജനമേഖലയില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വയോസേവന അവാര്‍ഡുകള്‍ നല്‍കി വരുന്നു.
ഓര്‍മ്മക്കുറവുമായി ബന്ധപ്പെട്ട അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ അവസ്ഥകളുള്ള വയോജനങ്ങള്‍ക്കായി ഓര്‍മ്മത്തോണി പദ്ധതി ആരംഭിച്ചു. മെമ്മറി ക്ലിനിക്കുകളിലൂടെ മരുന്നുകള്‍, മെഡിക്കല്‍ സഹായം, മറ്റു പരിശീലനങ്ങള്‍ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു. എറണാകുളം ജില്ലയിലെ എടവനക്കാടും, തൃശ്ശൂര്‍ കുന്നംകുളത്തും പൂര്‍ണ്ണസമയ ഡിമെന്‍ഷ്യ പരിചരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഭിന്നശേഷി സൗഹൃദ
കേരളത്തിന്
കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കാൻ ബാരിയര്‍ ഫ്രീ കേരള പോലുള്ള പദ്ധതികള്‍ മുന്നേറുന്നു. സമൂഹവും ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കര്‍മ്മമേഖലകളിലും തടസ്സരഹിതമായി ഇടപെടാന്‍ കഴിയുമാറ് പൊതുഇടങ്ങളും പൊതുഓഫീസുകളും കലാലയങ്ങളും വിദ്യാലയങ്ങളും ലൈബ്രറികളും പാര്‍ക്കുകളും തിയറ്ററുകളുമെല്ലാം തടസ്സരഹിതമാക്കി ഭിന്നശേഷിക്കാര്‍ക്ക് പ്രാപ്യത ഉറപ്പുവരുത്താനാണ് ലക്ഷ്യം.
RPWD Act നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസത്തില്‍ 5% സംവരണവും തൊഴിലില്‍ 4% സംവരണവും നൽകാൻ നടപടികളെടുത്തു. 1452 തസ്തികകള്‍ ഭിന്നശേഷി നിയമനത്തിന് അനുയോജ്യമായി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തു.
ഭിന്നശേഷിക്കാര്‍ക്ക് സഹായോപകരണങ്ങള്‍ വിവിധ ഏജന്‍സികളിലൂടെ വിതരണം ചെയ്യുന്നു. കാഴ്ചപരിമിതര്‍ക്കുള്ള കാഴ്ച പദ്ധതി, ശ്രവണ സഹായികള്‍ നല്‍കുന്ന ശ്രവണ പദ്ധതി, ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കുന്ന ശുഭയാത്ര പദ്ധതി എന്നിവ ഉദാഹരണങ്ങൾ.
ഭിന്നശേഷിത്വം പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് വ്യതിയാനങ്ങള്‍ തിരുത്താൻ സഹായിക്കുന്ന പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ (Early Detection and Early Intervention Centres) ഫലപ്രദമായി പ്രവർത്തിക്കുന്നു. ഭ്രൂണാവസ്ഥയിലിരിക്കുമ്പോൾ തന്നെ വ്യതിയാനങ്ങള്‍ കണ്ടെത്തി നൽകുന്ന തെറാപ്പി സൗകര്യങ്ങൾ, പരിശീലനങ്ങൾ, ചികിത്സ എന്നിവ നൽകുന്ന റീജണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകൾ സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്നു. 25 മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ സെന്ററുകളും ഇതിനായി പ്രവര്‍ത്തിച്ചുവരുന്നു.
ഭിന്നശേഷി പുനരധിവാസ ശാക്തീകരണ പ്രവര്‍ത്തനങ്ങളിൽ നിഷും (National Institute of Speech and Hearing) നിപ്മറും (National Institute of Physical Medicine and Rehabilitation) ദേശീയ ശ്രദ്ധ നേടിയ മികവിന്റെ കേന്ദ്രങ്ങളായി വളര്‍ന്നു. ഏറ്റവും ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തെറാപ്പികളും മറ്റു പരിശീലനങ്ങളും ഈ കേന്ദ്രങ്ങളിൽ നൽകുന്നു. ഈ വര്‍ഷം അസിസ്റ്റീവ് ടെക്നോളജി മേഖലയില്‍ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പുരസ്കാരവും നിപ്മർ നേടി. ഒക്യുപ്പേഷണല്‍ തെറാപ്പി പോലെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകളും ഈ സ്ഥാപനങ്ങളില്‍ ആരംഭിച്ചു.
സാമൂഹ്യ പുനരധിവാസ പദ്ധതിയായ അനുയാത്ര പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍, വയനാട്, മലപ്പുറം, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് പദ്ധതിയുടെ ഭാഗമായി റിഥം ആര്‍ട്ട് രൂപീകരിച്ചു.
സ്റ്റേറ്റ് പ്രോഗ്രാം ഫോര്‍ എഡ്യുക്കേഷന്‍ ആൻഡ് എംപവര്‍മെന്റ് ഫോര്‍ ദ ഡിസേബിള്‍ഡ് (SPEED) പദ്ധതി ആരംഭിച്ചു.
സ്റ്റേറ്റ് ഇനിഷിയേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് (എസ്.ഐ.ഡി) വഴി ഓട്ടിസം മേഖലയില്‍ സ്പെക്ട്രം എന്ന സമഗ്രപദ്ധതി നടപ്പാക്കി വരുന്നു. ഓട്ടിസം സ്ക്രീനിങ്, ആധുനിക തെറാപ്പി സൗകര്യങ്ങള്‍, ഓട്ടിസം മേഖലയിലെ പഠനങ്ങളും ഗവേഷണങ്ങളും, രക്ഷിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കുമുള്ള വിദഗ്ദ്ധ പരിശീലനം, ഓട്ടിസ്റ്റിക് ആയവര്‍ക്ക് നൈപുണ്യവികസനം എന്നിവ ഈ പദ്ധതിയിലൂടെ നടപ്പാക്കി വരുന്നു. കൂടാതെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, മഞ്ചേരി എന്നീ മെഡിക്കല്‍ കോളേജുകളിലും നിംഹാന്‍സിലും ഓട്ടിസം സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
നിപ്മറിലും നിഷിലും ആധുനിക സംവിധാനങ്ങളോടുകൂടിയ ചൈല്‍ഡ് ഡെവലപ്മെന്റ് ആൻഡ്- റിസര്‍ച്ച് സെന്ററും ഓട്ടിസം സ്പെക്ട്രല്‍ ഡിസോര്‍ഡര്‍ യൂണിറ്റും പ്രവര്‍ത്തിച്ചുവരുന്നു.
എസ്.ഐ.ഡി. മുഖേന പ്രീ- സ്കൂള്‍ തലം മുതല്‍ സ്പെഷ്യല്‍ കുട്ടികള്‍ക്ക് അനുയോജ്യമായ പരിശീലനം നല്‍കുന്ന സ്പെഷ്യല്‍ അങ്കണവാടികള്‍, ഭൗതിക വെല്ലുവിളികള്‍ നേരിടുന്ന മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററുകള്‍, റീജണല്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ എന്നിവ നടന്നുവരുന്നു.
ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിന് സംസ്ഥാനത്ത് മൂന്ന് സംയോജിത പുനരധിവാസ ഗ്രാമങ്ങള്‍ തയ്യാറാക്കാൻ നടപടികള്‍ ആരംഭിച്ചു. അതിനുള്ള ഡി.പി.ആര്‍. തയ്യാറാക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്.
ട്രാൻസ്ജെൻഡർ
സമൂഹത്തിനൊപ്പം
ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് പദ്ധതിയ്ക്ക് 4,15,000 രൂപ, ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കുളള ഹോസ്റ്റൽ സൗകര്യത്തിന് 7,44,000 രൂപ, ട്രാൻസ്ജെൻഡർ ദമ്പതികൾക്കായുളള വിവാഹ ധനസഹായ പദ്ധതിയ്ക്ക് 60,000 രൂപ എന്നിങ്ങനെ ചെലവിട്ടു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുളള ധനസഹായം, ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്കുളള തുടർചികിത്സ പദ്ധതി എന്നിവയ്ക്ക് 70,27,186 രൂപയും ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനങ്ങള്‍ക്ക് 30,86,528 രൂപയും ചെലവഴിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി ഒരു കലാട്രൂപ്പ് രൂപീകരിക്കുന്ന
‘അനന്യം പദ്ധതി’ ആരംഭിച്ചു
വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി/പി.ജി കോഴ്സുകള്‍ പഠിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്ക് ഒരുവര്‍ഷം 24,000 രൂപവരെ ധനസഹായം നൽകുന്ന വര്‍ണ്ണം പദ്ധതി ആവിഷ്കരിച്ചു.
ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്ക് മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന് സാമ്പത്തിക സഹായം അനുവദിയ്ക്കുന്ന യത്നം പദ്ധതി, ട്രാൻസ്‌ജെൻഡർ അഭിരുചിക്കനുസരിച്ച് തൊഴില്‍പരിശീലനം നല്‍കി സ്വയം പ്രാപ്തരാക്കാൻ സാകല്യം പദ്ധതി, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായം നല്‍കുന്ന കരുതല്‍ പദ്ധതി, പാതിവഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്ന മുഴുവന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികൾക്കും തുടര്‍വിദ്യാഭ്യാസം സാധ്യമാക്കാൻ സമന്വയ പദ്ധതി എന്നിവ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി.
ട്രാൻസ്‌ജെൻഡർ വ്യക്തികളിലെ ആത്മഹത്യാ പ്രവണത, വിഷാദം, അമിത ഉത്കണ്ഠ എന്നിവ പ്രതിരോധിക്കുന്നതിന് കൗണ്‍സലിംഗ് പരിശീലനം നല്‍കി.
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കലാഭിരുചിയും സര്‍ഗ്ഗ വാസനയും പരിപോഷിപ്പിക്കുന്നതിന് ട്രാൻസ്‌ജെൻഡർ കലോത്സവം ആരംഭിച്ച് വിജയകരമായും ആകർഷകത്വത്തോടെയും മുന്നോട്ടു പോകുന്നു.
പ്രകൃതിദുരന്തങ്ങള്‍, അടിയന്തര സാഹചര്യം എന്നിവയെ അതിജീവിക്കാൻ ട്രാന്‍സ്ജെന്‍ഡര്‍ /ക്വിയര്‍ വ്യക്തികള്‍ക്ക് ദുരന്തനിവാരണ പരിശീലനം നല്‍കി.
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സാമൂഹിക പുനരധിവാസത്തിനും പുരോഗതിക്കുമായുള്ള ബോധവല്‍ക്കരണ പരിപാടിയുടെ വിപുലീകരണത്തിന് നിയമ വിദഗ്ദ്ധർ, ഡോക്ടര്‍മാര്‍, ജെന്‍ഡര്‍ വിഷയ വിദഗ്ദ്ധർ/ ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ജില്ലകളില്‍ പുതിയ റിസോഴ്സ് പൂള്‍ രൂപീകരിച്ചു.
സമൂഹത്തിൽ നിന്നും കുടുംബങ്ങളിൽ നിന്നും ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ അപകടങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾക്കിടയിൽ തന്നെയുള്ള പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം കണ്ടെത്താൻ ആധുനിക വിവരസാങ്കേതിക സജ്ജീകരണങ്ങളോടെ ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ എറണാകുളം ജില്ലയിലെ കാക്കനാട്ട് ആരംഭിക്കാൻ പ്രാരംഭ നടപടികളായി.
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കു വേണ്ടി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കാസര്‍കോട് മൂളിയാര്‍ വില്ലേജില്‍ സഹജീവനം സ്നേഹഗ്രാമം ഒന്നാംഘട്ടം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
ദീർഘകാല ചികിൽസ ആവശ്യമുള്ളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടിനുള്ളിൽ കഴിയുന്നവര്‍ക്ക് 2200, 1700, 1200 എന്നിങ്ങനെ പ്രതിമാസ ധനസഹായം നൽകിവരുന്നു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ ഗണത്തിൽ പൂർണ്ണമായും കിടപ്പിലായവരോ ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടുള്ളവരോ ആയവരെ പരിചരിക്കുന്ന ഒരാൾക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന സ്പെഷ്യൽ ആശ്വാസകിരണം പദ്ധതി പ്രകാരം 700 രൂപ വീതം ധനസഹായമായി നൽകി വരുന്നു.
എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 2000, 3000, 4000 രൂപ നിരക്കുകളില്‍ ഒറ്റത്തവണ ധനസഹായം നൽകി വരുന്നു.
കാസർകോട് ജില്ലയിലെ പത്ത് ബഡ്‌സ് സ്‌കൂളുകളെ മാതൃകാ ശിശുവികസന കേന്ദ്രങ്ങളാക്കി ഉയർത്തി പ്രവർത്തനം ആരംഭിച്ചു. 2024–-25 വര്‍ഷത്തില്‍ ധനസഹായത്തിന് 16.71 കോടി രൂപ അനുവദിച്ചു. l



