Wednesday, March 4, 2026

ad

Homeവിശകലനംഅമേരിക്കൻ ഭരണവർഗവും ട്രംപ് വാഴ്ചയും –4

അമേരിക്കൻ ഭരണവർഗവും ട്രംപ് വാഴ്ചയും –4

ജോൺ ബെല്ലമി ഫോസ്റ്റർ

തുടക്കത്തിൽ ടീ പാർട്ടി (Tea Party) സ്വാതന്ത്ര്യബോധത്തിന്റേതായ ഒരു പ്രവണതയെയാണ് പ്രതിനിധാനം ചെയ്തത്; അതിനാവശ്യമായ സാമ്പത്തിക സഹായം നൽകിയത് വൻകിട മൂലധനമാണ്; പ്രതേ-്യകിച്ചും കോച്ച് സഹോദരന്മാർ – ഡേവിഡ് കോച്ചും ചാൾസ് കോച്ചും – പ്രതിനിധാനം ചെയ്യുന്ന വൻകിട എണ്ണക്കമ്പനികൾ ; കോച്ച് സഹോദരങ്ങൾ (ഇരുവരും) അക്കാലത്തുതന്നെ അമേരിക്കയിലെ ഏറ്റവും വലിയ 10 ശതകോടീശ്വരരിൽ ഉൾപ്പെട്ടിരുന്നു; പ്രധാനമായും സ്വകാര്യ മൂലധന താൽപര്യക്കാരുടെ നീതിസംഹിതയുമായി പൊതുവെ ബന്ധപ്പെട്ടിരുന്ന സമ്പന്നരായ വ്യക്തികൾ ഉൾപ്പെട്ടിരുന്ന, കോച്ച് നെറ്റ്-വർക്ക് എന്ന പേരിൽ അറിയപ്പെട്ടിരുന്ന സംവിധാനവും ടീ പാർട്ടിക്ക് പിന്തുണയായുണ്ടായിരുന്നു. ഫെഡറൽ ഇലക്ഷൻ കമ്മിഷനെതിരെ സിറ്റിസൺസ് യുണെെറ്റഡ് എന്ന തീവ്ര വലതുപക്ഷ സംഘടന നൽകിയ കേസിൽ 2010ൽ അമേരിക്കൻ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ, സമ്പന്നരും കോർപ്പറേഷനുകളും രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർഥികൾക്ക് ഫണ്ട് നൽകുന്ന കാര്യത്തിൽ നൂറ്റാണ്ടിലേറെ കാലമായി നിലനിന്നിരുന്ന മിക്കവാറുമെല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തു; ഇത് അമേരിക്കൻ രാഷ്ട്രീയത്തിൽ മുൻപൊരുകാലത്തും ഉണ്ടായിട്ടില്ലാത്തവിധം കള്ളപ്പണത്തിന്റെ കുത്തൊഴുക്കിന് അവസരം നൽകി. റിപ്പബ്ലിക്കൻ പാർട്ടിക്കാരായ 87 ടീ പാർട്ടി അംഗങ്ങൾ അമേരിക്കൻ പ്രതിനിധി സഭയിലേക്ക് ഇതേ തുടർന്ന് ഇരച്ചുകയറി; പ്രധാനമായും ഇത് ഡെമോക്രാറ്റിക് പാർട്ടിക്കാർ തീരെ ഇല്ലാത്തതും കള്ളക്കളിയിലൂടെ നുഴഞ്ഞുകയറാൻ സാധ്യതയുള്ളതുമായ ജില്ലകളിൽനിന്നായിരുന്നു. ടീ പാർട്ടിക്കാർക്കു വേണ്ടപ്പെട്ട ആളായ മാർക്കൊ റൂബിയൊ ഫ്ളോറിഡയിൽനിന്ന് അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ടീ പാർട്ടിയുടെ കടമ പുതിയ പരിപാടികൾ ഏറ്റെടുക്കുക മാത്രമല്ലെന്നും മറിച്ച് ഫെഡറൽ ഗവൺമെന്റിന്റെ പ്രവർത്തനം തന്നെ തടയുകയാണെന്നും അധികം വെെകാതെ വ്യക്തമായി തുടങ്ങി. ടീ പാർട്ടി പ്രസ്ഥാനം കെെവരിച്ച ഏറ്റവും വലിയ നേട്ടം 2011ലെ ബജറ്റ് കൺട്രോൾ ആക്ട് പാസാക്കാൻ കഴിഞ്ഞതാണ്; ജനങ്ങൾക്ക് മൊത്തത്തിൽ നേട്ടമുണ്ടാകുന്ന തരത്തിലുള്ള ഫെഡറൽ ചെലവഴിക്കലുകൾ തടയുകയെന്ന ലക്ഷ്യത്തോടെ ചിട്ടപ്പെടുത്തിയ നിയന്ത്രണങ്ങളും തടസ്സങ്ങളും കൊണ്ടുവരികയായിരുന്നു ഇതിലൂടെ. (സാമ്രാജ്യത്തെ താങ്ങിനിർത്തുന്നതിനുള്ള സെെനിക ചെലവുകൾ കുറയ്ക്കുന്നതിനും മൂലധനത്തെ നിയന്ത്രിക്കുന്നതിനും പകരമായാണിത്); ഇതിന്റെ ഫലമായാണ് 2013ൽ പൊതുവെ പ്രതീകാത്മകമെന്ന് പറയാവുന്ന സർക്കാർ പ്രവർത്തനം സ്തംഭിക്കുന്ന അവസ്ഥയുണ്ടായത്. ടീ പാർട്ടിയാണ് വംശീയ ഗൂ—ഢാലോചനാ സിദ്ധാന്തം (ബെർതറിസം) കൊണ്ടുവന്നത്; വിദേശത്തു ജനിച്ച മുസ്ലീമാണ് ഒബാമയെന്ന വാദം ഇതിന്റെ ഭാഗമായി വന്നതാണ്.

താഴെ തട്ടിൽ നിന്നുയർന്നുവന്ന ഒരു പ്രസ്ഥാനമാണ് ടീ പാർട്ടി എന്ന് കരുതാനാവില്ല; അത് യഥാർഥത്തിൽ യാഥാസ്ഥിതിക മാധ്യമ ഗൂഢാലോചനയിൽ ഉരുവംകൊണ്ടതാണെന്ന് പറയുന്നതാണ് ശരി; നവലിബറലിസത്തിന്റെ കെടുതികൾ ഏറ്റവുമധികം അനുഭവിച്ച വെള്ളക്കാരായ താഴ്ന്ന ഇടത്തരം വർഗത്തിൽപെട്ട മഹാഭൂരിപക്ഷം പേരെയും (അമേരിക്കയിലെ ഏറ്റവുമധികം തീവ്ര ദേശീയവാദികളും വംശീയവാദികളും സെക്സിസ്റ്റുകളും പകരംവീട്ടൽ മനോഭാവക്കാരുമായ ജനവിഭാഗമാണ് ഇത്തരക്കാർ) അണിനിരത്താൻ കുത്തക ഫിനാൻസ് മൂലധനത്തിലെ ഒരു വിഭാഗത്തിന് സാധിച്ചതിൽനിന്ന് രൂപപ്പെട്ട ചരിത്രപരമായ ഒരു പ്രസ്ഥാനമാണതെന്നും പറയാനാവില്ല. വ്യവസ്ഥിതിയുടെ ‘‘പിന്നണിപ്പട’’ എന്ന് മിൽസ് സൂചിപ്പിച്ചത് ഈ നിരയെയാണ്. താഴ്ന്ന തലങ്ങളിൽപെട്ട മാനേജർമാർ, ചെറുകിട ബിസിനസ് ഉടമകൾ, ഗ്രാമങ്ങളിലെ ചെറുകിട ഭൂഉടമസ്ഥർ, വെള്ളക്കാരായ ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ എന്നിവരെപോലെയുള്ള മുതലാളിത്ത സമൂഹത്തിലെ താഴ്ന്ന ഇടത്തരം വർഗം/വിഭാഗം ഉൾപ്പെടുന്നതാണിവർ; മുതലാളിത്ത സമൂഹത്തിലെ ഈ വിഭാഗം പരസ്പരവിരുദ്ധമായ വർഗ താൽപര്യങ്ങളുള്ളവരാണ്. സമൂഹത്തിലെ ശരാശരിക്കാരായവരെക്കാൾ പൊതുവെ മെച്ചപ്പെട്ട സ്ഥിതിയിലുള്ളവരാണിവർ; താഴ്ന്ന ഇടത്തരം വർഗം ഭൂരിപക്ഷം വരുന്ന തൊഴിലാളി വർഗത്തെക്കാൾ മുകളിലുള്ളവരും ഉയർന്ന ഇടത്തരം വർഗം അഥവാ പ്രൊഫഷണൽ മാനേജീരിയൽ വിഭാഗത്തിൽപെട്ടവരെക്കാൾ താഴ്ന്ന നിരയിലുള്ളവരുമാണ്; വിദ്യാഭ്യാസം താരതമേ-്യന കുറഞ്ഞ ഇവർ വൻകിട മൂലധനത്തിന്റെ പ്രതിനിധികളുമായി പലപ്പോഴും ചേർന്നുനിൽക്കുകയാണ് ചെയ്യുന്നത്. തൊഴിലാളിവർഗത്തിനിടയിലേക്ക് ‘‘വഴുതി വീണേക്കുമോയെന്ന ഭീതി’’യിൽ കഴിയുന്നവരായാണ് ഈ വിഭാഗത്തെ വിശേഷിപ്പിക്കുന്നത്. ചരിത്രപരമായി ഫാസിസ്റ്റ് വാഴ്ചകൾ ഉയർന്നുവരുന്നത്, മുതലാളിവർഗത്തിന് തങ്ങൾ ഭീഷണി നേരിടുകയാണെന്ന് തോന്നുമ്പോഴാണ്; സമൂഹത്തിലെ രാഷ്ട്രീയവും സാമ്പത്തികവും സാമ്രാജ്യപരവുമായ മൗലികമായ വെെരുദ്ധ്യങ്ങൾക്ക് പരിഹാരം കാണാൻ ലിബറൽ ഡെമോക്രസിക്ക് കഴിയാതെ വരുമ്പോഴുമാണ്. ഈ പ്രസ്ഥാനങ്ങൾ ആശ്രയിക്കുന്നത്, താഴ്ന്ന ഇടത്തരം വർഗക്കാർ (അഥവാ പെറ്റീബൂർഷ്വാസി), തൊഴിലാളിവർഗത്തിലെ കൂടുതൽ വിശേഷാധികാരങ്ങളും സൗകര്യങ്ങളും അനുഭവിക്കുന്ന ചില വിഭാഗങ്ങൾക്കൊപ്പം ഭരണവർഗത്തിൽ അണിചേരുന്നതിനെയാണ്.

2013ൽ ടി പാർട്ടിക്ക് മങ്ങലേറ്റിരുന്നു; എങ്കിലും 2015ൽ സ്ഥാപിതമായ ഹൗസ് ഫ്രീഡം കോക്കസിന്റെ രൂപത്തിൽ വാഷിങ്ടണിൽ അപ്പോഴേക്കും ഗണ്യമായവിധം അധികാരം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, 2016 ഓടുകൂടി ഇത് ട്രംപിന്റെ അമേരിക്കയെ വീണ്ടുമൊരു മഹത് രാഷ്ട്രമാക്കൽ (MAGA- – Make America Great Again) പ്രസ്ഥാനമെന്നനിലയ്ക്ക് രൂപാന്തരം പ്രാപിച്ചു; ഇത് അമേരിക്കൻ ഭരണവർഗ വിഭാഗങ്ങളും അണിനിരത്തപ്പെട്ട താഴ്ന്ന ഇടത്തരം വർഗവും തമ്മിലുള്ള അടുത്ത സഖ്യത്തെ ആധാരമാക്കിയ പൂർണ അർഥത്തിലുള്ള നവഫാസിസ്റ്റ് രാഷ്ട്രീയ സംവിധാനമായി മാറിക്കഴിഞ്ഞു; ഇതാണ് 2016ലെയും 2024ലെയും തിരഞ്ഞെടുപ്പുകളിൽ ട്രംപിന്റെ വിജയത്തിനിടയാക്കിയത്. ടീ പാർട്ടി അംഗവും കോച്ച് പിന്തുണച്ച ഇൻഡ്യാനയിൽ നിന്നുള്ള തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരനുമായ മെെക് പെൻസിനെ 2016ൽ ട്രംപ് തന്റെ വെെസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കി. 2025ൽ ടീ പാർട്ടി ഹീറോ ആയ റൂബിയൊയെ ട്രംപ് വിദേശകാര്യ സെക്രട്ടറിയാക്കി. ടീ പാർട്ടിയെക്കുറിച്ച് പറഞ്ഞ ട്രംപിന്റെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു: ‘‘അത്തരം ആളുകൾ ഇപ്പോഴും അവിടെത്തന്നെയുണ്ട്. അവർ തങ്ങളുടെ കാഴ്-ചപ്പാടിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ടീ പാർട്ടി ഇപ്പോഴും നിലനിൽക്കുന്നുണ്ട് – ഇപ്പോൾ അതിന്റെ പേര് അമേരിക്കയെ വീണ്ടുമൊരു മഹത് രാഷ്ട്രമാക്കൽ (മാഗ) ആയെന്ന വ്യത്യാസമേയുള്ളൂ’’.

ട്രംപിന്റെ മാഗ രാഷ്ട്രീയ ചേരിക്കാർ ധനയാഥാസ്ഥിതികത്വത്തെക്കുറിച്ച് വലിയ ഉപദേശവും പ്രചരണവുമൊന്നും നടത്തില്ല; വലതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അത് ലിബറൽ ജനാധിപത്യത്തെ തകർക്കാനുള്ള ഉപാധി മാത്രമാണ്. എന്നിരുന്നാലും മാഗാ പ്രസ്ഥാനം താഴ്ന്ന ഇടത്തരം വർഗത്തെ ലക്ഷ്യം വെച്ചുള്ള റിവാഞ്ചിസ്റ്റ് വംശീയ സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രത്തെ വച്ചുപുലർത്തി. അതിനൊപ്പം ഡെമോക്രാറ്റുകളുടേതിനു സമാനമായ തീവ്രദേശീയവാദപരവും മിലിറ്ററിസ്റ്റുമായ വിദേശ നയവും പിൻപറ്റി. ഉയർന്നുവരുന്ന ചെെനയെ മാത്രമാണ് ട്രംപിന്റെ വിദേശനയത്തിൽ ഏകശത്രുവായി നിർവചിക്കപ്പെട്ടിട്ടുള്ളത്. നേതാവിന്റെ നടപടികൾ അലംഘനീയമെന്നു പരിഗണിക്കപ്പെടുന്ന നായകതത്വം (Leader Principle – നേതാവാണ് അവസാന വാക്കെന്ന തത്വം) വീണ്ടും ഉയർന്നുവന്നിരിക്കുകയാണ് മാഗാ നവഫാസിസത്തിൽ. ഇതിനോടൊപ്പം ഗവൺമെന്റിനുമേൽ ഭരണവർഗത്തിലെ അറുപിന്തിരിപ്പൻ വിഭാഗങ്ങളുടെ, നിയന്ത്രണവും കൂടിച്ചേരുന്നു. ഇറ്റലിയിലെയും ജർമനിയിലെയും ക്ലാസിക്കൽ ഫാസിസത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനൊപ്പം (നാസികൾക്കുകീഴിൽ വികസിപ്പിക്കപ്പെട്ട ഒരു സങ്കൽപ്പനം) ഭരണകൂടത്തിന്റെ ബലപ്രയോഗത്തെ അടിസ്ഥാനമാക്കിയ നടപടികളും വർധിച്ചു; മിലിറ്ററിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും തീവ്രതയും ഇതിനൊപ്പം വർധിച്ചു. മൊത്തത്തിലുള്ള ഈ യുക്തിക്കനുസൃതമായി; നവഫാസിസത്തിന്റെ ഉയർന്നുവരവിനുള്ള അടിത്തറയായി നവലിബറലിസവും കൂടിച്ചേരുന്നു; ‘‘പോരടിക്കുന്ന സഹോദരങ്ങൾ’’ എന്ന വിധത്തിലുള്ള ഒരു തരം സഹകരണവും ഇതിനോടൊപ്പം വരുന്നു; കുത്തക മുതലാളിവർഗത്തിന്റെ ഏറ്റവും ഉയർന്ന തട്ടിൽ വേരുറപ്പിച്ചിട്ടുള്ള, ഭരണകൂടത്തിലും മാധ്യമരംഗത്തും ആധിപത്യം പുലർത്തുന്ന പിടിച്ചുനിൽക്കാനാവാത്ത നവഫാസിസ്റ്റ് – നവലിബറൽ സഖ്യത്തിന്റെ അന്ത്യത്തിലാണ് ഇത് കലാശിക്കുന്നത്.

അമേരിക്കയിൽ ഭരണവർഗത്തിലെ അതിശക്തമായ ഒരു വിഭാഗത്തിന്റെ നേരിട്ടുള്ള ഭരണമാണ് ഇന്ന് നടക്കുന്നത് എന്ന കാര്യം ഇനി ആർക്കും അധികകാലം നിഷേധിക്കാനാവില്ല. ശതകോടീശ്വരരുടെ ക്ലബ്ബിൽ വരുന്നുണ്ടെങ്കിലും വികസിത മുതലാളിത്ത രാജ്യങ്ങളിൽ സ്വത്തിന്റെ കുടുംബപാരമ്പര്യാടിസ്ഥാനം സമീപകാലത്തെ വിശകലനങ്ങളിൽ പ്രകടമായിക്കാണുന്നുണ്ട്. പ്രത്യേകിച്ചും, തോമസ് പിക്കറ്റിയുടെ Capital in the Twenty First Century (മൂലധനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ) എന്ന കൃതിയിൽ. മാനേജ്മെന്റ് കാര്യങ്ങൾ കെെകാര്യം ചെയ്യുന്ന ഒരു പ്രമാണിവർഗം അഥവാ കോർപ്പറേറ്റ് സമ്പന്നരുടെ ഒരു കൂട്ടായ്മയാണ് ഈ വ്യവസ്ഥിതിയെ പ്രവർത്തിപ്പിക്കുന്നത് എന്ന് വാദിക്കുന്നവരുണ്ട്; അതുപ്രകാരം വലിയ തോതിൽ സമ്പത്ത് സമാഹരിക്കുന്നവരും അവരുടെ കുടുംബങ്ങളും നെറ്റ്-വർക്കുകളും പിന്നണിയിൽ നിൽക്കുന്നു; മുതലാളിവർഗത്തിന് ഭരണകൂടത്തിനുമേൽ ശക്തമായ നിയന്ത്രണമില്ല; അതിനവർക്ക് കഴിയുകയുമില്ല എന്നിങ്ങനെയുള്ള വാദഗതികളൊക്കെ തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വർഗയുദ്ധം എന്നതിനെക്കാളുപരി വർഗസമരം എന്നതാണ് ഇന്നത്തെ യാഥാർഥ്യം. ശതകോടീശ്വരനായ വാറൻ ബുഫെ പ്രസ്താവിച്ചതുപോലെ, ‘‘വർഗയുദ്ധം നടക്കുന്നുണ്ട്, ശരിതന്നെ! പക്ഷേ, എന്റെ വർഗമാണ്, സമ്പന്നവർഗമാണ് യുദ്ധമുണ്ടാക്കുന്നത്; ഞങ്ങൾ തന്നെയാണ് വിജയിക്കുന്നതും.’’

ആഗോളമിച്ചത്തിന്റെ കേന്ദ്രീകരണം അമേരിക്കൻ കുത്തക മുതലാളിവർഗത്തിലേക്കാണ് നടക്കുന്നത്; അതിപ്പോൾ സവിശേഷമായ ഫിനാൻഷ്യൽ പ്രഭുവർഗത്തെ സൃഷ്ടിച്ചിരിക്കുകയാണ്; ഈ പ്രഭുവർഗത്തിന് ഭരണകൂടത്തെ ആവശ്യമാണ്. ഹെെടെക് മേഖലയെ സംബന്ധിച്ചിടത്തോളം ഇത് മറ്റെന്തിനെക്കാളുമുപരി യാഥാർഥ്യമാണ്; ഇത് അമേരിക്കൻ സെെനിക ചെലവഴിക്കലിനെയും സെെന്യവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയെയുമാണ് ഏറെ ആശ്രയിച്ചിരിക്കുന്നത്; ഈ രണ്ടു കാര്യങ്ങളെത്തന്നെയാണ് ഹെെടെക് മേഖലയ്ക്ക് ലാഭമുണ്ടാക്കാനും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് അതിനുതന്നെ പ്രാമാണികത കെെവരിക്കാനും ആശ്രയിക്കുന്നത്. ട്രംപിന് മുഖ്യമായും പിന്തുണ ലഭിക്കുന്നത് സ്വകാര്യമേഖലയിലെ ശതകോടീശ്വരരിൽനിന്നും (സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയവുമായ പബ്ലിക് കോർപറേഷനുകളിലെ അവരുടെ സ്വത്തല്ല ഇക്കാര്യത്തിൽ പ്രധാനം) പൊതുവിൽ സ്വകാര്യ ഇക്വിറ്റി ഉടമകളിൽനിന്നുമാണ്. 2024ലെ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്, ഇതിനകം വെളിപ്പെടുത്തപ്പെട്ട വിവരങ്ങളനുസരിച്ച് ഏറ്റവും കൂടുതൽ ഫണ്ട് നൽകിയവർ ഇനിപറയുന്നവരാണ്: ടിം മെലോൺ (ആൻഡ്രുമെലോണിന്റെ കൊച്ചുമകൻ; മെലോൺ ബാങ്കിങ് ഫോർച്യൂണിന്റെ അനന്തരാവകാശി); ഐകി പേൾമുട്ടർ (Ike Perlmutter)– മാർവെൽ എന്റർടെെൻമെന്റിന്റെ മുൻ ചെയർമാൻ; ശതകോടീശ്വരനായ പീറ്റർ തയേൽ (ഇദ്ദേഹം Paypalന്റെ സഹസ്ഥാപകനും Palantir ന്റെ ഉടമയുമാണ്); ഈ സ്ഥാപനം സിഐഎ പിന്തുണയുള്ള സർവെയ്-ലൻസ് ആന്റ് ഡാറ്റാ മെെനിങ് കമ്പനിയാണ്. അമേരിക്കൻ വെസ് പ്രസിഡന്റ് ജെഡി വാൻസ് തയേലിന്റെ ഒരാശ്രിതനാണ്); മാർക് ആൻഡ്രിസെനും ബെൻഹോറോ വിറ്റ്സും (സിലിക്കൻ വാലി ഫിനാൻസിലെ രണ്ട് പ്രമാണിമാർ); മിറിയം അഡേൽസൺ (ചൂതാട്ടരംഗത്തെ അന്തരിച്ച ശതകോടീശ്വരനായ ഷെൽഡൺ അഡേൽസണിന്റെ ഭാര്യ); കപ്പൽ വ്യവസായരംഗത്തെ അതികായനായ റിച്ചാർഡ് യുഹ്-ലീൻ (Richard Uihlein) Uihlein Brewing –Schlitz beer– Fortuneന്റെ അനന്തരാവകാശി); ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ എലോൺ മസ്ക് (ടെസ്-ലയുടെയും എക്സിന്റെയും സ്പേസ് എക്സിന്റെയും ഉടമ)– ഇദ്ദേഹമാണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി 25 കോടി ഡോളറിലധികം സംഭാവന നൽകിയത്. അമേരിക്കയിൽ മുൻപ് നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും കണ്ടിട്ടില്ലാത്തത്ര, അതിനെയെല്ലാം കടത്തിവെട്ടുന്ന വിധത്തിലുള്ള കള്ളപ്പണത്തിന്റെ ഭീമമായ ആധിപത്യമാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ കണ്ടത്; അതുകൊണ്ടുതന്നെ ട്രംപിന് പിന്തുണ നൽകിയ ശതകോടീശ്വരരുടെ പൂർണമായ പട്ടിക കണ്ടെത്തുകയെന്നത് അസാധ്യമായിരിക്കുന്നു. എന്നിരുന്നാലും, ട്രംപിന് പിന്തുണ നൽകിയവരിൽ മുന്നിൽ നിൽക്കുന്നത് ടെക് ഒളിഗാർക്കുകളാണെന്ന് നിസ്സംശയം പറയാം.

മുതലാളിവർഗത്തിൽനിന്ന് ട്രംപിന് പിന്തുണ നൽകിയവർ ടെക് ഫിനാൻഷ്യൽ ഒളിഗാർക്കുകൾക്കിടയിൽ വൻകിടക്കാരായ ആറ് ഒറിജിനൽ ടെക് കുത്തകകളല്ല– ആപ്പിൾ, ആമസോൺ, ആൽബെറ്റ് (ഗൂഗിൾ), മെറ്റ (ഫേസ്ബുക്ക്), മെെക്രോസോഫ്ട് ഈ നിരയിൽ ഏറ്റവും ഒടുവിലായി കടന്നുവന്ന എഐ ടെക്നോളജി ലീഡർ എൻവിഡിയ – എന്ന കാര്യം പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ടതുണ്ട്; പകരം മുഖ്യമായും സിലിക്കൺവാലി ഹെെടെക്കുകളുടെയും സ്വകാര്യ ഇക്വിറ്റികളുടെയും വൻകിട എണ്ണക്കമ്പനികളുടെയും പണത്തിന്റെ മുഖ്യ ഗുണഭോക്താവാണ് ട്രംപ്. ദേശീയവാദ–ജനപ്രിയ തൃണമൂലതലപ്രസ്ഥാനത്തിന്റെ മറവിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭരണവർഗ വാഴ്ചയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ രൂപാന്തരീകരണത്തിന്റെ വെറുമൊരു ഏജന്റ് മാത്രമാണ് സ്വന്തം നിലയിൽതന്നെ ശതകോടീശ്വരനായ ട്രംപ്. സ്കോട്ടിഷ് പത്രപ്രവർത്തകനും സാമ്പത്തികശാസ്ത്രജ്ഞനും സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ മുൻ പാർലമെന്റംഗവുമായ ജോർജ് കേരവൻ എഴുതിയതുപോലെ ‘‘ജനവികാരമിളക്കിവിടാൻ കഴിയുന്നൊരാളാണ് ട്രംപ്; പക്ഷേ യാഥാർഥ വർഗശക്തികളെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഇപ്പോഴും വെറുമൊരു വട്ടപ്പൂജ്യമാണ്.’’ l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 19 =

Most Popular