Saturday, January 11, 2025

ad

Homeലേഖനങ്ങൾമോദി ഭരണത്തിൽ കോർപ്പറേറ്റ്‌ വായ്പകളുടെ എഴുതിത്തളളൽ

മോദി ഭരണത്തിൽ കോർപ്പറേറ്റ്‌ വായ്പകളുടെ എഴുതിത്തളളൽ

ഗിരീഷ്

ഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, നമ്മുടെ ബാങ്കിങ് സംവിധാനം എഴുതിത്തള്ളിയ 16.11 ലക്ഷം കോടിയിൽ, കുറഞ്ഞത് 12 ലക്ഷം കോടി രൂപയെങ്കിലും കോർപ്പറേറ്റ് സ്രാവുകളുടേതായിരുന്നു എന്ന വസ്തുത ആരെയും ഞെട്ടിക്കുന്നതാണ്.

മോദി സർക്കാരിന്റെ ആദ്യപത്തുവർഷത്തിനിടെ ഇന്ത്യൻ ബാങ്കിങ്‌ സംവിധാനം 16.11 ലക്ഷം കോടി രൂപ വായ്പ എഴുതിത്തള്ളിയെന്ന് രാജ്യസഭാ എം പിയായിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ജവഹർ സിർക്കാർ ഈയിടെ രാജിവയ്ക്കുന്നതിന് മുമ്പ് അവസാനമായി എഴുതിയ ഒരു കത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി സ്ഥിരീകരിക്കുകയുണ്ടായി. വർഷങ്ങളായി ഈ മേഖലയെ പിന്തുടരുന്ന ഒരാളാണ് അദ്ദേഹം. ഇതിനെ അടിസ്ഥാനമാക്കി ‘ദി വയർ’ ഓൺ ലൈൻ മാസികയിൽ അദ്ദേഹം ഈയിടെ എഴുതുകയുണ്ടായി. അതിന്റെ രത്നച്ചുരുക്കമാണിത്.

“വെളിപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ മറയ്ക്കുന്ന സംവിധാനമാണല്ലോ നിലവിലുള്ളത്. യു പി എ സർക്കാരിന്റെ എഴുതിത്തള്ളലുമായി ഇതിനെ താരതമ്യം ചെയ്യുമ്പോൾ ചിത്രം കൂടുതൽ വ്യക്തമാവുന്നു! എൻഡിഎയുടെ കീഴിലുള്ള ഈ 16.11 ലക്ഷം കോടി രൂപയുടെ എഴുതിത്തള്ളലിന്റെ എട്ടിലൊന്ന് മാത്രമാണ് യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് ഭരണകാലത്ത് എഴുതി തള്ളിയിട്ടുള്ളത്. അന്ന് എഴുതിത്തളളിയത്, പരമാവധി 2 ലക്ഷം കോടി രൂപ (അല്ലെങ്കിൽ അതിലും കുറവ്) മാത്രമാണ് എന്നതാണ് വസ്തുത! ഒന്നാലോചിച്ചു നോക്കിയാൽ, ഒരു സംഘടിത പ്രചാരണത്തിലൂടെയാണ്‌ യുപിഎ രണ്ടാം ഗവൺമെന്റിന്റെ ‘വലിയ അഴിമതി’യായി എഴുതിത്തള്ളൽ അവർ ചിത്രീകരിച്ചത് എന്നു കാണാം. എന്നാൽ ഇപ്പോൾ ശരിക്കും കാര്യങ്ങൾ വ്യക്തമായിരിക്കുന്നു. ഈ ബാങ്കുകളുടെ കണക്കുകളിൽ നിന്ന് അപ്രത്യക്ഷമായ 16.11 ലക്ഷം കോടി രൂപ കൊണ്ടുപോയത് തട്ടിപ്പുകാരും, വഞ്ചകരും വലിയ സ്വാധീനമുള്ളവരുമായ വൻ കോർപ്പറേറ്റുകളാണ്. 2008-ൽ യുപിഎ സർക്കാർ ചെയ്ത 60,000 കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളലുമായി താരതമ്യം ചെയ്താൽ ഇത് വലിയ കൊള്ളയാണെന്ന് തിരിച്ചറിയാനാവും. അന്ന് പ്രതിപക്ഷവും പ്രമുഖ സാമ്പത്തികപത്രങ്ങളും അതിനെ ഏറെ കുറ്റപ്പെടുത്തിയിരുന്നു. ജനകീയ ധൂർത്ത് എന്നാണ് അവർ പറഞ്ഞത്. എന്നാൽ, ഇന്ന് എഴുതിത്തള്ളലിന്റെ ഗുണഭോക്താക്കൾ ലക്ഷക്കണക്കിന് കർഷകരല്ല, മറിച്ച് വൻ മൂലധനവും സ്വത്തുമുള്ള തട്ടിപ്പുകാരാണ്, അവരിൽ പലരും മോദിയുമായി വളരെ അടുപ്പമുള്ളവരാണെന്നതും വസ്തുതയാണ്.

രാഷ്ട്രീയത്തിലെ ‘മോശമായ സൗജന്യങ്ങളും’, ‘നല്ല സേവനങ്ങളും’
സംസ്ഥാനങ്ങളുടെ ധനകാര്യം 2024-ൽ എങ്ങനെയായിരുന്നുവെന്നത്‌ നമുക്കറിയാം. പത്ത് വർഷത്തിനിടയിൽ ബാങ്കുകളിൽ നിന്ന് ഇപ്രകാരം അപ്രത്യക്ഷമായ 16.11 ലക്ഷം കോടി രൂപ എന്നത്, കേന്ദ്രസർക്കാർ ബജറ്റുകളുമായി താരതമ്യം ചെയ്തുനോക്കിയാൽ, വിദ്യാഭ്യാസത്തിനുള്ള മൊത്തം ചെലവ് ഇതിനേക്കാൾ നാൽപ്പത് ശതമാനം കുറവാണെന്നും, ആരോഗ്യത്തിന് ചിലവായത് ഇതിൽ പകുതിയിൽ താഴെമാത്രമാണെന്നും കാണാം.

അതിനാൽ, തട്ടിപ്പുകാരെയും തന്ത്രശാലികളെയും രക്ഷിക്കാൻ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഇത്രയും വലിയ തുക എഴുതിത്തള്ളുമ്പോൾ (തുടച്ചുമാറ്റുമ്പോൾ) ആർക്കാണ് ഇതിലൂടെ പരിക്കേൽക്കുന്നത്? സർക്കാരിനല്ല, കാരണം അവർക്ക് ചില ബാങ്കുകൾക്ക് ചെറിയ അളവിൽ മൂലധനം നൽകുന്നതിന്റെ നഷ്ടമേ ഉണ്ടാവു, അതും നമ്മുടെ പൊതുപണത്തിൽ നിന്നാണ് അവർ നൽകുന്നത്. ബാങ്കുകളല്ല. കാരണം അവർ അടിസ്ഥാനപരമായി പണം മാനേജുചെയ്യുന്നവരാണ്. അവരുടെ ബാലൻസ് ഷീറ്റുകളിൽ കുറച്ച് വർഷത്തേക്ക് ഇതിന്റെ പ്രതിഫലനം കണ്ടേയ്ക്കും എന്നേയുള്ളു. എന്നാൽ, ബാങ്കുകളിലെ ഇടപാടുകാരും നിക്ഷേപകരുമായ ജനങ്ങൾക്കാണ് ഈ പണം നഷ്ടമാകുന്നത്! ഇത് അവർ അറിയുന്നില്ല. ബാങ്കിന്റെ ഫണ്ടുകളുടെ ഈ അപചയത്തെക്കുറിച്ച് അറിയിക്കാതെ, ഈ നഷ്ടപ്പെട്ട പണം നികത്താൻ, ഓരോ ചെറിയ ‘സേവനത്തിനും’ ബാങ്കുകൾ വളരെ ഉയർന്ന ഉപയോക്തൃസേവനനിരക്കുകൾ ഈടാക്കുന്നു, പലപ്പോഴും അവ്യക്തമായ അറിയിപ്പുകളാണുണ്ടാവുക. ഇക്കാര്യങ്ങൾ പലപ്പോഴും വളരെ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്. തട്ടിപ്പുകളും ഫണ്ട് ചോർച്ചയും മൂലം ബാങ്കുകൾ നഷ്ടം നേരിട്ടതിനാലാണ് വായ്പകളുടെ നിരക്ക് ഉയരുന്നത്. ശിക്ഷയില്ലാതെ തട്ടിപ്പുകാർ രക്ഷപ്പെടുമ്പോൾ ഇതെല്ലാം സംഭവിക്കുന്നതായിത്തീരുന്നു.

തട്ടിപ്പുകാരുടെയും ഫണ്ട് തട്ടിയെടുക്കുന്ന വ്യവസായികളുടെയും ക്രിമിനൽ പ്രവർത്തനങ്ങൾ എഴുതിത്തള്ളപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം! കൊള്ളയടിയിലൂടെയും,കുതന്ത്രങ്ങളിലൂടെയും സാമ്പത്തിക തിരിമറികളിലൂടെയും വ്യവസായങ്ങളെ നഷ്ടത്തിലാക്കി ഇവർ നരഭോജികളെപ്പോലെ സ്വന്തം സ്ഥാപനംതന്നെ ഇല്ലാതാക്കുന്നു. മനഃപൂർവമായി വരുത്തുന്ന നഷ്ടം ‘സാധാരണ’മാക്കുകയും നിയമാനുസൃതമാക്കുകയും ചെയ്യുന്ന നിലവിലുള്ള നിയമങ്ങൾ അനുസരിക്കാൻ ബാങ്കർമാർ ബാധ്യസ്ഥരാണ് എന്നതാണ് ചുരുക്കം.

ഏതാനും മിനിറ്റുകൾക്കുള്ളിൽ പ്രമുഖബില്ലുകൾ പലതും പാസാക്കിയതിലും, നിയമങ്ങൾ ഭേദഗതി ചെയ്തതിലും ലോക റെക്കോർഡ് നേടിയ പ്രധാനമന്ത്രി, കഴിഞ്ഞ പത്തു വർഷങ്ങളിൽ 1,600 ഓളം നിയമങ്ങൾ റദ്ദാക്കിയ സർക്കാർ, ഈ കോർപ്പറേറ്റുകൊള്ളയ്ക്ക് കാരണമായ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനോ സ്വയമേവ എഴുതിത്തള്ളൽ എന്ന സുഖകരമായ കൊള്ളയെ കുറ്റകരമാക്കാനായി, നിയമങ്ങളിലെ വകുപ്പുകൾ പുനർവിചിന്തനം ചെയ്യുന്നതിനോ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നത് വിചിത്രമാണ്. ഇപ്പോൾ പാർലമെന്റിൽ തിരക്കിട്ട് നടക്കുന്ന ബാങ്കിംഗ് നിയമങ്ങളിലെ ഭേദഗതികളിൽ പോലും ഇവയിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് ചർച്ചചെയ്യുന്നില്ല. ബാങ്കർമാരോട് അവരുടെ (നിക്ഷേപകരുടെയും) പണം വായ്പയായി നൽകിയത്, ശരിയായ രീതിയിൽ പിരിച്ചെടുക്കുന്നതിനുളള നടപടികൾ ശക്തമാക്കുന്നതിനുപകരം, വായ്പകൾ എഴുതിത്തള്ളിക്കൊണ്ട് “അവരുടെ പുസ്തകങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ” ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. എങ്ങനെയും വായ്പതിരിച്ചുപിടിക്കാവാൻ വേണ്ട ‘വാർ റൂമോ’, സെൻട്രൽ മോണിറ്ററിംഗ് സെല്ലോ ഇന്നില്ല.

മോദിയുടെ പത്ത് വർഷത്തിനിടെ 16.11 ലക്ഷം കോടി രൂപ എഴുതിത്തള്ളിയെന്ന് സ്ഥിരീകരിക്കുന്ന ധനമന്ത്രാലയത്തിന്റെ പ്രസ്താവന ഇതിനെ സംബന്ധിച്ച ഊഹാപോഹങ്ങളും വിശ്വാസങ്ങളും അതിശയോക്തി കലർന്ന വാർത്തകളും തലക്കെട്ടുകളും ഇല്ലാതാക്കുന്നതാണ്. “എൻഡിഎയുടെ വായ്പ എഴുതിത്തള്ളൽ 25 ലക്ഷം കോടി രൂപ ആക്ടിവിസ്റ്റുകൾക്കു ലഭിച്ച വിവരാവകാശരേഖ വെളിപ്പെടുത്തുന്നു’ എന്നുതുടങ്ങിയ അതിശയോക്തിയോടുകൂടിയ വാർത്തകൾക്ക് ഇനി പ്രസക്തിയില്ല. അടുത്തിടെ ഒരു പ്രശസ്ത പത്രത്തിൽ ഇപ്രകാരം വാർത്ത പ്രസിദ്ധീകരിച്ചുകണ്ടു. ഡാറ്റയുടെ തെറ്റായ ഇരട്ട കൗണ്ടിംഗ് അടിസ്ഥാനമാക്കിയുള്ളതാണ് അതൊക്കെ. നമുക്കിപ്പോൾ കൃത്യവും, വ്യക്തവുമായ വസ്തുതകൾ ചർച്ച ചെയ്യാം. 2014‐-15 മുതൽ ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിലൂടെ നൽകിയ വായ്പകളെ സംബന്ധിച്ചും, എഴുതിത്തള്ളിയ വായ്പകളുടെ തോതിനെക്കുറിച്ചും കേന്ദ്രധനമന്ത്രാലയത്തിലെ മന്ത്രി നൽകിയ ഡാറ്റ നമ്മുടെ കൈയിൽ ഇപ്പോൾ ഉണ്ട്.

ഇന്ത്യയുടെമൊത്തം വായ്പയും, മൊത്തമായുളള എൻപിഎയും തമ്മിലുളളവലിയ അനുപാതം
ഈ എഴുതിത്തള്ളലുകളെല്ലാം നിയമാനുസൃതവും സാധാരണ ബാങ്കിങ്‌ സമ്പ്രദായങ്ങളുടെ ഭാഗവുമാണെങ്കിൽ, എന്തുകൊണ്ടാണ് നമ്മൾ അവയെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത്? അപകടത്തിന്റെ തീവ്രത മനസ്സിലാക്കാൻ ഇന്ത്യയുടെ നിഷ്‌ക്രിയ ആസ്തി (നോൺ പെർഫോമിംഗ് അസറ്റ്-(എൻപിഎ) ബാങ്ക് നഷ്ടത്തിന്റെ ആഗോളസ്ഥിതിയുമായി താരതമ്യം ചെയ്യേണ്ടതുണ്ട്, അതായത് ഇന്ത്യയുടെ മൊത്തം വായ്പയും, മൊത്തമായുളള എൻപിഎയും തമ്മിലുളള വലിയ അനുപാതം പരിശോധിക്കേണ്ടതുണ്ട്. ഇത്, ആകെ വായ്പകളിൽ എത്രശതമാനം മോശവും/തിരിച്ചെടുക്കാനാകാത്തവയായിത്തീർന്നുവെന്നും, കിട്ടാക്കടങ്ങളായി എത്രശതമാനം തരംതിരിച്ചിരിക്കുന്നുവെന്നും കാട്ടിത്തരുന്നു.

മൊത്തം ബാങ്ക് വായ്പയുടെ 0.5% മുതൽ 2% വരെയായി പരമാവധി കിട്ടാക്കടം നിലനിറുത്തുന്ന,സുതാര്യമായ (നോൺ-വീലിംഗ്-ഡീലിംഗ്) സമ്പദ്‌വ്യവസ്ഥയാണ് എപ്പോഴും അനുയോജ്യമെന്ന് ഐഎംഎഫ് പറയാറുണ്ട്. പല കാരണങ്ങളാൽ തിരിച്ചുകിട്ടാനാവാത്ത വായ്പകളുടെ ഈ ശതമാനം ഒഴിവാക്കാനാവാത്തതായി കാണുന്നു. വിവിധ രാജ്യങ്ങളിലെ ലഭ്യമായ ബാങ്കുകളുടെപ്രവർത്തന റെക്കോർഡുകളുടെ (അത് അഞ്ച് മുതൽ ഏഴ് വർഷം വരെയോ, ചിലപ്പോൾ പതിനഞ്ച് വർഷം വരെയോ മുൻപുളളതാകാം) വിവരങ്ങൾ അടിസ്ഥാനമാക്കി ഐഎംഎഫ് തയ്യാറാക്കിയ ഒരു രേഖ കാണിക്കുന്നത്, ദക്ഷിണ കൊറിയ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, കാനഡ എന്നിവയിൽ എൻപിഎ 0.3%ത്തിൽ താഴെയാണ് കാണിക്കുന്നത് എന്നാണ്. അതായത്, ഒരു ചെറിയ ശതമാനം വായ്പകൾ മാത്രമേ അവിടങ്ങളിൽ എൻപിഎ ആയി മാറുന്നുളളു എന്നാണ്. സ്വിറ്റ്സർലൻഡ്, യുഎസ്എ, ഓസ്ട്രേലിയ, ഹോങ്കോങ് എന്നിവിടങ്ങളിൽ എൻപിഎ 1.0 ശതമാനത്തിൽ താഴെയും,ജർമനിയിലും, ജപ്പാനിലും അത് 1.25 ശതമാനവുമാണ്. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും 2% ൽ താഴെയാണത്. ഏറ്റവും മോശം- സ്ഥിതി അിറ്റലിയിലാണ്‌‐ 2.8%. ചൈന 1.66%, മലേഷ്യ 1.72%, ഇന്തോനേഷ്യ 2.15%, വിയറ്റ്നാം 2.32%, ബ്രസീൽ 2.64%, തായ്ലൻഡ് 2.84% എന്നിങ്ങനെയാണ് മററു ചില രാജ്യങ്ങളുടെ നില. പിന്നെയുളളത് ‘മോശമായ സമ്പദ്‌വ്യവസ്ഥകൾ’ ആണ്. അവിടെ ഒന്നുകിൽ ബാങ്കുകളുടെ മേൽനോട്ടം മോശമായതോ, (രാഷ്ട്രീയ സ്വാധീനമുള്ള) അല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ ‘ഉപയോക്തൃസൗഹൃദ’മായി വായ്പ നൽകുന്ന രീതിമൂലമോ ആയിരിക്കും. ഇവ സാധാരണയായി ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, കിഴക്കൻ യൂറോപ്പ് രാജ്യങ്ങളാണ്. ഏകദേശം 5%വുമായി ഇന്ത്യയും ഈ ശ്രേണിയിലുണ്ട്‌.

എന്നാൽ ഇത് പൂർണമായി ശരിയല്ല, കാരണം ഐഎംഎഫ് പഠനത്തിൽ ഇന്ത്യയെ പ്രതിപാദിക്കുന്ന വർഷങ്ങൾ 2005 നും 2022 നും ഇടയിലാണ്. 2014 വരെയുള്ള യുപിഎ ഭരണവർഷങ്ങളെ നാം ഒഴിവാക്കുകയും, മോദി ഭരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താൽ, അതായത്, 2014‐-22 കാലയളവിലേതു നോക്കിയാൽ ഇന്ത്യയുടെ മൊത്ത എൻപിഎ ‘മൊത്തം വായ്പയുടെ 7.85 ശതമാനമെന്ന വളരെ മോശമായ നിലയിലാണ്. കേന്ദ്രധനകാര്യസഹമന്ത്രിയുടെ പ്രസ്താവനയുടെ അവസാന കോളത്തിൽ വർഷം തിരിച്ചുള്ള ശതമാനങ്ങളുടെ വിശദാംശങ്ങൾ കാണാവുന്നതാണ്. ഈ 7.85% എന്നത് ലോകത്തിലെ വൻകിട, ഇടത്തരം സമ്പദ്‌വ്യവസ്ഥകൾക്കിടയിലെ ഏറ്റവും മോശമായ ബാങ്ക് വായ്പകളുടെ ഏറ്റവും ഉയർന്ന ശതമാനം എന്നതുമാത്രമല്ല, വീണ്ടെടുക്കാനാകാത്ത വായ്പകൾ എഴുതിത്തള്ളുന്ന അംഗീകൃതമായ ബാങ്കിങ്‌ സമ്പ്രദായത്തെ ഇന്ത്യൻ ഭരണകൂടം സുഹൃത്തുക്കളെയും വ്യാജനിക്ഷേപകരെയും സമ്പന്നരാക്കാനായി ദുരുപയോഗം ചെയ്തുവെന്നതിന്റെ വലിയ ദൃഷ്ടാന്തം കൂടിയാണ്.

ഇടത്തരം നിക്ഷേപകരുടെ ചെലവിൽ ആർബിഐ മനഃപൂർവ്വം കുടിശ്ശിക വരുത്തുന്നവരെ പിന്തുണയ്ക്കുന്നത് എന്തുകൊണ്ട്? മോദിയുടെ എട്ടാം വർഷത്തിന് ശേഷം പൂച്ച ബാഗിൽ നിന്ന് പുറത്തുചാടിയതിനാലും, എൻപിഎയുടെ അളവ് കുറയാൻ തുടങ്ങിയതിനാലും ‘മുൻപ്’ എന്ന ഭൂതകാലം നമുക്കുപയോഗിക്കാം. പാർലമെന്റിൽ ഇതേക്കുറിച്ച് നിരവധി സംശയങ്ങൾ ഉന്നയിക്കപ്പെടുകയും, പല പൊട്ടിത്തെറികൾ ഉണ്ടാവുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര സാമ്പത്തിക, നിക്ഷേപ ഏജൻസികളും ഇതിനെക്കുറിച്ച് സുഖകരമല്ലാത്ത ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്തായാലും, 2022-ഓടെ, കൊള്ളയടിക്കുകയും രക്ഷപ്പെടുകയും ചെയ്യേണ്ടവർ പൊയ്ക്കഴിഞ്ഞു! അവർ ലണ്ടനിലും മറ്റിടങ്ങളിലുമൊക്കെ വളരെ വിലയേറിയ മാളികകൾ സ്വന്തമാക്കിക്കഴിഞ്ഞു. കണക്കുകൾ വെളിപ്പെടുത്തുന്നതുപോലെ, മൊത്ത നിഷ്‌ക്രിയ ആസ്തി 2017-‐18ൽ 10.35 ലക്ഷം കോടി രൂപയിൽ നിന്ന് 2023-‐2024ൽ 4.75 ലക്ഷം കോടി രൂപയായി കുറഞ്ഞു. ആദ്യ എട്ട് വർഷങ്ങൾ വിട്ട്, മോദിയുടെ ആദ്യ പത്തുവർഷത്തിലേക്ക് നീങ്ങുകയാണെങ്കിൽ, എൻപിഎ അവിശ്വസനീയമായ 72 ലക്ഷം കോടി രൂപയിലെത്തുന്നു എന്ന് കാണാം. – ഇത് മൊത്തം വായ്പയുടെ 6.53% ആണ്. ലോകത്ത് മാന്യമായ ഒരു രാജ്യത്തിനും ഈ റെക്കോർഡിനൊപ്പമെത്താനാകില്ല. ഇന്ത്യയിൽ, 2023‐-24ലെ ബാങ്ക് അഡ്വാൻസുകൾ മൊത്തം 171 ലക്ഷം കോടി രൂപയായി ഉയർന്നപ്പോൾ, ഈ കണക്കിലെ 1% ഉയർച്ചയോ ഇടിവോ അർത്ഥമാക്കുന്നത് 1.71 ലക്ഷം കോടി രൂപയാണ് ഇത് പല സംസ്ഥാനങ്ങളുടെയും വാർഷിക ബജറ്റിനേക്കാൾ കൂടുതലാണ്.

അഴിമതിക്കാരായ ഭരണനേതൃത്വങ്ങൾ ബംഗ്ലാദേശിലും മാലിദ്വീപിലും ചോരക്കളം തീർത്തു എന്ന വസ്തുത, അവരുടെ എൻപിഎ-ടു- അഡ്വാൻസ് അനുപാതം അപകടകരമായ 9 ശതമാനത്തിനടുത്ത് ചാഞ്ചാടുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നു. ഇന്ത്യയിൽ, തദ്ദേശീയമാധ്യമങ്ങൾ (ബുദ്ധിമാൻമാരായ പിങ്ക് പത്രങ്ങൾ ഉൾപ്പെടെ) ഇതിനെക്കുറിച്ചെല്ലാം മിണ്ടാതിരിക്കുകയും “ഓ, ഇങ്ങനെയായിരുന്നോ!” എന്ന ആഖ്യാനത്തിൽ ഒതുക്കുകയും ചെയ്തു. ഇന്ത്യയുടെ മോശം എൻപിഎ- അഡ്വാൻസ് റേഷ്യോയെക്കുറിച്ച് നമ്മുടെ ചരിത്രത്തിലെ ഏറ്റവും ആക്രമണോത്സുകമോ ആയ നയങ്ങളുള്ള ധനമന്ത്രിയോട് ഒരാൾ ചോദിച്ചപ്പോൾ, അവർ പതിവിലും കൂടുതൽ ക്രുദ്ധയായി. ചോദിച്ചയാൾക്ക് ചോദ്യം അവരോട് വേണ്ടിയിരുന്നില്ല എന്ന് തോന്നിക്കാണും.

ബാങ്കുകളും കടം കൊടുക്കുന്ന ധനകാര്യസ്ഥാപനങ്ങളും പരിഹാസ്യമായ രീതിയിൽവായ്പ എഴുതിത്തള്ളാൻ, മുടിവെട്ടൽ (ഹെയർക്കട്ട്) നടത്താൻ- നിർബന്ധിതരാകുന്നു. ഈ കിട്ടാക്കടത്തിന്റേയും, എഴുതിത്തള്ളലിന്റേയും സിംഹഭാഗവും തട്ടിപ്പുകളും കോർപ്പറേറ്റ് നഷ്ടങ്ങളും ചേർന്നതാണെന്ന് മുൻ ലേഖനങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്.

എൻപിഎ (മിക്ക കേസുകളിലും എഴുതിത്തള്ളിയത്) കോർപ്പറേറ്റ് മേഖലയിൽമാത്രം എത്ര എന്ന ഒരാളുടെ ചോദ്യത്തിന്, “വൻകിട വ്യവസായങ്ങൾക്കും സേവനങ്ങൾക്കുമായി’ എഴുതിത്തള്ളപ്പെട്ട വായ്പകളുടെ വർഷം തിരിച്ചുള്ള തുക മന്ത്രി നൽകിയിരുന്നു. മൊത്തം എഴുതിത്തള്ളലായ 16.11 ലക്ഷം കോടി രൂപയിൽ 9.25 ലക്ഷം കോടി രൂപയാണ് ഈ മേഖലയിലേത്. ഇതിന്റെ ഒരു ഭാഗം തീർച്ചയായും മാർക്കറ്റ് ഘടകങ്ങൾ മൂലമാണെങ്കിലും, മൂന്നാം ലോകരാജ്യങ്ങളിലെ ബിസിനസ്സുകാർ ചെയ്യുന്ന ഏറ്റവും അശാസ്ത്രീയവും, സമർത്ഥവുമായ, വരവുകുറച്ചും, ചെലവുകൂട്ടിയും കാണിക്കുന്ന കളളക്കണക്കെഴുത്തു രീതികളും, ഒന്നാം ദിവസംമുതൽ തന്നെ കാണിക്കുന്ന വാങ്ങൽ കണക്കുകളും, തിരിമറികളും ഒരു കൊച്ചുകുട്ടിക്ക് പോലും അറിയാം. താഴ്ന്ന റേറ്റിങ്‌ ഉളളവർക്കും തിരിമറിക്കാർക്കും വായ്പ ലഭിക്കാൻ സഹായിച്ചതിന് ബാങ്ക് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കൈക്കൂലിനൽകുന്ന രീതിയും പലേടത്തും കാണാം, അത്തരം പേയ്മെന്റുകൾക്ക് ഈ ‘സ്കിമ്മിംഗുകൾ’ ആവശ്യമാണ് എന്ന നിലതന്നെയുണ്ട്. പല മേൽനോട്ടങ്ങളുണ്ടെങ്കിലും, ഈ വലിയ കവർച്ച തീർച്ചയായും കഴിഞ്ഞ ദശകത്തിൽ രാഷ്ട്രീയസംവിധാനത്തെ ത്വരിതവും, ശക്തവുമാക്കിയിട്ടുണ്ട് എന്നതും കാണേണ്ടതാണ്.

മറ്റൊരു വഴിയിലൂടെ നടക്കുന്ന മറ്റ് ധനമേഖലാകൊലപാതകങ്ങളുണ്ട്, അതായത്, ഇൻസോൾവൻസി പ്രോസസ് എന്നറിയപ്പെടുന്ന പാപ്പരത്ത പ്രക്രിയ! ഇവിടെ സംരംഭങ്ങളെ രക്തം ചോർത്തിമരിക്കാൻ വിടുന്നു, അല്ലെങ്കിൽ മിക്കവാറും അതിനു സമാനമാക്കുന്നു. ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷനിലൂടെയുള്ള പഴയ വായ്പ തീർപ്പാക്കൽ രീതിയേക്കാൾ മികച്ചതാണ് മോദി- ജെയ്റ്റ്ലിയുടെ പാപ്പരത്ത പരിഹാരപ്രക്രിയയെങ്കിലും, അതിൽ കൂട്ടുകെട്ടിന്റെ ചതിക്കുഴികളുടെ ദുർഗന്ധമുണ്ട്. പരിഹാരപ്രക്രിയ കൊണ്ടുവരുന്ന റെസല്യൂഷൻ പ്രൊഫഷണലുകളെ അമിതമായി ആശ്രയിക്കുന്നു, അവരിൽ പലരും വളരെ സംശയാസ്പദമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കടം കൊടുക്കുന്ന ബാങ്കുകളും മറ്റും നിസഹായരായി പരിഹാസ്യമായ രീതിയിൽ തുക വെട്ടിക്കുറച്ച് “മുടിവെട്ടലി”ലൂടെ അടക്കേണ്ട തുകയിൽ കോടികൾ കുറച്ച് കുറച്ച്, എല്ലാം ഉപേക്ഷിച്ച് കേസ് ക്ലോസ് ചെയ്യാൻ നിർബന്ധിതരാകുന്നു.

സാമ്പത്തികഞെരുക്കം നേരിട്ട പത്ത് കമ്പനികളിൽ നിന്ന് കിട്ടേണ്ട 62,000 രൂപ അദാനി അവ ഏറ്റെടുത്തതിന് ശേഷം വാണിജ്യബാങ്കുകൾ 16,000 കോടി രൂപയ്ക്ക് തീർപ്പാക്കിയത് എങ്ങനെയെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ കണക്കുകൾ ഉദ്ധരിച്ച് കോൺഗ്രസ് ചോദിച്ചിരുന്നു. ഈ കേസിൽ ബാങ്കുകൾക്ക് അവരുടെ കുടിശ്ശികയുടെ 74% നഷ്ടപ്പെടുകയാണുണ്ടായത്. വളരെ നിയമാനുസൃതമായ ഈ ‘ഇടപാട്’ വഴി നമ്മുടെ പണം ഉൾപ്പെടുന്ന ബാങ്ക്പണമാണ് എഴുതിത്തളളപ്പെട്ടത്. ഇങ്ങനെ പോസ്റ്റ്മോർട്ടം ചെയ്താൽ, ഭരണകൂടത്തോട് അടുപ്പമുള്ള ആളുകൾക്ക്, അത്തരം ഡസൻ കണക്കിന് സ്ഥാപനങ്ങൾക്ക് വലിയ തുകകളുടെ ഇളവുകൾ നൽകിയിട്ടുണ്ട്. ‘സുഹൃത്ത്’ ‘‘വേദാന്ത’’യിലെ അനിൽ അഗർവാൾ, വീഡിയോകോണിലെ ബാങ്കുകളുടെ ക്ലെയിമായ 46,000 കോടിയുടെ വായ്പാകുടിശിക 6% തുക മാത്രം നൽകി തീർപ്പാക്കി, ആ കമ്പനിയെ വാങ്ങി സ്വന്തമാക്കിയതും, ബാങ്കുകൾക്ക് നൽകേണ്ട 22,800 കോടി രൂപയുടെ കടത്തിന്റെ 5% മാത്രം നൽകി, എബിജി ഷിപ്പ്യാർഡ് ഏറ്റെടുത്തതും ഞങ്ങൾ നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് 53 ബാങ്കുകൾക്ക് 49,000 കോടി രൂപ നൽകാനുണ്ട്, എന്നാൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ കടം 47,000 കോടി രൂപ മാത്രമെന്ന് കണക്കാക്കുകയും, വെറും 455 കോടി രൂപയ്ക്ക് ആ വായ്പ തീർപ്പാക്കുകയും ചെയ്തു. ഇത് മൊത്തം കടത്തിന്റെ 0.92% മാത്രമെന്ന പരിഹാസ്യമായ തുകയായിരുന്നു. ഈ പാപ്പരത്ത പ്രക്രിയ ബാങ്കുകളെ അവരുടെ വായ്പാക്ലെയിമുകളുടെ 5% മുതൽ 25-.30% വരെ മാത്രം സ്വീകരിച്ചുകൊണ്ട്,ആ വായ്പയിൽനിന്നുപുറത്തുകടക്കാൻ പ്രേരിപ്പിക്കുന്നു. മാത്രമല്ല, നാം കണ്ടതുപോലെ, എങ്ങനെയെങ്കിലും രോഗബാധിതരാകുന്ന ഈ യൂണിറ്റുകൾ ഒടുവിൽ, ഭരണകൂടത്തിന് ഒത്താശചെയ്യുന്നകമ്പനികളുടെ കൈകളിലേക്ക് പോകുന്നു. നിലവിലുള്ള (മാറ്റമില്ലാത്ത) നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിൽ ചില കോർപ്പറേറ്റുകൾ വൻതോതിൽ നേട്ടമുണ്ടാക്കിയത് ഇങ്ങനെയാണ്. ബാങ്കുകൾ ദാരിദ്ര്യത്തിലായപ്പോൾ, നമ്മുടെ നിക്ഷേപങ്ങളും പരോക്ഷമായി നഷ്ടപ്പെട്ടു, സ്വയം നീതിമാൻമാരായ ഭരണാധികാരികൾ ഇതിനെക്കുറിച്ച് ഏത് ചോദ്യവും ഉന്നയിക്കാൻ ധൈര്യപ്പെടുന്നവർക്ക് നേരെ ആക്രോശിക്കുകയും അവരെ പരിഹസിക്കുകയും മിക്കവാറും അവർക്കെതിരെ കുതന്ത്രങ്ങൾ മെനയുകയും ചെയ്യുന്നു. ‘വൻകിട വ്യവസായങ്ങൾക്കും സേവനങ്ങൾക്കും’ വേണ്ടിയുള്ള തട്ടിപ്പുകളും എഴുതിത്തള്ളലുകളും കുറഞ്ഞത് 12 ലക്ഷം കോടി രൂപയുടേതെങ്കിലുമുണ്ടാകും.

ധനമന്ത്രിയോട് ചോദിച്ച മറ്റൊരു പ്രധാന ചോദ്യം ബാങ്കുകളെ കബളിപ്പിച്ച തട്ടിപ്പുകളെ കുറിച്ചായിരുന്നു. ഇതിന് മന്ത്രി ചോദിച്ചവരെ കബളിപ്പിക്കുന്നരീതിയിൽ, ഒരു നിസാരമായ പ്രസ്താവന നൽകി, “റിപ്പോർട്ട് ലഭിച്ച തീയതിയുടെ അടിസ്ഥാനത്തിൽ’ പത്ത് വർഷത്തിനിടെ 92,193 കോടി രൂപയുടെ നഷ്ടമാണ് ഇത്തരം തട്ടിപ്പിലൂടെ ഉണ്ടായത് എന്നാണത്. മോദിയുടെ മുൻ കൂട്ടാളികളായ നീരവ് മോദി, മെഹുൽ ചോക്സി, നിഷാന്ത് മോദി, ആമി മോദി, നീഷാൽ മോദി, ലളിത് മോദി, ജതിൻ മേത്ത, ചേതൻ, നിതിൻ സന്ദേശര, ഗുജറാത്ത് ആസ്ഥാനമായുള്ള എ.ബി.ജി കപ്പൽശാല എന്നിവരുടേത് മാത്രം നോക്കിയാൽ ഈ തുകയേക്കാൾ വലുതായിരിക്കും. ഇത് മൊത്തം കൊള്ളയടി മറച്ചുകൊണ്ടുളള ബാങ്കിങ് പദങ്ങൾ കടമെടുത്തുകൊണ്ടുളള കുറച്ചുകാണിക്കലാണ്. പിന്നെ, വിജയ് മല്യ, ഡിഎച്ച്എഫ്എൽ, യെസ് ബാങ്ക്, പിഎംസി ബാങ്ക് അങ്ങനെ പലരും നടത്തിയ ചരിത്രപരമായ തട്ടിപ്പുകൾ വേറെയുമുണ്ട്.

2014 ജൂൺ 1നും 2023 മാർച്ച് 31 നും ഇടയിൽ നടന്ന തട്ടിപ്പുകളുടെ പേരിൽ ബാങ്കുകൾക്ക് 4.69 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി ആർബിഐ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകിയതായി 2023 ജൂലൈ 10 ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ട് ധനമന്ത്രിക്ക് അയച്ചുനൽകി. അത് സ്ഥിരീകരിക്കാനോ നിരസിക്കാനോ അവർ തയാറായില്ല, പക്ഷേ മറ്റൊരു കാര്യത്തിൽ എഫ്എം നിശബ്ദമായി. ‘കോർപ്പറേറ്റ് നഷ്ടങ്ങളും’ ‘ഫ്രോഡുകളും’ തമ്മിൽ എന്തെങ്കിലും ഓവർലാപ്പ് ഉണ്ടോ എന്ന് പോലും അവർ വ്യക്തമാക്കിയില്ല. ഒരാൾ ഇങ്ങനെ സംശയിക്കുന്നെങ്കിൽ കുറ്റപ്പെടുത്താനാവില്ല. ഓവർലാപ്പ് ചെയ്താലും ഇല്ലെങ്കിലും, 16.11 ലക്ഷം കോടി രൂപ എഴുതിത്തള്ളിയതിൽ തട്ടിപ്പുകാരും, കോർപ്പറേറ്റ് സ്രാവുകളും ചേർന്ന് 12 ലക്ഷം കോടിയെങ്കിലും നേടിയെടുത്തു. 2014 ജൂണിനും 2023 മാർച്ചിനും ഇടയിൽ ബാങ്കുകൾക്ക് ഫ്രോഡിലൂടെ നഷ്ടമായ തുകയും, (4.69 ലക്ഷം കോടി രൂപ) “വൻകിട വ്യവസായങ്ങൾക്കും സേവനങ്ങൾക്കും” വേണ്ടി ബാങ്കുകൾ എഴുതിത്തള്ളിയ തുകയുടെ 80 ശതമാനവും ചേർത്തുകൊണ്ട് 12 ലക്ഷം കോടി രൂപയുടെ നഷ്ടം എന്ന കൃത്യമായ കണക്കിലെത്താം. മോദി സർക്കാരിന്റെ ആദ്യ പത്ത് വർഷം നഷ്ടമായത് (9.25 ലക്ഷം കോടിയുടെ 80%, അതായത് 7.45 ലക്ഷം കോടി രൂപ). 9.25 ലക്ഷം കോടി രൂപയിൽ 20% യഥാർത്ഥ കാരണങ്ങളാൽ നഷ്ടപ്പെട്ടുവെന്നാണ് അനുമാനം. എഫ്എം അല്ലെങ്കിൽ ആർബിഐ ഈ 12 ലക്ഷം കോടി രൂപയുടെ എസ്റ്റിമേറ്റിനെ എതിർക്കുകയാണെങ്കിൽ, അവർ കൃത്യമായ വസ്തുതകൾ സമർപ്പിക്കട്ടെ. കേന്ദ്ര സഹമന്ത്രിയുടെ പ്രസ്താവനയും ഇതിൽ ‘വീണ്ടെടുത്ത’ കണക്ക് നൽകുന്നുണ്ട്, അത് ഏകദേശം 2.5 ലക്ഷം കോടി രൂപയാണ്, അതിനാൽ ബാങ്കുകളുടെ യഥാർത്ഥനഷ്ടം (അറ്റ എൻപിഎ) 13.62 ലക്ഷം കോടി രൂപയായി കുറയും.

പിന്തുടരുന്ന കേസുകളിൽ നിന്ന് എത്രത്തോളം വീണ്ടെടുക്കപ്പെട്ടുവെന്ന് ഞങ്ങൾക്ക് അറിയില്ല. അല്ലെങ്കിൽ ഇതിനകം ‘എഴുതിത്തളളപ്പെട്ട’ കേസുകളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അജ്ഞാതമാണ്. നഷ്ടപ്പെട്ടത് നമുക്ക് ഏറ്റവും പ്രധാനമാണ്, കാരണം അത് നമ്മുടെ പണമാണ്. ഇതിന് സർക്കാർ നഷ്ടപരിഹാരം ഒന്നുംനൽകുന്നില്ല. ബാങ്ക് ഫണ്ടുകളുടെ ഈ നിയമാനുസൃതമായ കൊള്ള തടയാനുള്ള നിയമങ്ങളിൽ മാറ്റം വരുത്താത്തതിനും ഒളിച്ചോടിയവരെ മെച്ചപ്പെട്ട സാഹചര്യങ്ങൾ ലഭിക്കുന്നിടത്തേയ്ക്ക് രക്ഷപ്പെടാൻ അനുവദിച്ചതിനും പുറമെ (ലുക്ക് ഔട്ട് നോട്ടീസ് നൽകാതെ), കമ്പനിയുടെ വസ്തുക്കൾ, അല്ലെങ്കിൽ, അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ, നേട്ടങ്ങൾ ഒക്കെ പിടിച്ചെടുക്കാൻ ഫലപ്രദമായി ഒന്നും ചെയ്യുന്നില്ല എന്ന വസ്തുതയും കാണേണ്ടിയിരിക്കുന്നു. യുപിഎയുടെ കാലത്ത് സത്യം കമ്പ്യൂട്ടേഴ്സിന്റെ രാമലിംഗ രാജുവിനെ ജയിലിലേക്ക് അയച്ചു, എന്നാൽ എണ്ണമറ്റ രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചിട്ടും ഈ കൊള്ള തടയാൻ ഏത് തെമ്മാടിയെയാണ് മോദി ജയിലിലടച്ചത്? മോദിയുടെ ഭരണകാലത്ത് അവർക്ക് അനുകൂലമായി ചട്ടങ്ങൾ തിരുത്തി, ഉയർന്ന മൂല്യമുള്ള ദേശീയ ആസ്തികൾ കുറഞ്ഞ മൂല്യത്തിൽ വിറ്റഴിച്ചതിലൂടെ പ്രിയപ്പെട്ട അഞ്ച് മുൻനിര കൂട്ടാളികളുടെ സമ്പത്തിലെ അമ്പരപ്പിക്കുന്ന വർദ്ധനവ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ 12 ലക്ഷം കോടി രൂപ ബാങ്കുകളിൽ നിന്ന് തുടച്ചുനീക്കപ്പെടുന്നത്, അടുപ്പമുളള ചങ്ങാതിമാരും ഗുണഭോക്താക്കളും ഭരണത്തിൽ നിന്ന് എങ്ങനെ എന്തുനേടിയെന്ന് മനസിലാക്കാൻ ഞങ്ങളെ സഹായിച്ചേക്കും. എല്ലാത്തിനുമുപരി, ബാങ്കുകളിലെ ഞങ്ങളുടെ പണം ശരിക്കും അപ്രത്യക്ഷമായില്ല, വളരെ സങ്കീർണ്ണവും അഴിമതി നിറഞ്ഞതുമായ കാലത്ത്, വഴി അറിയാവുന്നവരുടെ പോക്കറ്റുകൾ നിറക്കാൻ അവ അങ്ങോട്ടു ചാടി എന്നുമാത്രം!”

തൃണമൂൽ കോൺഗ്രസിന്റെ മുൻ രാജ്യസഭാ എം പിയാണ് ജവഹർ സിർകാർ. നേരത്തെ ഇന്ത്യാ ഗവൺമെന്റ് സെക്രട്ടറിയും പ്രസാർ ഭാരതിയുടെ സിഇഒയുമായിരുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 + 18 =

Most Popular