ഇക്കണോമിക് നോട്ട്‌ബുക്ക്‐ 68
മാർക്സ് രൂപകല്പന ചെയ്ത അർത്ഥശാസ്ത്ര സങ്കല്പങ്ങളിൽ ഏറ്റവും മർമ്മപ്രധാനമായ ഒന്നാണ് മൂലധനത്തിന്റെ ജൈവഘടനയും അതിലെ വ്യതിയാനങ്ങൾ ലാഭനിരക്കിൽ സൃഷ്ടിക്കുന്ന ചലനങ്ങളും. ഇന്ന് സാങ്കേതികവിദ്യകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവമായ വളർച്ചയുടെയും അത് തൊഴിൽമേഖലയിൽ ഉണ്ടാക്കുന്ന ഇടിവിന്റെയും പശ്ചാത്തലത്തിൽ ഈ പരികല്പനകൾ സംബന്ധിച്ച ചർച്ചകൾ കൂടുതൽ പ്രസക്തമാണ്. യന്ത്രങ്ങൾ മനുഷ്യരെ തൊഴിൽരംഗത്തുനിന്നും വൻതോതിൽ ഒഴിവാക്കുന്നതും, ഉള്ള തൊഴിലുകൾ തന്നെ അസ്ഥിരസ്വഭാവത്തിലേക്ക് മാറുന്നതും, തൊഴിൽസമയത്തിന്റെ ദൈർഘ്യം വർധിക്കുന്നത് പല രൂപത്തിൽ തിരിച്ചു വരുന്നതും സാമൂഹികക്ഷേമ ചെലവുകളിൽ ഉണ്ടാകുന്ന ഇടിവുമൊക്കെ ഇതിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഇത് സംബന്ധിച്ച വിശകലനങ്ങളിലേക്ക് കടക്കുന്നതിനുമുൻപ് ഇത് സംബന്ധിച്ച് മാർക്സ് മുന്നോട്ടു വെച്ച അർത്ഥശശാസ്ത്ര പരികല്പനകളെ ഒന്നുകൂടി പരിചയപ്പെടാം.
മൂലധനത്തിന്റെ ജൈവഘടന എന്ന പ്രയോഗം (Organic composition of capital) മാർക്സ് നടത്തിയത് എന്തുകൊണ്ടായിരിക്കും? ജൈവം എന്നാൽ ജീവനുള്ളത്. ഉല്പാദനപ്രവർത്തനത്തിനാവശ്യമായ മൂലധനത്തിൽ ജീവനുള്ളതും ഇല്ലാത്തതുമായ രണ്ടു ഘടകങ്ങളുണ്ട്. ഉല്പാദനപ്രക്രിയയിൽ ഏർപ്പെടുന്ന തൊഴിലാളി പകർന്നുതരുന്ന അധ്വാനശക്തിയാണ് അതിലെ ജീവനുള്ള ഘടകം. തൊഴിലാളിയുടെ പൂർവകാല അധ്വാനത്തിന്റെ ഉത്പന്നങ്ങളായ യന്ത്രങ്ങളും അസംസ്കൃതവസ്തുക്കളുമാണ് ഉല്പാദന പ്രക്രിയയിലെ മറ്റ് ഘടകങ്ങൾ. മൃതമായ അധ്വാനം (Dead labour) എന്നാണ് മാർക്സ് ഇതിനെ വിളിച്ചത്. അധ്വാനത്തിന്റെ ഈ രണ്ടു ഘടകങ്ങൾ – ജീവനുള്ളതും മൃതമായതും – സംയോഗിച്ചാൽ മാത്രമേ ഉല്പാദനപ്രവർത്തനം നടക്കൂ. ഇത് മറ്റൊരു രീതിയിൽ ഒന്നുകൂടി വിശദമാക്കാം.
ഉല്പാദനപ്രവർത്തനത്തിന്റെ കേന്ദ്രം എന്ന നിലയിൽ ഒരു ഫാക്ടറിയെ സങ്കൽപ്പിക്കുക. ഒരു ഫാക്ടറി എന്ന മാർക്സിന്റെ സങ്കല്പത്തെ ഒരു രാജ്യത്ത് ഒന്നാകെ നടക്കുന്ന ഉല്പാദനവ്യവസ്ഥയുടെ പ്രതീകമായി കാണാവുന്നതാണ്. വ്യവസ്ഥയുടെ ഒരു പരിച്ഛേദം എന്ന നിലയിലാണ് മാർക്സ് ഫാക്ടറിയെ അവതരിപ്പിക്കുന്നത്. അവിടെ ഉത്പാദനം നടത്താൻ യന്ത്രങ്ങൾ വേണം, യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ തൊഴിലാളികൾ വേണം, അസംസ്കൃത വസ്തുക്കൾ വേണം. ഇതിൽ യന്ത്രങ്ങളെയും അസംകൃത വസ്തുക്കളെയും മാർക്സ് സ്ഥിരമൂലധനമെന്നും (Constant Capital) അവയെ ഉപയോഗപ്പെടുത്തി ഉത്പാദനപ്രവർത്തനത്തിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ അധ്വാനശക്തിയെ അസ്ഥിര മൂലധനമെന്നും (Variable capital) വിളിച്ചു. ഇതിനെ ചുരുക്കത്തിൽ c എന്നും v എന്നും വിളിക്കുന്നു. ആധുനിക മാനേജീരിയൽ അക്കൗണ്ടിംഗ് അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടിംഗ്, ഇതിന് ഏറെക്കുറെ സമാനമെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ഉല്പാദനപ്രവർത്തനത്തെ വിലയിരുത്തുന്നത്. പക്ഷേ കാതലായ ഒരു വ്യത്യാസം ഇവിടെയുണ്ട്. ഈ രീതിശാസ്ത്രത്തിൽ, സ്ഥിരമൂലധനത്തിൽ (fixed capital) ഉൾപ്പെടുത്തിയിരിക്കുന്നത് യന്ത്രങ്ങൾ, ഭൂമി തുടങ്ങിയ ഏറെക്കുറെ സ്ഥായിയായ മൂലധന ചിലവുകളെയാണ്. ഈ സമ്പ്രദായത്തിൽ (cost accountancy അഥവാ managerial economics എന്നൊക്കെ പറയുന്ന പഠനവിഭാഗത്തിൽ), ഉല്പാദനത്തിന് ദൈനംദിനം ആവശ്യമുള്ള അസംസ്കൃത വസ്തുക്കൾ അധ്വാനശക്തിക്കൊപ്പം അസ്ഥിര മൂലധനത്തിലാണ് (variable capital) ഉൾപ്പെടുത്തിയിരിക്കുന്നത്. ബൂർഷ്വാ അർത്ഥശാസ്ത്രത്തിൽ നിന്നും മാർക്സിയൻ അർത്ഥശാസ്ത്രത്തെ വിഭിന്നമാക്കുന്ന ഒരു സുപ്രധാനഘടകം ഇതിൽ അടങ്ങിയിട്ടുണ്ട്. മുതലാളിത്ത ഉല്പാദനപ്രക്രിയയിൽ അടങ്ങിയിരിക്കുന്ന ചൂഷണത്തെ ഇത് മറച്ചുവെയ്ക്കുന്നു. അതിനാൽ മാർക്സ് വളരെ നിർണ്ണായകമായ പുതിയൊരു സമവാക്യത്തെ ഇവിടെ ആവിഷ്ക്കരിച്ചു. തൊഴിലാളിയുടെ അധ്വാനശക്തിയെ, ഉല്പാദനപ്രക്രിയയിലെ ജൈവഘടകത്തെ, മാത്രം അസ്ഥിര മൂലധനത്തിൽ ഉൾപ്പെടുത്തി. മൃതമായ അധ്വാനം അടക്കം ചെയ്യപ്പെട്ടിരിക്കുന്ന അസംസ്കൃതവസ്തുക്കളും യന്ത്രങ്ങളുമെല്ലാം സ്ഥിരം മൂലധനത്തിന്റെ ഭാഗമാക്കി. C= c+ v+ s എന്ന ചരക്കിന്റെ വിലയെ സംബന്ധിച്ച മാർക്സിന്റെ സുപ്രധാനമായ സമവാക്യം ഇത്തരത്തിൽ ആവിഷ്കരിക്കപ്പെട്ടതാണ്. ഇതിലെ v- മിച്ച മൂല്യം അഥവാ ചൂഷണം ചെയ്യപ്പെടുന്ന അധ്വാനശക്തി. ഉല്പാദനപ്രകിയയിൽ ഏർപ്പെടുന്ന തൊഴിലാളിയുടെ അധ്വാനശക്തി മാത്രമാണ് മുതലാളിത്ത ഉല്പാദനപ്രക്രിയയിൽ ലാഭത്തിന്റെ ഏക ഉറവിടം. കമ്പോളത്തിലെ ഡിമാൻഡിലെ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്ന ലാഭ നഷ്ടകണക്കുകൾ ഇതിനു പുറമെ മാത്രം വരുന്ന ഒന്നാണ്. ഇത്രയും പശ്ചാത്തലമാക്കികൊണ്ട് ഇനി നമ്മുടെ വിഷയത്തിലേക്ക് വിശദമായി കടക്കാം.
മൂലധനത്തിന്റെ ജൈവഘടനയിലെ മാറ്റം
എന്താണ് മൂലധനത്തിന്റെ ജൈവ ഘടന? ലളിതമായ ഭാഷയിൽ പറഞ്ഞാൽ, മൊത്തം മൂലധനത്തിന്റെ അളവിൽ ‘ജീവനുള്ള’ മൂലധനവും ‘ജീവനില്ലാത്ത’ മൂലധനവും തമ്മിലുള്ള അനുപാതമാണ് മൂലധനത്തിന്റെ ജൈവഘടന (Organic Composition of Capital – OCC). ജീവനുള്ള മൂലധനമെന്നാൽ മുൻപ് വിശദീകരിച്ചതുപോലെ ഉല്പാദനപ്രക്രിയയിൽ പങ്കെടുക്കുന്ന തൊഴിലാളി പകർന്നുനൽകുന്ന അധ്വാനശക്തി (v). മുൻകാലങ്ങളിലെ അധ്വാനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട യന്ത്രങ്ങളും അസംസ്കൃത വസ്തുക്കളും ചേർന്നതാണ് അജൈവമായ മൂലധനം (c). ഇവ തമ്മിലുള്ള അനുപാതമാണ് c/v മൂലധനത്തിന്റെ ജൈവഘടന. ഇന്നത്തെ കോസ്റ്റ് അക്കൗണ്ടിംഗ് സമ്പ്രദായപ്രകാരം capital -labour ratio എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. പക്ഷേ മുൻപ് സൂചിപ്പിച്ചതുപോലെ ഇതിന് ചില പരിമിതികളുണ്ട്. അചേതനമായ എല്ലാ ഘടകങ്ങളെയും മാർക്സ് സ്ഥിരമൂലധനത്തിൽ ഉൾപ്പെടുത്തുമ്പോൾ ദീർഘകാല മൂലധനചിലവുകളെ മാത്രമാണ് ഇന്നത്തെ അക്കൗണ്ടിംഗ് സമ്പ്രദായപ്രകരം സ്ഥിരമൂലധനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്കിലും പൊതുവെ, ഒരു വ്യവസായം മൂലധന കേന്ദ്രീകൃതമാണ് (capital intensive) അല്ലെങ്കിൽ തൊഴിൽശക്തിയെ കേന്ദ്രീകരിച്ചുള്ളതാണ് (labour intensive) എന്ന് പറയുന്നതിൽ തെറ്റില്ല.
മൂലധനത്തിന്റെ ജൈവഘടന എന്ന ഈ സങ്കൽപ്പനത്തിനുള്ള പ്രസക്തിയെന്താണ്? മുതലാളിത്ത ഉല്പാദനപ്രക്രിയ കൂടുതൽ വികസിക്കുമ്പോൾ മൂലധനത്തിന്റെ ജൈവഘടന ഉയരും എന്നാണ് മാർക്സിന്റെ നിരീക്ഷണം. അതായത് ഉല്പാദനപ്രവത്തനത്തിൽ യന്ത്രങ്ങൾക്കുള്ള പങ്ക് ഉയരും, തൊഴിലാളിയുടെ സജീവ സാന്നിധ്യം അതുവഴി പകർന്നു നൽകപ്പെടുന്ന അധ്വാനശക്തിയുടെ പങ്ക് കുറയും. ഇത് ലാഭനിരക്കിന്റെ ഇടിവിലേക്ക് നയിക്കും. മാർക്സ് മൂലധനത്തിന്റെ മൂന്നാം വോള്യത്തിൽ ലാഭനിരക്കിലെ ഇടിവിനെ വിശകലനം ചെയ്യുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. (ഇത് സംബന്ധിച്ച് അടുത്ത ഭാഗത്തിൽ വിശദമായി ചർച്ച ചെയ്യാം). മറ്റൊരു സുപ്രധാന വസ്തുത, സാങ്കേതികവിദ്യകളുടെ കുതിച്ചു ചാട്ടത്തിന്റെ ഈ കാലത്ത്, നേരിട്ടുള്ള മനുഷ്യാധ്വാനം വൻതോതിൽ യന്ത്രങ്ങളാൽ പകരംവെയ്ക്കപ്പെടുന്ന ഈ വർത്തമാനകാലത്ത് ഏതൊക്കെ രീതിയിലാണ് സാമൂഹികവിശകലനത്തിന് ഉപയോഗിക്കപ്പെടുത്താം എന്നതാണ്.
വ്യവസായികവിപ്ലവത്തോടെയാണ് മനുഷ്യാധ്വാനത്തെ ഉല്പാദനമേഖലയിൽ നിന്നും യന്ത്രങ്ങൾ വൻതോതിൽ പുറന്തള്ളിത്തുടങ്ങുന്നത്. മനുഷ്യന്റെ കായികശേഷിയെ ആണ് ഈ കാലഘട്ടത്തിൽ യന്ത്രങ്ങൾ പുറന്തള്ളുന്നത്. ഈ കാലഘട്ടത്തിലെ സുപ്രധാന വ്യവസായമായ നെയ്ത്തുമേഖലയിൽ ഇതുണ്ടാക്കിയ ചലനങ്ങൾ സൃഷ്ടിച്ച സാമൂഹിക മാറ്റങ്ങൾ വിസ്മയകരമായിരുന്നു. കൈത്തൊഴിൽ വിദഗ്ധരെ ഉന്മൂലനം ചെയ്ത ആ സ്ഥാനത്ത് നെയ്ത്തുയന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ മാത്രം സാങ്കേതികശേഷി കൈമുതലായുള്ളവർ ഈ മേഖലയിലെ ഉല്പാദനരംഗം കയ്യടക്കി. വിദഗ്ധ തൊഴിലാളികൾ ഉല്പാദനത്തിൽ ആവശ്യഘടകമല്ലാതായി. ക്രമേണ കൊയ്ത്തുയന്ത്രങ്ങളായിട്ടും ട്രാക്ടറുകളായിട്ടും കാർഷികമേഖലയിലേക്കും യന്ത്രവൽക്കരണം കടന്നുവന്നു. മാർക്സ് അടക്കമുള്ള സാമൂഹിക ശാസ്ത്രജ്ഞർ വളരെ വിശദമായി ഈ പ്രക്രിയയെ വിശകലനം ചെയ്തിട്ടുണ്ട്. മാർക്സിന്റെ മൂലധനത്തിന്റെ ഒന്നാം വോള്യത്തിലെ ഏറ്റവും ബൃഹത്തായ അധ്യായം തന്നെ യന്ത്രങ്ങളെക്കുറിച്ചുള്ളതാണ്. സാമൂഹിക ശാസ്ത്രജ്ഞർ മാത്രമല്ല കലാകാരരും പല രൂപത്തിൽ ഈ പ്രതിഭാസത്തോട് പ്രതികരിച്ചു. 1936ൽ പുറത്തിറങ്ങിയ ചാർളി ചാപ്ലിന്റെ മോഡേൺ ടൈംസ് എന്ന വിഖ്യാത ചലച്ചിത്രം തന്നെ ഉല്പാദനരംഗത്തേക്കു കടന്നുവരുന്ന യന്ത്രങ്ങളെക്കുറിച്ചുള്ളതാണ്. യന്ത്രങ്ങളുടെ കടന്നുവരവ് ഉല്പാദനസമ്പ്രദായങ്ങളെ വിപ്ലവകരമാക്കി പുതുക്കിപ്പണിതു. വൻകിട യന്ത്രങ്ങൾ, കൂറ്റൻ ഫാക്ടറികൾ എന്നിങ്ങനെ മൂലധനപ്രധാനമായ (Capital Intensive) സമ്പ്രദായം സാർവ്വലൗകികമായി . കൂടുതൽ ഉയർന്ന സാങ്കേതികവിദ്യകൾ കൈമുതലായുള്ളവരും അല്ലാത്തവരുമായി ദേശരാഷ്ട്രങ്ങൾ തമ്മിൽ തമ്മിലും അതാതു രാജ്യങ്ങൾക്കുള്ളിൽത്തന്നെയുള്ള പ്രദേശങ്ങൾ തമ്മിലുമുള്ള അന്തരം വർദ്ധിച്ചു. മൂലധപ്രധാനമായ ഉല്പാദനസമ്പ്രദായം കൂടുതൽ ഉയർന്ന ഉല്പാദക്ഷമതയ്ക്ക് വഴിതെളിച്ചു. ഈ മാർഗം അവലംബിക്കാൻ കഴിഞ്ഞ വൻരാഷ്ട്രങ്ങളും സ്ഥാപനങ്ങളും – കൂടുതൽ സമ്പന്നരായി. ഇത്തരത്തിൽ മൂലധനത്തിന്റെ ജൈവഘടനയിൽ വന്ന മാറ്റം സമൂഹത്തെയാകെ മാറ്റിമറിച്ചു എന്ന് വേണമെങ്കിൽ പറയാം. ലോകചരിത്രം ഇതഃപര്യന്തം ദർശിക്കാത്ത രീതിയിൽ ഇത് ഉല്പാദനശക്തികളെ കെട്ടഴിച്ചുവിട്ടു. അന്നുമുതൽ ഇന്നുവരെ ഉല്പാദനരംഗത്ത് ലോകം ദർശിക്കുന്നത് ഒരേ കാഴ്ചയാണ് -കൂടുതൽ മെച്ചപ്പെട്ട സാങ്കേതികവിദ്യകൾക്ക് വേണ്ടിയുള്ള നെട്ടോട്ടം. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഈ പ്രക്രിയയെ ഇപ്രകാരം വിവരിക്കുന്നു. ‘‘ഉല്പാദനോപകരണങ്ങളിലും തദ്വാരാ ഉല്പാദനബന്ധങ്ങളിലും അതോടൊപ്പം സാമൂഹ്യബന്ധങ്ങളിലൊട്ടാകെയും നിരന്തരം വിപ്ലവകരമായ പരിവർത്തനം വരുത്താതെ ബൂർഷ്വാസിക്ക് നിലനിൽക്കാനാവില്ല. നേരേമറിച്ചു്, ഇതിനു മുമ്പുണ്ടായിരുന്ന എല്ലാ വ്യാവസായികവർഗ്ഗങ്ങളുടേയും നിലനില്പിന്റെ ആദ്യത്തെ ഉപാധി, പഴയ ഉല്പാദനരീതികളെ യാതൊരു മാറ്റവും കൂടാതെ നിലനിർത്തുകയെന്നതായിരുന്നു. ഉല്പാദനത്തിൽ നിരന്തരം വിപ്ലവകരമായ പരിവർത്തനം, എല്ലാ സാമൂഹ്യബന്ധങ്ങളേയും ഇടതടവില്ലാതെ ഇളക്കിമറിക്കൽ, ശാശ്വതമായ അനിശ്ചിതാവസ്ഥയും പ്രക്ഷോഭവും – ഇതെല്ലാം ബൂർഷ്വാകാലഘട്ടത്തെ എല്ലാ പഴയ കാലഘട്ടങ്ങളിൽ നിന്നും വേർതിരിക്കുന്നു. ഉറച്ചു കട്ടപിടിച്ചതും നിശ്ചലവുമായ എല്ലാ ബന്ധങ്ങളും അവയുടെ കൂടപ്പിറപ്പായ പുരാതനവും ആദരണീയവുമായ മുൻവിധികളും അഭിപ്രായങ്ങളും തുടച്ചുനീക്കപ്പെടുന്നു. തൽസ്ഥാനത്ത്, പുതുതായി ഉണ്ടാകുന്നവയ്ക്ക് ഉറച്ചുകട്ടിയാവാൻ സമയം കിട്ടുന്നതിനുമുമ്പു് അവ പഴഞ്ചനായിത്തീരുന്നു. കട്ടിയായതെല്ലാം വായുവിൽ ഉരുകി ലയിക്കുന്നു, വിശുദ്ധമായതെല്ലാം അശുദ്ധമായിത്തീരുന്നു”. l
(തുടരും)