1949 ഒക്ടോബർ ഒന്നിന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി – ജനകീയ ചൈന റിപ്പബ്ലിക്) നിലവിൽ വന്നതായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് മൗ സേ ദൂങ് (1893 – 1976) പ്രഖ്യാപിച്ചു. പുതിയ സർക്കാരിനെ സ്വാഗതം ചെയ്യാനും പുതിയ നേതൃത്വത്തെ അഭിവാദ്യം ചെയ്യാനുമായി ടിയാനെൻമെൻ സ്ക്വയറിൽ 30 ലക്ഷം ആളുകളാണ് ഒത്തുകൂടിയത്. ജനകീയ ചെെന റിപ്പബ്ലിക്കിന്റെ തുടക്കംകുറിച്ചുകൊണ്ടുള്ള തന്റെ പ്രഖ്യാപനത്തിനുശേഷം മൗ ജനകീയ ചൈന റിപ്പബ്ലിക്കിന്റെ പുതിയ പതാക വിടർത്തി വീശിക്കാണിച്ചു; തുടർന്ന് സൈനിക മേധാവി ഷൂ ദേ ജനകീയ വിമോചന സേനയുടെ സേനാവിഭാഗങ്ങളുടെ സെെനിക പരിശോധന നടത്തി. ചൈനയുടെ മറ്റു ഭാഗങ്ങളിലും സമാനമായ മറ്റ് ആഘോഷങ്ങൾ നടത്തപ്പെടുകയുണ്ടായി. ജനകീയ ചൈന റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ടതോടുകൂടി സാമ്രാജ്യത്വ ശക്തികൾക്കുമുന്നിൽ മുട്ടുമടക്കി നിൽക്കേണ്ടിവന്ന നാണക്കേടിന്റേതായ ഒരു നൂറ്റാണ്ടിനും (ബ്രിട്ടീഷുകാർ നടത്തിയ 1839ലെ ഒന്നാം കറുപ്പ് യുദ്ധത്തോടുകൂടിയാണ് അതാരംഭിച്ചത്‍) ദൈർഘ്യമേറിയ രണ്ടാം ലോക യുദ്ധത്തിനും (1931ൽ ജപ്പാൻ മഞ്ചൂറിയ ആക്രമിച്ചതോടുകൂടിയാണ് അതിന്റെ തുടക്കം) അന്ത്യം കുറിച്ചു. 10 ദിവസത്തിനുമുമ്പ് നടന്ന ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ ഒന്നാം പ്ലീനറി സമ്മേളനത്തിൽ മൗ ഇങ്ങനെ പറഞ്ഞു : ‘‘മാനവരാശിയുടെ ചരിത്രത്തിൽ നമ്മുടെ പ്രവർത്തനം അടയാളപ്പെടുത്തപ്പെടും എന്ന കാര്യം നമുക്കെല്ലാം ബോധ്യമുള്ളതാണ്; മാനവരാശിയുടെ നാലിലൊന്ന് വരുന്ന ചൈനീസ് ജനത ഇപ്പോൾ ഉയർത്തെഴുന്നേറ്റിരിക്കുകയാണെന്ന് പ്രകടമായിരിക്കുകയാണ്’’.
പുതിയ ഭരണകൂടത്തിന്റെ, ജനകീയ ചൈന റിപ്പബ്ലിക്കിന്റെ, പേരിലെ ഈ രണ്ടു വാക്കുകൾക്ക് ഏറെ പ്രാധാന്യമുണ്ട് : ജനങ്ങൾ, റിപ്പബ്ലിക്. റിപ്പബ്ലിക് എന്ന വാക്ക് ക്വിങ് രാജവംശത്തിന്റെ (1644–1911) അന്ത്യം കുറിച്ച 1911ലെ വിപ്ലവത്തിന്റെ പൂർത്തീകരണത്തെ അടയാളപ്പെടുത്തി; രാജവാഴ്ചയ്ക്കുശേഷമുള്ള പരമാധികാര രാഷ്ട്രത്തിന്റെ തുടക്കമായി എന്നും അത് അടയാളപ്പെടുത്തി. ഭരണഘടനാധിഷ്ഠിത രാജവാഴ്ചയെ പിന്തുണച്ച കാങ് യുവെയ് (1858– 1927) യെയും ലിയാങ് ക്വിച്ചാവോ (1873 –1929) യെയും പോലെയുള്ള വ്യത്യസ്ത വ്യക്തികളുടെ പരിഷ്കരണ വീക്ഷണങ്ങളിൽ നിന്നാണ് ചൈനീസ് റിപ്പബ്ലിക്കനിസം തുടക്കത്തിൽ ഉരുവം കൊണ്ടത്; പിന്നീട് സൺയാത്-സെൻ (1866 – 1925) മുന്നോട്ടുവെച്ച ആശയങ്ങളാണ് ഏറ്റെടുത്തത്; അദ്ദേഹം രാജവാഴ്ചക്കെതിരായിരുന്നുവെന്നു മാത്രമല്ല, അതിലും പ്രധാനമായി നൂറ്റാണ്ടുകളായുള്ള നികൃഷ്ട സാംസ്കാരിക പൈതൃകം പേറുന്നതിനും എതിരായിരുന്നു; സർവോപരി അദ്ദേഹം വിശാലമായ ചൈനീസ് ഭൂപ്രദേശത്തുടനീളം അധിവസിക്കുന്ന ജനങ്ങളുടെയാകെ ഐക്യത്തിനുവേണ്ടിയും നിലകൊണ്ടിരുന്നു. രണ്ടാമത്തെ വാക്കിന് – ജനങ്ങൾക്ക് – ചൈനീസ് ചിന്തയിലും മാർക്സിസ്റ്റ് സിദ്ധാന്തത്തിലും സമ്പന്നമായ ഒരു ചരിത്രമുണ്ട്; അതിനർഥം മിക്കവാറും എല്ലാ സമൂഹങ്ങളിലുമുള്ള ഒരു കൂട്ടം വർഗങ്ങൾ ചേർന്നാണ് ഭരണകൂടം പ്രവർത്തിക്കുന്നത് എന്നാണ് (കർഷകർ, തൊഴിലാളികൾ, ബുദ്ധിജീവികൾ, പെറ്റി ബൂർഷ്വാസി – ചൈനയുടെ പുതിയ പതാകയിലെ നാല് നക്ഷത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഇവയെയാണ്; അഞ്ചാമത്തെ, ഏറ്റവും വലിയ നക്ഷത്രം പ്രതിനിധാനം ചെയ്യുന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെയാണ്). ചൈനീസ് സമൂഹത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള ഉപകരണമായിട്ടാണ് തുടക്കം മുതൽ തന്നെ ജനകീയ ചൈന റിപ്പബ്ലിക് കരുതപ്പെടുന്നത്; അല്ലാതെ മുൻപു നടന്ന ഒരു പരിവർത്തനത്തിന്റെ മൂർധന്യാവസ്ഥയല്ല ജനകീയ ചൈന റിപ്പബ്ലിക്. അതൊരു സോഷ്യലിസ്റ്റ് ഭരണകൂടമല്ല; മറിച്ച് സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന ജനകീയ റിപ്പബ്ലിക്കാണത്. ചൈനീസ് വിപ്ലവം 1949ൽ നടന്ന ഒരു പ്രത്യേക സംഭവമല്ലയെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വം തുടക്കം മുതൽ തന്നെ മനസ്സിലാക്കിയിരുന്നു; മറിച്ച് 1949 നും വളരെ മുൻപുതന്നെ, ചുരുങ്ങിയത് 1931ൽ റൂയ്ജിനിൽ ചൈനീസ് സോവിയറ്റ് റിപ്പബ്ലിക് രൂപീകരിച്ച കാലം മുതൽ അഥവാ 1936ൽ യെനാനിൽ വിപ്ലവതാവളം സ്ഥാപിച്ചതുമുതലെങ്കിലും ആരംഭിച്ച ഒരു ദീർഘകാല പ്രക്രിയയായിരുന്നു അത്.
മൂന്ന് ബഹുജന മുന്നേറ്റങ്ങൾ
ജനകീയ ചൈന റിപ്പബ്ലിക് രൂപീകരിക്കപ്പെട്ട കാലത്ത് ആ ഭൂപ്രദേശത്തിന്റെ ഐക്യം അതേവരെ ദൃഢീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നില്ല; മാത്രമല്ല, സാമ്രാജ്യത്വ കടന്നാക്രമണത്തിനെതിരെ സ്വയം സംരക്ഷിക്കാനുള്ള മാർഗമെന്തെന്ന് കണ്ടെത്തിയിരുന്നുമില്ല. 1949നുശേഷം തീവ്രത വർദ്ധിച്ച രണ്ട് മുഖ്യ ബഹുജന മുന്നേറ്റങ്ങളിലൊന്ന്, തെക്കു പടിഞ്ഞാറൻ ചൈനയിലും തെക്കൻ ചൈനയിലും കുമിന്താങ് സേന പൂർണമായും പരാജയപ്പെട്ടതും കുമിന്താങ്ങിനു ലഭിച്ച സാമ്രാജ്യത്വ പിന്തുണ (കുമിന്താങ് തായ്-വാനിലേക്ക് നീങ്ങിയതോടെ)യ്ക്കെതിരെ ലോകത്ത് സഖ്യശക്തികളെ ഉണ്ടാക്കാൻ കഴിഞ്ഞതുമാണ് (പ്രത്യേകിച്ച് സോവിയറ്റ് യൂണിയനുമായി 1950 ഫെബ്രുവരിയിൽ ഒപ്പുവെച്ച ചൈന –സോവിയറ്റ് ഉടമ്പടി); രണ്ടാമത്തേത് 1950 ജൂണിൽ കൊറിയൻ ഉപദ്വീപിനെ അമേരിക്ക ആക്രമിച്ചതിനെ തുടർന്നുണ്ടായ മുന്നേറ്റമാണ്. ഈ രണ്ടു ജനകീയ മുന്നേറ്റങ്ങൾ – വലതുപക്ഷ ശക്തികളുടെ പരാജയവും സാമ്രാജ്യത്വ ആക്രമണത്തെ ചെറുത്തുനിൽക്കാനുള്ള ശക്തി സമാഹരിക്കലും – മൂന്നാമത്തെ ജനകീയ മുന്നേറ്റത്തിലേക്ക് കടക്കാൻ ജനകീയ ചൈന റിപ്പബ്ലിക്കിനെ പ്രാപ്തമാക്കി; എന്നാൽ ഏറ്റവുമധികം സ്ഥായിയായത് കാർഷിക പരിഷ്കരണ പദ്ധതിയായിരുന്നു.
1950 ശീതകാലത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കൈക്കൊണ്ട തീരുമാനപ്രകാരം പുതുതായി വിമോചിതമായ മേഖലകളിൽ ഭൂപരിഷ്കരണ പ്രക്രിയ ആരംഭിച്ചു; ക്രമാനുഗതമായി 1953 വസന്തകാലത്തോടുകൂടി അത് പൂർത്തീകരിക്കപ്പെട്ടു. കാർഷിക പരിഷ്കരണ നിയമത്തിലെ ആദ്യത്തെ പൊതുതത്വം വ്യക്തമാക്കിയത് ഇങ്ങനെ: ‘‘ഫ്യൂഡൽ ചൂഷകരായ ഭൂപ്രഭു വർഗത്തിനുള്ള ഭൂ ഉടമസ്ഥത ഇല്ലാതാക്കലും, ഗ്രാമീണ ഉത്പാദക ശക്തികളെ മോചിപ്പിക്കുന്നതിനും കാർഷികോൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും പുതിയ ചൈനയുടെ വ്യവസായവൽക്കരണത്തിന് വഴിയൊരുക്കുന്നതിനുമായി കർഷകർക്ക് ഭൂമിയുടെ ഉടമസ്ഥത നൽകലുമാണ്’’. അതായിരുന്നു ലക്ഷ്യം. ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം നടപ്പാക്കേണ്ടിയിരുന്നത്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പരിശീലിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്ത താഴെത്തട്ടിലുള്ള രാഷ്ട്രീയാധികാരത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു; കൃത്യമായ മാർഗരേഖപ്രകാരവും ആസൂത്രിതമായും ചിട്ടയോടുകൂടിയും ഭൂപരിഷ്കരണം നടപ്പാക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു അടിത്തട്ടിലെ ഈ രാഷ്ട്രീയ അധികാരം. ജനകീയ ചൈന റിപ്പബ്ലിക് കർഷകർക്ക് ഭൂമി നൽകുകയായിരുന്നില്ല; തങ്ങളുടെ പ്രദേശത്ത് വിഭവങ്ങളുടെ പുനർവിതരണം നടപ്പാക്കുകയെന്ന കടമ നിറവേറ്റുന്നതിന് മേഖലാടിസ്ഥാനത്തിലും പ്രാദേശികാടിസ്ഥാനത്തിലും രാഷ്ട്രീയാധികാരം കെട്ടിപ്പടുക്കാൻ കർഷകർക്ക് കഴിയുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ജനകീയ ചൈന റിപ്പബ്ലിക് ചെയ്തത്. ഏറെയും ബലപ്രയോഗത്തിലൂടെയുള്ള പിടിച്ചെടുക്കലായിരുന്നില്ല നയം; അതിനപ്പുറം, ഫ്യൂഡൽ അടിച്ചമർത്തലിൽനിന്നും കൂടുതൽ നീതിപൂർണമായ അടിസ്ഥാനത്തിൽ ഭൂബന്ധങ്ങളെ പരിവർത്തനം ചെയ്യിക്കുന്നതിന് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുകയെന്നതായിരുന്നു നയം. 1956 ആയപ്പോൾ രാജ്യത്തെ 90% കർഷകർക്കും കൃഷി ചെയ്യാനുള്ള ഭൂമി ലഭിച്ചു; പത്തു കോടി കർഷകരാണ് കാർഷിക സഹകരണ സംഘങ്ങളിൽ സംഘടിപ്പിക്കപ്പെട്ടത്; സ്വകാര്യ വ്യവസായം ഫലപ്രദമായി നിർമാർജനം ചെയ്യപ്പെട്ടു.
കാർഷിക പരിഷ്കരണത്തിന് ഉത്പാദനപരമായ നിരവധി അനന്തരഫലങ്ങളുണ്ടായിരുന്നു. ഭൂരഹിതരായ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഇതോടെ ഭൂമിയും വിഭവങ്ങളും ലഭിച്ചു; തന്മൂലം അവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരമുണ്ടായി; ഗ്രാമീണ മേഖലയിലെ മൊത്തം ജനങ്ങളും ഭൂമിയിൽ ഉടമസ്ഥാവകാശത്തോടെയും ഭൂമിയിൽ ഭൗതികാഭിവൃദ്ധി ഉണ്ടാക്കണമെന്ന താല്പര്യത്തോടെയും പണിയെടുത്തു; തന്മൂലം ഉൽപാദനക്ഷമത വർദ്ധിച്ചു; മേൽക്കോയ്മയുടേതായ പഴയ ഭൂപ്രഭുത്വ സംസ്കാരവും പുരുഷാധിപത്യപരമായ ബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഷ്ഠുരമായ അനന്തരഫലങ്ങളും തകർക്കപ്പെട്ടു. അനുകൂലമായ ഈ അനന്തരഫലങ്ങൾ ചൈനീസ് ജനതയിലെ വളരെ വലിയൊരു വിഭാഗത്തിന്റെ ജീവിത സാഹചര്യങ്ങളും തൊഴിൽ സാഹചര്യങ്ങളും അഭിവൃദ്ധിപ്പെടുത്തി; ഇത് ഏറെക്കുറെ പെട്ടെന്നുതന്നെ അവരെ ചൈനീസ് വിപ്ലവത്തോട് കൂറുള്ളവരാക്കി.
കഴിഞ്ഞകാല പോരായ്മകളെ അതിജീവിക്കൽ
1949ൽ ചൈനയിലെ ഔദ്യോഗിക കണക്കുപ്രകാരമുള്ള സാക്ഷരതാ നിരക്ക് 20 ശതമാനമെന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്; എന്നാൽ നമുക്കു ലഭിക്കുന്ന എല്ലാ സൂചനകളും വ്യക്തമാക്കുന്നത് വളരെയേറെ പെരുപ്പിച്ച കണക്കാണതെന്നാണ്. ചൈനീസ് ജനതയുടെ വലിയൊരു വിഭാഗത്തെ സംബന്ധിച്ച്- ജീവിതം ദുരിതപൂർണമായിരുന്നതിന്റെ ലളിതമായ കാരണങ്ങളിലൊന്ന് ഇതായിരുന്നു. മറ്റൊന്ന്, ചൈനീസ് ജനതയുടെ മരണനിരക്ക് 40 ശതമാനം വരെയായിരുന്നു; ശിശുമരണ നിരക്ക് ഭയാനകമായിരുന്നു – 1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അതിൽ 250 പേരും അപ്പോൾ തന്നെ മരണപ്പെട്ടിരുന്നു. ചൈനക്കാരുടെ ആയുർദെെർഘ്യം ശരാശരി 35 വയസ്സ് കടന്നിരുന്നില്ല. സാമ്രാജ്യത്വ ശക്തികളുടെ കെെയിൽ നിന്ന് നേരിട്ടിരുന്ന അപമാനിക്കലിന്റേതായ ഒരു നൂറ്റാണ്ടുപിന്നിട്ടപ്പോൾ (Century of Humiliation), പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചൈനയുടെ ജി ഡി പി ആഗോള സമ്പദ്ഘടനയുടെ ഏകദേശം മൂന്നിലൊന്നായിരുന്നത്, പിൽക്കാലത്ത് ജനകീയ ചൈന റിപ്പബ്ലിക് സ്ഥാപിക്കപ്പെടുമ്പോൾ വെറും 5% ആയി ഇടിഞ്ഞിരുന്നു. ആ കാലത്ത് പ്രതിശീർഷ ജിഡിപിയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ പരമ ദരിദ്ര രാജ്യങ്ങളിൽ പതിനൊന്നാമതായിരുന്നു ചൈന – 8 ആഫ്രിക്കൻ രാജ്യങ്ങൾക്കും രണ്ട് ഏഷ്യൻ രാജ്യങ്ങൾക്കും പിന്നിൽ. 19 –ാം നൂറ്റാണ്ടു മുതൽ ചൈനയിലെ നാട്ടിൻപുറങ്ങളിലുണ്ടായ അതിഭയങ്കരമായ ഇളകിമറിയലുകളും– ബ്രിട്ടീഷുകാർക്കെതിരായ യുദ്ധങ്ങളിലും തയ്-പിങ് കലാപത്തെയും (1850 – 1864) നിയാൻ കലാപത്തെയും (1851 –1868) ദു വെൻസിയു കലാപത്തെയും (1856 – 1872) പോലെയുള്ള കാർഷിക മുന്നേറ്റങ്ങളിലും പ്രതിഫലിച്ചത് അതാണ് – ഫ്യൂഡൽ ഭൂപ്രഭുക്കൾ എന്ന ചെറിയൊരു വർഗം നടത്തിയ കൊള്ളകളും കർഷക ജനതയെയും തൊഴിലാളികളെയും വിട്ടുവീഴ്ചയില്ലാത്ത ഒരു കൂട്ടം നടപടികളിലേക്ക് നീങ്ങാൻ നിർബന്ധിതരാക്കി. പോരാട്ടം കൂടാതെ തങ്ങൾക്ക് നിലനിൽക്കാനാവാത്തതുകൊണ്ട് അവർ പൊരുതി; ജപ്പാൻകാർക്കെതിരായ പശ്ചാത്തലവും ലോങ് മാർച്ചിന്റെ കാലത്തും അതിന്റെ പരിസമാപ്തിക്കുശേഷവും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കൈക്കൊണ്ട തന്ത്രപരമായ അത്യുജ്വല തീരുമാനങ്ങളുംമൂലം അവർക്ക് മുൻകൈ ആർജിക്കാൻ കഴിഞ്ഞു.
കഴിഞ്ഞകാല പോരായ്മകളെ അതിജീവിക്കല്‍ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അടിയന്തരമായി വേണ്ട വിദ്യാഭ്യാസ – ആരോഗ്യ– പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലൂടെ സമ്പത്തിന്റെ പുനഃവിതരണം നടത്താനുള്ള വിഭവങ്ങൾ ജനകീയ ചൈന റിപ്പബ്ലിക്കിനുണ്ടായിരുന്നില്ല. കാർഷിക പരിഷ്കരണ പ്രക്രിയയുടെ കാലത്ത് ജനകീയ ചൈന റിപ്പബ്ലിക് ഷൗ എൻലായ് യുടെയും (1898– 1976) ചെൻയുണിന്റെയും (1905– 1995) നേതൃത്വത്തിൽ ഒന്നാം പഞ്ചവത്സര പദ്ധതി (1953 – 1957) നടപ്പിലാക്കി. രണ്ടു വർഷത്തിനകം ഈ പദ്ധതി പ്രവർത്തനക്ഷമമായി; സൈദ്ധാന്തികമായ നാല് കാര്യങ്ങൾക്ക് അത് ഊന്നൽ നൽകി:
1. വ്യാവസായിക അടിത്തറ കെട്ടിപ്പടുക്കൽ: നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള ചൈനീസ് ജനതയുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടവിധം യഥാർഥത്തിൽ വ്യാവസായികാടിത്തറ ഒരിക്കലും പടുത്തുയർത്തിയിരുന്നില്ല. നിർമാണത്തിനായി നീക്കി വയ്ക്കപ്പെട്ട മൂലധനത്തിന്റെ 58.2 ശതമാനവും ചെലവഴിക്കപ്പെട്ടത് വ്യാവസായിക ശേഷി പടുത്തുയർത്തുന്നതിനായിരുന്നു.
2. ചൈനയിൽ നിലനിന്നിരുന്ന യാഥാർഥ്യങ്ങളെ അടിസ്ഥാനമാക്കിയും സാങ്കല്പികമായി ആഗ്രഹാഭിലാഷങ്ങളെ ആശ്രയിക്കാതെയും ഒരു പുതിയ ചൈന കെട്ടിപ്പടുക്കൽ: ഇതുകൊണ്ടർഥമാക്കുന്നത് ജനകീയ ചൈന റിപ്പബ്ലിക് പൊരുതി സമാഹരിച്ച വിലപ്പെട്ട വിഭവങ്ങൾ അൽപവും പാഴാക്കാതെ, വിവേകപൂർവം വിനിയോഗിക്കണമെന്നും ഭരണകൂടത്തിന്റെ വ്യാപനത്തിന്റെ ചുമതലകൾ നിർവഹിക്കുന്നതിന് ബ്യൂറോക്രാറ്റുകളുടെ വളരെ വലിയൊരു സേനയ്ക്ക് പരിശീലനം നൽകണമെന്നും സമ്പദ്ഘടനയുടെ ജനാധിപത്യവൽക്കരണത്തെ സഹായിക്കാനായി ഭരണകൂടാധികാരത്തെ ഉപയോഗിക്കണമെന്നുമാണ്.
3. പുറത്തുനിന്നുള്ള സഹായത്തെ അധികമൊന്നും ആശ്രയിക്കാതെതന്നെ ചൈനക്കാർക്ക് സ്വയം ചേർത്തുവെയ്ക്കാൻ കഴിയുന്ന ഉപാധികൾ എന്തായാലും അത് ഉപയോഗിക്കൽ; എന്നിരുന്നാലും ആദ്യ വർഷങ്ങളിൽ പ്രത്യേകിച്ചും വ്യവസായവൽക്കരണത്തിന് സോവിയറ്റ് യൂണിയൻ വളരെ വലിയ സഹായം പ്രദാനം ചെയ്തിരുന്നു. ഒന്നാം പദ്ധതിയുടെ കാലത്ത്, സോവിയറ്റ് യൂണിയൻ 3,000 സാങ്കേതിക വിദഗ്ധരെ ചൈനയിലേക്കയച്ചു; അതുപോലെതന്നെ സോവിയറ്റ് യൂണിയനിൽ സാങ്കേതിക വിദ്യകൾ അഭ്യസിക്കുന്നതിനായി 12,000 ചൈനീസ് വിദ്യാർഥികളെ സ്വാഗതം ചെയ്തു. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ചൈനീസ് ഭരണകൂടത്തിന്റെ മൊത്തം ധനവരുമാനത്തിൽ 2.7 ശതമാനം മാത്രമേ വികസനാവശ്യങ്ങൾക്കുവേണ്ടിയുള്ള വിദേശ വായ്പകൾ ഉണ്ടായിരുന്നുള്ളൂ.
4. ഒരു ദരിദ്ര രാജ്യത്തെ മൂലധനം സഞ്ചയിക്കലും ദരിദ്രരായ ജനതയുടെ ഉപഭോഗാവശ്യങ്ങളും തമ്മിലുള്ള സന്തുലനം ശരിയായവിധം കൈകാര്യം ചെയ്യൽ. ജനങ്ങളുടെ അടിയന്തരാവശ്യങ്ങളും അവരുടെ ദീർഘകാല താൽപര്യങ്ങളും ശ്രദ്ധാപൂർവം കണക്കാക്കിയാണ് പദ്ധതിയിൽ ആവശ്യങ്ങൾ വ്യക്തമാക്കപ്പെട്ടത്; വിഭവങ്ങളെ സ്ഥിര മൂലധനം സമാഹരിക്കലിനായി കൂടുതൽ ഉപയോഗിക്കുന്നത് സോഷ്യലിസത്തിനോടുള്ള ആവേശത്തിന് മങ്ങലേൽപ്പിക്കും; അതേസമയം താൽക്കാലിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വിഭവങ്ങൾ ചെലവഴിക്കുന്നത് പ്രശ്നങ്ങളെ ഭാവിയിലേക്ക് മാറ്റിവയ്ക്കുക മാത്രമേ ചെയ്യൂ.
ഒന്നാം പഞ്ചവത്സര പദ്ധതിയിൽ സങ്കീർണമായ സാങ്കേതികവിദ്യയുടെ പ്രയോഗം വേണമെന്ന സിദ്ധാന്തംമൂലം ചില പ്രധാന നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്; എന്നാൽ നിലനിന്നിരുന്ന ആവശ്യങ്ങൾ പരിഹരിക്കാൻ ഈ നേട്ടങ്ങളൊന്നും മതിയാകുമായിരുന്നില്ല. ജീവിതത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വസ്തുനിഷ്ഠ ഘടകങ്ങൾ മെച്ചപ്പെട്ടുകൊണ്ടിരിക്കവെതന്നെ പ്രധാനപ്പെട്ട സാമൂഹ്യ പ്രശ്നങ്ങളിൽ കൂടുതൽ ആത്മനിഷ്ഠമായ പ്രവർത്തനങ്ങൾ ആവശ്യമായി വന്നു. നിരക്ഷരത നിർമാർജനം ചെയ്യുന്നതിന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ബഹുജന ക്യാമ്പയിൻ സംഘടിപ്പിച്ചു (1950 – 1956); കർഷക ജനതയ്ക്കായി പാടങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കൽ ഉൾപ്പെടെ ഇതിന്റെ ഭാഗമായിരുന്നു.1940കളിലെ ചുഴലിക്കൊടുങ്കാറ്റിൽ അകപ്പെട്ടതിനെ തുടർന്ന് ചൈനയിലെ പല ഗ്രാമീണ മേഖലകളും പരസ്പര സഹകരണത്തിന്റേതായ ഒരു പാരമ്പര്യം വികസിപ്പിച്ചു; അതാണ് പിന്നീട് ജനകീയ ചൈന റിപ്പബ്ലിക്കിൽ റൂറൽ കോ ഓപ്പറേറ്റീവ് മെഡിക്കൽ ഇൻഷുറൻസ് സ്കീമായി മാറിയത്. ഈ രൂപത്തിലുള്ള മെഡിക്കൽ ഇൻഷുറൻസ് ഉപയോഗിച്ചാണ് സോവിയറ്റുകളുടെ സഹായത്തോടുകൂടി പൊതുജനാരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിന് ജനകീയ ചൈന റിപ്പബ്ലിക് സ്വന്തം വിഭവങ്ങൾ വിതരണം ചെയ്തത്; ഗ്രാമീണ പ്രവിശ്യകളിൽ ജനറൽ ആശുപത്രികളും ഗ്രാമങ്ങളിൽ പോളി ക്ലിനിക്കുകളും ഉൾപ്പെടെ നിർമിച്ചത് ഇതുപയോഗിച്ചാണ്. സാക്ഷരതയും ആരോഗ്യ സംവിധാനവും ഒരേപോലെ അതിവേഗം അഭിവൃദ്ധി കൈവരിച്ചു; ജനകീയ ചൈന റിപ്പബ്ലിക്കിലെ ആശയപരമായി വളരെയേറെ പ്രചോദിതരായ കാഡർമാരാണ് ഇത് സാധ്യമാക്കിയത്; ത്യാഗം ചെയ്യാനുള്ള തങ്ങളുടെ യുദ്ധകാലാനുഭവവും അന്നത്തെ തന്ത്രങ്ങളും പ്രയോഗിച്ച് അവർ നല്ല ഫലമുണ്ടാക്കി.
സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് ആത്മനിഷ്ഠതയെ ആശ്രയിക്കേണ്ടതായി വന്നത് ആവശ്യത്തിന്റെ അനിവാര്യത സൃഷ്ടിച്ച പോരായ്മകളിൽ ഒന്നാണ്; ഇത്തരമൊരു ചട്ടക്കൂട് കാര്യങ്ങളെ പെരുപ്പിച്ചുകാണാനുള്ള മനുഷ്യന്റെ സഹജസ്വഭാവവുമായി ചേർന്നു നിൽക്കുകയും തെറ്റു സംഭവിക്കുകയും ചെയ്യുന്നു; സാംസ്കാരിക വിപ്ലവ (1966–1976) ത്തിനുള്ള ആഹ്വാനത്തിൽ സംഭവിച്ചത് അതാണ്. എന്നാൽ ഇവിടെപ്പോലും റിക്കാർഡ് പൂർണമായും നിഷേധാത്മകമല്ല. ഈ കാലഘട്ടത്തിലാണ് ജനകീയ ചെെന റിപ്പബ്ലിക് ‘നഗ്നപാദ ഡോക്ടർ’ പദ്ധതിക്ക് ഔപചാരിക രൂപം നൽകിയത്. അതാണ് ഗ്രാമപ്രദേശങ്ങളിൽ പോയി ജനസേവനം നടത്താനുള്ള ഡോക്ടർമാർക്ക് മെഡിക്കൽ കോളേജുകൾ അടിസ്ഥാന പരിശീലനം നൽകുന്നതിന് വഴിയൊരുക്കിയത്. അങ്ങനെയാണ് യാതൊരു ചികിത്സാ സൗകര്യവും ഇല്ലാതിരുന്ന ഇടങ്ങളിൽ പ്രാഥമിക ചികിത്സാ സൗകര്യം കർഷകജനതയ്ക്ക് ലഭ്യമാക്കാൻ ഇടയാക്കിയത്. അഴിമതി നടത്താനുള്ള പ്രലോഭനങ്ങൾക്കും കാഡർമാരുടെ അച്ചടക്കം ഇല്ലാതാകുന്നതിനും എതിരെ പൊരുതുന്നതിന് ഈ വിധത്തിലുള്ള ആത്മനിഷ്ഠത ആവശ്യമാണ്; ഈ രണ്ടു കാര്യങ്ങളും – അഴിമതിയും അച്ചടക്കരാഹിത്യവും–ജനകീയ ചെെന റിപ്പബ്ലിക്കിലെ ഗൗരവപൂർവം കെെകാര്യം ചെയ്യേണ്ട പ്രശ്നങ്ങളായിരുന്നു; ഗവൺമെന്റ് മേഖലയിലെ ‘മൂന്നു തിന്മകൾ’ക്കെതിരായ (അഴിമതി, ധൂർത്ത്, ബ്യൂറോക്രസി) 1951ലെ പ്രചാരണ പരിപാടിയിലൂടെയും സ്വകാര്യമേഖലയിലെ ‘അഞ്ച് തിന്മകൾ’ (കെെക്കൂലി, നികുതി വെട്ടിപ്പ്, സർക്കാർ സ്വത്ത് മോഷണം, സാമ്പത്തികവിവരങ്ങൾ മോഷ്ടിക്കൽ)ക്കെതിരായ 1952ലെ പോരാട്ടത്തിലൂടെയുമാണ് ഇവയ്ക്ക് രൂപം നൽകപ്പെട്ടത്.
പരിഷ്കരണത്തിനുമുൻപുള്ള 29 വർഷത്തിൽ (1949–1978) ചെെനയുടെ ആയുർദെെർഘ്യത്തിൽ 32 വർഷം വർധിച്ചു. മറ്റു വാക്കുകളിൽ പറഞ്ഞാൽ; വിപ്ലവത്തിനുശേഷമുള്ള ഓരോ വർഷവും ഒരു ചെെനക്കാരന്റെ /ചെെനക്കാരിയുടെ ജീവിതത്തിൽ ഒരു വർഷത്തിലധികം കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. 1949ൽ രാജ്യത്തെ ജനങ്ങളിലെ 80 ശതമാനം പേരും നിരക്ഷരരായിരുന്നു; മൂന്നു പതിറ്റാണ്ട് തികയുന്നതിനുമുൻപ് നഗരപ്രദേശങ്ങളിൽ അത് 16.4 ശതമാനം കുറഞ്ഞു; ഗ്രാമപ്രദേശങ്ങളിൽ 34.7 ശതമാനത്തിന്റെയും കുറവുണ്ടായി; സ്കൂൾ പ്രായത്തിലുള്ള കുട്ടികൾ സ്കൂളിൽ ചേരുന്നത് 20 ശതമാനത്തിൽനിന്ന് 90 ശതമാനമായി ഉയർന്നു; ആശുപത്രികളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചു. 1952 മുതൽ 1977 വരെ ശരാശരി വാർഷിക വ്യാവസായിക ഉൽപ്പാദന വളർച്ച നിരക്ക് 11.3 ശതമാനമായിരുന്നു. ഉൽപ്പാദനശേഷിയുടെയും സാങ്കേതികവിദ്യാ വികാസത്തിന്റെയും കാര്യം പരിശോധിക്കുകയാണെങ്കിൽ, 1949ൽ ആഭ്യന്തരമായി ഒരു കാർ നിർമിക്കുന്നതിന് ശേഷി ഇല്ലാതിരുന്നതിൽ നിന്ന് ചെെന 1970ൽ ബഹിരാകാശത്തേക്ക് ആദ്യത്തെ ഉപഗ്രഹ വിക്ഷേപം നടത്താൻ കഴിയുന്നിടത്തേക്ക് എത്തി. ഡോങ് ഫാങ് ഹോങ് ഉപഗ്രഹം (അർഥം: ‘കിഴക്ക് ചുവക്കുന്നു’) സ്വന്തം പേരിലുള്ള വിപ്ലവഗാനം 28 ദിവസക്കാലം ഭ്രമണപഥത്തിൽ ചുറ്റിക്കൊണ്ടിരിക്കവെ ആലപിച്ചുകൊണ്ടിരുന്നു. മാവോയുടെ നേതൃത്വത്തിൽ നടന്ന സോഷ്യലിസത്തിലേക്കുള്ള പരിവർത്തനകാലത്ത് കെെവരിച്ച വ്യാവസായികവും സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങളാണ് 1978നുശേഷമുള്ള കാലഘട്ടത്തിലെ അടിത്തറയായി മാറിയത്.
പരാശ്രയത്തിന്റെ ചങ്ങല തകർക്കൽ
1954ൽ മൗ, സെൻട്രൽ പീപ്പിൾസ് ഗവൺമെന്റ് കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ചോദ്യം ഉന്നയിച്ചു; അതാകട്ടെ നിരവധി പ്രതിനിധികളുടെ മനസ്സിൽ ഉണ്ടായിരുന്നതുമാണ്:
‘‘നമ്മുടെ പൊതുവായ ലക്ഷ്യം മഹത്തായ സോഷ്യലിസ്റ്റു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള തീവ്രപരിശ്രമമാണ്. 60 കോടി ജനങ്ങളുള്ള വലിയൊരു രാജ്യമാണ് നമ്മുടേത്. സോഷ്യലിസ്റ്റ് വ്യവസായവൽക്കരണവും സോഷ്യലിസ്റ്റ് പരിവർത്തനവും കൃഷിയിൽ യന്ത്രവൽക്കരണവും കെെവരിക്കുന്നതിനും ചെെനയെ മഹത്തായ സോഷ്യലിസ്റ്റ് രാഷ്ട്രമാക്കി മാറ്റുന്നതിനും യഥാർഥത്തിൽ നമുക്ക് എത്രകാലം വേണ്ടിവരും? ഇപ്പോൾ നമുക്ക് അതിന് കർക്കശമായ ഒരു കാലപരിധി നിശ്ചയിക്കാനാവില്ല. ഒരുപക്ഷേ മൂന്ന് പഞ്ചവത്സര പദ്ധതിക്കാലം അഥവാ 15 വർഷം വേണ്ടിവന്നേക്കാം അതിന്റെ അടിത്തറ പാകുന്നതിന്. അപ്പോൾ ചെെന മഹത്തായൊരു രാജ്യമായി മാറുമോ? ആവണമെന്നില്ല. നമുക്ക് മഹത്തായൊരു സോഷ്യലിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് അമ്പതു വർഷത്തോളം, അഥവാ അടുത്ത 10 പദ്ധതി പൂർത്തിയാകുന്നതുവരെയുള്ള കാലം, വേണ്ടി വന്നേക്കാമെന്നാണ് ഞാൻ കരുതുന്നത്. ആ കാലമാകുമ്പോഴേക്കും ചെെന നല്ല രൂപത്തിലാകും; ഇപ്പോഴത്തേതിൽനിന്ന് തികച്ചും വ്യത്യസ്തവുമാകും. ഇപ്പോൾ നമുക്ക് എന്തു ചെയ്യാൻ കഴിയും? നമുക്കിപ്പോൾ മേശകളും കസേരകളും പണിയാൻ കഴിയും; ചായക്കപ്പുകളും ചായപ്പാത്രങ്ങളും നിർമിക്കാനും കഴിയും; ധാന്യങ്ങൾ കൃഷി ചെയ്തുണ്ടാക്കാനും അത് പൊടിച്ച് മാവാക്കാനും കഴിയും; അതുപോലെ പേപ്പറുണ്ടാക്കാനും നമുക്ക് കഴിയും. എന്നാൽ നമുക്ക് ഒരൊറ്റ മോട്ടോർ കാറോ വിമാനമോ ടാങ്കോ ട്രാക്ടറോ ഒന്നുംതന്നെ ഉണ്ടാക്കാൻ ഇപ്പോൾ കഴിയില്ല. ആ നിലയ്ക്ക് ഇപ്പോൾ നമ്മൾ പൊങ്ങച്ചം പറഞ്ഞതുകൊണ്ടോ അഹങ്കരിച്ചതുകൊണ്ടോ ഒന്നും ഒരു കാര്യവുമില്ല. നിശ്ചയമായും, നാം സ്വന്തമായി ആദ്യത്തെ കാർ നിർമിക്കുമ്പോൾ നമുക്ക് വീമ്പടിക്കാൻ കഴിയുമെന്നും ഞാൻ കരുതുന്നില്ല; നമ്മൾ പത്ത് കാറുകൾ നിർമിച്ചുകഴിയുമ്പോൾ കൂടുതൽ അഹങ്കരിക്കാമെന്നും ഞാൻ കരുതുന്നില്ല; അധികമധികം കാറുകൾ നിർമിച്ചുകൊണ്ടിരിക്കുമ്പോഴും നമുക്ക് അഹങ്കരിക്കാനാവില്ല. അങ്ങനെ ചെയ്യാൻ പാടില്ല. 50 വർഷത്തിനുശേഷം പോലും, നമ്മുടെ രാജ്യം നല്ല രൂപത്തിലാകുമ്പോൾ പോലും, നാം ഇപ്പോഴത്തെപ്പോലെതന്നെ വിനയാന്വിതരായിരിക്കണം. അപ്പോഴേക്കും നാം ദുരഭിമാനികളാവുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുകയാണെങ്കിൽ അതൊരു മോശപ്പെട്ട കാര്യമാണ്. ഒരു നൂറുവർഷം കൂടി പിന്നിടുമ്പോൾ പോലും നാം ഒരിക്കലും ദുരഭിമാനികളാകാൻ പാടില്ല; നമുക്ക് ഒരിക്കലും അഹങ്കരിക്കാനുമാവില്ല.’’
ഈ പ്രസംഗത്തിൽനിന്ന് മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ ഉയർന്നുവരുന്നു. ഒന്നാമത്തെ കാര്യം സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് കൂടുതൽ സമയം വേണ്ടി വരുമെന്നതാണ്. കാരണം ചെെനയെ പോലെയുള്ള ഒരു ദരിദ്ര രാജ്യത്താണ് വിപ്ലവം നടന്നതെന്നതിനാൽ ഭരണകൂടവും പാർട്ടിയും ജനങ്ങളും സോഷ്യലിസത്തിനായുള്ള ഭൗതികാടിത്തറ കെട്ടിപ്പടുക്കേണ്ടതുണ്ട്. ദേശീയ വിമോചന മാർക്സിസത്തിന്റെ കേന്ദ്ര ബിന്ദുവാണ് ക്ഷമ. രണ്ടാമത്തേത്, ചെെനയ്ക്ക് പരാശ്രയത്വത്തിന്റെ ചങ്ങല പൊട്ടിക്കുന്നതിന് ശാസ്ത്രം, സാങ്കേതികവിദ്യ, വ്യാവസായിക ശേഷി എന്നിവ കെെവരിക്കേണ്ടതുണ്ടെന്നതാണ്; ഒപ്പം ഉയർന്ന മൂല്യമുള്ള ആധുനിക ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുകയും വേണം. ഇത് ചെയ്യുന്നതിന്, ചെെന ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഇറക്കുമതിയെ ആശ്രയിക്കുന്നതിനൊപ്പം സ്വന്തമായി ശാസ്ത്രജ്ഞരെയും സാങ്കേതികവിദ്യാ വിദഗ്ധരെയും പരിശീലനം നൽകി വളർത്തിക്കൊണ്ടുവരേണ്ടതുമുണ്ട്. മൂന്നാമത്തേത്, ക്ഷമപോലെ തന്നെ വിനയവും വളരെ പ്രധാനപ്പെട്ട ഒരു മൂല്യമാണ്; കാരണം ചെെന സങ്കുചിത ദേശാഭിമാനം ഉയർത്തിപ്പിടിക്കാനല്ല ശ്രമിക്കുന്നത്, മറിച്ച് സാർവദേശീയ സോഷ്യലിസം എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് പരിശ്രമിക്കുന്നത്.
വഴങ്ങാതെ നിൽക്കുന്ന പരാശ്രയത്വത്തിന്റെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനുള്ള നീക്കം മഹത്തായ കുതിച്ചുചാട്ടത്തിന്റെ കാലത്തും (1958–1962) സാംസ്കാരിക വിപ്ലവത്തിന്റെ ഘട്ടത്തിലും (1966–1976) ശക്തമായി നടത്തിയെങ്കിലും അത് വിജയിച്ചില്ല (ക്രമേണ പരാജയപ്പെടുകയായിരുന്നു). അതിനുശേഷം മാവോയുടെ മരണാനന്തരമുള്ള രണ്ടുവർഷക്കാലത്ത് (1976–1978) നിരവധി പാഠങ്ങൾ പഠിക്കുകയുണ്ടായി. 1976 മെയ് മാസത്തിൽ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗവും നാൻജിങ് സർവകലാശാലയിലെ പ്രൊഫസറുമായ ഹു ഫൂമിങ് (1935–2023) രസകരമായ ശീർഷകത്തോടുകൂടി ഒരു ലേഖനം പ്രസിദ്ധീകരിച്ചു: ‘സത്യമെന്തെന്ന് വിധിക്കുന്നതിനുള്ള ഏകമാനദണ്ഡം പ്രയോഗമാണ്’ എന്നതായിരുന്നു ആ ലേഖനത്തിന്റെ ശീർഷകം. ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയിലെ നിരവധിയാളുകളെ ആകർഷിച്ച തത്വശാസ്ത്രപരമായ ഈ നിലപാടാണ് 1978ൽ ദെങ് സിയാവൊപിങ് (1904–1997) 1978ൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ പതിനൊന്നാമത് കേന്ദ്ര കമ്മിറ്റിയുടെ മൂന്നാമത് പ്ലീനറി സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ സ്വീകരിച്ചത്: പ്രസംഗത്തിന്റെ ശീർഷകം ഇങ്ങനെയാണ്: മനസ്സിനെ മോചിപ്പിക്കുക; വസ്തുതകളിൽനിന്ന് സത്യം കണ്ടെത്തുക; ഭാവിയിലേക്ക് നോക്കിക്കൊണ്ട് ഒരൊറ്റയാളെപ്പോലെ ഒന്നിക്കുക. പ്രായോഗികതാവാദം എന്നു തോന്നാവുന്ന ഇത് വാസ്തവത്തിൽ ഭൗതികവാദത്തിൽ ഉറച്ചുനിൽക്കലാണ്; അമിത ആത്മനിഷ്ഠതയിൽ കുടുങ്ങി ധൃതി കൂട്ടുന്നതിനുപകരം യാഥാർഥ്യത്തിന്റെ മാർഗത്തിൽ ചെെനീസ് സോഷ്യലിസത്തിന്റെ ഗതിക്രമം നിശ്ചയിക്കലാണ്. 1978ൽ ആരംഭിച്ച പരിഷ്കരണകാലം തത്വശാസ്ത്രപരമായ ഈ അടിത്തറയിൽ പടത്തുയർത്തപ്പെട്ടതാണ്.
1963 ജനുവരിയിൽ, ചെെനയ്ക്കായി ഷൗ–എൻലായ് പുതിയൊരു പരിപാടി അവതരിപ്പിച്ചു; നാല് ആധുനികവൽക്കരണങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് ആ പരിപാടി– അതായത്, കൃഷി, വ്യവസായം എന്നിവയുടെ ആധുനികവൽക്കരണവും പുറമെ ശാസ്ത്ര–സാങ്കേതികവിദ്യകളുടെ ആധുനികവൽക്കരണവും. 1978ലെ തന്റെ പ്രസംഗത്തിൽ, ഈ നാല് ആധുനികവൽക്കരണങ്ങളിലേക്കും ശ്രദ്ധതിരിച്ച ദെങ് അയവില്ലാത്ത സമീപനം തുടരുകയാണെങ്കിൽ അവ നടപ്പാക്കാനാവില്ലെന്നും പറഞ്ഞു. അടുത്തവർഷം, ദെങ് പറഞ്ഞത്, ചെെന, ‘മിതമായ നിലയിൽ അഭിവൃദ്ധി പ്രാപിക്കുന്ന സമൂഹ’മായി (സിയാവൊകാങ്) മാറുന്നതിന് തീവ്ര പരിശ്രമം നടത്തണമെന്നാണ്; അത് സാധ്യമാകണമെന്നുണ്ടെങ്കിൽ വ്യാവസായിക അടിത്തറയിൽ മുന്നേറ്റമുണ്ടായാൽ മാത്രമേ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. തുറന്ന സമീപനത്തിലും സാങ്കേതികവിദ്യയുടെ കാര്യത്തിൽ പുരോഗതി കെെവരിച്ച വ്യവസായങ്ങളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനുള്ള ചെെനയുടെ നയത്തിലും കേന്ദ്രീകരിച്ചതിനെ തുടർന്ന് 1978ൽ തുടക്കമിട്ട പരിഷ്കരണകാലത്ത് അസമമായ ഒരു വിലയിരുത്തൽ വന്നു. നിരവധി വശങ്ങൾ അവഗണിക്കപ്പെട്ടു; എന്നാൽ രണ്ട് കാര്യങ്ങൾ ഉയർത്തിക്കാണിക്കപ്പെട്ടു: ഉത്തരവാദിത്വം കുടുംബത്തിന് നൽകുന്ന സമ്പ്രദായത്തിലൂടെ (House responsibility system) കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കേണ്ടതാണ് (അധ്വാനത്തിന്റെ കൂടുതൽ വലിയ സാമൂഹ്യവൽക്കരണവും ഉയർന്ന രൂപത്തിലുള്ള കൂട്ടായ്മയും പിന്തുടർന്നിരുന്ന കൂട്ടുകൃഷി സമ്പ്രദായത്തെ ഇത് ദുർബലമാക്കി); ജനകീയ ചെെന റിപ്പബ്ലിക്കിനും സമൂഹത്തിനും മേലുള്ള ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക് ശക്തിപ്പെടുത്തേണ്ടതുണ്ടായിരുന്നു; കാഡർമാർക്ക് മികച്ച രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയും അച്ചടക്കം ഉറപ്പാക്കിയുമായിരിക്കണമിത്. (1980ൽ, ദെങ് നടത്തിയ ഒരു പ്രസംഗത്തിൽ, ബ്യൂറോക്രസിയുടെ പ്രധാനപ്പെട്ട ദുർനടപടികൾ ഉയർത്തിക്കാണിച്ചു–‘‘അധികാരത്തിന്റെ അമിതകേന്ദ്രീകരണം, പുരുഷാധിപത്യപരമായ പെരുമാറ്റം, നേതൃതലത്തിലുള്ള കാഡർമാർ ദീർഘകാലം അധികാരത്തിൽ തുടരുന്നത്, എല്ലാവിധ പ്രത്യേകാവകാശങ്ങളും അനുഭവിക്കുന്നത്’’). നവ കൊളോണിയൽ ലോകക്രമത്തിൽ ചെെനയ്ക്കുള്ള ആശ്രിതത്വപരമായ സ്ഥാനം സൃഷ്ടിച്ച പ്രശ്നങ്ങൾക്കൊപ്പം അധികാരം സ്വയം അന്ത്യത്തിലെത്തുമ്പോൾ അടിക്കടി ഉണ്ടാകുന്ന ജീർണതയെയും അവഗണിക്കുകയാണെന്നുണ്ടെങ്കിൽ നാല് ആധുനികവൽക്കരണങ്ങളുടെ വെല്ലുവിളി നേരിടാനും സോഷ്യലിസത്തിലേക്ക് മുന്നേറാനും രാജ്യത്തിനൊരിക്കലും കഴിയില്ല.
സ്വകാര്യ വിദേശമൂലധനം ആദ്യമെത്തിയത് ചെെനീസ് പ്രവാസി സമൂഹത്തിൽനിന്നാണ്; പിന്നീട് കിഴക്കൻ ഏഷ്യൻ മുതലാളിമാരിൽ നിന്നും (ജപ്പാൻകാരായിരുന്നു അവരിൽ മുഖ്യം); അവസാനമായി പാശ്ചാത്യമൂലധനവും എത്തി; മികച്ച വിദ്യാഭ്യാസം നേടിയവരും ആരോഗ്യമുള്ളവരുമായ തൊഴിലാളികളെക്കൊണ്ടു നേട്ടമുണ്ടാക്കുന്നതിന് ജനകീയ ചെെന റിപ്പബ്ലിക്കിലെത്തിയ ഈ നിക്ഷേപം മുന്നുപാധി എന്ന നിലയിൽ ശാസ്ത്രവും സാങ്കേതികവിദ്യയും ചെെനയ്ക്ക് കെെമാറണം; ഇതാണ് ശാസ്ത്ര–സാങ്കേതിക മേഖലകളിൽ ചെെനയുടെ വളർച്ചയ്ക്കുള്ള അടിത്തറയായി മാറിയത്. മൂലധനത്തിനുമേൽ ജനകീയ ചെെന റിപ്പബ്ലിക് ശ്രദ്ധേയമായ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തി; ചെെനീസ് പദ്ധതികളുടെ ഉൽപ്പാദനപരമായ ആവശ്യങ്ങൾ നിറവേറ്റുക, സാങ്കേതികവിദ്യയുടെ കെെമാറ്റം, തങ്ങൾ മോഹിക്കുന്ന അത്രത്തോളം ലാഭം തങ്ങളുടെ സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുപോകാനാവില്ല എന്നിങ്ങനെയുള്ളവയാണ് ആ നിയന്ത്രണങ്ങൾ. ഇത്തരം നിഷ്-കർഷകളിലൂടെ പരാശ്രയത്വം ഇല്ലാതാക്കി; ചെെനീസ് വിപ്ലവത്തിന്റെ ആദ്യദശകങ്ങളിൽതന്നെ ഈ നിഷ്-കർഷയുടെ അടിത്തറ പാകിയിരുന്നു; ചെെനീസ് വിപ്ലവത്തിന്റെ സുദീർഘമായ സഞ്ചാരപഥത്തിന്റെ അനന്തരഫലംമൂലമാണ് 1978നുശേഷമുള്ള കാലത്ത് ഉയർന്ന വളർച്ച നിരക്ക് (ഓരോ വർഷവും ഏകദേശം 10 ശതമാനം) സാധ്യമാക്കാൻ ചെെനയ്ക്ക് കഴിഞ്ഞത്. അതിന്റെ ഫലമായിട്ടാണ് അതിദാരിദ്ര്യം നിർമാർജനം ചെയ്യാൻ ചെെനയ്ക്ക് കഴിഞ്ഞത്. പിന്നീടുള്ള ദശകങ്ങളിലുടനീളം – വിദ്യാഭ്യാസം ഉൾപ്പെടെ – കുടുംബ ഉപഭോഗവും മൊത്തം ഉപഭോഗവും വർധിപ്പിക്കാൻ കഴിഞ്ഞതും അതിന്റെ ഭാഗമാണ്. പരാശ്രയത്വത്തിന്റെ ചങ്ങല ദുർബലമായി; എന്നാൽ അത് പൊട്ടിച്ചെറിഞ്ഞിരുന്നില്ല; പരിഷ്-കരണ കാലഘട്ടത്തിന് വർധിച്ച അസമത്വവും ദുർബലമാക്കപ്പെട്ട സാമൂഹികഘടനയുംപോലെയുള്ള ചില പ്രശ്നങ്ങളുണ്ടായിരുന്നു.
ചെെനീസ് വിപ്ലവത്തിന്റെ
വളവുതിരിവുകൾ
തുറന്ന സമീപനകാലഘട്ടം ആരംഭിച്ച് മുപ്പത്തിനാല് വർഷത്തിനുശേഷം 2012ൽ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് ഹൂ ജിന്താവൊ (ജനനം 1942) പാർട്ടിയുടെ 18–ാമത് ദേശീയ കോൺഗ്രസിൽ പറഞ്ഞത് അഴിമതി നിർണായകമായ ഒരു വിഷയമായി മാറിയിരിക്കുന്നുവെന്നാണ്. അദ്ദേഹം ഇങ്ങനെ താക്കീത് ചെയ്തു: ‘‘ഈ വിഷയം കെെകാര്യം ചെയ്യുന്നതിൽ നാം പരാജയപ്പെടുകയാണെങ്കിൽ, പാർട്ടിയെ സംബന്ധിച്ചിടത്തോളം മാരകമായിരിക്കും അതെന്ന് തെളിയിക്കപ്പെടും; പാർട്ടിയുടെ തകർച്ചയ്ക്കും ഭരണകൂടത്തിന്റെ പതനത്തിനുപോലും അത് കാരണമാകും.’’ ആ പാർട്ടി കോൺഗ്രസിലാണ് ഹൂവിന്റെ പിൻഗാമിയായി ഷി ജിൻപിങ് (ജനനം 1953) ചുമതലയേറ്റത്; അദ്ദേഹത്തിന്റെ ആദ്യ പരിഗണന ഈ വിഷയം കെെകാര്യം ചെയ്യുകയെന്നതായിരുന്നു; അങ്ങനെ ചെെനയിൽ സോഷ്യലിസ്റ്റ് സംസ്കാരം പുനരുജ്ജീവിപ്പിക്കുകയായിരുന്നു. പാർട്ടിയുടെ തലവനായി ചുമതലയേറ്റെടുത്തുകൊണ്ട് നടത്തിയ ഉദ്ഘാടനപ്രസംഗത്തിൽ, ഉന്നതതലം മുതൽ തൃണമൂല തലംവരെ പാർട്ടിയെയാകെ ഗ്രസിച്ചിരുന്ന അഴിമതിയിലേക്ക് വിരൽചൂണ്ടിക്കൊണ്ട് ഷി ഇങ്ങനെ വ്യക്തമാക്കി: ‘‘ഒരേ സമയം കടുവകളെയും ഈച്ചകളെയും അടിച്ചമർത്തും’’. ഇതൊരു പ്രതിജ്ഞയായിരുന്നു. അതുപാലിക്കാൻ തുടർന്ന് പാർട്ടി അംഗങ്ങൾ നടപ്പാക്കേണ്ട ‘എട്ടിന പരിപാടി’ ആരംഭിച്ചു. അനാവശ്യമായ യോഗങ്ങളും പണം ധൂർത്തടിക്കുന്ന സ്വീകരണങ്ങളും പോലെയുള്ള നടപടികൾ പരിമിതപ്പെടുത്തുന്നതിനും ചുറുചുറുക്കും ജാഗ്രതയും പാലിക്കുന്നതിനും കഠിനാധ്വാനം ചെയ്യുന്നതിനും മിതവ്യയത്തിനുമായിരുന്നു ഈ ‘എട്ടിന പരിപാടി’ കൊണ്ടുവന്നത്. ഒരു വർഷത്തിനുള്ളിൽ 25 ശതമാനം ഒൗദ്യോഗിക യോഗങ്ങൾ റദ്ദാക്കപ്പെട്ടു; ഗവൺമെന്റിൽനിന്നും ശമ്പളം പറ്റുന്ന 1,60,000 ‘മായാരൂപികൾ’ (phantom Staff– അനാവശ്യമായി കുത്തിത്തിരുകപ്പെട്ട ജീവനക്കാർ) നീക്കം ചെയ്യപ്പെട്ടു; 2,580 അനാവശ്യമായ ഒൗദ്യോഗിക കെട്ടിട നിർമാണ പ്രൊജക്ടുകൾ നിർത്തലാക്കപ്പെട്ടു. 2021 മെയ് മാസത്തോടുകൂടി നാൽപ്പത് ലക്ഷത്തിലധികം കാഡർമാർക്കും ഉദ്യോഗസ്ഥർക്കുമെതിരായ അനേ-്വഷണം പൂർത്തിയാക്കി; അവരിൽ 37 ലക്ഷം പേർ കുറ്റക്കാരാണെന്ന് കണ്ട് സെൻട്രൽ കമ്മീഷൻ ഓഫ് ഡിസിപ്ലീൻ ഇൻസ്-പെക്ഷൻ ശിക്ഷിച്ചു. കേന്ദ്ര കമ്മിറ്റിയിലെ കുറഞ്ഞത് 43 അംഗങ്ങളും പൊളിറ്റ് ബ്യൂറോയിലെ ആറ് അംഗങ്ങളും ശിക്ഷിക്കപ്പെട്ടു; ഇവരിൽ മുൻ മന്ത്രിമാരും പ്രവിശ്യാ ഗവർണർമാരും സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ബാങ്കുകളുടെ പ്രസിഡന്റുമാരുമെല്ലാം ഉൾപ്പെടുന്നുണ്ട്.
ഹൂവിന്റെ പരാമർശങ്ങളും ഷിയുടെ നടപടികളും പ്രതിഫലിപ്പിക്കുന്നത് 1978നുശേഷം, ഉയർന്ന വളർച്ചയുണ്ടായ കാലഘട്ടത്തിൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങൾ ജനങ്ങളിൽനിന്ന് വർധിച്ച തോതിൽ അകന്നുപോയതാണ്. പ്രസിഡന്റായി ചുമതലയേറ്റ ആദ്യമാസങ്ങളിൽ തന്നെ ‘ബഹുജന ലെെനിനായുള്ള കാംപെയ്ൻ’ ഷി ആരംഭിച്ചു; പാർട്ടിയെ തൃണമൂല തലത്തിൽ കൊണ്ടുവരുന്നതിനുവേണ്ടിയായിരുന്നു ഇത്. 2014ൽ ആരംഭിച്ച ദാരിദ്ര്യനിർമാർജന കാംപെയ്ന്റെ ഭാഗമായി മുപ്പത് ലക്ഷം പാർട്ടി കാഡർമാരെ 1,28,000 ഗ്രാമങ്ങളിൽ പോയി താമസിച്ച് ഈ പ്രൊജക്ട് നടപ്പാക്കുന്നതിനായി നിയോഗിച്ചു. 2020ൽ കോവിഡ് 19 മഹാമാരി ഉണ്ടായിരുന്നിട്ടും ചെെന വിജയകരമായി അതിദാരിദ്ര്യത്തെ നിർമാർജനം ചെയ്തു; അങ്ങനെ കഴിഞ്ഞ നാലുപതിറ്റാണ്ടായി ആഗോളതലത്തിലുണ്ടായ ദാരിദ്ര്യനിർമാർജനത്തിലെ 76 ശതമാനം ചെെനയുടെ സംഭാവനയാണ്. 2017ൽ ചേർന്ന ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 19–ാം ദേശീയ കോൺഗ്രസ്, ചെെനീസ് സമൂഹം അഭിമുഖീകരിക്കുന്ന മുഖ്യവെെരുദ്ധ്യത്തിൽ ഒരു മാറ്റമുണ്ടായതായി രേഖപ്പെടുത്തി; അസമത്വത്തെയും അപര്യാപ്തമായ വികസനത്തെയും നേരിടുന്നതിന് അതിവേഗം ഉൽപ്പാദനശക്തികളെ വികസിപ്പിക്കണമെന്നതിൽനിന്നാണ് ഈ ചുവടുമാറ്റമുണ്ടായത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, പരിഷ്-കരിക്കലും തുറന്ന സമീപനവും സംബന്ധിച്ച കാലഘട്ടം ആധുനിക സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള മുന്നുപാധിയായാണ് കാണപ്പെട്ടത്; എന്നാൽ അതിപ്പോഴും അപൂർണമായി നിൽക്കുകയാണ്.
പാർട്ടിയുടെ സ്വയമേയുള്ള തെറ്റുതിരുത്തലിനുപുറമെ, അഴിമതിക്കാരായ ‘ഈച്ചകൾക്കും കടുവകൾ’ക്കുമെതിരായ ഷിയുടെ ശക്തമായ വാക്കുകളും നടപടികളും ഗവൺമെന്റിലുള്ള ചെെനീസ് ജനതയുടെ വിശ്വാസം വർധിക്കുന്നതിനിടയാക്കി. ഹാർവാർഡ് സർവകലാശാല 2020ൽ നടത്തിയ ഒരു പഠനമനുസരിച്ച് ചെെനയിലെ കേന്ദ്ര സർക്കാരിന്റെ അംഗീകാര നിരക്ക് 93.1 ശതമാനമാണ്; ഗ്രാമീണ മേഖലയിലെ കൂടുതൽ അവികസിതമായ പ്രദേശങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ വളർച്ച കൂടി കണ്ടാണ് ഈ വിലയിരുത്തൽ. ഗ്രാമീണമേഖലകളിൽ സർക്കാരിലുള്ള വിശ്വാസത്തിലെ ഈ ഉയർച്ച ഉണ്ടായത് വർധിച്ച തോതിലുള്ള സാമൂഹ്യസേവനങ്ങൾ, പ്രാദേശിക ഭരണാധികാരികളിലുള്ള വിശ്വാസം, ദാരിദ്ര്യത്തിനെതിരായ കാംപെയ്ൻ എന്നിവയുടെ ഫലമായിട്ടാണ്.
2016ൽ ചെെനയുടെ പരാശ്രയത്വം തുടരുന്നത് പ്രതിഫലിപ്പിച്ചുകൊണ്ട് ഷി ഇങ്ങനെ പറഞ്ഞു: ‘‘കാതലായ സാങ്കേതികവിദ്യയുടെ കാര്യത്തിൽ മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരുന്നത് നമ്മെ സംബന്ധിച്ചിടത്തോളം മറഞ്ഞിരിക്കുന്ന ഏറ്റവും വലിയ കുഴപ്പമാണ്. ഇറക്കുമതി ചെയ്യപ്പെടുന്ന കാതലായ സാങ്കേതികവിദ്യയെ വലിയതോതിൽ ആശ്രയിക്കേണ്ടതായി വരുന്നത് മറ്റാരുടെയെങ്കിലും വീടിന്റെ മേൽക്കൂരയിൽ നമ്മുടെ വീടു പണിയുന്നതുപോലെയാണ്! ചെെനയെയും ഇന്ത്യയെയും ബ്രസീലിനെയും പോലെയുള്ള രാജ്യങ്ങളിലുള്ള വിശ്വാസത്തകർച്ചയെത്തുടർന്നാണ് 2018ൽ ചെെനയ്ക്കെതിരായ അമേരിക്കയുടെ വ്യാപാരയുദ്ധം വന്നത്; ചെെന, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെയാണ് അമേരിക്ക കച്ചവടത്തിനായി അറ്റകെെയ്ക്ക് ആശ്രയിക്കുന്നത്. (2007ൽ തുടങ്ങിയ മൂന്നാം മഹാമാന്ദ്യത്തിനുശേഷമാണ് ഈ വിശ്വാസത്തകർച്ചയുണ്ടായത്). ഈ പ്രതിഭാസം–വിശ്വാസരാഹിത്യവും വ്യാപാരയുദ്ധവും –പാശ്ചാത്യ രാജ്യങ്ങളിൽനിന്നും വേറിട്ട ഒരു പാതയിലൂടെ ചെെന മുന്നേറുന്നതിനിടയാക്കി; അങ്ങനെയാണ് ചെെന ബെെൽറ്റ് ആൻഡ് റോഡ് ഇനിഷേ-്യറ്റീവ് (2013) ആരംഭിച്ചത്; പിന്നീട് ന്യൂ ക്വാളിറ്റി പ്രൊഡക്ടീവ് ഫോഴ്സസ് വികസിപ്പിച്ചു (2023). ഒന്നാമത്തെ സങ്കൽപ്പനം വെളിപ്പെടുത്തുന്നത്, അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നും വേറിട്ട് പുതിയ കമ്പോളങ്ങൾ കണ്ടെത്തുന്നതിനുള്ള ചെെനയുടെ താൽപ്പര്യമാണ്; എന്നാൽ ആഗോള തെക്കൻ മേഖലാ രാജ്യങ്ങളിലെ വികസന മുന്നേറ്റങ്ങളെ സഹായിക്കാനുമാണ് ചെെന ഈ പ്രക്രിയയെ ഉപയോഗിച്ചത്. രണ്ടാമത്തെ സങ്കൽപ്പനം, ഷി ജിൻപിങ് ചിന്തയുടെ കേന്ദ്രബിന്ദുവായ സങ്കൽപ്പനമാണ്. ‘‘ഉയർന്നുവരുന്ന തന്ത്രപ്രധാനമായ വ്യവസായങ്ങളുടെയും ഭാവി വ്യവസായങ്ങളുടെയും വികസനത്തെ നയിക്കുന്നതിനായാണ് ചെെന നീങ്ങുന്നത്’’ എന്നാണ് 2023 സെപ്തംബറിൽ ഷി വ്യക്തമാക്കിയത്. നിർമിതബുദ്ധി, ബയോമെഡിസിൻ, നാനോ ടെക്നോളജി, കമ്പ്യൂട്ടർ ചിപ്പുകളുടെ നിർമാണം എന്നിങ്ങനെയുള്ള പുതിയ മേഖലകളിൽ മുന്നേറുന്നതിന് ചെെനീസ് സയൻസിനെ അമേരിക്കൻ വ്യാപാരയുദ്ധം സമ്മർദത്തിലാക്കി. ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളുടെ രണ്ട് ഉദാഹരണങ്ങളാണ് 2022ൽ ചെെനയുടെ ഡിജിറ്റൽ സമ്പദ്-വ്യവസ്ഥ അതിന്റെ ജിഡിപിയുടെ 41.5 ശതമാനം രേഖപ്പെടുത്തിയതും 2023ൽ ചെെനയുടെ 5 ജി വ്യാപന നിരക്ക് 50 ശതമാനത്തിൽ അധികമായി. തന്ത്രപ്രധാനമായ ഈ വ്യവസായങ്ങളുടെ വളർച്ചയാണ് ചെെനയുടെ വികസനത്തിലെ നിർണായകഘടകം; ഗവൺമെന്റ് സമീപ വർഷങ്ങളിൽ ‘‘മൂലധനത്തിന്റെ നിയമം ലംഘിച്ചുള്ള വികാസ’’ത്തെ നിയന്ത്രിക്കുന്നതിന് നിർണായകമായ ചില നടപടികൾ കെെക്കൊണ്ടു; ഈ നടപടികൾ സാങ്കേതികവിദ്യാരംഗത്തെ വൻകിട കുത്തകകളെയും (Big Tech) മറ്റു സ്വകാര്യമേഖലയെയും ഒപ്പം റിയൽ എസ്റ്റേറ്റ് ഊഹക്കച്ചവടത്തെയും ലക്ഷ്യമിട്ടുള്ളതാണ്. അതേസമയം തന്നെ, ചെെനീസ് ജനത അഭിമുഖീകരിക്കുന്ന ‘മൂന്ന് പർവതങ്ങളെ’ (Three Mountains) നേരിടുന്നതിനും വലിയ തോതിലുള്ള ഊന്നൽ നൽകുന്നുണ്ട്; ഉന്നതവിദ്യാഭ്യാസം, പാർപ്പിടം, ആരോഗ്യപരിരക്ഷാ ചെലവ് എന്നിവയാണ് നേരിടാനുള്ള ആ ‘മൂന്ന് പർവതങ്ങൾ’.
ചെെനീസ് വിപ്ലവം ഒരു പ്രക്രിയയായി തുടരുകയാണ്. ചരിത്രത്തിന്റെ പ്രയാണം മുന്നോട്ടേയ്ക്കാണെന്നതിനാലും ചെെനയ്ക്ക് പരിഹരിക്കാൻ ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്നതിനാലുമാണ് ചെെനീസ് വിപ്ലവം അപൂർണമായിരിക്കുന്നത്; മറ്റുള്ള ആഗോള തെക്കൻ രാജ്യങ്ങളുമായുള്ള ചെെനയുടെ ബന്ധത്തിന്റെ സ്വഭാവം ഉൾപ്പെടെയുള്ളതാണ് പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ; അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും ചെലവ് ചുരുക്കൽ (Austerity), കടബാധ്യതാ സമീപനം പാടെ പരാജയപ്പെട്ടതിനെതുടർന്ന് പുതിയൊരു വികസനമാതൃകയുടെ അനേ-്വഷണത്തിലാണ് ചെെന. ചെെനയ്ക്ക് അതിദാരിദ്ര്യം തുടച്ചുനീക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നതും അതേസമയം തന്നെ ചെെന വികസിത സാങ്കേതികവിദ്യ കെട്ടിപ്പടുത്തിട്ടുമുണ്ട് എന്നത് സൂചിപ്പിക്കുന്നത് നിക്ഷേപവും ഉപഭോഗവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ജനകീയ ചെെന റിപ്പബ്ലിക്കിന് നല്ലണ്ണം കഴിഞ്ഞിട്ടുണ്ട് എന്നാണ്. ചെെനയുടെ സുസ്ഥിരതയും ശക്തിയും ഇപ്പോൾ ലോകരംഗത്തേക്ക് കടക്കാനും തീർപ്പാക്കാനാകാത്തതെന്ന് തോന്നുന്ന, ഇറാനും സൗദി അറേബ്യയും തമ്മിലുമുള്ളതും പലസ്തീനിലേതും പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നേതൃത്വം നൽകുന്നതിന് മുന്നോട്ടുവരാനും ചെെനയ്ക്ക് ശേഷിയുണ്ടായിരിക്കുന്നു.
എഴുപത്തിയഞ്ച് വർഷത്തിനുശേഷം പിന്തിരിഞ്ഞൊന്ന് നോക്കാനും 1954ലെ മാവോയുടെ പ്രസംഗത്തെക്കുറിച്ച് പഠിക്കാനും പറ്റിയ നല്ലൊരവസരമാണിത്; ആ പ്രസംഗത്തിലാണ് അദ്ദേഹം തനതായ സയൻസും സാങ്കേതികവിദ്യയും വികസിപ്പിക്കണമെന്നും ക്ഷമയും വിനയവുമെല്ലാം ചെെനയ്ക്ക് ആവശ്യമാണെന്നും ഉയർത്തിക്കാണിച്ചത്. 2021ൽ അതിദാരിദ്ര്യം നിർമാർജനം ചെയ്തതോടെയും ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചതിന്റെ നൂറാം വാർഷികം ആഘോഷിച്ചതോടെയും ‘എല്ലാ നിലയിലും മിതമായി അഭിവൃദ്ധി പ്രാപിച്ച സമൂഹം കെട്ടിപ്പടുക്കുക’ യെന്ന ‘ഒന്നാം ശതാബ്ദി ലക്ഷ്യം’ കെെവരിക്കാൻ ചെെനയ്ക്ക് കഴിഞ്ഞു. മറ്റു വാക്കുകളിൽ പറഞ്ഞാൽ 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് സിയാവൊകാങ് കെെവരിച്ചത്. ഇപ്പോൾ ജനകീയ ചെെന റിപ്പബ്ലിക് ‘‘സമ്പന്നവും ഐശ്വര്യ സമ്പൂർണവും ശക്തവും ജനാധിപത്യപരവും സാംസ്കാരികമായി മുന്നേറിയതും സമഞ്ജസവുമായ ആധുനിക സോഷ്യലിസ്റ്റ് രാജ്യം’’ കെട്ടിപ്പടുക്കുകയെന്ന രണ്ടാം ശതാബ്ദി ലക്ഷ്യം കെെവരിക്കാനുള്ള പാതയിലാണ്; ഈ ഭൂഗോളത്തിലെവിടെയും കാണാനാവാത്ത പാത; എവിടെയും സാക്ഷാത്-കരിച്ചിട്ടില്ലാത്ത ലക്ഷ്യത്തിലേക്ക് ആ പാതയിലൂടെ നീങ്ങുകയാണ്. 2024 ഓടുകൂടി ജനകീയ ചെെന റിപ്പബ്ലിക് സ്ഥാപിച്ചതിന്റെ 100–ാം വർഷികത്തോടെ അത് യാഥാർഥ്യമാകാൻ പോകുകയാണ്. ഏതൊരു വികസനപ്രക്രിയയിലെയും പ്രധാനപ്പെട്ട പ്രത്യേകകളാണ് ഇവ; പ്രത്യേകിച്ചും സോഷ്യലിസ്റ്റ് പാരമ്പര്യത്തിൽ വേരൂന്നിയ ഒരു രാജ്യത്തിന്റെ കാര്യത്തിൽ. l