Wednesday, October 9, 2024

ad

Homeമുഖപ്രസംഗംഇരുപത്തിനാലാം 
പാർട്ടി കോൺഗ്രസിലേക്ക്

ഇരുപത്തിനാലാം 
പാർട്ടി കോൺഗ്രസിലേക്ക്

സെപ്തംബർ ഒന്നിന് സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. പാർട്ടി അംഗങ്ങളും പാർട്ടിയെ സ്നേഹിക്കുന്ന അനുഭാവി വിഭാഗങ്ങളും ആകെ പലവിധത്തിൽ പങ്കെടുക്കുന്ന വലിയൊരു ജനാധിപത്യ പ്രക്രിയക്കാണ് ഇതോടെ തുടക്കമായിരിക്കുന്നത്. 2025 ഏപ്രിൽ ആദ്യം മധുരയിൽ ചേരുന്ന 24–ാം പാർട്ടി കോൺഗ്രസോടെ ഈ ജനാധിപത്യ പ്രക്രിയക്ക് തിരശീല വീഴും.
2022 ഏപ്രിൽ മാസത്തിൽ കണ്ണൂരിൽ ചേർന്ന 23–ാം പാർട്ടി കോൺഗ്രസ്സിനുശേഷമുള്ള രാഷ്ട്രീയവും സംഘടനാപരവുമായ സംഭവവികാസങ്ങളെയും അതാത് പാർട്ടി ഘടകങ്ങളുടെയും ഒപ്പം ആ ഘടകത്തിലെ ഓരോ അംഗത്തിന്റെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച് സമഗ്രമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന സന്ദർഭമാണിത്. വിമർശനം – സ്വയം വിമർശനം എന്ന തത്വത്തെ ആധാരമാക്കിയാണ് ഈ പരിശോധനയാകെ നടത്തപ്പെടുന്നത്. ലോകത്തെയും രാജ്യത്തെയും ഓരോ പാർട്ടി ഘടകവും പ്രവർത്തിക്കുന്ന പ്രദേശത്തെയും രാഷ്ട്രീയ സംഭവവികാസങ്ങൾക്കൊപ്പം സംഘടനാപരമായ ശക്തി – ദൗർബല്യങ്ങളെയും സൂക്ഷ്മമായി വിലയിരുത്തുന്നവയാവും ഈ സമ്മേളനങ്ങൾ.

ഇതിനുപുറമെ പാർട്ടി കോൺഗ്രസിനു മുന്നോടിയായി കേന്ദ്രക്കമ്മിറ്റി തയ്യാറാക്കുന്ന, 24–ാം പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രൂപവും പാർട്ടി ഘടകങ്ങളാകെ ചർച്ച ചെയ്യുകയും ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്ത ശേഷമാണ്, ഘടകങ്ങളും വ്യക്തികളും നിർദ്ദേശിക്കുന്ന ഭേദഗതികളാകെ പരിശോധിച്ച് അംഗീകരിക്കേണ്ടവ അംഗീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്ത ശേഷമാണ് കേന്ദ്ര കമ്മിറ്റി രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നൽകാൻ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്നത്. അതിനൊപ്പം നിർദ്ദേശിക്കപ്പെട്ട മുഴുവൻ ഭേദഗതികളെയും സംബന്ധിച്ച റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി പാർട്ടി കോൺഗ്രസിന്റെ പരിഗണനയ്ക്കായി അവതരിപ്പിക്കും. പാർട്ടി കോൺഗ്രസിൽ നടക്കുന്ന, അതിന്മേലുള്ള ചർച്ചകൾക്കും പ്രതിനിധികൾ അവിടെ മുന്നോട്ടുവയ്ക്കുന്ന ഭേദഗതി നിർദ്ദേശങ്ങളുടെ പരിശോധനകൾക്കും ശേഷമാണ് രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപമാകുന്നത്.

രാഷ‍്ട്രീയ പ്രമേയത്തിന്റെ കരട് രൂപം തന്നെ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് അതിന്മേലുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്. പാർട്ടി അംഗങ്ങൾക്ക് പുറമെ പാർട്ടിയെ സ്നേഹിക്കുകയും പാർട്ടി നിലനിൽക്കണമെന്നും ശക്തിപ്പെടണമെന്നും ആഗ്രഹിക്കുന്ന ആളുകൾക്കും രാഷ്ട്രീയ പ്രമേയത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനും ഭേദഗതി നിർദ്ദേശിക്കാനുമുള്ള അവസരവും പാർട്ടി നൽകുന്നുണ്ട്. അങ്ങനെ വരുന്ന നിർദ്ദേശങ്ങളടക്കം പരിശോധിച്ചാണ് രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നൽകുന്നത്. അടുത്ത പാർട്ടി കോൺഗ്രസ് വരെയുള്ള പ്രവർത്തനങ്ങൾക്കാകെ വഴികാട്ടിയാകുന്നത് സാധാരണ ഗതിയിൽ ഈ രാഷ്ട്രീയ പ്രമേയമായിരിക്കും.

അസാധാരണമായ മറ്റു സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്ര കമ്മിറ്റിയുടെ വിപുലീകൃത സമ്മേളനം ചേർന്ന് സ്ഥിതിഗതികൾ പരിശോധിച്ചാവും പാർട്ടി മുന്നോട്ടുപോകുന്നത്.

അടുത്ത സമ്മേളനകാലം വരെയുള്ള പാർട്ടി ഭാരവാഹികളെയും കമ്മിറ്റികളെയും തിരഞ്ഞെടുക്കുന്നതും അതാത് തലത്തിലെ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന പ്രതിനിധികൾ ജനാധിപത്യപരമായിട്ടായിരിക്കും. ഇങ്ങനെ നയരൂപീകരണത്തിലും നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിലും പൂർണമായും ജനാധിപത്യം ഉറപ്പാക്കുന്നുവെന്നതാണ് മാർക്സിസം–ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ സവിശേഷത. ഭരണത്തിലുള്ളവയായാലും ഭരണാധികാരത്തിലെത്താത്തവയായാലും ജനാധിപത്യപരമായ പ്രവർത്തനസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിക്കാൻ നിർബന്ധിതമാകുമ്പോഴുമെല്ലാം കമ്യൂണിസ്റ്റു പാർട്ടികളുടെ പൊതുവായ ശെെലി ഏറെക്കുറെ ലോകത്താകെ ഇതുതന്നെയാണ്. കമ്യൂണിസ്റ്റുകാർ അധികാരത്തിലിരിക്കുന്ന രാജ്യങ്ങളിൽ അവിടങ്ങളിലെ ഭരണഘടനയിലോ നിയമങ്ങളിലോ സാമ്പത്തികനയത്തിലോ മൗലികമായ മാറ്റങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ഏറെക്കുറെ ഇതേ പ്രക്രിയ തന്നെയാണ് നടപ്പാക്കപ്പെടുന്നത്.

എന്നാൽ ‘‘ജനാധിപത്യ’’ പാർട്ടികൾ എന്ന് സ്വയം വിശേഷിപ്പിക്കുകയും മാധ്യമങ്ങൾ ഏറ്റെടുത്ത് വാഴ്-ത്തുകയും ചെയ്യുന്ന ഏതെങ്കിലുമൊരു ബൂർഷ്വാ പാർട്ടി ഇങ്ങനെയൊരു ജനാധിപത്യപ്രക്രിയ പിന്തുടരുന്നുണ്ടോ? ഇല്ലെന്നതല്ലേ വസ്തുത. മോദി വാഴ്ചയിൽ നടപ്പാക്കപ്പെട്ട നോട്ടുനിരോധനം മുതൽ ജനങ്ങളെയാകെ ബാധിക്കുന്ന ഏതൊരു നയപരമായ ചുവടുമാറ്റമായാലും ബിജെപി എന്ന ഭരണകക്ഷിയുടെയെന്നല്ല, മന്ത്രിസഭയുടെ പോലും അംഗീകാരം തേടാതെയും നേടാതെയുമാണ് തീരുമാനിക്കപ്പെട്ടത്. ഇത്തരം ഏതെങ്കിലുമൊരു നടപടി ജനങ്ങളുടെ മാൻഡേറ്റ് നേടിയാണോ നടപ്പാക്കിയത‍്?

ബിജെപിയുടെയും മോദി വാഴ്ചയുടെയും മാത്രം സ്ഥിതിവിശേഷമല്ലിത്. കോൺഗ്രസ് പുത്തൻ സാമ്പത്തികനയത്തിലേക്ക് ചുവടുമാറ്റിയത് ജനഹിതം നോക്കിയല്ലല്ലോ! കോൺഗ്രസ് പാർട്ടിക്കുള്ളിൽപോലും ആ നയംമാറ്റം ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. കോൺഗ്രസിനെയും ബിജെപിയെയും പ്രാദേശിക കക്ഷികൾ ഉൾപ്പെടെയുള്ള ബൂർഷ്വാ പാർട്ടികളെയും സംബന്ധിച്ചെല്ലാം എക്കാലത്തും നാം കാണുന്നത് ഇത്തരം രീതികളാണ്. തിരഞ്ഞെടുപ്പുകാലത്ത് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്ന മാനിഫെസ്റ്റോയെത്തന്നെ അട്ടത്തുവച്ചിട്ട് അതിനുനേരെ വിരുദ്ധമായി കോർപ്പറേറ്റ് താൽപ്പര്യങ്ങൾ മാത്രം കണക്കിലെടുത്ത് നടപ്പാക്കലാണ് ബൂർഷ്വാ പാർട്ടികൾ പിന്തുടരുന്ന രീതി.

ഇനി നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിൽ ഈ പാർട്ടികളിൽ ഏതിലെങ്കിലും ജനാധിപത്യപ്രക്രിയ നിലവിലുണ്ടോ? ബിജെപിക്കാണെങ്കിൽ നാഗ്പ്പൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽനിന്നുള്ള തീട്ടൂരത്തിനപ്പുറം തിരുവായ്ക്കെതിർ വായ് ഇല്ലെന്നതല്ലേ വസ്തുത. ജനാധിപത്യവിരുദ്ധമായ, ഫാസിസ്റ്റായ ഒരു സംഘടനയുടെ അംഗുലീയചലനത്തിനൊപ്പം കോർപ്പറേറ്റ് കുത്തകകളുടെ ഹിതാനുവർത്തികളെ അധികാരത്തിൽ വാഴിക്കുന്നതിനെയാണ് കുത്തകമാധ്യമങ്ങൾ ‘‘ജനാധിപത്യ’’മായി വാഴ്–ത്തുന്നത്. കോൺഗ്രസിന്റെ കാര്യത്തിലും ‘‘ഹെെക്കമാൻഡി’’ന്റെ തീട്ടൂരപ്രകാരം താഴെയറ്റംവരെയുള്ള നേതൃത്വത്തെ കെട്ടിയിറക്കുന്നതാണല്ലോ നടപ്പുരീതി.

ഇന്ത്യാ രാജ്യത്ത് കഴിഞ്ഞ ഒരു വ്യാഴവട്ടത്തോളമായി ഇടതുപക്ഷം പൊതുവിലും അതിന്റെ നേതൃനിരയിൽ നിൽക്കുന്ന സിപിഐ എം പ്രത്യേകിച്ചും തിരിച്ചടി നേരിടുമ്പോഴാണ് 24–ാം പാർട്ടി കോൺഗ്രസും അതിനു മുന്നോടിയായി ബ്രാഞ്ച് തലംമുതലുള്ള സമ്മേളനങ്ങളും നടക്കുന്നത്. ഈ ദശാസന്ധി മുറിച്ചുകടന്ന് മുന്നോട്ടുപോകാനുള്ള നയപരിപാടികളും പ്രവർത്തനപദ്ധതികളും സംബന്ധിച്ച് ഗൗരവപൂർണമായ ചർച്ചകളും തീരുമാനങ്ങളുമാകും ഈ സമ്മേളനങ്ങളിലുടനീളം നടക്കുക.

കേരളത്തെ സംബന്ധിച്ചിടത്തോളം ലോക്-സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയവും അപകടകരമായ നിലയിലേക്കുള്ള ആർഎസ്എസ്/ ബിജെപിയുടെ വളർച്ചയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ആഴത്തിൽ പരിശോധിക്കുകയും വർഗീയ രാഷ്ട്രീയം ഉയർത്തുന്ന വിപത്തിനെ തുടച്ചുനീക്കാനുള്ള പ്രവർത്തനപദ്ധതി ആവിഷ്കരിക്കുകയും ചെയ്യേണ്ട സന്ദർഭമാണിത്. സാർവദേശീയ –ദേശീയ സാഹചര്യങ്ങളും സംസ്ഥാനത്തെ വിഷയങ്ങളുമാകെ ചർച്ച ചെയ്യുന്ന വേളയിൽ ആ ചർച്ചകൾക്കാകെ സഹായകമായ വിധത്തിലാണ് ഈ ലക്കം ചിന്തയുടെ ഉള്ളടക്കം ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 + 5 =

Most Popular