Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിമലപ്പുറം ഇന്നലെ, ഇന്ന്, നാളെ

മലപ്പുറം ഇന്നലെ, ഇന്ന്, നാളെ

ഡോ. ടി എം തോമസ് ഐസക്ക്‌

രൂപീകരണകാലം മുതല്‍ മലപ്പുറം കേരളത്തിലെ ഏറ്റവും അവികസിത ജില്ലയാണ്. 2019-20ല്‍ സംസ്ഥാനത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം 2.43 ലക്ഷം രൂപയാണ്. ഏറ്റവും മുകളില്‍ എറണാകുളം ജില്ലയാണ് – 3.16 ലക്ഷം രൂപ. ഏറ്റവും താഴെ മലപ്പുറം ജില്ലയാണ് – 1.56 ലക്ഷം രൂപ. ദേശീയ ശരാശരി 1.35 ലക്ഷം രൂപയേയുള്ളൂവെന്നത് ഒരു ആശ്വാസമായിരിക്കാം. പക്ഷേ, മലപ്പുറത്തെ പ്രതിശീര്‍ഷ വരുമാനം എറണാകുളം ജില്ലയുടെ പകുതിയേ വരൂ എന്നത് ഉത്കണ്ഠാജനകമാണ്. ചിത്രം 1 ല്‍ വിവിധ ജില്ലകളുടെ പ്രതിശീര്‍ഷ വിതരണം കാണാം.

എല്ലാ വികസന മേഖലകളിലും പിന്നില്‍
കൊച്ചി സര്‍വകലാശാലയില്‍ പി അന്‍വര്‍ സമര്‍പ്പിച്ച പിഎച്ച്ഡി പ്രബന്ധത്തില്‍ വിവിധ വികസന സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ മലപ്പുറം എങ്ങനെ പിന്നാക്കം നില്‍ക്കുന്നൂവെന്നുളളത് വളരെ വിശദമായി സമര്‍ത്ഥിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീപദവി, പശ്ചാത്തലസൗകര്യം, കൃഷി, വ്യവസായം, മറ്റുള്ളവ എന്നിങ്ങനെ ഏഴ് മേഖലകളില്‍ വിലയിരുത്തിയിട്ടുണ്ട്. ഇവ ഏതെടുത്താലും ഏറ്റവും പിന്നില്‍ കിടക്കുന്ന ജില്ല മലപ്പുറമാണ്. ഓരോ മേഖലയിലും മലപ്പുറം ജില്ലയുടെ സ്കോറും റാങ്കും പട്ടിക 1ല്‍ നല്‍കിയിട്ടുണ്ട്. താരതമ്യത്തിനുവേണ്ടി ഒന്നാം റാങ്കുള്ള ജില്ലയും സ്കോറും ചേര്‍ത്തിട്ടുണ്ട്.

ആരോഗ്യ മേഖലയില്‍ മലപ്പുറത്തിന്‍റെ സ്കോര്‍ 0.69ഉം, സ്ഥാനം 14-ാമതുമാണ്. ഒന്നാം സ്ഥാനം 1.31 സ്കോറുള്ള കോട്ടയം ജില്ലയാണ്. വിദ്യാഭ്യാസ മേഖലയില്‍ 0.74 സ്കോറോടുകൂടി മലപ്പുറമാണ് 14-ാം സ്ഥാനത്ത്. ഇവിടെയും 1.36 സ്കോറോടുകൂടി കോട്ടയമാണ് മുന്നില്‍. സ്ത്രീപദവി എടുത്താലും മലപ്പുറം തന്നെയാണ് ഏറ്റവും താഴത്ത്. സ്കോര്‍ 0.64. ഇടുക്കിയാണ് 1.31 സ്കോറോടുകൂടി ഏറ്റവും മുന്നില്‍. പശ്ചാത്തലസൗകര്യത്തില്‍ 14-ാം സ്ഥാനത്തുള്ള മലപ്പുറത്തിന്‍റെ സ്കോര്‍ 0.80 ആണ്. ഏറ്റവും മുന്നില്‍ 1.54 സ്കോറോടുകൂടി എറണാകുളമാണ്. കൃഷിയുടെയും അനുബന്ധ മേഖലകളുടെയും കാര്യത്തിലും 0.74 സ്കോറോടുകൂടി മലപ്പുറമാണ് ഏറ്റവും പിന്നില്‍. 1.28 സ്കോറുള്ള തൃശ്ശൂരാണ് ഏറ്റവും മുന്നില്‍. വ്യവസായ വളര്‍ച്ചയില്‍ മാത്രമാണ് മലപ്പുറത്തിന്‍റെ നില കുറച്ചെങ്കിലും മെച്ചപ്പെട്ടത്. റാങ്ക് 12, സ്കോര്‍ 0.52. ഒന്നാം സ്ഥാനം എറണാകുളത്തിനാണ്. സ്കോര്‍ 1.40. മറ്റുള്ളവ എന്ന സൂചകങ്ങളില്‍ മലപ്പുറം 0.81 സ്കോറോടുകൂടി 14-ാം സ്ഥാനത്താണ്. ഇവിടെ 1.32 സ്കോറുള്ള വയനാടാണ് ഏറ്റവും മുന്നില്‍.
മുകളില്‍ പറഞ്ഞ ഏഴ് മേഖലകളുടെയും സ്കോറുകളുടെ ശരാശരി എടുത്താല്‍ ഒന്നാംസ്ഥാനത്ത് വരിക 1.16 സ്കോറുള്ള എറണാകുളമാണ്. എന്നാല്‍ മലപ്പുറത്തിന്‍റെ സ്ഥാനം 14-ാമത്തേതാണ്: സ്കോര്‍ 0.70.

ഗള്‍ഫ് പണവരുമാനം
ഈ പിന്നാക്കാവസ്ഥ എങ്ങനെ മറികടക്കാം? അനുകൂലമായ ഏറ്റവും വലിയ ഘടകം മലപ്പുറത്തുനിന്നുള്ള ഗള്‍ഫ് കുടിയേറ്റമാണ്. ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ള ജില്ലകളിലൊന്നാണ് മലപ്പുറം. ഈ വിദേശവരുമാനവുംകൂടി പ്രതിശീര്‍ഷ വരുമാനത്തില്‍ ചേര്‍ത്താല്‍ മലപ്പുറം ജില്ലയുടെ വരുമാനത്തിലെ റാങ്ക് ഗണ്യമായി ഉയരും. എന്നാല്‍ ഈ വിദേശ പണവരുമാനം ജില്ലയിലെ കാര്‍ഷികവ്യവസായ മേഖലകളില്‍ നിക്ഷേപമായി മാറുന്നില്ല. ഇതിനു കഴിഞ്ഞാല്‍ പിന്നാക്കാവസ്ഥയെ മറികടക്കാനാവും.

സര്‍ക്കാര്‍ നിക്ഷേപത്തിലെ വിവേചനം
സ്വകാര്യ നിക്ഷേപത്തിന് അന്തരീക്ഷം ഒരുക്കുന്നതിന് സര്‍ക്കാരിന് പ്രധാനപ്പെട്ട പങ്കുവഹിക്കാനുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ മലപ്പുറവും മലബാര്‍ പൊതുവേയും പ്ലാന്‍ ഫണ്ടിന്‍റെ വിതരണത്തില്‍ അവഗണന നേരിട്ടു. ജനസംഖ്യയില്‍ 43 ശതമാനം മലബാറിലാണ്. എന്നാല്‍ 1995-96 വരെയുള്ള പ്ലാന്‍ ഫണ്ട് വിനിയോഗത്തില്‍ മലബാറിന്‍റെ വിഹിതം 24.5 ശതമാനമാണ്. ഇതില്‍ മലപ്പുറത്തിനാണ് താരതമ്യേന കുറവ്: 4 ശതമാനം.
ഈ സ്ഥിതിവിശേഷത്തില്‍ മാറ്റത്തിനു തുടക്കംകുറിച്ചത് ജനകീയാസൂത്രണമാണ്. പ്ലാന്‍ ഫണ്ടിന്‍റെ 35 ശതമാനമാണല്ലോ താഴേക്കു നല്‍കിയത്. അത് കൃത്യം ജനസംഖ്യാനുപാതികമായിട്ടാണ് വിതരണം ചെയ്തത്. 2009ലെ മാന്ദ്യത്തെത്തുടര്‍ന്നു പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധ പാക്കേജിലും കിഫ്ബിയിലും മലബാറിന് പ്രത്യേക ഊന്നല്‍ നല്‍കി. വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ നിലനിന്നിരുന്ന പ്രാദേശിക അസന്തുലിതാവസ്ഥ മറികടക്കാന്‍ ഇന്നു കഴിഞ്ഞിട്ടുണ്ട്.

ജില്ലാ വികസന മാസ്റ്റര്‍പ്ലാന്‍
അനുകൂലമായ ഈ സാഹചര്യത്തെ ജില്ലയുടെ വികസനത്തിനായി എങ്ങനെ ആസൂത്രിതമായി ഉപയോഗപ്പെടുത്താമെന്നതാണ് നാം ഇന്നു നേരിടുന്ന വെല്ലുവിളി. ഇതിന് സമഗ്രമായൊരു ജില്ലാ വികസന പദ്ധതിക്ക് രൂപം നല്‍കേണ്ടതുണ്ട്. 2018ല്‍ തയ്യാറാക്കിയ ജില്ലാ പ്ലാനില്‍ എല്ലാ മേഖലകളെയുംകുറിച്ചുള്ള വിശദമായ വിവരങ്ങളുണ്ട്. എന്നാല്‍ ഫലപ്രദമായൊരു വികസനതന്ത്രം, പ്രത്യേകിച്ച് ഉല്‍പ്പാദന മേഖലകളെക്കുറിച്ച്, ആവിഷ്കരിക്കുന്നതിനു കഴിഞ്ഞിട്ടില്ല. ഈ വിടവ് നികത്തുന്നതിന് ആവശ്യമായ വിപുലമായ ചര്‍ച്ചകള്‍ സംരംഭകരുമായും കൃഷിക്കാരുമായും നടത്തേണ്ടതുണ്ട്.

വിജയഭേരിയുടെ വിജയം
ജനകീയാസൂത്രണം കേരളത്തിന്‍റെ വികസനത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റം കൊണ്ടുവന്നിട്ടുണ്ട്. താഴേത്തട്ടില്‍ നിന്നുള്ള മുന്‍കൈയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും വിവിധതട്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വികസന സ്കീമുകളെ സംയോജിപ്പിക്കുന്നതിനും പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനും കഴിയും. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മറ്റു തദ്ദേശഭരണ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചുകൊണ്ടു നടപ്പാക്കിയ വിജയഭേരി പദ്ധതി. ഈ പദ്ധതിയുടെ പ്രത്യേകത പലതാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ടും സംഘാടന നേതൃത്വവും, വിവിധ സ്കീമുകളുടെ സംയോജനം, രണ്ട് പതിറ്റാണ്ടുകാലത്തെ തുടര്‍ച്ച, ജനപങ്കാളിത്തം എന്നിവ അതിലുള്‍പ്പെടുന്നു.

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ള ഉത്കര്‍ഷത്തിനും മുന്നേറ്റത്തിനും പ്രേരകബലം വിജയഭേരി ആണെന്നതിനു സംശയമില്ല. നേരത്തെ വിവരിച്ച സൂചകങ്ങളെല്ലാം 2000 ആണ്ടിലേതാണ്. എന്നാല്‍ ഇന്ന് ഇത്തരമൊരു സൂചകം ഉണ്ടാക്കുകയാണെങ്കില്‍ വിദ്യാഭ്യാസത്തില്‍ മലപ്പുറത്തിന്‍റെ സ്ഥാനം പിന്നില്‍ ആയിരിക്കില്ല.

എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ നിര്‍ദ്ദേശം
മലപ്പുറം ജില്ലയുടെ വ്യവസായ പിന്നോക്കാവസ്ഥ എങ്ങനെ മറികടക്കാം? ഇതിനു നൂതനമായ ഒരു പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്. ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം കേരള നിയമസഭയില്‍ സംസ്ഥാനത്തിന്‍റെ വികസനത്തിനായി നൂതനമായൊരു പരിപാടി മുന്നോട്ടുവച്ചു. അതിലൊന്നായിരുന്നു പുര (ജൃീ്ശശെീി ീള ഡൃയമി അാലിശശേലെ ശി ഞൗൃമഹ അൃലമെ ജഡഞഅ). പിന്നോക്കം നില്‍ക്കുന്ന ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് റോഡ് പോലുള്ള പശ്ചാത്തലസൗകര്യം ഒരുക്കുകയും അതിനോടു ബന്ധപ്പെടുത്തിക്കൊണ്ട് സംരംഭങ്ങളും സൗകര്യങ്ങളും സൃഷ്ടിക്കലുമാണ് ഈ സ്കീമിന്‍റെ സമീപനം. ഇതിനൊരു പരിപാടി പരീക്ഷണാടിസ്ഥാനത്തിലെങ്കിലും തയ്യാറാക്കിയത് താനൂര്‍ ബ്ലോക്കാണ്. പല കാരണങ്ങള്‍കൊണ്ട് ഈ പ്രൊജക്ട് നടപ്പായില്ലെങ്കിലും ഇന്നും ഈ സമീപനം പ്രസക്തമാണ്.

മലപ്പുറം ജില്ലയിലെ ഇന്നത്തെ ഏറ്റവും വലിയ പശ്ചാത്തലസൗകര്യ പ്രൊജക്ട് ദേശീയപാതയുടെ ആറുവരി വികസനമാണ്. ഈ ദേശീയപാതയുമായി ബന്ധിപ്പിച്ചുകൊണ്ട് വ്യവസായ പാര്‍ക്കുകള്‍, നോളഡ്ജ് ഹബ്ബുകള്‍, പുതിയ ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയവയ്ക്കു രൂപരേഖ തയ്യാറാക്കാം. ദേശീയപാതയില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ചെറുറോഡുകളുടെ നവീകരണത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാവും. കാര്യക്ഷമമായ പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കുകയാണെങ്കില്‍ ഗള്‍ഫില്‍ നിന്നുള്ള സംരംഭകരുടെ നിക്ഷേപത്തെ വലിയതോതില്‍ ആകര്‍ഷിക്കാനാകും.
പ്രാദേശികമായി എങ്ങനെ വ്യവസായ ക്ലസ്റ്ററുകള്‍ക്കു രൂപം നല്‍കാന്‍ പറ്റുമെന്നതിന് കേരളത്തിലുള്ള ഏറ്റവും നല്ല മാതൃകകളില്‍ ഒന്നാണ് ജനകീയാസൂത്രണ കാലത്ത് മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ ആവിഷ്കരിച്ച വ്യവസായ വികസന പദ്ധതി. ഏതാനും വര്‍ഷംകൊണ്ടുതന്നെ വിസ്മയകരമായ സംരംഭകത്വ വളര്‍ച്ച നേടുന്നതിന് മഞ്ചേരിക്കു കഴിഞ്ഞു. അഭ്യസ്തവിദ്യരുടെ നൈപുണി പോഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സംരംഭങ്ങള്‍ക്കു സമഗ്രമായ പാക്കേജുകള്‍ ലഭ്യമാക്കലായിരുന്നു മഞ്ചേരി പരീക്ഷണത്തിന്‍റെ മര്‍മ്മം. ഇതിന്‍റെ പാഠങ്ങള്‍ വിലയിരുത്തുന്നതിനു മഞ്ചേരിയില്‍ വിപുലമായ സെമിനാറും നടന്നു. ദൗര്‍ഭാഗ്യവശാല്‍ ഇതിനു തുടര്‍ച്ചയുണ്ടായില്ല.

ഫലവൃക്ഷ കൃഷി
നീര്‍ത്തടാടിസ്ഥാന ആസൂത്രണത്തിന് അനുയോജ്യമായ ഭൂപ്രകൃതിയാണ് മലപ്പുറത്തിനുള്ളത്. എന്തുകൊണ്ട് ഇതിനായി വലിയൊരു ജനകീയ പ്രസ്ഥാനത്തിനു രൂപം നല്‍കാനാവില്ല? കോള്‍നിലങ്ങള്‍ അടക്കമുള്ള നെല്‍കൃഷി ഉല്‍പ്പാദനക്ഷമത ഗണ്യമായി ഉയര്‍ത്തേണ്ടതുണ്ട്. അതോടൊപ്പം മലപ്പുറത്തെ ചരിവു പ്രദേശങ്ങളുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുന്നതിനും പരിപാടി വേണം.
ഒരുപക്ഷേ, ഇടവിളയായോ അല്ലെങ്കില്‍ പ്രധാന വിളയായോ ഫലവൃക്ഷങ്ങള്‍ വിപുലമായി നട്ടുപിടിപ്പിക്കലായിരിക്കും കുന്നിന്‍ചരിവുകളിലെ ഏറ്റവും ആദായകരമായ കൃഷി. ഇതു വിപുലമായ തോതില്‍ നടക്കണമെങ്കില്‍ കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ലേബര്‍ ബാങ്കുകള്‍ അനിവാര്യമാണ്. പുരയിടങ്ങളില്‍ ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് കൃഷിക്കാരുടെ ആദ്യ മുതല്‍മുടക്ക് ആവശ്യമില്ലെന്നും അതു ലേബര്‍ ബാങ്ക് അഡ്വാന്‍സായി ജോലി ചെയ്തുകൊടുക്കുമെന്നും ഫലങ്ങള്‍ വിളവെടുക്കുമ്പോള്‍ അതില്‍നിന്ന് ചെലവുകള്‍ പിടിച്ചാല്‍ മതിയെന്നും ഉള്ള വ്യവസ്ഥയനുസരിച്ച് ഒരു സ്കീം ഉണ്ടാക്കുകയാണെങ്കില്‍ ഫലവൃക്ഷ കൃഷി വിപുലമായ രീതിയില്‍ ജില്ലയില്‍ വ്യാപിപ്പിക്കാനാവും. ഇതിന്‍റെ തുടര്‍ച്ചയായി ഭക്ഷ്യസംസ്കരണ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും പരിപാടികള്‍ തയ്യാറാക്കാനാകും.

സര്‍വകലാശാല ആസ്ഥാന ജില്ലയെന്ന നിലയില്‍ വിപുലമായ നൈപുണി പരിശീലനത്തിനും നൂതന തൊഴില്‍ സംരംഭങ്ങള്‍ക്കും ഒട്ടേറെ സാധ്യതകളുണ്ട്. വിദേശത്തു ജോലിയെടുക്കുന്ന വിദഗ്ധരെയും സംരംഭകരെയും ഇത്തരമൊരു പരിപാടിയില്‍ പങ്കാളികളാക്കാനാകും.

ഇതുപോലെ ഓരോ മേഖലയേയുംകുറിച്ച് നൂതനമായ ഇടപെടല്‍, തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജില്ലയിലെ മുഴുവന്‍ പ്രസ്ഥാനങ്ങളെയും ജനങ്ങളെയും ഇത്തരമൊരു പരിപാടിക്കു പിന്നില്‍ അണനിരത്താനായാല്‍ മലപ്പുറത്തിന്‍റെ പിന്നാക്കാവസ്ഥ മറികടക്കാനാവും. ഇത്തരമൊരു ചിന്തയ്ക്ക് മലപ്പുറം മഹോത്സവം തുടക്കംകുറിച്ചൂവെന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 1 =

Most Popular