Tuesday, April 23, 2024

ad

Homeസിനിമസമകാലികതയും സിനിമാദൂരവും

സമകാലികതയും സിനിമാദൂരവും

വി എസ് ബിന്ദു

”If we opened people up , we ‘ d find land scapes”
Agnes vardais (Belgian film director)

ലോകമൊട്ടാകെ ലിംഗനീതിക്കായുള്ള പോരാട്ടങ്ങൾ ശക്തമാവുകയാണ്. മത രാഷ്ട്ര രൂപീകരണങ്ങളും ഭീകരവാദവും യുദ്ധവും ഫാഷിസവും ശക്തിയാർജിക്കുമ്പോൾ ത്തന്നെ
തുല്യതയ്ക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള കലയുടെയും സാഹിത്യത്തിൻ്റെയും പ്രതിരോധ വഴികൾ തുറക്കുന്നു. വ്യവസായവും മാധ്യമവും ജനപ്രിയകലയും ആയ സിനിമയിൽ ലിംഗനീതി ചർച്ച ചെയ്യപ്പെടുമ്പോൾ കേവലം സാധ്യതകളിലും പ്രതീക്ഷകളിലുമല്ലാതെ ജനാധിപത്യവും സ്വാതന്ത്ര്യവും മതനിരപേക്ഷതയും ചേർന്ന ബഹുസ്വരതയിൽ ഊന്നുന്നത് സമത്വത്തിൻ്റെ നിലപാടുറപ്പിക്കലാണ്. വലതുപക്ഷ ഭരണകൂടത്തിൻ്റെ അടിച്ചമർത്തലുകൾ നേരിടുന്ന ഘട്ടങ്ങളിലും മത വാദികളുടെ ഭീഷണികൾക്കു മുന്നിലും നിരോധിക്കപ്പെടുന്ന ചലച്ചിത്രങ്ങൾ മിക്കവയും പ്രമേയ പരിചരണങ്ങളിൽ സ്ത്രീപക്ഷ മത നിരപേക്ഷനിലപാടുകൾ സ്വീകരിച്ചിട്ടുള്ളവയാണെന്നു കാണാം. പരമ്പരാഗതവും പഴകിയതുമായ മാതൃകകളെ തള്ളിക്കളയുന്ന തരം ആവിഷ്കാരം ഈ ചിത്രങ്ങൾ കൊണ്ടുവരുന്നു.
എന്താവാം ലിംഗനീതി എന്ന പദത്തിൻ്റെ ചലച്ചിത്ര പരിപ്രേക്ഷ്യം? പ്രേക്ഷക ഭൂരിപക്ഷത്തെ പുളകം കൊള്ളിക്കും വിധമുള്ള കഥാപാത്രങ്ങളുടെ ഭാഷ, വേഷം പെരുമാറ്റം , കുടുംബവാഴ്ച , ലൈംഗികത , പുരുഷാധിപത്യ മൂല്യ സംരക്ഷണം തുടങ്ങിയവ പൊതുവേ നിലനിർത്തിപ്പോരുന്നതാണ് ജനപ്രിയ സിനിമകളിൽ കണ്ടു വരുന്നത്. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ തിയേറ്റുകളിൽ ഉയരുന്ന കൈയടി ആശങ്ക ഉണർത്തും വിധം ആപത്ക്കരമാണ്. മുൻ വിധികളും അടിച്ചേൽപ്പിക്കലുകളുമൊക്കെ സ്വാഭാവികമാണെന്നും നമ്മുടെ “രീതി” അതാണെന്നും വരെ സ്ഥാപിക്കാൻ വലതുപക്ഷം നടത്തുന്ന പരിശ്രമത്തെ കൂടുതൽ ബലപ്പെടുത്താനാണ് ദൃശ്യ ബിംബങ്ങളുടെ കൂട്ടുത്തരവാദിത്വത്തിൽ പിറക്കുന്ന അത്തരംചലച്ചിത്രങ്ങൾ ശ്രമിക്കുന്നത്. അതിനെതിരെ യുള്ള പുതിയ സിനിമാ പരിശ്രമങ്ങളെ ഇവിടെ കാണാതെ പോകുന്നില്ല. മൂല്യങ്ങളെ ആന്തരികവൽക്കരിച്ചിരിക്കുന്ന മാധ്യമങ്ങളെക്കുറിച്ച് നോം ചോംസ്കി തൻ്റെ അഭിമുഖത്തിൽ പറയുന്നുണ്ട്. “ഉള്ളടക്കവും, നിറയ്ക്കലും ” കൊണ്ട് ടെലിവിഷനും സിനിമയും പോലുള്ള മാധ്യമങ്ങൾ നൽകുന്ന വിനോദ വിജ്ഞാന പരിപാടികൾ കാണികളെ ആകർഷിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നത് നിറയ്ക്കലിലൂടെയാണ്.ഗൗരവാർഹമായ എന്തിനെയും കമ്പോളത്തിനുള്ളിലാക്കുന്ന കോർപ്പറേറ് തന്ത്രം സിനിമാലോകത്തും പിടിമുറുക്കിയിരിക്കുന്നു. സ്വതന്ത്ര മാധ്യമ സങ്കൽപ്പവും അദ്ദേഹം അവതരിപ്പിക്കുന്നു. തീർത്തും വിപണി മുക്തമാണത്. ലാഭേച്ഛയില്ലാതെ തന്നെ മനുഷ്യാവകാശങ്ങൾക്കായി പൊരുതുന്നവർ നിർമിക്കുന്ന സിനിമകളും ഡോകുമെൻററികളും ഈ പ്രത്യാശയെ സാധൂകരിക്കുന്നു.
ഷാർമീൻ ഉബൈദ് ഷിനോയ് സംവിധാനം ചെയ്ത ഡോകുമെൻ്ററി സീരീസ് ചർച്ചാ വിഷയമാക്കുന്നത് അടിത്തട്ടിലെ സ്ത്രീകൾ നടത്തുന്ന ലിംഗ തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെയാണ്. മനുഷ്യാവകാശങ്ങൾക്കായും പാകിസ്ഥാനിലെ നിർബന്ധപൂർവമുള്ള ശൈശവ വിവാഹങ്ങൾക്കെതിരായും ജോർജിയയിലെ LGBTQ അവകാശങ്ങൾക്കു വേണ്ടിയും പൊരുതുന്ന സാധാരണ സ്ത്രീകളെയാണ് 17 മിനിട്ടുവീതമുള്ള 5 സിനിമകളിലൂടെ അവതരിപ്പിക്കുന്നത്. റൈറ്റ്സ് നോട്ട് റോസസ് , ഡിഫെൻഡേഴ്സ് ഒഫ് ജസ്റ്റിസ് ,ഗേൾസ് അറ്റ് ദ ഹാർട്ട് ഒഫ് ഇറ്റ്, ലിവിങ് ഔട്ട് ലൗഡ്, റൈസിങ് പവർ ‘ എന്നിവയാണ് അവ. തൊഴിൽ സംസ്കാരവും സ്വകാര്യ ജീവിത ലക്ഷ്യങ്ങളും സ്ത്രീകൾക്ക് പ്രധാനമാകുന്ന ഘട്ടത്തിൽ ഉയർന്ന ജീവിത ലക്ഷ്യങ്ങളും തൊഴിലുമായി ബന്ധപ്പെട്ട തങ്ങളുടെ ഉയർന്ന പദവിയും മാത്രം കാംക്ഷിക്കുന്ന പുരുഷ കാഴ്ചപ്പാടുകൾ കൂടുതൽ വിമർശന വിധേയമാവേണ്ടതുണ്ട്. വ്യത്യസ്ത ലൈംഗിക സ്വത്വങ്ങൾക്കു വേണ്ടിയുള്ള നിയമങളും നീതിയുമടങ്ങുന്ന പഠന ഗവേഷണ മേഖലകൾ ഇനിയും ശക്തമാകണം

ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രികളുടെ എണ്ണം ഇന്ന് ഉയർന്ന നിലയിലാണ്.. ലിംഗവർണ രാജിയിൽ ഉൾപ്പെടുന്നവർക്കും തുല്യതയും അവസരസമത്വവും ഉറപ്പാക്കാൻ ചില നിയമങ്ങൾ വന്നു കഴിഞ്ഞു. എന്നിട്ടും സദാചാരക്കൊല, പ്രണയ ദുരന്തങ്ങൾ, ലൈംഗികാതിക്രമങ്ങൾ, ആത്മഹത്യകൾ, സ്ത്രീധനക്കൊലപാതകങ്ങൾ തുടങ്ങിയ വിപത്തുകൾ നമ്മെ ഉയർന്ന തോതിൽ പിടികൂടുകയാണ്. സാധാരണ മനുഷ്യരുടെ നിത്യാധ്വാനത്തിൽനിന്നു സ്വരൂപിച്ച പണം കൊണ്ട് ടിക്കറ്റെടുത്തു സിനിമ കാണുന്ന വ രു ടെ അഭിരുചികളെ, സമത്വബോധത്തെ എത്രകണ്ട് മുന്നിൽ കാണുന്നു എന്നതും ഈ വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കാലത്തെ മറന്ന് ഏർപ്പെടുത്തിയിട്ടുള്ള സ്ഥിരം മസാലകളും നവീകരിക്കപ്പെടുന്ന സാമൂഹികബോധത്തെ ലക്ഷ്യമാക്കുന്നില്ല സിനിമയുടെ ധർമം അതല്ല എന്നു വാദിച്ചാൽത്തന്നെ കലയുടെ ലക്ഷ്യമെന്തെന്ന നിർവചനം നാം പൂരിപ്പിക്കേണ്ടി വരും. കാഴ്ചാ ശീലങ്ങൾ നൽകുന്ന അനൗപചാരിക വിദ്യാഭ്യാസം നിത്യജീവിതത്തിൻ്റെ സ്വാധീന ഘടക ങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ്.
എണ്ണമറ്റ സമരങ്ങളിലൂടെ നേടിയെടുത്ത സ്ത്രീ മുന്നേറ്റങ്ങളെയും ലോക മാതൃകയായ കുടുംബശ്രീ സംവിധാനത്തെയും സർഗാത്മക രാഷ്ട്രീയത്തിൻ്റെ പ്രതീകമായി കാണുന്നു. എന്നാൽ ഇതേ സ്ത്രീയുടെ ചലച്ചിത്രാവിഷ്കാരം പലപ്പോഴും തമാശയായും പരിഹാസമായും പരാജയമായിപ്പോലും കാണികളുടെ തലയറഞ്ഞുള്ള ചിരിക്ക് കാരണമാകുന്നു. പുരോഗതിയുടെ പക്ഷത്തു നിൽക്കുന്നവരിൽപ്പോലും സ്വാതന്ത്ര്യവും സമത്വവും ലൈംഗികാനന്ദവും ‘കൊടുക്കുവാനുള്ള ” ചിലതാണ്. പങ്കാളിത്ത ബോധ്യമില്ലാത്ത കുടുംബ സംവിധാനം നിലനിർത്തുവാനുള്ള കമ്പോള മൂലധനത്തിൻ്റെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നവരാണ് മത ജാതി സ്വത്തു സംരക്ഷണം ആഗ്രഹിക്കുന്നവർ .
അവർ ലിംഗ തുല്യത ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല അത്തരം സിനിമകളുടെ മുന്നേറ്റത്തെ മതാധികാരം ഉപയോഗിച്ചു തടയുകയും ചെയ്യും. ദീപാ മേഹ്ത്തയുടെ ഫയർ, വാട്ടർ എന്നീ സിനിമകൾ നേരിട്ട വെല്ലുവിളി അത്തരത്തിലായിരുന്നു. സ്ത്രീ പുരുഷ നിർമിതികളെ മാത്രം സ്ക്രീനിൽ കണ്ടു ശീലിച്ചവർക്ക് രാധയുടെയും സീതയുടേയും ( ഷബ്നാ അസ്മി, നന്ദിതാ ദാസ് ) ബന്ധം അസഹിഷ്ണുതയുടെ നിലമായി. വൃന്ദാവനിലെ വിധവകളുടെ ജീവിതത്തെ ചവിട്ടിമെതിച്ച ബ്രാഹ്മണ മേധാവിത്തങ്ങളും ഒപ്പം ആചാരങ്ങളും ചോദ്യം ചെയ്യപ്പെട്ട സിനിമയാണ് വാട്ടർ. അപർണാ സെന്നും കൽപ്പനാ ലാജ്മിയും ഉൾപ്പെടുന്ന സ്ത്രീ സംവിധായകർ തെരഞ്ഞെടുത്ത പ്രമേയ വൈവിധ്യങ്ങൾ ഇന്ത്യയിലെ പ്രാദേശിക ഭാഷാ ചിത്രങ്ങളിലും പ്രതിഫലിപ്പിച്ചു .അപ്പോഴും ക്യാമറയ്ക്കു പിന്നിലും മുന്നിലുമുളള സ്ത്രീകളുടെ ദൃശ്യത കുറവു തന്നെയായിരുന്നു. കേരളത്തിൽ. കെ.എഫ്.ഡി.സി നൽകുന്ന ധനസഹായത്തോടെ ചിത്രീകരിച്ച താരാ രാമാനുജത്തിൻ്റെ നിഷി ദ്ധോയും മിനിയുടെ ഡൈവോഴ്‌സും സിനിമയിലെ സ്ത്രീ പങ്കാളിത്തം കൂട്ടുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗം തന്നെയാണ്.

മലയാളത്തിലെ
ആദ്യകാല ചലച്ചിത്രങ്ങളെല്ലാം നായികാപ്രാധാന്യമുള്ളവയായിരുന്നു .തിരശ്ശീലയിലെ പകുതി സ്ഥലവും കൂടുതൽ സമയവും നായികമാർക്ക് ലഭിച്ചു. കണ്ണീരിൻ്റെയും ആത്മ പ്രകാശനത്തിൻ്റെയും കീഴടങ്ങലിൻ്റെയും പ്രതിനിധാനങ്ങളായിരുന്നു എങ്കിലും ചർച്ച ചെയ്യപ്പെടാനാവുമായിരുന്ന സ്ത്രീ ജീവിതമായിരുന്നു അവയിൽ നിറഞ്ഞു നിന്നത്. ലളിത പത്മിനി രാഗിണിമാരും അംബിക, മിസ് കുമാരി ശാരദ ഷീല ജയഭാരതി ശ്രീവിദ്യ കെ.ആർ വിജയ ,റാണി ചന്ദ്ര. KPAc ലളിത ,അടൂർ ഭവാനി, ശ്രീലത, അടൂർ പങ്കജം ഫിലോമിന തുടങ്ങിയവരും ആകാരത്തിലും അഭിനയത്തിലും വ്യത്യസ്തതകളോടെ താരപദവിയിൽ സിനിമയിൽ നിറഞ്ഞു നിന്നു. എന്നാൽ ആരാലും ചോദ്യം ചെയ്യപ്പെടാതെ അവശേഷിച്ച ചില ആത്മഹത്യകൾ / കൊലപാതകങ്ങൾ അപ്പോഴും സിനിമയ്ക്കു പിന്നിലെ സ്ത്രീ ജീവിതത്തെ ഇരുളടഞ്ഞ താക്കി.വിജയശ്രീയും സിൽക്ക് സ്മിതയും ശോഭയും കനത്ത ദു:ഖങ്ങളായി.പിന്നീട് നായകൻ്റെ നിഴലിനും പിന്നിൽ ഒരു പൊട്ടു പോലെ മാത്രം പ്രത്യക്ഷപ്പെടുന്ന നായികമാർ മലയാള സിനിമയിലെ ആണഹന്തയുടെ മുന്നിൽ സ്വത്വം നഷ്ടപ്പെട്ട് വിധേയകളായി. അത്തരം കഥാ പാത്രങ്ങൾ സൃഷ്ടിച്ച ആഖ്യാന സൗകുമാര്യത്തെ മറികടക്കാൻ 22-ാം നൂറ്റാണ്ടിലും മലയാള സിനിമ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. സ്ത്രീ / ട്രാൻസ് സംവിധായകരുടെ വലിയ നിര സൃഷ്ടിക്കാനും നൂറു കോടി ക്ലബ്ബിൽ ആ സിനിമകൾ ആഘോഷിക്കാനും നമുക്ക് കഴിയണം. സിനിമ അധികാര ബന്ധങ്ങളുടെയും ജ്ഞാന ബന്ധങ്ങളുടെയും അന്വേഷണം കൂടിയാണ്.പൊതു ജിവിതത്തിൽ കണ്ടു പഴകിയതിനെ ദൃശ്യാന്വേഷണ സാധ്യതയിലൂടെ പുതിയ അർഥപരിസരത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയുന്ന വർക്ക് അപരിചിതവഴികൾ കണ്ടെത്താൻ കഴിയും. ( on Phot graph – സൂസൻ സൊൻ ടാഗ്) “ഇന്ത്യയിലുള്ളതുപോലെ സിനിമയോടുള്ള ഭക്തി ലോകത്ത് മറ്റെവിടെയും കാണാനാകില്ല. അപനിർമിതമായ ഈ ലോകം ഇവിടെയുള്ള നിത്യജീവിതത്തിലേക്ക് വഴിഞ്ഞൊഴുകി അതിനെ എല്ലാ രീതികളിലും സ്വാധീനിക്കുന്നുണ്ട്. ” ( മാക്സ് പിങ്കേഴ്‌സ് )
1980കളോടെ കേരളത്തിൽ. ശക്തമായ സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ സിനിമയിലെ സ്ത്രീ പദവിയെക്കുറിച്ച് പo നങ്ങൾ തുടങ്ങി. സ്ത്രീ ഭാഷയെയും സ്ത്രീ ശരീരാവതരണങ്ങളെക്കുറിച്ചും ക്യാമറയുടെ ആൺനോട്ടങ്ങളെക്കുറിച്ചും ലോകത്ത് നടന്ന ഗവേഷണങ്ങളും ശക്തിപ്പെട്ട ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളും നൽകിയ ഊർജം മലയാള സിനിമയിലും ചലനങ്ങൾ ഉണ്ടാക്കി. കലാസിനിമയുടെ പരിചരണ വൈദഗ്ധ്യം ബംഗാളിലുണ്ടാക്കിയ മുന്നേറ്റം സത്യജിത് റായും മൃണാൾ സെന്നും ഋത്വിക് ഘട്ടക്കു മടങ്ങിയ സംവിധായകരുടെയും എഴുത്തുകാരുടെയും സാന്നിധ്യമായി
ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ടു. അരവിന്ദനും അടൂരും ജോൺ എബ്രഹാമും പി.എ.ബക്കറും നിർണയിച്ച ദൃശ്യ വിന്യാസങ്ങളുടെ തീക്ഷ്ണത മലയാളികളുടെ ചലച്ചിത്രാവബോധത്തെ മാറ്റിയെഴുതി. ആ തിരുത്തൽ പ്രക്രിയയിലും സ്ത്രീകൾ ആരുമുൾപ്പെട്ടില്ല എന്നത് കുറ്റകരമായി അനുഭവപ്പെട്ടില്ല എന്നതും ശരി.
ഡിജിറ്റൽ കാലാവസ്ഥ പുലരുന്ന ഇന്നത്തെ ഘട്ടത്തിൽ സമ്പന്നമായ തിരിച്ചറിവിലേക്ക് പുതിയ സിനിമകൾ എത്തി നോക്കുന്നു. സ്ത്രീ പാoങ്ങളും വ്യത്യസ്ത ലൈംഗിക സ്വത്വങ്ങളും സിനിമ ഉൾക്കൊള്ളുന്നു. വിപണിയുടെ തന്ത്രങ്ങളെ പൂർണമായി മറികടക്കാനാകാത്തത് പരിമിതിയായിരിക്കുമ്പോഴും “ഏതാണ് ഒരു പെൺകുട്ടിക്ക് അസമയം ”? പോലുളള ചോദ്യങ്ങളും ചില ഇറങ്ങിപ്പോകലുകളും ഉപേക്ഷിക്കലു കളുമൊക്കെ മലയാള സിനിമയിൽ തുടർക്കാഴ്ചകളാകുന്നു. പ്രേക്ഷകർ കൈയടിക്കുന്നു.
ആർത്തവാചാരം പോലുള്ളവയെ ചോദ്യം ചെയ്യുകയും സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന സ്ത്രീകൾ കുടുംബത്തിനു പുറത്തു പോയി സമരം ചെയ്യട്ടെ എന്നൊരു തീർപ്പ് പുതിയ മലയാള സിനിമകൾ മുന്നോട്ടു വയ്ക്കുന്നുണ്ടോ? വാതിലുകൾ വലിച്ചടച്ച്‌ ഇറങ്ങിപ്പോയ ഇബ്സൻ്റെ നോറയുടെ സ്വാധീനം നമ്മെ വല്ലാതെ കീഴടക്കുന്നുണ്ടോ? എല്ലാത്തരം വിരുദ്ധതയുടെയും പ്രസവമുറിയായ കുടുംബത്തിനകത്ത് അതിനെതിരെ ആരാണ് പോരാടുക? ആ കുടുംബ ഘടനയെ വിജയിക്കാൻ വിട്ട് തെരുവിലേക്കിറങ്ങി യുദ്ധം ചെയ്യുമ്പോൾ
സ്ത്രീ എന്ന സ്വത്വത്തിന് നഷ്ടമാകുന്നതെന്ത്? അവിടെ ആരാണ് പിന്തുണക്കാർ? ഇറങ്ങിപ്പോക്കു സൃഷ്ടിക്കുന്ന വൈകാരിഘാതം കുടുംബം എന്ന ഉരുക്കു സൃഷ്ടിയിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കും? തൊഴിൽ, വരുമാനം നില മെച്ചപ്പെടുത്തൽ എന്നിവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മാത്രമാണോ ലിംഗനീതിയുടെ അടിസ്ഥാനം ? ഭരണഘടനാനുസൃതമായ അവകാശങ്ങൾ അവർക്ക് ലഭ്യമാകുന്നുണ്ടോ? കുടുംബം ഉപേക്ഷിച്ച് സ്വയം തൊഴിൽ കണ്ടെത്തി സ്വയംപര്യാപ്തയാകുന്ന ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ അവൾ ഇറങ്ങിപ്പോന്ന വീടിന്നെ നോക്കാം .അവളുടെ മുൻ ഭർത്താവ് സർവവിധ പുരുഷാധികാരത്തോടും കൂടി രണ്ടാം ഭാര്യയുമൊത്ത് സസുഖം വാഴുന്നു! അയാളുടെ പതിവു രീതികൾക്ക് ഒരു ലച്ചിലും തട്ടിയിട്ടില്ല! കാണികളുടെ ചിരിയും പ്രശംസയും പിടിച്ചു പറ്റിയ ജയ ജയ ജയ ജയ ഹേ കൂടി നോക്കാം. നായിക തെരുവിലേക്കു തന്നെ ഇറങ്ങി നടക്കുന്നു തൻ്റെ ജീവിതത്തിൻ്റെ .സാമൂഹിക ഉത്തരവാദിത്വം അവൾക്കു മാത്രം എന്ന അവസ്ഥ . .തന്നെ ഭാര്യ ഇടിക്കുന്ന വീഡിയോ വൈറലായതിൽ അസ്വസ്ഥനായ നായകൻ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ യഥാർഥ ജീവിതാവസ്ഥയിലെത്തി നമ്മെ തുറിച്ചു നോക്കുന്നത് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾക്കു വേണ്ടി കേസ് ഫയൽ ചെയ്യുന്ന മറ്റൊരു നായക കൂട്ടമായാണ്. പിതൃമേധാവിത്വ കുടുംബ ഘടനയ്ക്കോ അതിനുള്ളിലെ ആചാര സദാചാര ഭീകരതയ്ക്കോ ഒരുടവും തട്ടുന്നില്ല . ബദൽ മാർഗങ്ങൾ സങ്കൽപ്പിക്കാൻ പോലും ശേഷിയില്ലാതെ കുടുംബത്തിനുളളിലെ അവകാശങ്ങളെ ക്കുറിച്ചു ചർച്ച ചെയ്യാതെ തൻെറ ഇടം കണ്ടെത്താൻ സ്ത്രീയെ മാത്രം പുറന്തള്ളുന്ന കാൽപ്പനിക വ്യായാമം ഇനിയെത്ര നാൾ മലയാള സിനിമ ആവർത്തിക്കും.? വ്യക്തി എന്ന നിലയിൽ സ്വത്തവകാശം നിഷേധിക്കപ്പെടുന്നു. താമസിക്കാൻ ഇടമില്ലാതെ വരുന്നു. ലൈംഗിക ചൂഷണത്തിന് ഇരയാവുന്നു. ഇതെല്ലാം സ്ത്രീകൾക്കു മാത്രമാണെന്നതാണ് പ്രശ്നം. മാറാത്ത കുടുംബശീലങ്ങൾക്കകത്തു തന്നെ അവൾ’ വീണ്ടും സ്വീകരിക്കപ്പെട്ടേക്കാം എന്ന ദുരന്തവുമുണ്ട്. അവിടെ കോം പ്ര മൈസ് ,അനുസരണാശീലം കൂടിയാകുന്നു ഏക ഭാഷയും ഏക മതവും സ്ഥാപിക്കാൻ എതു മാർഗവും സ്വീകരിക്കാനൊരുങ്ങിയിരിക്കുന്ന ഫാഷിസ്റ്റു ഭരണകൂടം നൽകുന്ന വിദ്യാഭ്യാസ രീതിയും അത്തരത്തിലാകും. കുടുംബാധിപത്യവും തകർന്നു വീഴുന്ന പുതിയ ലോകക്രമത്തിൽ ഈ ആശയത്തിൻ്റെ പുന:സ്ഥാപനം ആരുടെ മോഹമാണ് എന്ന ചോദ്യം ഉയർന്നേക്കാം. നിലവിലുള്ള കുടുംബവഴക്കങ്ങളെ നിലനിർത്താൻ പുരാതന മാതൃകകളെ കൂട്ടുപിടിക്കാൻ ഇരുണ്ട ഭരണകൂടങ്ങൾ തയാറാകുമ്പോൾ അതിനെതിരെ ബദൽ ഉയർത്തുക തന്നെ വേണം. സ്ത്രീയുടെയും ഇതര ലൈംഗിക സ്വത്വങ്ങളുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സമീപനമാണ് അവർ
സ്വീകരിക്കുക . അതിനാശ്രയിക്കുന്നത് കുടുംബങ്ങളെയുമാണ്. കോർപ്പറേറ്റുകളുടെ സഹായത്തോടെ സ്ത്രീയുടെ ജീവിത മൂല്യമെന്നത് സൗന്ദര്യ സംരക്ഷണത്തിൻ്റെയും പ്രത്യുൽപ്പാദനത്തിൻ്റെയും മാത്രം സൂചികയാക്കാൻ മുതലാളിത്ത സംഘടിത ശക്തിക്കു കഴിയുന്നു.

മീ ടൂ ആരോപണങ്ങളിൽ ലോകം തന്നെ ഇളകി വീഴുമ്പോൾ അത് ലിംഗപരമല്ലാതാകുകയും മാരക പ്രഹര ശേഷി യു ളള ആയുധമായി മാറുകയും ചെയ്യുന്നു.എന്നാൽ അത് സ്മാർത്ത വിചാരമല്ല. ഒറ്റ നിമിഷത്തിൽ അതു ശത്രു ലോകത്തെ സമീപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. മൂലധനത്തിൻ്റെ കൈയടക്കൽ കേന്ദ്രങ്ങൾക്ക് അടിച്ചമർത്താൻ കഴിയാത്ത വിധം സാങ്കേതിക വിദ്യ കൂടിച്ചേർന്നു സൃഷ്ടിക്കുന്ന സoഘർഷം പോയ നൂറ്റാണ്ടിൽ ഉണ്ടായ പ്രകാശവും പ്രയോഗവുമാണ്. അതു സിനിമാരംഗത്തെ ലിംഗാനീതികളെ വച്ചു.പൊറുപ്പിക്കില്ല.

മാറുന്ന സിനിമ എന്നത് മാറുന്ന കുടുംബ വ്യവസ്ഥയുടേതും കൂടിയാകണം. ജനാധിപത്യത്തിൻ്റെ ഒരു നിർവചനം കേൾക്കാത്ത ശബ്ദങ്ങളെ കേൾക്കുക എന്നതുകൂടിയാണ്. ഇന്നത്തെ കുടുംബാധിപത്യത്തിൽ ഇനിയുമുണ്ട് ഒച്ചയില്ലാത്ത കണ്ണുനീരുറവകൾ .അതിജീവിതയെന്നാൽ മരിച്ചു ജീവിക്കുക എന്നതല്ല ജീവിക്കുന്നു സർഗാത്മകമായി എന്നു തന്നെ .

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 − three =

Most Popular