Sunday, July 14, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംലെനിനും 
അദ്ദേഹത്തിന്റെ കാലഘട്ടവും

ലെനിനും 
അദ്ദേഹത്തിന്റെ കാലഘട്ടവും

അലക്സ് സ്നോഡൻ

നൂറു വർഷങ്ങൾക്കു മുൻപാണ് ലെനിൻ മരണമടഞ്ഞത്. വിപ്ലവ പാർട്ടി കെട്ടിപ്പടുക്കുകയും തൊഴിലാളിവർഗ വിപ്ലവത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുകവഴി ആശയത്തെ പ്രവർത്തനപഥത്തിലേക്കെത്തിച്ച അദ്ദേഹം മാർക്സിസ്റ്റ് ചിന്താധാരയിലെ സമുന്നത മുഖങ്ങളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിലാക്കുന്നതിന്, ആ ആശയങ്ങൾ എവിടെനിന്നുരുവംകൊണ്ടുവെന്ന് മനസ്സിലാക്കുന്നതിനും അവ ഉണ്ടാക്കിയ സ്വാധീനമെന്താണെന്ന് തിരിച്ചറിയുന്നതിനും ആരാണ് ലെനിൻ എന്നും അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം എന്താണെന്നുമുള്ളതിനെകുറിച്ച് കുറച്ചെങ്കിലും ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

തന്റെ രാഷ്ട്രീയ പ്രവർത്തനവുമായും വിപുലമായ വർഗ്ഗസമരവുമായും അങ്ങേയറ്റം ബന്ധപ്പെട്ടുകിടക്കുന്ന ലെനിന്റെ ജീവിതം താഴെപ്പറയുന്ന ഘട്ടങ്ങളിലായി ഏകദേശം സംഗ്രഹിക്കാം:

ലെനിൻ മാർക്സിസ്റ്റാകുന്നു, 1887–92
ലോകത്ത് ആരുംതന്നെ വിപ്ലവകാരികളായി ജനിക്കുന്നില്ല. ലെനിന്റെ കാര്യത്തിലും അതങ്ങനെതന്നെ. 1880കളുടെ അവസാനത്തിലും 1890 കളുടെ തുടക്കത്തിലുമുള്ള റഷ്യൻ അവസ്ഥകളാണ് അദ്ദേഹത്തെ ഒരു മാർക്സിസ്റ്റാക്കി മാറ്റിയത്; അദ്ദേഹം ഒരു മാർക്സിസ്റ്റ് ആയി മാറുന്നത് അപ്പോഴാണ്. ഭീകര പ്രവർത്തനശൈലി സ്വീകരിക്കുകയും കർഷകജനസാമാന്യത്തെ മോചിപ്പിക്കുവാൻ ലക്ഷ്യമിടുകയും ചെയ്തുകൊണ്ട് പ്രധാനമായും വിദ്യാർത്ഥികളും ബുദ്ധിജീവികളും ചേർന്ന് രൂപംകൊടുത്ത വിപ്ലവപ്രസ്ഥാനമായ നരോദിസത്തിന്റെ ദൗർബല്യങ്ങൾക്കെതിരെ അദ്ദേഹം പ്രതികരിച്ചു. അക്കാലത്ത് ബൃഹത്തായ റഷ്യൻ സാമ്രാജ്യം അടക്കിവാണിരുന്നത് സ്വേച്ഛാധിപതിയായ സാർ ആയിരുന്നു; ജനങ്ങൾക്ക് വളരെ തുച്ഛമായ രാഷ്ട്രീയ സ്വാതന്ത്ര്യം അഥവാ ജനാധിപത്യ അവകാശങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അടിമവേല 1861ൽ നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും തങ്ങൾ പണിയെടുക്കുന്ന ഭൂമിയിൽ കർഷകർക്ക് വളരെ കുറച്ചു മാത്രം നിയന്ത്രണമേ ഉണ്ടായിരുന്നുള്ളൂ; അതേസമയം ദേശീയ ന്യൂനപക്ഷങ്ങൾ വളരെ ക്രൂരമായി തന്നെ അടിച്ചമർത്തപ്പെട്ടു. അക്കാലത്ത് ആവിർഭാവം ചെയ്ത മുതലാളിത്ത സമ്പദ-്-വ്യവസ്ഥ പഴകിദ്രവിച്ച ഫ്യൂഡൽഘടനകൾക്കെതിരായും ഭൂപ്രഭുത്വത്തിനെതിരായും ഉയർന്നുവന്നു; പക്ഷേ പഴയ സാമൂഹ്യക്രമത്തിനെതിരായി തൊഴിലാളിവർഗ്ഗം ഒരു ജനകീയ സമരം നയിക്കുന്നത് കൂടുതൽ അപകടകരമാകുമോ എന്ന് പുതിയ മുതലാളി വർഗം ഭയപ്പെട്ടു.

ലെനിനെ സംബന്ധിച്ചിടത്തോളം, നരോദ്നിക്കുകളിൽനിന്ന് അകലം പാലിക്കുവാനുള്ള നിർണായക ഘടകം, ഉയർന്നുവരുന്ന തൊഴിലാളി വർഗ്ഗത്തിന്റെ ശക്തിയെകുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലായിരുന്നു. പെട്രോഗ്രാഡും മോസ്കോയും പോലെയുള്ള നഗരങ്ങളിലെ തൊഴിലാളികളുടെ യഥാർത്ഥ പോരാട്ടങ്ങളെ മാർക്സിസ്റ്റ് ചിന്താധാരയുമായി (തൊഴിലാളി വർഗത്തിന്റെ സ്വയം വിമോചനത്തെ കാതലായി കാണുന്ന ചിന്താധാരയുമായി) ബന്ധിപ്പിക്കുകയെന്നത് ലെനിന്റെ ജീവിതകാലപ്രവർത്തനത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയായിരുന്നു.

വിപ്ലവപ്രസ്ഥാനം 
കെട്ടിപ്പടുക്കുന്നു (1892-1905)
1892 ഓടുകൂടി ലെനിൻ വിപ്ലവ സോഷ്യലിസത്തോട് പ്രതിജ്ഞാബദ്ധനാവുകയും മാർക്സിസ്റ്റ് വിശകലനത്തിലും വാദങ്ങളിലും വിശ്വസിക്കുകയും ചെയ്തു. അന്നുമുതൽ 1905ലെ വിപ്ലവം വരെ ചെറുതും ചിന്നിച്ചിതറിക്കിടന്നിരുന്നതുമായ മാർക്സിസ്റ്റ് സ്റ്റഡി സർക്കിളുകളെ ഒരു ദേശീയ സംഘടന എന്ന നിലയിൽ ഏകോപിപ്പിച്ചുകൊണ്ടുവരുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. അത് ഗണ്യമായി വർദ്ധിക്കുകയും തൊഴിലാളിവർഗ സമരങ്ങളിൽ ഇടപെടുകയും ചെയ്തു.

റഷ്യൻ മാർക്സിസത്തിന്റെ പിതാവായ പ്ലഖാനോവ് ലെനിനെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു; അതേസമയം തന്റേതായ സൈദ്ധാന്തിക സംഭാവനകൾ ചെയ്യുന്നതിലും ലെനിൻ ശ്രദ്ധ ചെലുത്തിയിരുന്നു; അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 1897-–99 കാലത്ത് റഷ്യയിലുണ്ടായ മുതലാളിത്ത വികാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതിയാണ്. റഷ്യൻ സോഷ്യലിസ്റ്റുകൾ തമ്മിലുള്ള തർക്കങ്ങളിലും അദ്ദേഹം ശക്തമായി ഇടപെടുകയുണ്ടായി: ഉദാഹരണത്തിന്, ‘എന്തു ചെയ്യണം?’ (What is to be done? 1902) എന്ന അദ്ദേഹത്തിന്റെ കൃതി ട്രേഡ് യൂണിയൻ വിഷയങ്ങളെ രാഷ്ട്രീയപരിപ്രേക്ഷ്യത്തിൽനിന്നും അകറ്റിനിർത്തുന്ന സാമ്പത്തികമാത്രവാദം എന്ന സമീപനത്തോട് സന്ധിചെയ്യുകയെന്ന തെറ്റ് ചെയ്യുന്നവർക്കുള്ള മറുപടിയായിരുന്നു; അതേസമയംതന്നെ ഒരു വിപ്ലവ പ്രസ്ഥാനത്തിന്റെ സമരതന്ത്രവും കടമകളും എന്തായിരിക്കണം എന്ന് നിർവചിക്കാനുള്ള ശ്രമവും കൂടിയായിരുന്നു ഈ കൃതി. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ (RSDLP) മൂന്നാം കോൺഗ്രസിലുണ്ടായ പ്രധാനപ്പെട്ടൊരു തർക്കം ഒടുവിൽ ബോൾഷെവിക്കുകളും മെൻഷെവിക്കുകളും രണ്ടായി പിരിയുന്നതിനിടയാക്കി; ലെനിനായിരുന്നു ബോൾഷെവിക്കുകളുടെ നേതാവ്.

1905–07 ലെ വിപ്ലവ മുന്നേറ്റങ്ങൾ
1905ലെ റഷ്യൻ വിപ്ലവത്തെതുടർന്ന് റഷ്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ എല്ലാ വിഭാഗങ്ങളും ശക്തമായി വളരുകയുണ്ടായി. അത് തൊഴിലാളിവർഗ ജനാധിപത്യത്തിന്റെ പുതിയ റാഡിക്കല്‍ രൂപങ്ങളുടെ ആവിർഭാവത്തിന് വഴിവെച്ചു; എല്ലാത്തിനുമുപരിയായി അത് പെട്രോഗ്രാഡ് സോവിയറ്റിന്റെ ആവിർഭാവത്തിന് വഴിവച്ചു. ഇത്തരം സംഭവവികാസങ്ങളെ ലെനിൻ വിലയിരുത്തുകയും അതിൽനിന്നും ബഹുജന സമരത്തിന്റെ ചലനാത്മകതയെക്കുറിച്ചും തൊഴിലാളികളുടെ അധികാരത്തിന്റെ സ്വഭാവത്തെക്കുറിച്ചും റഷ്യയിലെ വിപ്ലവകാരികളുടെ ലക്ഷ്യത്തെക്കുറിച്ചും പൊതു സിദ്ധാന്തം രൂപീകരിക്കുകയും ചെയ്തു.

ഈ മുന്നേറ്റങ്ങൾ ആത്യന്തികമായി പരാജയപ്പെട്ടുവെങ്കിലും അവ റഷ്യയിൽ അന്ന് നിലനിന്നിരുന്ന സ്ഥിതിക്ക് വലിയ വെല്ലുവിളി ഉയർത്തുകയുണ്ടായി. അവ തൊഴിലാളികളുടെ ഒരു നിരയെതന്നെ സമൂലമായി പരിഷ്കരിക്കുകയും 1917ൽ മൂല്യവത്തെന്നു തെളിയിച്ച ഒരനുഭവം അവർക്ക് നൽകുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് 1905ലെ റഷ്യൻ വിപ്ലവം പിൽക്കാലത്ത് ‘മഹത്തായ ഡ്രസ് റിഹേഴ്‌സൽ’ എന്നു പരാമർശിക്കപ്പെട്ടത്.

ബോൾഷെവിക്ക് പ്രസ്ഥാനം 
കെട്ടിപ്പടുക്കുന്നു (1907-–14)
ഈ തൊഴിലാളി കലാപങ്ങളുടെ പരാജയത്തെ തുടർന്നുണ്ടായ നിഷ്ഠുരമായ പ്രതിവിപ്ലവ അടിച്ചമർത്തൽ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക്കുകളെ പോലെയുള്ള വിപ്ലവകാരികൾക്ക് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചു. വെല്ലുവിളിയുടെതായ അത്തരം സാഹചര്യങ്ങളിൽ ക്ഷമയോടെ പാർട്ടി കെട്ടിപ്പടുക്കുകയെന്ന പ്രക്രിയയുടെ അനിവാര്യതയുണ്ടായി. ലെനിന് അനേകം അടവുപരമായ വെല്ലുവിളികളെ കൈകാര്യം ചെയ്തുകൊണ്ടുപോകേണ്ടതായി വന്നു; റഷ്യയിലെ വളരെ പരിമിതമായ ജനാധിപത്യ രൂപങ്ങളെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും എങ്ങനെ ബന്ധപ്പെടുത്തണം എന്നതടക്കം അതിൽ ഉൾപ്പെടുന്നു.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനുള്ളിൽ നിൽക്കുന്ന അവസരവാദത്തിന് കീഴടങ്ങിയവർക്കെതിരെ ( വിപ്ലവപരമായ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളിൽനിന്നകന്ന് വലത്തോട്ട് നീങ്ങുന്നവർ) മാത്രമല്ല, മറിച്ച് തിരഞ്ഞെടുപ്പുകളിൽ നിന്നും ട്രേഡ് യൂണിയൻ സമരങ്ങളിൽനിന്നും സോഷ്യലിസ്റ്റ് പ്രസ്ഥാനം അകന്നുമാറി നിൽക്കണമെന്നാഗ്രഹിക്കുന്ന തീവ്ര ഇടതുപക്ഷ വിഭാഗങ്ങൾക്കെതിരായും ലെനിൻ കർക്കശമായി ശബ്ദമുയർത്തുകയുണ്ടായി.

തൊഴിലാളികളുടെ ചെറുത്തുനിൽപ്പിന്റെ ഒരു പുതുമുന്നേറ്റത്തിന് 1912ൽ തുടക്കം കുറിക്കുകയുണ്ടായി; പുതുതായി വളർന്നുവന്ന പണിമുടക്ക് തരംഗത്തോടുകൂടിയാണ് ഇതിന് തുടക്കമിട്ടത്.ഒന്നാം ലോക യുദ്ധത്തിന് തുടക്കമിട്ടതോടുകൂടി മാത്രമാണ് അവ നിർത്തിവയ്ക്കപ്പെട്ടത്. കേവലമൊരു വിമതവിഭാഗമെന്ന നിലയിലല്ലാതെ ബോൾഷെവിക്കുകളുടേതായ ഒരു സ്വതന്ത്ര പാർട്ടി രൂപീകരിച്ചുകൊണ്ട് ഒടുവിൽ 1912ൽ ബോൾഷെവിക്കുകൾ മെൻഷെവിക്കുകളിൽനിന്നും പൂർണ്ണമായി ഭിന്നിച്ചു. അതേവർഷംതന്നെ പ്രവ്ദ എന്ന പേരിൽ ഒരു ദൈനംദിന പത്രം തുടങ്ങുകയും ചെയ്തു; ഫാക്ടറികളിലെ സമരോത്സുകരായ തൊഴിലാളികൾക്കിടയിൽ തങ്ങളുടെ ശക്തി കെട്ടിപ്പടുക്കുന്നതിന് പത്രം അത്യന്താപേക്ഷിതമാണെന്ന് ബോൾഷെവിക്കുകൾ മനസ്സിലാക്കിയിരുന്നു.

യുദ്ധത്തിനെതിരെ, 1914–-17
ഒന്നാം ലോകയുദ്ധത്തിന്റെ ആരംഭം (1914ആഗസ്റ്റ്) യൂറോപ്യൻ രാഷ്ട്രീയത്തെയും റഷ്യൻ രാഷ്ട്രീയത്തെയും മാറ്റിമറിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ പറഞ്ഞാൽ, അത് സുപ്രധാനമായ സാമൂഹിക ചലനങ്ങൾക്ക് വഴിവെച്ചു. ലെനിനെയും ബോൾഷെവിക്കുകളെയും സംബന്ധിച്ചിടത്തോളം, ദേശീയ സങ്കുചിതവാദത്തിലേക്കുള്ള ഒട്ടുമിക്ക യൂറോപ്യൻ സോഷ്യലിസ്റ്റ് പാർട്ടികളുടെയും തകർച്ചയ്ക്കു പ്രേരകമായിരുന്നു യുദ്ധം. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (രണ്ടാം ഇന്റർനാഷണലിലെ പ്രബല വിഭാഗം) സ്വന്തം രാഷ്ട്രത്തിന്റെ യുദ്ധനീക്കങ്ങളെ പിന്തുണയ്ക്കുന്ന സമീപനത്തിലേക്ക് പോയി. ഫലത്തിൽ രണ്ടാം ഇന്റർനാഷണൽ തകർന്നടിഞ്ഞു.

ബോൾഷെവിക്കുകൾ അനിതരസാധാരണമാംവിധം യുദ്ധവിരുദ്ധ, സാർവദേശീയ നിലപാടുകളിൽ ഉറച്ചുനിന്നു. അവർ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടു; സാമ്രാജ്യത്വവിരുദ്ധതയെ ആഭ്യന്തര രാഷ്ട്രീയവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചു; മറ്റു രാജ്യങ്ങളിലെ അങ്ങേയറ്റം ഒറ്റപ്പെട്ടുപോയ യുദ്ധവിരുദ്ധ സോഷ്യലിസ്റ്റുകളുമായി ബന്ധം സ്ഥാപിച്ചു. യുദ്ധവിരുദ്ധ സോഷ്യലിസ്റ്റ് സംഘാടനത്തിന് വ്യക്തമായൊരു സൈദ്ധാന്തികാടിത്തറ നൽകുന്നതിന് ലെനിൻ സാമ്രാജ്യത്വം, യുദ്ധം എന്നീ വിഷയങ്ങളിലേക്ക് തന്റെ ശ്രദ്ധ തിരിച്ചു; ഉദാഹരണത്തിന്, 1916 ൽഅദ്ദേഹം എഴുതിയ ‘സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം’ എന്ന കൃതിയിൽ ഇത് നമുക്ക് കാണാം.

1917ലെ വിപ്ലവങ്ങൾ
1917 ഫെബ്രുവരിയിൽ റഷ്യയിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. സാറിസ്റ്റ് വാഴ്ചയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് നിരവധി ദിവസങ്ങൾ നീണ്ട ഉശിരൻ പ്രകടനങ്ങളും വമ്പിച്ച പണിമുടക്കുകളും വേണ്ടിവന്നു. തൊഴിലാളികൾക്കും കർഷകർക്കും സാറിസ്റ്റ് വാഴ്ചയെ എതിർക്കുന്ന പട്ടാളക്കാർക്കും നാവികർക്കും അവരുടെതായ ഡിമാൻഡുകൾ മുന്നോട്ടുവയ്ക്കുവാൻ സാധിക്കുന്ന ജനാധിപത്യ ഇടങ്ങൾ നൽകിക്കൊണ്ട് 1905 നേക്കാൾ കൂടുതൽ വലുതും കൂടുതൽ വിപുലവുമായ രൂപത്തിലേക്ക് സോവിയറ്റുകൾ വീണ്ടും ശക്തമായി ഉയർന്നുവന്നു.

തുടർന്ന് മുതലാളിത്താനുകൂല ലിബറലുകൾ നയിക്കുന്ന പുതിയ പ്രൊവിഷണൽ ഗവൺമെന്റ് രൂപംകൊണ്ടു; സോവിയറ്റുകൾ അതിനെതിരായ ബദൽ നിർദ്ദേശിച്ചു; അങ്ങനെ അനിശ്ചിതമായ ഇരട്ട അധികാരത്തിന്റേതായ സാഹചര്യം രൂപപ്പെട്ടു. ഈ സമയം പ്രവാസ ജീവിതത്തിലായിരുന്ന ലെനിൻ 1917 ഏപ്രിലിൽ റഷ്യയിൽ തിരിച്ചെത്തി (തന്റെ യുവത്വത്തിന്റെ ഏതാണ്ട് ഒട്ടുമിക്ക ഭാഗവും ലെനിൻ ജീവിച്ചുതീർത്തത് റഷ്യക്ക് പുറത്തായിരുന്നു). സാറിസത്തിന്റെ തകർച്ചയെതുടർന്ന് നടക്കുന്ന ജനാധിപത്യ പരിഷ്കാരങ്ങളിൽ മാത്രമായി പരിമിതപ്പെടാതെ, തൊഴിലാളി വർഗം സാമൂഹിക വിപ്ലവത്തിലേക്കും ഭരണകൂട അധികാരം പിടിച്ചെടുക്കുന്നതിലേക്കും നീങ്ങണമെന്ന കാഴ്ചപ്പാട് ലെനിൻ വ്യക്തമായി വിശദീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ തന്നെ അനുയായികളിൽ പോലും അത് ഞെട്ടലുളവാക്കി.

1917 ഒക്ടോബറോടുകൂടി സാഹചര്യങ്ങൾ വിപ്ലവമുന്നേറ്റത്തിന് പാകമാണെന്ന് ലെനിൻ ബോൾഷെവിക്കുകളുടെ ഉന്നത ഘടകങ്ങളിൽ ദൃഢസ്വരത്തിൽ തറപ്പിച്ചു പറഞ്ഞു. അങ്ങനെ പെട്രോഗ്രാഡിൽ നടത്തിയ വിപ്ലവമുന്നേറ്റം വിപ്ലവപരമായ പോരാട്ടത്തിന്റെ കൊടുമുടിയെ അടയാളപ്പെടുത്തുകയും, ചരിത്രത്തിലെതന്നെ ആദ്യത്തെ തൊഴിലാളിവർഗ ഭരണകൂടം സ്ഥാപിക്കപ്പെടുന്നതിനിടയാക്കുകയും ചെയ്തു.

തൊഴിലാളിവർഗ്ഗ ഭരണകൂടത്തെ 
നയിക്കുന്നു (1917-–23)
ലെനിന്റെ നേതൃത്വത്തിലുള്ള പുതിയ വിപ്ലവ ഗവൺമെന്റ് സുപ്രധാനമാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ഒട്ടുംതന്നെ കാലതാമസമെടുത്തില്ല. കർഷകർക്ക് ഭൂമി, സൈനികർക്കും നാവികർക്കും സമാധാനം, തൊഴിലാളികൾക്ക് ഭക്ഷണം എന്നിവ ബോൾഷെവിക്കുകൾ നേരത്തെതന്നെ മുന്നോട്ടുവച്ചിരുന്നു. ഇപ്പോൾ ഈ രംഗങ്ങളിലെല്ലാംതന്നെ അവർ പ്രതീക്ഷ നിറവേറ്റി: ഭൂമി സാമൂഹിക ഉടമസ്ഥതയിലേക്ക് മാറ്റി, സാമ്രാജ്യത്വ യുദ്ധത്തിൽ നിന്നും റഷ്യയെ പിന്നോട്ടുവലിച്ചു, ഒട്ടേറെ ദേശീയ ന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്ര്യം അനുവദിച്ചു, സഹകരണം, സമത്വം എന്നീ സോഷ്യലിസ്റ്റ് തത്വങ്ങളിലൂന്നിയ സാമ്പത്തിക പരിഷ്കാരണങ്ങൾ അവതരിപ്പിച്ചു. അടിച്ചമർത്തലിന്റെ വിവിധ രൂപങ്ങൾ, പ്രത്യേകിച്ചും സ്ത്രീകളുടെ കീഴ് പദവി, വെല്ലുവിളിക്കപ്പെട്ടു; അങ്ങനെ യഥാർത്ഥ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അഭിവൃദ്ധിയുണ്ടായി.

എന്നിരുന്നാലും, പ്രതിബന്ധങ്ങൾ ഏറെയായിരുന്നു. തൊഴിലാളികളുടെ അധികാരത്തിനും നവസോഷ്യലിസത്തിന്റെ ഉദാഹരണമായി നിൽക്കുന്ന റഷ്യയിലെ തൊഴിലാളിവർഗ ഭരണകൂടത്തെ പാടെ പിഴുതെറിയുവാൻ ഉറച്ചുതീരുമാനിച്ച അനേകം യൂറോപ്യൻ രാജ്യങ്ങൾ നടത്തിയ സൈനിക ഇടപെടലിനോടൊപ്പം രാജ്യത്തെ പ്രതിവിപ്ലവ സേനയായ ‘വെള്ള’പ്പടയും അണിനിരന്നു. സാമ്പത്തിക ഉപരോധവും വളഞ്ഞിട്ടാക്രമിക്കലും വലിയ രീതിയിലുള്ള ആഘാതമുണ്ടാക്കി.

ആഭ്യന്തര യുദ്ധകാലത്തുടനീളം (1918-–20) പുതിയ തൊഴിലാളിവർഗ ഭരണകൂടത്തെ സംരക്ഷിക്കുന്നതിന് ഭീമമായ വിഭവങ്ങൾ ഉപയോഗിക്കേണ്ടതായി വന്നു. വിപ്ലവം കെട്ടിപ്പടുത്ത തൊഴിലാളികളിൽ ഒട്ടേറെപേർ ഈ ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെടുകയോ കടുത്ത സാമ്പത്തിക സമ്മർദ്ദത്തെ തുടർന്ന് നഗരങ്ങൾ ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്ക് പോവുകയോ ചെയ്തു; ഒട്ടേറെ പേരെ ഭരണസംവിധാനത്തിന്റെ ഭാഗമായി എടുത്തു.

തൊഴിലാളികളുടെ കലാപങ്ങൾ യൂറോപ്പിൽ ഒരുപാടിടത്ത് നടന്നിട്ടുണ്ട്; പക്ഷേ, അവയൊന്നുംതന്നെ റഷ്യയിലെ വിപ്ലവംപോലെ വിജയകരമായിരുന്നില്ല. റഷ്യ ഒറ്റപ്പെടുത്തപ്പെട്ടു. പിരിമുറുക്കങ്ങളും തിരിച്ചടികളും അവരെ ബാധിച്ചു – നഗരത്തിലെ തൊഴിലാളിവർഗത്തിന്റെ എണ്ണം ചുരുങ്ങി; സോവിയറ്റുകൾ ദുർബലമാക്കപ്പെട്ടു; തൊഴിലാളിവർഗത്തിനുതന്നെ ബദലായി ഭരണകൂടം അധികമധികം ഉയർന്നുവന്നു.

1923 മാർച്ചിലുണ്ടായ ഗുരുതരമായൊരു പക്ഷാഘാതത്തോടുകൂടി ലെനിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചു. 1924 ജനുവരിയിൽ അദ്ദേഹം മരണമടഞ്ഞു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + 3 =

Most Popular