Friday, December 13, 2024

ad

Homeവിശകലനംടോക്കണിസം ഒഴിവാക്കുക 
സാമ്രാജ്യത്വത്തിനെതിരെ 
പോരാടുക

ടോക്കണിസം ഒഴിവാക്കുക 
സാമ്രാജ്യത്വത്തിനെതിരെ 
പോരാടുക

സുദീപ് ദത്ത, സുനന്ദ്

വർഗപരമായ പ്രാധാന്യവും 
പ്രത്യയശാസ്ത്രത്തിന്റെ 
മേൽക്കെെയും വീണ്ടെടുക്കൽ‐ 2

തൊഴിലാളിവർഗത്തെ ഫാക്ടറിയിലോ പ്രാദേശികമായോ സാമ്പത്തികമായ ഡിമാൻഡുകളിലോ ആയി പരിമിതപ്പെടുത്തുന്ന പരിഷ്കരണവാദപരമായ കാഴ്ചപ്പാടും ഇന്ന് ആഗോള തൊഴിലാളിവർഗത്തെ അന്താരാഷ്ട്ര ധനമൂലധനം അഭൂതപൂർവമാംവിധം കൂട്ടിയോജിപ്പിക്കുന്നു എന്ന യാഥാർഥ്യവും തമ്മിലുള്ള പ്രകടമായ അന്തരം നിലനിൽക്കുന്നുണ്ട്.

ആഗോള ഉൽപാദനശൃംഖലയുടെ വർധിച്ചുകൊണ്ടിരിക്കുന്ന ശകലീകരണവും വ്യാപനവുംമൂലം, ആഗോള ദക്ഷിണ മേഖല മാനു-ഫാക്ചറിങ്ങിന്റെയോ അസംബ്ലിങ്ങിന്റെയോ ഒരു ഹബ്ബായി മാറിയിരിക്കുന്നു. അതേസമയം ആഗോള വടക്കൻ മേഖല കുത്തകകളാൽ നിയന്ത്രിക്കപ്പെടുന്ന മൂല്യവർധിത ബ്രാൻഡുകളുടെ ഇടമായും മാറിയിരിക്കുന്നു. അന്താരാഷ്ട്ര -ഫിനാൻസിന്റെ തീട്ടൂര പ്രകാരം ആഗോള ദക്ഷിണ മേഖലയിലെ എല്ലാ രാജ്യങ്ങളും മനുഷ്യത്വരഹിതമായ തൊഴിൽനയങ്ങൾ നടപ്പാക്കുകയും അതുവഴി അധ്വാനശക്തിയുടെ മൂല്യം ഇടിയുകയും ആഗോള ഉത്തരമേഖലയിലേക്ക് കിനിഞ്ഞിറങ്ങുന്ന മിച്ചമൂല്യം പരമാവധിയാക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു. കൊളോണിയൽ കാലം മുതൽ ആഗോള ഉത്തരമേഖലയിലെയും ദക്ഷിണ മേഖലയിലെയും രാജ്യങ്ങൾ തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നുണ്ട്. ആഗോളവൽക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ മൂലധനം കൂടുതൽ ആക്രമണോത്സുകവും ചലനാത്മകവുമായിത്തീർന്നിരിക്കുകയാണ്. എന്നാൽ അധ്വാനശക്തി ദേശീയ അതിർത്തികൾക്കുള്ളിൽ ഒതുക്കപ്പെടുന്നത് തുടരുന്നു.

അതേസമയം ഇത് ആഗോള ഉത്തരമേഖലയിൽ അപവ്യവസായവൽക്കരണത്തിലേക്കും വലിയ തോതിലുള്ള തൊഴിൽ നഷ്ടത്തിലേക്കും നയിക്കുന്നു. മെട്രോ പൊളിറ്റൻ (വികസിത മുതലാളിത്ത) മൂലധനം ചില സാമൂഹ്യസുരക്ഷകൾ നൽകിക്കൊണ്ട് തൊഴിലാളികളുടെ ദുരിതങ്ങൾ ഇല്ലാതാക്കുന്നതിന് ശ്രമിച്ചു. എന്നിരുന്നാലും പ്രതിസന്ധി മൂർച്ഛിച്ചതോടെ ഈ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ വെട്ടിക്കുറയ്ക്കപ്പെടുകയും സ്ഥിതി സ്ഫോടനാത്മകമാക്കപ്പെടുകയും ചെയ്തു. മുതലാളിത്തത്തെ രക്ഷിക്കാനുള്ള അവസാനശ്രമമെന്ന നിലയിൽ ഒരേസമയം തന്നെ സാമ്രാജ്യത്വയുദ്ധങ്ങളും പ്രാകൃതമായ നവഫാസിസ്റ്റ് ഭരണവും അടിച്ചേൽപ്പിച്ചുകൊണ്ട് പ്രതിസന്ധിയുടെ കേന്ദ്രം ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഈയൊരു പശ്ചാത്തലത്തിൽ പ്രതിസന്ധിയെ സെെനികവും രാഷ്ട്രീയവുമായി കെെകാര്യം ചെയ്യുന്നതിനുള്ള ഓരോ ശ്രമവുമായും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒന്നിച്ച് പോരാടുകയും സംഘടിപ്പിക്കുകയും ചെയ്യുക എന്നത് വർഗാധിഷ്ഠിതമായ വിപ്ലവ ട്രേഡ് യൂണിയനുകളുടെ കടമയാണ്. ഉപരോധമായാലും സെെനിക ആക്രമണങ്ങളായാലും നഗ്നമായ യുദ്ധങ്ങളായാലും അവിടെയെല്ലാം സാമ്രാജ്യത്വത്തെ ചെറുക്കേണ്ടതും ഒറ്റപ്പെടുത്തേണ്ടതും അനിവാര്യമാണ്. പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമായ ഒരേയൊരു പ്രത്യയശാസ്ത്രം സാർവദേശീയവാദത്തിന്റെയും സാമൂഹ്യ പരിവർത്തനത്തിന്റെയും പ്രത്യയശാസ്ത്രമാണ്.

ദേശീയാതിർത്തിക്കുള്ളിൽ ഒതുക്കപ്പെട്ട അധ്വാനത്തെ പരിവർത്തനപരമായ രാഷ്ട്രീയധാരയുമായി കൂട്ടിയോജിപ്പിക്കുന്നതിനാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. മൂല്യശൃംഖലയുടെ വ്യത്യസ്ത ഇടങ്ങളിലുള്ള, ഉൽപാദനത്തിന്റെ വിവിധ ഘട്ടങ്ങളിലെ തൊഴിലാളികളെ ഉൽപന്നത്തിന്റെ അടിസ്ഥാനത്തിലും കമ്പനിയടിസ്ഥാനത്തിലും നാം സംഘടിപ്പിക്കണം. മുതലാളിത്തത്തെ ബാധിച്ച പ്രതിസന്ധിയുടെ കരാളഹസ്തങ്ങളിൽനിന്ന് ലോകത്തെ രക്ഷിക്കുന്നതിനുള്ള ദൃഢനിശ്ചയത്തോടെ സാർവദേശീയ തൊഴിലാളിവർഗമെന്ന ഉന്നതമായ അവബോധത്തോടെ സാർവദേശീയമായ പ്രക്ഷോഭങ്ങൾ കെട്ടിപ്പടുക്കണം.

പുനർവിതരണമോ വിപ്ലവമോ?
ദീർഘനാൾ തുടരുന്ന മുതലാളിത്ത പ്രതിസന്ധി, അസമത്വങ്ങൾക്കും ദുരിതങ്ങൾക്കും ആക്കം കൂട്ടുന്ന ഒരു ഘട്ടത്തിൽ വ്യവസ്ഥയ്ക്കെതിരായി ഉയർന്നുവരാവുന്ന ജനരോഷത്തിന്റെ സുവ്യക്തമായ സാധ്യതകളെ നിർവീര്യമാക്കുന്ന, ഒരു ജനപ്രിയ പരിഷ്കരണവാദ മുദ്രാവാക്യമായി പുനർവിതരണം ഉയർന്നുവന്നിരിക്കുന്നു.

പുനർവിതരണം അടിസ്ഥാനപരമായും സൂചിപ്പിക്കുന്നത്, ഉയർന്ന വരുമാനം, സ്വത്ത് അല്ലെങ്കിൽ പാരമ്പര്യ നികുതി എന്നിവയിൽനിന്നും സ്വരൂപിച്ചെടുക്കുന്ന നികുതി, ക്ഷേമത്തിനായും സാമൂഹ്യ സുരക്ഷാ സ്കീമുകൾക്കായും വിതരണം ചെയ്യുന്നതിലൂടെ മാത്രം അസമത്വം കുറയ്ക്കാൻ കഴിയുമെന്ന പരിഷ്കരണവാദപരമായ ആശയത്തെയാണ്. ഇത്തരമൊരു വീക്ഷണം, അസമത്വത്തിന്റെ മൂലകാരണം ഉൽപാദനോപാധികൾ കുത്തകകളുടെ കയ്യിൽ കേന്ദ്രീകരിക്കുന്നതും, വ്യത്യസ്തങ്ങളായ സാങ്കേതിക വിദ്യയുടെ വികാസവും, അസമമായ രീതിയിലുള്ള മൂലധനസഞ്ചയവുമാണ് എന്ന യാഥാർഥ്യത്തെ അവഗണിക്കുന്നു.

മൂലധനസഞ്ചയത്തിന്റെ ഓരോ ചംക്രമണത്തിലും, ഉൽപാദനത്തിന്റെ സാങ്കേതികവിദ്യാപരമായ ഘടകം വർധിക്കുകയും ലാഭത്തിന്റെ തോത് കുത്തനെ ഇടിയുകയും ചെയ്യുന്നു. ചൂഷണവും തൊഴിൽ നഷ്ടവും വർധിപ്പിച്ചും കരുതൽ സേനയെ വിപുലമാക്കിയും മൂലധനം അതിന്റെ ലാഭം നിലനിർത്താനുള്ള വഴികണ്ടെത്തുന്നു. ഇത് പ്രതിസന്ധിയെ തുടർന്ന് ഉൽപ്പാദിപ്പിക്കുന്ന ചരക്കിന്റെ താഴ്ന്ന ഉപഭോഗത്തിലേക്കും അത് വീണ്ടും ലാഭത്തിന്റെ തോത് ഇടിയുന്നതിലേക്കും നയിക്കുന്നു.

ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിന് മുതലാളിത്തം മാന്ദ്യം അടിച്ചേൽപ്പിക്കുന്നു. ഇത് വീണ്ടും ലാഭം ഇടിയുന്നതിനും നിക്ഷേപം കുറയ്ക്കുന്നതിനും ഇടയാക്കുന്നു; മൂലധന സഞ്ചയത്തെ പിടിച്ചുനിർത്തുന്നു; സാങ്കേതികവിദ്യയുടെ വളർച്ചയെ തടയുന്നു. ഇത് ഉൽപ്പാദനത്തിലെ അധ്വാനഘടകത്തെ വർധിപ്പിക്കുകയും അങ്ങനെ ആത്യന്തികമായും ലാഭത്തിന്റെ തോത് സ്ഥിരത കെെവരിക്കുകയും ചെയ്യുന്നു. അതെന്തായാലും അതിന്റെ മുഴുവൻ ഭാരവും തൊഴിലെടുക്കുന്ന വർഗത്തിന്റെയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും ചുമലിലേക്ക് മാറ്റപ്പെടുന്നു.

എന്നാൽ വിചിത്രമായ കാര്യം, 2008നു ശേഷമുണ്ടായ നീണ്ടകാലത്തെ മാന്ദ്യത്തിനിടയിലും മഹാമാരിയുടെ കാലത്തുപോലും മൂലധന സഞ്ചയത്തിന്റെ തോത് അൽപ്പവും കുറഞ്ഞില്ല എന്നതാണ്. ഇത് വ്യവസ്ഥയിൽ ഗുരുതരമായ തകർച്ചയ്ക്കിടെയാക്കുകയും ആഴത്തിൽ ബാധിച്ച പ്രതിസന്ധിയുടെ പ്രകൃതത്തെ തുറന്നുകാട്ടുകയും ചെയ്തു. ഇതു പരിഹരിക്കാൻ പരിഷ്കരണവാദികളായ സാമ്പത്തികവിദഗ്ധർ മുന്നോട്ടുവച്ച, സ്വത്തിന്റെയും വരുമാനത്തിന്റെയും പുനർവിതരണത്തിന് ഒരു പരിധിവരെ മൂലധന സഞ്ചയത്തിന്റെ ദ്രുതഗതിയിലുള്ള കുന്നുകൂടലിനെ നിർവീര്യമാക്കാൻ കഴിഞ്ഞു.

ഇന്ന്, സാമ്രാജ്യത്വ ഗൂഢതന്ത്രങ്ങളിലൂടെ അവികസിത രാജ്യങ്ങളിൽനിന്നും കെെമാറ്റപ്പെടുന്ന മിച്ചത്തിന്റെ ഗുണഫലം വികസിതരാജ്യങ്ങൾ അനുഭവിക്കുന്നു. എന്നാൽ ഇന്ത്യയിൽ നമുക്ക് അതുപോലെ ഒരു സുരക്ഷിതമേഖലയില്ല. ഇത്തരമൊരു പശ്ചാത്തലത്തിൽ കുത്തകകളാൽ നയിക്കപ്പെടുന്ന ഭരണകൂടം, കുത്തകകൾക്കുമേൽ തന്നെ കൂടുതൽ നികുതി ചുമത്തുകയും ലാഭനിരക്ക് അങ്ങനെ വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്യുമെന്നത് പ്രതീക്ഷിക്കാനാവാത്തതാണ്. ഇതിന്റെ യുക്തിസഹമായ നിഗമനം, കുത്തകകളുടെ കരുത്തിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ എടുക്കാനാവൂ.

കൂടാതെ, താൽക്കാലികമായ ഈ പുനർവിതരണം 10% വരുന്ന മേൽത്തട്ടും 50 ശതമാനം വരുന്ന അടിത്തട്ടും തമ്മിലുള്ള അസമത്വം പരിഹരിക്കുമെങ്കിൽ കൂടിയും മൂലധനത്തിന്റെ കേന്ദ്രീകരണം മേൽത്തട്ടിലെ 10 ശതമാനത്തിന്റെ മൂലധനവിഹിതത്തെ 1 ശതമാനത്തിന്റെ കെെകളിലേക്കും ആ ഉയർന്ന ഒരു ശതമാനം അതിന്റെ മേലേത്തട്ടിലെ 0.1 ശതമാനത്തിന്റെ കെെകളിലേക്കും എത്തിക്കും. ഫലത്തിൽ പുനർവിതരണം കൂടുതൽ കുത്തകവൽക്കരണത്തിലേക്കു നയിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ അന്താരാഷ്ട്ര ഫിനാൻസിന്റെ തീട്ടൂരങ്ങൾക്കും താൽപ്പര്യങ്ങൾക്കുമെതിരായി നീങ്ങുന്ന ഒരു സാഹചര്യമാണിത്. ഇത് മൂലധനത്തിന്റെ പലായനത്തിനിടയാക്കും.

ചുരുക്കത്തിൽ, പരിഷ്കരണവാദപരമായ ഒരു മുദ്രാവാക്യമെന്ന നിലയിൽപോലും പുനർവിതരണത്തിന് ജീർണിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയുടെ മുഖംമിനുക്കിക്കൊണ്ട് ഒരാശ്വാസവും നൽകാനാവില്ലെന്ന വ്യക്തവും മൂർത്തവുമായ നിഗമനത്തിൽ നമ്മെ എത്തിക്കും. പരിഷ്കരണവാദപരമായ മുദ്രാവാക്യങ്ങൾപോലും വിപ്ലവകരമായ അധികാരമാറ്റത്തിന്റെ വ്യക്തമായ അനിവാര്യതയിലേക്കു കൊണ്ടുചെന്നെത്തിക്കും വിധമായി പ്രതിസന്ധിയുടെ രൂക്ഷതയും ആഴമേറിയതുമാണ്. ഈ പ്രയാണത്തിൽ നികുതി വർധനവ് എന്ന ഡിമാൻഡ് ബഹുജനങ്ങളെ അണിനിരത്തുന്നതിന് ആക്കം കൂട്ടാനും അവരെ വിദ്യാഭ്യാസം ചെയ്യിക്കാനും ഉപയോഗിക്കാം. എന്നാലത് ജനങ്ങൾക്കിടയിൽ വ്യാമോഹം സൃഷ്ടിക്കാൻവേണ്ടിയാകരുത്. മൂർത്തമായ ആസൂത്രണത്തോടെ, കാഴ്ചപ്പാടോടെ സമരോത്സുകമായി അണിചേർന്നുകൊണ്ട് ഈ ദിശയിലേക്ക് പ്രയാണം ചെയ്യുന്നതിന് തൊഴിലാളിവർഗം സ്വയം സന്നദ്ധമാകേണ്ടത് അനിവാര്യമാണ്.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × three =

Most Popular