മലയാള സിനിമയിൽ ഏറ്റവും പ്രേക്ഷക സ്വീകാര്യതയുണ്ടായിരുന്ന ജോണറായിരുന്നു തമാശപ്പടങ്ങൾ. തിയറ്ററിൽ ചിരി പടർത്താൻ കഴിഞ്ഞാൽ പടം ഹിറ്റായി എന്നതായിരുന്നു ഫോർമുല. പ്രിയദർശൻ, സിദ്ധിഖ്–- ലാൽ, സത്യൻ അന്തിക്കാട്, ലാൽ ജോസ് തുടങ്ങി നിരവധി സംവിധായകർ ഈ ജോണറിൽ തുടർച്ചയായി ഹിറ്റുകൾ സൃഷ്ടിച്ചു. മോഹൻലാൽ–- ശ്രീനിവാസൻ കൂട്ടുകെട്ട് തുടങ്ങി മലയാളത്തിൽ നിറഞ്ഞുനിന്ന തമാശ പടങ്ങളുടെ വലിയ ശ്രേണിയുണ്ട്. ദിലീപ് മലയാള സിനിമയിൽ നിലയുറപ്പിച്ചത് തമാശ സിനിമകളുടെ പിൻബലത്തിലാണ്. ഇന്നസെന്റ്, മുകേഷ് തുടങ്ങി ഒരുപാടുപേർ മലയാള സിനിമയുടെ തമാശ ശ്രേണിയെ ശക്തിപെടുത്തി. ദിലീപ് സിനിമ സ്‌കൂൾ ഈ കാലത്താണ് മലയാള സിനിമയുടെ ‘വിജയ’ ഫോർമുലയായി മാറിയത്.
അത്ര കണ്ട് പൊളിറ്റിക്കൽ കറക്‌റ്റ്‌നെസ് പരിശോധിക്കാത്ത കാലമാണ് ഇവരുടെ സിനിമകൾ വലിയ നേട്ടമുണ്ടാക്കിയത്. സ്ഥിരം ഹിറ്റ് സ്റ്റാറ്റസ് അവ നിലനിർത്തി. ഇത്തരം സിനിമകളിൽ മാത്രം അധികവും അഭയം പ്രാപിക്കുകയായിരുന്നു നമ്മുടെ സിനിമ. മുഖ്യധാരയിൽ പരീക്ഷണങ്ങൾ, പുതിയ കഥാപരിസരമൊക്കെ കുറവായിരുന്നു. ഇതു മാത്രം കിട്ടിയിരുന്ന പ്രേക്ഷകർ അതിൽ തൃപ്‌തരാകേണ്ടി വന്നു. സ്ഥിരം പാറ്റേണും തമാശകളുടെ സമാന ശൈലിയും ഒരുഘട്ടം കഴിഞ്ഞപ്പോൾ തിരിച്ചടി നേരിടാൻ തുടങ്ങി. തമാശയ്‌ക്ക് വേണ്ടി രംഗങ്ങൾ സൃഷ്ടിച്ചതടക്കമുള്ള കുത്തിക്കയറ്റലുകൾ സിനിമയെ തന്നെ ദുർബലമാക്കി. അതിനുപിന്നാലെ തിരിച്ചടികളും ശക്തമായി. ഹിറ്റ് സ്റ്റാറ്റസ് മാറി ബോക്‌സോഫീസിൽ തുടർ പരാജയങ്ങളിലേക്കു നീങ്ങി.
ഈ ശ്രേണിയിൽ വലിയ തിരിച്ചടി നേരിടാൻ തുടങ്ങിയപ്പോൾ അതു ദിലീപിനെയും നന്നായി ബാധിച്ചു. തന്റെ സേഫ് സോണിന് പുറത്ത് സിനിമകൾ അധികം ചെയ്യാൻ തയ്യാറാകാതെയിരുന്ന ദിലീപ് തുടർ പരാജയങ്ങളും നേരിട്ടു. ദ്വയാർഥവും സ്‌ത്രീ വിരുദ്ധതയും ബോഡി ഷെയിമിങും നിറയുന്ന അധിക്ഷേപങ്ങൾ, തമാശയാക്കിയവർ സിനിമയിൽ നിന്നും സ്വയം പുറംതള്ളപ്പെട്ടു. അത്തരം സിനിമകൾ കാലാന്ത്യത്തിൽ കുറഞ്ഞു. ഉള്ളവ ബോക്‌സോഫീസിൽ ഡിസാസ്‌റ്ററായി. ദിലീപിന്റെ തകർച്ചയും മലയാള സിനിമയുടെ ന്യൂവേവിന്റെ തുടക്കവും ഒരുമിച്ചാണ് എന്നതാണ് യാഥാർഥ്യം. മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരു വിഭാഗവും ഈ ഘട്ടത്തിൽ അപ്രത്യക്ഷമായതും ഇതിന്റെ ഫലമാണ്.
ഈ ജോണർ സിനിമകളുടെ നിലവാരത്തകർച്ച സ്വാഭാവികമായും തമാശപ്പടങ്ങളുടെ സ്വീകാര്യത കുറച്ചു. സിനിമ മറ്റു ശ്രേണിയിലേക്ക് മാറാൻ തുടങ്ങി. എന്നാൽ വിപിൻ ദാസ് ഒരുക്കിയ ‘ജയ ജയ ജയ ഹേ’ കോമഡി ജോണറിന്റെ സാധ്യത ബോധ്യപ്പെടുത്തുന്നതായിരുന്നു. ആ വലിയ വിജയത്തിനുശേഷമുള്ള സംവിധായകന്റെ പടമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ഒപ്പം ദീപു പ്രദീപിന്റെ തിരക്കഥ. കുഞ്ഞിരാമയണവും പേരല്ലൂർ പ്രീമിയർ ലീഗ് വെബ് സിരീസും എഴുതിയ എഴുത്തുകാരൻ. ഇവർ രണ്ടുപേരും ചേരുമ്പോഴുണ്ടാകുന്ന മിടുക്കാണ് ഗുരുവായൂരമ്പല നടയിലിന്റെ മികവ്. തമാശ സിനിമകളുടെ സാധ്യതയുടെ സാക്ഷ്യമാണ് 60 കോടി പിന്നിട്ട പടത്തിന്റെ ബോക്‌സോഫീസ് നേട്ടം.
ഒരുകാലത്ത് തമാശ സിനിമകളിലൂടെ നിരന്തരം ഹിറ്റുകൾ സൃഷ്ടിച്ചിരുന്ന സിനിമാക്കാർ പുതിയ കാലത്ത് തമാശ ഉണ്ടാക്കുക എന്നത് വളരെ ശ്രമകരമാണെന്ന് പറയുന്ന ഘട്ടത്തിലാണ് വിപിൻ ദാസും ദീപു പ്രദീപും ചേർന്ന് അനായാസമായി അതു ചെയ്യുന്നത്. ദീപുവിന്റെ എഴുത്തിലെ മിടുക്കിനെ കൂടുതൽ മികവോടെ വിപിൻ ദാസ് അവതരിപ്പിച്ചിട്ടുണ്ട്. കൺഫ്യുഷൻ സൃഷ്ടിച്ച് അതിൽ ഹ്യുമർ സൃഷ്ടിക്കുന്ന രീതിയാണ് സിനിമയുടേത്. തന്റെ മികച്ച സമയത്ത് പ്രിയദർശൻ പുലർത്തിയിരുന്ന ‘Fun Riot’ രീതി ഇവിടെ സമർഥമായി അവതരിപ്പിക്കുന്നുണ്ട്. ഒരു കല്യാണം മുടക്കാനും നടത്താനുമുള്ള ആളുകളുടെ ശ്രമം എന്ന ഒറ്റവരി കഥയെ രണ്ടു മണിക്കൂറിലധികമുള്ള കാഴ്‌ചയാക്കി മാറ്റുകയാണ് സിനിമ. എഴുത്തിന്റെ മുറുക്കത്തിലും സംവിധായകന്റെ ക്രാഫ്‌റ്റിന്റെ പിൻബലത്തിലും ക്ലീൻ എന്റർടൈനറാകുകയാണ് ഗുരുവായൂരമ്പല നടയിൽ.
കുഞ്ഞിരാമായണം സംവിധാനം ചെയ്‌താണ് ബേസിൽ ജോസഫ് മലയാള സിനിമയിൽ സ്വയം അടയാളപ്പെടുത്തിയത്. പിന്നീട് ഗോദയിലൂടെ മേക്കർ എന്ന നിലയിൽ വരാനിരിക്കുന്ന മലയാള സിനിമ ബേസിലിന്റേത് കൂടിയാണ് എന്ന് അടിവരയിട്ടു. ഈ ഘട്ടത്തിൽ തന്നെ അഭിനേതാവിന്റെ റോളിലും ബേസിൽ എത്തി. മിന്നൽ മുരളിയ്‌ക്കു ശേഷം ബേസിൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഏത് എന്ന ചോദ്യത്തിന് അഭിനേതാവായി തിളങ്ങുന്ന ചിത്രങ്ങൾ നിരന്തരം എത്തിയതായിരുന്നു മറുപടി. നടൻ എന്ന നിലയിൽ ബേസിലിന്റെ ഗ്രാഫ് ഒരുപടി കൂടി ഉയർത്തുന്നുണ്ട് ഗുരുവായൂരമ്പല നടയിൽ. തന്റെ ശരീര ഭാഷയിലൂടെ ബേസിൽ സൃഷ്ടിക്കുന്ന കോമഡി മൊമൻസുണ്ട്. അസാധ്യമായ ടൈമിങിൽ വരുന്ന ഈ രംഗങ്ങളാണ് ചിത്രത്തെ എലിവേറ്റ് ചെയ്യുന്നത്.
പടത്തിന്റെ രസച്ചരട് മുറിയാതെ പിടിച്ചുനിർത്തുന്നത് ബേസിൽ–- പ്രിഥ്വിരാജ് കോംബോയാണ്. സിനിമയുടെ ടീസർ ഇറങ്ങിയപ്പോൾ പ്രിഥ്വിരാജിന് കോമഡി വഴങ്ങുമോയെന്ന് ചോദിച്ചവർക്ക് ‘ആനന്ദൻ’ കൃത്യമായ മറുപടിയാണ്. പ്രിഥ്വിയ്‌ക്കായി സൃഷ്ടിച്ച ട്രെയിലർ ഫിറ്റ് റോളാണിത്. കഥാപാത്രം ആവശ്യപ്പെടുന്ന മീറ്ററിൽ ഓവർ ദി ടോപ്പായി നിൽക്കുന്ന കഥാപാത്രമായി പ്രിഥ്വി പെർഫോം ചെയ്യുന്നുണ്ട്.
നിഖില വിമൽ, അനശ്വര രാജൻ, പി പി കുഞ്ഞികൃഷ്ണൻ മാഷ്, ജഗദീഷ്, ബൈജു, സിജു സണ്ണി, അശ്വിൻ, സാഫ്ബോയ്, രേഖ, യോഗി ബാബു, ഇർഷാദ്, കോട്ടയം രമേശ് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രം നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട്. കഥാപാത്ര തെരഞ്ഞെടുപ്പിൽ യോഗി ബാബുവിനെപ്പോലെ ഒരു താരത്തെ അത്രമേൽ പ്രാധാന്യമില്ലാത്ത റോളിൽ മലയാള സിനിമയിലേക്ക് കൊണ്ടുവരേണ്ടിയിരുന്നോ എന്ന സംശയം സിനിമ കാണുമ്പോൾ തോന്നുന്നുണ്ട്. യോഗി ബാബുവിലെ നടനെ അറിയുന്നവർക്ക് അദ്ദേഹത്തെ ശരിയായി ഉപയോഗപ്പെടുത്താതെ പോയി എന്ന വിമർശനം ഉണ്ടാകും.
സിനിമയുടെ മുന്നോട്ടുപോക്കിൽ ഉപയോഗിച്ചിട്ടുള്ള റഫറൻസുകൾ, പാട്ടുകൾ അതെല്ലാം കൃത്യമായി കഥാഗതിയിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ഗുരുവായൂർ അമ്പലം എന്ന് കേൾക്കുമ്പോൾ ഓർമവരിക നന്ദനമാണ്. നന്ദനം റഫറൻസുകൾ സിനിമയിൽ കടന്നുവരുന്നുണ്ട്. അതുഉപയോഗിച്ച് സിനിമയെ ഹുക്ക് ചെയ്യുന്ന രീതിയും രസകരമായി. പലപ്പോഴും സംഭവിക്കുന്ന റഫറൻസുകളുടെ ഉപയോഗത്തിലൂടെ സിനിമയെ ബാധിക്കുന്ന തരത്തിലാക്കാതെ, കാഴ്‌ചയെ കൂടുതൽ രസമാക്കുന്നുണ്ട് ഈ രംഗങ്ങൾ.
പ്രിഥ്വി–- ബേസിൽ കൂട്ടുകെട്ടിന്റെ നല്ല പ്രകടനവും ദീപു പ്രദീപിന്റെ എഴുത്തിലെ മിടുക്കും വിപിൻ ദാസിന്റെ സംവിധാന പാടവും ചേർന്നു സൃഷ്ടിച്ചെടുത്ത അടിമുടി ആഘോഷ സന്തോഷ പടമാണ് ഗുരുവായൂരമ്പല നടയിൽ. മലയാള സിനിമയുടെ ഹിറ്റ് ജോണറിനെ പുതിയ കാലത്തെ പ്രേക്ഷക ആസ്വാദനത്തിനു ചേരുന്ന രീതിയിൽ ഒരുക്കിയ ക്ലീൻ എന്റർടൈനർ. ♦