ഇലക്-ട്രോണിക് വോട്ടിങ് മെഷീനെ (ഇവിഎം) സംബന്ധിച്ച സുപ്രീ കോടതി വിധി നിരാശാജനകമാണെന്നു മാത്രമല്ല, ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കയും സംശയവും ദൂരീകരിക്കാൻ പര്യാപ്തവുമല്ല. ഇതുപറയുമ്പോൾ, ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ച അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പറയുന്നതുപോലെ പേപ്പർ ബാലറ്റിലേക്ക് മടങ്ങണമെന്ന അഭിപ്രായവും സ്വീകാര്യമല്ല എന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
പേപ്പർ ബാലറ്റ് കുറ്റമറ്റ സംവിധാനമാണെന്ന് ഒരുവിധത്തിലും പറയാനാവില്ല. ആ സമ്പ്രദായം നിലനിന്നിരുന്നപ്പോൾ ഉണ്ടായിരുന്ന ബൂത്തുപിടുത്തവും കൃത്രിമങ്ങളുമാണ് ഇവിഎം എന്ന ആധുനികവും ശാസ്ത്രീയവുമായ പരിഹാരത്തിലേക്ക് തിരിയാൻ ഇലക്ഷൻ കമ്മിഷനെയും രാഷ്ട്രീയ സമൂഹത്തെയും നിർബന്ധിതമാക്കിയത്. എന്നാൽ ഇവിഎമ്മിനെ സംബന്ധിച്ചും നിർമിത ബുദ്ധിപോലെയുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തിൽ കേന്ദ്രീകൃതമായി തന്നെ ജനവിധി അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയാണ്. ഇക്കാര്യത്തിൽ നിയമപരമായ പരിഹാരം തേടി സുപ്രീംകോടതിയെ സമീപിക്കാൻ എഡിആറിനെ പോലെയുള്ള സംഘടനയെ പ്രേരിപ്പിച്ചത്. പ്രത്യേകിച്ചും ജനാധിപത്യത്തിലും ജനഹിതത്തിലും തരിമ്പും വിശ്വാസം പ്രകടമാക്കാത്ത ആർഎസ്എസിനെപ്പോലെയുള്ള ഒരു ഫാസിസ്റ്റ് സേ-്വച്ഛാധിപത്യ സംവിധാനത്തിന്റെ പിടിയിൽ രാജ്യം അമർന്നുകൊണ്ടിരിക്കുമ്പോൾ ഇത്തരം ആശങ്കകൾ ജനാധിപത്യ വിശ്വാസികളിൽ ഉയരുക സ്വാഭാവികമാണ്.
എന്നാൽ, ഇവിഎമ്മിനെക്കുറിച്ചുള്ള സംശയം ദൂരീകരിക്കുന്നതിന് ഏർപ്പെടുത്തിയ വോട്ടർ വെരിഫയബിൾ പേപ്പർ ആഡിറ്റ് ട്രയൽ (വി വി പാറ്റ്) സംവിധാനം ഇന്നത്തെ രീതിയിൽ തുടരുന്നതുകൊണ്ടുമാത്രം സംശയം മാറുന്നില്ലെന്നതാണ് ഇപ്പോഴത്തെ ആശങ്കയുടെ അടിസ്ഥാനം. പക്ഷേ, ദൗർഭാഗ്യകരമെന്നു പറയട്ടെ, ആ ആശങ്ക ദൂരീകരിക്കുന്നതിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ചിന്റെ വിധി പര്യാപ്തമായില്ല. യഥാർഥത്തിൽ ഇലക്ഷൻ കമ്മിഷന്റെ പിടിവാശിയോടുകൂടിയ നിലപാടിനെ ഒരർഥത്തിൽ അംഗീകരിക്കുക മാത്രമാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. സിംബൽ (ചിഹ്നം) ലോഡ് ചെയ്തുകഴിഞ്ഞാൽ സ്ഥാനാർഥികളുടെ അംഗീകാരം ഉറപ്പാക്കണം, വോട്ടെണ്ണൽ കഴിഞ്ഞാലും ഒരു നിശ്ചിതകാലം സുരക്ഷിതമായി യന്ത്രങ്ങൾ സൂക്ഷിക്കണം തുടങ്ങിയ സുപ്രീംകോടതി നിർദേശങ്ങൾ തന്നെ ഇക്കാര്യത്തിൽ ഉയർന്നുവന്ന ആശങ്കകൾ തള്ളിക്കളയാനാവില്ല എന്നതിന്റെ സ്ഥിരീകരണമാണ്.
നിലവിലുള്ള ആശങ്ക ദൂരീകരിക്കാൻ വി വി പാറ്റ് സ്ലിപ്പുകൾ മുഴുവൻ എണ്ണണമെന്ന ശരിയായ നിർദ്ദേശവും എഡിആർ സുപ്രീംകോടതി മുൻപാകെ ഉന്നയിച്ചതും ഉന്നത നീതിപീഠം പരിഗണിക്കാൻ തയ്യാറായില്ല എന്നതാണ് ജനാധിപത്യത്തിലെ നടപടിക്രമങ്ങൾ കുറ്റമറ്റതും സംശയാതീതവുമാണെന്ന് വിശ്വസിക്കുന്നവരെ നിരാശപ്പെടുത്തുന്നത്. വി വി പാറ്റ് മാത്രംകൊണ്ട് യന്ത്രസംവിധാനത്തിലെ ക്രമക്കേട് സാധ്യത ദൂരീകരിക്കാനാവില്ലെന്നു വന്നപ്പോഴാണ് ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലെയും 5 ഇവിഎമ്മുകളിലെ വി വി പാറ്റ് സ്ലിപ്പുകൾ ആവശ്യമെങ്കിൽ എണ്ണുകയെന്ന സംവിധാനം വന്നത്. പക്ഷേ, അതും ശാസ്ത്രീയമോ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക പരിഹരിക്കുന്നതോ അല്ല.
പത്ത് ശതമാനം വോട്ടിങ് യന്ത്രങ്ങളിലെ വി വി പാറ്റ് സ്ലിപ്പുകൾ, എണ്ണിത്തിട്ടപ്പെടുത്തണമെന്നും 50 ശതമാനം എണ്ണി ചെക്കു ചെയ്യണമെന്നുമുള്ള നിർദ്ദേശങ്ങളും ഇതിനുമുൻപ് നീതിപീഠത്തിനു മുന്നിൽ ഉയർന്നുവന്നെങ്കിലും അതും നിരാകരിക്കപ്പെടുകയായിരുന്നു. പൂർണമായും കൃത്യതയോടുകൂടിയ ഫലം നൽകുന്നുവെന്ന് ഉറപ്പാക്കാൻ മുഴുവൻ വി വി പാറ്റ് സ്ലിപ്പുകളും എണ്ണുന്നതുകൊണ്ടു മാത്രമേ കഴിയൂ.
ഇലക്ഷൻ കമ്മിഷന്റെ വാദം ഒരു നിയമസഭാ മണ്ഡലത്തിലെ 5 ശതമാനം വി വി പാറ്റ് സ്ലിപ്പുകൾ പരിശോധിക്കുന്ന സംവിധാനത്തിൽ ഇവിഎമ്മുകളിൽ ക്രമക്കേടുണ്ടെന്നു കാണാൻ ഇക്കാലത്തിനിടയിൽ കഴിഞ്ഞില്ലെന്നും അതുകൊണ്ട് ആ രീതി തന്നെ തുടർന്നാൽ മതിയെന്നുമാണ്. മുഴുവൻ വി വി പാറ്റ് സ്ലിപ്പുകളും ശേഖരിച്ച് എണ്ണുമ്പോൾ ഫലപ്രഖ്യാപനത്തിൽ കാലതാമസത്തിനു ഇടയാക്കുമെന്നും അത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നുമുള്ള വാദങ്ങൾ ഉയർത്തിയാണ് ഇലക്ഷൻ കമ്മിഷൻ വി വി പാറ്റ് സ്ലിപ്പുകൾ മുഴുവൻ എണ്ണി ഇവിഎമ്മിലെ ഫലത്തെ ചെക്കു ചെയ്യണമെന്ന നിർദ്ദേശത്തെ നിരാകരിക്കുന്നത്.
വോട്ടിങ് യന്ത്രത്തിന്റെ നിർമിതിയിൽ തന്നെ ക്രമക്കേടിന്റെ സാധ്യതയുണ്ടെന്നും അതില്ലെന്ന് ഉറപ്പു വരുത്തിയാൽ തന്നെ റിമോട്ട് സംവിധാനത്തിലൂടെ കൃത്രിമത്തിനു സാധ്യതയുണ്ടെന്നുമെല്ലാമുള്ള വിദഗ്ധരുടെ ഇടയിൽ നിലനിൽക്കുന്ന അഭിപ്രായങ്ങൾ തള്ളിക്കളയാനാവില്ലെന്നിരിക്കെ, അധികമായി വരുന്ന പണച്ചെലവിന്റെയോ ഫലപ്രഖ്യാപനത്തിലെ കാലതാമസത്തിന്റെയോ പേരിൽ വി വി പാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണമെന്ന അഭിപ്രായത്തെ നിരാകരിക്കുന്നത് സ്വീകാര്യമല്ല. അത് ജനഹിതം അട്ടിമറിക്കപ്പെടുന്നുവെന്ന ആശങ്കയെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഇവിഎമ്മിന്റെ നിർമാണ ജോലികൾ നിർവഹിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഭരണസമിതിയിൽ ആർഎസ്എസുകാരെ കുത്തിനിറച്ചതും വി വി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനെതിരെയുള്ള ഇലക്ഷൻ കമ്മിഷന്റെ പിടിവാശിയും ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും അധികാരം കവർന്നെടുക്കാനും നിലനിർത്താനും എന്തു ഹീനമായ മാർഗവും സ്വീകരിക്കാൻ മടിക്കാത്ത, ഏതറ്റം വരെ പോകാനും മടിക്കാത്ത ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രം പിൻപറ്റുന്ന ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബിജെപി ഭരണസംവിധാനത്തിന്റെ ചുക്കാൻ പിടിക്കുമ്പോൾ ജനങ്ങളിൽ അവിശ്വാസവും ആശങ്കയും സ്വാഭാവികമാണ്. വോട്ടിങ് സംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തേണ്ടതും ജനാധിപത്യത്തിൽ പരമപ്രധാനമാണ്. അപ്പോൾ മാത്രമേ ജനങ്ങൾക്ക് തങ്ങളുടെ ഹിതത്തിന്റെ പ്രതിഫലനമാണ് ഫലപ്രഖ്യാപനത്തിലൂടെ നിലവിൽ വരുന്നത് എന്ന് ബോധ്യമാകൂ.
തങ്ങൾ രേഖപ്പെടുത്തിയത് തന്നെയാണ് വോട്ടിങ് യന്ത്രത്തിൽ റിക്കാർഡ് ചെയ്തിട്ടുള്ളത് എന്ന് ഉറപ്പുവരുത്താൻ വി വി പാറ്റ് സംവിധാനത്തിലൂടെ കഴിയുമെങ്കിലും അതിൽ പിന്നീട് കൃത്രിമത്തിനു സാധ്യതയുണ്ടെന്ന അഭിപ്രായങ്ങൾ ഉയർന്നിരിക്കെയാണ് വോട്ടിങ് സമയത്ത് യന്ത്രത്തിൽ റിക്കാർഡ് ചെയ്തതുതന്നെയാണ് എണ്ണുമ്പോഴുമുള്ളത് എന്ന് ഉറപ്പുവരുത്താനാണ് വി വി പാറ്റ് സ്ലിപ്പുകൾ മുഴുവൻ എണ്ണെണമെന്ന അഭിപ്രായം ഉയരുന്നത്. നിലവിലെ തിരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ചു തന്നെ ജനങ്ങളിൽ അവിശ്വാസം നിലനിൽക്കുമ്പോൾ, വി വി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനെതിരായ കമ്മിഷന്റെ വാദത്തിലും സംശയം ബലപ്പെടുകയേയുള്ളൂ. അതു ദൂരീകരിക്കാൻ വേണ്ട തീരുമാനം സുപ്രീംകോടതിയിൽ നിന്നുണ്ടാകാത്തത് ജനാധിപത്യ വിശ്വാസികളുടെ ആശങ്കകൾ വർധിപ്പിക്കുന്നു. ♦