ലോകത്തെ ഏറ്റവും വലിയ മുസ്ലിം പണ്ഡിത സഭയാണ് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. മതപരമായ വിഷയങ്ങളാണ് സമസ്‌ത കൈകാര്യംചെയ്യുന്ന മേഖല. രാഷ്ട്രീയത്തിൽ സമസ്‌ത ഇടപെടാറില്ല, സമസ്‌തയിലെ ചില പണ്ഡിതരും അണികളും രാഷ്‌ട്രീയ പാർട്ടികളുടെ നേതൃപദവി അലങ്കരിക്കാറുണ്ടെങ്കിലും സംഘടനയ്ക്ക് രാഷ്‌ട്രീയമില്ല. എന്നാൽ രാജ്യം അഭിമുഖീകരിക്കുന്ന വിഷയങ്ങൾ സമസ്‌ത നിരീക്ഷിക്കാറുമുണ്ട്. എല്ലാ കാലത്തും വ്യക്തിപരമായി അഭിപ്രായം പറഞ്ഞിട്ടുണ്ട്. സമസ്‌തയുടെ പ്രമുഖ നേതാക്കളിൽ പലരും രാഷ്‌ട്രീയ പാർട്ടിയുടെ നേതൃത്വം അലങ്കരിച്ചവരാണ്. എന്നാൽ ആർക്കും ഹൈജാക്ക് ചെയ്യാനും ആരുടെയും ബി ടീം ആകാനും ഈ പണ്ഡിത സഭ ഒരിക്കലും നിന്നു കൊടുത്തിട്ടില്ല. എന്നാൽ സമസ്‌ത ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. പൊതു തിരഞ്ഞെടുപ്പിൽ സമസ്‌തയുടെ ചില നേതാക്കൾ സ്വീകരിച്ച നിലപാടും അതിനോട് ലീഗിനുള്ള കടുത്ത അതൃപ്‌തിയുമാണ് ഈ പണ്ഡിത സഭയെ വിവാദത്തിലേക്ക് വലിച്ചിട്ടത്.
സമസ്‌തയുടെ തീരുമാനങ്ങൾ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്ന നിലപാടായിരുന്നു ഒരു കാലത്ത് ലീഗ് സ്വീകരിച്ചത്. എന്നാൽ ലീഗിന്റെ രാഷ്‌ട്രീയ അജൻഡ തിരിച്ചറിഞ്ഞ് അതിനെ ചെറുത്ത നേതാക്കളെ ഒറ്റ തിരിച്ച് ആക്രമിക്കുന്ന നിലപാടാണ് ലീഗ് എക്കാലവും സ്വീകരിച്ചത്. ലീഗിന്റെ വരുതിയിൽ സമസ്‌തയേയും എസ്‌വൈഎസി (സുന്നി യുവജന സംഘം) യെയും കെട്ടാനുള്ള നീക്കത്തെ ചെറുത്തുനിന്നതിനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാരെയും അദ്ദേഹത്തിന്റെ അനുയായികളേയും ലീഗ് വേട്ടയാടിയത്. ഒടുവിൽ സമസ്‌ത പിളർന്നു. അതിലേക്ക് നയിച്ച സമാന സംഭവങ്ങളാണ് ഇപ്പോൾ ലീഗ് കാർമികത്വത്തിൽ സമസ്‌തയിൽ നടക്കുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു. സമസ്‌ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും സെക്രട്ടറി ഉമ്മർ ഫൈസി മുക്കവുമാണ് അവരുടെ ടാർജറ്റ്. അവസരവാദ രാഷ്ട്രീയമാണ് എല്ലാക്കാലത്തും മുസ്ലിംലീഗ് സ്വീകരിച്ചുവന്നത്. ഏതാനും വർഷമായി സമസ്‌തയിൽ സമഗ്രാധിപത്യം സ്ഥാപിക്കാനുള്ള ലീഗ് ശ്രമം വിജയിക്കാത്തതാണ് ഈ നീക്കത്തിനു കാരണം. ലീഗ് പറയുന്നതല്ല ഇന്ന് സമസ്‌തയുടെ വാക്ക്. സമസ്‌ത ലീഗിന്റെ മെഗാഫോണുമല്ല. നിലവിൽ രാജ്യം നേരിടുന്ന രാഷ്‌ട്രീയ വിഷയങ്ങളിൽ അടക്കം സമസ്‌ത സ്വന്തം അഭിപ്രായം പറയുന്നു. സംസ്ഥാന സർക്കാരുമായും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ എന്നിവരുമായി സമസ്‌ത നേതാക്കൾ നേരിട്ട് സംവദിക്കുന്നു. എൽഡിഎഫ് സർക്കാർ സമസ്‌തയെ കേൾക്കുന്നു. ഇത് ലീഗിനെ വല്ലാത്തൊരു അങ്കലാപ്പിൽ എത്തിച്ചിരിക്കുകയാണ്. പൊതു തിരഞ്ഞെടുപ്പോടെ അവ രൂക്ഷമായി എന്ന് മാത്രം.
ലീഗിന്റെ ബി ടീം ആകാനില്ല
സമുദായ സംഘടനകളെ വരുതിയിലാക്കി നിയന്ത്രിക്കാനുള്ള ലീഗിന്റെ ദുരാഗ്രഹം കേരളത്തിൽ വിലപ്പോകാറില്ല. എന്നാൽ എല്ലാക്കാലത്തും ലീഗുമായി മികച്ച ബന്ധമായിരുന്നു അവിഭക്ത സമസ്‌തയ്ക്കും പിന്നീട് പിളർപ്പിനു ശേഷം ഇ കെ വിഭാഗം സമസ്‌തയ്ക്കും. കാരണം ലീഗിന്റെ അധ്യക്ഷൻമാരെല്ലാം സമസ്‌തയുടെയോ പോഷക സംഘടകളുടെയേ ഭാരവാഹികൾ ആയിരുന്നു. പാണക്കാട് കുടുംബത്തിന് സമസ്‌തയിലുള്ള അപ്രമാദിത്വം വലുതാണ്. എന്നാൽ മുസ്ലിംലീഗിന്റെ രാഷ്‌ട്രീയ വഞ്ചനയും ആശയപരമായ ദൃഢതയില്ലായ്‌മയും കാരണം ലീഗിന്റെ ചൊൽപ്പടിക്ക് നിൽക്കാൻ സമസ്‌തയും ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളും തയ്യാറല്ല. അതിന് കാരണങ്ങൾ പലതാണ്. സമസ്‌തയേയും അതിന്റെ തീരുമാനങ്ങളേയും ലീഗ് ഒട്ടും വകവെക്കുന്നില്ലെന്നതാണ് അതിൽ ഒന്ന്. മുസ്ലിം സമുദായത്തിന്റെ അന്തിമ വാക്ക് ലീഗിന്റേതാകണമെന്ന തീട്ടൂരമാണ് മറ്റൊന്ന്. ജിഫ്രി തങ്ങൾ ഉൾപ്പെടെയുള്ള സമസ്‌ത നേതാക്കളെ ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നിരന്തരം അപമാനിച്ചിട്ടും മൗനംപാലിക്കുകയാണ് ലീഗ് നേതൃത്വം. സമസ്‌ത നേതാവും ലീഗ് അധ്യക്ഷനുമായിരുന്ന ഹൈദരലി തങ്ങളെ ചില ലീഗ് നേതാക്കൾ ഇഡിയുടെ വലയിൽപെടുത്തി എന്ന വികാരം പൊതുവെയുണ്ട്. മുൻ ലീഗ് ട്രഷററും പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ കെ എസ് ഹംസയാണ് ഈ വിഷയം വെളിപ്പെടുത്തിയത്. ഏറ്റവും ഒടുവിൽ സമസ്‌ത മുഖപത്രമായ ‘സുപ്രഭാതം’ ലീഗ് പ്രവർത്തകർ കത്തിച്ചതും സോഷ്യൽ മീഡിയ വഴിയുള്ള ഭീഷണികളും. ഇങ്ങനെ വിഷയങ്ങൾ അനവധിയാണ്. ഈ പ്രശ്‌നങ്ങൾ പലതും പരിഹരിക്കാൻ അവസരം ഉണ്ടായിട്ടും ലീഗ് അതിന് തയ്യാറായിരുന്നില്ല. എന്തു വന്നാലും സമസ്‌ത തങ്ങളുടെ കാലിനടിയിൽതന്നെ ഉണ്ടാകുമെന്ന അഹന്തയാണ് ഈ നിലപാട് സ്വീകരിക്കാൻ ലീഗിനെ പ്രേരിപ്പിച്ചത്. ലീഗിനെതിരെ സംസാരിക്കുന്നവരെയും എൽഡിഎഫ് സർക്കാരിന്റെ നിലപാടുകൾക്കൊപ്പം നിൽക്കുന്നവരെയും അരിവാൾ സുന്നി, സഖാവ് സുന്നി എന്നൊക്കെ ലേബലൈസ് ചെയ്യുകയാണ് ലീഗ്. എന്നാൽ പൊതു തിരഞ്ഞെടുപ്പ് വന്നതോടെ തങ്ങളുടെ കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നതായി ലീഗ് മനസ്സിലാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് കൂടുതൽ വ്യക്തമായി. ഇതോടെ പ്രകോപിതരായ ലീഗ് നേതൃത്വം സമസ്‌തയെ നശിപ്പിക്കാനുള്ള നീക്കത്തിലാണ്.
പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് പൗരത്വ ഭേദഗതി നിയമം. 1992 സിസംബർ ആറിന് ശേഷം (ബാബറി മസ്‌ജിദ് തകർക്കൽ) രാജ്യത്തെ മത ന്യൂനപക്ഷങ്ങൾ അനുഭവിച്ച അരക്ഷിതത്വവും ഭീതിയും ഇന്ന് ഇരട്ടിച്ചിരിക്കുകയാണ്. ഇതിനു പുറമെയാണ് ഏക സിവിൽകോഡ് രാജ്യത്ത് നടപ്പാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനം. ഇന്ത്യയെ സമ്പൂർണമായി ഹൈന്ദവ രാഷ്‌ട്രമാക്കാനുള്ള സംഘപരിവാർ നീക്കത്തിന് വെള്ളവും വളവും നൽകുകയാണ് എൻഡിഎ സർക്കാർ. അതിനാൽ മതന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല, മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഈ പൊതു തിരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടമാണ്. ഈ തിരിച്ചറിവോടെയാണ് വികസനം എന്നതിനപ്പുറം രാജ്യത്തെ മൂർത്തമായ രാഷ്‌ട്രീയ സാഹചര്യങ്ങൾ പറഞ്ഞും പഠിപ്പിച്ചും എൽഡിഎഫ് കേരളത്തിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിച്ചത്. സംഘപരിവാറിനെ മാത്രമല്ല, മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനെയും എൽഡിഎഫ് മുന്നോട്ടുവെക്കുന്ന ആശയങ്ങൾ വല്ലാതെ ഭയപ്പെടുത്തുന്നു. കോൺഗ്രസിനൊപ്പം നിൽക്കുന്ന മുസ്ലിംലീഗിനാകട്ടെ എൽഡിഎഫിന്റെ നിലപാടുകൾക്ക് മതന്യൂനപക്ഷങ്ങൾക്കിടയിൽ ലഭിക്കുന്ന വലിയ സ്വീകാര്യതയിൽ കടുത്ത നീരസമുണ്ട്. തങ്ങളെ മാത്രം രക്ഷകരായി കണ്ടിരുന്ന സമുദായ സംഘടനകൾ ആ നിലപാട് മാറ്റി ഇടതുപക്ഷവുമായി അടുക്കുന്നു എന്ന യാഥാർത്ഥ്യം തെല്ലൊന്നുമല്ല ലീഗിനെ അസ്വസ്ഥമാക്കുന്നത്. ഈ ഒരു രാഷ്‌ട്രീയ പശ്‌ചാത്തലത്തിൽകൂടി വേണം സമസ്‌തയ്ക്കെതിരായ ലീഗിന്റെ നീക്കത്തെ വിലയിരുത്താൻ.
മുസ്ലിംലീഗ് ഒരു രാഷ്‌ട്രീയ സംഘടനയാണ്. ലീഗിന്റെ ദേശീയ–-സംസ്ഥാന നേതൃത്വം എല്ലാക്കാലത്തും പണ്ഡിതൻമാരായ വ്യക്തികൾ അലങ്കരിച്ചിട്ടുണ്ട്. അതിനാൽ സമസ്‌ത ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് ലീഗിനോട് നല്ല ബന്ധമായിരുന്നു. തിരിച്ചും. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പലപ്പോഴും ഈ സംഘടനകൾ ആശ്രയിച്ചത് ലീഗിനെ ആയിരുന്നു. ഉമ്മർ ബാഫഖി തങ്ങൾ, അബ്‌ദുൾ റഹ്‌മാൻ ബാഫഖി തങ്ങൾ, പാണക്കാട് പൂക്കോയ തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങിയ ലീഗ് നേതാക്കൾ സമസ്‌തയുടെ കൂടി ഭാരവാഹികളും പണ്ഡിത സഭ അംഗങ്ങളുമായിരുന്നു. മുസ്ലിംങ്ങൾക്കിടയിലെ മറ്റൊരു അവാന്തര വിഭാഗമായ മുജാഹിദുമായും ലീഗിന് നല്ല ബന്ധമുണ്ടായിരുന്നു. ലീഗ് നേതാക്കളായിരുന്നു കെ എം സീതി സാഹിബ്, പോക്കർ സാഹിബ് , കെ എം മൗലവി തുടങ്ങിയവർ മുജാഹിദ് നേതാക്കളായിരുന്നു. അതിനാൽ ഈ വിഭാഗങ്ങളെ കൂട്ടിയിണക്കിക്കൊണ്ടു പോയിരുന്ന ഒരു കാലത്ത് ലീഗ്. സമസ്‌തയുടെ മുൻകാല നേതാക്കളായിരുന്ന വരക്കൽ മുല്ലക്കോയ തങ്ങൾ, ഇകെ അബൂബക്കർ മുസ്ലിയാർ എന്നിവർക്ക് ലീഗുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ല. എങ്കിലും ഇരു സംഘടനകളും നല്ല ഐക്യത്തോടെയായിരുന്നു നീങ്ങിയത്. എന്നാൽ പിൽക്കാലത്ത് സാഹചര്യം മാറി. ലീഗ് സമുദായ സംഘടനകളിൽ തങ്ങളുടെ അപ്രമാദിത്വം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. ശരീഅത്ത് വിവാദകാലത്ത് സമുദായ സംഘടനകളെ സമർഥമായി ലീഗ് ഉപയോഗിച്ചിരുന്നു. അതിന് ശേഷവും ആ വിധേയത്വം സമുദായ സംഘനകൾക്ക് ഉണ്ടാകണമെന്ന് ലീഗ് ആശിച്ചു. എന്നാൽ ഇത് സമസ്‌ത നേതാക്കൾ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചു. കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ സമസ്‌തയുടെ മറ്റൊരു വിഭാഗം രൂപീകരിക്കാൻ കാരണം ഇതാണ്. 1989ൽ എറണാകുളത്ത് നടന്ന എസ്‌വൈഎസ് (സുന്നി യുവജന സംഘം) സമ്മേളനം മുടക്കാൻ ലീഗ് എല്ലാ ശ്രമവും നടത്തി. ലീഗുകാർ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ലീഗ് പ്രസിഡന്റ് പാണക്കാട് ശിഹാബ് തങ്ങൾ പ്രസ്‌താവന ഇറക്കി. സമസ്‌ത പണ്ഡിത സഭ അംഗം കൂടിയായിരുന്നു അദ്ദേഹം. എന്നാൽ സമ്മേളനം വൻ വിജയമാകുകയും അത് സമസ്‌തയുടെ പിളർപ്പിൽ എത്തിക്കുകയുമായിരുന്നു. ഈ പിളർപ്പ് സുന്നികൾക്കിടയിൽ വലിയ മുറിവാണുണ്ടാക്കിയത്. സമാനമായ രീതിയിലേക്കാണ് ലീഗ് നീങ്ങുന്നത് എന്ന ആശങ്ക സമസ്‌തയിൽ വലിയൊരു വിഭാഗത്തിനുണ്ട്.
വഖഫ് ബോർഡ് നിയമനവും ചീറ്റിയ ലീഗ് അജൻഡയും
സമസ്‌ത –-ലീഗ് തർക്കം രൂക്ഷവും പരസ്യവുമായത് വഖഫ് ബോർഡ് നിയമന വിഷയത്തിലാണ്. വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സമുദായ വികാരം ആളിക്കത്തിക്കാൻ ലീഗ് ശ്രമിച്ചു. മുസ്ലിം സംഘടനകളുടെ യോഗം ലീഗ് വിളിച്ചു.വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരത്തിന് ശേഷം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണത്തിന് ലീഗ് നീക്കം നടത്തിയെങ്കിലും അതിലെ അപകടം മനസ്സിലാക്കിയ സമസ്‌ത ഉൾപ്പെടെയുള്ള സംഘടനകൾ അതിനോടു വിയോജിച്ചു. എന്നാൽ ഈ നീക്കവുമായി ലീഗ് മുന്നോട്ടുപോയി. സമസ്‌തയ്ക്ക് കീഴിലെ മഹല്ലുകളുടെ സംഘടനയായ ‘സുന്നി മുഹല്ല് ഫെഡറേഷ’നെ ഉപയോഗിച്ച് തങ്ങളുടെ അജൻഡ നടപ്പാക്കുകയായിരുന്നു ലീഗ് നീക്കം. അതിനും സമസ്‌ത വിലങ്ങിട്ടു. പള്ളികൾ കേന്ദ്രീകരിച്ച് ഇത്തരം കാമ്പയിൻ നടത്തുന്നതിനോട് യോജിപ്പില്ലെന്ന് ജിഫ്രി തങ്ങൾതന്നെ പറഞ്ഞു. കെഎൻഎം (കേരള നദ്‌വത്തുൽ മുജാഹിദീൻ) ഉൾപ്പെടെയുള്ള സംഘടനകളും ലീഗിനോട് സഹകരിച്ചില്ല.ഇതോടെ ലീഗിന്റെ വലിയ മോഹം പൊളിഞ്ഞു.
വഖഫ് വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും സൗഹൃദപരമായ സമീപനം സ്വീകരിച്ചത് ലീഗിനെ വെട്ടിലാക്കി. മുസ്ലിം സംഘടനകളെ പൂർണമായും വിശ്വാസത്തിലെടുത്തേ നിയമം നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. പിന്നീട് മുഖ്യമന്ത്രി ജിഫ്രി തങ്ങളെ ഫോണിൽ വിളിച്ച് സംസാരിച്ചു. തിരുവനന്തപുരത്ത് മുസ്ലിം സംഘടനകളുടെ യോഗവും വിളിച്ചു. ഒടുവിൽ മുസ്ലിം സംഘടനകളുടെ (ലീഗില്ല) അഭ്യർത്ഥന മാനിച്ച് നിയമ ഭേദഗതി റദ്ദാക്കി. ഇതോടെ വെട്ടിലായത് ലീഗാണ്. തങ്ങളില്ലാതെ തന്നെ വിഷയം ചർച്ച ചെയ്യാനും അനുകൂല തീരുമാനം എടുപ്പിക്കാനും സമുദായ സംഘടനകൾക്കായിരിക്കുന്നു. ഇത് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു ലീഗിന്.
ഇതിനു പിന്നാലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭവും ഏകസിവിൽകോഡ് വിരുദ്ധ സെമിനാറും സിപിഐഎം സംഘടിപ്പിച്ചു. ഇത് രണ്ടിൽനിന്നും ലീഗ് വിട്ടുനിന്നുവെങ്കിലും സമസ്‌ത പങ്കെടുത്തു. ഏറ്റവും ഒടുവിൽ പലസ്‌തീൻ ഐക്യദാർഢ്യ പരിപാടിയിലും സമസ്‌ത പങ്കെടുത്തു. കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വലിയ ആത്മവിശ്വാസമാണ് ന്യൂനപക്ഷങ്ങൾക്കും മറ്റും നൽകിയത്. ഇതും സമസ്‌ത സ്വാഗതം ചെയ്‌തു. ഇതോടെയാണ് ജിഫ്രി തങ്ങളെ പരിഹസിക്കുന്നതിലേക്കടക്കം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം കടന്നത്.
തിരഞ്ഞെടുപ്പിലെ നിലപാട്
സമസ്‌ത–-ലീഗ് വിടവ് കൂടിയത് തിരഞ്ഞെടുപ്പിലാണ്. രാജ്യം നിലനിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന അതീവ നിർണായകമായ തിരഞ്ഞെടുപ്പിൽ സമസ്‌തയ്ക്കും വ്യക്തവും തെളിമയുമുള്ള നിലപാട് സ്വീകരിക്കേണ്ടി വന്നു. ഒരു കാലത്ത് ലീഗ് പറയുന്നത് അപ്പടി വിഴുങ്ങുന്ന നിലപാടാണ് സമസ്‌ത സ്വീകരിച്ചു വന്നത്. മതപരമായ കാര്യങ്ങളിൽ മാത്രമായിരുന്നു പണ്ഡിതർ ഇടപ്പെട്ടിരുന്നത്. എന്നാൽ നിലവിലെ മൂർത്തമായ രാഷ്‌ട്രീയ സാഹചര്യങ്ങൾ പണ്ഡിതരും വിശകലനം ചെയ്‌തു തുടങ്ങി. നിർണായക ഘട്ടങ്ങളിൽ കൂടെ നിൽക്കുന്നതാര്, പിന്നിൽനിന്ന് കുത്തുന്നതാര് എന്നവർ തിരിച്ചറിഞ്ഞു. സിഐഎ, ഏക സിവിൽകോഡ് എന്നീ വിഷയങ്ങൾ മാത്രമല്ല, രാമക്ഷേത്ര നിർമാണം, മുത്തലാഖ് ബിൽ എന്നിവയിൽ പാർലമെന്റിനകത്ത് ഇടതുപക്ഷം കൃത്യമായ നിലപാട് സ്വീകരിച്ചപ്പോൾ കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടും ലീഗിന്റെ ഒളിച്ചോട്ടവും അവർ തിരിച്ചറിഞ്ഞു. ഇതോടെ മുസ്ലിംലീഗിന് നല്ല സ്വാധീനമുള്ള മണ്ഡലങ്ങളിൽ അടക്കം സുന്നികൾക്കിടയിൽ എൽഡിഎഫ് അനുകൂല വികാരമുണ്ടായി. ഇത് ലീഗിനെ ഞെട്ടിച്ചു. അതിനിടെയാണ് സമസ്‌ത നേതാവ് മുക്കം മുഹമ്മദ് ഫൈസി ലീഗിനെ ശക്തമായി പ്രഹരിച്ചത്.
സുപ്രഭാതം കത്തിക്കൽ
കേരളത്തിലെ എല്ലാ സമുദായ സംഘടനകൾക്കും മുഖപത്രമുണ്ട്. ജമാഅത്തെ ഇസ്ലാമിക്ക് മാധ്യമവും കാന്തപുരം സമസ്‌തക്ക് സിറാജും ഉണ്ട്. കെഎൻഎം വർത്തമാനം പത്രവും എസ്‌ഡിപിഐ തേജസും തുടങ്ങി, രണ്ടും പൂട്ടിപ്പോയെങ്കിലും. എന്നിട്ടും വലിയ ജനകീയ അടിത്തറയുള്ള ഇ കെ സമസ്‌ത സ്വന്തം പത്രം ആരംഭിച്ചിരുന്നില്ല. അതിന് കാരണം ലീഗ് മുഖപത്രമായ ചന്ദ്രികയിലുള്ള വിശ്വാസമായിരുന്നു. ചന്ദ്രിക ആകട്ടെ, സമസ്‌തക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. എന്നാൽ അടുത്ത കാലത്തായി ഈ വിശ്വാസ്യത തകർന്നു. അതോടെയാണ് സമസ്‌ത സ്വന്തം പത്രം ‘സുപ്രഭാതം’ ആരംഭിച്ചത്. എല്ലാ നിലകയ്ക്കും സമസ്‌ത തങ്ങളുടെ ബി ടീം ആകണമെന്ന് കരുതിയ ലീഗിന് കിട്ടിയ മറ്റൊരു അടിയായിരുന്നു സുപ്രഭാതത്തിന്റെ പിറവി. സുപ്രഭാതമാണ് കഴിഞ്ഞ ദിവസം ലീഗ് അണികൾ കത്തിച്ചത്. എൽഡിഎഫ് തിരഞ്ഞെടുപ്പ് പരസ്യം നൽകി എന്ന പേരിലാണ് കത്തിച്ചതെങ്കിലും സുപ്രഭാതത്തോടുള്ള വൈരാഗ്യവും അതിന് കാരണമായിട്ടുണ്ട്. അക്ഷരങ്ങൾക്ക് തീയിടുക എന്നത് ലീഗിന് പുതിയ കാര്യമല്ല. ഏതാനും വർഷം മുമ്പ് മലപ്പുറത്ത് ഡിഡിഇ ഓഫീസ് വളപ്പിൽ അറബി പാഠപുസ്‌തകങ്ങളടക്കം കത്തിച്ചവരാണ് ലീഗുകാർ.
ഖിയാമത് നാൾ
ലോകം അവസാനിക്കുന്ന ദിവസത്തെയാണ് ഇസ്ലാമിൽ അന്ത്യനാൾ ( ഖിയാമത് നാൾ) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ സമസ്‌തയുടെ അന്ത്യനാൾ അടുത്തുവെന്നാണ് ഒരു വിഭാഗം ലീഗുകാരുടെ ഭീഷണി. തിരഞ്ഞെടുപ്പ് ഫലം വന്നാൽ അവ നേരിടൻ ഒരുങ്ങിക്കൊള്ളാനാണ് ലീഗുകാരുടെ മുന്നറിയിപ്പ്. മുമ്പ് കാന്തപുരം വിഭാഗത്തോട് ലീഗ് ഭൂരിപക്ഷമുള്ള ചില മഹല്ലുകളിൽ ചെയ്‌തതുപോലുള്ള പ്രവൃത്തിയും ഇ കെ സമസ്‌തയുടെ ആളുകൾക്ക് നേരിടേണ്ടി വരുമെന്നും ഭീഷണിയുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം ഭീഷണികൾ കണ്ടില്ലെന്ന് നടിക്കുകയാണ് ലീഗ് നേതൃത്വം. സമസ്‌തയുടെ സ്വാധീനം കുറയ്‌ക്കാനുള്ള എല്ലാ നടപടികളും നേരത്തെ തന്നെ ലീഗ് ആരംഭിച്ചിട്ടുണ്ട്.അതിന്റെ ഭാഗമാണ് ഖാദിമാരുടെ പുതിയ അസോസിയേഷൻ രൂപീകരിച്ചത്. നിലവിൽ മതപരമായ ഏത് കാര്യത്തിലും തീരുമാനം കല്‌പിക്കാറ് സമസ്‌തയുടെ 40 അംഗ കൂടിയാലോചന സമതി ( മുശാവറ) ആണ്. ആ സമിതിയെ നോക്കുകുത്തിയാക്കിയാണ് പുതിയ ഖാദിമാരുടെ സംഘടന രൂപീകരിച്ചത്. ഇങ്ങനെ പല നീക്കങ്ങളും ലീഗ് സമസ്‌തക്കെതിരെ ആരംഭിച്ചിട്ടുണ്ട്. എന്നാൽ അത്തരം ഭീഷണികൾക്കൊന്നും വഴങ്ങാതെ സ്വന്തം നിലപാട് ഉയർത്തിപ്പിടിക്കാൻ തന്നെയാണ് സമസ്‌തയുടെ ഉറച്ച തീരുമാനം.സിയെ തള്ളിപ്പറയാൻ വലിയ സമ്മർദമുണ്ടായിട്ടും ജിഫ്രി തങ്ങൾ തയ്യാറായതുമില്ല. പൊതുവായ പ്രസ്‌താവന മാത്രമാണ് അദ്ദേഹം നടത്തിയത്. ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിലും സമസ്‌തയ്ക്ക് കടുത്ത എതിർപ്പുണ്ട്. ഈ രണ്ട് സംഘടനകളെ എക്കാലവും അകറ്റി നിർത്തിയിരിക്കുകയാണ് സമസ്‌ത.
മുസ്ലിംലീഗിന്റെ രാഷ്‌ട്രീയ കാപട്യം എക്കാലവും സമസ്‌തക്കുള്ളിൽ ചർച്ചയായിരുന്നു. ബാബറി മസ്‌ജിദ് കർസേവകർക്ക് തകർക്കാൻ എല്ലാ ഒത്താശയും ചെയ്‌ത കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ലീഗ് തയ്യാറാകാത്തതിൽ സമസ്‌തയിൽ വലിയൊരു വിഭാഗത്തിന് കടുത്ത അമർഷമുണ്ടായിരുന്നു. ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസുമായി ബന്ധപ്പെട്ടും സമസ്‌തയ്ക്ക് വലിയ വിഷമമുണ്ടായി. എസ്‌ഡിപിയുമായി ലീഗിനുള്ള രഹസ്യ ബന്ധത്തിലും സമസ്‌തക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. എസ്‌ഡിപിഐക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ മഹല്ലുകൾ കേന്ദ്രീകരിച്ച് സമസ്‌ത നടത്തിയ പ്രചാരണം പൊളിച്ചത് ലീഗായിരുന്നു. എപി–- ഇകെ സമസ്‌ത തർക്കം രൂക്ഷമാക്കിയതും കൊലപാതകങ്ങൾ, പള്ളിയും മദ്രസകളും പൂട്ടിയിടൽ, വീതം വെക്കൽ തുടങ്ങിയവയ്ക്കു പിന്നിലും ലീഗിന്റെ രാഷ്‌ട്രീയ അജൻഡയായിരുന്നുവെന്ന വികാരം ഒരു വിഭാഗം പണ്ഡിതൻമാർക്കുണ്ടായിരുന്നു. ഇതിന്റെയൊക്കെ പ്രതിഫലനം കൂടിയാണ് ഇപ്പോൾ സമസ്‌തയിൽനിന്ന് പുറത്തുവരുന്നത്. ♦