Saturday, November 23, 2024

ad

Homeലേഖനങ്ങൾഗവർണർമാര‌‌ുടെ നിഷേധാത്മക സമീപനവും ആർഎസ്‌എസ്‌ അജൻഡയും

ഗവർണർമാര‌‌ുടെ നിഷേധാത്മക സമീപനവും ആർഎസ്‌എസ്‌ അജൻഡയും

കെ എ വേണുഗോപാലൻ

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടൊക്കെ ഗവർണർമാർ നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ട് ? ഗവർണർമാരുടെ വ്യക്തിപരമായ കുഴപ്പം കൊണ്ടല്ല മറിച്ച് ആർഎസ്എസിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകളാണ് അവരെ അതിന് പ്രാപ്തരാക്കുന്നത്.

ഹിന്ദുത്വ എന്ന പുസ്തകത്തിൽ ആർഎസ്എസിന്റെ ആത്മീയാചാര്യനായ സവർക്കർ ഹിന്ദുരാഷ്ട്രത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “നാം ഹിന്ദുക്കൾ ഒരു രാഷ്ട്രം മാത്രമല്ല ഒരു ജാതി കൂടിയാണ്. എന്നാൽ ഇത് രണ്ടുമായിരിക്കുന്നതിന്റെ ഫലമായി പ്രകടമായ ഒരു പൊതു സംസ്കാരത്തിന്റെ ഉടമകൾ കൂടിയാണ്. അത് കാത്തുസൂക്ഷിക്കപ്പെടുന്നത് മുഖ്യമായും മൗലികമായി നമ്മുടെ വംശത്തിന്റെ യഥാർത്ഥ മാതൃഭാഷയായ സംസ്കൃതത്തിലൂടെയാണ്. ഈ സംസ്കാരത്തിന് ഹിന്ദുവായിരിക്കുന്ന ഏതൊരാളും പൂർവ്വാധിഷ്‌ഠിത സ്വത്ത് എന്നപോലെ സ്വായത്തമാക്കുകയും സ്വന്തം പൂർവപിതാക്കളുടെ രക്തത്തെ പോലെയും ഈ ഭൂമിയുടെ ഭാഗമെന്ന നിലയിൽ സ്വശരീരത്തെപ്പോലെയും ആത്മീയമായി അതിനോട് കടപ്പെട്ടിരിക്കുന്നു.” (ഹിന്ദുത്വ : പേജ് 62 സവർക്കർ).

ഇതാണ് ഹിന്ദുത്വ സിദ്ധാന്തം. ഇതനുസരിച്ച് ഹിന്ദുക്കളുടെ പൊതുഭാഷയാണ് സംസ്കൃതം. രണ്ടാമതായി ഹിന്ദു എന്ന് വിളിക്കപ്പെടുന്നവർക്കെല്ലാം പൊതുവായ ഒരു സംസ്കാരമുണ്ട്. ഈ രണ്ടു കാരണങ്ങളാൽ ഹിന്ദു ദേശീയതയെക്കാൾ പരസ്പരബന്ധിതമായ ഒരു രാഷ്ട്ര സമൂഹമാണ് ഹിന്ദുക്കൾ എന്നാണ് സവർക്കറുടെ അവകാശവാദം.

ഈ വിഷയത്തിൽ സവർക്കറുടെ മുൻഗാമി എന്ന് എന്തുകൊണ്ടും വിളിക്കാവുന്ന ഒരാളാണ് ഹിന്ദു പുനരുജ്ജീവനത്തിന് വേണ്ടി നിലകൊണ്ട ദയാനന്ദ സരസ്വതി. ദയാനന്ദ സരസ്വതിയെയും അദ്ദേഹത്തിന്റെ ആര്യസമാജത്തെയും കുറിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഖ്യാത ഗ്രന്ഥത്തിൽ ഇഎംഎസ് വളരെ സൂക്ഷ്മമായ ഒരു വിലയിരുത്തൽ നടത്തിയിട്ടുണ്ട്. അത് ഇപ്രകാരമാണ്. “രാമകൃഷ്ണന്റെയും വിവേകാനന്ദന്റെയും നേതൃത്വത്തിൽ ഉയർന്നുവന്നതിൽ നിന്നും പലതരത്തിലും വ്യത്യസ്തമാണ് പഞ്ചാബിൽ ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന ആര്യസമാജം. അത് പ്രത്യക്ഷത്തിൽ തന്നെ ഇസ്ലാമും ക്രിസ്തുമതവുമായി നേരിട്ട് സംഘട്ടനത്തിൽ ഏർപ്പെടുന്ന ഒരു പ്രസ്ഥാനമായിട്ടാണ് രൂപം കൊണ്ടത്. ഇസ്ലാമിനെയും ക്രിസ്തുമതത്തെയും പരസ്യമായി ആക്ഷേപിക്കുകയും അപലപിക്കുകയും ചെയ്യുന്ന പ്രഭാഷണങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയാണ് ആര്യ സമാജത്തിൽ നിന്ന് പുറത്തുവന്നത്. പിന്നീട് ഹിന്ദു മുസ്ലിം ലഹളകൾക്കിടയാക്കിയ ഗോവധ നിരോധന പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവന്നത് ആര്യസമാജമായിരുന്നു’.

ഹിന്ദുമതം എന്നതിലുപരി അതിനെ വൈദിക മതമെന്നാണ് ദയാനന്ദ സരസ്വതി വിശേഷിപ്പിച്ചിരുന്നത്. വേദാനന്തരം രൂപംകൊണ്ട തന്ത്രങ്ങളിലോ പുരാണങ്ങളിലോ ഒന്നുംതന്നെ അദ്ദേഹത്തിന് വിശ്വാസം ഉണ്ടായിരുന്നില്ല. ഏകദൈവവിശ്വാസിയായിരുന്നു ദയാനന്ദ സരസ്വതി. അദ്ദേഹം വൈദികകാലത്തെ ഹിന്ദുവിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നുണ്ട്. അതനുസരിച്ച് ആദ്യ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് ത്രിവിഷ്ടപ്പിലാണ്. അതാണത്രെ ഇന്ന് തിബത്ത് എന്ന് വിളിക്കപ്പെടുന്ന സ്ഥലം. ആദിമകാലത്ത് മനുഷ്യർ എല്ലാവരും ഒരു വിഭാഗത്തിൽപ്പെടുന്നവരായിരുന്നു. പിന്നീടാണ് രണ്ടായി വിഭജിക്കപ്പെടുന്നത്. അതിൽ നല്ലവർ ആര്യന്മാരെന്നും ദുഷ്ടന്മാർ ദസ്യുക്കളെന്നും വിളിക്കപ്പെട്ടു എന്നാണ് ദയാനന്ദ സരസ്വതിയുടെ ഭാഷ്യം. അവിടെനിന്ന് അവർ അല്പം താഴോട്ടിറങ്ങി അതായത് സിന്ധു നദീതടത്തിൽ സ്ഥിരതാമസമാക്കി. അന്ന് ഇവിടെ ഏതെങ്കിലും തരത്തിലുള്ള ആദിമനിവാസികൾ ഉണ്ടായിരുന്നതായോ ഇറാനിൽ നിന്നോ മധ്യേഷ്യയിൽ നിന്നോ വന്നവരാണെന്നോ അംഗീകരിക്കുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

തുടർന്നുള്ള കാര്യങ്ങൾ അദ്ദേഹത്തിന്റെ സത്യാർത്ഥ പ്രകാശത്തിൽ നിന്നുതന്നെ നമുക്ക് വായിക്കാം.”ആര്യാവർത്തത്തിന്റെ വടക്ക് -കിഴക്ക്, വടക്ക്, വടക്കു -പടിഞ്ഞാറ്, പടിഞ്ഞാറ് ഭാഗങ്ങളിൽ താമസിച്ചിരുന്നവർ ദസ്യുക്കൾ,അസുരന്മാർ, മ്ലേഛന്മാർ എന്നിങ്ങനെയും തെക്ക്, തെക്കു-കിഴക്ക്, തെക്കു-പടിഞ്ഞാറ് എന്നിവിടങ്ങളിൽ താമസിച്ചിരുന്നവർ രാക്ഷസന്മാരെന്നും വിളിക്കപ്പെട്ടു. ഇന്നത്തെ നീഗ്രോകളുടെ വൃത്തികെട്ട ആകാരത്തിൽ നിന്ന് രാക്ഷസന്മാരുടെ വിവരണം ശരിയായിരുന്നു എന്ന് കാണാവുന്നതാണ്. ആര്യവർത്തത്തിന് നേരെ മറുഭാഗത്ത് താമസിച്ചിരുന്നവരാണ് നാഗന്മാർ എന്ന് വിളിക്കപ്പെട്ടത്. അവരുടെ രാജ്യമായ പാതാളം സ്ഥിതി ചെയ്തിരുന്നത് ആര്യന്മാരുടെ (ആര്യാവർത്തത്തിൽ താമസിക്കുന്നവരുടെ) കാൽക്കീഴിൽ ആയിരുന്നു… ഇക്ഷാകുവിന്റെ കാലം മുതൽ കൗരവരുടെയും പാണ്ഡവരുടെയും കാലംവരെ മൊത്തം ഭൂമിയുടെ സർവ്വാധിപതികളായിരുന്നു ആര്യന്മാർ. ആര്യവർത്തത്തിന് പുറത്തുള്ള രാജ്യങ്ങളിൽ പോലും വേദം പഠിപ്പിക്കപ്പെടുകയും ഉദ്ബോധിപ്പിക്കപ്പെടുകയും ചെയ്തിരുന്നു :(സത്യാർത്ഥപ്രകാശം)

ലോകമാകെ അടക്കി ഭരിച്ചിരുന്നത് ആര്യന്മാരായിരുന്നു എന്നാണ് ദയാനന്ദ സരസ്വതിയുടെ വ്യാഖ്യാനം. ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിൽ അടിമകളായി കഴിഞ്ഞിരുന്ന ഹിന്ദുക്കളുടെ ആത്മാഭിമാനം തട്ടിയുണർത്തുന്നതിനുള്ള കള്ളക്കഥ മാത്രമായിരുന്നു ഇത് എന്നും അതിന് ചരിത്രവുമായി യാതൊരു ബന്ധവും ഇല്ലെന്നും നമുക്കറിയാം. ആര്യന്മാരുടെ ബദ്ധവൈരികളായ ദസ്യുക്കളും മ്ളേഛന്മാരും അസുരന്മാരും രാക്ഷസന്മാരും ഒക്കെ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നുവെന്ന് വേദങ്ങളും പുരാണങ്ങളും ഒക്കെ വിശദീകരിക്കുന്നുമുണ്ട്. ഇതിൽനിന്ന് മനസ്സിലാക്കേണ്ട കാര്യം ഹിന്ദു എന്നതുകൊണ്ട് ഇന്ന് വിശേഷിപ്പിക്കപ്പെടുന്നവർ ആര്യന്മാർ മാത്രമാണെന്നാണ്. ശൂദ്രന് വിദ്യ അഭ്യസിക്കാനോ വേദം കേൾക്കാനോ പോലും അവകാശമില്ലായിരുന്നു. അതായത് സവർക്കർ പറയുന്ന സംസ്കൃതത്തിന്റെ സംസ്കാരത്തിൽനിന്ന് അവർ പുറത്തായിരുന്നു. ശൂദ്രന്റെ സ്ഥിതി ഇതാണെങ്കിൽ മ്ലേച്ഛന്മാർ അസുരന്മാർ രാക്ഷസന്മാർ നാഥന്മാർ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനത സവർക്കർ പറയുന്ന ഈ മഹദ് സംസ്കാരത്തിൽ നിന്നും മഹദ്ഭാഷയിൽ നിന്നും പുറത്തായിരുന്നു എന്ന് വ്യക്തമാണ്.

അതായത് ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനത സവർക്കർ പറയുന്ന ഏക സംസ്കാരത്തിൽ നിന്നും ഏക ഭാഷയിൽ നിന്നും അതുവഴി ഹിന്ദുത്വ ദേശീയതയിൽ നിന്നും പുറത്തായിരുന്നു. അത് അംഗീകരിക്കാൻ ആർഎസ്എസിന്റെ രാഷ്ട്രീയ ഉപകരണമായ ബിജെപി തയ്യാറാവുന്നില്ല എന്നതാണ് പ്രശ്നം. അതുകൊണ്ടുതന്നെ അവർ ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തിന് എതിരാണ്. 1961ൽ ആദ്യത്തെ ദേശീയോദ്ഗ്രഥന സമ്മേളനത്തിന് ഗോൾവാൾക്കർ അയച്ച കത്തിൽ നിന്ന് അത് വ്യക്തമാണ്. “ഇന്നത്തെ ഫെഡറൽ സമ്പ്രദായത്തിലുള്ള ഭരണകൂടം വിഘടനവാദത്തിനുള്ള താൽപര്യം ജനിപ്പിക്കുകയും അതിനെ പരിപോഷിപ്പിക്കുകയും മാത്രമല്ല ചെയ്യുന്നത്. ഒരു രീതിയിൽ ഒരു രാഷ്ട്രം എന്ന വസ്തുതയെ അംഗീകരിക്കാൻ വിസ്സമ്മതിക്കുകയും അത് രാഷ്ട്രത്തെ തകർക്കുകയും ചെയ്യുന്നു. അതിനെ മുഴുവൻ കടപുഴക്കിറങ്ങി ഭരണഘടനയെ ശുദ്ധീകരിച്ചു ഏകതാനന്ദ സ്വഭാവമുള്ള ഒരു ഭരണകൂടം സ്ഥാപിക്കണം “എന്നാണ് ആ കത്തിൽ പറഞ്ഞത്. 1954ൽ ബോംബെയിൽ വെച്ച് നടന്ന മഹാരാഷ്ട്ര രൂപീകരണ വിരുദ്ധ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടത് ഇങ്ങനെയാണ്. “ഇന്ത്യയ്ക്ക് കേന്ദ്രഭരണം ആണ് ഉണ്ടാവേണ്ടത്. ഭരണപരമായ വീക്ഷണകോണിലൂടെ നോക്കുമ്പോൾ സ്റ്റേറ്റുകൾ അഡ്മിനിസ്ട്രേറ്റർ ഭരണപ്രദേശങ്ങളായിരിക്കണം’. ഈ കാഴ്ചപ്പാടാണ് ബിജെപിക്കും അവർ നിയോഗിക്കുന്ന ഗവർണർമാർക്കും ഉള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ബിജെപിക്ക് എതിരായ രാഷ്ട്രീയ കാഴ്ചപ്പാട് വെച്ചുപുലർത്തുന്ന രാഷ്ട്രീയപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെയൊക്കെ സാമ്പത്തികമായും രാഷ്ട്രീയമായും മെരുക്കിയെടുക്കാനുള്ള ശ്രമം ഗവർണർമാരിലൂടെ ഇന്ന് കേന്ദ്രം നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇത്തരത്തിലുള്ള പ്രതിസന്ധി നേരിടുമ്പോഴും കേരളത്തിൽ കമ്മ്യൂണിസ്റ്റ് വിരോധത്തിന് മുൻതൂക്കം കൊടുക്കുകയാണ് ഇവിടത്തെ കോൺഗ്രസ് ചെയ്യുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + 19 =

Most Popular