Saturday, September 21, 2024

ad

Homeകവര്‍സ്റ്റോറിപൊലീസിങ്ങിൽ 
പരിവർത്തനം വരുത്തൽ

പൊലീസിങ്ങിൽ 
പരിവർത്തനം വരുത്തൽ

ജേക്കബ് പുന്നൂസ് ഐപിഎസ് (റിട്ടയേർഡ്)

ഭ്യന്തര കലഹങ്ങളും അക്രമങ്ങളും മൂലം സ്വാതന്ത്ര്യാനന്തര ഇന്ത്യ ഏറെ കഴിയും മുമ്പ് ഛിന്നഭിന്നമാകാൻ ഇടയുണ്ടെന്ന് ഒട്ടേറെ പാശ്ചാത്യ നിരീക്ഷകർ പ്രവചിച്ചിരുന്നു. അതിനാൽ തന്നെ സമാധാനാന്തരീക്ഷം നിലനിർത്താൻ പലപ്പോഴും പൊലീസിനെ വിളിക്കേണ്ടി വന്നിട്ടുണ്ട് – പക്ഷേ, അത് സാമ്രാജ്യ(empire)ത്തിലെ സമാധാനത്തിനുവേണ്ടിയല്ല, മറിച്ച് ജനാധിപത്യത്തിലെ സമാധാനത്തിനുവേണ്ടിയായിരുന്നു. ജനാധിപത്യ ഭരണസംവിധാനത്തിൽ സ്വയം സമാധാന പാലനം ഉറപ്പാക്കുന്ന (സമ്മതത്തോടെയുള്ള പൊലീസിങ്) ഒരു സമൂഹത്തിൽ സമാധാനം ഉറപ്പാക്കൽ ഒരു പുതിയ അനുഭവമായിരുന്നു; അതൊരു വെല്ലുവിളിയും കൂടിയായിരുന്നു. കടുത്ത വെല്ലുവിളികൾ ഒട്ടേറെ ഉണ്ടായിട്ടും നാം ഇതേവരെ അവയെയെല്ലാം അതിജീവിച്ചുവെന്നത് അഭിമാനകരമായ ഒരു കാര്യമാണ്; പല സംസ്ഥാനങ്ങളിലെയും പൊലീസിനാണ് അതിന്റെ യശസ്സിൽ കുറച്ചേറെ നൽകേണ്ടത്.

ഒരു ജനാധിപത്യ സംവിധാനത്തിൽ നാം തേടുന്ന സുരക്ഷ കോളനിവാഴ്ചയുടെ കാലത്ത്, നമ്മുടെ ആത്മാഭിമാനത്തിനുതന്നെ കോട്ടം വരുത്തിയ തരത്തിൽ നടപ്പാക്കിയിരുന്ന സുരക്ഷയിൽനിന്നും വ്യത്യസ്തമായ ഒന്നാണ്. ഇന്നു നാം സുരക്ഷ അനുഭവിക്കുന്നത് നമ്മുടെ വ്യക്തിഗതമായ സ്വാതന്ത്ര്യമൊന്നും അടിയറവെയ്ക്കാതെയാണ്; മൗലികാവകാശങ്ങളൊന്നുമില്ലാത്ത സുരക്ഷയിൽനിന്നും വേറിട്ടതാണ് നാം ഇന്നനുഭവിക്കുന്ന സുരക്ഷ. ഭരണകൂടം നൽകുന്ന സുരക്ഷയാണ് നാം ഇന്ന് തേടുന്നത്; പക്ഷേ അത് ഏതെങ്കിലും വിധത്തിൽ നമുക്ക് അപമാനം നേരിടേണ്ടതായി വരുന്ന സേ-്വച്ഛാധിപത്യ സംവിധാനത്തിനു മുന്നിൽ വണങ്ങിനിന്നുകൊണ്ട് നമ്മുടെ നിലനിൽപ്പ് എങ്ങനെയെങ്കിലും നീട്ടിക്കൊണ്ടു പോകുന്നതിനുള്ള സുരക്ഷയല്ല, മറിച്ച് അഭിപ്രായ പ്രകടന സ്വാതന്ത്ര്യം, എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്ടാനുസരണമുള്ള വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യം, പൗരാവകാശങ്ങൾ, സാമൂഹ്യാവകാശങ്ങൾ, പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ഉൾപ്പെടെയുള്ള നമ്മുടെ സമസ്ത സ്വാതന്ത്ര്യങ്ങളും അനുഭവിക്കാൻ കഴിയുന്ന സുരക്ഷയാണ്. ഓരോ മനുഷ്യനിലുമുള്ള സർവ്വവിധ കഴിവുകളും മാനുഷികമായ ശേഷിയും ആത്മാഭിമാനത്തോടെയും സമത്വപൂർണമായും യാഥാർത്ഥ്യമാക്കുന്നതിന് സാധിക്കുമെന്ന് ഉറപ്പുവരുത്തലാണ് ഇപ്പോൾ സുരക്ഷയുടെ ലക്ഷ്യം.

ഭരണാധികാരികളുടെ പൊലീസ്
സമസ്താധികാരങ്ങളും കെെയാളുന്ന ഭരണാധികാരി (അത് ബ്രിട്ടീഷ് ചക്രവർത്തിയോ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരോ ആകാം) ജനങ്ങളെ അടക്കി ഭരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയിരുന്ന ഒരു പൊലീസിങ് സംവിധാനമാണ് നമുക്ക് കൈമാറിക്കിട്ടിയത്. അത്തരമൊരു പൊലീസ് സംവിധാനം ഭരണാധികാരിയുടെ ആഗ്രഹാഭിലാഷങ്ങൾ നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ടിയുള്ളതാണ്. തീരെ എണ്ണം കുറഞ്ഞ് പൊലീസ് സംവിധാനം, ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിക്കുന്ന പൊലീസ്, പൊലീസിന്റെ യൂണിഫോമും പൊലീസ് സ്റ്റേഷനും കാണുന്ന മാത്രയിൽ തന്നെ സൃഷ്ടിക്കപ്പെടുന്ന ഭീതി, ഏകപക്ഷീയമായി പൊലീസിന്റെ ആധിപത്യം നടപ്പാക്കൽ, ആരോടും കണക്കു പറയേണ്ടതില്ലാത്ത, ആരാലും ചോദ്യം ചെയ്യപ്പെടാനാവാത്ത, ആർക്കും സമീപിക്കാനാവാത്ത പൊലീസ് എന്നിവയായിരുന്നു അക്കാലത്തെ പൊലീസ് ശൈലിയുടെ ട്രേഡ് മാർക്കുകൾ. ക്രൂരവും അഴിമതി നിറഞ്ഞതും ജനങ്ങളോട് തെല്ലും അലിവില്ലാത്തതുമായ ഒന്നായിരുന്നു അക്കാലത്തെ പൊലീസ് സംവിധാനം. സ്റ്റേഷൻ ഹൗസ് ഓഫീസറെ ജനങ്ങൾ ‘‘ഏമാൻ’’ എന്ന് വിളിച്ചിരുന്നതിൽ നിന്നുതന്നെ ആ സമ്പ്രദായത്തിന്റെ സത്ത നമുക്ക് മനസ്സിലാക്കാവുന്നതാണ്. മദിരാശി പ്രവിശ്യയിൽ 1902ൽ നിയമിതമായ പൊലീസ് കമ്മിഷൻ എത്തിയ നിഗമനം ഇങ്ങനെയാണ്: ‘‘പൊലീസ് സേനയ്ക്ക് അല്പം പോലും കാര്യക്ഷമതയില്ല; പരിശീലനത്തിന്റെയും സംഘാടനത്തിന്റെയും കാര്യത്തിൽ അതിന് ഒട്ടേറെ ന്യൂനതകളുണ്ട്; വേണ്ടത്ര മേൽനോട്ടവും അതിനില്ല; അഴിമതി നിറഞ്ഞതും ക്രൂരവുമാണത് എന്നാണ് പൊതുവെ പരിഗണിക്കപ്പെടുന്നത്; ജനങ്ങളുടെ വിശ്വാസവും സഹകരണവും നേടിയെടുക്കുന്നതിൽ അത് അമ്പെ പരാജയപ്പെട്ടു’’.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുള്ള ഒരു റിപ്പബ്ലിക്കായി നാം മാറിയെങ്കിലും ജനാധിപത്യ സ്വാതന്ത്ര്യങ്ങൾക്കനുസൃതമായി പൊലീസ് സംവിധാനത്തെ ഉടച്ചുവാർക്കുന്നതിനെക്കുറിച്ച് കാര്യമായ ആലോചനയൊന്നും ഉണ്ടായില്ല. പേടിച്ചരണ്ട പൊതുജനത്തിനുമേൽ ആധിപത്യം സ്ഥാപിക്കുകയെന്ന പഴയ ശൈലി തന്നെ സ്വാതന്ത്ര്യാനന്തരവും പൊലീസ് തുടർന്നു. പൊലീസിനോടുള്ള ഭയമാണ്, പിന്നെയും പൊലീസ് സംവിധാനത്തിന്റെ ആധാരശിലയായി തുടർന്നത്; അതൊരിക്കലും നിയമവാഴ്ചയോടുള്ള ആദരവായിരുന്നില്ല.

ആദ്യകാല പരിശ്രമങ്ങൾ
മർദ്ദനോപകരണം എന്ന നിലയിൽനിന്ന് ജനങ്ങളുടെ ജനാധിപത്യപരമായ അഭിലാഷങ്ങളുടെ സംരംക്ഷകരെന്ന നിലയിലേക്ക് പൊലീസിനെ മാറ്റുന്നതിനെക്കുറിച്ച് ആലോചന നടത്തിയ ആദ്യ സംസ്ഥാനമായിരുന്നു കേരളം. ഇഎംഎസിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന കേരളത്തിലെ ആദ്യത്തെ ജനകീയ ഗവൺമെന്റാണ് ഇന്ത്യയിൽ തന്നെ ആദ്യമായി പൊലീസിന്റെ പുനഃസംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് എൻ സി ചാറ്റർജി തലവനായി പൊലീസ് കമ്മിഷനെ നിയമിച്ചത്. ജനാധിപത്യ ഭരണക്രമത്തിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തനത്തെയും കടമകളെയും കുറിച്ച് വിശകലനം ചെയ്ത ആദ്യ സംഭവമായിരുന്നു ഈ റിപ്പോർട്ട്.

1967ൽ രണ്ടാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് എം ഗോപാലൻ പൊലീസിന്റെ തലവനായി; ഒരു ജനാധിപത്യ ഭരണക്രമത്തിൽ പൊലീസ് എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച അടിസ്ഥാന തത്വങ്ങൾക്ക് അദ്ദേഹം ഔപചാരികമായി രൂപം നൽകി. പക്ഷേ പരമ്പരാഗത മാനസികാവസ്ഥയുടെ സമ്മർദ്ദവും കയ്യോടെ നീതി നടപ്പാക്കൽ, ഉടൻ ശിക്ഷ നൽകൽ തുടങ്ങിയവയ്ക്കായുള്ള മുറവിളിയും മൂലം (നൂറ്റാണ്ടുകൾ കൊണ്ട് പൊലീസിന്റെ പ്രകടനത്തെക്കുറിച്ച് വിധിയെഴുതാനുള്ള അളവുകോൽ ഇതായി മാറിക്കഴിഞ്ഞിരുന്നു; മാത്രമല്ല, പൊലീസും പൊതുജനങ്ങളും ഇതനുസരിച്ച് പരുവപ്പെട്ടിരുന്നു) ഈ ആദ്യ പരിഷ്കരണ ശ്രമം വേണ്ടത്ര മുന്നോട്ടു പോയില്ല. ശിങ്കാരവേലു പൊലീസ് തലവനായിരുന്ന കാലത്ത് പൊലീസ് സ്റ്റേഷനിൽ വരുന്നവരെ ‘‘ഗുഡ്മോർണിംഗ്’’ പറഞ്ഞ് അഭിവാദ്യം ചെയ്യുന്ന രീതി കൊണ്ടുവന്നത് പ്രതീകാത്മകമായിട്ടാണെങ്കിൽ പോലും ഒരു ശുഭ സൂചനയായിരുന്നു.

അടിയന്തരാവസ്ഥയും 
അതിനുശേഷവും
അടിയന്തരാവസ്ഥാക്കാലത്ത് സ്വാതന്ത്ര്യപൂർവകാലത്തെ പൊലീസ് ശൈലികളെല്ലാം തന്നെ വീണ്ടും മുന്നിലെത്തി; കിരാതമായ കാര്യക്ഷമത സംബന്ധിച്ച സ്വാതന്ത്ര്യപൂർവകാലത്തെ മാനദണ്ഡങ്ങളെല്ലാം മത്സരബുദ്ധിയോടെ തിരിച്ചെത്തി. അടിയന്തരാവസ്ഥയിൽ ജനാധിപത്യാവകാശങ്ങൾ തടയപ്പെട്ടത് പൊലീസിന് ഏകപക്ഷീയമായ നടപടികളിൽ ഏർപ്പെടാൻ അനന്തമായ സാധ്യതകൾക്ക് വഴി തുറന്നു. ഹ്രസ്വകാലം നിലനിന്ന അടിയന്തരാവസ്ഥയും അതിന്റെ മറവിൽ നടമാടിയ കൊടുംക്രൂരതകളും പൊലീസ് സംവിധാനത്തിൽ പരിഷ്കരണം വേണമെന്ന കാര്യത്തിൽ പൊതുജന ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഇടയാക്കി. അടിയന്തരാവസ്ഥ പിൻവലിച്ചതിനെ തുടർന്ന് നാഷണൽ പൊലീസ് കമ്മിഷൻ നിലവിൽ വന്നു; പൊലീസിന്റെ പ്രവർത്തനശൈലിയിൽ കാതലായ മാറ്റം ആവശ്യമാണെന്ന നിർദ്ദേശമാണ് ആ കമ്മിഷൻ മുന്നോട്ടുവച്ചത്. ഈ റിപ്പോർട്ട് പല സംസ്ഥാനങ്ങളിലും പൊലീസ് പരിഷ്കരണവുമായി മുന്നോട്ടു പോകാനുള്ള പ്രചോദനമായി.

നാഷണൽ പൊലീസ് കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് പൊലീസ് സംവിധാനത്തിന്റെ ജനാധിപത്യവത്കരണത്തെക്കുറിച്ചും അധികാരത്തിലിരിക്കുന്നവരുടെ താൽപര്യത്തിനനുസരിച്ച് പൊലീസ് സേനയെ നിയമവിരുദ്ധമായും അധാർമികമായും ഉപയോഗിക്കുന്നത് തടയാൻ കഴിയുന്ന സംവിധാനങ്ങൾ കണ്ടെത്തേണ്ടതിനെക്കുറിച്ചും ഇന്ത്യയിൽ വ്യാപകമായ ചർച്ചകൾ നടന്നു. ഔപചാരികമായി ഒരു സർക്കാരും കമ്മിഷൻ ശുപാർശകളിന്മേൽ ഔദ്യോഗികമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല; എന്നാൽ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകൾ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ പൊലീസ് പരിഷ്-കരണത്തിന് വഴിയൊരുക്കി.

കേരളം കൈവരിച്ച പുരോഗതി
ഏറ്റവുമധികം അവകാശബോധവും ഏറ്റവും കൂടുതൽ വിദ്യാഭ്യാസ ലഭ്യതയും വിദേശങ്ങളിലെ വ്യത്യസ്തങ്ങളായ പൊലീസ് സംവിധാനങ്ങളെക്കുറിച്ച് കൂടുതൽ അറിവും ജനാധിപത്യപരമായ തുല്യതയുടെ മൂല്യങ്ങൾ ഏറ്റവുമധികം സ്വീകാര്യമായതുംമൂലം കേരളം എക്കാലത്തും പൊലീസ് സംവിധാനത്തിന്റെ പുനഃക്രമീകരണത്തിന്റെ കാര്യത്തിൽ മുന്നിൽ തന്നെ ആയിരുന്നു; പൊലീസിന്റെ പ്രതികരണം ജനങ്ങളോട് കൂടുതൽ ഉത്തരവാദിത്വമുള്ളതും കൂടുതൽ ജനസൗഹൃദപരുവുമായിരിക്കുന്നതിലും കേരളം മുന്നിൽ തന്നെയാണ്. തൽഫലമായി കേരളത്തിലെ പൊലീസിങ് രാജ്യത്ത് ഇന്ന് നിലവിലുള്ളതിൽ വച്ച് ഏറ്റവും മികച്ചതായിരിക്കുന്നു. എല്ലാം പരിപൂർണമാണെന്നോ കുറ്റമറ്റതാണെന്നോ അല്ല ഇതിനർഥം; എന്നാൽ, കാര്യക്ഷമവും ഉത്തരവാദത്വമുള്ളതും ജനസൗഹൃദപരവും സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഏറെ മുന്നേറിയതുമായ പൊലീസ് സംവിധാനം കെട്ടിപ്പടുക്കുന്നതിൽ കേരളം വലിയ നേട്ടം കെെവരിച്ചുവെന്ന് അടിവരയിട്ട് പറയുകയുമാണ്. ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ കണ്ടെത്തലുകളെ തുടർന്ന് ആരംഭിച്ച പരിശ്രമങ്ങളെക്കുറിച്ചും പ്രത്യേകം എടുത്തുപറയേണ്ടതാണ്.

2011ൽ ഇത്തരം പുരോഗമനപരമായ ചുവടുവയ്പുകളിലൂടെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കേരള പൊലീസ് ആക്ട് 2011 നിയമമാക്കുന്നതിൽ കലാശിച്ചു; ജനസൗഹൃദപരമായ ഒട്ടേറെ പൊലീസ് സംരംഭങ്ങൾക്ക് നിയമപരമായി സ്ഥാപിക്കാൻ കഴിഞ്ഞത് ഈ നിയമം മൂലമാണ്; പൊലീസിന്റെ ഉത്തരവാദിത്വം ഉറപ്പാക്കുന്ന നിരവധി നടപടികൾ അവതരിപ്പിച്ചതും ഈ നിയമപ്രകാരമാണ്. ജനമെെത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, കോസ്റ്റൽ പൊലീസ്, ട്രാഫിക് നിയന്ത്രണത്തിനുള്ള ഹോം ഗാർഡ്, സെെബർ ഫോറൻസിക് ലബോട്ടറി, ഡിഎൻഎ വിശകലന ലബോറട്ടറി, ഡിജിറ്റെെസ്ഡ് ട്രാഫിക് എൻഫോഴ്സ്-മെന്റ് സംവിധാനം, സാങ്കേതിക വിദഗ്ധരുമായുള്ള സെെബർ സുരക്ഷ സഹകരണം തുടങ്ങിയ നിരവധി നടപടികൾ ഈ കാലത്താണ് ആരംഭിച്ചത്.

കേരള പൊലീസിന്റെ 
ശ്രദ്ധേയമായ ചില നേട്ടങ്ങൾ
a. ജനസംഖ്യവർധിച്ചിട്ടും, കൊലപാതകങ്ങൾ കുറഞ്ഞു: മുൻപുണ്ടായിരുന്ന അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ കൊലപാതകങ്ങൾ ഇത്രയധികം കുറഞ്ഞിട്ടുള്ള മറ്റൊരു പ്രദേശവും ലോകത്തെവിടെയും ഉണ്ടെന്ന് തോന്നുന്നില്ല. 1977ൽ കേരളത്തിൽ 556 കൊലപാതകങ്ങൾ നടന്നു. 2021ൽ 330 കൊലപാതകങ്ങൾ മാത്രവും. ഈ അഞ്ച് പതിറ്റാണ്ടിനിടയിൽ കേരളത്തിലെ ജനസംഖ്യ 50 ശതമാനത്തോളം വർധിച്ചു. എന്നിട്ടും കേരളത്തിൽ കൊലപാതകങ്ങൾ 45 ശതമാനം കണ്ട് കുറഞ്ഞു. കേരളത്തിലെ കൊലപാതക നിരക്ക് ഒരു ലക്ഷത്തിന് ഒന്നുപോലുമില്ല. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇത് ഒരു ലക്ഷത്തിന് മൂന്ന് എന്ന നിരക്കിലാണ്; അഖിലേന്ത്യാ ശരാശരിയാകട്ടെ ലക്ഷത്തിന് രണ്ടുമാണ്. ലോകശരാശരി 6 ആണ്. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രമേ കൊലപാതക നിരക്ക് പ്രതിവർഷം ഒരു ശതമാനത്തിൽ കുറവായിട്ടുള്ളൂ. ബ്രിട്ടൻ, നോർവെ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് അക്കൂട്ടത്തിലുള്ളത്. അവയിൽനിന്നും വ്യത്യസ്തമായി കേരളത്തിന് കൊലപാതകനിരക്ക് പകുതിയായി കുറയ്ക്കാനും കഴിഞ്ഞു.

b) ഏറ്റവും കുറഞ്ഞ വാഹനമോഷണ നിരക്ക്: പാശ്ചാത്യരാജ്യങ്ങളെക്കാൾ മെച്ചപ്പെട്ട നിലയിൽ കേരളത്തിന് വാഹനമോഷണങ്ങൾ തടയാൻ കഴിഞ്ഞിട്ടുണ്ട്. 160 ലക്ഷം വാഹനങ്ങളിൽ പ്രതിവർഷം 1200 വാഹനങ്ങൾ മാത്രമാണ് കേരളത്തിൽ മോഷ്ടിക്കപ്പെടുന്നത്. അങ്ങനെ നോക്കുമ്പോൾ 13,000 വാഹനങ്ങളിൽ ഒരെണ്ണം മോഷ്ടിക്കപ്പെടുന്നു. അഖിലേന്ത്യാതലത്തിൽ ഇതിന്റെ നിരക്ക് 1300ൽ ഒന്നാണ്. മിക്കവാറും എല്ലാ വികസിതരാജ്യങ്ങളിലെയും വാഹനമോഷണത്തിന്റെ സ്ഥിതി ഇന്ത്യയിലേതിനേക്കാൾ മോശമാണ്.

c) ലോകത്തുതന്നെ ആദ്യത്തേതാണ് സ്കൂളുകളിലെ പൊലീസ് പ്രോഗ്രാം: 2007ൽ ആരംഭിച്ചതും 2017 ആയപ്പോൾ എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചതുമായ ജനമെെത്രി പോലെയുള്ള സോഷ്യൽ പൊലീസിങ് രീതികൾ പൊതുജനങ്ങളെ പൊലീസുമായി കൂടുതൽ അടുപ്പിക്കുകയും പൊലീസിനെക്കുറിച്ചുള്ള കുടുംബങ്ങളുടെ ചിന്താഗതിതന്നെ മാറ്റുകയും ചെയ്തു. സ്റ്റുഡന്റ് പൊലീസ് പദ്ധതിയുടെ വിജയം ‘‘പൊലീസുമായി സഹകരിക്കുന്നത് നല്ല കാര്യമാണ്’’ എന്ന ആശയം പൊതുവെ സ്വീകരിക്കപ്പെട്ടതിന്റെ പ്രതിഫലനമാണ്. പൊലീസുമായി ഇടപെടുന്നത് അഭിലഷണീയമല്ലെന്നും യുവമനസ്സുകളുടെ ആരോഗ്യകരമായ വികാസത്തിന് ഉതകുന്നതല്ലെന്നുമാണ് ഒരു കാലത്ത് മിക്ക ആളുകളും ചിന്തിച്ചിരുന്നത്. ഇത്തരത്തിലുള്ള എല്ലാ ആശങ്കകളും ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ഇന്ന് കേരളത്തിൽ ആയിരത്തിലേറെ സ്-കൂളുകളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നടപ്പാക്കി വരികയാണ്; ദേശീയതലത്തിൽത്തന്നെ അത് നടപ്പാക്കുന്നത് അംഗീകരിക്കപ്പെട്ടിരിക്കുന്നു.

d) വിർച്വൽ ഡിജിറ്റൽ ക്യൂ: ശബരിമല വിർച്വൽ ഡിജിറ്റൽ ക്യൂ മാനേജ്മെന്റ് സിസ്റ്റം കോവിഡ് കാലത്ത് വളരെയേറെ ജനപ്രിയമായി മാറി. കേരള പൊലീസ് സേനയിലെ അംഗങ്ങളാണ് ഈ സംവിധാനം സംബന്ധിച്ച ആശയം മുന്നോട്ടുവച്ചതും വിശകലനം ചെയ്തതും പരീക്ഷിച്ചതും തുടർച്ചയായി അഭിവൃദ്ധിപ്പെടുത്തുന്നതും. ലോകത്ത് മറ്റൊരു പൊലീസ് സേനയും സ്വന്തം നിലയിൽ, ദശലക്ഷക്കണക്കിനാളുകൾക്ക് ഒരേ സമയം ദർശനം നടത്താനും ബുക്ക് ചെയ്യലും യാത്ര ചെയ്യലും നിയന്ത്രിക്കാനും കഴിയുന്ന ഇത്തരത്തിൽ ബൃഹത്തായ ഒരു സംവിധാനത്തിന് രൂപം നൽകിയിട്ടില്ല. തുടക്കത്തിൽ അതിനെ എതിർത്തിരുന്നവർപോലും പിന്നീട് അതിന്റെ ആരാധകരായി മാറുന്നത്ര മികച്ചതാണത്.

e) ലോകത്തിലെ ഏറ്റവും ജനകീയമായ ഫേസ്ബുക്ക് പേജ്: അപകട സാധ്യതകളെക്കുറിച്ച് എല്ലാവരെയും ജാഗ്രതപ്പെടുത്തേണ്ടത്, പൊലീസിന്റെ അടിസ്ഥാനകടമയാണ്; ഒപ്പം എല്ലാവർക്കും സുരക്ഷാ നിർദേശങ്ങൾ നൽകേണ്ടതുമാണ്. ഇന്റർനെറ്റ് വഴി അതിവേഗം വ്യാജവാർത്തകൾ പടർന്നുപിടിക്കുന്നു; പരമ്പരാഗതമർഗങ്ങളുപയോഗിച്ച് ഇവയെയെല്ലാം ഫലപ്രദമായി നിഷേധിക്കുക എളുപ്പമല്ല. ആ സാഹചര്യത്തിലാണ് കേരള പൊലീസിൽ പ്രവർത്തിക്കുന്ന വളരെയേറെ കാര്യശേഷിയുള്ള സോഷ്യൽമീഡിയ സെല്ലിന്റെ പിന്തുണയോടെ ഒരു ഫേസ്ബുക്ക‍് പേജ് ആരംഭിച്ചത്. ലോകത്ത് ഏറ്റവുമധികം തിരക്കുള്ള പൊലീസ് ഫേസ്ബുക്ക് പേജായി ഇത് മാറിയിരിക്കുന്നു; 20 ലക്ഷത്തോളം ഫോളോവേഴ്സാണ് ഇതിനുള്ളത്.

f) സെെബർ സുരക്ഷയ്ക്കായി പുതിയ കാല സെെബർ ഡോം: ഡിജിറ്റൽ സാങ്കേതികവിദ്യ നമ്മുടെ വ്യക്തിപരവും സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തെ മാറ്റിമറിച്ചതുപോലെ തന്നെ ക്രിമിനലുകൾ ഇന്റർനെറ്റിൽ അദൃശ്യരായി തഴച്ചുവളരുകയാണ്. സർവോപരി, സെെബർ ഇടം കള്ളന്മാർക്കും ചതിയന്മാർക്കും മാത്രമല്ല, കുട്ടികളെ കടത്തുന്നവർക്കും ഭീകരർക്കും തഴച്ചുവളരാൻ സൗകര്യമൊരുക്കുന്നുണ്ട്. ഇതു മനസ്സിലാക്കിയ കേരള പൊലീസ് സെെബർ ഡോം എന്ന പേരിൽ വിർച്വൽ പൊലീസിങ് മെത്തേഡ് വലിയ പ്രാധാന്യം നൽകി അവതരിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ, ലോകത്തുതന്നെ ഇത്തരമൊന്ന് ഇതാദ്യമാണ്. മറ്റ് സെെബർ വിദഗ്ധരുടെ സഹായത്തോടെയാണ് സെെബർ ഡോം പ്രവർത്തിക്കുന്നത്. പൊലീസിൽനിന്നു വ്യത്യസ്തമായി പൊതുജനങ്ങളിൽനിന്നും സെെബർ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന മറ്റ് ഏജൻസികളിൽനിന്നുമുള്ള സെെബർ വിദഗ്ധരും സെെബർ ഡോമിൽ യോജിച്ച് പ്രവർത്തിക്കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്ക് ഇതു വലിയ സംഭാവനയാണ് നൽകുന്നത്.

g) മഹാമാരിയുടെ കാലത്തുപോലും വലിയ സുരക്ഷ: കേരളത്തിൽ കോവിഡ് തുടങ്ങിയകാലത്തെ പൊലീസിന്റെ പ്രവർത്തനം ലോകത്തെ ഏതു പൊലീസ് സേന ചെയ്ത ഇത്തരം പ്രവർത്തനങ്ങളിലുംവച്ച് ഏറ്റവും മികച്ചതായിരുന്നു. സാധാരണയായുള്ള പൊലീസ് പ്രവർത്തനത്തിന്റെ പരിധിക്ക് പുറത്തുള്ള പ്രവർത്തനമായിരുന്നു ഇത്. കോവിഡ് ഒരു രോഗമാണ്; എന്നാൽ 2020 മാർച്ചിൽ ആരോഗ്യരംഗത്തെ വിദഗ്ധർക്ക് ഇതെങ്ങനെ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാമെന്നോ തടയാമെന്നോ അറിയാമായിരുന്നില്ല. മറ്റു വികസിത രാജ്യങ്ങളിലെ പൊലീസ് സേനകൾ രോഗവ്യാപനം തടയുന്നതിനായി ആളുകൾ തമ്മിലുള്ള കോണ്ടാക്ടുകൾ നിയന്ത്രിക്കുന്നതിന് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല; ‘‘ഇത് നമ്മുടെ പണിയല്ല’’ എന്ന ധാരണയാണ് അവർക്കുണ്ടായിരുന്നത്. ആദ്യത്തെ ആറുമാസത്തിനുള്ളിൽ ദ്രുതഗതിയിലുള്ള രോഗവ്യാപനംമൂലം ആശുപത്രികളിൽ പ്രവേശനംപോലും ലഭിക്കാതെ ലോകത്തുടനീളം ആയിരക്കണക്കിനാളുകളാണ് മരിച്ചത്. ആ ഘട്ടത്തിൽ ഇറ്റലിയിലും അമേരിക്കയിലുമാണ് ഏറ്റവും വലിയ ദുരിതം നേരിട്ടത്. പക്ഷേ, അവിടെയെല്ലാം സംഭവിച്ചതിൽനിന്നു വ്യത്യസ്തമായി കേരള പൊലീസ് ഏറെക്കുറെ ആദ്യത്തെ 100 ദിവസംവരെ ആളുകൾ തമ്മിൽ ശാരീരിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുകയെന്ന കടമ ഫലപ്രദമായി നിറവേറ്റി. ഇതുമൂലം രോഗവ്യാപനത്തിന്റെ ആദ്യത്തെ ആറുമാസക്കാലം ലോകത്തെ തന്നെ മരണനിരക്ക് ഏറ്റവും കുറഞ്ഞ പ്രദേശമായി കേരളം.

h) ക്രിമിനലുകളെ കണ്ടെത്തുന്നതിലും ശിക്ഷിക്കുന്നതിലും ലോക നിലവാരത്തിലുള്ള വെെദഗ്ധ്യം: അമേരിക്കയും ബ്രിട്ടനും സ്കാൻഡിനേവിയൻ രാജ്യങ്ങളുമാണ് ഏറ്റവും മികച്ച ജനാധിപത്യപരമായ പോലീസ് സംവിധാനങ്ങൾ ഉള്ളവയെന്ന് അവകാശപ്പെടുന്നത്. എന്നാൽ, അവിടെപോലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ ചെറിയൊരു ശതമാനം പേരെ മാത്രമേ പോലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുള്ളൂ. ചില രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ 10% പോലും ശരിയായ വിധം അന്വേഷിക്കപ്പെടുന്നില്ല. റിപ്പോർട്ടുചെയ്യപ്പെടുന്ന കേസുകളിൽ 50 ശതമാനത്തിനെങ്കിലും ചാർജ് ഷീറ്റ് നൽകുന്നതുതന്നെ അപൂർവ്വമാണ്. പാശ്ചാത്യ രാജ്യങ്ങളിലെ കോടതികളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് വളരെ കുറവാണ്. അതിനർത്ഥം 100 കുറ്റകൃത്യങ്ങളുണ്ടാകുമ്പോൾ മിക്ക രാജ്യങ്ങളിലും 25 എണ്ണത്തിൽ പോലും ശിക്ഷയുണ്ടാകാറില്ല എന്നാണ്. ലോകത്തെ ഏറ്റവും മികച്ച പോലീസ് സംവിധാനമുള്ളവയെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളിലെ കേസുകളുടെ പൊതുവേയുള്ള സ്ഥിതി ഇതാണ്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് കേരള പോലീസ് എന്ന് അഭിമാനപൂർവ്വം നമുക്കു പറയാം. 2021 ലെ കണക്കുകൾ പ്രകാരം 100 കുറ്റകൃത്യങ്ങൾ ഉണ്ടായാൽ 92% കേസുകളിലും പോലീസ് കുറ്റവാളികളെ പിടികൂടുന്നു; ഇവയ്ക്കെല്ലാം ചാർജ് ഷീറ്റുകൾ കോടതികളിൽ സമർപ്പിക്കുന്നുമുണ്ട്. ചാർജ് ഷീറ്റ് നൽകപ്പെടുന്ന കേസുകളിൽ 87 ശതമാനത്തിലും പ്രതികൾ ശിക്ഷിക്കപ്പെടാറുണ്ട്. മറ്റുവാക്കുകളിൽ പറഞ്ഞാൽ, 100 കുറ്റകൃത്യങ്ങൾ നടന്നാൽ അവയിൽ 80 കേസുകളിലും കോടതികൾ പ്രതികളെ ശിക്ഷിക്കുന്നുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തിൽ പോലീസിന്റെ കാര്യക്ഷമതയുടെ അളവുകോൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൊത്തം കുറ്റകൃത്യങ്ങളിൽ എത്രത്തോളം എണ്ണത്തിൽ ശിക്ഷ വിധിക്കപ്പെടുന്നു എന്നതാണ്. ഈ മാനദണ്ഡപ്രകാരം വിലയിരുത്തുകയാണെങ്കിൽ കേരള പോലീസ് അത്യുന്നത നിലവാരത്തിൽ എത്തിയിരിക്കുകയാണ്.

i) ലോകത്ത് ഏറ്റവുമധികം വിദ്യാഭ്യാസമുള്ള പോലീസ് ഒരുപക്ഷേ, ഇതെല്ലാം സാധ്യമാകുന്നത് പോലീസ് സേനയിൽ ചേരുന്ന വ്യക്തികളുടെ ഗുണനിലവാരം ഏറ്റവും ഉയർന്നതാണ് എന്നതാണ്. ലോകത്ത് ഏറ്റവുമധികം വിദ്യാഭ്യാസമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. ഈ കാലത്ത് പൊലീസ് സേനയിൽ ചേരുന്ന മിക്കവാറും എല്ലാവരും സർവ്വകലാശാലാ ബിരുദധാരികളാണ്. പലരും എൻജിനീയർമാരും കമ്പ്യൂട്ടർ വിദഗ്ധരുമാണ്.

നമുക്ക് ഇനിയും 
ഏറെ ദൂരം പോകേണ്ടതുണ്ട്
മുകളിൽ പറഞ്ഞവയ്ക്കെല്ലാം ഉപരിയായി കേരള പൊലീസ് കുറ്റാന്വേഷണങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ദുർബലർക്ക് സഹായം നൽകുന്നതിലും ക്രമാസമാധാന പാലനത്തിലുമെല്ലാം മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്നു പോലും, കഴിഞ്ഞ കാലത്തു പൊലീസിൽ ഉണ്ടായിരുന്ന കാര്യക്ഷമത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും പഴയകാലത്തെപൊലീസ് സംവിധാനം തകർന്നത് രാഷ്ട്രീയപാർട്ടികളുടെ കൈകടത്തലും പൊലീസുകാർക്ക് സംഘടനാസ്വാതന്ത്ര്യം നൽകിയതും മൂലമാണെന്നും വിലപിക്കുന്ന ചിലരുണ്ട്. ഈ പറയുന്നതെല്ലാം ശരിയാണെങ്കിൽ മേൽ സൂചിപ്പിച്ച ഉന്നത നിലവാരം കൈവരിക്കാൻ കേരള പൊലീസിന് കഴിയുമായിരുന്നില്ല. എന്നാൽ, അതേസമയംതന്നെ കൊളോണിയൽ കാലത്തിന്റെ അവശിഷ്ടങ്ങളായി പോലീസ് സേനയിൽ അനഭിലഷണീയമായ പ്രവണതകളും മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കുന്ന തരത്തിലുള്ള പെരുമാറ്റവും ചീത്തശീലങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത്തരം പ്രവണതകളെ ഉന്മൂലനം ചെയ്യുന്നതിനും സ്ഥാപനവൽക്കൃതമായ സൗഹൃദ പോലീസിങ് ഉറപ്പാക്കുന്നതിനുമായിരിക്കണം നമ്മുടെ മുൻഗണന.

പുതിയ വെല്ലുവിളികൾ
പുതിയ പ്രതികരണങ്ങൾ
സുരക്ഷാരംഗം ഒരിക്കലും സ്ഥിരമായി ഒരേ സ്ഥിതിയിൽ നിൽക്കുന്നതല്ല. ജീവിതശൈലി, സാങ്കേതികവിദ്യ, സാമൂഹ്യ ശീലങ്ങളും മൂല്യങ്ങളും എന്നിവ ഒട്ടേറെ പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. കേരള പോലീസിന് അവമൂലം നേരിടേണ്ടതായി വരുന്ന വെല്ലുവിളികൾ അതീവ സങ്കീർണമാണ്. എന്നാൽ, വേണ്ട മുൻകരുതലെടുത്താൽ ഈ വെല്ലുവിളികളെ തരണം ചെയ്യാൻ കഴിയുമെന്ന് ആത്മവിശ്വാസം നൽകുന്നതാണ് നമ്മുടെ കഴിഞ്ഞകാല അനുഭവങ്ങൾ.

കുടിയേറ്റവും സുരക്ഷയും
കേരളത്തിൽ നിലനിൽക്കുന്ന ഉയർന്ന വേതന ഘടന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 20 ലക്ഷത്തോളം അതിഥി തൊഴിലാളികളെ ഇവിടേക്ക് ആകർഷിച്ചു. ഇത് ആളുകളെ തിരിച്ചറിയൽ, പൊതുക്രമീകരണം, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കൽ എന്നിവയുമായി ബന്ധപ്പെട്ട അതീവ ഗുരുതരമായ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇതിന്റെ തള്ളിച്ചമൂലം നമ്മുടെ പരമ്പരാഗത സംവിധാനങ്ങളാകെ ഏറെക്കുറെ അമിതഭാരം താങ്ങുകയാണ്. അതേസമയംതന്നെ 25 ലക്ഷത്തോളം കേരളീയർ വിദേശരാജ്യങ്ങളിലാണ്. ഇതിൽ മഹാഭൂരിപക്ഷം പേരുടെയും കുടുംബാംഗങ്ങൾ കേരളത്തിൽ തന്നെ കഴിയുന്നുമുണ്ട്. ഇതിന്റെ ഇരട്ടിയോളംപേർ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ഇപ്പോൾ ജോലിചെയ്യുന്നുണ്ട്. ഇത്തരം കുടുംബങ്ങളെല്ലാം കുടുംബത്തിലെ ഉത്തരവാദിത്വമുള്ള പുരുഷന്മാരുടെ അസാന്നിധ്യത്തിൽ സംഭവിക്കാൻ ഇടയുള്ള കൃത്യങ്ങളെ സംബന്ധിച്ച ആകാംക്ഷയിലാണ് ഇവിടെ കഴിയുന്നത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ
ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നമാണ് കേരളത്തിൽ ഇന്നുകാണുന്ന മയക്കുമരുന്നുകളുടെയും രാസപദാർത്ഥങ്ങളുടെയും വർദ്ധിച്ചുവരുന്ന ഉപയോഗം. കേരളത്തിൽ ഇപ്പോൾ സംഭവിക്കുന്ന കുറ്റകൃത്യങ്ങളിൽ ചിലത് പരിശോധിച്ചാൽ, മയക്കുമരുന്ന് ഉപയോഗംമൂലം സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ കാരണമാണ് ഇത്തരത്തിലുള്ള പല വിചിത്രമായ കുറ്റകൃത്യങ്ങളും സംഭവിക്കുന്നത് എന്ന് വിശ്വസിക്കേണ്ടതായി വരും. മയക്കുമരുന്നുപയോഗംമൂലമുള്ള കുറ്റകൃത്യങ്ങൾ കുടുംബങ്ങൾക്കുള്ളിലും വലിയ പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്; അവ പാർപ്പിട പ്രദേശങ്ങളിലും അയൽവക്കങ്ങളിലുമെല്ലാം സമാധാനപരമായ ജീവിതത്തെ ശല്യപ്പെടുത്തുന്നു.

കുടുംബത്തിനുള്ളിലെ
കുറ്റകൃത്യങ്ങൾ
മാറിവരുന്ന സാമൂഹ്യക്രമങ്ങൾ കുടുംബങ്ങൾക്കുള്ളിൽ സംഭവിക്കുന്ന വലിയ കുറ്റകൃത്യങ്ങൾക്കിടയാക്കുന്നു. സ്ത്രീകളുമായും കുട്ടികളുമായും മുതിർന്ന പൗരരുമായും ബന്ധപ്പെട്ട നിയമങ്ങൾ ശരിയായും കൃത്യമായും നടപ്പാക്കപ്പെടുന്നില്ലെങ്കിൽ, വിജയകരമായി അത്തരം കുറ്റകൃത്യങ്ങൾ തടയപ്പെടുന്നില്ലെങ്കിൽ, കുടുംബങ്ങളുമായി നേരിട്ടിടപെടുന്നതിനും വലിയ ശ്രദ്ധ നൽകുന്നതിനും കഴിയുന്നില്ലെങ്കിൽ കുടുംബത്തെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണമെന്ന മുറവിളി ഉയരും. ഇവ പോലീസിങ് ഏജൻസിയും പൊതുവിൽ സമൂഹവും പ്രത്യേകിച്ച് കുടുംബങ്ങളും തമ്മിൽ വലിയ തോതിലുള്ള പരസ്പര വിശ്വാസം അനിവാര്യമാക്കുന്നു.

ആകുലതയും
 അരക്ഷിതത്വവും
മേൽ സൂചിപ്പിച്ച തരത്തിലുള്ള സംഭവങ്ങൾക്ക് വലിയ പ്രചരണമുണ്ടാകുന്നു; ഇതേത്തുടർന്ന് ഇവിടെയുള്ള കുടുംബങ്ങളിലും വിദേശത്തുള്ളവരിലും ആകുലതയും അരക്ഷിതബോധവും വർധിപ്പിക്കുന്നു. ഈ അവസ്ഥയെ സാമൂഹ്യവിരുദ്ധർ മുതലെടുക്കുന്നതിനുള്ള സാധ്യതയും വലിയ അളവിലുണ്ട്. അതുകൊണ്ടുതന്നെ കുടുംബങ്ങളെ ബാധിക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. കാലം കടന്നുപോകുന്നതോടെ കുടുംബ സുരക്ഷയുമായി ബന്ധപ്പെട്ട് കാര്യക്ഷമവും ഉത്തരവാദിത്വപൂർണവുമായ പോലീസിങ്ങിനായി ശക്തമായ ആവശ്യം വർദ്ധിച്ചുവരും.

സോഷ്യൽ പോലീസിങ്
ആകുലതകളും അരക്ഷിതബോധവും വർധിക്കുമ്പോൾ സോഷ്യൽ പോലീസിങ് പ്രാധാന്യമുള്ളതായി മാറുന്നു. പൊലീസ് സ്ഥിരമായി പാർപ്പിട പ്രദേശങ്ങളിലേക്ക് പോവുകയും കുടുംബങ്ങളുമായും റസിഡൻസ് അസോസിയേഷനുകളുമായും ഇടപെടുകയും സുരക്ഷയുമായി ബന്ധപ്പെട്ട അവരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുകയും വേണം. ഇക്കാര്യം നമ്മൾ ഇതിനകംതന്നെ ആരംഭിച്ചിട്ടുണ്ട്. പക്ഷേ, മൂന്നു വർഷത്തോളം കോവിഡ് മഹാമാരി അനിവാര്യമാക്കിത്തീർത്ത സാമൂഹ്യ അകലം പാലിക്കൽ ഇടപെടൽ തലങ്ങളെ ദുർബലമാക്കുകയും ആരോഗ്യകരമായ സുരക്ഷാ പരിതഃസ്ഥിതിക്ക് അനിവാര്യമായ പരസ്പരം അറിയലും പരസ്പര വിശ്വാസവും കുറയുകയും ചെയ്തിരിക്കുന്നു. പൊതുജനങ്ങൾക്ക് ആത്മവിശ്വാസമുണ്ടാക്കുന്നതിനും അവരുടെ വിശ്വാസം നേടുന്നതിനും നാം ഇത്തരം രീതികൾ ഊർജ്ജസ്വലമായി പിന്തുടരേണ്ടതും ഇപ്പോൾ അനിവാര്യമായിരിക്കുന്നു. അത്തരം രീതികൾ നാം ഊർജ്ജസ്വലമായി നടപ്പിലാക്കിയതിലൂടെ നാം നേടിയത്, ആദ്യം വിശദീകരിച്ച മേന്മകൾ തുടർന്നും നിലനിർത്തുന്നതിന് നിർണായകമാണ്. ജനാധിപത്യ സംവിധാനത്തിൽ പൊലീസിങ് കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജനങ്ങളുടെ പിന്തുണ കൂടാതെ കഴിയില്ല. അതിനാൽ സുരക്ഷാപരമായ കാര്യങ്ങളിൽ പൊതുജന സഹകരണവും പൊതുജനങ്ങളുമായുള്ള ആശയ വിനിമയങ്ങളും നേടുന്നതും അവയെ വിലമതിക്കുന്നതും തുടരണം.

പരസ്പര ഇടപെടലുകൾ വർദ്ധിക്കുംതോറും കുറ്റകൃത്യങ്ങളും കൂടുന്നു:
വ്യക്തികൾ തമ്മിലും ഗ്രൂപ്പുകൾ തമ്മിലുമുള്ള ഇടപെടലുകളുടെ സ്വഭാവവും ആവർത്തനവുമാണ് കുറ്റകൃത്യങ്ങളുടെ സ്വഭാവവും വലിപ്പവും നിശ്ചയിക്കുന്നത്. പരസ്പര ബന്ധപ്പെടലുകളിലെ ഒരു ചെറിയ ശതമാനം തർക്കങ്ങൾക്കോ ചതിക്കലുകൾക്കോ ചൂഷണത്തിനോ കാരണമാകുന്നു. മുൻകാലങ്ങളിൽ പരസ്പരമുള്ള ഇടപെടലുകളുടെ സാധ്യത ശാരീരികമായോ ഫോണിലൂടെയോ പോസ്റ്റാഫീസുകളിലൂടെയോ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ സാങ്കേതികവിദ്യമൂലം ഇടപെടലുകളുടെ എണ്ണത്തിൽ ഒരു വിസ്ഫോടനം തന്നെ ഉണ്ടായിരിക്കുന്നു; വാഹനങ്ങളിലൂടെയും വാണിജ്യത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെയും വിനോദ പരിപാടികളിലൂടെയും മറ്റുമെല്ലാം ബോധപൂർവമായോ അബോധപൂർവമായോ അതിന് സൗകര്യമൊരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദശകത്തിൽ ഇതെല്ലാം തന്നെ നൂറുമടങ്ങ് വർദ്ധിച്ചിട്ടുണ്ട്. ഈ പ്രവണത ഇനിയും തുടരാനാണ് സാധ്യത. ഇത്തരത്തിലുള്ള ഇടപെടലുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാൻ (ശതമാനക്കണക്കിൽ കുറവാണെങ്കിലും) ഇത് ഇടയാക്കും; തന്മൂലം സമൂഹത്തിൽ കുറ്റകൃത്യങ്ങളും അരക്ഷിത ബോധവും വർധിക്കുകയും ചെയ്യും. കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയെന്ന അപകട സാധ്യത ഓരോ വ്യക്തിയും നേരിടുന്നുണ്ട്; അതേസമയം കുറ്റവാളികൾക്ക് കുറ്റകൃത്യങ്ങളിലേർപ്പെടാനുള്ള ശേഷി സാങ്കേതികവിദ്യയുടെ വരവോടെ മെച്ചപ്പെട്ടിട്ടുമുണ്ട്. പ്രതിരോധ നടപടികളിലൂടെയും തിരുത്തൽ നടപടികളിലൂടെയും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് റെഗുലേറ്ററി ഏജൻസികൾ വർധിതമായ വിധം ഇടപെടേണ്ടതുണ്ട്. ആ നിലയിൽ മൊബൈൽ ഫോൺ, കമ്പ്യൂട്ടറുകൾ, സോഷ്യൽ മീഡിയ, യാത്ര, വിനോദസഞ്ചാരം, നിർമിത ബുദ്ധി, എന്റർടൈൻമെന്റ് എന്നിവയെല്ലാം കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനിടയാക്കുന്നുണ്ട്; ഇതെല്ലാം തന്നെ കുടുംബങ്ങളെയും സമൂഹത്തെയാകെയും ദോഷകരമായി ബാധിക്കുന്നു.

ബഹുമുഖ സമീപനം
ഇത്തരം പ്രശ്നങ്ങൾ വർധിക്കുന്നതോടെ, നമ്മുടെ സമൂഹത്തിൽ ഇപ്പോൾ സജീവ ഉപയോഗത്തിലുള്ള കാറുകളുടെയോ സെൽഫോണുകളുടെയോ കമ്പ്യൂട്ടറുകളുടെയോ എണ്ണത്തിന് ആനുപാതികമായി നമ്മുടെ മനുഷ്യശേഷി വർധിപ്പിക്കുക എന്നത് സാധ്യമല്ല. ഇത്തരം സാധനങ്ങളുടെ ഉപയോഗത്തിന്റെ വളർച്ചാനിരക്ക് വളരെയധികം ഉയർന്നതായതിനാൽ അത്രയധികം പൊലീസുകാരെ റിക്രൂട്ട് ചെയ്യുന്നത് അസാധ്യമായിരിക്കും (2012ൽ കേരളത്തിൽ 60 ലക്ഷം വാഹനങ്ങൾ മാത്രമാണുണ്ടായിരുന്നത്; അന്ന് ഹോം ഗാർഡുകൾ ഉൾപ്പെടെ 5000 പേരാണ് നിത്യേന ട്രാഫിക്കുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ മോട്ടോർ വാഹനങ്ങളുടെ എണ്ണം 1.7 കോടിയായി വർധിച്ചിരിക്കുന്നു; 2030 ആകുമ്പോൾ ഇത് മൂന്ന് കോടിയിലധികമാകും. അതിനാൽ ഗണിതശാസ്ത്രപരമായി കണക്കാക്കിയാൽ ട്രാഫിക് ജോലികൾ ചെയ്യുന്നവരുടെ എണ്ണം 5 ഇരട്ടി വർധിച്ച് ഏകദേശം 25,000 ആകണം. എന്നാൽ, ഇത്തരമൊരു വർധനവ് അസാധ്യമാണ്). മനുഷ്യശേഷിയിൽ ഇത്തരത്തിൽ ഉയർന്ന നിരക്കിലുള്ള വർധനവ് അസാധ്യമാണ്. അതുകൊണ്ട് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനുവേണ്ടിവരുന്ന അധിക ജോലിഭാരം കൈകാര്യം ചെയ്യുന്നതിന് സ്റ്റേഷനുകളിലെ മനുഷ്യശേഷി വർധനവും പശ്ചാത്തല സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലും സാങ്കേതികവിദ്യയുടെ ആധുനികവൽക്കരണവും ഉൾപ്പെടുന്ന ബഹുമുഖമായ ഒരു തന്ത്രത്തിന് രൂപം നൽകണം.

മനുഷ്യശേഷി വർധനവ്
എന്നാൽ തൃപ്തികരമായ നിലയിൽ സേവനം നൽകുന്നതിന് മനുഷ്യശേഷിയിൽ കുറെയെങ്കിലും വർധനവ് വരുത്തേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിൽ സംഭവിച്ച ജോലിഭാരത്തിലെ വർധനവ് കണക്കിലെടുത്ത്, ഒരു പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ആളെണ്ണം 1981ൽ നിശ്ചയിച്ച 32 എന്നത് ഓരോ പൊലീസ് സ്റ്റേഷനിലും ഏറ്റവും ചുരുങ്ങിയത് നൂറായി പുതുക്കി നിശ്ചയിക്കേണ്ടതാണ്; ജനസംഖ്യയിലുണ്ടായ വർധനവും ട്രാഫിക് വർധനവും കുട്ടികൾ, സ്ത്രീകൾ, മുതിർന്ന പൗരർ, കുടുംബം, മയക്കുമരുന്ന്, ഡിജിറ്റൽ സാങ്കേതികവിദ്യ, പരിസ്ഥിതി പ്രശ്നവും മനുഷ്യാവകാശങ്ങളും, പൊലീസ് അക്കൗണ്ടബിലിറ്റി സംവിധാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളും കേരളത്തിലേക്കുള്ള വർധിച്ച തോതിലുള്ള കുടിയേറ്റവും വരുമാനമുണ്ടാക്കുന്ന അംഗം സ്ഥലത്തില്ലാതെ കേരളത്തിൽ ജീവിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിലെ വർധനവും കണക്കിലെടുത്തായിരിക്കണമിത്. പ്രതിവർഷം ചുരുങ്ങിയത് 5% നിരക്കിൽ പൊലീസിലെ മനുഷ്യശേഷി കൃത്യമായി വർധിപ്പിച്ചുകൊണ്ട് ഈ ലക്ഷ്യം കൈവരിക്കാനാകും; അതേസമയം സമാന്തരമായി ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രാഥമിക ഏജൻസിയായ പൊലീസ് സ്റ്റേഷനുകളിൽ ഡിപ്പാർട്ട്മെന്റിൽ ജോലിചെയ്യുന്നവരുടെ മൊത്തം എണ്ണത്തിന്റെ പകുതിയെങ്കിലും ഉറപ്പുവരുത്തേണ്ടതാണ്. നമുക്ക് 62,000 പൊലീസുകാരുള്ളതിൽ 31,000 പേരെങ്കിലും പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യണം.

യോഗ്യതയുള്ള സ്റ്റാഫിനെ 
മികച്ച നിലയിൽ ഉപയോഗിക്കണം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മിക്കവാറും എല്ലാ പൊലീസ് കോൺസ്റ്റബിൾമാർക്കും പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് പൊലീസ് സംവിധാനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് മദ്രാസ് പ്രസിഡൻസിയിലും തിരുവിതാംകൂറിലും സബ് ഇൻസ്പെക്ടർ /ഇൻസ്പെക്ടർ നിലവാരത്തിൽബിരുദധാരികളെ നിയമിക്കുന്ന രീതി ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ഇതല്ല സ്ഥിതി, പൊലീസിലെ ഏറ്റവും താഴെത്തട്ടിലുള്ള തസ്തികയിൽ ചേരുന്നവരുടെ എഴുപത് ശതമാനത്തിലധികവും ബിരുദധാരികളാണ്; ഇതിൽ തന്നെ ഏറെപ്പേരും എഞ്ചിനീയർമാരും ബിരുദാനന്തര ബിരുദമുള്ളവരുമാണ്. കൂടുതൽ ഫലപ്രദമായ പ്രശ്നപരിഹാര ജോലികൾക്ക് അവരെ ഉപയോഗപ്പെടുത്താനുള്ള വഴിതുറക്കുന്നതാണിത്; ഇത് പൊലീസ് സംവിധാനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. ഇത്തരത്തിലുള്ള ഒരു പ്രവർത്തന പദ്ധതിയിലൂടെ പൊലീസ് സേനയിൽ വലിയ അംഗബല വർധന വരുത്തുന്നത് ഒഴിവാക്കാനാകും. ഇത്തരത്തിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പൊലീസ് സേനാംഗങ്ങൾക്ക് അതിവേഗം ഉദ്യോഗക്കയറ്റം നൽകുന്നതിലൂടെ അവരുടെ സേവനം ഓഫീസർ തലത്തിൽ ഉപയോഗിക്കാൻ ഡിപ്പാർട്ട്മെന്റിനു കഴിയും. 1980ലെ നാഷണൽ പൊലീസ് കമ്മിഷൻ നിർദ്ദേശിച്ചത് ആറു വർഷത്തെയെങ്കിലും സേവനം പൂർത്തിയാക്കുന്നവർക്ക് എഎസ്ഐ റാങ്കിലേക്ക് വേഗം തന്നെ ഉദ്യോഗക്കയറ്റം നൽകണമെന്നാണ്. പൊതുജനങ്ങളുമായി ഓഫീസർ തലത്തിൽ ഇടപെടാനും ഇത് അവസരമൊരുക്കും; ഒപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പൊലീസ് സേനാംഗങ്ങൾക്ക് പ്രചോദനമാകുകയും ചെയ്യും. അതിനാൽ പിസി, എച്ച് സി, എ എസ് ഐ അനുപാതം 10:10:5 എന്നാക്കി പുനർനിർണയിക്കണമെന്നും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയാകുമ്പോൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള കോൺസ്റ്റബിൾമാരിൽനിന്നും ഡിപ്പാർട്ടുമെന്റിനും ജനങ്ങൾക്കും മികച്ച സേവനം ലഭ്യമാകും; കുറ്റാനേ-്വഷണങ്ങൾ കെെകാര്യം ചെയ്യാനും പ്രശ‍്നപരിഹാരവുമായി ബന്ധപ്പെട്ട ജോലികൾ ഉയർന്ന തലത്തിൽ തീർപ്പാക്കാനും കൂടുതൽ ഓഫീസർമാരുണ്ടാകും. കുറ്റാനേ-്വഷണവുമായി ബന്ധപ്പെട്ട ജോലിഭാരം വർധിച്ചതും കൂടുതൽ മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് വൈദഗ്ധ്യം ആവശ്യമായ തലങ്ങൾ വർധിച്ചതും സ്റ്റാഫിന്റെ ഗുണനിലവാരം വർധിപ്പിക്കേണ്ടത് അനിവാര്യമാക്കുന്നു.

യാന്ത്രികമായ ജോലികൾ 
സാങ്കേതികവിദ്യകൊണ്ട് 
പകരം വെയ്ക്കൽ
ഗാർഡ്, തടവുകാരുടെ അകമ്പടി, പട്രോളിങ് തുടങ്ങിയ യാന്ത്രികമായ ജോലികൾ ഗണ്യമായ വിധം കുറയ്ക്കാൻ കഴിയും; അങ്ങനെ ആയാൽ താഴേത്തലങ്ങളിലെ ജീവനക്കാരുടെ എണ്ണം കൂട്ടുന്നത് ഒഴിവാക്കാം. ക്യാമറ സംവിധാനത്തിന്റെയും നിർമിത ബുദ്ധിയുടെയും ഉപയോഗം മിക്കവാറും ഗാർഡ് ഡ്യൂട്ടിക്കുപകരം വയ്ക്കാനാകും. അതുപോലെതന്നെ പകർപ്പെടുക്കൽ, ട്രാഫിക് പോയിന്റ് കൺട്രോൾ, മോട്ടോർ വാഹന പരിശോധന തുടങ്ങിയ കൂടുതൽ സ്റ്റാഫ് വേണ്ടതും ആവർത്തന സ്വഭാവമുള്ളതുമായ ജോലികളും ഇന്റലിജന്റ് സംവിധാനത്തിലൂടെ നിർവഹിക്കാൻ കഴിയും. അതുകൊണ്ട്, ഡാറ്റവിശകലനം ചെയ്യാൻ കഴിയുന്നവരും പ്രശ്നപരിഹാരത്തിന് ശേഷിയുള്ളവരുമായ ഓഫീസർമാരുടെ ആവശ്യം ക്രമേണ വർധിക്കും. 90 ശതമാനവും ഹെഡ് കോൺസ്റ്റബിൾമാരും കോൺസ്റ്റബിൾമാരും അടങ്ങുന്ന പൊലീസ് സേനയ്ക്കു പകരം സേനയിലുള്ള കോൺസ്റ്റബിൾമാരുടെ എണ്ണത്തിന്റെ മൂന്നിലൊന്നിന് തുല്യമായ വിധം എഎസ്ഐമാരുടെയും എസ്ഐമാരുടെയും എണ്ണം കൂടുതലുള്ള ഒരു പൊലീസ് സേനയായിരിക്കണം നമുക്ക് വേണ്ടത്.

കുറ്റകൃത്യങ്ങളുടെ 
അന്താരാഷ്ട്രവൽക്കരണം
അന്താരാഷ്ട്ര യാത്രയും അന്താരാഷ്ട്ര വാർത്താവിനിമയവും അനായാസമായതുമൂലം സമീപഭാവിയിൽതന്നെ അന്താരാഷ്ട്ര അതിർത്തികൾ കടന്നുള്ള കുറ്റകൃത്യങ്ങളും തഴച്ചുവളരും. തട്ടിപ്പും ഇതിനകംതന്നെ അന്താരാഷ്ട്രതലത്തിൽ സർവസാധാരണമായിരിക്കുകയാണ്. ഇടങ്കോലിടൽ ഉണ്ടാകുമെന്ന അപകടം ഇല്ലാതെതന്നെ ഇന്റർനെറ്റിലൂടെ ആശയവിനിമയം നടത്താനും ഏകോപനത്തിനും കഴിയുന്ന അന്താരാഷ്ട്ര ഗാങ്ങുകളാണ് മയക്കുമരുന്നുകളുടെയും മറ്റുനാർക്കോട്ടിക്കുകളുടെയും ബിസിനസ് നടത്തുന്നത്. ക്രമേണ മറ്റു തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്കും ഇത് വ്യാപിക്കും; ഇത് ഭാവിയിൽ പൊലീസിങ്ങിലുള്ള വലിയൊരു വെല്ലുവിളിയായി മാറും. മിക്കവാറും എല്ലാ നിയമസംവിധാനങ്ങളും സംസ്ഥാന പൊലീസ് സേന ഇത്തരം അന്താരാഷ്ട്ര കേസന്വേഷണങ്ങൾ നടത്തുന്നതിനെ നിയന്ത്രിക്കുന്നു. ഒരുപാട് സമയം പാഴാക്കുന്ന നടപടിക്രമങ്ങൾക്കു ശേഷം മാത്രമേ അന്താരാഷ്ട്ര തലത്തിലുള്ള കുറ്റാനേ-്വഷണങ്ങൾ നടത്തുന്നതിന് സംസ്ഥാന പൊലീസ് സേനയെ അനുവദിക്കാറുള്ളൂ. ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നതോടെ ഓരോരോ കേസിനും പ്രതേ-്യകമായി ഇന്ത്യാ ഗവൺമെന്റിൽനിന്നും പ്രത്യേക അനുമതി വാങ്ങാതെ വിദേശങ്ങളിൽ കേസനേ-്വഷിക്കുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ പൊതുവായ ഒരുത്തരവ് വഴി, ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ള പ്രത്യേക സംസ്ഥാന പൊലീസ് ഏജൻസികൾ നമുക്കും ആവശ്യമാണ്. ഇത് ചെയ്യാനുള്ള കഴിവ് ഭാവിയിൽ വളരെ പ്രധാനപ്പെട്ട ഒന്നായി മാറും. സർവോപരി, ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഇന്ത്യൻ കോടതികളിൽ വിദേശികളായ സാക്ഷികൾക്ക് തെളിവ് നൽകാൻ കഴിയുന്ന സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയിലേക്ക് മടങ്ങുന്ന ഇന്ത്യൻ പൗരർ വിദേശത്തായിരിക്കുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യതകളാണ് മറ്റൊരു പ്രധാന പ്രശ്നം; ഭാവിയിൽ ഇത്തരം കേസുകൾ വളരെ വലിയ അളവിൽ നമുക്ക് കെെകാര്യം ചെയ്യേണ്ടതായി വരും. ഇതെല്ലാം തന്നെ, മനുഷ്യവിഭവശേഷിയുടെ ഗുണനിലവാരം, പശ്ചാത്തല സൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാക്കുന്നു.

വെർച്വൽ ഡിജിറ്റൽ 
പൊലീസിങ്
പലതരത്തിലുള്ള കുറ്റകൃത്യങ്ങളും ഇപ്പോൾ ഇന്റർനെറ്റ് വഴിയാണ് ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും; പട്രോൾ കാറുകളിലൂടെ ഫിസിക്കൽ ഹെെവേകളിൽ പൊലീസ് റോന്തുചുറ്റുന്നതുപോലെ ഇന്റർനെറ്റ് വെർച്വൽ ഹെെവേകളിലൂടെ റോന്തു ചുറ്റുന്നതിനെക്കുറിച്ച് പൊലീസ് ചിന്തിക്കേണ്ടതുണ്ട്. കേരള പൊലീസിന്റെ സെെബർ ഡോം പോലെയുള്ള ഇനിഷേ–്യറ്റീവുകൾ വികസിപ്പിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതും ആവശ്യമാണ്. ഇന്റർനെറ്റ് ട്രാഫിക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലം കണ്ടെത്താനും ആളുകളെ ജാഗ്രതപ്പെടുത്താനും ആവശ്യമെങ്കിൽ അതിനിടയിൽ കടന്നുകയറി തടയാനും നിർമിതബുദ്ധിയെ വലിയ തോതിൽ പ്രയോജനപ്പെടുത്തേണ്ടതാണ്. കുറ്റകൃത്യങ്ങളുടെ രൂപരേഖയുണ്ടാക്കുന്നതിനും തത്സമയ നിരീക്ഷണത്തിലൂടെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങൾ തുടരവെ തന്നെ കാര്യങ്ങൾ മുൻകൂട്ടിക്കാണുന്ന പൊലീസിങ്ങിലൂടെ കുറ്റകൃത്യങ്ങൾ തടയുന്നതിനും സൗകര്യമൊരുക്കുന്നതിനായി ഡാറ്റ പ്രോസസ് ചെയ്യാനും വിശകലനം ചെയ്യാനും നമ്മെ പ്രാപ്തമാക്കത്തക്കവിധം വലിയ അളവിൽ ഡിജിറ്റൽ കാര്യക്ഷമത നാം കെെവരിക്കേണ്ടതുണ്ട്. സങ്കൽപ്പിക്കാൻപോലും പറ്റാത്തത്ര വേഗതയിലാണ് ഈ മേഖലകളിലെ പുരോഗതി. പുതുമയുള്ളതും പരമ്പരാഗതരീതിയിലുള്ളതല്ലാത്തതുമായ സ്റ്റാഫിങ് നടപടികളും പ്രമുഖ സ്വകാര്യസ്ഥാപനങ്ങളുടെ സജീവമായ സഹകരണവും പിന്തുണയും കൂടി ഇതിനാവശ്യമാണ്. ഒരു പക്ഷേ, വെർച്വൽ ഡിജിറ്റൽ ലോകത്തും കമ്യൂണിറ്റി പൊലീസിങ്ങിന്റെ തനിപ്പകർപ്പിന് നാം രൂപം നൽകേണ്ടതുമുണ്ട്.

പൊതുജനത്തിനുള്ള 
യാത്രാസൗകര്യത്തെക്കാൾ 
ഉയർന്നതായിരിക്കണം 
പൊലീസിനുവേണ്ട യാത്രാസൗകര്യം
കേരളത്തിൽ രണ്ട് ലക്ഷം വാഹനങ്ങൾ മാത്രമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു; അന്ന് അതിൽ 1,000 എണ്ണമെങ്കിലും പൊലീസ് ഡിപ്പാർട്ട്മെന്റിന്റേതായിരുന്നു. അതിന്റെ അർഥം ഓരോ 200 വാഹനങ്ങളിൽ ഒരെണ്ണം പൊലീസ് വാഹനമായിരുന്നുവെന്നാണ്. പൊലീസിനുള്ള വാഹന ലഭ്യത പൊതുജനങ്ങൾക്കുള്ള വാഹന ലഭ്യതയെക്കാൾ വളരെ ഉയർന്നതായിരുന്നു. ഓരോ 30 പൊലീസുകാർക്ക് ഒരു പൊലീസ് വാഹനം ഉണ്ടായിരുന്നു; അതേസമയം പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം 120 പേർക്ക് ഒരു വാഹനം എന്ന അനുപാതമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ രണ്ടാളുകൾക്ക് ഒരു വാഹനമുണ്ട്. ചുരുങ്ങിയത് ഇതേ അനുപാതമെങ്കിലും ഇപ്പോൾ പൊലീസിനും ഉണ്ടായിരിക്കണമെങ്കിൽ പൊലീസ് ഡിപ്പാർട്ടുമെന്റിന് ചുരുങ്ങിയത് 30,000 വാഹനങ്ങളെങ്കിലും ഉണ്ടായിരിക്കണം. അത്രയുംപോലും അപര്യാപ്തമാണ്; അതിനാൽ ഇപ്പോൾ ഉള്ള വാഹനങ്ങളുടെ എണ്ണം ഗണ്യമായ വിധം വർധിക്കുകയെങ്കിലും വേണം.

24 X 7 പ്രതികരണം
സംരക്ഷണം: പൊലീസിന്റെ പ്രതികരണം അതിവേഗത്തിലാകണം എന്ന ആവശ്യം വർധിച്ചിരിക്കെ, പൊലീസ് ഒാരോ പ്രതികരണത്തിനുമെടുക്കുന്ന സമയം അളക്കുന്നതിനുള്ള ശേഷി ജനങ്ങൾക്കുണ്ട് എന്നുമിരിക്കെ, യുക്തിക്കുനിരക്കുന്ന സമയത്തിനുള്ളിൽ സ്ഥലത്തെത്തിച്ചേരാൻ പൊലീസിനു കഴിയുന്നില്ലെങ്കിൽ ‘‘സോറി’’ പറയാനെങ്കിലും അവർക്ക് കഴിയണം. പ്രതികരണത്തിന്റെ വേഗത ഇത്രയുമുണ്ടെന്ന് ഉറപ്പാക്കുന്നതിന് പൊതുജനത്തിനുള്ളതിനെക്കാൾ പൊലീസിന്റെ ചലനക്ഷമത ഉയർന്നതായിരിക്കണം. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് പ്രതിസന്ധിയുള്ള ഒരിടത്ത് എത്തിച്ചേരാൻ വാഹനം ലഭിക്കാതിരിക്കുന്നത്, ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം മാത്രമല്ല, അവരുടെ ആത്മവിശ്വാസവും നഷ്ടമാകും. പൊലീസിനുവേണ്ട യാത്രാ സൗകര്യങ്ങൾ യഥാർഥത്തിൽ പൊതുജനങ്ങളുടെ തന്നെ ആവശ്യമാണ്, റാങ്കിനിനുസരിച്ച് പൊലീസ് ഓഫീസർമാർക്ക് നൽകപ്പെടുന്ന പ്രത്യേകാവകാശമല്ല വാഹനസൗകര്യം. അതിനാൽ കേരളത്തിന്റെ നെടുകെയും കുറുകെയും നിരന്തരം റോന്തുചുറ്റുന്ന ഒരു ജോഡി പൊലീസുകാരോടുകൂടി പട്രോൾ കാറുകളുള്ള ഒരു സംവിധാനത്തിലേക്ക് കേരളം എത്തേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. അതിനാൽ 1970കളിലും 1980കളിലും പലനഗരങ്ങളിലും ചെയ്തിരുന്നതുപോലെ ഓരോ വാഹനത്തിനും കൃത്യമായ പട്രോളിങ് മേഖല അനുവദിക്കണം. ഇപ്പോൾ പ്രായോഗികമായി കേരളമാകെ നഗരവൽക്കരിക്കപ്പെടുകയാണ്; അതുകൊണ്ട് പൊലീസ് പട്രോളിങ് എല്ലായിടത്തും സ്ഥിരമായി നടത്തേണ്ടതാണ്. അതിനാൽ അടിയന്തര ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന എല്ലാ വിധ ഉപകരണങ്ങളുമുള്ള 24 മണിക്കൂറും റോന്തുചുറ്റുന്ന 1,000 വാഹനങ്ങളുള്ള ഒരു പട്രോളിങ് സംവിധാനം പൊതുജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനൊപ്പം വലിയൊരളവിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും ക്രമസമാധാന പാലനത്തിനും സഹായകമാകും. ഇതിനെ നിർമിതബുദ്ധി അധിഷ്ഠിതമായ ഒരു ഏകോപന സംവിധാനവുമായി ബന്ധപ്പെടുത്തണം; അങ്ങനെയാകുമ്പോൾ ഈ സംവിധാനം സുഗമമായി പ്രവർത്തിക്കും.

അനേ-്വഷണത്തിലെ 
സാങ്കേതിക വിദ്യ
കുറ്റാനേ-്വഷണപരമായ ജോലികൾ നിർവഹിക്കാനെടുക്കുന്ന സമയം ലഭിക്കാൻ വേണ്ട നടപടികൾ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉദാഹരണത്തിന്, 19–ാം നൂറ്റാണ്ടിലാണെങ്കിൽ, കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ ലഭ്യമായ ഒരേയൊരു മാർഗം ദൃശ്യം എങ്ങനെയാണെന്നു വിവരിക്കുന്ന സീൻ മഹസർ വാക്കാൽ പറയുന്നത് എഴുതിയെടുക്കുക എന്നതായിരുന്നു. ഇപ്പോൾ വീഡിയോഗ്രാഫിയും 3D ഫോട്ടോഗ്രാഫിയും കൂടാതെ ജിയസ്പേഷ്യൽ മാപ്പിങ്ങും അതോടൊപ്പം വിവിധ കോണുകളിൽനിന്ന് ഫോട്ടോ എടുക്കാനും കഴിയുന്ന തരത്തിൽ സാങ്കേതികവിദ്യ ഏറെ പുരോഗമിച്ചിരിക്കുന്നു. അതുകൊണ്ട് മണിക്കൂറുകളോളം ബുദ്ധിമുട്ടി മഹസർ തയ്യാറാക്കുന്ന രീതി കാലഹരണപ്പെട്ടതാണ്. അതുപോലെ പൊലീസ് ഉദേ–്യാഗസ്ഥർ സാക്ഷിമൊഴി കെെക്കൊണ്ട് രേഖപ്പെടുത്തുന്നതും ഏറെ സമയം വേണ്ടിവരുന്നതാണ്. ഇപ്പോൾ ഇതും വീഡിയോ റെക്കോഡ് ആക്കാൻ കഴിയും. ആവശ്യമെങ്കിൽ ഓഡിയോ സംഭാഷണം എഴുതപ്പെട്ട രേഖയായി ചുരുക്കാനുള്ള ആപ്ലിക്കേഷനുകളുമുണ്ട്. ഇതുവഴി അനേ-്വഷണത്തിനെടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കാനും പൊലീസ് മൊഴികൾ കൃത്യമായി രേഖപ്പെടുത്തുന്നില്ല എന്ന ആരോപണത്തിൽനിന്ന് ഒഴിവാകാനും കഴിയും. അതിനാൽ ആധുനിക സാങ്കേതികവിദ്യ കുറ്റാന്വേഷണത്തിന്റെ ദെെനംദിന നടപടിക്കായി ഉപയോഗിക്കുന്നത് പൊലീസ് നടപടിക്രമങ്ങളെ വലിയതോതിൽ സഹായിക്കും.

കൂടുതൽ വനിതാ പൊലീസുകാർ
വനിതകളെ പൊലീസിൽ എടുത്തുതുടങ്ങിയ, ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെങ്കിലും കഴിഞ്ഞ 15 വർഷമായി പൊലീസിലെ സ്ത്രീകളുടെ ശതമാനത്തിൽ വളരെ പിന്നിലാണ് നമ്മൾ. പൊലീസ് സേനയിൽ കുറഞ്ഞത് 25 ശതമാനം വനിതകൾ ഉണ്ടാകണം എന്ന പൊതുനയമുള്ളതിനാൽ സർക്കാർ അതു നടപ്പാക്കാൻ ബാധ്യസ്ഥമാണ‍്. ഒരു പ്രത്യേക കേഡറിലെ പ്രത്യേക തസ്തികകളിലേക്ക് പ്രത്യേക വനിതാ പൊലീസിനെ പ്രത്യേകം റിക്രൂട്ട് ചെയ്യുന്നതിനുപകരം പൊലീസ് കോൺസ്റ്റബിൾമാരുടെ ജനറൽ റിക്രൂട്ട്മെന്റ് വനിതകൾക്കുകൂടി ബാധകമാക്കുകവഴി ഇത് എളുപ്പം നേടിയെടുക്കാൻ കഴിയും. ഈ രീതിയാണ് ഐപിഎസിൽ ഉള്ളത്; പൊതു റിക്രൂട്ട്മെന്റിലൂടെയാണ് സ്ത്രീകളെയും പുരുഷന്മാരെയും തിരഞ്ഞെടുക്കുന്നത്. 10 വർഷം മുമ്പ് നാം, സബ് ഇൻസ്പെക്ടർമാരുടെ റിക്രൂട്ട്മെന്റ് പൊതുവാക്കി മാറ്റിയിരുന്നു. ഇപ്പോൾ ഏതു ബാച്ചിലേയും നേരിട്ടു നിയമിക്കപ്പെട്ട സബ് ഇൻസ്പെക്ടർമാരിൽ പുരുഷൻമാർ മാത്രമല്ല സ്ത്രീകളും ഉണ്ടായിരിക്കും. അതുപോലെ കോൺസ്റ്റബിൾ തലത്തിലെ പ്രാഥമിക റിക്രൂട്ട്മെന്റ് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ഒരുപോലെ തുറന്നുകൊടുക്കുകയാണെങ്കിൽ ധാരാളം സ്ത്രീകൾ യോഗ്യത നേടുകയും ഏതാനും റിക്രൂട്ട്മെന്റിനുള്ളിൽ തന്നെ വനിതാ പൊലീസിന്റെ എണ്ണം ഗണ്യമാംവിധം വർധിക്കുകയും ചെയ്യും. പൊലീസിങ് എന്നത് പുരുഷന്റെ മാത്രം ജോലിയാണ്, സ്ത്രീകളുടേതല്ല എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയ ദീർഘകാലമായുള്ള മാനസികമായ തടവറയിൽനിന്ന് സ്വതന്ത്രമാക്കുന്നതിനും പൊലീസിന്റെ അടിസ്ഥാനസ്വഭാവം മെച്ചപ്പെടുത്തുന്നതിനുമുള്ള ഏറ്റവും എളുപ്പവും ലളിതവും നീതിപൂർവകവുമായ മാർഗമാണിത്. യഥാർഥത്തിൽ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതായിരിക്കണം പൊലീസിങ്. കേരളത്തിലെ ജനസംഖ്യയുടെ 65 ശതമാനം സ്ത്രീകളും കുട്ടികളും മുതിർന്ന പൗരരുമാണ്. അതുകൊണ്ടുതന്നെ ഇവരെ സംരക്ഷിക്കാനും അവരുടെ അവകാശങ്ങൾ അവർക്ക് പൂർണമായും ആസ്വദിക്കാനും കഴിയുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കാനും പ്രാപ്തമായ ഒരു പൊലീസ് സംവിധാനം നമുക്ക് ആവശ്യമാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യയെ കൂടുതലായും ആശ്രയിക്കുന്നതിനാൽ ഒട്ടുമിക്ക പൊലീസ് ജോലികളും നിർവഹിക്കുന്നതിന് വ്യക്തിപരമായ കായികബലത്തെ ആശ്രയിക്കുന്നത് അനാവശ്യമായി മാറും. ഗുണമേന്മയുള്ളതും ഉചിതവുമായ ഉപകരണങ്ങൾ വ്യക്തികളെ ശാരീരികമായി കെെകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെ ഗണ്യമായി കുറയ്ക്കും. അതുകൊണ്ടുതന്നെ പൊലീസിൽ കുറഞ്ഞത് 33 ശതമാനമോ അതിൽ കൂടുതലോ സ്ത്രീസംവരണം എന്ന ലക്ഷ്യം നാം കെെവരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പരിശീലനം നവീകരിക്കൽ
പരിശീലനം പലപ്പോഴും പിന്നിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു. സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. കഴിഞ്ഞ ഇരുപതോ മുപ്പതോ വർഷത്തിനിടയിൽ പുതിയ നിയമങ്ങൾ കൊണ്ടുവരികയോ പഴയ നിയമങ്ങൾ ഭേദഗതി ചെയ്യുകയോ വഴി നിയമങ്ങളിൽ മൗലികമായ മാറ്റങ്ങൾ ഉണ്ടായി. ഇവയെല്ലാം നടപ്പാക്കലിന് അഭികാമ്യമായിട്ടുള്ള മാനദണ്ഡങ്ങളെ ബാധിക്കുന്നു. എന്നാൽ നിയമം നടപ്പാക്കേണ്ട പൊലീസുദ്യോഗസ്ഥർക്ക് പരിശീലനമോ പുതിയ സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള അവസരമോ വിരളമായി മാത്രമേ ലഭിക്കാറുള്ളൂ. അതുകൊണ്ട് ദ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഓരോ അഞ്ചുവർഷം കൂടുമ്പോഴും കുറഞ്ഞത് ഒരു മാസമെങ്കിലും തുടർച്ചയായി വലിയതോതിൽ സർവീസ് ട്രെയിനിങ് നൽകേണ്ടത് ആവശ്യമാണ്.

മാനസികാരോഗ്യവും 
ഔചിത്യപൂർണമായ 
മനോഭാവവും
കൊളോണിയൽവാഴ്ചയുടെ കാലത്ത് പൊലീസിങ് എന്നാൽ പരമാധികാരിയെ അനുസരിക്കുന്നതിന് ജനങ്ങൾക്കുമേൽ ശാരീരികമായി നിർബന്ധം ചെലുത്തുകയാണ് പൊലീസിങ്ങിന്റെ പ്രധാന ലക്ഷ്യമെന്നതിനാൽ പൊലീസുദ്യോഗസ്ഥന്റെ ശാരീരികമായ കരുത്തിന്റെ കാര്യത്തിൽ വലിയ ഊന്നൽ നൽകി. എന്നാൽ ആധുനികശാസ്ത്രം ഈ പ്രശ്നങ്ങൾക്ക് സാങ്കേതികമായ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് മൃഗീയമായ ശാരീരിക ശക്തിയ്ക്കുമേലുള്ള ഇത്തരം ഊന്നലിന്റെ ആവശ്യം ഇനിയില്ല. എന്നാലതേസമയം ഒരു പൊലീസുദ്യോഗസ്ഥൻ ഉയർത്തിപ്പിടിക്കേണ്ടതായ പെരുമാറ്റപരവും മാനസികവുമായ നിലവാരം എന്തായിരിക്കണമെന്നത് കൂടുതൽ കൂടുതൽ പ്രസക്തമാവുകയാണ്. ശരീരത്തിന്റെ കരുത്തുപോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് ഇപ്പോൾ മാനസികാരോഗ്യവും. അതിനാൽത്തന്നെ, മാനസിക പിരിമുറുക്കത്തിലാകുമ്പോൾ പെരുമാറ്റം എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച, ശരിയായ വിധത്തിലുള്ള മനഃശാസ്ത്രപരമായ സമീപനം രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരാൾക്ക് പൊലീസ് ജോലിയോടുള്ള അയാളുടെ അഭിരുചിയെപ്പറ്റി മനഃശാസ്ത്രപരമായ വീക്ഷണത്തിൽ നിന്നുകൊണ്ട് വിലയിരുത്തുന്നതിന് ഇത്തരം നടപടികളെ ക്രിയാത്മകമായി ഉപയോഗിക്കണം.കൂടാതെ സർവീസിലുള്ള പൊലീസുദ്യോഗസ്ഥർക്കായി, വ്യവസ്ഥയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനാവശ്യമായ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിന് സർക്കാർ മുൻകെെയെടുക്കണം. കടുത്ത സമ്മർദമുണ്ടാക്കുന്ന ജോലികളിൽ ഒന്നാണ് പൊലീസിങ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ പൊതുഇടപെടലുകളിൽ ശരിയായ പെരുമാറ്റ നിലവാരം ഉറപ്പുവരുത്തുന്നതിന് സ്ട്രെസ് മാനേജ്മെന്റ് സൗകര്യം അത്യാവശ്യമാണ്.

ഭീകരവാദത്തിന്റെയും 
സംഘടിത കുറ്റകൃത്യത്തിന്റെയും 
അപകടം
സാങ്കേതികവിദ്യയുടെ വളർച്ചയുടെ മഹത്തായ നേട്ടങ്ങളിലൊന്ന് രാജ്യാതിർത്തികൾക്കപ്പുറം വ്യക്തികൾ തമ്മിലുള്ള ആശയവിനിമയങ്ങളുടെ പ്രചാരം വർധിച്ചതാണ്. ഒരേ വീക്ഷണം ഉൾക്കൊള്ളുന്നവർ തമ്മിലുള്ള അന്താരാഷ്ട്ര സഖ്യങ്ങൾ രൂപീകരിക്കുന്നതിനെ ഇത് സഹായിക്കുന്നു. ഇതിന്റെ അങ്ങേയറ്റം അസ്വസ്ഥജനകമായ ഒരു അനന്തരഫലം, ഇത് ഭീകരവാദികളെ റിക്രൂട്ട് ചെയ്യുന്നതും അതുപോലെ തന്നെ അന്താരാഷ്ട്ര ക്രിമിനൽ സിൻഡിക്കേറ്റുകളുടെ രൂപീകരണവും എളുപ്പമാക്കുന്നു എന്നതാണ്. ദേശീയവും അന്തർദേശീയവുമായ തീവ്രവാദവിരുദ്ധ സംഘടനങ്ങളുമായി അനിവാര്യമായും സഹകരിക്കേണ്ടതും അതുപോലെ തന്നെ നമ്മുടെ സ്വന്തം ഇന്റലിജൻസ് ശൃംഖലകൾ സജീവമാക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതും അനിവാര്യമാണ്.

സ്വകാര്യ സുരക്ഷാ 
സംവിധാനങ്ങളുമായുള്ള സഹകരണവും സംയോജനവും
സ്വകാര്യ സുരക്ഷയുടെ ഗുണമേന്മയിലും വലിപ്പത്തിലും കഴിഞ്ഞ ഒരു ദശകത്തിനിടയിൽ വമ്പിച്ച വളർച്ച ഉണ്ടായിട്ടുണ്ട്. സ്വകാര്യ സെക്യുരിറ്റി ഗാർഡുകളുടെ എണ്ണം, മൊത്തം പൊലീസുകാരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയിലധികം വരുമെന്നാണ് അനൗപചാരിക പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഷോപ്പിങ് സെന്ററുകൾ, അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും സുരക്ഷയുടെ ആവശ്യം വർധിച്ചുവരുന്നതിനാൽ അത് വിശാലമായ ഒരു സുരക്ഷാ കവചം സൃഷ്ടിച്ചു. യഥാർഥത്തിൽ ഈ വലിയ വിഭാഗത്തെ പ്രാദേശികമായ ബന്ധങ്ങളിലൂടെയും പരസ്പരമുള്ള ഇടപെടലുകളിലൂടെയും പൊലീസ് നൽകുന്ന പൊതുസുരക്ഷയുമായി കൂട്ടി യോജിപ്പിക്കേണ്ടതുണ്ട്. കേരളത്തിലുടനീളം ദശലക്ഷക്കണക്കിന് ക്യാമറകളാണ് സ്വകാര്യസുരക്ഷാ ഏജൻസികൾ സ്ഥാപിച്ചിട്ടുള്ളത്. ഇത് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും ഇതിനകം തന്നെ സഹായകമായിട്ടുണ്ട്. പ്രത്യേക സുരക്ഷയോ പൊതുസുരക്ഷയോ ആവശ്യമായിവരുന്ന സാഹചര്യങ്ങളിൽ തടസ്സമില്ലാത്ത ഏകോപനം ഉറപ്പാക്കുന്നതിന് യഥാർഥത്തിൽ ക്യാമറ ലിങ്കേജുകളും വികസിപ്പിക്കേണ്ടതുണ്ട്. നെറ്റ് വർക്കിങ്ങും സ്വകാര്യസുരക്ഷാ ക്യാമറാ സംവിധാനങ്ങളും പൊതുസംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നതുവഴി സുരക്ഷ വിപുലമായ തോതിൽ ശക്തിപ്പെടുത്താൻ കഴിയും.

സ്വകാര്യത സംബന്ധിച്ച ആശങ്കകൾ
വ്യക്തികളുടെ മൗലികാവകാശമെന്ന നിലയിൽ, വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് നിയമനിർമാണങ്ങളും നമ്മുടെ ചിന്തകളും കൂടുതലായും കേന്ദ്രീകരിക്കേണ്ടത്. ടെക്നോളജിയും കുറ്റകൃത്യങ്ങളോട് അടിയന്തരമായും പ്രതികരിക്കേണ്ടതിന്റെ അനിവാര്യതയും, വ്യക്തികളുടെ സ്വകാര്യ ഡാറ്റ, സുരക്ഷയുമായി ബന്ധപ്പെട്ട ഡാറ്റാ സംവിധാനങ്ങളിലേക്ക് വലിയ തോതിൽ ഒഴുകുന്നതിനിടയാക്കും. ഇവ ചോർത്തപ്പെടാം; കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനായി ദുരുപയോഗിക്കപ്പെട്ടേക്കാം. ഈ അപകടം നാം മനസ്സിൽ സൂക്ഷിക്കണം.

സുരക്ഷയ്ക്കായി സംസ്ഥാനം 
എത്ര ചെലവഴിക്കണം?
പൊലീസ്, ഫയർഫോഴ്സ്, ജയിലുകൾ എന്നിവയ്ക്കായി നമ്മൾ എത്രത്തോളം തുക ചെലവഴിക്കണം? യൂറോപ്യൻ യൂണിയൻ അവരുടെ ജിഡിപിയുടെ ശരാശരി 1.5% സുരക്ഷയ്ക്കും സുരക്ഷാവകുപ്പുകൾക്കും വേണ്ടി ചെലവഴിക്കുന്നു. വ്യക്തികൾ എന്ന നിലയിലും ഒരു സമൂഹം എന്ന നിലയിലും, രക്ഷയ്ക്കും സുരക്ഷയ്ക്കും (Safety and Security) കൂടുതൽ പ്രാധാന്യമുള്ളതിനാൽ പൊലീസ് /ഫയർഫോഴ്സ് /ജയിൽ എന്നിവപോലെയുള്ള വകുപ്പുകൾക്കായി ജിഡിപിയുടെ ഒരു ശതമാനമെങ്കിലും നീക്കിവെക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + ten =

Most Popular