Friday, September 20, 2024

ad

Homeസ്പെഷ്യല്‍സിന്‍ജിയാങ്: യാഥാര്‍ഥ്യമെന്ത്?

സിന്‍ജിയാങ്: യാഥാര്‍ഥ്യമെന്ത്?

എ എം ഷിനാസ്

ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ഔദ്യോഗികമായി ‘സിന്‍ജിയാങ് ഉയ്ഗൂര്‍ സ്വയംഭരണ മേഖല’ എന്നറിയപ്പെടുന്ന സിന്‍ജിയാങ്. പ്രാചീന പട്ടുപാത കടന്നുപോയിരുന്ന വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഈ അതിവിസ്തൃത ഭൂഭാഗം എട്ടു രാജ്യങ്ങളുമായി -മംഗോളിയ, റഷ്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇന്ത്യ-അതിര്‍ത്തി പങ്കിടുന്നു. രണ്ടരക്കോടി ജനങ്ങള്‍ അധിവസിക്കുന്ന സിന്‍ജിയാങ്ങില്‍ 45 ശതമാനം എത്നിക് ഉയ്ഗൂറുകളും 42 ശതമാനം ഹാന്‍ ചൈനീസ് വംശജരുമാണുള്ളത്.

കഴിഞ്ഞ ഒന്നര വ്യാഴവട്ടത്തിലേറെയായി സിന്‍ജിയാങ്ങും എത്നിക്കായി തുര്‍ക്കി ജനവിഭാഗത്തില്‍പെടുന്ന ഒരു കോടിയോളം വരുന്ന ഉയ്ഗൂര്‍ മുസ്ലീങ്ങളും ആഗോള വലതുപക്ഷ മീഡിയയുടെ ‘പ്രിയങ്കര’ വാര്‍ത്താസ്ഥാനങ്ങളിലൊന്നാണ്. സിന്‍ജിയാങ്ങിലെ ‘സ്വാതന്ത്ര്യപ്രേമി’കളായ ഉയ്ഗൂര്‍ മുസ്ലീങ്ങളെ സമാനതകളില്ലാത്ത വിധത്തില്‍ ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തുന്നു എന്നും അവിടെ നടക്കുന്നത് ‘വംശഹത്യ’ ആണെന്നുമാണ് ഈ വക അച്ചടി-ദൃശ്യമാധ്യമങ്ങള്‍ പേര്‍ത്തും പേര്‍ത്തും പറയുന്നത്. സിന്‍ജിയാങ്ങിലെ വിഘടന വാദ-ഭീകരവാദ സംഘടനയായ ‘ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്‍റി’നെ (ഇടിഐഎം) അമേരിക്ക 2002ല്‍ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2020 നവംബറില്‍ അമേരിക്ക ഇടിഐഎമ്മിനെ ഭീകരസംഘടനാ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു.

തെക്കന്‍ ചൈനാ സമുദ്രമേഖലയില്‍ ചൈനയുമായി കൊമ്പുകോര്‍ക്കുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തിന്‍റെ പ്രതികാര പ്രതിക്രിയയാണ് വാസ്തവത്തില്‍ ഈ നടപടിയെങ്കിലും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത്, ഇടിഐഎം നിലനില്‍ക്കുന്നു എന്നതിന് ഒരു പതിറ്റാണ്ടിലേറെയായി വിശ്വസനീയമായ ഒരു തെളിവുമില്ലെന്നാണ്. (തെളിവുകളുടെ കാര്യത്തിലേക്ക് പിന്നീട് വരാം)

ഇടിഐഎം ഒരു ഇസ്ലാമിസ്റ്റ് വിഘടനവാദ-തീവ്രവാദ സംഘടനയാണ്. അതിന്‍റെ പ്രഖ്യാപിതലക്ഷ്യം, സിന്‍ജിയാങ്ങും മധ്യേഷ്യന്‍ രാജ്യങ്ങളുടെ ഭൂപ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് ഒരു ബൃഹത്തായ ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കുക എന്നതത്രെ. ഇടിഐഎമ്മിന് പാക് താലിബാനുമായും അല്‍-ഖ്വയ്ദയുമായും നാഭീനാള ബന്ധമുണ്ടെന്ന് ചൈന പക്ഷപാതികളല്ലാത്ത രാജ്യാന്തര നിരീക്ഷകര്‍ പലപാട് ചൂണ്ടിക്കാണിച്ചതാണ്. താലിബാന്‍ കാബൂള്‍ പിടിച്ചടക്കുന്നതുവരെ അഫ്ഗാന്‍ താലിബാനുമായും ഇടിഐഎമ്മിന് ഊഷ്മള ബന്ധമുണ്ടായിരുന്നു.

2000ല്‍ ഒരു റഷ്യന്‍ പത്രത്തിലാണ് ഇടിഐഎം എന്ന ഭീകരവാദ സംഘടനയെപ്പറ്റി ഒരു വിശദവാര്‍ത്ത വരുന്നത്. ബിന്‍ ലാദന്‍ ഇടിഐഎമ്മിനും ഉസ്ബെക്കിസ്ഥാനിലെ ഇസ്ലാമിക് മൂവ്മെന്‍റിനും അഫ്ഗാനിസ്ഥാനില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ ധനസഹായം നല്‍കാന്‍ പ്രതിജ്ഞയെടുത്തു എന്നതായിരുന്നു വാര്‍ത്തയുടെ കാതല്‍. 1997 അവസാനം സിന്‍ജിയാങ് പ്രവിശ്യയിലെ കഷ്ഗര്‍ മേഖലാ നിവാസിയും ജിഹാദി ഇസ്ലാമിസ്റ്റുമായ ഹസന്‍ മഹ്സൂം ആണ് ഇടിഐഎം രൂപവല്‍ക്കരിക്കാന്‍ നേതൃത്വം നല്‍കിയത്. 2003ല്‍ അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള അല്‍-ഖ്വയ്ദയുടെ ഒരു ഒളിത്താവളത്തില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ ഹസന്‍ മഹ്സൂം വധിക്കപ്പെട്ടു. തുടര്‍ന്ന് ഇടിഐഎമ്മിന്‍റെ നേതാവായി അവരോധിതനായ അബ്ദുല്‍ ഹഖിനെയും 2010ല്‍ വധിക്കുന്നത് പാക് സൈന്യം തന്നെ. ഇടിഐഎമ്മിന്‍റെ സഹസ്ഥാപകനായ മെമത്രോസി ചൈനയില്‍ നടത്തിയ ഭീകരവാദ കൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് കഷ്ഗറിലെ ജയിലിലാണുള്ളത്. മെമത്രോസി ജിഹാദി ഇസ്ലാമിസത്തിന്‍റെ മസ്തിഷ്ക പ്രക്ഷാളനത്തില്‍പെട്ടത് പാകിസ്ഥാനിലെ ഒരു മദ്രസയിലെ പഠനകാലത്തായിരുന്നു. 1997ല്‍ മെമത്രോസി ഹസന്‍ മഹ്സൂമിനെ പരിചയപ്പെടുകയും ആ വര്‍ഷം ഒടുവില്‍ അവര്‍ ഇടിഐഎം രൂപവല്‍ക്കരിക്കുകയും ചെയ്തു.

ഒന്നിലധികം ചൈനീസ് വിരുദ്ധ തീവ്രവാദ സംഘടനകളെ ഏകോപിപ്പിക്കുന്ന കുടപോലുള്ള വെടിമറയാണ് യഥാര്‍ഥത്തില്‍ ഇടിഐഎം. ഈ സംഘടനകളില്‍ പ്രമുഖവും പ്രബലവും പാകിസ്ഥാനിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും സിന്‍ജിയാങ്ങിലും വ്യാപരിക്കുന്ന, 2006ല്‍ സ്ഥാപിതമായ ‘തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് പാര്‍ടി’യാണ്. 1990കളില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സുരക്ഷിത താവളമാക്കിയ ഉയ്ഗൂര്‍ തീവ്രവാദികളാണ് ടിഐപി (തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് പാര്‍ടി) രൂപീകരിച്ചത്. 2009ല്‍ സിന്‍ജിയാങ്ങിന്‍റെ തലസ്ഥാനമായ ഉറുംഖിയില്‍ അഴിച്ചുവിട്ട ലഹളയില്‍ 150ഓളം ഹാന്‍ ചൈനക്കാരെ വധിച്ചത് ടിഐപി അംഗങ്ങളായ ഇസ്ലാമിസ്റ്റ് മതോന്മത്തരായിരുന്നു. യുന്നാന്‍ പ്രവിശ്യയുടെ തെക്കുപടിഞ്ഞാറുള്ള നഗരമായ കുണ്‍മിങ്ങിലെ റെയില്‍വേ സ്റ്റേഷനില്‍ 2014ല്‍ 31 യാത്രക്കാരെ കുത്തിക്കൊന്നതും ടിഐപിയാണ്. 2011ല്‍ കഠാരയും ബോംബും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 12 ചൈനക്കാരെ കൊന്നതും 40 പേരെ പരിക്കേല്‍പ്പിച്ചതും 2013ല്‍ ടിയാനെന്‍മെന്‍ സ്ക്വയറില്‍ ബോംബാക്രമണം നടത്തി 5 പേരെ വധിച്ചതും 50 പേരെ പരിക്കേല്‍പ്പിച്ചതും 2008ല്‍ ബീജിങ് ഒളിംപിക്സിനു നേരെ ഭീകരാക്രമണ ഭീഷണി മുഴക്കിയതും ടിഐപിയാണ്. 2014ല്‍ പാകിസ്ഥാനിലെ ഒളിത്താവളത്തില്‍ കഴിഞ്ഞിരുന്ന ടിഐപി നേതാവ് അബ്ദുല്ല മന്‍സൂര്‍ ചൈനയ്ക്കെതിരെ ‘വിശുദ്ധയുദ്ധം’ നടത്താന്‍ സിന്‍ജിയാങ്ങിലെ ഉയ്ഗൂര്‍ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുന്ന വീഡിയോകള്‍ പുറത്തുവന്നു. പാകിസ്ഥാന്‍ സൈന്യത്തിന് പോലും അപ്രാപ്യമായ വടക്കന്‍ വസീറിസ്ഥാന്‍ മേഖലയിലാണ് ഉയ്ഗൂര്‍ തീവ്രവാദികള്‍ പ്രധാനമായും തമ്പടിച്ചിരിക്കുന്നത്. ചൈനയുമായി നല്ല അടുപ്പം പുലര്‍ത്തുന്ന പാകിസ്ഥാനും വസീറിസ്ഥാനില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഉയ്ഗൂര്‍ തീവ്രവാദികളുടെ പോഷകരും പാകിസ്ഥാന്‍ വിരുദ്ധരുമായ തഹ്രീക്കി-ഇ-താലിബാന്‍ പാക്കിസ്ഥാന്‍ എന്ന പാക് താലിബാന്‍റെ ശക്തികേന്ദ്രമാണ് അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വടക്കന്‍ വസീറിസ്ഥാന്‍.

1990കളുടെ ഒടുവില്‍ ഇടിഐഎം തുര്‍ക്കിയിലെ ചൈനീസ് എംബസിക്കുനേരെ രണ്ടുതവണ ആക്രമണം നടത്തിയിരുന്നു. 2002ല്‍ കിര്‍ഗിസ്ഥാന്‍റെ തലസ്ഥാനമായ ബിഷ്കേക്കിലെ ചൈനീസ് എംബസി ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ട് ഉയ്ഗൂര്‍ ഭീകരവാദികളെ പിടികൂടി ചൈനയ്ക്ക് കൈമാറിയിരുന്നു. വിവിധ ചൈനീസ് നഗരങ്ങളില്‍ ബസ് സ്ഫോടനങ്ങളും ഇടിഐഎമ്മില്‍പെട്ട ഭീകരവാദഗ്രൂപ്പുകള്‍ നടത്തുകയുണ്ടായി. അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍റലിജന്‍സ് സ്ഥാപനമായ ‘സ്ട്രാറ്റ് ഫോറി’ന്‍റെ നിരീക്ഷണം നോക്കുക: ‘ഈ എല്ലാ ആക്രമണങ്ങള്‍ക്കു പിന്നിലും തങ്ങളാണെന്ന ടിഐപിയുടെ അവകാശവാദം അല്‍പ്പം അത്യുക്തി കലര്‍ന്നതാവാമെങ്കിലും ടിഐപി ഭീഷണിയെ അവഗണിക്കാനാവില്ല.’ ടിഐപി ഇന്‍റര്‍നെറ്റിലൂടെയുള്ള ഭീകരവാദപ്രചാരണം ഈയിടെ ശക്തമാക്കിയിട്ടുണ്ടെന്നും ഉയ്ഗൂറുകളോട് ചൈനയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്യുന്ന വീഡിയോകള്‍ പുറത്തുവിടുന്നുണ്ടെന്നും സ്ട്രാറ്റ്ഫോര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിക് മൂവ്മെന്‍റ് ഇന്‍ ഉസ്ബെക്കിസ്ഥാനുമായി ടിഐപിക്ക് ദൃഢബന്ധമാണുള്ളതെന്നും സ്ട്രാറ്റ് ഫോര്‍ കൂട്ടിച്ചേര്‍ക്കുന്നു. 2013ല്‍ ‘സ്ട്രാറ്റജിക് സ്റ്റഡീസ് ക്വാര്‍ട്ടേര്‍ലി’ എന്ന ജേണലില്‍ ഫിലിപ്പ് ബി കെ പോട്ടര്‍ ‘ടെററിസം ഇന്‍ ചൈന: ഗ്രോയിങ് ത്രട്ട്സ് വിത്ത് ഗ്ലോബല്‍ ഇംപ്ലിക്കേഷന്‍സ്’ എന്ന പ്രബന്ധത്തില്‍ ഉയ്ഗൂര്‍ വിഘടനവാദത്തെയും ഭീകരവാദത്തെയും ആഴത്തില്‍ അവലോകനം ചെയ്യുന്നു.

ഫിലിപ്പ് പോട്ടര്‍ ആ പ്രബന്ധത്തില്‍ എഴുതുന്നു: “സിന്‍ജിയാങ്ങില്‍ ചൈന നടത്തിവരുന്ന ഭീകരവാദ വിരുദ്ധ നടപടികള്‍ ഏറ്റവും രണോത്സുകരായ ഉയ്ഗൂര്‍ വിഘടനവാദികളെ പാകിസ്ഥാനെപ്പോലുള്ള അയല്‍പക്ക അസ്ഥിര രാഷ്ട്രങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. അവിടെ ഉയ്ഗൂര്‍ തീവ്രവാദികള്‍ അല്‍-ഖ്വയ്ദയും പാക് താലിബാനും പോലുള്ള ഭീകരസംഘടനകളുമായി യുദ്ധ കൗശലസംബന്ധിയായ ബാന്ധവങ്ങള്‍ ശക്തിപ്പെടുത്തുകയും, പല തീവ്രവാദ വിഭാഗങ്ങളെപ്പോലും നയിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷവുമുണ്ട്. ഇതിന്‍റെ പരിണത ഫലം, വ്യത്യസ്ത ഭീകരസംഘടനകളുടെ അന്യോന്യ സങ്കലനവും ഭീകരവിന്യാസതന്ത്രത്തിന്‍റെ വ്യാപനവും ശേഷി വര്‍ധനയുമാണ്. ഇത് ചൈന അഭിമുഖീകരിക്കുന്ന ഭീകരവാദത്തിന്‍റെ മാരകാവസ്ഥയും സങ്കീര്‍ണതയും ഗണ്യമായി വര്‍ധിപ്പിക്കാന്‍ കെല്‍പ്പുള്ള പരിതോവസ്ഥ സംജാതമാക്കുന്നു. അതേ സമയം തന്നെ ചൈനയ്ക്കുള്ളില്‍ സാങ്കേതിക ശാസ്ത്രത്തിലും സാമൂഹികതലത്തിലും നടക്കുന്ന പരിവര്‍ത്തനങ്ങള്‍ ഭീകരവാദത്തെ എതിരിടുന്നത് കൂടുതല്‍ ദുഷ്കരമാക്കുകയും ചെയ്യുന്നു. ചൈനയുടെ പുരോഗതിയുടെ ഗുണവിശേഷമായ ചലനക്ഷമതയും വിവരവിനിമയവും ഭീകരാക്രമണങ്ങളെ കൂടുതല്‍ അനായാസമാക്കുന്നു; പ്രത്യേകിച്ച് ഏറ്റവും വികസിതമായ തീരദേശപ്രദേശങ്ങളില്‍. ഭീകരവാദികളുടെ വികാസവും സ്വാധീനവും തടയാന്‍ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിളര്‍ക്കാന്‍ തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് പാര്‍ടി പോലുള്ളവയ്ക്ക് സാധിച്ചാല്‍ ചൈനയുടെ കിഴക്കന്‍ ജനവാസ കേന്ദ്രങ്ങളില്‍ എളുപ്പം ആക്രമണങ്ങള്‍ കെട്ടഴിച്ചുവിടാന്‍ കഴിയും. ഇത്തരം വികാസപരിണാമങ്ങള്‍ ചൈനയ്ക്കും അന്താരാഷ്ട്രവ്യവസ്ഥയ്ക്കും വരുത്തിവെയ്ക്കുന്ന കുഴപ്പം നിസ്സാരമായിരിക്കില്ല.”

താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ താലിബാന്‍ പ്രതിനിധി സംഘം ആദ്യം പോയത് ബീജിങ്ങിലേക്കാണ്. ചൈനയില്‍ നിന്ന് ധനസഹായം ലഭിക്കാനായിരുന്നു അത്. അപ്പോള്‍ ബീജിങ് മുന്നോട്ടുവച്ച ആദ്യ ഉപാധി, ഉയ്ഗൂര്‍ തീവ്രവാദികള്‍ക്ക് ഒരുതരത്തിലുള്ള സഹായവും അഭയവും അഫ്ഗാന്‍ മണ്ണില്‍നിന്ന് ലഭിക്കില്ല എന്ന് ഉറപ്പുവരുത്തണമെന്നാണ്. ‘ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവി’ല്‍ (വണ്‍ ബെല്‍റ്റ് വണ്‍ റോഡ്) അഫ്ഗാനിസ്ഥാന്‍ ഭാഗഭാക്കാണെങ്കിലും ചൈനയുടെ പ്രഥമ മുന്‍ഗണന ഈ വിഷയത്തിനായിരുന്നു. താലിബാന്‍ നേതാക്കള്‍ ഈ ആവശ്യം നിരുപാധികം അംഗീകരിക്കുകയും ചെയ്തു. താലിബാനുമായുള്ള ബീജിങ്ങിന്‍റെ ബന്ധത്തെ ചൈന നേരിടുന്ന ആഭ്യന്തര-ബാഹ്യ സുരക്ഷാപ്രശ്നങ്ങളുടെ വെളിച്ചത്തില്‍ കണ്ടാല്‍ മാത്രമേ ചിത്രം പൂര്‍ണമാകൂ.

സിന്‍ജിയാങ് ഒരു ചൈനീസ് പ്രവിശ്യയായി മാറിയത് 1884ലാണ്. 1955ലാണ് സിന്‍ജിയാങ്ങിനെ ഒരു സ്വയംഭരണ മേഖലയായി ചൈന പ്രഖ്യാപിക്കുന്നത്. 2002 മുതല്‍ ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഭീകരവാദികളെ നേരിടാന്‍ ചൈന മധ്യേഷ്യന്‍ രാജ്യങ്ങളുമായും റഷ്യയുമായും ചേര്‍ന്ന് സൈനികാഭ്യാസങ്ങള്‍ നടത്തുന്നുണ്ട്. ഉയ്ഗൂര്‍ ഭീകരവാദികള്‍ 1990-2015 കാലത്ത് ചൈനയ്ക്കകത്ത് ചെറുതും വലുതുമായ 200ലധികം ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ബീജിങ് തെളിവുകള്‍ നിരത്തി പറയുന്നു.

അമേരിക്കന്‍ അക്കാദമിക്കും മധ്യേഷ്യന്‍-ചൈന രാഷ്ട്രീയ വിദഗ്ധയുമായ എലിസബത്ത് വാന്‍ വീ ഡേവീസ് ഏഷ്യ-പസിഫിക് സെന്‍റര്‍ ഫോര്‍ സെക്യൂരിറ്റി സ്റ്റഡീസിനു വേണ്ടി 2008ല്‍ ഉയ്ഗൂര്‍ വിഘടന-ഭീകരവാദത്തെപ്പറ്റി ഒരു പഠനം നടത്തി പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. ‘റൂളിങ്, റിസോഴ്സസ് ആന്‍ഡ് റിലീജിയന്‍ ഇന്‍ ചൈന: മാനേജിങ് ദി മള്‍ട്ടി എത്നിക്, സ്റ്റേറ്റ് ഇന്‍ ദി ട്വന്‍റി ഫസ്റ്റ് സെഞ്ച്വറി ചൈന’ (2012) ഉള്‍പ്പെടെ വര്‍ത്തമാനകാല ചൈനയെപ്പറ്റിയുള്ള മൂന്ന് പുസ്തകങ്ങളുടെ കര്‍ത്താവാണ് അവര്‍. എലിസബത്ത് ഡേവിസ്, ഉയ്ഗൂറുകള്‍ രാഷ്ട്രീയവീക്ഷണത്തില്‍ ഏകതാനവീക്ഷണം പുലര്‍ത്തുന്നവരല്ല എന്ന് എഴുതുന്നു. എലിസബത്ത് ഡേവിസ് ഉയ്ഗൂറുകളെ നാല് വിഭാഗമായി തരംതിരിക്കുന്നു. ആദ്യവിഭാഗം ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്ന ജിഹാദി ഇസ്ലാമിസ്റ്റുകളാണ്. രണ്ടാം വിഭാഗം, ഉയ്ഗൂര്‍ ജനതയുടെ സാംസ്കാരിക വിശിഷ്ടത നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ തന്നെ ചൈനയുമായി സ്വയം ഭരണപരമായ ഐകമത്യം കാത്തുസൂക്ഷിക്കണമെന്ന് അഭിപ്രായമുള്ളവരാണ്. മൂന്നാം വിഭാഗത്തിന് ചൈനീസ് വ്യവസ്ഥയില്‍ ഉദ്ഗ്രഥിക്കപ്പെടുന്നതില്‍ ഒട്ടും അതൃപ്തിയില്ല. നാലാം വിഭാഗമായ ഉയ്ഗൂര്‍ പ്രവാസികള്‍ക്ക് (അവര്‍ പത്തുലക്ഷത്തോളം വരും) റാഡിക്കല്‍ ഇസ്ലാമിനോടോ ഭീകരാക്രമണങ്ങളിലോ താല്‍പ്പര്യമില്ല. ചൈനയുടെ ഭയം, ഉയ്ഗൂര്‍ വിഘടന-ഭീകരവാദത്തെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ ഇസ്ലാമിസ്റ്റ് ബന്ധമില്ലാത്ത, ഇപ്പോള്‍ പ്രകടമോ പ്രത്യക്ഷമോ അല്ലാത്ത, വിഘടനവാദ പ്രവണതകള്‍ ചൈനയില്‍ തലപൊക്കിയേക്കാമെന്നും ഉയ്ഗൂറുകളല്ലാത്ത, വിഘടനവാദികളല്ലാത്ത ചൈനീസ് മുസ്ലീങ്ങളും വിഘടനവാദികളായേക്കാമെന്നുമാണ്.

ഫിലിപ്പ് പോട്ടര്‍ എഴുതുന്നതുപോലെ ചൈന ചെയ്യേണ്ടത്, മിതവാദികളും വിഘടനവാദികളുമല്ലാത്ത ഭൂരിപക്ഷം വരുന്ന ഉയ്ഗൂര്‍ മുസ്ലീങ്ങളെ കൂടെ നിര്‍ത്തുകയും സിന്‍ജിയാങ്ങിന് കൂടുതല്‍ സ്വയംഭരണം നല്‍കുകയും ചെയ്യുക എന്നതാണ്. അതോടൊപ്പം തീവ്രവാദികളെ ഒറ്റപ്പെടുത്തുകയും എണ്ണ-പ്രകൃതിവാതകം മുഖ്യവരുമാന സ്രോതസ്സായ സിന്‍ജിയാങ്ങില്‍ കൂടുതല്‍ വികസനം കൊണ്ടുവരികയും ചെയ്യുക എന്നതുമാണ്. ഈ ദിശയില്‍ തന്നെയാണ് ഇപ്പോള്‍ ബീജിങ് പ്രവര്‍ത്തിക്കുന്നത്

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 1 =

Most Popular