Tuesday, April 16, 2024

ad

Homeസ്പെഷ്യല്‍ശങ്കരന്‍ നാഗാര്‍ജ്ജുനന്‍ പ്രച്ഛന്നബുദ്ധന്‍

ശങ്കരന്‍ നാഗാര്‍ജ്ജുനന്‍ പ്രച്ഛന്നബുദ്ധന്‍

ഡോ.ധര്‍മ്മരാജ് അടാട്ട്

നങ്ങള്‍ക്കിടയില്‍ ശക്തമായ പ്രചാരവും സ്വാധീനവുമുളള ഏതു പ്രസ്ഥാനത്തേയും ഉന്മൂലനം ചെയ്യാന്‍ ശത്രുക്കള്‍ എക്കാലത്തും പല രീതികളും സ്വീകരിച്ചു വരാറുണ്ട്. ശാരീരികമായ ആക്രമണവും ആശയപരമായ ആക്രമണവും അതിനകത്തേക്കുളള നുഴഞ്ഞു കയറ്റവുമെല്ലാം അവയില്‍ ചിലതാണ്. അത്തരത്തിലുള്ള ബഹുമുഖ ആക്രമണങ്ങള്‍ക്ക് വിധേയമായ ഇന്ത്യയിലെ ആദ്യകാല ജനകീയ പ്രസ്ഥാനമാണ് ബുദ്ധമതം.

ബുദ്ധമതത്തിന്‍റെ ആവിര്‍ഭാവം ബ്രാഹ്മണപുരോഹിത മേധാവിത്വത്തിനെതിരെ ഉയിര്‍കൊണ്ട ശക്തമായ പടയൊരുക്കമായിരുന്നു. അതിന്‍റെ പ്രചണ്ഡമായ പ്രചാരം സമുദായത്തില്‍ ബ്രാഹ്മണ പുരോഹിത മേധാവിത്വത്തിനേറ്റ അശനിപാതമായിരുന്നു. അതിന്‍റെ ജൈത്രയാത്ര അഭംഗുരം തുടരുകയാണെങ്കില്‍ അതുവരെ പൂജ്യരായിരുന്ന തങ്ങള്‍ സമൂഹത്തില്‍ പൂജ്യമായി തീരുമെന്ന് ബ്രാഹ്മണ പുരോഹിത മേധാവിത്വം ഉള്‍ക്കിടിലത്തോടെ മനസ്സിലാക്കി. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാജയോഗത്തെക്കുറിച്ച് പര്യാലോചിച്ച് അവര്‍ വ്യാകുലചിത്തരായി. ബുദ്ധിരാക്ഷസന്മാര്‍ അതിജീവന തന്ത്രങ്ങള്‍ ഒരുക്കൂട്ടാനുള്ള ശ്രമത്തില്‍ മുഴുകി. ഹൃദയത്തില്‍ ബ്രാഹ്മണ്യത്തിന്‍റെ കട്ടപിടിച്ച വര്‍ഗപക്ഷപാതം മുറുകെ പിടിച്ചുകൊണ്ട് ഒരു വലിയ വിഭാഗം ബ്രാഹ്മണപുരോഹിതന്മാര്‍ ബുദ്ധമതാനുയായികളും തദ്പ്രചാരകരുമായി ബുദ്ധസംഘങ്ങളിലേക്ക് നുഴഞ്ഞുകയറി. ക്രമത്തില്‍ ബുദ്ധമതം ജനങ്ങളില്‍നിന്നും അകന്നു. ബുദ്ധന്‍ ജനങ്ങളുമായുളള ആശയസംവാദങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ജനകീയ ഭാഷ പാലി ബൗദ്ധന്മാര്‍ക്കിടയില്‍നിന്നും അപ്രത്യക്ഷമായി. അവിടെയെല്ലാം പൗരോഹിത്യത്തിന്‍റെ പണ്ഡിതഭാഷയായ സംസ്കൃതം സ്ഥാനമുറപ്പിച്ചു. ഉപനിഷത്തുകളിലേയും ഭഗവദ്ഗീതയിലേയും പുരാണങ്ങളിലേയും ആശയങ്ങളേയും ഐതിഹ്യങ്ങളേയും കെട്ടുകഥകളേയും ബൗദ്ധദര്‍ശനങ്ങളിലേക്ക് തന്മയത്വത്തോടെ തന്ത്രപരമായി ഗ്രാഫ്റ്റ്ചെയ്ത് വിളക്കിച്ചേര്‍ത്തു. ബുദ്ധമതം പല കൈവഴികളായി, പരസ്പരം ബദ്ധശത്രുക്കളായി വേര്‍പിരിഞ്ഞു, പരസ്പരം കടിച്ചുകീറി. എല്ലാ വിഭാഗക്കാരും തങ്ങളാണ് യഥാര്‍ത്ഥ ബുദ്ധാനുയായികള്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ബുദ്ധദര്‍ശനത്തിലെ ചില ചില ആശയങ്ങള്‍ കടിച്ചു പിടിച്ചിരുന്നു. ഈ പ്രക്രിയയില്‍ ഏറ്റവും സഫലമായി തന്‍റെ ദൗത്യം പൂര്‍ത്തീകരിച്ച വ്യക്തികളില്‍ പ്രമുഖനാണ് മഹാപണ്ഡിതനായ നാഗാര്‍ജ്ജുനന്‍.

അങ്ങനെ ഇന്ത്യയില്‍ പിറവികൊണ്ട ഈ മഹാപ്രസ്ഥാനം ഇന്ത്യയില്‍ മരുന്നിനുപോലും ആളില്ലാതെ നാമാവശേഷമായി. അവസാനത്തെ ബുദ്ധഭിക്ഷുവും കൊല്ലപ്പെടുകയോ അന്യരാജ്യങ്ങളിലേക്ക് പലായനം ചെയ്യപ്പെടുകയോ ചെയ്തു. എന്നിട്ടും കലിയടങ്ങാത്ത ഇന്ത്യന്‍ പൗരോഹിത്യവും ഇതര ശത്രുനിരകളും ബുദ്ധവിഹാരങ്ങളും ബുദ്ധവിഗ്രഹങ്ങളും അടിച്ചുടച്ചു. ചരിത്രം പറയുന്നത്, പിന്നീട് അംബേദ്കറുടെ നേതൃത്വത്തില്‍ അടുത്ത കാലത്ത് (1956 ഒക്ടോബര്‍ 14 ന്) കുറേപേര്‍ ബുദ്ധമതം സ്വീകരിച്ചുകൊണ്ട് ഇന്നത്തെ അവസ്ഥയ്ക്ക് അടിസ്ഥാനമിട്ടു എന്നാണ്.

മഹായാനമെന്നും ഹീനയാനമെന്നുമുളള പിളര്‍പ്പാണ് ബുദ്ധമതത്തില്‍ ആദ്യമുണ്ടായത്. ഉത്പതിഷ്ണുക്കളെന്നും യാഥാസ്ഥിതികരെന്നും ദാര്‍ശനിക ചരിത്രകാരന്മാര്‍ അവരെ ഓമനിച്ചു. പിന്നീട് സര്‍വാസ്തിവാദികള്‍ (വൈഭാഷികന്മാര്‍) സൌത്രാന്തികന്മാര്‍, മാദ്ധ്യമികന്മാര്‍, വിജ്ഞാന വാദികള്‍ (യോഗാചാര്യന്മാര്‍) എന്നിങ്ങനെ പ്രബലമായ നാലു വിഭാഗങ്ങളായും തുടര്‍ന്ന് ഓരോന്നും പല പല കഷണങ്ങളായും പൊട്ടിത്തെറിച്ചു. (ക്രിസ്തുവിനുമുമ്പ് ഏതാണ്ട് 42 ല്‍ കനിഷ്കന്‍റെ കാലത്ത് ജീവിച്ചിരുന്ന വസുമിത്രന്‍റെ കൃതിയില്‍ പതിനെട്ട് ബൗദ്ധവിഭാഗങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റഡീസ് ഇന്‍ ദ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി, ദേബീപ്രസാദ് ചതോപാധ്യായ(എഡിറ്റര്‍) ഭാഗം മൂന്ന്, പുറം 7582 കാണുക)

ഇങ്ങനെ നാനാതുറകളില്‍നിന്നും പൗരോഹിത്യത്തിന്‍റെ ബുദ്ധ സംഘങ്ങളിലേക്കുളള വേഷപ്പകര്‍ച്ച ബുദ്ധമതത്തെ ശിഥിലമാക്കി. ബ്രാഹ്മണിസം ഏതെല്ലാം വേഷങ്ങളിലാണോ തങ്ങളുടെ അധീശത്വം നിലനിര്‍ത്തിയിരുന്നത്, അവിടെനിന്നെല്ലാം ഉണ്ടായ സംഘടിതമായ ഒഴുക്കാണ് ബുദ്ധസംഘങ്ങളെ വിസ്ഫോടനാത്മകമായ ഈ അവസ്ഥയിലേക്ക് നയിച്ചത്. ബുദ്ധന്‍റെ കാലഘട്ടത്തില്‍ ഒരു ഭിക്ഷാപാത്രവും ശരീരം മറയ്ക്കാന്‍ ഒരു ജോടി വസ്ത്രവും മാത്രം കൈമുതലായിട്ടുണ്ടായിരുന്നവര്‍ ഇതിനകംതന്നെ വലിയ സമ്പത്തിന്‍റെ ഉടമകളായി കഴിഞ്ഞിരുന്നു. സമ്പത്ത് കയ്യടക്കാന്‍ കൂടി വേണ്ടിയാണ് പുരോഹിതവര്‍ഗം ബുദ്ധസംഘങ്ങളിലേക്ക് കുടിയേറിയത്.

ഇത്തരം നുഴഞ്ഞുകയറ്റത്തെക്കുറിച്ച് പല ഗ്രന്ഥങ്ങളും പല രീതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്: ‘ബുദ്ധമതവിരോധികള്‍ സംഘത്തില്‍നിന്നും വല്ലതും കിട്ടുന്നുണ്ടങ്കില്‍ അതു നേടാന്‍വേണ്ടി മാത്രം മഞ്ഞവസ്ത്രം ധരിച്ചിരുന്നു; തങ്ങളുടെ സ്വന്തം അഭിപ്രായം ബുദ്ധന്‍റെ അഭിപ്രായങ്ങളായി പ്രചരിപ്പിച്ചിരുന്നു. അവര്‍ തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നത്; യഥാര്‍ത്ഥ ധര്‍മ്മത്തെ അനുസരിച്ചുകൊണ്ടല്ല’. (മഹാവംശം.3839)

ബുദ്ധമതത്തിലേക്ക് കടന്നുകയറിയ ഓരോ വിഭാഗവും എതിര്‍ചേരിയെ ഇതേ ഭാഷയില്‍തന്നെയാണ് ആക്രമിച്ചത്. ബുദ്ധമതത്തിലേക്ക് കുടിയേറിയവര്‍ ആരുംതന്നെ തങ്ങളുടെ വിശ്വാസങ്ങളേയും ആചാരങ്ങളേയും ഉപേക്ഷിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.  ബ്രാഹ്മണ പുരോഹിത വൈദികമതത്തെ അനുകരിച്ചുകൊണ്ട് ഓരോ വിഭാഗവും ബുദ്ധനെ അവരവരുടെ ഇംഗിതത്തിനനുസരിച്ച് ദേവനാക്കി പ്രതിഷ്ഠിച്ചു. നാഗാര്‍ജ്ജുനന്‍ നേതൃത്വം നല്‍കിയ മഹായാനമാണ് ഇത്തരം സങ്കല്പങ്ങളുടെ ആദ്യ പ്രയോക്താക്കള്‍. പ്രാചീന ബുദ്ധമതത്തിന്‍റെ പതനവും മഹായാനപ്രസ്ഥാനത്തിന്‍റെ ഉദയവും ബ്രാഹ്മണ പുരോഹിത വൈദികമതത്തിന്‍റെ പുനരുത്ഥാനവും ഏതാണ്ട് ഒരേ കാലത്തെ സംഭവങ്ങളാണ്. ബുദ്ധതത്ത്വങ്ങളിലെ ചില ആശയങ്ങളെ വിപുലീകരിച്ചും പുതിയ സാമഗ്രികളെ കൂട്ടിച്ചേര്‍ത്തും പൊതുജന പ്രീതിക്കായി അത്ഭുതസിദ്ധികളും അന്ധവിശ്വാസങ്ങളും നിര്‍ലോഭമായി ഇടകലര്‍ത്തിയും സംസ്കൃതവുമായി ബന്ധപ്പെടുത്തിയും ആരംഭിച്ച മഹായാനം തികച്ചും പുതിയതുതന്നെയായിരുന്നു. അത് നിഗൂഢവും ആസ്തിക്യപൂര്‍ണവും ഭക്തിപരവുമായ മാര്‍ഗത്തിലൂടെ ബുദ്ധതത്ത്വങ്ങളെ വഴിതിരിച്ചുവിട്ടു എന്നു പറയാം. പാലിഭാഷയെ പൂര്‍ണ്ണമായും കൈയ്യൊഴിയാതിരുന്ന ഹീനയാനക്കാര്‍  ബുദ്ധോപദേശങ്ങളെ അതിന്‍റെ മൗലികരൂപത്തില്‍ പിന്തുടരുന്നവരാണെന്ന് അവകാശപ്പെടുന്നവരാണെങ്കിലും ആത്യന്തികമായി ബുദ്ധസിദ്ധാന്തങ്ങളോട് ചെയ്തതും ഇതുതന്നെയത്രെ. പുതുതായി ഈ വിഭാഗത്തിലേക്ക് എത്തിയവര്‍ അവരുടെ പ്രാചീനദേവന്മാരേയും അവരോടുളള ഭക്തിബഹുമാനങ്ങളേയും കൂടെ കൂട്ടിയിരുന്നു. ബ്രഹ്മാവും വിഷ്ണുവും നാരായണനുമെല്ലാം അങ്ങനെ ഒരു മാറ്റവുമില്ലാതെ ബുദ്ധവിഹാരങ്ങളിലെ പ്രതിഷ്ഠകളായി. മുമ്പു സൂചിപ്പിച്ചതുപോലെ ബുദ്ധനെയും അവര്‍ അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ദൈവീകരിക്കുകയുണ്ടായി. ക്രമത്തില്‍ മഹായാനബുദ്ധമതം വൈഷ്ണവഭക്തിയുടേയും ഹീനയാനബുദ്ധമതം ശൈവഭക്തിയുടേയും വകഭേദങ്ങളായി രൂപാന്തരം പ്രാപിച്ചു.

മുമ്പു സൂചിപ്പിച്ചതുപോലെ, ഉപനിഷത്തുകളിലേയും ഭഗവദ്ഗീതയിലേയും പുരാണങ്ങളിലേയും ആശയങ്ങളേയും ഐതിഹ്യങ്ങളേയും കെട്ടുകഥകളേയും ബൗദ്ധദര്‍ശനങ്ങളിലേക്ക് തന്മയത്വത്തോടെ തന്ത്രപരമായി ഗ്രാഫ്റ്റ്ചെയ്ത് വിളക്കിച്ചേര്‍ത്തുകൊണ്ടാണ് പൗരോഹിത്യത്തിന്‍റെ അജന്‍ഡ സാര്‍ത്ഥകമാക്കിയത്. പില്‍കാലത്ത് കണ്ടെടുത്ത ബൗദ്ധസാഹിത്യം മുഴുവനും ഇത്തരം കഥകളാല്‍ മുഖരിതമാണ്.  ‘എന്നില്‍ വിശ്വാസവും ഭക്തിയുമുണ്ടെങ്കില്‍ സ്വര്‍ഗം ലഭിക്കും’ എന്നിങ്ങനെ ഉദ്ഘോഷിക്കുന്ന മജ്ഝിമനികായം ഭഗവദ്ഗീതയിലെ ഭക്തിസിദ്ധാന്തത്തെ മുറുകെപ്പിടിക്കുകയും രക്ഷകനായി ഒരീശ്വരനെ, ബുദ്ധനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ‘ഞാന്‍ ധര്‍മ്മത്തെ വിവിധ രൂപങ്ങളില്‍ പ്രകാശിപ്പിക്കുന്നു. എന്തെന്നാല്‍ ജീവികളുടെ മനോഭാവങ്ങളും സ്വഭാവങ്ങളും വിഭിന്നങ്ങളാണ്. ഞാന്‍ ഓരോരുത്തരേയും ഉണര്‍ത്താന്‍ അതാതാളുകളുടെ സ്വഭാവത്തിന്നനുഗുണമായി ഭിന്നോപകരണങ്ങളുപയോഗിക്കുന്നു’; ‘ബുദ്ധന്മാരുടെ ദീര്‍ഘമായ പരമ്പരയിലെ ഒരാളാണ് ഞാന്‍. പലരും മുമ്പ് അവതരിച്ചിട്ടുണ്ട്; പലരും ഇനി ഭാവിയില്‍ അവതരിക്കും. അധര്‍മ്മവും ഹിംസയും ഈ ഭൂമിയില്‍ ആകെ പരന്നു ഭരണം നടത്തുമ്പോള്‍ ബുദ്ധനിവിടെ ധര്‍മ്മരാജ്യം സ്ഥാപിക്കാന്‍ അവതരിക്കുന്നു’; ‘ഞാന്‍ ഈ ലോകത്തിന്‍റെ പിതാവാണ്. എന്നില്‍നിന്നുതന്നെ ഉത്ഭവിച്ചവനാണ്’; ‘എന്നെ വിശ്വസിക്കുന്നവര്‍ക്കെല്ലാം ഞാന്‍ നന്മ ചെയ്യും. എന്നെ ശരണം പ്രാപിക്കുവാന്‍ ശ്രമിക്കുന്നവരെല്ലാം എന്‍റെ മിത്രങ്ങളാണ്.’ ഭഗവദ്ഗീതയിലും മറ്റുമുള്ള വരികളാണോ എന്ന് സംശയിച്ചുപോകുന്ന ഇത്തരം ആശയങ്ങളാല്‍ സമൃദ്ധമാണ് പില്‍ക്കാല ബൗദ്ധസാഹിത്യം. അതുകൊണ്ടുതന്നെയാണ് ഭഗവദ്ഗീതാമതത്തില്‍നിന്നതിനെ തിരിച്ചറിയാന്‍ ഫലത്തില്‍ യാതൊന്നുമില്ല എന്ന് ഡോ. രാധാകൃഷ്ണന്‍ കുറിച്ചുവെച്ചത്. (ഭാരതീയദര്‍ശനം. 1983. ഭാഗം ഒന്ന്. പുറം. 553) പുറത്ത് ബുദ്ധന്‍റെ മേലങ്കിയും അകത്ത് ബ്രാഹ്മണപുരോഹിത മേധാവിത്തത്തിന്‍റെ വൈദികസംസ്കാരവും ഉപനിഷത് വാക്യങ്ങളും ഗീതാസൂക്തങ്ങളുമായി ഇക്കൂട്ടര്‍ നിറഞ്ഞാടി. ഒടുവില്‍ ബുദ്ധന്‍ വിഷ്ണുവിന്‍റെ അവതാരമായി അരങ്ങൊഴിഞ്ഞു. ഡോ.എസ്. രാധാകൃഷ്ണനുപോലും ഇത് രേഖപ്പെടുത്തേണ്ടിവന്നു. അതിങ്ങനെ സംഗ്രഹിക്കാം: ഇന്ത്യയില്‍നിന്ന് ബുദ്ധമതത്തിന്‍റെ തിരോഭാവത്തിനുളള മുഖ്യകാരണം അത് വളര്‍ന്നുകൊണ്ടിരുന്ന ഹിന്ദുമതത്തിന്‍റെ മറ്റു ശാഖകളായ വൈഷ്ണവമതം, ശൈവമതം, താന്ത്രികമതം എന്നിവയില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ വിഷമമായതുകൊണ്ടാണ്. അത് വളരെയേറെ അന്ധവിശ്വാസങ്ങളെ വികസിപ്പിച്ചതിനാല്‍ ജനങ്ങളെ കൂടുതല്‍ അസംതൃപ്തരാക്കി. സ്വര്‍ഗനരകങ്ങളും, ഭക്തിയും, പ്രാര്‍ത്ഥനയും, മോക്ഷചിന്തയുമെല്ലാം ബുദ്ധമതത്തിന്‍റ അഭേദ്യഭാഗമായി. സ്വാഭാവികമായും ഘോരമായ അനിയന്ത്രിതാചാരങ്ങളേയും വിഫലമായ താര്‍ക്കികരീതികൊണ്ട് വാദിച്ചു സമര്‍ത്ഥിക്കേണ്ടതായി വന്നു. ഇന്ദ്രജാലം, മന്ത്രവാദം, ഭൂതപ്രേതദര്‍ശനം, പരോക്ഷദര്‍ശനം എന്നിവയെ സംബന്ധിച്ച കഥകളോട് അത് കാണിച്ച ആതിഥ്യപ്രീതി അതിന്‍റെ ശക്തി ക്ഷയിപ്പിച്ചു. അനുയായികള്‍ ആഡംബരഹീനനും പ്രശാന്തഹൃദയനുമായ ആ ഏകാന്തവ്യക്തിയെ, മഞ്ഞവസ്ത്രം ധരിച്ച് നഗ്നപാദനും നമ്രശിരസ്കനുമായി കാശിനഗരത്തിലേക്ക് യാത്ര ചെയ്തിരുന്ന ആ പ്രശാന്താത്മാവിനെ വിലകുറഞ്ഞ അത്ഭുത കൃത്യങ്ങളെക്കൊണ്ടും ആശ്ചര്യങ്ങളെക്കൊണ്ടും ആവരണംചെയ്തു. മതപ്രചാരകന്മാര്‍ ബുദ്ധനുചുറ്റും കൂടുതല്‍ കൂടുതല്‍ മിഥ്യാ ചരിത്രങ്ങള്‍ വികസിപ്പിച്ചെടുത്തു. ബുദ്ധനെ ദൈവമാക്കാന്‍വേണ്ടി നൂറുനൂറു കഥകള്‍ ചമയ്ക്കപ്പെട്ടു. അനാരോഗ്യകരമായ ഇത്തരം സങ്കല്പങ്ങളുടെ അതിപ്രസരംകൊണ്ട് ഗൗതമബുദ്ധന്‍റെ ധാര്‍മ്മികോപദേശങ്ങള്‍ മിക്കവാറും ദൃഷ്ടിപഥത്തില്‍നിന്നും മാഞ്ഞുപോയി. അന്തരീക്ഷമാകെ ബൗദ്ധികപ്രവര്‍ത്തനത്തിന്‍റെ കളള പ്രമാണങ്ങള്‍കൊണ്ടു നിറഞ്ഞു. പവിത്ര ജീവിതത്തിന് ആത്മാര്‍പ്പണം ചെയ്ത പരിവ്രാജകഭിക്ഷുക്കളില്ലാതായി. അവരുടെ സ്ഥാനത്ത് തടിച്ചുകൊഴുത്ത പുരോഹിതന്മാരോടുകൂടിയ ബുദ്ധവിഹാരങ്ങള്‍ ഉയര്‍ന്നുവന്നു. ബൗദ്ധധര്‍മ്മത്തിന്‍റെ ജീവിതം അതിനെ ആവരണം ചെയ്ത ഇന്ദ്രിയലോലുപതയുടേയും അന്ധവിശ്വാസങ്ങളുടേയും സ്വാര്‍ത്ഥതയുടേയും സംയുക്ത പുഞ്ജത്താല്‍ ശ്വാസംമുട്ടി. ആദി ബുദ്ധമതത്തിന്‍റെ യഥാര്‍ത്ഥ തത്ത്വങ്ങള്‍ ഐതിഹ്യങ്ങളുടേയും കല്പിതകഥകളുടേയും കുപ്പക്കൂമ്പാരത്തില്‍ കുഴിച്ചുമൂടപ്പെട്ടു. ബുദ്ധമതത്തിന് അതിന്‍റെ സ്വന്തമെന്നനിലയില്‍ വ്യക്തമായൊന്നും മുന്നോട്ടുവെക്കാനില്ലാതായി. ബ്രാഹ്മണപുരോഹിതമതം ബുദ്ധനെ വിഷ്ണുവിന്‍റെ അവതാരമായി പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ ബുദ്ധമതത്തിന്‍റെ മരണമണി മുഴങ്ങി. അത് ഹിന്ദുമതത്തോടുരുകിച്ചേര്‍ന്നു വിലയം പ്രാപിച്ചു. (ഭാരതീയദര്‍ശനം, ഒന്നാംഭാഗം. പുറം. 558-560)

ശങ്കരനെ ‘പ്രച്ഛന്നബുദ്ധന്‍’ എന്നു പരിഹസിച്ചിട്ടുണ്ട് വേദാന്തികളും മറ്റും, അദ്ദേഹത്തിന്‍റെ ദര്‍ശനത്തെ ‘പ്രച്ഛന്നബുദ്ധിസം’ എന്നും. പ്രസിദ്ധ വേദാന്തസൂത്ര വ്യാഖ്യാതാവായ ഭാസ്കരന്‍ (750-800) ശങ്കരനെ ‘ബൗദ്ധമതാവലംബി’-ബുദ്ധമതത്തെ ആശ്രയിച്ച് നിലനില്ക്കുന്നവന്‍-എന്നാണ് വിളിച്ചിട്ടുള്ളത്. (ബ്രഹ്മസൂത്ര ഭാഷ്യം). തുടര്‍ന്നു വന്ന യാമുനാചാര്യനും (918-1038) രാമാനുജനും (1017-1037) മധ്വനും (1197-1276) വല്ലഭനും (1473-1531) മറ്റും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. അവരെല്ലാം ഒരേ സ്വരത്തില്‍ ഉറക്കെ പറഞ്ഞത് ശങ്കരന്‍റെ ദര്‍ശനം അടിസ്ഥാനപരമായും ബുദ്ധദര്‍ശനമാണ് എന്നാണ്. പതിനാറാം നൂറ്റാണ്ടിന്‍റെ അവസാനാര്‍ദ്ധത്തില്‍ പ്രസിദ്ധ സാംഖ്യദാര്‍ശനികനായ വിജ്ഞാനഭിക്ഷു തന്‍റെ സാംഖ്യപ്രവചനഭാഷ്യത്തില്‍ ശങ്കരന്‍റെ മായാവാദത്തെ ബുദ്ധമതത്തിലെ വിജ്ഞാനവാദികളുടെ നിലപാടുകളുടെ ആവര്‍ത്തനമാണെന്ന് സ്ഥാപിച്ചുകൊണ്ടാണ് അദ്വൈതദര്‍ശനത്തെ അടിമുടി വിചാരണചെയ്തിരിക്കുന്നത്. ശങ്കരന്‍റെ മായാവാദം തെറ്റായ ആശയമാണെന്നും അത് ബൗദ്ധരുടെ സിദ്ധാന്തമാണെന്നും പത്മപുരാണത്തെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം സ്ഥാപിക്കുന്നു.

മായാവാദം അസച്ഛാസ്ത്രം പ്രച്ഛന്നം ബൗദ്ധ ഉച്യതേ.
മയൈവ കഥിതം ദേവി കലൗ ബ്രാഹ്മണരൂപിണാ.
(മായാവാദം കപടശാസ്ത്രവും പ്രച്ഛന്ന ബൗദ്ധവുമാണ്. അല്ലയോ ദേവി! കലിയുഗത്തില്‍ പാഷണ്ഡന്മാരെ നശിപ്പിക്കുന്നതിനായി ബ്രാഹ്മണവേഷംപൂണ്ട് ഞാന്‍തന്നെ ഉപദേശിച്ചതാണ്. (ഉത്തരഖണ്ഡം.236.7)

ആധുനിക ദാര്‍ശനികചരിത്രകാരന്മാരും ഈ ആശയത്തെ പിന്‍പറ്റുന്നവരാണ്: എസ്.എന്‍.ദാസ്ഗുപ്ത എഴുതുന്നു:
ശങ്കരനും അദ്ദേഹത്തെ പിന്തുടരുന്നവരും അവരുടെ ശാസ്ത്ര വിശകലനത്തിന് ബൗദ്ധന്മാരില്‍നിന്നും ധാരാളം കടംകൊണ്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ബ്രഹ്മസങ്കല്പം നാഗാര്‍ജുനന്‍റെ ശൂന്യ സങ്കല്പം തന്നെയാണ്. ശങ്കരദര്‍ശനം ബൗദ്ധധാരകളായ വിജ്ഞാനവാദവും ശൂന്യവാദവും വളരെ വലിയ അളവില്‍ സങ്കലനംചെയ്ത് ഉപനിഷത്തുകളിലെ ആത്മസങ്കല്പത്തെ ഉള്‍ച്ചേര്‍ത്തുകൊണ്ട് രൂപപ്പെടുത്തിയതാണ്. (ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി. ഭാഗം ഒന്ന്. പുറം. 49394)

ഡോ. എസ്. രാധാകൃഷ്ണനും ഈ ആശയത്തെതന്നെയാണ് പിന്‍പറ്റുന്നത്: നാഗാര്‍ജുനന്‍റെ ദര്‍ശനം ‘ബുദ്ധമതവീക്ഷണത്തോട് പ്രത്യേകം ബന്ധപ്പെട്ടതും ബുദ്ധമതത്തിന്‍റെ തണലില്‍ വളര്‍ന്നതുമാണ്. (ഭാരതീയദര്‍ശനം. പുറം. 595). ‘മാധ്യമിക സിദ്ധാന്തം അദ്വൈത വേദാന്തദര്‍ശനത്തില്‍ അത്യന്തം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു പറയേണ്ട ആവശ്യമില്ല. ഗൗഡപാദകാരികകളിലെ അലാതശാന്തി പ്രകരണം മാദ്ധ്യമിക സിദ്ധാന്തങ്ങള്‍ നിറഞ്ഞതാണ്. വ്യവഹാരവും പരമാര്‍ത്ഥവും തമ്മിലുളള അദ്വൈതപരമായ ഭേദം മാദ്ധ്യമികന്മാരുടെ സംവൃതിയും പരമാര്‍ത്ഥവും തമ്മിലുളള ഭേദത്തോട് യോജിക്കുന്നതാണ്. ശങ്കരന്‍റെ നിര്‍ഗുണബ്രഹ്മവും നാഗാര്‍ജുനന്‍റെ ശൂന്യവും ഏറെക്കുറെ ഒന്നുതന്നെയാണ്.’ (പുറം.618)

വാസ്തവത്തില്‍ ശങ്കരന്‍ തന്‍റെ ദര്‍ശനത്തെ രൂപപ്പെടുത്തുവാന്‍ അടിസ്ഥാനപരമായും ആശ്രയിച്ചത് തന്‍റെ പരമഗുരുവായ ഗൗഡപാദന്‍റെ മാണ്ഡൂക്യകാരികയാണ്. ഗൗഡപാദന്‍ ശങ്കരന്‍റെ ഗുരുവായ ഗോവിന്ദാചാര്യരുടെ ഗുരുവാണ്. ഗൗഡപാദന്‍റെ കാലഘട്ടം ക്രിസ്തുവര്‍ഷം ഏതാണ്ട് അഞ്ചാം നൂറ്റാണ്ടാണെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഗൗഡപാദന്‍റെ മാണ്ഡൂക്യകാരികയാകട്ടെ ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ വിരചിതമെന്ന് കരുതപ്പെടുന്ന നാഗാര്‍ജുനന്‍റെ മാദ്ധ്യമികകാരികയിലെ ആശയങ്ങളുടെ തനി ആവര്‍ത്തനവുമാണ്. അതായത് നാഗാര്‍ജുനന്‍റെ മാദ്ധ്യമിക കാരികയിലെ ആശയങ്ങള്‍ കടമെടുത്തും വികസിപ്പിച്ചും മാണ്ഡൂക്യോപനിഷത്ത് വ്യാഖ്യാനമെന്ന രൂപത്തില്‍ ഗൗഡപാദര്‍ വിരചിച്ച മാണ്ഡൂക്യകാരികയെ അടിസ്ഥാനപ്പെടുത്തി പടുത്തുയര്‍ത്തിയതാണ് ശങ്കരാദ്വൈതം.

എന്നാല്‍ തന്‍റെ കൃതികളില്‍ ഒരിടത്തും താന്‍ നാഗാര്‍ജുനനോടും മറ്റു ബൗദ്ധദാര്‍ശനികന്മാരോടും അധമര്‍ണ്ണനാണെന്ന് കുറിച്ചുവെക്കാന്‍ ശങ്കരന്‍റെ ധാര്‍മ്മികതയ്ക്കായില്ല. താനും നാഗാര്‍ജുനനും രണ്ടല്ല എന്ന അദ്വൈതചിന്തയായിരിക്കാം ഇവിടെ ശങ്കരനെ നയിച്ചത് എന്ന് നമുക്ക് ആശ്വസിക്കാം. എന്നാല്‍ ഈ അദ്വൈതചിന്തയൊന്നും സ്വന്തം കര്‍മ്മപഥത്തില്‍ ശങ്കരന് വെളിച്ചം നല്‍കിയില്ല. ബൗദ്ധന്മാരടക്കമുള്ള ഇതര ദാര്‍ശനികപ്രതിഭകളേയും തദ്ദര്‍ശനങ്ങളേയും ശത്രുക്കളെയെന്നോണം അപരന്മാരായി കണ്ട് നിശിതമായി ഖണ്ഡിച്ചെറിയുന്നതിന് ശങ്കരന് തന്‍റെ അദ്വൈതസിദ്ധാന്തം ഒരു തടസ്സമായിരുന്നില്ല

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + four =

Most Popular