Friday, April 26, 2024

ad

Homeജൻഡർനീതിക്കുവേണ്ടി പൊരുതുന്ന 
ഗുസ്‌തിതാരങ്ങൾ

നീതിക്കുവേണ്ടി പൊരുതുന്ന 
ഗുസ്‌തിതാരങ്ങൾ

കെ ആർ മായ

‘‘ഞങ്ങൾ ജയിക്കുമ്പോൾ അഭിനന്ദിക്കാൻ എല്ലാവരും മുന്നോട്ടുവരും. ക്രിക്കറ്റ്‌ കളിക്കാർവരെ അപ്പോൾ ട്വീറ്റുകളുമായെത്തും. ഇപ്പോൾ ഇവർക്കെന്തുപറ്റി? നിങ്ങൾ വ്യവസ്ഥിതിയെ പേടിക്കുകയാണോ? പേരുകേട്ട ക്രിക്കറ്റ്‌ താരങ്ങളേ നിങ്ങൾ ഭീരുക്കളാണോ?

ഏഷ്യൻ, കോമൺവെൽത്ത്‌ ഗെയിംസുകളിൽ സ്വർണമെഡൽ നേടി, ഇന്ത്യയ്‌ക്ക്‌ അഭിമാനമായി മാറിയ വനിതാ ഗുസ്‌തിതാരം വിനേഷ്‌ ഫോഗട്ട്‌ ഉയർത്തിയ ഈ ചോദ്യം ക്രിക്കറ്റർമാരോടു മാത്രമല്ല, ഇന്ത്യൻ കായികരംഗത്തെയാകെ ചരിത്രപരമായിത്തന്നെ ഗ്രസിച്ചിട്ടുള്ള പുരുഷാധിപത്യമെന്ന, സ്ഥാപനവൽക്കരിക്കപ്പെട്ട വ്യവസ്ഥിതിക്കുനേരെ കൂടിയാണ്‌.

ഒളിന്പിക്‌സ്‌, കോമൺവെൽത്ത്‌, ഏഷ്യൻ, ലോകചാന്പ്യൻഷിപ്പുകൾ എന്നിവയിൽ ഇന്ത്യക്ക്‌ കീർത്തി സമ്മാനിച്ച വനിതാ ഗുസ്‌തിതാരങ്ങൾ ഇന്ന്‌ നീതിക്കായി സമരചെയ്യേണ്ടിവന്ന അവസ്ഥ ഇന്ത്യൻ കായികരംഗത്തിന്റെ ലജ്ജാകരമായ അധഃപതനത്തിന്റെ മൂടുപടമാണ്‌ മറനിക്കിയിരിക്കുന്നത്‌. പരിശീലകന്മാരുടെ ലൈംഗികാതിക്രമങ്ങളെയും മോശം പെരുമാറ്റത്തെയുംകുറിച്ചുള്ള പരാതികൾ മുന്പും ഉയർന്നുവന്നിട്ടുണ്ട്‌. എന്നാൽ ഇതാദ്യമായാണ്‌ തങ്ങൾക്ക്‌ നീതി ലഭിക്കണമെന്നും കുറ്റക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട്‌ കായികതാരങ്ങൾ പ്രക്ഷോഭത്തിനിറങ്ങുന്നത്‌. ഉത്തർപ്രദേശിലെ ഗോണ്ടയിൽനിന്നുള്ള ബിജെപി എംപിയും റസ്സലിങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷൺ സിങ്‌ കഴിഞ്ഞ പത്തുവർഷമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ നിരവധി വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികാതിക്രമത്തിനിരയാക്കി എന്ന പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻപോലും പൊലീസ്‌ തയ്യാറായില്ല. തുടർന്നാണ്‌ വനിത ഗുസ്‌തിതാരങ്ങൾ ഡൽഹിയിലെ ജന്തർമന്തറിൽ 2023 ജനുവരിയിൽ പ്രതിഷേധമാരംഭിച്ചത്‌. ബ്രിജ്‌ഭൂഷണെതിരെ കേസെടുക്കുകയും സംഭവത്തെപ്പറ്റി സ്‌പോർട്‌സ്‌ മന്ത്രാലയം അന്വേഷണം നടത്തുകയും വേണം. ഇതായിരുന്നു അവർ ആവശ്യപ്പെട്ടത്‌. സമരം ശക്തമാകുമെന്നു കണ്ടതോടെ, ഒളിന്പിക്‌ മെഡൽ ജേതാവായ മേരികോമും മോദി സർക്കാർ നാമനിർദേശംചെയ്‌ത രാജ്യസഭാംഗവും കായികതാരവുമായ യോഗേശ്വർ ദത്തും ഉൾപ്പെടുന്ന ഏഴംഗസമിതിയെ നിയോഗിച്ചതിനെത്തുടർന്നായിരുന്നു സമരം അവസാനിച്ചത്‌. എന്നാൽ ഡബ്ല്യുഎഫ്‌ഐയും പരാതിക്കാരും തമ്മിൽ ഒത്തുതീർപ്പിനുള്ള നിർദേശമാണ്‌ സമിതി മുന്നോട്ടുവച്ചത്‌. അതിനവർ തയ്യാറായില്ല. അതുകൊണ്ടുതന്നെ അവർക്കു വീണ്ടും ജന്തർമന്തറിലേക്കുതന്നെ മടങ്ങേണ്ടിവന്നു. സമരം ശക്തമായിട്ടും പൊലീസ്‌ ബ്രിജ്‌ഭൂഷണെതിനെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. തുടർന്ന്‌ താരങ്ങൾ സുപ്രിംകോടതിയിൽ പരാതി നൽകി. കോടതി ഡൽഹി ഹൈക്കമീഷണർക്ക്‌ നോട്ടീസ്‌ നൽകിയതിനെത്തുടർന്ന്‌ ബ്രിജ്‌ ഭൂഷണെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ്‌ നിർബന്ധിതരായി.

എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തപ്പോൾ യുപിയിലേക്ക്‌ കടന്ന ബ്രിജ്‌ഭൂഷണെ പൂവിതറിയാണ്‌ ബിജെപി പ്രവർത്തകർ സ്വീകരിച്ചത്‌. കാശ്‌മിരിലെ കത്വയിൽ ആസിഫ എന്ന എട്ടുവയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിലെ ആർഎസ്‌എസുകാരായ പ്രതികളെ സംരക്ഷിക്കാൻവേണ്ടി ഹിന്ദു ഏകതാ മഞ്ച്‌ രൂപീകരിച്ച്‌ ബിജെപി മന്ത്രിമാരുൾപ്പെടെ പങ്കെടുത്ത റാലിയിൽ പ്രതികളെ പൂമാലയിട്ട്‌ സ്വീകരിച്ചതും ഈ സന്ദർഭത്തിൽ ഓർക്കണം.

രോഗാതുരമായ ഇന്ത്യൻ 
കായികരംഗം
കായികരംഗത്തെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച്‌ പലപ്പോഴായി പരാതികൾ ഉയർന്നുവന്നിട്ടുണ്ട്‌. സ്‌പോർട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ 2020ൽ പുറത്തുവിട്ട റിപ്പോർട്ടു പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ 45 പരാതികൾ ലഭിച്ചു. അതിൽ 29ഉം പരിശീലകർക്കെതിരെയാണ്‌. പല കേസുകളും റിപ്പോർട്ടു ചെയ്യപ്പെടാതെ പോകുന്നതായും റിപ്പോർട്ട്‌ എടുത്തുപറയുന്നു. പരാതിപ്പെട്ടാൽ തങ്ങളുടെ കരിയർ സാധ്യതകൾ ഇല്ലാതാകുമോ എന്ന ഭയവും ഇവരെ പരാതിയിൽനിന്നു പിന്തിരിപ്പിക്കുന്നു. എങ്കിലും ചില സംഭവങ്ങൾ പുറത്തുവന്നു. രണ്ടുവർഷം മുന്പാണ്‌ അത്‌ലറ്റിക്‌സ്‌ കോച്ച്‌ പി നാഗരാജനെതിരെ ഏഴ്‌ പെൺകുട്ടികൾ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചത്‌. അതിൽ ഒരു കുട്ടിക്ക്‌ 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ആ പെൺകുട്ടിയെയും കുടുംബത്തെയും കൊന്നുകളയുമെന്ന്‌ അയാൾ ഭീഷണി മുഴക്കി. ആരോപണങ്ങൾ കൂടുതൽ പുറത്തുവന്നതോടെ പോസ്‌കോ പ്രകാരം അയാളെ അറസ്റ്റ്‌ ചെയ്‌തു. പരിശീനത്തിനായുള്ള യാത്രയ്‌ക്കിടെ വനിതാ സൈക്ലിസ്‌റ്റിനോട്‌ മോശമായി പെരുമാറിയതിന്‌ പരിശീലനകർ ആർ കെ ശർമയെ സ്‌പോർട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ പുറത്താക്കി. എന്തിനേറെ, ഇപ്പോൾ ബ്രിജ്‌ഭൂഷണെതിരായ ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്ന സമിതിയുടെ മേൽനോട്ടം വഹിക്കുന്ന മേരികോം താൻ ലൈംഗികാതിക്രമത്തിനിരയായതായി വെളിപ്പെടുത്തിയിട്ടുണ്ട്‌. അതേപ്പറ്റി സ്വന്തം മക്കൾക്ക്‌ അവർ കത്തെഴുതിയിരുന്നു. മണിപ്പൂരിലും ഡൽഹിയിലും വച്ച്‌ താൻ പീഡനത്തിനിരയായിട്ടുണ്ടെന്ന്‌, ഇടിക്കൂട്ടിലെ മാസ്‌മരികശക്തിയാൽ ഇന്ത്യയെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ച മേരികോമിനുപോലും താൻ ലൈംഗികാതിക്രമം നേരിട്ടുവെന്ന്‌ തുറന്നുപറയേണ്ടിവന്ന അവസ്ഥ ഇന്ത്യൻ കായികരംഗത്തെ ബാധിച്ചിട്ടുള്ള കാതലായ രോഗാതുരതയുടെ ആഴം വെളിവാക്കുന്നു.

ഇന്ത്യയിൽ കായികരംഗത്തെ പെൺകുട്ടികൾക്ക്‌ ലിംഗവിവേചനത്തോടും പിതൃകേന്ദ്രീകൃത മൂല്യവ്യവസ്ഥയോടും പൊരുതിക്കൊണ്ടു മാത്രമേ ഉയർന്നുവരാനാകൂ. പ്രത്യേകിച്ച്‌ ഹരിയാനപോലുള്ള സംസ്ഥാനങ്ങളിൽ. ലിംഗവിവേചനത്തിന്റെ ഭാഗമായിത്തന്നെ സ്‌ത്രീ‐പുരുഷാനുപാതത്തിലെ അന്തരം വളരെ ഉയർന്നുനിൽക്കുന്ന ഇവിടെ സ്‌ത്രീയുടെ പോരാട്ടം ഒരർഥത്തിൽ ഭ്രൂണാവസ്ഥയിലേ തുടങ്ങുന്നു. പരന്പരാഗതമായിത്തന്നെ ഗുസ്‌തിക്ക്‌ പ്രാധാന്യമുള്ള ഹരിയാനയിൽ പെൺകുട്ടികൾ പ്രാദേശികമായും ഏറിയാൽ സംസ്ഥാനതലംവരെയും മാത്രം പങ്കെടുത്തിരുന്ന ഇനമായിരുന്നു. എന്നാൽ കഠിനപരിശ്രമത്തിലൂടെ അവർ സംസ്ഥാനത്തിനു പുറത്തുള്ള മത്സരങ്ങളിലും ഒളിന്പിക്‌സിലും വരെയെത്തി. 1987ൽ വനിതാ ഗുസ്‌തി ലോക ചാന്പ്യൻഷിപ്പ്‌ ഇന്ത്യയിൽവച്ച്‌ നടന്നെങ്കിലും ഇന്ത്യയിൽ 2000 വരെ ഗുസ്‌തി പുരുഷന്മാർക്കു മാത്രമുള്ളതായിരുന്നു. 2004ൽ ഏതൻസ്‌ ഒളിന്പിക്‌സിലാണ്‌ ഇന്ത്യയിൽനിന്നു വനിതാ താരങ്ങൾ പങ്കെടുക്കുന്നത്‌. വനിതാ ഗുസ്‌തിക്കാർക്കായി അതുവരെയും മത്സരവേദി തുറന്നിട്ടുണ്ടായിരുന്നില്ല. ഗ്രാമങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കായികപരിപാടി മാത്രമായിരുന്നു ഗുസ്‌തി. മിക്കവാറും വലിയ പരിശീലകരൊന്നും ഗുസ്‌തിയിൽ സ്‌ത്രീകൾക്ക്‌ ഇടംനൽകാൻ മടിച്ചു. വൈകിയാണ്‌ ദേശീയതലത്തിൽ ഈ മേഖലയിലേക്ക്‌ പെൺകുട്ടികളെത്തിയതെങ്കിലും 2006ലെ ലോക ചാന്പ്യൻഷിപ്പിലെ വെങ്കല മെഡൽനേട്ടത്തോടെ വനിതാ ഗുസ്‌തിയിലെ സാധ്യത ഇന്ത്യ തിരിച്ചറിഞ്ഞു. ഇന്ത്യൻ കായികരംഗത്ത്‌ കൊടികുത്തിവാഴുന്ന പുരുഷാധിപത്യം ഗുസ്‌തിയിലെ പെൺമുന്നേറ്റത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിപ്പിച്ചെങ്കിലും മേരി കോമും സാക്ഷി മല്ലിക്കും വിനേഷ്‌ ഫോഗട്ടുമൊക്കെ ഇന്ത്യക്കുവേണ്ടി നേട്ടങ്ങൾ കൊയ്‌തു. ഇവർക്കാണ്‌ ഇപ്പോൾ നീതിക്കായി പോരാടാനിറങ്ങേണ്ടിവന്നിരിക്കുന്നത്‌.

യോജിച്ച പോരാട്ടത്തിന്റെ പ്രസക്‌തി
ജന്തർ മന്തറിൽ സമരത്തിന്റെ തുടക്കത്തിൽതന്നെ വൃന്ദാ കാരാട്ടുൾപ്പെടെയുള്ള ഇടതുപക്ഷ പ്രവർത്തകർ പിന്തുണയുമായി എത്തിയപ്പോൾ, സമരത്തെ ഹൈജാക്ക്‌ ചെയ്യുകയാണെന്നും രാഷ്‌ട്രീയ മുതലെടുപ്പിന്‌ എത്തിയിരിക്കുകയാണെന്നും ആരോപിച്ച്‌ സമരരംഗത്തുള്ളവരിൽ ചിലർ അകറ്റാൻ ശ്രമം നടത്തി. മാധ്യമങ്ങൾ കിട്ടിയ അവസരം മുതലെടുത്ത്‌ ഇടതുപക്ഷത്തെ യൊന്നാകെ അധിക്ഷേപിച്ചു. ജനുവരിയിൽ ആരംഭിച്ച സമരം, പ്രശ്‌നത്തിന്‌ പരിഹാരമാകുമെന്ന പ്രതീക്ഷയിൽ സമരക്കാർ അവസാനിപ്പിച്ചെങ്കിലും കുറ്റാരോപിതനായ ബ്രിജ്‌ഭൂഷണെ സംരക്ഷിക്കുന്ന നിലപാടാണ്‌ ബിജെപി സ്വീകരിച്ചത്‌. അതിനെതിരെ സിപിഐ എമ്മും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ശക്തമായ നിലപാട്‌ സ്വീകരിച്ചു. ബ്രിഭൂജണെതിരെ നടപടിയെടുക്കുംവരെ പ്രതിഷേധം തുടരാനും തീരുമാനിച്ചു. അതിന്റെ ഭാഗമായി സമരം നടത്തുന്ന താരങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധയോഗങ്ങൾ സംഘടിപ്പിച്ചു. തങ്ങൾ മുന്നോട്ടുവച്ച ആവശ്യത്തിന്മേൽ ഒരടിപോലും മുന്നോട്ടു നീങ്ങുന്നില്ലെന്നു കണ്ടപ്പോൾ ഗുസ്‌തിതാരങ്ങൾക്ക്‌ വീണ്ടും സമരമുഖം തുറക്കേണ്ടിവന്നു. സമരം ശക്തമായി. പിന്തുണയുമായെത്തിയ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. താരങ്ങളുടെ പരാതിയിന്മേൽ സുപ്രിം കോടതി ഇടപെട്ടു. ബ്രിജ്‌ഭൂണെതിരെ എഫ്‌ഐആർ ഫയൽ ചെയ്‌തു. എന്നാൽ ബ്രിജ്‌ഭൂഷണെതിരെ നടപടി ഉണ്ടാകുംവരെ സമരം തുടരാനാണ്‌ ഗുസ്‌തി താരങ്ങളുടെ തീരുമാനം. തങ്ങൾ ഉന്നയിച്ച്‌ പ്രശ്‌നത്തിന്‌ താൽക്കാലിക പരിഹാരമായെങ്കിലും പഴയ അവസ്ഥയിലേക്കു തിരിച്ചുപോകാതിരിക്കാൻ, ഇനിയും ശക്തമായ സമരങ്ങൾ വേണ്ടിവരും. എന്നും ഒറ്റപ്പെട്ട സമരങ്ങൾക്കല്ല കൂട്ടായ സമരങ്ങൾക്കു മാത്രമേ സംഘടിതശക്തിയായി മാറാൻ കഴിയൂ എന്നും അനുഭവത്തിലൂടെ സ്വയം ബോധ്യപ്പെടാനുള്ള ഒരു അവസരം കൂടിയായി ഈ സമരം മാറി. യോജിച്ച പോരാട്ടങ്ങൾ തന്നെയായിരിക്കും വരുംകാലങ്ങിലും. രാഷ്‌ട്രീയ അധികാരത്തിന്റെ പിൻബലത്തിൽ നടത്തുന്ന അക്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ നമുക്കു മുന്നിലുള്ള മുഖ്യമായ മാർഗം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 − five =

Most Popular