Wednesday, November 4, 2026

ad

Homeകവര്‍സ്റ്റോറിഏറ്റെടുത്ത 
ഭൂമിയുടെ വില

ഏറ്റെടുത്ത 
ഭൂമിയുടെ വില

നിയമമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ പത്രസമ്മേളനത്തിൽ ആംഗ്യവിക്ഷേപങ്ങളോടെ കിഫ്ബിയുടെ തട്ടിപ്പിനെക്കുറിച്ച് പറയുകയാണ്. വിപണി വിലയുടെ അഞ്ചിരട്ടി വിലയാണ് കിഫ്ബി നൽകിയത്. ഈ ഭൂമി ബാങ്കിൽ കൊണ്ടുവച്ചാൽ അഞ്ചിലൊന്ന് മൂല്യമേ കിട്ടുകയുള്ളൂ!

നമ്മുടെ രാജ്യത്ത് ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്നത് യുപിഎ സർക്കാരിന്റെ കാലത്ത് പാസ്സാക്കിയ Right to Fair Compensation Act പ്രകാരമാണ്. ഇത് തങ്ങളുടെ വലിയ നേട്ടമായി കോൺഗ്രസുകാർ എപ്പോഴും പറയാറുള്ളതാണ്. എന്നിട്ടിപ്പോൾ അത് മറച്ചുവച്ച് കിഫ്ബി പണം നൽകിയ ഭൂമിയുടെ വിലയെക്കുറിച്ച് അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയാണ്.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ വളരെ കൃത്യമാണ്.

l ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാംശങ്ങൾ ഗസറ്റിലും പ്രാദേശിക ഭാഷാ പത്രങ്ങളിലും വിജ്ഞാപനം ചെയ്യണം.

l വിജ്ഞാപനത്തിനുശേഷം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് സാമൂഹികാഘാത പഠനം നടത്തണം.

l ഈ റിപ്പോർട്ട് ഒരു വിദഗ്ധ സമിതി പരിശോധിക്കണം. ആ വിദഗ്ധ സമിതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദഗ്ധർ തുടങ്ങിയവർ ഉണ്ടാകണം. ഈ റിപ്പോർട്ടിന്മേൽ പബ്ലിക് ഹിയറിങ്ങിലൂടെ പൊതുജനാഭിപ്രായം തേടണം.

l അതിനുശേഷമാണ് ഏറ്റെടുക്കാൻ പോകുന്ന ഭൂമിയുടെ അതിരുകൾ വ്യക്തമാക്കിക്കൊണ്ടുള്ള പ്രാഥമിക വിജ്ഞാപനം 11-ാം വകുപ്പ് പ്രകാരം ഇറക്കുന്നത്. അതിനുശേഷം ആ ഭൂമിയുടേയും ജംഗമസ്വത്തുക്കളുടേയും പൂർണ സർവ്വേ നടത്തും.

l അടുത്ത നടപടിയാണ് ഭൂമിയുടെ വില നിശ്ചയിക്കൽ. മൂന്ന് കൊല്ലത്തിനുള്ളിൽ അവിടെ ഒടുവിൽ രജിസ്റ്റർ ചെയ്ത ഏറ്റവും ഉയർന്ന വിലയുള്ള ഡോക്യുമെന്റുകളുടെ വിലയാണ് കമ്പോള വിലയായി നിശ്ചയിക്കുക.

l കമ്പോള വിലയെ ഭൂമിയുടെ നഗര സ്വഭാവവുംകൂടി കണക്കിലെടുത്ത് 1 മുതൽ 2 വരെയുള്ള ഫാക്ടർ കൊണ്ട് ഗുണിക്കും. നഗരത്തിൽ നിന്ന് ദൂരമേറുന്തോറും 2 -നടുത്തേക്ക് ഫാക്ടർ ഉയരും.

l അതു കഴിഞ്ഞാൽ ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടത്തിന്റെയും മരങ്ങളുടെയും വില പ്രത്യേകം നിശ്ചയിക്കും. അതുകൂടി ചേരുമ്പോഴാണ് ഭൂമിയുടെ അടിസ്ഥാന വില വരുന്നത്.

l അടിസ്ഥാന വിലയുടെ 100 ശതമാനം സൊലേഷ്യം എന്ന നിലയിൽ അധികമായി നൽകണം.

ഇതാണ് വില നിശ്ചയിക്കുന്നതിന് നിയമപരമായ രീതി. അതിന് നിയോഗിക്കപ്പെട്ട കളക്ടറെ പോലുള്ള ഉദ്യോഗസ്ഥർക്ക് അതോറിറ്റിയെന്ന നിലയിൽ പരിപൂർണ്ണ സ്വാതന്ത്ര്യമാണ് നിയമം നൽകിയിട്ടുള്ളത്. അതിൽ കിഫ്ബിക്ക് ഒരുപങ്കുമില്ല.

ഇതേ നിയമമനുസരിച്ചാണ് ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുത്തത്. പാലക്കാട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെല്ലാം ഭൂമി ഏറ്റെടുത്തു. പക്ഷേ, മറ്റെങ്ങുമില്ലാത്ത വിവാദം കണ്ണൂരിലെ ഭൂമി പാക്കേജിന് മാത്രമുണ്ടായി? കാര്യം വളരെ വ്യക്തമാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയാണ് കണ്ണൂർ. അവിടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒരു വിവാദം ഊതിവീർപ്പിക്കാനുള്ള ഗൂഢശ്രമമായിരുന്നു അത്.

പക്ഷേ, അത് അമ്പേ പൊളിഞ്ഞു. ഏറ്റെടുത്ത ഭൂമിയുടെ നടപടികളെല്ലാം നടന്നത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് തെളിഞ്ഞു. ഉപയോഗശൂന്യമെന്ന് വിധിയെഴുതിയ ഭൂമി ഇന്നിപ്പോൾ സ്മാർട്ട് സിറ്റികളാകാൻ പോകുന്നു.

ഇതൊന്നും കേരള മുഖ്യമന്ത്രിക്ക് അറിഞ്ഞുകൂടാത്തതല്ല. അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരിൽ ഭൂമി ഏറ്റെടുക്കുന്നതിനെച്ചൊല്ലി എന്തെല്ലാം വാദവിവാദങ്ങൾ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. അപ്പോൾ കാര്യങ്ങൾ നന്നായി അറിയാം. മനഃപൂർവ്വം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ കള്ളം പ്രചരിപ്പിക്കുകയാണ്. ഇത് ഒരു മുഖ്യമന്ത്രിക്ക് യോജിച്ച പ്രവൃത്തിയാണോയെന്ന് അദ്ദേഹം സ്വയം ആലോചിക്കട്ടെ. l

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + fifteen =

Most Popular