Wednesday, November 4, 2026

ad

Homeകവര്‍സ്റ്റോറികേന്ദ്ര നിലപാടിന്റെ 
പശ്ചാത്തലത്തിൽ കിഫ്ബി

കേന്ദ്ര നിലപാടിന്റെ 
പശ്ചാത്തലത്തിൽ കിഫ്ബി

ആദ്യം മറുപടി പറയേണ്ടത് യുഡിഎഫ് സർക്കാരാണ്. ഓഫ് ബജറ്റ് ബോറോയിങ്ങിന്റെ പേരിൽ കേന്ദ്ര സർക്കാരിന് വായ്പാപരിധി വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടോയെന്ന കാര്യം സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നടക്കുകയാണ്. ഈ കേസ് സംബന്ധിച്ച് യുഡിഎഫ് സർക്കാരിന്റെ നിലപാട് എന്താണ്? കേന്ദ്ര സർക്കാരിനോടൊപ്പം ചേർന്ന് കേരളത്തെ തോൽപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ടോ? ഇതിന് ആദ്യം മറുപടി പറയുക. എന്നിട്ടാകാം ബാക്കി ചർച്ചകൾ.

സുപ്രീം കോടതിയിലെ കേസ് സംബന്ധിച്ച് കേരളത്തിന്റെ വാദങ്ങൾ ഇവയാണ്-: കിഫ്ബി സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതത്തെ മാത്രം ആശ്രയിക്കുന്ന സ്ഥാപനമല്ല. ഏതാണ്ട് നാലിലൊന്ന് പ്രൊജക്ടുകൾ വരുമാനദായകമാണ്. ഭൂമി ഏറ്റെടുക്കാൻ നൽകുന്ന വായ്പ പലിശസഹിതം ഏജൻസികൾ തിരിച്ചടയ്ക്കണം.

കേന്ദ്ര സർക്കാരിന്റെ NHAI പോലുള്ള ഏജൻസികൾ പ്രവർത്തിക്കുന്ന അതേ മോഡലിലാണ് കിഫ്ബിയും പ്രവർത്തിക്കുന്നത്. കേന്ദ്രത്തിന്റെ ഏജൻസികൾ എടുക്കുന്ന വായ്പകൾ ധന ഉത്തരവാദിത്ത നിയമത്തിന്റെ കീഴിൽ വരില്ല. സംസ്ഥാന ഏജൻസികൾക്കേ ഇത് ബാധകമാകൂവെന്ന കേന്ദ്രത്തിന്റെ വിവേചനത്തിനെതിരായിട്ടാണ് സുപ്രീം കോടതിയിലെ കേസ്.

ഇനി, മറ്റൊന്നു കൂടിയുണ്ട്. കിഫ്ബി പ്രവർത്തിക്കുന്നത് സംസ്ഥാന നിയമസഭ പാസാക്കിയിട്ടുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ആ നിയമസാധുത റദ്ദാക്കാൻ സി&എജിക്കൊന്നും അവകാശമില്ല. അതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനും അവകാശമില്ല. നിയമത്തിൽ ഭരണഘടനാവിരുദ്ധ സമീപനമുണ്ടെങ്കിൽ അതു സംബന്ധിച്ച് തീർപ്പുണ്ടാക്കേണ്ടത് കോടതിയാണ്.

സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിൽ, കേന്ദ്ര സർക്കാർ എന്തെല്ലാമാണോ പറയുന്നത് അതെല്ലാം അംഗീകരിച്ച് സംസ്ഥാന നയത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് സുധാപിള്ള കമ്മിറ്റി. മറ്റെല്ലാത്തിലുമെന്നപോലെ ബിജെപിക്ക് കീഴടങ്ങുന്ന യുഡിഎഫ് സമീപനം ഇവിടെയും ആവർത്തിച്ചിരിക്കുന്നു.

“സർക്കാരിന്റെ കടമെടുപ്പിൽ കേന്ദ്രം 25,932 കോടി രൂപ വെട്ടിക്കുറച്ചതാവട്ടെ കിഫ്ബിയുടെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തുകയും ചെയ്തു” എന്നതാണ് സുധാപിള്ള കമ്മിറ്റിയുടെ വിമർശനം.

അതെ, അതുതന്നെയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനുവേണ്ടിയായിരുന്നു യുഡിഎഫും മുറവിളി കൂട്ടിക്കൊണ്ടിരുന്നത്. കേന്ദ്രം കൊട്ടിയടയ്ക്കാൻ ശ്രമിക്കുന്നത് കേരളം ഒരുമിച്ച് നിന്നാൽ തുറക്കാം.

അതെങ്ങനെയെന്ന് വ്യക്തമാക്കാം: കിഫ്ബിയുടെ 21 ശതമാനം ഇപ്പോൾ തന്നെ വരുമാനദായക പ്രൊജക്ടുകളല്ലേ? കൂടുതൽ പ്രൊജക്ടുകളും അങ്ങനെയാക്കാം. സർക്കാരിന്റെ ധനസഹായം ഗ്രാന്റ് ആയി നൽകുന്നതിനുപകരം വയബിലിറ്റി ഗ്യാപ് ഫണ്ടിങ് എന്ന രീതിയിൽ നൽകണം. അതോടൊപ്പം 40 – 50 വർഷംകൊണ്ട് കിഫ്ബിയുടെ മുതൽമുടക്കിലൊരു ഭാഗം തിരിച്ചുകിട്ടുന്ന റവന്യു വരുമാന മാർഗങ്ങൾ സ്വീകരിക്കുകയും വേണം. ഇങ്ങനെ ചെയ്‌താൽ കേന്ദ്രത്തിന്റെ ഇന്നത്തെ വിമർശനത്തിന്റെ മുനയൊടിയും. കിഫ്ബിയുടെ ആശുപത്രി സ്കൂൾ തുടങ്ങിയ നിർമ്മിതികൾക്ക് വാടകയായി സർക്കാർ പണം കിഫ്ബിക്ക് നൽകുന്ന സമ്പ്രദായത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്. കേരളത്തിന്റെ മുൻമുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ച് നിയമസഭയിൽ പ്രസ്താവന നടത്തിയിട്ടുള്ളതാണ്. പക്ഷേ, അതൊന്നും പരിഗണിക്കാൻ യുഡിഎഫിന് താല്പര്യമില്ല. കിഫ്ബി വധമാണ് അവരുടെ കഥകളി.

പുതിയ യുഡിഎഫ് സർക്കാർ ധവളപത്രത്തിൽ കേന്ദ്ര നയത്തിനെതിരായി ഒരക്ഷരം ഉരിയാടിയില്ല. എന്നാൽ കിഫ്ബിയെ കടന്നാക്രമിക്കുകയും ചെയ്തു. ഇതു തന്നെയാണ് ബജറ്റിലും സ്വീകരിച്ച സമീപനം. സുധാപിള്ള കമ്മിറ്റിയോടെ കാര്യങ്ങൾ കൂടുതൽ തീർപ്പായി. കേന്ദ്രത്തിന്റെ ആക്ഷേപങ്ങളെയെല്ലാം സുധാപിള്ള കമ്മിറ്റി അംഗീകരിച്ചിരിക്കുകയാണ്. കാബിനറ്റും അത് അംഗീകരിച്ചു. ഇതുപോലെ കേന്ദ്രത്തിനു മുൻപിൽ ‘നിർലജ്ജം കീഴടങ്ങൽ’ കേരള ചരിത്രത്തിൽ ഇതിനുമുൻപ് ഉണ്ടായിട്ടില്ല.

യുഡിഎഫിനോട് ചോദിക്കാനുള്ളത് ഇതാണ് –സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കുവേണ്ടി പോരാടാൻ നിങ്ങൾ തയ്യാറുണ്ടോ? l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 − 8 =

Most Popular