യു ഡിഎഫ് സർക്കാർ എടുത്തിരിക്കുന്ന തീരുമാനങ്ങൾ കിഫ്ബിയുടെ പ്രവർത്തനത്തെ മരവിപ്പിക്കും. താമസിയാതെ അത് കിഫ്ബിയെതന്നെ ഇല്ലാതാക്കും.
കിഫ്‌ബി അനുവാദം നൽകിയിട്ടുള്ളതോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളതോ ആയ 60,000-ത്തിൽപ്പരം കോടി രൂപയുടെ പദ്ധതികളിൽ 28,000 കോടി രൂപയുടെ പദ്ധതികൾ മാത്രമേ ഇനി തുടർന്ന് മുമ്പോട്ടുകൊണ്ടുപോവൂ എന്നുള്ളതാണ് ഏറ്റവും പ്രധാന തീരുമാനം.
ഇതിനർത്ഥം കിഫ്ബി അംഗീകരിച്ചിട്ടുള്ള പദ്ധതികളിൽ ബാക്കിയുള്ളവയുടെ പകുതിയിലേറെ ഉപേക്ഷിക്കുകയാണ്. ഇങ്ങനെ ഉപേക്ഷിക്കുന്ന പദ്ധതികളിൽ പ്രധാനപ്പെട്ടവയുടെ ലിസ്റ്റ് അടുത്ത ചോദ്യത്തിനുള്ള ഉത്തരമായി നൽകിയിട്ടുണ്ട്. ഇവ ഇല്ലാതാകുമെന്നതാണ് അടിയന്തര പ്രത്യാഘാതം.
യുഡിഎഫ് സർക്കാരിന്റെ രണ്ടാമത്തെ തീരുമാനം കിഫ്‌ബി ഇനി വായ്പയെടുക്കേണ്ടതില്ല എന്നതാണ്. അതിനുപകരം കോൺട്രാക്ടർമാർക്ക് ബില്ല് പേയ്മെന്റിനുള്ള സമയമാകുമ്പോൾ പണം കിഫ്ബിക്ക് ട്രഷറിയിൽനിന്ന് അനുവദിക്കും. ഈ തീരുമാനം വന്നതോടെ നിലവിലുള്ള പ്രോജക്ടുകളുടെ കാറ്റുപോയമട്ടാണ്. സർക്കാർ കോൺട്രാക്ടർമാരുടെ കുടിശ്ശികയുടെ തുക കുപ്രസിദ്ധമാണ്. കിഫ്ബിയിൽ അത് ഉണ്ടായില്ല. കൃത്യമായി പണി തീർത്താൽ പണം കിട്ടാൻ യാതൊരു കാലതാമസവും ഉണ്ടാകില്ല. ഇനി ആ സ്ഥിതി മാറുകയാണ്. നിലവിലുള്ള ഇ–പേയ്മെന്റ് സമ്പ്രദായം ആകെ അനിശ്ചിതത്വത്തിലാവുകയാണ്. അതുകൊണ്ട് എല്ലായിടത്തും നിർമ്മാണം അമാന്തത്തിലാണ്.
യുഡിഎഫ് സർക്കാരിന്റെ മൂന്നാമത്തെ തീരുമാനം വായ്പകൾ റീ-നെഗോഷിയേറ്റ് ചെയ്യുമെന്നതാണ്. സോവറിൻ ഗ്യാരന്റി കൊടുത്ത വായ്പകളുടെ കാര്യമാണ് റീ-നെഗോഷിയേറ്റ് ചെയ്യാൻ പോകുന്നത്. എന്താണ് സുധാപിള്ള കമ്മിറ്റി ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് മനസിലാകുന്നില്ല. നിലവിലുള്ള വായ്പാ കരാറുകൾ സംസ്ഥാന സർക്കാരിന് കൂടുതൽ അനുകൂലമായി പൊളിച്ചെഴുതുമെന്നോ? എന്തൊക്കെ അസംബന്ധങ്ങളാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്?
ഉണ്ടാകാൻ പോകുന്നത് എന്തെന്നു പറയാം: വായ്പാ തിരിച്ചടവിന്റെ സമയമാകുമ്പോൾ ധന വകുപ്പിനോട് കിഫ്ബി പണം ആവശ്യപ്പെടണം; അപ്പോൾ നൽകിക്കോളാമെന്നാണ് യുഡിഎഫ് സർക്കാർ പറയുന്നത്. എന്നുവച്ചാൽ നിയമപ്രകാരമുള്ള മോട്ടോർ നികുതിയുടെ പകുതിയും ഇന്ധന സെസും ഇനി എസ്ക്രൂ അക്കൗണ്ടുവഴി കിഫ്ബിക്ക് നൽകില്ല. കിഫ്ബിയുടെ വായ്പാ തിരിച്ചടവ് സംസ്ഥാന ധനവകുപ്പിന്റെ ദയാദാക്ഷിണ്യത്തെ ആശ്രയിച്ചിരിക്കും. എങ്ങനെയാണോ 2016-ന് മുമ്പ് വർഷങ്ങളായി കിഫ്ബി ബാധ്യത കുടിശ്ശികയായത് ആ അവസ്ഥ വീണ്ടും സംജാതമാവുകയാണ്.
അല്ലെങ്കിൽതന്നെ നമ്മുടെ ക്രെഡിറ്റ് റേറ്റിങ് കഷ്ടിച്ചു ശരാശരിയാണ്. ഇനി കിഫ്‌ബി വായ്പാ തിരിച്ചടവുകൂടി കുടിശ്ശികയായാൽ കേരളത്തിലെ ഒരു ധനകാര്യ സ്ഥാപനത്തിനും തലപൊക്കി നടക്കാനാവില്ല.
യുഡിഎഫ് സർക്കാർ എടുത്തിരിക്കുന്ന നാലാമത്തെ തീരുമാനം കിഫ്‌ബിയിൽ ജോലി ചെയ്യുന്ന നല്ലൊരു പങ്ക് ഉദ്യോഗസ്ഥരെയും പിരിച്ചുവിടുകയോ, ഡിപ്പാർട്ട്മെന്റിലേക്ക് തിരിച്ചവിടുകയോ ചെയ്യുമെന്നതാണ്. കാര്യക്ഷമതയിൽ ഏറ്റവും മുന്നിൽനിൽക്കുന്ന ധനകാര്യ സ്ഥാപനങ്ങളിലൊന്നായിട്ടാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസികളും ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങളും കിഫ്ബിയെ കരുതുന്നത്. ഈയൊരു സ്ഥാപനത്തെ ഇല്ലാതാക്കുവാനാണ് വി ഡി സതീശന്റെ ശ്രമം. ഒരു ധനകാര്യ സ്ഥാപനത്തെ ഇല്ലാതാക്കുക എളുപ്പമാണ്. പുതിയ ഒന്നിനെ സൃഷ്ടിച്ചെടുക്കുക എന്നത് സമയം മാത്രമല്ല കഴിവും നിശ്ചയദാർഢ്യവും വേണ്ടുന്ന ഒരു പ്രക്രിയയാണ്. അത് അത്ര എളുപ്പമല്ല.
ഇതെല്ലാം ചെയ്യുന്നത് നിയമവിരുദ്ധമായ രീതിയിലാണ്. നിയമസഭ പാസ്സാക്കിയ ഒരു നിയമം നിലവിലുണ്ട്. അതിലെ പ്രധാനപ്പെട്ട എല്ലാ വ്യവസ്ഥകളും നിർലജ്ജം ലംഘിച്ചുകൊണ്ടിരിക്കുകയാണ്. നിയമം ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം യുഡിഎഫ് സർക്കാരിനുണ്ടല്ലോ. അതുവരെ നിയമവ്യവസ്ഥയ്ക്കനുസരിച്ച് പ്രവർത്തിക്കണം. മറ്റെല്ലായിടത്തുമെന്നപോലെ, നിയമവിരുദ്ധമാണെങ്കിലും തന്നിഷ്ടം നടപ്പാക്കുകയാണ് ഇന്നത്തെ യുഡിഎഫ് സർക്കാരിന്റെ സ്ഥിരം ശൈലി. l



