Wednesday, November 4, 2026

ad

Homeകവര്‍സ്റ്റോറിയുഡിഎഫിന്റെ 
മനസിലിരിപ്പ്

യുഡിഎഫിന്റെ 
മനസിലിരിപ്പ്

കിഫ്‌ബി ഇല്ലാതെ കേരളം 60 വർഷം കടന്നുപോയില്ലേ? അതുപോലെ ഇനി ഈ അഞ്ചുവർഷം കൂടി കടന്നുപോവും. കിഫ്ബിക്ക് മുൻപുള്ള കാലത്തിന്റെ പ്രത്യേകത ഒന്നാമത്തെ ചോദ്യത്തിനുത്തരമായി സൂചിപ്പിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ മൂലധന ചെലവിന്റെ തോത് മറ്റു സംസ്ഥാനങ്ങളുടേതിനേക്കാൾ പകുതിയിൽ താഴെയായിരുന്നു. ബജറ്റിൽ നിന്ന് വേണ്ടത്ര പണം മൂലധന ചെലവിനായി നീക്കിവയ്ക്കാൻ കഴിയുമായിരുന്നില്ല. ഈയൊരു പശ്ചാത്തലത്തിലാണ് ബജറ്റിനു പുറത്ത് പണം സമാഹരിക്കാൻ കിഫ്ബിക്ക് രൂപം നൽകിയത്.

ഇതിനകം കിഫ്‌ബി ഏറ്റെടുത്തിട്ടുള്ള പ്രൊജക്ടുകളുടെ ബില്ലുകൾക്കും വായ്പാ തിരിച്ചടവിനും സംസ്ഥാന ബജറ്റിൽ നിന്ന് പണം കണ്ടെത്തുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. യുഡിഎഫിന്റെ അഞ്ചുവർഷ ഭരണകാലത്തുതന്നെ ഇതിന് 50,000 കോടി രൂപയെങ്കിലും വേണ്ടിവരും. ഇത്രയും തുക അധികമായി നൽകാൻ ബജറ്റിൽ പണമുണ്ടാവുമോ? സുധാപിള്ളമാർ സംസ്ഥാനത്തെ വലിയ ധനകാര്യ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് അധികം താമസിയാതെ അനുഭവം ബോധ്യപ്പെടുത്തിക്കൊള്ളും.

മൂന്ന് മാർഗങ്ങളാണ് ബജറ്റിനുപുറത്ത് പശ്ചാത്തലസൗകര്യ നിർമ്മിതിക്ക് യുഡിഎഫ് കാണുന്നത്.

ഒന്ന്, നമ്മൾ ഇതിനകം ചർച്ചചെയ്തു കഴിഞ്ഞ ആന്വിറ്റി മാതൃകയാണ്. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ പണ്ട് നമ്മൾ ഒരുപാട് ഉപയോഗിച്ചിട്ടുള്ള രീതിയാണ് ഇത്. പക്ഷേ കിഫ്ബിക്ക് എതിരായി യുഡിഎഫ് ഉയർത്തിയ വിതണ്ഡവാദപ്രകാരം ഇനിയത് പറ്റില്ല. കിഫ്ബിയുടെ ചെലവ് മുഴുവൻ സർക്കാർ ബജറ്റിൽ നിന്നാണ് ആത്യന്തികമായി വരുന്നത് എന്നതുകൊണ്ട് കിഫ്ബി വായ്പ നിയമവിരുദ്ധമാണെന്നല്ലേ വി ഡി സതീശനും കേന്ദ്ര സർക്കാരും വാദിക്കുന്നത്.

ആന്വിറ്റി മാതൃകയിലും കോൺട്രാക്ടർമാരുടെ ബാധ്യത മുഴുവൻ സർക്കാർ ബജറ്റിൽ നിന്നല്ലേ കൊടുത്തുതീർക്കുന്നത്? അപ്പോൾ ഇനി ആന്വിറ്റി പരിപാടി നടത്തണമെങ്കിൽ കേന്ദ്ര സർക്കാർ കനിയണം. ഇരിക്കുന്ന കൊമ്പ് വി ഡി സതീശൻ മുറിച്ചിരിക്കുകയാണ്.

രണ്ട്, വിഴിഞ്ഞത്തിനും സിയാലിനും കൊച്ചി മെട്രോയ്ക്കും പോലെ കിഫ്ബി പദ്ധതിക്കും പ്രത്യേകം കമ്പനികൾ രൂപീകരിച്ചു വായ്പ എടുത്ത് പ്രൊജക്ട് നടപ്പാക്കാം. ഇതും നമ്മൾ ഏറെ പരീക്ഷിച്ചിട്ടുള്ളതാണ്. പക്ഷേ ഈ മാതൃകയിൽ സ്കൂളും ആശുപത്രിയും കുടിവെള്ള പദ്ധതിയും കടൽഭിത്തിയും കുട്ടനാട് പരിസ്ഥിതി നവീകരണവും പോലുള്ള വരുമാനദായകമല്ലാത്ത പ്രൊജക്ടുകൾ നടപ്പിലാക്കാനാവില്ല.

മൂന്ന്, പശ്ചാത്തലസൗകര്യം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കുക. ഇതാണ് മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്നത്. ഈ മാതൃക കേരളത്തിലും നടപ്പിലാക്കുകയാണ് തന്റെ അവതാര ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി വിഡി സതീശൻ കരുതുന്നത്.

അദ്ദേഹത്തിന്റെ ഏറ്റവും വലിയ വികസന പരിപാടി മിഷൻ സമുദ്ര ആണ്. അതിന്റെ മാതൃക വിഴിഞ്ഞം പോർട്ടാണ്. 5 വർഷംകൊണ്ട് അദാനിയുടെ 890 കോടി രൂപ നിക്ഷേപിച്ച കമ്പനിയുടെ ഓഹരികളുടെ പകുതി 12,000 കോടി രൂപയ്ക്ക് മറിച്ചുവിൽക്കുന്നതിനാണ് വിഡി സതീശൻ ഒത്താശ ചെയ്തുകൊണ്ടിരിക്കുന്നത്.

അടുത്ത 40 വർഷക്കാലത്ത് കേരള സർക്കാരിന് ഈ തുറമുഖത്തുനിന്ന് നാമമാത്രമായ ലാഭമേ ലഭിക്കൂ. ഇത്തരമൊരു കരാറാണ് ഉമ്മൻചാണ്ടി സർക്കാർ അദാനിയുമായി ഒപ്പിട്ടത്. ഈ മാതൃക കേരളത്തിലെ കടൽത്തീരത്ത് ആവർത്തിക്കുവാനുള്ള പരിപാടിയാണ് മിഷൻ സമുദ്ര. അങ്ങനെ നമ്മുടെ ഭൂമിയും ധാതുക്കളും തൊഴിലവകാശങ്ങളുമെല്ലാം കോർപ്പറേറ്റുകൾക്ക് അടിയറവെച്ച് പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിക്കാനാവുമെന്നാണ് വി ഡി സതീശൻ കരുതുന്നത്.

മുഖ്യമന്ത്രി അറിയേണ്ട ഒരു കാര്യമുണ്ട്: കേരളത്തിലെ ജനങ്ങൾ ഇത്തരം ഒരു ജനവിരുദ്ധ പരിപാടി അംഗീകരിക്കില്ല. ഈ പാഠമാണ് തീരദേശം യുഡിഎഫിനെ പഠിപ്പിക്കാൻപോകുന്നത്. ഭൂമിയ്ക്കും കടലിനും മേലുള്ള തങ്ങളുടെ അവകാശം സംരക്ഷിക്കുവാനുള്ള വലിയ പോരാട്ടമാണ് തീരദേശത്ത് ഇനി നടക്കാൻ പോവുന്നത്.

കേന്ദ്രത്തിൽ ബിജെപി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ഇത്തരമൊരു കോർപ്പറേറ്റ് പ്രീണന നയമാണ്. രണ്ടുപേരും ഒരുപോലെ ചിന്തിക്കുന്നതിൽ ഞങ്ങൾക്ക് അത്ഭുതമില്ല. കോൺഗ്രസ് ആയാലും ബിജെപി ആയാലും സാമ്പത്തിക കാര്യങ്ങളിൽ ഒരേ കാഴ്ചപ്പാടുള്ളവരാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 1 =

Most Popular