Wednesday, November 4, 2026

ad

Homeകവര്‍സ്റ്റോറിഎന്തുകൊണ്ട് 
കേന്ദ്രത്തിന് വഴങ്ങുന്നു?

എന്തുകൊണ്ട് 
കേന്ദ്രത്തിന് വഴങ്ങുന്നു?

വി ഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നിലെ ഒരു പ്രധാന ഘടകം ബിജെപി – യുഡിഎഫ് ഡീൽ ആയിരുന്നു. ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. 30 മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് ഗണ്യമായി കുറഞ്ഞിടത്താണ് യുഡിഎഫ് വിജയിച്ചത്. എന്നിട്ട് എൽഡിഎഫ് – ബിജെപി ഡീൽ എന്ന് രാഷ്ട്രീയ പ്രചാരണവും നടത്തി.

യുഡിഎഫ് ഭരണം തുടങ്ങിയതോടെ കള്ളി വെളിച്ചത്തായി. ബിജെപിയുമായി രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടാകും; പക്ഷേ, കേന്ദ്രവിരുദ്ധ സമരത്തിനൊന്നും ഇല്ലായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പരസ്യമായി വ്യക്തമാക്കിക്കഴിഞ്ഞു. നയപ്രഖ്യാപനത്തിലും ബജറ്റ് പ്രസംഗത്തിലുമെല്ലാം കേന്ദ്രവിരുദ്ധ വിമർശനങ്ങൾ ഒഴിവാക്കുന്നതിന് അതീവജാഗ്രത യുഡിഎഫ് സർക്കാർ പുലർത്തി. പിഎം ശ്രീ നടപ്പാക്കാൻ പഴുത് അന്വേഷിക്കുകയാണ്. മോദിയുടെ ചിത്രം ലെെഫിലൂടെ പാവങ്ങൾക്ക് ലഭിക്കുന്ന വീടുകളുടെ ചുമരിൽ പതിപ്പിച്ചാലും വി ഡി സതീശന് പ്രയാസമില്ല. കോൺഗ്രസ് തീരുമാനത്തിന് എതിരായി കേരളത്തിൽ വന്ദേമാതരം ഔദ്യോഗിക ചടങ്ങുകളിൽപ്പോലും പൂർണമായി പാടുകയാണ്.

സംസ്ഥാന ഭരണത്തിൽ ഗവർണർ വഴി ബിജെപി നേരിട്ട് ഇടപെടുന്നതിൽ യുഡിഎഫ് സർക്കാരിന് യാതൊരു പ്രതിഷേധവുമില്ല. ഉദ്യോഗസ്ഥരെ ഗവർണർ നേരിട്ട് വിളിക്കുന്നു. കല്പനകൾ കൊടുക്കുന്നു. സംഘപരിവാറുകാരെക്കൊണ്ട് യൂണിവേഴ്സിറ്റികൾ നിറയ്ക്കുന്നു. സർക്കാരിനോട് ചർച്ചപോലും ചെയ്യാതെ പി എസ് സി പിരിച്ചുവിടാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകുന്നു. ഇതൊക്കെ ഗവർണറുടെ ചെയ്തികൾ. യുഡിഎഫ് സർക്കാർ നേരിട്ട് ചെയ്യുന്നത് വേറെ. എത്രയോ പ്രധാന സ്ഥാനങ്ങളിൽ സംസ്ഥാന സർക്കാർ ബിജെപിക്കാരെ നിയമിക്കുന്നു. ക്രിമിനൽ കേസിൽ അകത്തായ ബിജെപി കൗൺസിലർക്കും പീഡകർക്കും സർക്കാർ ഒത്താശ ചെയ്യുന്നു. ബോർഡ് ഓഫ് സ്റ്റഡീസിലും സെനറ്റിലും സംഘപരിവാറുകാരെ നിയോഗിക്കാൻ ഗവർണർക്ക് കൂട്ടുനിൽക്കുന്നു. സംഘപരിവാർ പരിപാടികളിൽ വിസിമാർ പങ്കെടുക്കുന്നതിനെതിരെ ഒരുനടപടിയും സ്വീകരിക്കുന്നില്ല.

ബിജെപിയുടെ സാമ്പത്തികനയവും വി ഡി സതീശൻ സർക്കാരിന്റെ സാമ്പത്തികനയവും തമ്മിൽ എന്ത് വ്യത്യാസം? കേരളത്തിലെ വികസനത്തിൽ നിയോലിബറൽ വഴിത്തിരിവ് സൃഷ്ടിച്ച ഒരാളെന്ന ഖ്യാതി നേടാനാണ് മിഷൻ സമുദ്രയിലൂടെയും വാണിജ്യ ആരോഗ്യ ടാസ്ക് ഫോഴ്സിലൂടെയുമെല്ലാം വി ഡി സതീശൻ ശ്രമിക്കുന്നത്.

ഭരണം കിട്ടിയല്ലോ, എന്തിന് ബിജെപിയുമായിട്ടുള്ള ഡീൽ കോൺഗ്രസ് തുടരണം? ഇതിന്റെ പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. വി ഡി സതീശന്റെ ചിന്ത കേരളത്തിൽ ബിജെപിയെ കുറച്ചുകൂടി ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാകൂവെന്നാണ്. അങ്ങനെ മാത്രമേ കേരളത്തിൽ യുഡിഎഫിന്റെ ദുർഭരണത്തിന് പിടിച്ചുനിൽക്കാനാകൂ. ബിജെപി വളർന്നാലും പ്രശ്നമില്ല. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തണം എന്നുള്ളതാണ് ഇന്നത്തെ യുഡിഎഫ് രാഷ്ട്രീയം.

ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കിഫ്ബിയോട് സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ പകയെക്കുറിച്ച് മനസിലാക്കാൻ കഴിയുന്നത്. കേരളത്തിൽ സർവമേഖലകളിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയോലിബറൽ പൊളിച്ചെഴുത്തിന് കിഫ്ബിയുടെ ആവശ്യമില്ല. കിഫ്ബി ഇടതുപക്ഷ ബദലിന്റെ ഭാഗമാണ്.

കിഫ്ബിക്കെതിരായി കഴിഞ്ഞ ഏഴു വർഷമായി കേന്ദ്ര ബിജെപി സർക്കാർ നടത്തിക്കൊണ്ടിരുന്ന കുരിശ് യുദ്ധത്തിന്റെ ഒരു ലഘുവിവരണം മുൻപ് ഒരു ചോദ്യത്തിന് ഉത്തരമായി നൽകിയിരുന്നു. ഒരു ഘട്ടത്തിലും യുഡിഎഫ് കേരളത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മുന്നോട്ടുവന്നില്ലായെന്നത് നമ്മുടെ അനുഭവമാണ്. പുറത്തുനിന്നുള്ള പിന്തുണയിൽ നിന്നുമാറി കിഫ്ബിയെ ഇല്ലാതാക്കുന്നത് ഒരു പ്രധാന ദൗത്യമായി യുഡിഎഫ് സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന് ബിജെപി കേന്ദ്ര സർക്കാരുമായി കെെകോർക്കുകയാണ്.

ഇതിനെതിരെ ജനങ്ങളെ അണിനിരത്തുകയെന്നത് സുപ്രധാനമായ രാഷ്ട്രീയ കടമയായി മാറിയിരിക്കുന്നു. ഓരോ പ്രദേശത്തും നഷ്ടപ്പെടാൻ പോകുന്ന വികസന സൗഭാഗ്യങ്ങൾ എന്തെന്ന് വിശദീകരിച്ചുകൊടുത്താൽ അതിന്റെ ഗുണഭോക്താക്കളായ ജനങ്ങൾ അണിനിരക്കും.

പുതിയ പുതിയ പ്രൊജക്ടുകൾ നിരന്തരമായി ഉദ്ഘാടനം ചെയ്യപ്പെടുകയും ആവിഷ്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന ഒരു കാലഘട്ടം അവസാനിക്കുകയാണ്. ജനങ്ങൾ മാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് എംഎൽഎമാർ അടക്കം ഇതിൽ അസംതൃപ്തരാകും. ഇതിനെ ശക്തിപ്പെടുത്താനുള്ള പ്രക്ഷോഭപ്രചാരണത്തിന് ചിന്തയിലെ ചോദ്യോത്തരങ്ങൾ സഹായിക്കും. l

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 − one =

Most Popular