കൊച്ചിയിലെ സി എം ആർ എൽ കമ്പനി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തപ്പോൾ അവരുടെ ചെലവുകൾ കുറച്ചുകാണിച്ച് ആദായനികുതി വകുപ്പിന് യഥാർത്ഥത്തിൽ അടയ്-ക്കേണ്ട നികുതിയിൽ വെട്ടിപ്പ് നടത്തി എന്നതാണ് സിഎംആർഎൽ ന് എതിരായിട്ടുള്ള ആരോപണങ്ങൾക്ക് തുടക്കം. ആദായ നികുതി അടച്ചതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തർക്കങ്ങൾ ബന്ധപ്പെട്ട കമ്പനിയും കമ്പനി കാര്യവകുപ്പും തമ്മിലുള്ള തർക്കങ്ങൾ മാത്രമാണ്. തുടർന്ന് സിഎംആർഎൽ കമ്പനി, കമ്പനി നിയമ പ്രകാരമുള്ള ഡൽഹിയിലെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിനെ സമീപിക്കുകയും വിശദമായ പരിശോധനയ്-ക്കും തെളിവെടുപ്പിനും ശേഷം ബോർഡ് ഒരു ഉത്തരവിലൂടെ മേൽ വിഷയം സെറ്റിൽ ചെയ്യുകയും ചെയ്തു. ഇന്ററിം സെറ്റിൽമെന്റ്- ബോർഡിന്റെ ഒരു ഉത്തരവ് കമ്പനികളും ആദായനികുതി വകുപ്പും തമ്മിലുള്ള തർക്കങ്ങളുടെ രമ്യമായ പരിഹാരമായിരിക്കെ ആ ഉത്തരവിലെ വാചകങ്ങൾ അടർത്തിയെടുത്തുകൊണ്ട് മറ്റൊരു തരത്തിലുള്ള അന്വേഷണമോ പരിശോധനയോ അനുവദനീയമല്ല എന്നതാണ് നിയമം.
സി എംആർഎൽ കമ്പനിയും ബംഗളൂരുവിൽ 2014 മുതൽ പ്രവർത്തിക്കുന്ന എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള കരാറും കരാർപ്രകാരമുള്ള സേവനവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള തർക്കങ്ങളെല്ലാം കമ്പനിനിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. അതുകൊണ്ടുതന്നെ കമ്പനി നിയമത്തിന്റെ സെക്ഷൻ 210 പ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ഒരു പാനൽ ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് 4 മാസത്തെ കാലാവധിയാണ് നിശ്ചയിച്ചിരുന്നത്. ഈ അന്വേഷണം തുടരുമ്പോൾ 31/01/2024 ന് കമ്പനിനിയമം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ഈ രണ്ട് അന്വേഷണത്തിനും ആധാരമായി വന്നത് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിന്റെ ഉള്ളടക്കമാണ്.
കമ്പനികളും ആദായനികുതി വകുപ്പും തമ്മിലുള്ള തർക്കങ്ങൾ കമ്പനി കാര്യ നിയമപ്രകാരം പരിഹരിക്കുമ്പോൾ ആ ഉള്ളടക്കത്തിൽ വന്നിരിക്കുന്ന കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് മറ്റൊരു കേസ് രജിസ്റ്റർ ചെയ്യാനോ അന്വേഷണം നടത്താനോ പാടില്ലെന്ന വ്യവസ്ഥകൾ നിലനിൽക്കെ, എസ് എഫ് ഐ ഒ നടത്തുന്ന അന്വേഷണത്തെ ചോദ്യംചെയ്തുകൊണ്ട് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയും ആ കേസിൽ കുറ്റപത്രം സമർപ്പിക്കരുത് എന്ന ഇടക്കാല ഉത്തരവ് നേടുകയും ചെയ്തു. ഈ ഉത്തരവ് നിലനിൽക്കുമ്പോൾതന്നെ വളരെ ധൃതിപിടിച്ച് എസ് എഫ് ഐ ഒ എറണാകുളം പിഎംഎൽഎ കോടതിയിൽ കുറ്റപത്രം നൽകി. തുടർന്ന് ഡൽഹി ഹൈക്കോടതിയും കേരള ഹൈക്കോടതിയും മേൽപ്പറഞ്ഞ കുറ്റപത്രത്തിന്മേൽ തുടർനടപടികൾ വിലക്കി. എസ്എഫ്ഐഒ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേസ് ഇഡി അന്വേഷിച്ചത്. ഏകദേശം ഒന്നര കൊല്ലത്തോളം അന്വേഷണം നടത്തിയ ഇഡിക്ക് നിരവധി പരിശോധനകളും, ചോദ്യംചെയ്യൽ മാമാങ്കങ്ങളും നടത്തിയിട്ടും കള്ളപ്പണം കണ്ടെത്താനോ കുറ്റപത്രം സമർപ്പിക്കാനോ കഴിഞ്ഞില്ല. 184 കോടിയിലേറെ രൂപ അനധികൃതമായി രാഷ്ട്രീയപാർട്ടികൾക്കും മാധ്യമങ്ങൾക്കും ആരാധനാലയങ്ങൾക്കും മറ്റു സംഘടനകൾക്കും സിഎംആർഎൽ കമ്പനി അനധികൃതമായി നൽകി എന്ന് ആദായ നികുതി വകുപ്പ് അവകാശപ്പെടുന്നു. തങ്ങൾ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ ഡയറിയിൽ മേൽപ്പറഞ്ഞ വിവരങ്ങൾ ഉണ്ട് എന്നാണ് ആദായ നികുതി വകുപ്പ് അവകാശപ്പെടുന്നത്.
അതായത് 184 കോടി രൂപയുടെ വെളുപ്പിക്കൽ അന്വേഷിച്ചിറങ്ങിയ ഇഡി ഏകദേശം ഒന്നേമുക്കാൽ കോടിയിലേക്ക് മാത്രം അന്വേഷണം “ഒതുക്കി’. നിയമപരമായി കരാർപ്രകാരം നൽകിയ സേവനത്തിന് ബാങ്കുവഴി ആദായ നികുതിയും ജിഎസ്ടിയും ഐജിഎസ്ടി യും ഉൾപ്പെടെയുള്ള നികുതികൾ അടച്ച് നൽകിയ, കമ്പനിയുടെ സേവനത്തിനുള്ള പ്രതിഫലത്തെ കള്ളപ്പണമാക്കി ചിത്രീകരിച്ച് കുറ്റപത്രം നൽകാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടതോടെ ഇഡി “അന്വേഷണ വിവരങ്ങൾ’ എന്ന രൂപത്തിൽ അത് സംസ്ഥാന പൊലീസിന് കൈമാറി മറ്റുതരത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. അതായത് ഒരേ വിഷയത്തിൽ തന്നെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ്, ആദായനികുതി വകുപ്പ്, കമ്പനികാര്യ വകുപ്പ്, എഫ് എസ് ഐ ഒ, ഇഡി എന്നീ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണമാണ് ഒരു തെളിവും കണ്ടെത്താൻ കഴിയാതെ ഇപ്പോൾ കേരള പൊലീസിന് കൈമാറിയിരിക്കുന്നത്.
മാത്രമല്ല ഈ വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനും കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവും യഥാക്രമം തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ വിജിലൻസ് കോടതികളെ സമീപിക്കുകയും “ഒരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പോലും യോഗ്യമായ തല്ലെന്ന് പറഞ്ഞു’ വിജിലൻസ് കോടതികൾ മേൽ പരാതികൾ തള്ളുകയും ചെയ്തു. പിന്നീട് രണ്ടുപേരും ഹൈക്കോടതിയെ സമീപിക്കുകയും കോടതി നിയമിച്ച അമിക്കസ്- ക്യൂറിയുടെ സഹായത്തോടുകൂടി വിശദമായ വാദംകേൾക്കുകയും തുടർന്ന് യാതൊരു തെളിവും ഹാജരാക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ല എന്ന് കണ്ടെത്തി കേസ് ഹൈക്കോടതിയും തള്ളിക്കളയുകയുണ്ടായി. തുടർന്ന് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീംകോടതിയെ സമീപിക്കുകയും, യാതൊരു തെളിവുമില്ലാത്ത ഈ പരാതിയിൻമേൽ ഇനി വാദം തുടർന്നാൽ 10 ലക്ഷം രൂപ ഫൈൻ അടയ്-ക്കേണ്ടി വരും എന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് അന്ത്യശാസനം നൽകിയപ്പോൾ ഹർജി പിൻവലിച്ച് രക്ഷപ്പെടുകയുമാണുണ്ടായത്.
അതായത് സിഎംആർഎൽ കമ്പനിക്ക് എക്സാലോജിക് കമ്പനി കരാർപ്രകാരം നൽകിയ സേവനത്തിന് ബാങ്ക് അക്കൗണ്ട് വഴി, ആദായ നികുതി അടച്ച് ജിഎസ്ടിയും ഐ ജി എസ് ടിയും നൽകി കൈമാറിയ പ്രതിഫലത്തിന്റെ പേരിൽ അഴിമതി ആരോപണം നിലനിൽക്കില്ലെന്നും അത് അഴിമതി നിരോധന നിയമപ്രകാരം വരുന്ന ഒരു കുറ്റകൃത്യമല്ലെന്നും ബോധ്യപ്പെട്ടിട്ടാണ് വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും മേൽ ഹർജികൾ തള്ളിക്കളഞ്ഞത്. അതായത് ഇഡി ഇപ്പോൾ പറയുന്ന അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ഇന്ത്യയിലെ മുഴുവൻ കോടതികളും, പ്രത്യേകിച്ച് പരമോന്നത നീതിപീഠമായ സുപ്രീംകോടതി ഉൾപ്പെടെ, തള്ളിക്കളഞ്ഞിട്ടുള്ളതാണ്.
സിഎംആർഎൽ, എക്സാലോജിക് കമ്പനികൾ തമ്മിലുള്ള കരാർ പ്രകാരമുള്ള ഇടപാടുകളുടെ പേരിൽ ഇഡി നടത്തിയ അന്വേഷണത്തിന്റെ പേരിൽ ഇഡി മുൻകാലങ്ങളിലും പൊലീസിന് കത്ത് നൽകിയതാണ്. മേൽപറഞ്ഞ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിജിലൻസ് കോടതിയുടെയും ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധിന്യായങ്ങൾ പരിശോധിച്ചും പൊലീസ് സ്വതന്ത്രമായി വസ്തുതകൾ പരിശോധിച്ച് അന്വേഷണം നടത്തിയും പ്രഥമദൃഷ്ട്യാ യാതൊരുവിധ ആരോപണവും നിലനിൽക്കുന്നില്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പൊലീസ് തുടർനടപടികൾ അവസാനിപ്പിച്ചത്. ഇപ്പോൾ കേരളത്തിലെ ഭരണമാറ്റത്തിന്റെ അടിസ്ഥാനത്തിൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വീണ്ടും ഇറങ്ങിത്തിരിച്ചിരിക്കുകയാണ് .
പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ഇഡി സംസ്ഥാന ഡിജിപിയോട് നിർദ്ദേശിച്ചു എന്ന വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇഡി ഡിജിപിക്ക് കൊടുത്തു എന്ന് അവകാശപ്പെടുന്ന കത്തിന്റെ ചില പേജുകളും ചില മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സെലക്ടീവ് ലീക്കേജിന്റെ ഭാഗമായി ഇഡി ചോർത്തിനൽകിയ വാർത്ത മാധ്യമങ്ങൾ ഓരോരുത്തരും രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടതുപക്ഷത്തെ ആക്രമിക്കാനുള്ള അവസരമായി വിനിയോഗിക്കുകയാണ്.
പിഎംഎൽഎ നിയമത്തിന്റെ വകുപ്പ് 66 (2) പ്രകാരം ഇഡി നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണത്തിനിടയിൽ ലഭിക്കുന്ന വിവരങ്ങൾ മറ്റേതെങ്കിലുമൊരു അന്വേഷണ ഏജൻസി അന്വേഷിക്കേണ്ടതാണ് എന്ന് ബോധ്യപ്പെട്ടാൽ ഇഡിക്ക് ആ വിവരങ്ങൾ ബന്ധപ്പെട്ട അന്വേഷണ ഏജൻസിക്ക് കൈമാറാവുന്നതാണ്. അതൊരിക്കലും കേസുകൾ രജിസ്റ്റർ ചെയ്യാൻ വേണ്ടിയുള്ള ഒരു ഉത്തരവല്ല, മറിച്ച്, അത്തരത്തിലുള്ള ഒരു വിവരകൈമാറ്റം മാത്രമാണ്. ഇഡിക്ക് സംസ്ഥാന പൊലീസിനോ മറ്റൊരു അന്വേഷണ ഏജൻസിക്കോ കേസ് രജിസ്റ്റർ ചെയ്യാൻ ഈ വകുപ്പ് പ്രകാരം ഉത്തരവ് നൽകാൻ കഴിയില്ല എന്ന് സുപ്രീംകോടതി തന്നെ ഈ വിഷയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹരീഷ് ഫബിയാനി വേഴ്സസ് എൻഫോഴ്സ്-മെന്റ് ഡയറക്ട്രേറ്റ് (2022 SCC Online Del 3121) എന്ന കേസിൽ ഡൽഹി ഹൈക്കോടതിയും തുടർന്ന് വിജയ് മണ്ഡൽ ചൗധരി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ ( 2022 SCC Online SC 929) എന്ന കേസിൽ സുപ്രീംകോടതിയും പിഎംഎൽഎ ആക്ടിന്റെ വകുപ്പ് 66(2) ന്റെ നിയമ പ്രാബല്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇഡി മറ്റൊരു ഏജൻസിക്ക് കൈമാറുന്ന അഭിപ്രായങ്ങൾ (Opinion) അത് ഇഡിയുടെ ഒരു അനുമാനം (Assumption) മാത്രമാണ്. അത് ഒരു പ്രഡിക്കേറ്റ് കുറ്റകൃത്യമായി കണക്കാക്കേണ്ടതില്ല. അതുപ്രകാരം അന്വേഷണത്തിനിടയിൽ തങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ കൈമാറാൻ മാത്രമാണ് ഇഡിക്ക് അധികാരം. അത്തരത്തിൽ കൈമാറി ലഭിക്കുന്ന വിവരങ്ങളെത്തുടർന്ന് സംസ്ഥാന പൊലീസോ ബന്ധപ്പെട്ട അന്വേഷണ ഏജൻസിയോ സ്വതന്ത്രമായി വസ്തുതാപരമായി അന്വേഷണങ്ങൾ നടത്തിയശേഷം പ്രഥമ ദൃഷ്ട്യാ ഏതെങ്കിലും കുറ്റകൃത്യം നിലനിൽക്കുന്നുണ്ടെങ്കിൽ മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയൂ. ഈ സാഹചര്യത്തിൽ ഒരു പ്രത്യേക അന്വേഷണ ഏജൻസി രൂപീകരിച്ച് ഇഡി നൽകിയ “വിവരങ്ങളുടെ അടിസ്ഥാനത്തിൽ’ കേരള പൊലീസ് അന്വേഷണം ആരംഭിച്ചത് ദുരൂഹമാണ്.
അഴിമതി നിരോധന നിയമപ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ അധികാരമോ സ്വാധീനമോ ഉപയോഗിച്ച് നിയമവിരുദ്ധമായ സഹായം ഒരു ഭരണാധികാരി മറ്റുള്ളവർക്ക് നൽകുകയും അതിന്റെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള അന്യാധീന നേട്ടങ്ങൾ മറ്റൊരാൾക്ക് ലഭിക്കുകയും വേണം.
അഴിമതി (Corruption) എന്നാൽ നിയമവിരുദ്ധമായോ അനാചാരപരമായോ സ്വന്തം താല്പര്യങ്ങൾക്കോ മറ്റുള്ളവർക്ക് വഴിവിട്ട സഹായം നൽകാനോ വേണ്ടി അധികാരവും പദവിയും ദുരുപയോഗം ചെയ്യുന്ന പ്രവൃത്തിയാണ്. ലളിതമായി പറഞ്ഞാൽ, ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തം സ്വാർത്ഥലാഭത്തിനായി വഞ്ചനാപരമായി ഉപയോഗിക്കുന്നതിനെ അഴിമതി എന്ന് വിളിക്കാം. ഇവിടെ ഏതെങ്കിലും തരത്തിലുള്ള ഉത്തരവോ അനുകൂല ഇടപെടലോ സി എം ആർ എൽ കമ്പനിക്കനുകൂലമായി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ ഉണ്ടായിട്ടില്ല. വീണ ടി നേതൃത്വം കൊടുക്കുന്ന എക്‌സാലോജിക് കമ്പനിയുമായി സി എം ആർ എൽ ഒപ്പിട്ടത് മുഖ്യമന്ത്രിയിൽ നിന്നോ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ നിന്നോ സർക്കാരിൽ നിന്നോ ഏതെങ്കിലും തരത്തിലുള്ള ഒരു ആനുകൂല്യം ലഭിക്കാൻ വേണ്ടിയിട്ടാണ് എന്നതിനെക്കുറിച്ചോ ആനുകൂല്യം ലഭിച്ചതിനെക്കുറിച്ചോ ഒരു തെളിവും ഇല്ല.
സിഎംആർ എൽ കമ്പനിക്ക് പിണറായി വിജയൻ ഒരു ആനുകൂല്യം നൽകിയശേഷം അതിനുള്ള കൈക്കൂലി വാങ്ങാൻ മകളെക്കൊണ്ട് ഒരു കമ്പനി തുടങ്ങി, കരാർ വച്ച് ജി എസ് ടി യും ഇൻകം ടാക്സുമടച്ചു പണം കൈപ്പറ്റിയ ശേഷം ആ തുക ഹവാല വഴി വിദേശത്തേക്കയച്ചു എന്ന ഇഡിയുടെ “കണ്ടെത്തൽ’ സാമാന്യബുദ്ധിയുള്ള ഒരാൾക്കും വിശ്വസിക്കാൻ കഴിയില്ല.
എന്നാൽ ആദായനികുതി വകുപ്പ് സിഎംആർഎൽ ന്റെ ഓഫീസ് റെയ്ഡ് ചെയ്തപ്പോൾ കിട്ടിയെന്ന് അവകാശപ്പെടുന്ന ഡയറിയിൽ വിവിധ രാഷ്ട്രീയപ്രവർത്തകരും മാധ്യമങ്ങളും ആരാധനാലയങ്ങളും കൈപ്പറ്റിയ 184 കോടി രൂപയെക്കുറിച്ച് യാതൊരന്വേഷണവും ഇഡി നടത്തിയതായി അറിവില്ല. ഡയറിയിൽ പരാമർശമുള്ള വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും കേരളത്തിന്റെ മന്ത്രിമാരും ആണ്. തങ്ങൾ പണം കൈപ്പറ്റി എന്നും തങ്ങളുടെ പേരാണ് ഡയറിയിലുള്ളത് എന്നും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവർ സമ്മതിച്ചതും പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്. ഡയറിയിൽ പരാമർശിച്ചിരിക്കുന്ന പിവി താൻ അല്ലെന്നും തനിക്കീ ആരോപണവുമായി യാതൊരുബന്ധവും ഇല്ല എന്നും പിണറായി വിജയൻ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജൻസി എന്നവകാശപ്പെടുന്ന ഇഡി രാഷ്ടീയ ലക്ഷ്യത്തോടെ നടത്തുന്ന സെലക്ടീവ് പ്രോസിക്യൂഷനും സെലക്ടീവ് ലീക്കേജുമാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
ലാവ്‌ലിൻ ഉൾപ്പെടെ, ഇല്ലാത്ത കള്ളക്കഥകളുടെ പേരിൽ പിണറായി വിജയനെയും പാർട്ടിയെയും വേട്ടയാടാൻ തുടങ്ങിയിട്ട് 30 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. വിചാരണ ചെയ്യാൻ പോലും യോഗ്യമായ കുറ്റപത്രമല്ല എന്നുകണ്ടെത്തി വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയ ലാവ-്-ലിൻ അഴിമതിക്കേസിന്റെ സുപ്രീം കോടതിയിലെ ഇപ്പോഴത്തെ അവസ്ഥ നമുക്കറിയാവുന്നതാണ്. തെളിവിന്റെ ഒരു കണികയെങ്കിലും ഹാജരാക്കിയാൽ ഈ കേസ് വാദം കേൾക്കാം എന്ന സുപ്രീംകോടതി ജഡ്ജിമാർ പറഞ്ഞതിനുശേഷം 40 ലധികം തവണയാണ് സിബിഐ ലാവ് ലിൻ കേസിന്റെ വാദം കേൾക്കൽ സി ബി ഐ സ്വയം നീട്ടിവെപ്പിച്ചത് . മാത്രമല്ല രാഷ്ടീയ വൈരാഗ്യത്തോടെ മെനഞ്ഞെടുത്തതും പിന്നിട് ചീട്ടുകൊട്ടാരം പോലെ കോടതിയിൽ തകർന്നടിഞ്ഞതുമായ ഡൽഹി മദ്യദുരന്ത കേസ് ഉൾപ്പെടെ ഒരു ഡസൻ കേസുകൾ നമ്മുടെ മുന്നിലുണ്ട്. മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും എം പിമാരും ഉൾപ്പെടെ നൂറുകണക്കിന് പ്രതിപക്ഷ പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കിയ സംഘപരിവാറിന്റെ രാഷ്ട്രീയ ഇടപെടലും നമ്മുടെ മുന്നിലുണ്ട്.
വാളയാർ ചെക്ക് പോസ്റ്റിനപ്പുറത്തേക്ക് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടല്ല കേരളത്തിൽ അവർ തുടർച്ചയായി സ്വീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ ഇടതുപക്ഷത്തെ തകർക്കാൻ സംഘപരിവാർ നേതൃത്വത്തിലുള്ള അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളോട് കോൺഗ്രസ് സന്ധിചേരുകയാണ്. കേരളത്തിൽ ബിജെപിക്ക് മുഖ്യധാരയിലേക്ക് വരണമെങ്കിൽ ഇടതുപക്ഷം തകർക്കപ്പെടണം എന്നുള്ളത് ആർഎസ്എസ്സിന്റെ ദീർഘകാല ലക്ഷ്യങ്ങളിലൊന്നാണ്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണം കടത്ത്, ബിരിയാണി ചെമ്പ്, ഈന്തപ്പഴത്തിന്റെ കുരു, ഖുറാന്റ ഉള്ളിൽ വെച്ചുള്ള സ്വർണ്ണംകടത്ത്, കിഫ്ബി, കരിവന്നൂർ സഹകരണ ബാങ്ക് എന്നിങ്ങനെ കേന്ദ്ര അന്വേഷണ ഏജൻസികൾ തലങ്ങും വിലങ്ങും നടത്തിയ അന്വേഷണ മാമാങ്കങ്ങളുടെ നിലവിലെ സ്ഥിതി ജനങ്ങൾക്ക് ബോധ്യമുള്ളതാണ്. ‘ലാവ്ലിൻ ഫയൽ എന്റെ മുന്നിൽ വരുമ്പോൾ വിജിലൻസ് ശുപാർശയിൽ ഒരു തെളിവും ഉണ്ടായിരുന്നില്ല’ എന്നും ‘മാധ്യമങ്ങളുടെ സമ്മർദ്ദത്തിന് വിധേയമായി ഞാൻ അത് സിബിഐക്ക് വിട്ടു’ എന്നുമുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തുറന്നുപറച്ചിലാണ് ഈ അവസരത്തിൽ ഓർമ വരുന്നത്. ഇടതുപക്ഷത്തെ തകർക്കാൻ ഏത് നെറികെട്ട രാഷ്ട്രീയ ഗൂഢാലോചനയ്ക്കും ഒരു മടിയുമില്ല എന്ന് തെളിയിച്ച പാരമ്പര്യമാണ് കേരളത്തിലെ കോൺഗ്രസിനുള്ളത്. l



