1980കളിൽ ഇന്ത്യയിലാകമാനം രൂപം കൊണ്ട തീവ്രവാദ വിഘടനവാദ പ്രവർത്തനങ്ങൾ 1984ലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വധത്തിലേക്ക് നയിച്ചു. പക്ഷേ അപ്പോഴും തീവ്രവാദം അന്തർദേശീയ സുരക്ഷയെയും ആഗോള സാമ്പത്തിക ക്രമങ്ങളെയും ബാധിക്കും എന്നുള്ള തിരിച്ചറിവ് ലോകരാജ്യങ്ങൾക്കുണ്ടായില്ല. അതിനു പിന്നെയും കാലമെടുത്തു. 1988 ജൂൺ 8 മുതൽ 10 വരെ കൂടിയ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ജനറൽ അസംബ്ലി സമ്മേളനം ലോകത്ത് വിധ്വംസക പ്രവർത്തനങ്ങൾക്കും മതതീവ്രവാദ പ്രവർത്തനങ്ങൾക്കുമായി വന്നുമറിയുന്ന ശതകോടിക്കണക്കിന് ഡോളറിന്റെ ഉറവിടം മയക്കുമരുന്ന് വ്യാപാരമാണെന്ന കണ്ടെത്തലിൽ എത്തിച്ചേർന്നു. ഇത്തരത്തിലുള്ള കള്ളപ്പണവും അതിന്റെ വെളുപ്പിക്കലും അതാത് രാജ്യങ്ങളുടെ സാമ്പത്തിക ക്രമത്തെ എന്നപോലെ ഐക്യത്തെയും പരമാധികാരത്തെയും അപകടത്തിലാക്കുമെന്നും തിരിച്ചറിഞ്ഞു. തുടർന്ന് 1989 ജൂലൈ 14 മുതൽ 16 വരെ പാരീസിൽ കൂടിയ ഏഴു വികസിത രാജ്യങ്ങളുടെ സമ്മേളനം ഫൈനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന് (FATF) രൂപം കൊടുത്തു. ഈ ടാസ്ക് ഫോഴ്സ് രൂപം കൊടുത്ത 40 നിർദ്ദേശങ്ങളാണ് ലോകത്താകെയുള്ള രാജ്യങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ ആധാരശിലയായി വർത്തിക്കുന്നത്. അതാതു രാജ്യങ്ങളിലെ ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളും കള്ളപ്പണം വെളുപ്പിക്കാതിരിക്കുന്നതിന് ഉതകുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അതിനുപയുക്തമായ നിയമനിർമാണം നടത്തുന്നതിനുള്ള ആഗോള ബാധ്യത എല്ലാ രാജ്യങ്ങളും ഏറ്റെടുക്കണമെന്നും യുഎൻ പൊതുസഭയുടെ 1990 ഫെബ്രുവരി 23–ാം തീയതിയിലെ S 17/20 നമ്പർ പ്രമേയം നിഷ്കർഷിച്ചു. ഇതിനെ തുടർന്നാണ് ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, 2002 (PMLA) രൂപംകൊണ്ടത്.
പിഎംഎൽഎ നിയമം നടപ്പാക്കുന്നതിനുവേണ്ടി ആദ്യം വിദേശ നാണയ നിയന്ത്രണ നിയമവും (FERA) പിന്നീട് വിദേശ നാണയ വിനിമയ നിയമവും (FEMA) നടപ്പാക്കിവന്നിരുന്ന എൻഫോഴ്‌സ്-മെന്റ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തി. യഥാർത്ഥത്തിൽ ഈ നിയമത്തെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നിരവധി കരുതലുകൾ/ ചെക്ക് പോയിന്റുകൾ ഈ നിയമത്തിൽതന്നെ നിഷ്കർഷിച്ചിട്ടുണ്ട്. പൊലീസ് നാർക്കോട്ടിക്സ്, കസ്റ്റംസ് ഫോറസ്റ്റ് സിബിഐ തുടങ്ങിയ ഏജൻസികൾ രജിസ്റ്റർ ചെയ്യുന്ന എഫ്ഐആർ ഉണ്ടെങ്കിൽ മാത്രമേ എൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റിനും ഒരു കേസ് രജിസ്റ്റർ ചെയ്യുവാൻ കഴിയൂ. IPC, NDPS, UAPA, PCA തുടങ്ങി 29 നിയമങ്ങളിലെ 159 ക്രിമിനൽ കുറ്റങ്ങളിലൂടെ സമ്പാദിക്കുന്ന പണത്തെയാണ് പ്രൊസീഡ്സ് ഓഫ് ക്രൈം എന്നുപറയുന്നത്. ഇത് വഞ്ചനയിലൂടെ ആവാം കൈക്കൂലി ആവാം, മയക്കുമരുന്ന് നിർമാണവും വിപണനവുമാവാം. ഗൂഢാലോചനയും കൊള്ളയും ആകാം. എന്തുതന്നെയായാലും ഇ ഡിക്ക് ഒരു കേസ് നേരിട്ട് രജിസ്റ്റർ ചെയ്ത അന്വേഷിക്കാൻ അധികാരമില്ല. ഈ നിയമപ്രകാരമുള്ള ഏതെങ്കിലും ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്ന് ആരോപണം ഉണ്ടെങ്കിൽ മാത്രമേ ഇ ഡിക്ക് കേസ് അന്വേഷിക്കാൻ കഴിയൂ. അതായത് ആദ്യം ഒരു കുറ്റകൃത്യം നടക്കണം. ആ കുറ്റകൃത്യത്തിന്റെ പരിണതഫലമായി ഒരു പ്രൊസീഡ്സ് ഓഫ് ക്രൈം എന്ന നിലയിൽ കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇ ഡിക്ക് അന്വേഷിക്കാം. ചുരുക്കത്തിൽ പിഎംഎൽഎ നിയമം ദുരുപയോഗിക്കപ്പെടാതിരിക്കുന്നതിനുവേണ്ടി ആ നിയമത്തിൽ തന്നെ നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ ഇന്ന് ഇന്ത്യയിൽ ഇ ഡി പാലിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ആരാണ് ഇ ഡി?
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും സാമ്പത്തിക നിയമങ്ങൾ നടപ്പിലാക്കുന്നതിനും ഉത്തരവാദിത്വമുള്ള ആഭ്യന്തര നിയമനിർവഹണ ഏജൻസിയാണ് എൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റ്. 1947ൽ പാസാക്കിയ ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് പ്രകാരം (FERA, 1947) വിദേശ നാണയ നിയന്ത്രണ നിയമത്തിന്റെ ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 1956 മെയ് ഒന്നിനാണ് കേന്ദ്ര സർക്കാർ എൻഫോഴ്സ്-മെന്റ് യൂണിറ്റ് എന്ന പേരിൽ ഈ അന്വേഷണ ഏജൻസിക്ക് തുടക്കം കുറിച്ചത്. പിന്നീട് 1957ൽ എൻഫോഴ്സ്-മെന്റ് യൂണിറ്റ് എന്ന പേരിൽ ഗവൺമെന്റ് മാറ്റംവരുത്തുകയും എൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റ് എന്ന് പുനർനാമകരണം ചെയ്യുകയുമുണ്ടായി. പിൽകാലത്ത് 1973 ൽ ഈ നിയമം കൂടുതൽ കർക്കശമാക്കുകയും വിദേശ നാണയ വിനിമയം സംബന്ധിച്ച നിയമലംഘനങ്ങൾ കുറ്റമാക്കുകയും ചെയ്തു. വിദേശ വിനിമയ നിയന്ത്രണ നിയമം, 1973 ഒരു ക്രിമിനൽ നിയമമാകയാൽ അത് നടപ്പാക്കുന്നത് രാജ്യത്തിന്റെ വിദേശനാണയത്തിൽ നിയന്ത്രണാതീതമായ ശോഷണം സൃഷ്ടിച്ചു. തുടർന്ന് ഇന്ത്യയുടെ സ്വർണശേഖരം യൂറോപ്പിൽ കൊണ്ടുപോയി പണയം വെച്ച് വിദേശ വ്യാപാരത്തിനുള്ള വിദേശ നാണയം സ്വരൂപിക്കേണ്ട അവസ്ഥ വരെ ഉണ്ടായി. ഇതിനെ തുടർന്ന് അന്നത്തെ ഗവൺമെന്റ് ഫെറ നിയമത്തിന്റെ ക്രിമിനൽ സ്വഭാവം ലഘൂകരിച്ച് സിവിൽ നിയമം എഴുതി ഉണ്ടാക്കാൻ ഉറച്ചതിന്റെ ഫലമായി വിദേശ നാണയ വിനിമയ നിയമം,1999 (FEMA) നിലവിൽവന്നു. അങ്ങനെ 1999 ലെ ഈ വിദേശ നാണയ വിനിമയ നിയമവും പിൽക്കാലത്ത് 2002ൽ നിലവിൽ വന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും നടപ്പാക്കുന്ന അന്വേഷണ ഏജൻസിയായി ഇ ഡി പരിണമിച്ചു.
കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഭാഗമായ ഇ ഡി ഒരു സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയാണ്. കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണയ ചട്ടത്തിന്റെ ലംഘനങ്ങൾ, മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിനും വിചാരണ ചെയ്യുന്നതിനും അധികാരമുള്ള രഹസ്യാന്വേഷണ ഏജൻസിയാണത‍്. കള്ളപ്പണത്തിന്റെ ഉൽപാദനവും വിനിമയവും തടയുക എന്നതാണ് ഈ ഏജൻസിയുടെ പരമപ്രധാനമായ ലക്ഷ്യം. എന്നാൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനും അധികാരമില്ല. മുൻപ് എഫ്ഐആർ ഉള്ള ഒരു കേസിൽ മാത്രമേ ഇ ഡിക്ക് ഇടപെടാൻ അധികാരമുള്ളൂ.
എന്നാൽ ഇന്ന് ഇ ഡി കേവലം മോദി ഗവൺമെന്റിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ആയുധമായി രാജ്യത്തെമ്പാടും വേട്ട നടത്തുകയാണ്. ആരോപിക്കപ്പെട്ട ഒരു കുറ്റകൃത്യം എന്ന നിലയില്ലാതെ നേരിട്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുന്നു. രാഷ്ട്രീയ എതിരാളികൾക്കും പുരോഗമനവാദികൾക്കും ആർട്ടിസ്റ്റുകൾക്കും പണ്ഡിതർക്കും എതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുകയും അവരെ നിരന്തരം വേട്ടയാടുകയും ചെയ്യുന്നു. അങ്ങനെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ഭരണപക്ഷ നയങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുന്നവരെയും തെരഞ്ഞുപിടിച്ച് കള്ളക്കേസ് രജിസ്റ്റർ ചെയ്ത് നിരന്തരം വേട്ടയാടുന്നു. രാജ്യത്തെ വലതുപക്ഷ മാധ്യമങ്ങളെ അതിനു കൂട്ടുപിടിപ്പിക്കുന്നു. ഒടുവിൽ ഈ പ്രതിപക്ഷ എതിരാളികളിൽ പലരെയും ബിജെപിയിലേക്ക് എത്തിക്കുകയും ബിജെപിയിൽ അംഗമായാൽ പിന്നെ അവർക്കെതിരായ കേസ് അന്വേഷണവും മറ്റു നടപടിക്രമങ്ങളും ഉടനടി തന്നെ നിർത്തിവയ്ക്കുകയും ചെയ്യുന്നു. അടുത്തകാലത്ത് കോൺഗ്രസിന്റെ നിരവധി മുൻ മുഖ്യമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും ബിജെപിയിൽ ചേർന്നതിന്റെ പിന്നിൽ ഇ ഡി വഹിച്ച പങ്ക് ചെറുതല്ല. പിഎംഎൽഎ നിയമം വ്യവസ്ഥ ചെയ്യുന്ന നിബന്ധനകളും നടപടിക്രമങ്ങളും ഒന്നും തന്നെ പാലിക്കാത്ത ഇഡി പൗരർക്ക് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ പോലും ലംഘിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ, ഇ ഡി ഇന്ന് പിഎംഎൽഎ കേസ് അന്വേഷിക്കുന്ന ഏജൻസിയല്ല; മറിച്ച് എൻഡിഎ സർക്കാരിനെതിരെ നിൽക്കുന്ന രാഷ്ട്രീയ നേതാക്കളെ നിശബ്ദരാക്കുവാനും അവരെ ബിജെപി പാളയത്തിൽ എത്തിക്കുവാനുംവേണ്ടി പ്രവർത്തിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ വേട്ടമൃഗമായി അത് മാറിയിരിക്കുന്നു. l



