Wednesday, October 7, 2026

ad

Homeകവര്‍സ്റ്റോറിഇ ഡി വേട്ടയാടലും രാഷ്ട്രീയ ഇരട്ടത്താപ്പുകളും

ഇ ഡി വേട്ടയാടലും രാഷ്ട്രീയ ഇരട്ടത്താപ്പുകളും

വി കെ സനോജ്

എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തി, ഡിവെെഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തനമാരംഭിച്ച് ഡിവെെഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവിയിലേയ്ക്കും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തിലേയ്ക്കും വളർന്ന കരുത്തുറ്റ നേതൃത്വത്തിന്റെ പേരാണ് പി എ മുഹമ്മദ് റിയാസ്. ഒരു സാധാരണ പാർട്ടി പ്രവർത്തകനായി അടിത്തട്ടിൽ നിന്ന് വളർന്നുവന്ന അദ്ദേഹം, ദീർഘകാലം ബ്രാഞ്ച് സെക്രട്ടറിയായി മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. തുടർന്ന് കോളേജ് തലത്തിലും വിവിധ ഘട്ടങ്ങളിലും എസ്എഫ്ഐ-, ഡിവൈഎഫ്ഐ പ്രസ്ഥാനങ്ങളുടെ മുൻനിര പോരാളിയായി മാറി. കോഴിക്കോട് ടൗൺ മേഖലാ സെക്രട്ടറി, നോർത്ത് ബ്ലോക്ക് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്/സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച ശേഷമാണ് 2017-ൽ അദ്ദേഹം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. മുപ്പത്തിയഞ്ച് വർഷത്തിലേറെ നീണ്ട വിദ്യാർത്ഥി-, യുവജന സംഘടനാ പ്രവർത്തനത്തിനിടയിൽ നിരവധി കള്ളക്കേസുകളും പൊലീസ് അതിക്രമങ്ങളും ജയിലറകളും റിയാസ് നേരിട്ടു. ലോക്കൽ കമ്മിറ്റി അംഗം മുതൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം, മന്ത്രി വരെയുള്ള അദ്ദേഹത്തിന്റെ വളർച്ച തെളിമയാർന്ന പൊതുപ്രവർത്തനത്തിന് പാർട്ടി നൽകിയ അംഗീകാരമാണ്.

2009-ൽ 33-–ാം വയസ്സിൽ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ, അന്നത്തെ നയവഞ്ചകരും ചില മാധ്യമങ്ങളും ചേർന്ന് നുണക്കഥകൾ പ്രചരിപ്പിച്ചിട്ടും വെറും 838 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. അവിടെനിന്നും ഇന്നത്തെ നിലയിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച ആരുടെയും ഔദാര്യത്തിലല്ല, മറിച്ച് സംഘടനാ മികവും കഠിനാധ്വാനവും കൊണ്ട് നേടിയെടുത്തതാണ്. ഈ സംഘടനാ കരുത്തും ജനപിന്തുണയും കണ്ട് ഭയന്നാണ് കോൺഗ്രസ് നേതൃത്വവും കേന്ദ്ര ഏജൻസികളും മുഹമ്മദ് റിയാസിനെതിരെ നിരന്തരം കള്ളക്കൾ അഴിച്ചുവിടുകയും വേട്ടയാടൽ നടത്തുകയും ചെയ്യുന്നത്.

ഇ ഡിയുടെ രാഷ്ട്രീയ വേട്ടയും യുഡിഎഫ് ഒത്തുകളിയും
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആയുധമായി മാറിയ എൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റും (ഇ ഡി) വി ഡി സതീശനും സംഘവും ചേർന്ന് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും വേട്ടയാടാൻ ശ്രമിക്കുന്നത് എന്തിനെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് ഇതിനകം മനസ്സിലായിട്ടുണ്ട്. മകളെയും ഭാര്യയെയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്റെ മൊഴിയെടുത്തത് എന്ന് റിയാസിന്റെ സുഹൃത്ത്, സിഎംആർഎൽ ഫിനാൻഷ്യൽ ഓഫീസർമാർ, ശശിധരൻ കർത്ത എന്നിവർ ഇതിനകം സത്യവാങ്-മൂലം നൽകിക്കഴിഞ്ഞു. എന്നിട്ടും അതിന്മേൽ അന്വേഷണം നടത്തണമോ എന്ന അസംബന്ധ അന്വേഷണത്തിലാണ് യുഡിഎഫ് സർക്കാർ.

വീണ തൈക്കണ്ടിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തതോ കണ്ടെടുത്തതോ ആയ ചില പേപ്പറുകളുടെയും രേഖകളുടെയും പേരിലാണ് ഇഡി അടിസ്ഥാനരഹിതമായ വിവാദങ്ങളും ആരോപണങ്ങളും നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആ പേപ്പറുകളുമായി ബന്ധപ്പെട്ട് എല്ലാ വസ്തുതകളും വിശദീകരിച്ച് കൃത്യമായ മൊഴി വീണ ഇതിനോടകം അധികാരികൾക്ക് നൽകിയിട്ടുള്ളതാണ്. എങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഈ യഥാർത്ഥ മൊഴി പൊതുജനങ്ങൾക്കു മുന്നിലോ അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്നോ പുറത്തുവിടാൻ തയ്യാറാകാത്തത്? ആ മൊഴിയിലെ കാര്യങ്ങൾ പുറത്തുവന്നാൽ തങ്ങൾ മെനഞ്ഞെടുത്ത കള്ളക്കഥകളെല്ലാം പൊളിഞ്ഞുപോകുമെന്ന ഭയത്താലാണ് അത് മൂടിവെക്കുന്നത്. ഈ മൊഴി എത്രയും പെട്ടെന്ന് പുറത്തുവിടണമെന്ന് മുഹമ്മദ് റിയാസ് ശക്തമായി ആവശ്യപ്പെട്ടിട്ടുള്ളതുമാണ്.

കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ വിജിലൻസ് കോടതി മുതൽ സുപ്രീംകോടതി വരെ ഈ വിഷയവുമായി പോയി പരാജയപ്പെടുകയും ഒടുവിൽ കോടതിയുടെ വിമർശനം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്ത ഈ കേസിൽ, കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിക്കാൻ തെളിവില്ലാത്തതിനാൽ ഇ ഡി സംസ്ഥാന സർക്കാരിന്റെ തലയിലിട്ട് തടിയൂരുകയായിരുന്നു. ഹവാല ആരോപണം ഉന്നയിച്ചാൽ അതിൽ കേസെടുക്കാൻ ചുമതലക്കാരായ ഇ ഡി കേസെടുക്കാത്തതിന് ഒരു കാരണമേയുള്ളൂ; അവിടെ ഒരു തുമ്പും തെളിവുമില്ല!

മാധ്യമപ്രവർത്തകർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ ഹവാല ഇടപാട് നടത്തിയെന്ന പൊട്ടക്കഥ പൊളിഞ്ഞിട്ടും ചില മാധ്യമങ്ങൾ നുണ പ്രചാരണം തുടരുകയാണ്. കരിമണൽ കമ്പനി ഉടമയും ജീവനക്കാരും ഇഡിയുടെ നിർബന്ധത്തിൽ വ്യാജമൊഴി നൽകിയത് രണ്ടു വർഷം മുമ്പ് തിരുത്തിയിട്ടും മനോരമയും യുഡിഎഫും വീണ്ടും പഴയ കെട്ടുകഥകളുമായി രംഗത്തിറങ്ങുകയാണ്.

മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്
ഇഷ്ടമില്ലാത്ത രാഷ്ട്രീയ നേതാക്കളെ പ്രതികളാക്കാൻ ആദ്യം കഥയെഴുതുക, അതിനൊത്ത മൊഴികൾ ഭീഷണിപ്പെടുത്തി നേടിയെടുക്കുക, അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നതാണ് ഇ ഡിയുടെ അന്വേഷണ ശൈലി. രാജ്യവ്യാപകമായി കോടതികളുടെ പോലും കടുത്ത വിമർശനത്തിന് ഈ ഏജൻസി പാത്രമായിട്ടുണ്ട്. പിഎംഎൽഎ (PMLA) നിയമപ്രകാരം ഇ ഡി രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ പൂർത്തിയായി വിധി പറഞ്ഞിട്ടുള്ളത് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇ ഡി റെയ്ഡുകളിൽ 80 ഇരട്ടി വർധനയാണ് ഉണ്ടായിട്ടുള്ളത്. യുപിഎ ഭരണകാലത്ത് അത് 54 ശതമാനം ആയിരുന്നെങ്കിൽ, മോദി ഭരണത്തിൽ അത് 95 ശതമാനമായി ഉയർന്നു. ബിജെപിയിൽ ചേരുന്നതോടെ ഇല്ലാതാകുന്ന ഇ.ഡി കേസുകൾക്ക് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയുടെ അടക്കം നിരവധി ഉദാഹരണങ്ങളുണ്ട്.

തമിഴ്‌നാട്, പഞ്ചാബ് സർക്കാരുകൾ ഇ.ഡി നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞപ്പോൾ, കേരളത്തിൽ യുഡിഎഫ് സർക്കാർ അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ ബി -ടീം ആയി പ്രവർത്തിക്കുകയാണ്. ദേശീയതലത്തിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെയുള്ള ഇ.ഡി നടപടികളെ എതിർക്കുന്ന കോൺഗ്രസ്, കേരളത്തിൽ നേരെ വിപരീതമായ നിലപാട് സ്വീകരിച്ച് സംഘപരിവാർ അജൻഡയ്ക്ക് കുടപിടിക്കുന്നു.

വി ഡി സതീശന്റെ രാഷ്ട്രീയക്കളിയും എ ജിയുടെ നിയമോപദേശവും
സംസ്ഥാന സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയെന്ന പേരിൽ മലയാള മനോരമയും മാതൃഭൂമിയും പരസ്പര വിരുദ്ധമായ വാർത്തകളാണ് വിളമ്പിയത്. ഒരേയൊരു ഏജൻസിയും ഒരേയൊരു കേസും ഉള്ളപ്പോൾ എങ്ങനെയാണ് രണ്ടു തരം കഥകൾ വരുന്നത്? പിണറായിയുടെ പേരിൽ കൈക്കൂലിക്കുറ്റം നിലനിൽക്കുമെന്നു നിയമോപദേശം കിട്ടിയെന്ന് പ്രചരിപ്പിക്കുന്നത് വി ഡി സതീശൻ ജൂനിയറായി വക്കീൽ പണി ചെയ്ത ഓഫീസിൽ നിന്നാണ്!

ഒരാളുടെ മേൽ കൈക്കൂലിക്കുറ്റമോ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസോ നിലനിൽക്കണമെങ്കിൽ അതിന് തെളിവ് വേണ്ടേ? കരിമണൽ കമ്പനിക്ക് അനുകൂലമായി പിണറായി സർക്കാരിന്റെ കാലത്ത് യാതൊരു തെറ്റായ നടപടിയും ഉണ്ടായിട്ടില്ല എന്ന് രണ്ട് വിജിലൻസ് കോടതികളും അപ്പീൽ കോടതിയായ ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. വിധിപ്പകർപ്പ് എജി ഓഫീസിൽ ഉണ്ടായിരിക്കെ, അതെങ്ങനെ മറച്ചുവെച്ച് എജി സർക്കാരിനെ കബളിപ്പിക്കും? ഇഡി പടച്ചുണ്ടാക്കിയ മൊഴികൾ കള്ളമാണെന്ന് ഹൈക്കോടതിയിൽ സിഎംആർഎൽ വ്യക്തമാക്കിയതും, ഡൽഹി ഹൈക്കോടതിയിൽ എസ്എഫ്ഐഒയ്ക്കെതിരെ സിഎംആർഎൽ കേസ് നൽകി സ്റ്റേ വാങ്ങിയതും എജി മറച്ചുവെച്ചെന്ന നുണയും ഇവിടെ പൊളിയുക മാത്രമല്ല, മാത്യു കുഴൽനാടൻ നൽകിയ ഹർജി തള്ളിക്കൊണ്ട്, രാഷ്ട്രീയ പോരാട്ടങ്ങൾ കോടതി അങ്കണങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് സുപ്രീംകോടതി വ്യക്തമായി നിരീക്ഷിച്ചതാണ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്റെ ഒരു ആരോപണം പോലും നിലവിലില്ലെന്നിരിക്കെ, എജിയുടെ പേരിൽ വ്യാജ കഥകൾ പ്രചരിപ്പിക്കുന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്.

ചെന്നിത്തലയെ പൂട്ടുന്ന സതീശന്റെ കെണി
മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കേസ് നിലനിൽക്കില്ല എന്നും എജി ഉറപ്പുനൽകിയതായി മാതൃഭൂമി പറയുന്നു. അത് സതീശന്റെ മറ്റൊരു രാഷ്ട്രീയ കെണിയാണ്. സിഎംആർഎൽ വിഷയത്തിൽ ഒരു എഫ്ഐആർ ഇട്ടു കിട്ടിയാൽ ഇഡി രക്ഷപ്പെടും; ഒപ്പം രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇഡിയുടെ അന്വേഷണ പരിധിയിലാകും. വി ഡി സതീശന്റെ രാഷ്ട്രീയ ലക്ഷ്യം അതാണ്—പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ നുണപ്രചാരണം തുടരുകയും ഒപ്പം സ്വന്തം മുന്നണിയിലെ രമേശ് ചെന്നിത്തലയെ പൂട്ടിയിടുകയും ചെയ്യുക!

വീണ തൈക്കണ്ടിക്ക് നൽകിയ പണത്തിന് പ്രതിഫലം കമ്പനിക്ക് ലഭിച്ചു എന്ന് കമ്പനി ഉടമ നാലു വർഷം മുമ്പ് അധികാരികൾക്ക് നൽകിയ സത്യവാങ്-മൂലം നിലവിലുണ്ട്.

ആന്റണി സർക്കാർ 2004-ൽ കരിമണൽ കമ്പനിക്ക് ലീസ് അനുമതി നൽകിയതിന്റെ തുടർച്ചയായാണ് ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും 2014 മുതൽ അവിടെ നിന്നും കള്ളപ്പണം കൈപ്പറ്റിയത്. ടി എൻ പ്രതാപൻ ചീഫ് വിപ്പായിരുന്നപ്പോൾ ഉമ്മൻചാണ്ടിക്ക് നൽകിയ കത്തും സുപ്രീംകോടതിയിൽ കർത്തയ്ക്കു വേണ്ടി മുൻകാലങ്ങളിൽ നടന്ന ഒത്തുകളികളും തടിപോലെ കിടപ്പുണ്ട്. പ്രതാപൻ ചൂണ്ടിക്കാണിച്ചതുപോലെ സുപ്രീംകോടതി 2016 ഏപ്രിൽ 8-ന് കർത്തയ്-ക്കക്കനുകൂലമായി വിധിച്ചത് പിണറായിക്കാലത്തുമല്ല. ആ വിധിപ്രകാരം ഒരു തരി കരിമണൽ വാരാൻ സിഎംആർഎൽ കമ്പനിയെ എൽഡിഎഫ് അനുവദിച്ചിട്ടില്ല എന്നറിയാത്തവരാണോ നിയമോപദേശം നൽകുന്നത്?

ഹവാലക്കഥയോ കള്ളപ്പണക്കഥയോ അന്വേഷിക്കാൻ ഇഡിക്കല്ലേ അധികാരമുള്ളതെന്ന് അവരോട് ചോദിക്കാൻ സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകാൻ ഈ അഭിഭാഷകർക്ക് തോന്നാത്തത് രാഷ്ട്രീയ ലാഭം കൊണ്ടു മാത്രമാണ്. ഈ കുടില രാഷ്ട്രീയക്കളിയിലൂടെ ഒടുവിൽ കുരുക്കിലാകാൻ പോകുന്നത് രമേശ് ചെന്നിത്തലയാണ്. കുഞ്ഞാലിക്കുട്ടിയുടെ ‘തല’ ചന്ദ്രികാ കേസിൽ ഇഡിയുടെ കക്ഷത്തിലാണെന്നതും പകൽപോലെ വ്യക്തമാണ്.

പി എ മുഹമ്മദ് റിയാസിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും കള്ളക്കേസുകളും മാധ്യമക്കഥകളും കൊണ്ട് തളർത്താമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.
സാധാരണ പ്രവർത്തകനിൽ നിന്നും വിദ്യാർത്ഥി- യുവജന പ്രസ്ഥാനങ്ങളുടെ തീച്ചൂളയിലൂടെ ഉയർന്നുവന്ന പി എ മുഹമ്മദ് റിയാസും, സംഘപരിവാർ ഭീഷണികൾക്കു മുന്നിൽ പതറാത്ത പിണറായി വിജയനും കടുത്ത രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ വിജയം മാത്രം ശീലിച്ചവരാണ്. ഇ ഡിയെ മുൻനിർത്തി കോൺഗ്രസ് നടത്തുന്ന ഈ നെറികെട്ട രാഷ്ട്രീയ വേട്ടയെയും അതിന് കുടപിടിക്കുന്ന യുഡിഎഫ്-  സംഘപരിവാർ കൂട്ടുകെട്ടിനെയും കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 + 17 =

Most Popular