Wednesday, October 7, 2026

ad

Homeകവര്‍സ്റ്റോറികോൺഗ്രസിന്റെ ‘സെറ്റർ’ റോൾ

കോൺഗ്രസിന്റെ ‘സെറ്റർ’ റോൾ

കെ ജെ ജേക്കബ്

വോളിബോൾ കളിയിൽ ഹിറ്റർക്കു ബോളെത്തിക്കുന്ന സെറ്ററുടെ റോളാണ് തങ്ങൾ പ്രതികളല്ലാത്ത ഇ ഡി കേസുകളിൽ രാജ്യമെമ്പാടും കോൺഗ്രസ് ഏറ്റെടുക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മറ്റൊരു മന്ത്രിയും പല മാസങ്ങളോളം ജയിലിൽ കിടന്ന ഡൽഹി എക്സൈസ് പോളിസി കേസിന്റെ തുടക്കം മന്ത്രിസഭയുടെ തീരുമാനങ്ങളിൽ അഴിമതിയുണ്ടെന്നാരോപിച്ചു കോൺഗ്രസ് ഡൽഹി യൂണിറ്റ് അധ്യക്ഷൻ അനിൽ കുമാർ ചൗധരി ‘തെളിവുകൾ’ ഉൾപ്പെടുത്തി പൊലീസിന് നൽകിയ ആയിരം പേജുള്ള ഒരു പരാതിയാണ്. അതിനെത്തുടർന്നാണ് ഡൽഹി ചീഫ് സെക്രട്ടറി ഒരു റിപ്പോർട്ട് ലഫ്റ്റനന്റ് ഗവർണർക്കു നൽകുന്നതും ഗവർണർ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതും തൊട്ടുപിറകെ ഇ ഡി എത്തി ആദ്യം മന്ത്രിമാരെയും പിന്നെ മുഖ്യമന്ത്രിയെത്തന്നെയും അറസ്റ്റുചെയ്യുന്നതും.

ഒരു തെളിവുമില്ല എന്നുകണ്ട് അഴിമതിക്കേസ് സിബിഐ കോടതി എടുത്തു കൊട്ടയിലിട്ടു എന്ന് മാത്രമല്ല കേസ് അധികാര ദുർവ്വിനിയോഗത്തിന്റെ ഉത്തമ മാതൃകയാണെന്നും കോടതി പറഞ്ഞു. നടുവഴിയിൽ മുണ്ടുരിഞ്ഞുപോയ അവസ്‌ഥയാണ് ഈ കേസിൽ ഇ ഡി എന്ന കേന്ദ്ര സർക്കാരിന്റെ കൊട്ടേഷൻ ഏജൻസിയ്ക്ക്.

കേരളത്തിലും ഈ കളിയാണ് കോൺഗ്രസ് കളിക്കുന്നത്. ഈ കളിയാണ് ഇ ഡി കളിക്കാൻ ശ്രമിക്കുന്നതും.

സിഎംആർഎൽ കമ്പനിയ്ക്ക് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ അനർഹമായ ആനുകൂല്യങ്ങൾ നൽകി എന്നാരോപിച്ച്- കോൺഗ്രസ് നേതാവും എംഎൽഎയുമായ ഡോ. മാത്യു കുഴൽനാടൻ രണ്ടു വിജിലൻസ് കോടതിയിലും ഹൈക്കോടതിയിലും അറ്റകൈയ്ക്കു സുപ്രീം കോടതിയിലും പോയി. തങ്ങൾക്കു ഒരു അന്വേഷണം പ്രഖ്യാപിക്കാനുള്ള ‘വഹ’യൊന്നും ഹാജരാക്കിയ തെളിവുകളിൽ ഇല്ലെന്നു വിജിലൻസ് കോടതിയും ഹൈക്കോടതിയും ഡോ. കുഴൽനാടനോടു പറഞ്ഞു; എന്നാൽ സുപ്രീം കോടതിയിൽ എത്തിയപ്പോൾ കളി മാറി. ഇമ്മാതിരി ‘തെളിവുകൾ’ കൊണ്ട് മേലാൽ ഇവിടെ കണ്ടുപോകരുതെന്നും രാഷ്ട്രീയക്കളി ജനങ്ങളുടെ മുൻപിൽ മതിയെന്നും കനപ്പിച്ചു സുപ്രീം കോടതി പറഞ്ഞിട്ടാണ് കുഴൽനാടൻ അടങ്ങിയത്, മടങ്ങിയത്.

ആയിടെ ഡോ. മാത്യു കുഴൽനാടനുമായുള്ള ഒരു ടെലിവിഷൻ പരിപാടിയിൽ ഈ ലേഖകൻ പങ്കെടുത്തിരുന്നു. അദ്ദേഹം ശേഖരിച്ച രേഖകൾ ആയിരക്കണക്കിന് പേജുകളുണ്ടെന്നും അവയിൽ തെളിവുകൾ നിറഞ്ഞുകവിഞ്ഞു കിടക്കുകയാണെന്നുമാണ് അന്നദ്ദേഹം പറഞ്ഞത്. കോടതികൾ അതൊന്നും വകവയ്ക്കാത്തതിൽ അഭിഭാഷകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഖേദവും പറഞ്ഞു.

ഈ കേസ് പിന്തുടരുന്ന ഒരാളെന്ന നിലയിൽ അദ്ദേഹത്തിന്റെ കൈയിലുള്ള രേഖകൾ ‘വിയറ്റ്നാം കോളനി’ എന്ന സിനിമയിലെ ശങ്കരാടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൈവശമുള്ള രേഖകൾ പോലാണെന്നു ഞാൻ അതിനു മറുപടിയും പറഞ്ഞു.

******

സി പി ഐ എം നേതാവായ പി എ മുഹമ്മദ് റിയാസിന്റെയും സുഹൃത്തുക്കളുടെയും വീടുകൾ റെയ്ഡ് ചെയ്തു. അദ്ദേഹവും പിണറായി വിജയനും ചേർന്ന് കോടിക്കണക്കിനു രൂപ കൈക്കൂലിയായി വാങ്ങി, അത് ഹവാല മാർഗ്ഗത്തിൽ കടത്തി എന്നതിന്- ഇ ഡിയ്ക്ക് തെളിവ് കിട്ടി എന്ന് കേരളത്തിലെ മാധ്യമങ്ങൾ നാട്ടുകാരെ അറിയിച്ചിട്ട് മാസം ഒന്നുകഴിഞ്ഞു. തെളിവുകളെല്ലാം ഇ ഡി കേരള പൊലീസിന് കൈമാറി എന്നു പറഞ്ഞു. പിന്നെ കാണുന്ന റിപ്പോർട്ടുകൾ കൗതുകകരമാണ്.
കേരള പൊലീസ് മേൽപ്പറഞ്ഞ സിപിഎം നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കണം എന്നാണ് ഇ ഡിയുടെ ആവശ്യം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൽ അങ്ങിനെ പറഞ്ഞിട്ടുണ്ടത്രെ.

ഇക്കാലമത്രയും ഡോ. കുഴൽനാടന്റെ ആരോപണത്തിന് കുടപിടിച്ചു നടന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന കേരളത്തിലെ ഇപ്പോഴത്തെ സർക്കാരിന് പക്ഷേ അവരുയർത്തിയ ആരോപണങ്ങളിൽത്തന്നെ അത്ര ഉറപ്പില്ല. അതല്ലെങ്കിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല. ഡൽഹിയിൽ ലഫ്റ്റനന്റ് ഗവർണർക്കും അതുവഴി ഇ ഡി യ്ക്കും പന്തുയർത്തിക്കൊടുത്ത അതേ പണി ഇവിടെയും എടുത്താൽ മതി; ബാക്കി അവർ നോക്കിക്കോളും.

അന്വേഷണത്തിന് ഉത്തരവിടാൻ പ്രഥമദൃഷ്ട്യാ കാരണമില്ല എന്നതുകൊണ്ടാണ് കോടതികൾ ഡോ. കുഴൽനാടന്റെ പരാതികൾ തള്ളിക്കളഞ്ഞത്. അദ്ദേഹത്തിന്റെ വാദം പക്ഷേ മറ്റൊന്നാണ്: അന്വേഷണം തുടങ്ങിയാൽ മാത്രമേ തെളിവ് ലഭിക്കൂ; അതുകൊണ്ട് അന്വേഷണം നടത്താൻ ഉത്തരവിടണം.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നുകൊണ്ട് ഒരു സ്വകാര്യ കമ്പനിയ്ക്ക് ആനുകൂല്യങ്ങൾ നൽകിയതിന്റെ ‘വിവരങ്ങൾ’ പുറത്തുവരണമെങ്കിൽ അന്വേഷണം വേണമെന്നായിരുന്നല്ലോ അദ്ദേഹത്തിന്റെ വാദം. മുഖ്യമന്ത്രി എടുത്ത എല്ലാ തീരുമാനങ്ങളും ഇപ്പോൾ സർക്കാരിനും യു ഡി എഫിനും ലഭിയ്ക്കാവുന്നതേയുള്ളൂ. അതിന് ഇത്രമാത്രം സമയമൊന്നും വേണ്ട. ഡോ. കുഴൽനാടനും കൂടി സഹകരിച്ചാൽ പിന്നെ കാര്യങ്ങൾ എളുപ്പമാകും.

എന്താണ് അദ്ദേഹം അദ്ദേഹത്തിന്റെ കൈയിലുള്ള ‘ആയിരക്കണക്കിന്’ പേജുകൾ അന്വേഷണ സംഘത്തിന് കൈമാറാത്തത്? എന്താണ് അദ്ദേഹം ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറയാത്തത്; അവർ ചോദിക്കാത്തത്? എന്താണ് ‘ലിഫ്റ്റ്’ കൊടുക്കാൻ ഡോ. കുഴൽനാടനും കോൺഗ്രസിനും ഇത്ര മടി?

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം മുൻപ് ഇന്ത്യൻ കസ്റ്റംസ് കേരള ഹൈക്കോടതിയിൽ ഒരു റിപ്പോർട്ട് കൊടുത്തു. “മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ വിദേശയാത്രയിൽ ഡോളർ കടത്തി എന്ന വിവരമറിഞ്ഞു തങ്ങൾ ഞെട്ടി’ എന്നായിരുന്നു അന്ന് ആ സുപ്രധാന കേന്ദ്ര ഏജൻസി ഹൈക്കോടതിയെ അറിയിച്ചത്.

കൊല്ലം അഞ്ചു കഴിഞ്ഞു. ഞെട്ടലിൽ നിന്നുണരാത്തതാണോ എന്തോ, പിന്നീടാ അസംബന്ധം ആവർത്തിക്കാൻ ആ ഏജൻസി ധൈര്യപ്പെട്ടിട്ടില്ല.

എന്തുകൊണ്ടായിരിക്കും?

എന്തുകൊണ്ടായിരിക്കും സിപിഎം നേതാക്കൾ ഹവാല മാർഗത്തിൽ പണം വിദേശത്തേയ്ക്ക് കടത്തി എന്ന് കേരളത്തിലെ മിക്കവാറും മാധ്യമങ്ങളിൽകൂടി നാട്ടുകാരെ അറിയിച്ച ഇ ഡി അടുത്ത നിയമനടപടികളിലേയ്ക്ക് നീങ്ങാത്തത്? എന്തുകൊണ്ടാണ് ഒരു നോട്ടീസ് പോലും നൽകാത്തത്? എന്തിനാണ് ഒരു എഫ്ഐആർ കിട്ടാൻ കേരള പൊലീസിന്റെ പിന്നാലെ നടക്കുന്നത്?

ഈ വിഷയത്തിൽ എത്രത്തോളം നിയമപ്രശ്‌നമുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം കോൺഗ്രസുകാർക്കറിയാം. കേരളത്തിലെ പൊലീസിനറിയാം. ആയിരക്കണക്കിന് പേജുകളിൽ പരന്നൊഴുകിക്കിടക്കുന്ന തെളിവുകൾ കൈവശമുള്ള ഡോ. കുഴൽനാടനറിയാം. ഡയറിയും കുറിപ്പും മൊഴികളുമെല്ലാം കൈവശമുള്ള ഇ ഡി യ്ക്ക് നന്നായറിയാം.

പക്ഷേ ആരും നിയമനടപടിയ്ക്കില്ല.

സ്വർണ്ണക്കടത്തും ഡോളർക്കടത്തും ഈന്തപ്പഴക്കുരുവും ഖുർആനിലെ സ്വർണ്ണവുമൊക്കെ വച്ച് അപസർപ്പക കഥകളുണ്ടാക്കി മലയാളിയുടെ സാമാന്യ ബുദ്ധിയെ കാലങ്ങളോളം ചോദ്യംചെയ്ത ആളുകൾക്ക് എന്താണ് ആ കഥകളുടെ യുക്തിപരവും നിയമപരവുമായ ഒരന്ത്യത്തിലേക്കു പോകാൻ ഒരു മടി?

മണലുകൊണ്ട് കയറുപിരിക്കുന്ന അന്തിച്ചർച്ച കഥാകാരന്മാർ കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് മലയാളിക്ക് ബാക്കിവച്ചത് എന്തസംബന്ധവും എത്രകാലം വേണമെങ്കിലും കേട്ടിരിക്കാം, വേണമെങ്കിൽ വിശ്വസിക്കാം എന്ന ഒരു മാനസിക നിലയാണ്. എന്നിട്ടും നിയമനടപടികളിലേയ്ക്ക് പോകാൻ ഈ സെറ്റർമാർക്കൊന്നും കഴിയുന്നില്ലെങ്കിൽ എത്ര പരിഹാസ്യവും ദുർബലവുമാണ് അവരുടെ കഥയുടെ തന്തു എന്നോർത്താൽ മതി.

ഡൽഹി എക്സൈസ് പോളിസി കേസിൽ റഫറി ഫൗൾ വിളിച്ച ഏജൻസികൾ ഹിറ്റർ വേഷത്തിൽ കേരളത്തിലുണ്ട്. കുറച്ചുനാളായുണ്ട്. പക്ഷേ ഒരു ലിഫ്റ്റ് കൊടുക്കാൻ സെറ്റർമാർക്കും കിട്ടിയതുവച്ചു സ്മാഷ് ചെയ്യാനും പോയിന്റ് സ്‌കോർ ചെയ്യാനും ഹിറ്റർമാർക്കും ഒരു ധൈര്യമില്ലായ്മ.

കളിനിയമങ്ങൾ സുതാര്യമായെങ്കിൽ മാത്രമേ കേരളത്തിൽ കളി നടക്കൂ എന്നവർക്കറിയാമായിരിക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine + six =

Most Popular