തങ്ങളുടെ ശിങ്കിടികളായ ചില കോർപ്പറേറ്റുകളുടെ ബിസിനസ് താൽപ്പര്യങ്ങൾക്കു വേണ്ടിയും അവരുടെ എതിരാളികളെ ഒതുക്കാനും ഇഡിയുടെയും മറ്റു കേന്ദ്ര ഏജൻസികളുടെയും സേവനം ബിജെപി ഉപയോഗിക്കുന്നുണ്ട്. നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുഖേന ജെ പി ഗ്രൂപ്പ് സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അദാനിയും വേദാന്തയും തമ്മിൽ തർക്കം മുറുകി. ഇതിൽ ഇഡിയുടെ ഇടപെടലുണ്ടാകുന്നു. എങ്ങനെയെന്നോ? പെട്ടെന്ന് വേദാന്തയുടെ സ്ഥാപനങ്ങളിൽ ഇഡി എത്തുന്നു. റെയ്ഡ് നടക്കുന്നു. ജെപി ഗ്രൂപ്പ് അദാനിയുടെ കെെപ്പിടിയിലാകുന്നതിന് പിന്നെ അൽപ്പവും സമയം വേണ്ടി വന്നില്ല.
ഇതിലും ഭീകരവും ഞെട്ടിപ്പിക്കുന്നതുമായിരുന്നു അഹമ്മദ് ബുഹാരിയെന്ന ബിസിനസുകാരനെ കെെകാര്യം ചെയ്ത രീതി. ബുഹാരിക്ക് സ്വന്തമായി ഒരു കൽക്കരി കമ്പനിയും 1200 മെഗാവാട്ട് വെെദ്യുതി പ്ലാന്റുമുണ്ടായിരുന്നു. 2022 മാർച്ച് 4ന് ഇഡി അദ്ദേഹത്തിന്റെ സ്ഥാപനം റെയ്ഡ് ചെയ്തു. അദ്ദേഹത്തെ അറസ്റ്റുചെയ്തു. രണ്ടു കൊല്ലവും ഏഴ് മാസവും ആ ബിസിനസുകാരൻ ഇരുമ്പഴിക്കുള്ളിൽ കിടന്നു. ഇക്കാലംകൊണ്ട് അദ്ദേഹത്തിന്റെ കമ്പനി വലിയ നഷ്ടത്തിലായി; കടം ഭീമമായി വർധിച്ചു. അത് തിരിച്ചടയ്ക്കാൻ പറ്റാത്ത വിധം പെരുകി. അദ്ദേഹം പാപ്പരായതായി പ്രഖ്യാപനമുണ്ടായി. കൽക്കരി കമ്പനിയും 1200 മെഗാവാട്ട് ശേഷിയുള്ള വെെദ്യുതനിലയവും അദാനിയുടെ കെെയിലായി. 2026 മെയ് മാസമായപ്പോൾ, അതായത് 4 വർഷം കഴിഞ്ഞപ്പോൾ കോടതി ബുഹാരിക്കെതിരായ കേസ് വിചാരണക്കെടുക്കുകയും കേസ് വിചാരണക്കെടുക്കാൻ പോലും തെളിവില്ലെന്നുകണ്ട് ബുഹാരിയെ വെറുതെ വിടുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും അദ്ദേഹം ആയുഷ്-കാലം കൊണ്ട് പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം അദാനിയുടെ കെെവശത്തിലായിക്കഴിഞ്ഞിരുന്നു.
ജി വി കെയുടെ ഉടമസ്ഥതയിൽനിന്നും മുംബെെ വിമാനത്താവളവും എൻഡിടിവിയും അദാനിയുടെ കെെവശത്തിലെത്തിയതും ഏറെക്കുറെ സമാനമായ വിധമായിരുന്നു. ആദ്യം ഇൻകം ടാക്സും ഇഡിയും രംഗത്തിറങ്ങുന്നു. റെയ്ഡ് നടത്തുന്നു. കേസെടുക്കുന്നു. പിന്നാലെ രണ്ടും അദാനിയുടെ കെെയിലാകുന്നു.
മോദി സ്വന്തം ശിങ്കിടി കോർപറേറ്റിനായി കേന്ദ്ര ഏജൻസികളെ ഇറക്കി കളിക്കുന്നതിന്റെ എത്രയെത്ര ഉദാഹരണങ്ങൾ ഇങ്ങനെയുണ്ട്. അനാവരണം ചെയ്യപ്പെടാൻ ഇനിയും ഏറെയുണ്ടാകും. ഒഡീഷ മുതൽ കേരളം വരെയുള്ള തീരമേഖലയിലെ ധാതുമണൽ സമ്പത്ത് ലക്ഷ്യംവച്ചുകൊണ്ടുള്ള സംയുക്ത അണിയറ നീക്കങ്ങൾ പലതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഇഡിയും യജമാനന്മാരുമൊക്കെ കളിക്കുന്നത് വമ്പൻ സ്രാവുകൾക്കുവേണ്ടിയാണ്. ചെറുമീനുകളെ വമ്പൻ സ്രാവുകൾക്ക് ഭക്ഷണമാക്കുന്ന ജോലിയും കൂടിയാണ് അവർ ചെയ്യുന്നത് ! l



