രണ്ട് സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾ തമ്മിൽ ചരക്കു–സേവന കൈമാറ്റങ്ങൾ നടക്കുന്നതിനിടയിൽ അവർ തമ്മിൽ തർക്കമുണ്ടായാൽ ചരക്കുകളുടെ ഗുണനിലവാരം, സേവനത്തിന്റെ അളവ് തുടങ്ങിയവയിലോ പ്രതിഫലം സംബന്ധിച്ച വിഷയങ്ങളിലോ തീരുമാനമെടുക്കേണ്ടത് സിവിൽ നിയമ സംവിധാനങ്ങൾ മാത്രമാണ്. അതിൽ ഒരു കമ്പനി പ്രതിഫലം നൽകി വാങ്ങിയ ചരക്കിന്റെ മൂല്യം സംബന്ധിച്ചോ, സേവനത്തിന്റെ ഗുണനിലവാരം സംബന്ധിച്ചോ മറ്റേ കമ്പനിക്ക് തർക്കമുണ്ടാവുകയും അവരിലാരെങ്കിലും സിവിൽ കോടതിയെ സമീപിച്ച് കേസ് ഫയൽ ചെയ്യുകയും ചെയ്താലല്ലാതെ മൂന്നാം കക്ഷിക്ക് ആ വ്യാപാരത്തിലിടപെടാൻ അധികാരമില്ല. രണ്ടു സ്ഥാപനങ്ങൾ തമ്മിലുള്ള കരാറുകൾ അങ്ങനെ പരസ്പരം പരസ്യപ്പെടുത്താനാകാത്തവിധം Non disclosure വകുപ്പുകൾ കൂടിച്ചേർന്നതാണ്. ഓരോ കമ്പനിക്കും ആഭ്യന്തരമായി സൂക്ഷിക്കേണ്ട വ്യാപാര രഹസ്യങ്ങൾ, കരാറുടമ്പടികളുടെ സ്വകാര്യത (Privacy of contracts) പ്രകാരം, പരസ്പരം അവകാശപ്പെടാവുന്നതും നൽകാൻ ബാധ്യതപ്പെട്ടതുമാണ്.
ടി വീണ എന്ന സംരംഭക നടത്തിവന്ന എക്സാലോജിക് കമ്പനി സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിക്ക് നൽകിയ സേവനം എന്ത് എന്നതിനുത്തരം പറഞ്ഞാൽ വിവാദം തീരുമെന്നാണ് മലയാള മനോരമ മുതലിങ്ങോട്ടുള്ള വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. അത്തരമൊരു വെളിപ്പെടുത്തൽ നടത്താൻ സിഎംആർഎൽ കമ്പനിയുടെ സമ്മതം വേണം. അപ്രകാരം സ്വകാര്യ സ്ഥാപനങ്ങളുടെ സേവനമിടപാടുകൾ ആർക്കും എവിടെയും ലഭ്യമാക്കാൻ വിവരാവകാശ നിയമം അനുവദിക്കുന്നില്ല. കാരണം വ്യാപാര മത്സരങ്ങളിൽനിന്ന് ഓരോ വ്യാപാരത്തിനും നിയമപരമായ പരിരക്ഷ ലഭ്യമാണ്. എന്നാൽ, ഏതൊരു വ്യാപാര ഇടപാടും നികുതിക്ക് വിധേയമാണെങ്കിൽ, അതിന്റെ വിശദാംശങ്ങൾ അധികാരികൾക്ക് ആവശ്യപ്പെടാം. അതേസമയം തന്നെ ഇത്തരമൊരു വ്യാപാര ഇടപാട് നിങ്ങളുടെ സ്ഥാപനത്തിന് ആവശ്യമായിരുന്നില്ല എന്നു വിധിക്കാൻ ഒരു അധികാരിക്കും നിയമാനുസൃതം സാധിക്കുന്നതുമല്ല.
എക്സാലോജിക് എന്ന സ്ഥാപനം ബാംഗ്ലൂരിൽ ഓഫീസ് സ്ഥാപിച്ച് പ്രവർത്തിച്ചപ്പോൾ സംരംഭകയായ ടി വീണയുടെ ആധാർ കാർഡിലെ വിലാസം എകെജി ക്വാർട്ടേഴ്സ് എന്നു ചേർത്തിരുന്നത് രേഖകളിൽ ഉൾപ്പെട്ടുപോയി. അതുമുതൽ വിവാദം തുടങ്ങുകയായി. വിവിധ സ്ഥാപനങ്ങളുമായി സേവനക്കരാർപ്രകാരം ഐടി ബന്ധിതമായ പ്രവർത്തനങ്ങൾക്ക് ജോലിക്കാരെ വെച്ചാണല്ലോ കമ്പനി പ്രവർത്തിച്ചത്. അതിന്റെ രേഖകൾ രജിസ്ട്രേഷൻ വകുപ്പിൽ സമർപ്പിക്കപ്പെട്ടതിലും, യഥാസമയം നികുതികൾ അടച്ചതിലും നിയമപരമായ ഒരു പ്രശ്നവും നിലവിലില്ല. നിലവിൽ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ച് അധികാരികളെ അറിയിക്കുകയും ചെയ്തു. എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റ് കൈകാര്യംചെയ്യുന്ന കമ്പനിക്ക് ഫീസ് കൊടുക്കാതെ വന്നതിനാൽ വെബ് സൈറ്റിൽ കുറച്ചുകാലം ആ കമ്പനിയുടെ പേജ് അപ്രത്യക്ഷമായതുപോലും എത്രയോ വലിയ വിവാദങ്ങളായിരുന്നു.
സിഎംആർഎൽ എന്ന കമ്പനിയിൽ ആദായ നികുതി വകുപ്പ് ഒരു റെയ്ഡ് നടത്തി. അതിലെ ജോലിക്കാരുടെ വീടുകളിൽ നിന്നും കണ്ടെത്തിയ ചില കടലാസുകളിൽ രാഷ്ട്രീയ നേതാക്കൾ, മാധ്യമങ്ങൾ, ആരാധനാലയങ്ങൾ, സമുദായ സംഘടനകൾ, മതനേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി പലരും രൊക്കം പണം കൈപ്പറ്റിയെന്ന വിവരം ലഭിച്ചു. ആർഎസ്എസും ഹിന്ദു ഐക്യവേദിയും ബിജെപി നേതാക്കളും ഉൾപ്പെടെ പലരും അതിൽ പരാമർശിക്കപ്പെട്ടതാണെങ്കിലും ആ ഭാഗം രഹസ്യമായി വെച്ചു. സംഘപരിവാർ ഒഴികെയുള്ള ചിലരുടെ പേരുകൾ ഒരു മൊഴിയെന്ന രൂപത്തിൽ ചുരുക്കപ്പേരുകൾ നിർമിച്ച് മാധ്യമങ്ങളിൽ ചോർത്തി നൽകി. അത്തരം ഡയറികളോ പേപ്പറുകളോ വെച്ച് ഒരു കേസും നിലനിൽക്കില്ല.
കള്ളപ്പണം കൈകാര്യം ചെയ്തതായി കമ്പനി സമ്മതിച്ച കാര്യത്തിൽ ഇന്ററിം സെറ്റിൽമെന്റ് ബോർഡുമുമ്പാകെ ഒരു ‘‘അനുരഞ്ജന വിധി’’ ഉണ്ടാക്കിയിരുന്നു. അതിൽ ടി വീണയോ എക്സാലോജിക്കോ കക്ഷിയല്ല. സിഎംആർഎൽ കുറെ തുകകൂടി നികുതിയടയ്ക്കണമെന്നായിരുന്നു വിധി. അങ്ങനെ തീർപ്പാക്കിയ ഒരു വിഷയത്തിൽ എക്സാലോജിക് കമ്പനിയിൽനിന്നും ‘‘ആനുപാതികമായ സേവനം’’ ലഭിച്ചിട്ടില്ല എന്ന ഒരു പ്രസ്താവനയോടെ നികുതിവകുപ്പ് ഉണ്ടാക്കിയെടുത്ത ‘‘അനുരഞ്ജന തർക്ക പരിഹാരവിധി’’യിലെ ചില വാചകങ്ങളാണ് കഴിഞ്ഞ മൂന്നു വർഷമായി നടത്തിവരുന്ന വിവാദ വ്യവസായത്തിനടിസ്ഥാനം. അതിന്റെ മറപിടിച്ച് മാത്യു കുഴൽനാടൻ നേതൃത്വം നൽകിയ ഒരു നിയമയുദ്ധം മൂവാറ്റുപുഴ, തിരുവനന്തപുരം വിജിലൻസ് കോടതികളിൽ നടന്നു. മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ ഭരണസ്വാധീനമുപയോഗിച്ച് സിഎംആർഎൽ കമ്പനിക്ക് നിയമവിരുദ്ധമായി നൽകിയ നിരവധി സഹായങ്ങളുടെ മറവിൽ കെെമാറിയതാണ് എക്സാലോജിക് കരാറിലൂടെ ലഭിച്ച പണം എന്നായിരുന്നു ആരോപണം. രണ്ടു വിജിലൻസ് കോടതികളും കേസുകൾ തള്ളിയെന്നു മാത്രമല്ല, നിയമവിരുദ്ധമായ യാതൊരു നടപടിയും സംസ്ഥാന സർക്കാർ പിണറായി വിജയൻ മുഖ്യമന്ത്രിയായ കാലത്ത് നടത്തിയിട്ടില്ല എന്നായിരുന്നു വിധി. കേരള ഹെെക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും നടന്ന അപ്പീലുകളിൽ, പൊതുപ്രവർത്തകരെ അപമാനിക്കാൻ പാടില്ല എന്നും അടിസ്ഥാനമില്ലാത്ത ഇത്തരം ദുരാരോപണങ്ങളിൽനിന്നും അവർ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി വിധിച്ചു.
സിഎംആർഎൽ കമ്പനിക്കനുകൂലമായി സ്വകാര്യമേഖലയിൽ അവരുടെ വക പള്ളിത്തോപ്പ് എന്ന സ്ഥലത്ത് 60 ഏക്കർ ഭൂമിയിൽ ഖനനം നടത്താൻ 2004ൽ അനുമതി നൽകിയത് എ കെ ആന്റണി സർക്കാരാണ്. ശക്തമായ സമരങ്ങൾക്കൊടുവിൽ അത് റദ്ദാക്കിയെങ്കിലും നീണ്ട നിയമയുദ്ധത്തിനുശേഷം 2016 ഏപ്രിൽ 8ന് സിഎംആർഎൽ കമ്പനിക്കനുകൂലമായി സുപ്രീംകോടതി വിധി വന്നു. അതിനുശേഷം അധികാരമേറ്റ പിണറായി സർക്കാരിന്റെ കാലത്ത് ഒരുതരി കരിമണൽപോലും സിഎംആർഎൽ കമ്പനിക്ക് വാരാനായിട്ടില്ല. സുപ്രീംകോടതി വിധിച്ചിട്ടും, സിഎംആർഎൽ കമ്പനിയുടെ സ്വകാര്യമേഖലയിലെ ഖനനം തടയുകയാണ് എൽഡിഎഫ് ചെയ്തത്. l



