സംസ്ഥാനം വലിയ വൈദ്യുതി പ്രതിസന്ധി നേരിടുകയാണല്ലോ. അപ്പോൾ പലരും ഓർക്കുന്നത് മണിയാശാൻ മന്ത്രിയായിരുന്ന കാലമാണ്. ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റി എന്താണ് അഭിപ്രായം
■ ഒറ്റവാക്കിൽപ്പറഞ്ഞാൽ യുഡിഎഫിന്റെ പിടിപ്പുകേട് എന്നല്ലാതെ എന്തു പറയാൻ. ചൂടും മഴയില്ലാത്ത അവസ്ഥയുമൊക്കെ പണ്ടും ഇവിടെ ഉണ്ടായിട്ടുണ്ട്. അപ്പോൾ അതിനനുസരിച്ച് കൂടുതൽ വൈദ്യുതി വാങ്ങിക്കൊണ്ടുവന്ന് നൽകണം. അതാണ് സർക്കാരിന്റെ പണി. അല്ലാതെ എനിക്കൊന്നും വയ്യേ എന്നു പറയാനാണെങ്കിൽ സർക്കാരെന്തിനാണ്? പിന്നെ ഞാൻ മന്ത്രിയായ സമയത്ത് കാര്യങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. അത് എന്റെ വിദ്യാഭ്യാസത്തിന്റെ കണക്കുകൊണ്ടൊന്നുമല്ല. ഞാൻ നാലാം ക്ലാസുകാരനാണ്, പക്ഷേ ദീർഘകാലത്തെ പൊതുപ്രവർത്തനപരിചയമുണ്ട്. എന്താണ് ചെയ്യേണ്ടത് എന്നതിൽ ഒരു ഏകദേശ ധാരണയുണ്ടാകും. ഉദ്യോഗസ്ഥൻമാർ സഹായിക്കും. പിന്നെ മുഖയമന്ത്രി പിണറായി ഈ വകുപ്പ് കൈകാര്യം ചെയ്ത ആളാണ്. കൃത്യമായി നിർദ്ദേശം തരും. അത് ഇടതുപക്ഷ സർക്കാരിന്റെ മെച്ചമാണ്, അല്ലാതെ മണിയാശാന്റെ മെച്ചമല്ല. ഇപ്പോൾ ഈ പ്രതിസന്ധിയെന്നൊക്കെ പറയുന്നത് ഒന്നും ചെയ്യാതെ ഉണ്ടാക്കിയതാണ്. ആകെ കുഴപ്പത്തിലാക്കി മറ്റെന്തോ എന്നാണ് എന്റെ സംശയം. അതിനുള്ള സാധ്യത ഉണ്ട്. യുഡിഎഫ് അല്ലേ തള്ളിക്കളയാൻ പറ്റില്ല.
രാജ്യത്ത് മൊത്തം പ്രതിസന്ധിയാണ്, വൈദ്യുതി വാങ്ങിക്കാൻ പോലും കിട്ടുന്നില്ല എന്നാണ് പറയുന്നത്.
■ അതിപ്പോൾ എല്ലാ കാലത്തും വൈദ്യുതി വാങ്ങിത്തന്നെയാണ് കാര്യങ്ങൾ നടത്തുന്നത്. നല്ല മഴപെയ്താലും മുപ്പതു നാൽപതു ശതമാനം മാത്രമേ ഇവിടെ ഉണ്ടാക്കാനാകൂ. ബാക്കി വാങ്ങുക തന്നെ വേണം. വിലകുറഞ്ഞ് കിട്ടുന്നത് നോക്കി വാങ്ങണം. ഇപ്പോൾ പ്രശ്നം ആരംഭിച്ചത് മെയ്-–ജൂൺ മാസത്തിലല്ലേ? അപ്പോൾ ആലോചിച്ചിരുന്നെങ്കിൽ വൈദ്യുതി കിട്ടിയേനെ. ഉദ്യോഗസ്ഥൻമാരെ പറഞ്ഞുവിടണം. എവിടെയാ കിട്ടുകാന്ന് കണ്ടുപിടിച്ച് ധാരണയാക്കാൻ പറയണം. അതിന് ഇവര് ഉദ്യോഗസ്ഥരെ ഒന്നും അടുപ്പിച്ചു കാണില്ല.
അങ്ങയുടെ
കാലത്ത്
ഗുജറാത്തിൽ
നിന്നൊക്കെ
വൈദ്യുതി വാങ്ങി
എന്നു പറഞ്ഞു
കേട്ടിട്ടുണ്ട്.
■ ഗുജറാത്തിൽ നിന്നു മാത്രമല്ല, കിട്ടാവുന്നിടത്തുനിന്നെല്ലാം വാങ്ങിയിട്ടുണ്ട്. അവിടെയൊക്കെയുള്ള മന്ത്രിമാരെയും ഉദ്യോഗസ്ഥൻമാരേയുമൊക്കെ വിളിച്ച് സംസാരിച്ചിട്ടുമുണ്ട്. ആവശ്യം നമ്മളുടെയല്ലേ? അത് നമ്മൾ തന്നെ കണ്ടെത്തണ്ടേ? അതിൽ മറ്റൊന്നുമില്ല. ഇവിടെ എല്ലാവർക്കും കറന്റ് കൊടുക്കണം. പവർക്കട്ട് ഉണ്ടാകില്ല, ലോഡ് ഷെഡ്ഡിങ് ഉണ്ടാകില്ല എന്നത് ഇടതുമുന്നണി പറഞ്ഞതാണ്. അത് പാലിക്കുക, അത്രതന്നെ.
പുറത്തുള്ളവരോട് ഏത് ഭാഷയിലാണ് സംസാരിക്കുക
■ അതിനെന്താ? നമ്മടെ കൂട്ടത്തിൽ ഇംഗ്ലീഷും ഹിന്ദിയുമൊക്കെ അറിയുന്ന ആളില്ലേ? അവർ പറഞ്ഞു തരും. ഞാൻ മലയാളത്തിൽ തന്നെയാ പറയാറ്. ഉദ്യോഗസ്ഥൻമാർ അത് മാറ്റിപ്പറഞ്ഞുകൊടുക്കും. കാര്യം പറഞ്ഞാൽപ്പോരേ? ഉത്തരേന്ത്യയിലെ പല മന്ത്രിമാർക്കും അവരുടെ ഭാഷയായ ഹിന്ദിയല്ലേ അറിയൂ. അവർ അത് പറയും. കാര്യം മനസ്സിലാകും. അതാണ് പ്രധാനം.
ആശാൻ മന്ത്രിയായിരുന്ന കാലത്തെ പ്രധാന നേട്ടം എന്തൊക്കെയായിരുന്നു
■ സമ്പൂർണ വൈദ്യുതീകരണം തന്നെ. ഞാൻ എല്ലാ ജില്ലയിലും പോയി മീറ്റിംഗ് കൂടി. ഉദ്യോഗസ്ഥൻമാർ നന്നായി സഹകരിച്ചു. രാവും പകലും അധ്വാനിച്ചാണ് കണക്ഷനൊക്കെ കൊടുത്തത്. 2017ൽ മെയ് 29ന് കോഴിക്കോട്ടുവെച്ചാണ് പ്രഖ്യാപിച്ചത്. ഇടുക്കി ജില്ലയിലെ ഇടമലക്കുടി, പുനലൂരെ റോസ് മല അങ്ങനെ എത്രയെത്ര സ്ഥലങ്ങളിൽ കിലോമീറ്റർ കണക്കിന് കേബിൾ വലിച്ചാണ് കണക്ഷൻ കൊടുത്തത്.
അതേപോലെ തന്നെയായിരുന്നു പ്രളയത്തിൽ കണക്ഷൻ പോയത് പുന:സ്ഥാപിച്ചത്. 26 ലക്ഷം കണക്ഷനാ പോയത്. 50 സബ്സ്റ്റേഷൻ മുങ്ങിപ്പോയി. ജനറേറ്റിംഗ് സ്റ്റേഷനുകൾ ചെളിയും വെള്ളവും കേറി നാശമായി. ഒരു ലക്ഷം പോസ്റ്റ് മറിഞ്ഞു വീണു. അപ്പോഴും ഇവിടുത്തെ ഉദ്യോഗസ്ഥൻമാർ, കരാർ തൊഴിലാളികൾ, വയറിങ് ചെയ്യുന്ന തൊഴിലാളികൾ ഇവരെല്ലാം ഒന്നിച്ചുനിന്നാണ് കണക്ഷൻ തിരിച്ചുകൊടുത്തത്. അതും പത്തു ദിവസം തികച്ച് എടുത്തില്ല. അതാണ് നമ്മൾ കൂട്ടത്തിൽ നിന്നാ മതി. നമ്മൾ കൂട്ടത്തിൽ ഉണ്ടാകണം അല്ലാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ എന്നു പറഞ്ഞാൽ ഒന്നും നടക്കില്ല. അതാണ് ഇപ്പോൾ കാണുന്നത്.
പ്രളയത്തെപ്പറ്റി പറയുമ്പോൾ പലരും പറയാറ് മണിയാശാൻ ഡാം തുറന്നുവിട്ടിട്ടാണ് പ്രളയം ഉണ്ടായതെന്നാണ്
■ വിവരദോഷികൾ അങ്ങനെയൊക്കെ പറയും. പ്രളയം ഉണ്ടാകാത്ത സ്ഥലം കേരളത്തിൽ എവിടെയാ ഉള്ളത്? ഞാൻ നിലമ്പൂരു പോയിരുന്നു. അവിടെ പ്രളയത്തിൽ വലിയ നാശമാണ് ഉണ്ടായത്. അവിടെ എവിടെയാ ഡാം ഉള്ളത്. ഡാമുകളിലൊക്കെ കൊള്ളാവുന്ന വെള്ളം കൊണ്ടുകഴിഞ്ഞാൽ ബാക്കി താഴേക്കും വിടുകയല്ലാതെ എന്തു ചെയ്യും? അപ്പോഴും കൃത്യം മുന്നറിയിപ്പൊക്കെ കൊടുത്ത് ജനങ്ങളെ മാറ്റി പാർപ്പിച്ച്, എല്ലാവർക്കും ക്യാമ്പും സൗകര്യങ്ങളുമൊരുക്കിത്തന്നെയാ ഇടതുപക്ഷമുന്നണി പ്രശ്നം കൈകാര്യം ചെയ്തത്. ഞാൻ അങ്ങനെയുള്ള അപവാദമൊന്നും കണക്കാക്കാറില്ല. നമ്മൾ ചെയ്യാനുള്ളത് കൃത്യമായി ചെയ്യണം. അല്ലാതെന്താ?
വൈദ്യുതി മേഖല സ്വകാര്യവൽക്കരിച്ചാൽ പ്രശ്നങ്ങൾ തീരും എന്ന് ഇപ്പോൾ ചിലർ പറയുന്നുണ്ടല്ലോ
■ ചുമ്മാ വിവരദോഷം പറയുകയല്ലേ? സ്വകാര്യവൽക്കരിച്ചിട്ട് എവിടെയെങ്കിലും ഗുണംപിടിച്ചിട്ടുണ്ടോ? ചാർജ് കൂടും അത്രതന്നെ. വൈദ്യുതിപോലെ സുപ്രധാന മേഖല പൊതുമേഖലയിൽ തുടരണം എന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ നിലപാട്. പൊതുമേഖലയിൽ ഞങ്ങൾ അത് ഇന്ത്യയിലെ മികച്ചതാക്കി. സ്വകാര്യവൽക്കരിച്ചാൽ സതീശന് എന്തെങ്കിലും ഗുണം കിട്ടുമോ എന്ന് അറിയില്ല. അവരുടെ ധവള പത്രത്തിലും അതൊക്കെയാണല്ലോ പറയുന്നത്.
ഇപ്പോൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ചില ജീവനക്കാർ മനഃപൂർവ്വം വൈദ്യുതി ലൈനുകൾ ഓഫ് ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടല്ലോ? അതിനെപ്പറ്റി എന്താണഭിപ്രായം
■ മുഖ്യമന്ത്രിയല്ലേ അങ്ങനെയൊക്കെ പറയും. സ്വന്തം വീഴ്ച മറയ്ക്കാൻ ജീവനക്കാരെ പഴിപറഞ്ഞിട്ട് എന്താ കാര്യം. ഇനി അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ പേരിൽ നടപടി എടുക്കുന്നതിന് പകരം പത്രസമ്മേളനം നടത്തിപ്പറയുകയാണോ വേണ്ടത്. എന്റെ അനുഭവത്തിൽ ബോർഡിലെ ജീവനക്കാർ പൊതുവേ നല്ല നിലയിൽ ജോലി ചെയ്യുന്നവരാണ്. പ്രളയകാലത്തും കോവിഡ് കാലത്തും ഓഖി കൊടുങ്കാറ്റു വന്നപ്പോഴുമൊക്കെ എത്ര ത്യാഗപൂർണമായ സേവനമാണ് അവർ ചെയ്തത്. ജനങ്ങളെല്ലാം അഭിനന്ദിച്ചതല്ലേ? കെഎസ്ഇബി തികച്ചും കാര്യക്ഷമമായ ഒരു സ്ഥാപനമാണ്. അത് നടത്തിക്കൊണ്ടുപോകുന്നത് ജീവനക്കാരാണ്. യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടാണ് ഇപ്പോഴത്തെ പ്രശ്നം. പറ്റില്ലെങ്കിൽ ഇട്ടേച്ചുപോകുന്നതിന് പകരം ജീവനക്കാരെ കുറ്റംപറയുന്നത്, വേറേ ഏർപ്പാടാണ്. ഇത് പല താൽപര്യത്തിലും വരുന്നതാണ്. സ്വകാര്യവൽക്കരണമല്ലേ ഇവരുടെ നയം? നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ ആകെ കുഴപ്പമാകും. l



