കേരളത്തിന്റെ വൈദ്യുതി വികസനത്തിൽ നിർണായകമായ നിരവധി നടപടികൾ സ്വീകരിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തിൽ കഴിഞ്ഞിട്ടുണ്ട്. ജലവൈദ്യുതിയും സൗരോർജവും വർധിപ്പിക്കുന്നതിനൊപ്പം ദീർഘകാല വൈദ്യുതി വാങ്ങൽ, ശക്തമായ പ്രസരണ ശൃംഖല, ആധുനിക വിതരണ സംവിധാനം, ബാറ്ററി സംഭരണം, പമ്പ്ഡ് സ്റ്റോറേജ്, ഹരിത ഹൈഡ്രജൻ, സ്മാർട്ട് മീറ്ററിങ്, ഡിജിറ്റൽ ഉപഭോക്തൃ സേവനം തുടങ്ങിയ മേഖലകളും ഈ വികസനത്തിന്റെ ഭാഗമായി. സംസ്ഥാനത്തിന്റെ ഊർജസുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഈ പ്രവർത്തനങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്.
ഈ നേട്ടങ്ങളെ ഉപയോഗപ്പെടുത്തി ഫലപ്രദമായി ഊർജാസൂത്രണം നടത്തുന്നതിൽ യുഡിഎഫ് സർക്കാരിനുണ്ടായ പരാജയത്തിലേക്കാണ് നിലവിൽ ഉണ്ടായിട്ടുള്ള വൈദ്യുതിപ്രതിസന്ധി വിരൽചൂണ്ടുന്നത്. എന്നാൽ, മുൻസർക്കാരിനെ കുറ്റപ്പെടുത്തി പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തിൽനിന്നും രക്ഷപെടാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ഇടതുപക്ഷമുന്നണി സർക്കാരിൽ വൈദ്യുതി മന്ത്രിയെന്ന നിലയിൽ ചുമതലയുണ്ടായിരുന്ന കാലഘട്ടത്തിൽ നടത്തിയിട്ടുള്ള ഇടപെടലുകൾതന്നെ ഈ കുറ്റപ്പെടുത്തലിനുള്ള മറുപടിയാണ്.
വൈദ്യുതി ഉൽപ്പാദനം
കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുമാത്രമെടുത്താൽ ആഭ്യന്തര ജലവൈദ്യുത ഉൽപ്പാദനശേഷിയിൽ 148.5 മെഗാവാട്ടിന്റെ അധിക ശേഷിയാണ് കൂട്ടിച്ചേർത്തത്. അപ്പർ കല്ലാർ (2 മെഗാവാട്ട്), പെരിങ്ങൽകുത്ത് (24 മെഗാവാട്ട്), പെരുവണ്ണാമൂഴി (6 മെഗാവാട്ട്), തൊട്ടിയാർ (40 മെഗാവാട്ട്), പള്ളിവാസൽ വിപുലീകരണ പദ്ധതി (60 മെഗാവാട്ട്) എന്നിവയോടൊപ്പം സ്വകാര്യ സംരംഭങ്ങളും ഇതിന്റെ ഭാഗമാണ്. ഇതോടൊപ്പം മാങ്കുളം 40 മെഗാവാട്ട്, ചിന്നാർ 24 മെഗാവാട്ട്, അപ്പർ ചെങ്കുളം 24 മെഗാവാട്ട് എന്നിവയുടെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കാനും ഈ കാലഘട്ടത്തിൽ കഴിഞ്ഞു.
2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ സൗരോർജ മേഖലയിൽ കേരളം കാര്യമായ നേട്ടമൊന്നും കൈവരിച്ചിരുന്നില്ല. ഈ അവസ്ഥ മാറ്റിയെടുക്കാനും ഒട്ടേറെ പദ്ധതികൾക്ക് തുടക്കംകുറിക്കാനും ഒന്നാം പിണറായി സർക്കാരിന് കഴിഞ്ഞു. അതിന്റെ ഭാഗമായി 2021ൽ സംസ്ഥാനത്തെ സൗരോർജ സ്ഥാപിത ശേഷി 305 മെഗാവാട്ടായി വർദ്ധിച്ചു. പിന്നീടുള്ള അഞ്ചുവർഷത്തിൽ അത് 2319 മെഗാവാട്ട് ആയി ഉയർന്നു. ഈ വളർച്ചയിൽ പുരപ്പുറ സൗരോർജത്തിന് പ്രത്യേക സ്ഥാനമുണ്ട്. 2026 മാർച്ച് 31ന് പുരപ്പുറ സൗരോർജത്തിന്റെ സ്ഥാപിത ശേഷി 2029 മെഗാവാട്ടാണ്. സംസ്ഥാനം ഇക്കാര്യത്തിൽ നാലാം സ്ഥാനത്താണ്. കാസർകോട് സോളാർ പാർക്കിലെ 105 മെഗാവാട്ട് പദ്ധതി പ്രവർത്തനക്ഷമമാണ്. കൂടാതെ 100 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു പദ്ധതിയുടെ നടപടികളും പുരോഗമിക്കുന്നു.
ദീർഘകാല വൈദ്യുതി ലഭ്യത
കേരളത്തിന്റെ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതിൽ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതുപോലെതന്നെ പ്രധാനമാണ് വൈദ്യുതി വാങ്ങൽക്കരാറുകൾ. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ആകെ 2122 മെഗാവാട്ട് വൈദ്യുതി വാങ്ങൽക്കരാറുകളിലാണ് കേരളം ഏർപ്പെട്ടത്. ഇതിൽ 1530 മെഗാവാട്ട് കരാറുകൾ കഴിഞ്ഞ അഞ്ചുവർഷത്തിലാണ് ഒപ്പിട്ടത്. ഈ കരാറുകളിൽ ഭൂരിഭാഗവും യൂണിറ്റിന് മൂന്നുരൂപയിൽ താഴെ വിലവരുന്ന കരാറുകളാണ്. ഇതിൽ 20-07-–2022 കാലയളവിൽ നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനുമായി ഉണ്ടാക്കിയ കരാർ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ഈ പദ്ധതി 2029ലാണ് പൂർത്തിയായി വൈദ്യുതി കിട്ടിത്തുടങ്ങുക. ഈ കരാർ ഒപ്പിടാതെ മുടങ്ങിപ്പോയെന്ന നിലയിൽ ചില ആക്ഷേപങ്ങൾ ഈയിടെ ചില മാധ്യമങ്ങളിൽ വരുകയുണ്ടായി. 3.06 രൂപ നിരക്കിലുള്ള വൈദ്യുതിക്കരാർ നഷ്ടമായി എന്നാണ് ഇതുസംബന്ധിച്ച് വിശേഷിപ്പിച്ചത്. തികച്ചും വസ്തുതാവിരുദ്ധമായ വാർത്തയായിരുന്നു അത്. മാത്രമല്ല, ഒപ്പിടുന്ന 2022ലെ കണക്കുകൾ വെച്ച് 3.06 രൂപ നിരക്കുവരും എന്ന് കണക്കാക്കിയിരുന്നെങ്കിലും ഇതിലെ വൈദ്യുതിയുടെ യഥാർത്ഥ നിരക്ക് പദ്ധതി നിർമാണം പൂർത്തിയാക്കി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിർണയിക്കേണ്ടതാണ്.
പ്രസരണ വിതരണ മേഖല
എൽഡിഎഫ് സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടായ മറ്റൊരു മേഖല ശൃംഖലാ നവീകരണവും ശക്തിപ്പെടുത്തലുമാണ്. ഏകദേശം പതിനായിരം കോടി രൂപയുടെ പ്രസരണ പദ്ധതിയാണ് ട്രാൻസ്‌ഗ്രിഡ് എന്ന പേരിൽ നടപ്പാക്കിയത്. കേരളത്തിന്റെ തെക്കുവടക്ക് ബന്ധിപ്പിച്ചുകൊണ്ടുള്ള 400 കെ.വി. ശൃംഖലയാണ് ഇതിന്റെ ഭാഗമായി വിഭാവനം ചെയ്തത്. ട്രാൻസ്ഗ്രിഡ് ഒന്നാം ഘട്ടം ഒന്നാം പിണറായി സർക്കാർ കാലത്ത് ഏറെക്കുറെ പൂർത്തിയായി. കഴിഞ്ഞ അഞ്ചുവർഷത്തിൽ മാത്രം ഒരു 400 കെവി സബ്‌സ്റ്റേഷനും ആറ് 220 കെവി സബ്‌സ്റ്റേഷനുകളും ഉൾപ്പെടെ 1.23 കി.മീ. 400 കെവി, 334.88 കി.മീ. 220 കെവി, 0.8 കി.മീ. 220 കെവി DC, 137.95 കി.മീ. 110 കെവി ലൈനുകളും പൂർത്തിയായി. ട്രാൻസ്ഗ്രിഡിന് പുറമേ ആറ് 110 കെവി, നാല് 33 കെവി സബ്‌സ്റ്റേഷനുകളും, 66 കെവിയിൽ നിന്ന് 110 കെവിയായി ഉയർത്തിയ 11 സബ്‌സ്റ്റേഷനുകളും പൂർത്തിയാക്കി. വിവിധ വിഭാഗങ്ങളിലായി 414 കിലോമീറ്ററിലധികം പ്രസരണ ലൈനുകളും ചാർജ് ചെയ്തു.
വിതരണ മേഖലയിൽ കേരളത്തിന്റെ തനതുപദ്ധതിയായ ദ്യുതിക്കുപുറമേ കേന്ദ്രസർക്കാർ ധനസഹായത്തോടെയുള്ള ആർഡിഎസ്എസ് പദ്ധതിയിലൂടെയും വലിയ മുന്നേറ്റം സാധ്യമായിട്ടുണ്ട്. കേരളത്തിന്റെ പ്രസരണ വിതരണ നഷ്ടം ഒമ്പതുശതമാനത്തിലേക്കും വൈദ്യുതി വിതരണ മേഖലയുടെ സാങ്കേതിക വാണിജ്യ നഷ്ടം ഏഴുശതമാനത്തിൽ താഴേക്കും എത്തിച്ച് രാജ്യത്തിന് മാതൃകയാകാൻ കഴിഞ്ഞത് പ്രസരണ വിതരണ മേഖലകളിൽ നടന്ന നവീകരണം ബലപ്പെടുത്തൽ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഇത് സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിലും വലിയ വർദ്ധനവിന് കാരണമായി.
ആധുനിക സാങ്കേതികവിദ്യകൾ
സേവനങ്ങൾ ഡിജിറ്റലാക്കി മാറ്റുന്നതിലും സ്മാർട്ട് മീറ്ററുകൾ അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലും വലിയ മുന്നേറ്റമാണ് കേരളത്തിലെ വൈദ്യുതി മേഖല കൈവരിച്ചത്. 2022 ജൂലൈ മാസത്തോടെ സേവനങ്ങൾ വാതിൽപ്പടിയിൽ എന്ന മാറ്റം കൈവരിക്കാൻ നമുക്ക് കഴിഞ്ഞു. ടോട്ടക്സ് രീതിയിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുക എന്ന കേന്ദ്രസർക്കാർ നിർദ്ദേശം കേരളത്തിൽ പ്രായോഗികമല്ല എന്നു കാണുകയും മൂന്ന് ലക്ഷം സ്മാർട്ട് മീറ്ററുകളുടെ ആദ്യഘട്ടം കാപ്പക്സ് അടിസ്ഥാനത്തിൽ നടപ്പാക്കുകയും ചെയ്തു. 50 ലക്ഷം മീറ്ററുകളുടെ രണ്ടാം ഘട്ടം ടെണ്ടർ ചെയ്തു നടപടികൾ പുരോഗമിക്കുകയാണ്. ആ പ്രവർത്തനം അട്ടിമറിക്കപ്പെടാതെ മുന്നോട്ടുകൊണ്ടുപോകേണ്ടത് ഏറെ പ്രധാനമാണ്.
സൗരോർജ ഉൽപ്പാദനം വർധിക്കുന്ന സാഹചര്യത്തിൽ പകൽ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് ആവശ്യകത കൂടുതലുള്ള സമയത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന സംവിധാനങ്ങൾ കേരളത്തിന്റെ ഊർജഭാവിയിൽ നിർണായകമാണ്. ഇതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കാനും കഴിഞ്ഞ സർക്കാരിനായി. തുടക്കം എന്ന നിലയിൽ മൈലാട്ടി, ശ്രീകണ്ഠപുരം, മുള്ളേരിയ, അരീക്കോട്, പോത്തൻകോട് എന്നിവിടങ്ങളാണ് പദ്ധതിക്കുവേണ്ടി തിരഞ്ഞെടുത്തത്. ഇവ ടെണ്ടർ ചെയ്ത് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ബ്രഹ്മപുരത്ത് 250/500 മെഗാവാട്ട് പദ്ധതിയുടെ ടെൻഡർ നടപടികൾ ആരംഭിച്ചു. കായംകുളത്ത് 2000 മെഗാവാട്ട് ശേഷിയുള്ള വലിയ സംഭരണ സംവിധാനത്തിനുള്ള സാധ്യതയുണ്ട്. അതിന്റെ പഠനങ്ങൾ നടന്നുവരുന്നു. പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ കാര്യത്തിലും വലിയ ഇടപെടലുകൾ ഇക്കാലത്തുണ്ടായി 6580 മെഗാവാട്ട് ശേഷിയുള്ള 14 പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ തിരിച്ചറിഞ്ഞു. മഞ്ഞപ്പാറ 30 മെഗാവാട്ട്, മുതിരപ്പുഴ 100 മെഗാവാട്ട് പദ്ധതികൾക്ക് തത്വത്തിലുള്ള അനുമതി നൽകി. സംസ്ഥാന പമ്പ്ഡ് സ്റ്റോറേജ് നയത്തിന്റെ രൂപീകരണത്തിനും ഈ കാലയളവിൽ തുടക്കംകുറിച്ചു.
ഭാവിയിലെ ശുദ്ധ ഇന്ധനമായ ഹരിത ഹൈഡ്രജൻ രംഗത്തേക്കും കേരളം കടന്നു. അനെർട്ടിന്റെ നേതൃത്വത്തിൽ Hydrogen Valley Innovation Cluster–Kerala (HVIC-–Kerala) എന്ന പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിക്കുന്നതിന് അനുമതി നൽകി. ഏകദേശം 133 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്.
ഊർജഭാവിയിലേക്ക് ഒരു പുതിയ ചുവടുവെപ്പ്
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പത്തുവർഷങ്ങൾ കേരളത്തിന്റെ വൈദ്യുതി മേഖലയിൽ വലിയ മുന്നേറ്റം നേടിയ കാലഘട്ടമാണ്. കേരളത്തിന്റെ വൈദ്യുതി മേഖലയിൽ ഉൽപ്പാദന ശേഷി വർധിപ്പിച്ച കാലം മാത്രമല്ല; വൈദ്യുതി ലഭ്യത, ഗ്രിഡ് ശക്തിപ്പെടുത്തൽ, പുനരുപയോഗ ഊർജം, ഊർജസംഭരണം, ഡിജിറ്റൽ സാങ്കേതികവിദ്യ, ഊർജകാര്യക്ഷമത എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് ഭാവിയിലെ ഊർജസുരക്ഷയ്ക്ക് അടിത്തറയൊരുക്കിയ ഒരു ഘട്ടം കൂടിയായി മാറി. l



