Wednesday, September 30, 2026

ad

Homeകവര്‍സ്റ്റോറിവൈദ്യുതിമേഖലയെ തകർക്കുന്ന കേന്ദ്ര–സംസ്ഥാന നയങ്ങളെ ചെറുക്കുക

വൈദ്യുതിമേഖലയെ തകർക്കുന്ന കേന്ദ്ര–സംസ്ഥാന നയങ്ങളെ ചെറുക്കുക

എളമരം കരീം

വൈദ്യുതി മേഖലയെ വിഭജിക്കുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്യില്ലെന്ന ഉറച്ച നിലപാട് പ്രഖ്യാപിക്കുകയും കാര്യക്ഷമത ഉയർത്തി രാജ്യത്തിന് മാതൃകയായി സംരക്ഷിക്കുകയും ചെയ്തതാണ് കഴിഞ്ഞ പത്തുവർഷത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഈ മേഖലയിൽ നടപ്പാക്കിയ നയങ്ങളുടെ സത്ത. ബോർഡ് വിഭജനത്തിന് ഏറ്റവും വലിയ സമ്മർദ്ദമുണ്ടായത് 2008ലാണ്. ബോർഡിനെ സർക്കാരിലേക്ക് ഏറ്റെടുത്ത് മാനേജ്‌മെന്റ് കമ്പനിയുടെ നിയന്ത്രണത്തിലാക്കിയാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ ഈ സമ്മർദ്ദത്തെ അതിജീവിച്ചത്. പിന്നീട് യുഡിഎഫ് ഭരണത്തിൽ 2013ലാണ് ബോർഡ് ഒരു കമ്പനിയാകുന്നത്. ഈ ഘട്ടത്തിലും ഒന്നിലേറേ കമ്പനികൾ വേണമെന്ന നിലപാട് ഉയർന്നുവന്നതാണ്. എന്നാൽ വിഭജനവും സ്വകാര്യവൽക്കരണവും അനുവദിക്കില്ലെന്ന ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് വൈദ്യുതി ബോർഡിലെ തൊഴിലാളി– ഓഫീസർ സംഘടനകൾ ഈ നീക്കത്തെ ചെറുത്തു. കേരളം കാണിച്ച ഈ മാതൃക ചൂണ്ടിക്കാട്ടിയാണ് ഇതരസംസ്ഥാനങ്ങളിൽ സംഘടനകൾ സർക്കാർ നടപടികളെ നേരിട്ടത്. രാജ്യത്ത് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും വൈദ്യുതി വിതരണ മേഖല ഇന്നും പൊതുമേഖലയിൽ നിൽക്കുന്നതിൽ കേരളം എല്ലാ കാലത്തും വഴികാട്ടിയായിരുന്നു.

പൊതുമേഖലാസ്ഥാപനം എന്ന നിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കാനും കെഎസ്ഇബിക്ക് കഴിഞ്ഞു. സമ്പൂർണ വൈദ്യുതീകരണം നേടിയും 24X7വൈദ്യുതി വിതരണം ഉറപ്പുവരുത്തിയും രാജ്യത്ത് ഏറ്റവും കുറഞ്ഞ പ്രസരണ–വിതരണ നഷ്ടവും കുറഞ്ഞ സാങ്കേതിക–സാമ്പത്തിക നഷ്ടവുമുള്ള യൂട്ടിലിറ്റിയായി കെഎസ്ഇബി മാറിയതുമൊക്കെ ഈ കാര്യക്ഷമതയുടെ ഭാഗമാണ്. ഇത്തരം നയങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൽ ബോർഡിലെ ജീവനക്കാരുടെ സംഘടനകൾ നടത്തുന്ന ഇടപെടൽ ശ്രദ്ധേയമാണ്. ടോട്ടക്സ് രീതിയിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ചുകൊണ്ട് വൈദ്യുതി ബോർഡിന്റെ റവന്യൂ വിഭാഗം സ്വകാര്യവൽക്കരിക്കാൻ നീക്കമുണ്ടായ സന്ദർഭത്തിൽ അതിനെതിരെ കൃത്യമായൊരു ബദൽ അവതരിപ്പിച്ചുകൊണ്ടാണ് സംഘടനകൾ രംഗത്തുവന്നത്. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിലൂടെയാണ് രാജ്യത്തിന് മാതൃകയായി മാറുന്ന രൂപത്തിൽ ഏറ്റവും ചെലവുകുറഞ്ഞ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന സ്ഥാപനമായി കെഎസ്ഇബി മാറിയത്.

കേന്ദ്ര സർക്കാർ വൈദ്യുതിമേഖലയിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ(?) കേരളം മുന്നോട്ടുവെക്കുന്ന മാതൃകയെ തകർക്കുന്നതാണ്. വൈദ്യുതി നിയമ ഭേദഗതിയിലൂടെ സ്വകാര്യ മൂലധനശക്തികളുടെ ലാഭതാൽപര്യത്തിന് വൈദ്യുതി മേഖല പൂർണമായും തുറന്നിടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. വൈദ്യുതി വിതരണ ശൃംഖലയിൽ ഓപ്പൺ ആക്സസ് അനുവദിച്ച് ഒരേ സ്ഥലത്ത് ഒന്നിലേറേ വിതരണ ലൈസൻസ് അനുവദിക്കാമെന്നാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന ഭേദഗതി നിർദ്ദേശം. ഇങ്ങനെ ബഹു ലൈസൻസിങ് വരുന്നതോടെ നഗര കേന്ദ്രീകൃത മേഖലകളും റവന്യൂ ശേഷി കൂടിയ ക്രീമി ഉപഭോക്താക്കളും ഇത്തരം സ്വകാര്യ കുത്തകകളുടെ കൈപ്പിടിയിലാകും. അവർക്ക് ഒരുപക്ഷേ ഇന്നത്തേതിലും മെച്ചപ്പെട്ട സേവനം ലഭിച്ചേക്കാം. എന്നാൽ ധനശേഷി കുറഞ്ഞ ഉപഭോക്താക്കളും ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി വിതരണവുമൊക്കെ അവശിഷ്ട പൊതുമേഖലാക്കമ്പനിയുടെ ചുമതലയിൽ ശേഷിക്കുകയും പൊതുമേഖല നഷ്ടം ചുമക്കാൻ മാത്രമുള്ള ഒരു സ്ഥാപനമായി മാറുകയും ചെയ്യും. ലാഭത്തിന്റെ സ്വകാര്യവൽക്കരണം ആത്യന്തികമായി സാധാരണക്കാരുടെ വൈദ്യുതിക്കുള്ള അവകാശത്തെത്തന്നെയാണ് തകർക്കുക.
ക്രോസ് സബ്സിഡി ഇല്ലാതാക്കുക എന്നത് കേന്ദ്രസർക്കാർ നയം തന്നെയാണ്. കർഷക പ്രക്ഷോഭമാണ് അത് നടപ്പാക്കുന്നതിൽ നിന്ന് തെല്ലിട പിൻമാറാൻ കേന്ദ്രസർക്കാരിനെ നിർബന്ധിതമാക്കിയത്. ഉത്പാദന പ്രസരണമേഖലയിൽ ഇപ്പോൾത്തന്നെ പിടിമുറുക്കിക്കഴിഞ്ഞിട്ടുള്ള സ്വകാര്യ മൂലധനശക്തികൾ വിതരണ മേഖലയെക്കൂടി കയ്യടക്കുന്നതോടെ വൈദ്യുതി ഒരു ആഡംബര വസ്‌തുവാകും. കാർഷിക മേഖല തകരും. വ്യവസായങ്ങളുടെ ശവപ്പറമ്പായും രാജ്യം മാറും.

വൈദ്യുതി വിതരണമേഖലാ സ്വകാര്യവൽക്കരണം കടലാസ് ഭീഷണിയല്ല. ഉത്തർപ്രദേശ് ദക്ഷിണാഞ്ചൽ, പൂർവാഞ്ചൽ ഡിസ്കോമുകൾ പൂർണ സ്വകാര്യവൽക്കരണത്തിനോ പിപിപിയ്ക്കോ ടെൻഡർ വിളിച്ചുകഴിഞ്ഞിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയിൽ ഉണ്ടായിരുന്ന എതിർപ്പ് തള്ളി നടപടികൾക്ക് വേഗത കൂടിയിട്ടുണ്ട്. നോയിഡയിലെ ഡാറ്റാസെന്ററിന് അദാനി സമാന്തരലൈസൻസ് തേടുന്നു. കർണാടകത്തിൽ ടാറ്റാ പവർ 19 ജില്ലകളിൽ ലൈസൻസിന് അപേക്ഷിച്ചു. മുംബൈയിൽ ടാറ്റയുടെ ശൃംഖലവികസനം അത് ശരിവെച്ചു. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢ് വെെദ്യുതി വിതരണം 2025 ഫെബ്രുവരി ഒന്നിന് സ്വകാര്യക്കമ്പനിക്ക് കൈമാറി. ഒഡിഷ, ഡൽഹി, മുംബൈ മാതൃകകൾ ചൂണ്ടിക്കാട്ടി ഒമ്പത് സംസ്ഥാനങ്ങളെ സ്വകാര്യവൽക്കരണത്തിന് അനുയോജ്യമെന്നാണ് കേന്ദ്രസർക്കാർ പട്ടികപ്പെടുത്തിയിട്ടുള്ളത്. ഇതിനൊക്കെ എതിരെ ശക്തമായ തൊഴിലാളി പ്രക്ഷോഭവും ഉയർന്നുവരുന്നുവെന്നത് പ്രതീക്ഷയ്-ക്ക് ഇടം നൽകുന്നതാണ്. ഈ പ്രക്ഷോഭങ്ങൾക്കെല്ലാം വഴിവിളക്കായി നിലകൊണ്ടിരുന്നത് കേരളം വൈദ്യുതി മേഖലയിൽ സ്വീകരിച്ച ബദൽനയങ്ങളായിരുന്നു. കേന്ദ്രനയങ്ങൾക്കെതിരെ പ്രമേയങ്ങൾ അംഗീകരിച്ചുകൊണ്ട് കേരളനിയമസഭയും ഈ പ്രക്ഷോഭങ്ങളുടെ കൂടെ നിന്നു.

ഇപ്പോഴത്തെ യുഡിഎഫ് സർക്കാർ ആ നിലപാടിനെ ദുർബലപ്പെടുത്തുകയാണ്. ധവളപത്രം കെഎസ്ഇബിയുടെ റവന്യൂക്കമ്മി പെരുപ്പിച്ചു കാട്ടി സ്വകാര്യനിക്ഷേപം വേണമെന്നാണ് പറയുന്നത്. മുഖ്യമന്ത്രി ബോർഡ് സ്വകാര്യവൽക്കരിക്കില്ലെന്ന് പറയുന്നു. അതേസമയം വൈദ്യുതി വികസനവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ പദ്ധതികളും സ്വകാര്യനിക്ഷേപത്തിന് തുറന്നിടുമെന്നും പറയുന്നു. വാക്കും ധവളപത്രവും ഒന്നല്ല. പ്രതിസന്ധിയുടെ പേരിൽ ബോർഡിനെ ദുർബലപ്പെടുത്തി സ്വകാര്യക്കമ്പനിയെ പരിഹാരമായി അവതരിപ്പിക്കുന്ന മാതൃകയാണ് യുപിയും ചണ്ഡീഗഢുമൊക്കെ കാണിച്ചത്. അതേ വഴിയിലേക്ക് കേരളത്തെ തള്ളിവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

ശക്തമായ പ്രക്ഷോഭങ്ങളുയർത്തി ഈ സമീപനത്തെ ചെറുക്കേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചചെയ്യപ്പെടണം. വലിയ ജനകീയപ്രതിരോധം ഉയർന്നുവരണം. l

ചില പ്രതികരണങ്ങൾ
നമ്മുടെ നാട്ടിൽ പവർകട്ട് ഒരു റുട്ടീൻ ആയി മാറിക്കൊണ്ടിരിക്കുന്ന കാര്യമാണ്. നമ്മുടെ ഡോക്ടർമാർ ഗുളികകളെഴുതുമ്പോലെ, ഒരു ദിവസം രണ്ടുനേരം വച്ച് കഴിക്കണമെന്നു പറയുംപോലെയാണ് ഇന്ന് പവർകട്ട്. ഇപ്പോൾ രണ്ടുനേരം കറണ്ടുപോകും. ആദ്യം കറണ്ടുപോകുന്നതിനിടയ്ക്ക് ചിലപ്പോൾ ഓൺലെെൻ ക്ലാസ് അറ്റൻഡ് ചെയ്യുകയായിരിക്കും. ഓൺലെെൻ ക്ലാസിന് വെെ ഫെെ കണക്ഷനാണ് ഞാൻ യൂസ് ചെയ്യുന്നത്. പെട്ടെന്ന് കറണ്ടുപോകുമ്പോൾ പിന്നെ വെെ ഫെെ കണക്ഷൻ കട്ടാകും. ഫോൺ വിളിച്ച് കണക്ട് ചെയ്യാനാണെങ്കിൽ പിന്നെ ഒരുപാടു നേരമെടുക്കും. ആ സമയത്ത് ക്ലാസ് അറ്റൻഡ് ചെയ്യാൻ പറ്റില്ല. അതുകഴിഞ്ഞ് രണ്ടാമത് കറണ്ടുപോകുന്നത് 11.30–12 മണി സമയത്താണ്; അതായത് ഉറങ്ങാൻ കിടക്കുന്ന സമയത്ത്. അപ്പോൾ പിന്നെ ഉറക്കംകൂടി പോയിക്കിട്ടും.ഗൗരി കൃഷ്ണ
(മെഡിക്കൽ വിദ്യാർഥി)
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 7 =

Most Popular